Monday, August 8, 2016

അടിയന്തരാവസ്ഥക്കാലത്തെ പിണറായി വിജയന്റെ നിയമസഭാ പ്രസംഗം

പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലെത്തുന്നത് 1970 ലാണ്. കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്ന്. അടിയന്തരാവസ്ഥമൂലം 1977 വരെ ആ സഭ നീണ്ടു. പക്ഷേ 1975 സപ്തംബര്‍ 28നുശേഷം ആ സഭാരേഖകളില്‍ പിണറായി വിജയന്‍ എന്ന പേര് മറ്റുള്ളവരുടെ പ്രസംഗത്തില്‍ മാത്രം. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടെ ആദ്യം തന്നെ ജയിലിലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎല്‍എമാരിലൊരാളായിരുന്നു അദ്ദേഹം. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകമാത്രമേ ചെയ്തുള്ളുവെങ്കിലും പിണറായിയെ ക്രൂരമായി മര്‍ദ്ദിച്ചാണ് ജയിലിലടച്ചത്. അടിയന്തരാവസ്ഥയുടെ സെന്‍സറിങ്ങ് മൂലം വാര്‍ത്ത പോലും പുറത്തുവന്നില്ല. നിയമസഭയില്‍ പലവട്ടം പ്രതിപക്ഷ നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടടക്കം ഉന്നയിച്ചെങ്കിലും അതും പുറത്തുവന്നില്ല. ആ സഭ പിരിയുംവരെ പിണറായി ജയിലില്‍ തന്നെ തുടര്‍ന്നു. 

പിന്നീട് അടുത്ത സഭയിലേക്കും പിണറായി ജയിച്ചുകയറി–കൂത്തുപറമ്പില്‍ നിന്നുതന്നെ.
ആ സഭാ സമ്മേളനത്തില്‍ 1977 മാര്‍ച്ച് 30 നു ചെയത പ്രസംഗത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് തനിക്ക് ലോക്കപ്പിലേറ്റ ഭീകര മര്‍ദ്ദനതതിന്റെ ചിത്രം അദ്ദേഹം വരച്ചുകാട്ടി. സഭ ഞെട്ടലോടെ കേട്ട ആ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം:(സഭാരേഖകളില്‍ നിന്ന്)

ശ്രീ. പിണറായി വിജയന്‍: സര്‍, ഈ വോട്ട് ഓണ്‍ അക്കൌണ്ടിനെ ആദ്യമായി എതിര്‍ക്കുകയാണ്. 101 കോടി 23 ലക്ഷത്തിന്റെ ചെലവാണ് ഇതില്‍ ഇപ്പോള്‍ കൊടുത്തിട്ടുള്ളത്. ഇവിടെ വളരെ വമ്പിച്ച ഒരു സംഖ്യ ചെലവാക്കാന്‍ പോവുകയാണെന്ന മട്ടില്‍ പറയുന്നത് കേട്ടു. അതില്‍ തന്നെ 69 കോടി 79 ലക്ഷം പബ്ളിക് ഡെറ്റ് റീപേയ്മെന്റിനു വേണ്ടിയാണ്. ബാക്കി ഏകദേശം 31 കോടിയാണുള്ളത്. വോട്ട് ഓണ്‍ അക്കൌണ്ടില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം മറ്റു പ്രശ്നങ്ങളിലേക്ക് കടന്നുകൊണ്ട് ഇപ്പോള്‍ സംസാരിക്കണമെന്ന് ഞാനുദ്ദേശിക്കുന്നില്ല. 

