10 Nov 2008
കൊച്ചി: കളമശ്ശേരിയില്‍ എച്ച്.എം.ടി. ബ്ലൂസ്റ്റാറിന് വിറ്റത് മിച്ചഭൂമിയല്ലെന്ന് സര്‍വേ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എച്ച് എം.ടി. കൈമാറ്റം ചെയ്‌ത ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്തിയത്.
എച്ച്.എം.ടി. ഭൂമി കൈമാറ്റത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ജോയ് കൈതാരത്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.
തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ 717/5 സര്‍വേ നമ്പറിലെ 70 ഏക്കറാണ് എച്ച്.എം.ടി. ബ്ലൂസ്റ്റാറിന് വിറ്റിട്ടുള്ളത്. ഈ സ്ഥലത്ത് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്‌ചയായി സര്‍വേ നടത്തിയിരുന്നു. സര്‍വേനമ്പരില്‍ ഉള്‍പ്പെട്ട ഭൂമിയിലൂടെ കടന്നുപോകുന്ന കരിപ്പാച്ചിറ റോഡിന്റെ പടിഞ്ഞാറ്
ഭാഗത്തുമാത്രമേ മിച്ചഭൂമിയുള്ളൂ എന്നാണ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബ്ലൂസ്‌റ്റാറിന് വിറ്റത് റോഡിന്റെ മറുപുറത്തുള്ള ഭൂമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
എച്ച്.എം.ടി. വിറ്റ 70 ഏക്കറില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഈ ഭൂമി വിറ്റത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ബ്ലൂസ്റ്റാറിന് വിറ്റ 70 ഏക്കറില്‍ മിച്ചഭൂമിയില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ എതിര്‍പ്പുള്ളവര്‍ സത്യവാങ്‌മൂലം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. രണ്‌ട് ദിവസത്തിനകം സത്യവാങ്‌മൂലം നല്‍കാനാണ് നിര്‍ദ്ദേശം.വെള്ളിയാഴ്‌ചത്തെ പ്രത്യേക സിറ്റിംഗില്‍ കേസ് വീണ്‌ടും പരിഗണിയ്‌ക്കും.
സര്‍വേ നടക്കുമ്പോള്‍ പരാതിക്കാരനെ വിശ്വാസത്തിലെടുത്തില്ലെന്ന് ജോയി കൈതാരം മറ്റൊരു ഹര്‍ജി കൂടി നല്‍കിയിട്ടുണ്ട്.
No comments:
Post a Comment