1975 സെപ്തംബര്‍ 28നുശേഷം ഈ നിയമസഭയില്‍ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയില്‍ മറ്റു ചില കാര്യങ്ങള്‍ ഈ സഭയുടെ മുമ്പാകെ എനിക്ക് പറയാനുണ്ട്. എന്റെ പേര് പല ഘട്ടങ്ങളിലും 1975 സെപ്തംബര്‍ 28നുശേഷം ഈ സഭയില്‍ വന്നിട്ടുണ്ടായിരിക്കും. ഇന്നലെയും വന്ന മറുപടിയില്‍ പല ഘട്ടങ്ങളിലായി പറഞ്ഞതാണെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുകയും ചെയ്തു. എന്നെ ഈ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റുകാരെ മിസ പ്രകാരം അറസ്റ്റ് ചെയ്ത 1975 സെപ്തംബര്‍ 28–ാം തീയതി രാത്രിയാണ് വീട്ടില്‍വെച്ചു പിടിച്ചത്. എന്റെ വീട് ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ ലിമിറ്റില്‍ തലശ്ശേരി പൊലീസ് സര്‍ക്കിള്‍ ഏരിയയിലാണ്. എന്നെ പിടിക്കാന്‍ വന്നത് കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാലരാമനാണ്. എന്റെ വീട്ടില്‍വന്ന് കതകില്‍ തട്ടി വിളിച്ചു. ഞാന്‍ കതകു തുറന്നു. 
ചോദിച്ചു:
എന്താണ്? 
'അറസ്റ്റ് ചെയ്യാനാണ്''. 
എന്താണ് നിങ്ങള്‍ വന്നത്? 
'സ്പെഷ്യല്‍ ഇന്‍സ്ട്രക്ഷന്‍ ഉണ്ട്' 
ആരില്‍നിന്നുള്ള ഇന്‍സ്ട്രക്ഷന്‍? 
'എസ്പിയില്‍നിന്ന്. നിങ്ങളെ ഇവിടെ വന്ന് അറസ്റ്റ് ചെയ്യാന്‍ പറഞ്ഞിരിക്കുന്നു'. 

കൂട്ടത്തില്‍ കൂത്തുപറമ്പ് സബ് ഇന്‍സ്പെക്ടറുമുണ്ട്. വലിയ ഒരു സംഘം പൊലീസ് പാര്‍ട്ടിയുമുണ്ട്. ഞാന്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതാണ്. ഡ്രസ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് പോവകുയും ചെയ്തു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ വളരെ മാന്യമായ പെരുമാറ്റം തന്നെ. സ്റ്റേഷനില്‍ എത്തി. കീശയില്‍ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെന്ന് പറഞ്ഞു. അത് വേണമോ എന്നു ചോദിച്ചു, വേണമെന്നു പറഞ്ഞു, കൊടുക്കുകയും ചെയ്തു. ലോക്കപ്പ് ചെയ്യണമെന്നു പറഞ്ഞു. ഞാന്‍ ചോദിച്ചു. വേണമോ? വേണം, അങ്ങനെയാണ് ഞങ്ങളുടെ നിയമം? 

അങ്ങനെ ലോക്കപ്പ് ചെയ്യാന്‍ പോകുന്ന ഘട്ടത്തില്‍ ഒരു പൊലീസുകാരന്‍ പറഞ്ഞു, ഷര്‍ട്ട് അഴിക്കണം. സാധാരണ ക്രിമിനല്‍സിന്റെ കാര്യത്തില്‍ ചെയ്യുന്നതുപോലെ വേണമോയെന്ന് ഞാന്‍ ചോദിച്ചു. അതിന് പൊലീസ്കാരന്‍ ഞങ്ങള്‍ക്കൊന്നും പറയാന്‍ കഴിയുകയില്ല, ഇന്‍സ്പെക്ടറോട് പറയാന്‍ പറഞ്ഞു. ഇന്‍സ്പെക്ടറോട് ഞാന്‍ ചോദിച്ചു. ഞങ്ങളെല്ലാം പൊളിറ്റിക്കല്‍ വര്‍ക്കേഴ്സ് അല്ലേ ഷര്‍ട്ട് അഴിക്കണമോ എന്ന്. അപ്പോള്‍ അയാള്‍ പൊലീസുകാരനോട് പറഞ്ഞു ഷര്‍ട്ട് അഴിക്കേണ്ട ഷര്‍ട്ട് ഇട്ടുകൊണ്ട് ലോക്കപ്പില്‍ കഴിയട്ടേ എന്ന്. ലോക്കപ്പിലേക്ക് പോകുന്ന പോക്കില്‍ എനിക്ക് ഒരു പായ് തന്നു. അതുംകൊണ്ട് ഞാന്‍ ലോക്കപ്പു മുറിയില്‍ കടന്ന് പായിട്ട് ഇരുന്നു. 

രണ്ടു മിനിട്ടു കഴിഞ്ഞില്ല. ലോക്കപ്പു മുറി അടച്ചു. മുറിയുടെ മുമ്പിലത്തെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയില്‍ ലൈറ്റില്ല. മങ്ങിയ വെളിച്ചം മാത്രമേ ഉള്ളു. രണ്ടു ചെറുപ്പക്കാര്‍ – ആ സ്റ്റേഷനില്‍ ഉള്ളവരല്ല, പുറത്തുനിന്ന് ഇതിനായിട്ട് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീടു ഞാന്‍ മനസ്സിലാക്കി. ലോക്കപ്പ് മുറി തുറന്ന് അകത്തുകടന്നു. ഞാന്‍ ഇരിക്കുകയായിരുന്നു, എഴുന്നേറ്റു നിന്നു. 
ഒരാള്‍ വന്നു ചോദിച്ചു, എന്തടോ പേര്? 
ഞാന്‍ പറഞ്ഞു വിജയന്‍.
എന്ത് വിജയന്‍? 
പിണറായി വിജയന്‍. 

രണ്ടാളുകളും അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്. പിണറായി വിജയന്‍ എന്ന് ഞാന്‍ പറഞ്ഞു, ഒരാള്‍ ആവര്‍ത്തിച്ചു. 

ഓ..... പിണറായി വിജയന്‍ എന്നു  പറയുകയും വീണ്ടും ആവര്‍ത്തിക്കുകയും അടി വീഴുകയും ചെയ്തു. 

അവര്‍ രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, 'നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു.  പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി. 
ഞാന്‍ പിറ്റേദിവസംവരെ അങ്ങനെ കിടന്നു. അതിനിടക്ക് ഷര്‍ട്ട് പോയിട്ടുണ്ട്, ബനിയന്‍ പോയിട്ടുണ്ട്, മുണ്ടു പോയിട്ടുണ്ട്, ഡ്രായര്‍ മാത്രം അവശേഷിച്ചു. അതാണ് ആ ലോക്കപ്പില്‍വെച്ച് എനിക്കുണ്ടായത്. പിറ്റേദിവസം കാലത്ത് ആദ്യ റൌണ്ടു തല്ലാന്‍ കൊണ്ടുവന്ന പൊലീസ് പാര്‍ടിയെ മുഴുവനായിട്ടു മാറ്റി. പിറ്റേദിവസം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വന്നു. അവരെ എനിക്കറിയാവുന്നതാണ്. അവര്‍ വളരെ മര്യാദയില്‍തന്നെ. എനിക്ക് ഇങ്ങനെ സംഭവിച്ചതില്‍ അനുതാപം രേഖപ്പെടുത്തുന്ന മട്ടില്‍ ചില പൊലീസുകാര്‍ വന്നു. 'നിങ്ങള്‍ക്കു ചായ വേണമോ', ഇങ്ങനെയുള്ള മര്യാദകളാണ് പിന്നെ. 

അവിടെനിന്ന് രാവിലെ 10 മണിക്ക് കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ എത്തി പൊലീസ് സ്റ്റേഷനില്‍ കയറുമ്പോള്‍ കണ്ണൂരിലെ പ്രസിദ്ധനായ മറ്റൊരു സബ് ഇന്‍സ്പെക്ടര്‍ ഉണ്ട്. പുലിക്കോടന്‍ നാരായണന്‍. എന്നെ കണ്ടാല്‍ തന്നെ അന്ന് സത്യം ആര്‍ക്കും മനസിലാകും. കാരണം നടക്കാന്‍ കഴിയുകയില്ല. എടുത്താണ് പൊലീസ് ജീപ്പില്‍ കയറ്റിയത്. അവിടെനിന്ന് ഇറങ്ങിപ്പോകുമ്പോഴുമെല്ലാം പിടിച്ചിരിക്കുകയാണ്, നടന്നുപോകാന്‍ പറ്റുകയില്ല. സബ് ഇന്‍സ്പെക്ടര്‍ പുലിക്കോടന്‍ നാരായണന്‍ പറഞ്ഞു, വിജയന്റെ മുഖം മാറിയല്ലോ? അപ്പോള്‍ രണ്ടാമത്തെ റൌണ്ട് അടിവരാന്‍ പോവുകയാണെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്തോ രണ്ടാമത്തെ റൌണ്ട് അടി ഉണ്ടായില്ല. 

അവിടെനിന്ന് രാത്രി 12 മണിയോടുകൂടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി. അവിടെ എത്തിയപ്പോള്‍ ഡെപ്യൂട്ടി ജയിലറാണ് അഡ്മിഷന്‍ നടത്തേണ്ടത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു, 'എന്റെ ദേഹത്ത് തല്ലിന്റെ പാടുണ്ട്, നിങ്ങള്‍ കാണുന്നുണ്ടല്ലോ, അത് രേഖപ്പെടുത്തണമെന്നു പറഞ്ഞു''. അയാള്‍ പറയുകയാണ് വുണ്‍ഡ്സ് ഇഞ്ചുറി ഉണ്ടെങ്കില്‍ മാത്രമേ റിക്കാര്‍ഡ് ചെയ്യാന്‍ ഒക്കുകയുള്ളു. ഞാന്‍ ഷര്‍ട്ട് നീക്കി കാണിച്ചു. കണ്ടാല്‍ ആര്‍ക്കും മനസിലാകും. 'എന്നാല്‍ അയാള്‍ വുണ്‍ഡ്സ് ഇല്ലെന്ന് പറഞ്ഞു. പൊലീസുകാര്‍ അടിച്ചതിന്റെ പാടുകള്‍ കാണിച്ചത് റിക്കാര്‍ഡുചെയ്യാന്‍ അയാള്‍ തയ്യാറായില്ല. എന്റെ ഇടത്തെ കാലിന്റെ അടിഭാഗം ഒടിഞ്ഞുകിടക്കുകയാണ് പൊട്ടിയിരിക്കുയകാണെന്നാണ് എനിക്ക്  തോന്നിയത്. എന്നാല്‍ ഡെപ്യൂട്ടി ജയിലര്‍ അത് വുണ്‍ഡ്സ് അല്ലെന്ന് പറഞ്ഞ് റിക്കാര്‍ഡ് ചെയ്തില്ല. ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് അത് ഒരു ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ്. അവിടെനിന്ന് എന്നെ എന്റെ കൂടെയുള്ള സഖാക്കള്‍ എടുത്ത് എട്ടാം ബ്ളോക്കിലേക്ക് കൊണ്ടുപോയി. അവിടെ ചന്ദ്രശേഖരനും ശങ്കരന്‍കുട്ടിയും ഉണ്ട്. അവരുടെ ബ്ളോക്കിലേക്ക് എടുത്തുകൊണ്ടുപോയി. 
പിറ്റേദിവസം രാവിലെ ഡോക്ടര്‍ അടക്കം വന്ന് എന്നെ ആശുപത്രിയിലാക്കുകയും ചെയ്തു. അവിടെവെച്ച് കാലില്‍ പ്ളാസ്റ്റര്‍ ഇട്ടു. ആറാഴ്ചക്കാലം പ്ളാസ്റ്റര്‍ കാലില്‍ കിടന്നു. മാസങ്ങളോളം പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. കുടിക്കുന്നതുപോലും മറ്റുള്ളവരുടെ സഹായത്തോടുകൂടിയാണ്. ഇതേപ്പറ്റി ഞാന്‍ മുഖ്യമന്ത്രിക്കെഴുതി, അന്നിവിടെ സ്പീക്കര്‍ ഇല്ല, ഡെപ്യൂട്ടി സ്പീക്കര്‍ക്കെഴുതി. ആരില്‍നിന്നും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല. ഇങ്ങനെയൊന്നു സംഭവിച്ചല്ലോ എന്നു കാണിച്ചുകൊണ്ടുള്ള ഒരു മറുപടിപോലും അവര്‍ എഴുതാന്‍ തയ്യാറായില്ല. ഞാന്‍ റിട്ടു പെറ്റീഷന്‍ കൊടുത്തു. 

ഹൈക്കോടതിയില്‍ വിചാരണക്ക് വന്ന അവസരത്തില്‍ ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റിനു വിട്ടു. അതിന്റെ യാതൊരാവശ്യവുമില്ല. ഡെപ്യൂട്ടി ജയിലറുടെ അഫിഡവിറ്റു വന്നു. അയാള്‍ അതില്‍ പൊലീസ് സ്റ്റേഷനില്‍വെച്ച് എന്നെ തല്ലിയിട്ടേ ഇല്ലെന്നു പറഞ്ഞു. അയാള്‍ക്ക് അതെങ്ങനെ പറയാന്‍ സാധിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ. ജയിലില്‍ കൊണ്ടുവരുമ്പോള്‍ അയാള്‍ക്ക് യാതൊരു പരിക്കുമില്ലെന്ന് ജയിലര്‍ പറഞ്ഞു. ഇതിനെപ്പറ്റി ഹൈക്കോടതിയുടെ ഫൈന്റിംഗ് ഉണ്ട്. ഹൈക്കോടതി ചോദിച്ചു, അങ്ങനെയാണെങ്കില്‍ എങ്ങനെ പരിക്കു വന്നു എന്ന്. പൊലീസ് സ്റ്റേഷനില്‍വെച്ച് തല്ലിയിട്ടില്ലെന്ന് ഡെപ്യൂട്ടി ജയിലര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും. ഇതു ഹൈക്കോടതി പറഞ്ഞതാണ്: ഡെപ്യൂട്ടി ജയിലര്‍ അത്രമാത്രമുള്ള സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ഈ രീതിയിലുള്ള അഫിഡവിറ്റു കൊടുക്കാന്‍  ഇടയായത്. റിട്ട് അവസാനം ഡിസ്പോസലായി. ആ കാര്യത്തില്‍ ഹൈക്കോടതി പറഞ്ഞു, ഇതു വളരെ ഗുരുതരമാണ് ഈ സംഭവത്തെപ്പറ്റി ഗവര്‍മെണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന്, ഞങ്ങള്‍ക്ക് ഇന്നത്തെ ഘട്ടത്തില്‍– അന്നത്തെ ഘട്ടം ഒരു പ്രത്യേക ഘട്ടമാണ്– ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്നു പറഞ്ഞു. 'ഏതായാലും ഗവര്‍മെണ്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്' എന്നു പറഞ്ഞു. 

പിന്നെ ഞാന്‍ കേട്ടത് ഒരു അന്വേഷണം ഇതില്‍ നടന്നു എന്നാണ്. എന്നോട് ആരും ഇതേവരെ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ഞാന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു ദിവസം കോഴിക്കോട് ഡിഐജി വന്നിരുന്നു. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, 'അന്വേഷിക്കാന്‍ വന്നതാണോ' എന്ന് 'ഹേയ് ഒന്നുമല്ല, ഞാന്‍ ഇങ്ങനെ ഇവിടെ ഉണ്ടെന്നറിഞ്ഞു കണ്ടുപോകാം എന്നു വിചാരിച്ചു വന്നതാണ്' എന്നാണ് പറഞ്ഞത്. ഇതേവരെ ഒരാളും എന്നോട് അന്വേഷിച്ചിട്ടില്ല. റവന്യൂ ബോര്‍ഡ് മെമ്പറെ അന്വേഷിക്കുവാന്‍ നിയോഗിച്ചു എന്നു പറഞ്ഞുകേട്ടു. ആ അന്വേഷണവും കഴിഞ്ഞു എന്നു പറഞ്ഞുകേട്ടു. ഒരു വ്യക്തിയും ഇതേവരെ ഈ തീയതി വരെ എന്നോട് ചോദിക്കാന്‍ തയ്യാറായില്ല. ഇതാണ് എനിക്കുണ്ടായ അനുഭവം. ഞാന്‍ ഈ സഭയിലെ എല്ലാ അംഗങ്ങളോടും പറയുകയാണ്. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, നമ്മളെല്ലാം ചേരിതിരിഞ്ഞ് പല രീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പോലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാന്‍ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാല്‍ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് സള്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കുമാത്രം അല്ലെങ്കില്‍ കണ്ണൂര്‍ ഡിഎസ്പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യം കിട്ടിയെന്നാണോ ഞാന്‍ വിശ്വസിക്കേണ്ടത്? ഒരിക്കലുമല്ല. അങ്ങനെയാണെങ്കില്‍ അവര്‍ക്ക് പലതും നടത്താന്‍ കഴിയും. അപ്പോള്‍ അതല്ല. അങ്ങനെയല്ല. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ക്കെതിരായി എന്തെങ്കിലും നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല. ഇന്ന് തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് ആ ബലറാം. അന്ന് എന്റെ വീട് സര്‍ച്ചുചെയ്യുമ്പോള്‍ ആ ഏരിയായില്‍ അദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്പെക്ടറല്ല. എന്നെ തല്ലി കഴിഞ്ഞപ്പോള്‍ 'നീപോയി തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറാകുക' എന്നു പറഞ്ഞ്തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആക്കിയിരിക്കുകയാണ്. ഇത് മാന്യതയാണോ? അതുകൊണ്ട് ഈ നിയമസഭയിലെ അംഗങ്ങളോട് എനിക്ക് പറയുവാനുള്ളത് നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, ചേരിതിരിഞ്ഞ് വാദിക്കുന്നവരാണ്. പക്ഷേ രാഷ്ട്രീയമായി ഇങ്ങനെ എതിര്‍ക്കാന്‍ ശ്രമിക്കരുത്. ഇതാര്‍ക്കും ഭൂഷണമല്ല. നിങ്ങളാരും ഇത് അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. 

മി. കരുണാകരനോട് എനിക്കു ഒന്നു മാത്രമേ പറയാനുള്ളു. നമ്മള്‍ വളരെ ശക്തിയായി പലതും സംസാരിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാന്‍ ശ്രീ അച്ചുതമേനോന് എഴുതിയ കത്തില്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാര്‍ക്കും അടക്കി നിര്‍ത്താന്‍ കഴിയുകയില്ല. ഇത് രാഷ്ട്രീയമല്ലേ? കമ്യൂണിസ്ററ് പാര്‍ടിയില്‍ ആര്‍ക്കെല്ലാം എന്തെല്ലാം സഹിക്കേണ്ടിവന്നിട്ടുണ്ട്? പൊലീസ് ലോക്കപ്പില്‍ വച്ച് മരിച്ചവരില്ലേ? പ്രക്ഷോഭണത്തിന്റെ മുന്നില്‍ വെടിയേറ്റു മരിച്ചവരില്ലേ? ഗുണ്ടകളുടെ കത്തിക്കുത്തേറ്റും വെടിയുണ്ട കൊണ്ടും മരിച്ചവരില്ലേ? ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഇതെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ലേ ഈ പാര്‍ടിയില്‍ നില്‍ക്കുന്നത്. അവരെയെല്ലാം പൊലീസ് ലോക്കപ്പിലിട്ട് നാലു പൊലീസുകാരെ ഏല്‍പ്പിച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറെകൂടി നിര്‍ത്തി, തല്ലി ശരിപ്പെടുത്തി ഒന്ന് ഒതുക്കികളയാമെന്നാണെങ്കില്‍ അത് അപ്പോള്‍ ഒതുങ്ങും. പിന്നീട് കൂടുതല്‍ ശക്തിയോടുകൂടിതന്നെ രംഗത്തുവരും. ഇതുമാത്രമേ എനിക്ക് കരുണാകരനോട് പറയാനുള്ളു. 
പിണറായി :പഴയ ചിത്രം പിണറായി :പഴയ ചിത്രം
ഇത് ഭൂഷണമല്ല, ഇത് രാഷ്ട്രീയമല്ല, ഇത് അന്തസിന് ചേര്‍ന്നതല്ല. ഇന്ന് നിങ്ങള്‍ മുഖ്യമന്ത്രിയാണ്. ഇനിയും ഇത് ആവര്‍ത്തിക്കാനാണോ നിങ്ങളുടെ ശ്രമം? ഇനിയും ഈ രീതിയില്‍ സംഭവങ്ങള്‍ കൊണ്ടുപോകാനാണോ ശ്രമം? ഇനിയും ഈ രീതിയില്‍ പൊലീസുകാരെ കയറൂരി വിടാനാണോ ഭാവം? ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തിരഞ്ഞെടുപ്പിന്റെ കൌണ്ടിംഗ് നടന്ന ദിവസം തലശ്ശേരിയില്‍ ലാത്തിച്ചാര്‍ജു നടത്തി. എത്ര പ്രാവശ്യം? ആറേഴുപ്രാവശ്യം ലാത്തിചാര്‍ജ് ചെയ്തു. ഞങ്ങളുടെ നാലു നിയോജകമണ്ഡലങ്ങളുടെ വോട്ട് തലശ്ശേരിയില്‍ വെച്ചാണ് എണ്ണുന്നത്. തലശ്ശേരി, പെരുങ്ങളം, കൂത്തുപറമ്പ്, പേരാവൂര്‍ ഈ നാലു നിയോജകമണ്ഡലങ്ങളിലെ വോട്ട് എണ്ണുന്നതുകൊണ്ട് ആയിരക്കണക്കിനാളുകള്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ആ ആയിരക്കണക്കിന് ആളുകളെ ആറേഴു പ്രാവശ്യം ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ലാത്തിച്ചാര്‍ജുചെയ്തു. എന്തിന് ലാത്തിച്ചാര്‍ജു നടത്തി? രണ്ടു മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് മൂന്നു പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകന്‍മാരെ അവിടെത്തെ പൊലീസ് ലോക്കപ്പില്‍ ഉടുതുണിയില്ലാതെ നിര്‍ത്തിയ മഹാവീരനാണ് ആ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഒരു കേസില്‍ സാക്ഷിയായി പോയി എന്നുള്ളതുകൊണ്ട് സാക്ഷികളെ പിടിച്ചുകൊണ്ടുപോയി കഴുത്തിനു കയറിട്ടു കുടുക്കി കപ്പിയില്‍കൂടി മുകളിലേക്ക് വലിച്ചു കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ ഭീകരമായ രംഗം സൃഷ്ടിച്ച വീരനാണ് ഈ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. 

അങ്ങനെയുള്ള ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് താങ്ങും തണലുമായി ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടായിരുന്നു അക്കാലത്ത്. ആ ആഭ്യന്തരമന്ത്രിതന്നെ ഇന്ന് മുഖ്യമന്ത്രിയായിരിക്കുകയാണ്. ആ പാരമ്പര്യം നിങ്ങള്‍ തുടരരുത്. ആ പാരമ്പര്യം അതേ രീതിയില്‍ നിങ്ങള്‍ നടപ്പാക്കരുത്. പൊലീസുകാരന്‍ പറയുന്ന എന്തും വിശ്വസിച്ചുകൊണ്ടാണ് നിങ്ങള്‍ ഇവിടെ ഭരണം നടത്തിയത്. എന്നെ അറസ്റ്റുചെയ്തത് പൊലീസുകാരന്‍ പറഞ്ഞു, ശിവപുരം പാര്‍ടി ഓഫീസില്‍വെച്ചാണ് എന്ന്. എപ്പോള്‍? രാവിലെ 5.15ന് ഞാന്‍ അതിനടുത്ത ദിവസങ്ങളിലൊന്നും ശിവപുരത്തു പോയിട്ടില്ല. പൊലീസുകാരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ടി ഓഫീസില്‍ ആയി. മി. കരുണാകരന്‍ പറയുമ്പോള്‍ ശിവപുരം പാര്‍ടി ഓഫീസ് ഗവര്‍മെണ്ട് റിക്കാര്‍ഡില്‍ വരുമ്പോള്‍ ശിവപുരം പാര്‍ടിഓഫീസില്‍വെച്ച് അറസ്റ്റ് ചെയ്തു എന്നായി. ഇത് മര്യാദയല്ല. ഇന്നാട്ടിലെ സാധാരണ പ്രതിപക്ഷപാര്‍ടി പ്രവര്‍ത്തകന്‍മാര്‍ക്ക് മര്യാദയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുകയില്ലെന്നു വന്നാല്‍ അതു വളരെ മോശമായ സ്ഥിതിവിശേഷമാണ്. ഇവിടെ ഏകഛത്രാധിപതിയെപ്പോലെ വാണതിന്റെ അനുഭവം എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കണം. ആ അനുഭവത്തില്‍നിന്നും പാഠം പഠിക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അവര്‍ ഇന്ന് ആരുമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു. ആരുമില്ലാത്ത സ്ഥിതിയിലായിരിക്കുന്നു എന്നു മാത്രവുമല്ല കൂടെ നില്‍ക്കുന്നവര്‍പോലും ഇന്ന് അവരെ എതിര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. വയലാര്‍ രവിയും ഉണ്ണികൃഷ്ണനും സഞ്ജയ്ഗാന്ധിയെ പുറത്താക്കണമെന്നു പറയുന്ന കാര്യം പണ്ട് നമുക്ക് പ്രതീക്ഷിക്കാന്‍ കഴിയുമോ? ഇന്ന് അത് പറഞ്ഞില്ലേ? 50 എം പി. മാര്‍ ഒപ്പിട്ടു കൊടുത്തില്ലേ, പുറത്താക്കണമെന്ന് പറഞ്ഞ്.

ഇത്തരമൊരു അവസ്ഥയില്‍ നമ്മുടെ ഈ രാജ്യം എത്തിയിരിക്കുകയാണ് അതുകൊണ്ട് നിങ്ങള്‍ ചുവരെഴുത്തു പഠിക്കണം. അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം. ഇവിടെ നമ്മുടെ മന്ത്രിസഭയ്ക്കുതന്നെ ഇപ്പോള്‍ എന്തു പറ്റി? പണ്ടു ഡല്‍ഹിയില്‍ വച്ചല്ലേ കാര്യങ്ങള്‍ തീരുമാനിക്കാറ്. കേരള കോണ്‍ഗ്രസ് ചേരണമോ വേണ്ടയോ എന്ന് ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കും. കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ആരാണെന്ന് ഡല്‍യില്‍വെച്ച് തീരുമാനിക്കും. ഇപ്പോഴോ? ഇപ്പോള്‍ മോണോആക്ടാണ് കരുണാകരനും സി എച്ച് മുഹമ്മദ്കോയയും കൂടി എല്ലാ മന്ത്രിമാരുടെയും പാര്‍ട്ട് എടുത്തുകൊള്ളും. അങ്ങനെയുള്ള അവസ്ഥയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. കൂടെ നില്‍ക്കുന്നവര്‍ എത്രകണ്ട് കൂടെ നില്‍ക്കുമെന്ന് മര്യാദയ്ക്ക് നോക്കിക്കണ്ട് നില്‍ക്കണം. ഡല്‍ഹിയില്‍വെച്ച് തീരുമാനിക്കാന്‍ ഇപ്പോള്‍ അവിടെ ആരുമില്ലെന്ന അവസ്ഥ വന്നിരിക്കുകയാണ്. ഇത് മനസ്സിലാക്കിക്കൊണ്ടുള്ള ഒരു ഭരണമായിരിക്കണം നടത്തേണ്ടതെന്നു മാത്രമേ ശ്രീ കരുണാകരനോട് എനിക്ക് പറയാനുള്ളു. 

ഇത് രാഷ്ട്രീയമാണ്. പറയുന്ന കാര്യങ്ങള്‍ വളരെ ശക്തിയായിതന്നെ പറയും. അത് പൊലീസിനെ വിട്ടുതല്ലി ശരിപ്പെടുത്തിക്കളാമെന്നാണെങ്കില്‍ അത് നടക്കുകയില്ല. അങ്ങനെ കഴിയുകയില്ല. അത് എല്ലാക്കാലത്തും ഈ രാജ്യത്തിലെ ബഹുജനപ്രസ്ഥാനം നേരിട്ടിട്ടുണ്ട്. ആ അനുഭവം ശ്രീ. കരുണാകരന്‍ ഓര്‍ക്കണം. 
ഇത്തരം പൊലീസ് മന്ത്രിമാര്‍ക്ക്, പൊലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്തു സംഭവിച്ചു കേരളത്തില്‍ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളു. ഈ വോട്ടു ഓണ്‍ അക്കൌണ്ട് ഞാന്‍ ശക്തിയായി എതിര്‍ക്കുകയാണ്.

Read more: http://www.deshabhimani.com/special/news-special-24-05-2016/563154

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)