Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Thursday, August 25, 2011

ക്ഷേത്ര നിലവറകള്‍ തുറന്നതിന് തെളിവുകള്‍

Madhyamam News piece:   Thu, 08/25/2011
Link: http://www.madhyamam.com/news/112136/110825



തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ പലതവണ തുറന്നതും ജീവനക്കാരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും ശരിയെന്ന് തെളിയുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപണം ഉന്നയിച്ചത്.

ദേവപ്രശ്‌നത്തിന്റെ മറപിടിച്ച് നിലവറകള്‍ തുറക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന രാജകുടുംബം തന്നെ പലകുറി ഇവ തുറന്ന് സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ പുറത്തെടുത്തതായാണ് ക്ഷേത്രരേഖകള്‍.

നിലവറകള്‍ തുറന്ന് മൂല്യനിര്‍ണയം നടത്തിയാല്‍ ആപത്തുണ്ടാകുമെന്ന് രാജകുടുംബം കോടതിയിലുള്‍പ്പെടെ അറിയിച്ചെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശാനുസരണം ഇവ തുറക്കുകയും ചിത്രമെടുക്കുകയും ചെയ്തിട്ടും ആര്‍ക്കും ഒരാപത്തും സംഭവിച്ചില്ല. ഇതാണ് വി.എസ് പറഞ്ഞത്.

ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് നിലവറകളിലെ സ്വത്ത് തിട്ടപ്പെടുത്തിയിരുന്നുവെന്ന് 'ശ്രീപത്മനാഭ' എന്ന പുസ്തകത്തില്‍ ഗൗരീലക്ഷ്മീഭായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകുടുംബംതന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. 2002 എപ്രില്‍ 17നും നിലവറ തുറന്നതായി രേഖയുണ്ട്. അന്ന് നിലവറയില്‍നിന്ന് സ്വര്‍ണവും വെള്ളിയും എടുത്തിരുന്നു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണിക്കായാണ് നിലവറ തുറന്നതെന്നാണ് വിശദീകരണം. ഒറ്റക്കല്‍ മണ്ഡപം സ്വര്‍ണം പൂശാന്‍ ഇതിലെ സ്വര്‍ണവും ഉപക്ഷേത്രങ്ങളില്‍ പൂശാന്‍ വെള്ളിയും എടുത്തിട്ടുണ്ടെന്ന് ക്ഷേത്രാധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ അന്ന് എടുത്തവയില്‍ ഭൂരിഭാഗവും കടത്തിയെന്നാണ് പ്രധാന ആരോപണം.

നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജീവനക്കാരനെ ആസിഡ് ഒഴിച്ച്‌കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും. 2007 നവംബര്‍ 11നാണ് ക്ഷേത്രത്തിലെ ക്ലാര്‍ക്കും ഐ.എന്‍.ടി.യു.സി യൂനിയന്‍ നേതാവുമായിരുന്ന പത്മനാഭദാസിനെ വധിക്കാന്‍ ശ്രമം നടന്നത്. വൈകുന്നേരം ആറ് മണിയോടെ ക്ഷേത്രത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിന് പിന്നാലെ മറ്റൊരു സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം  മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

Sunday, May 15, 2011

ഒടുവില്‍ ഒന്നിച്ചു, സുധീരനെ ഒഴിവാക്കാന്‍ (Vayalar Gopakumar - Syndicate special)

ഒടുവില്‍ ഒന്നിച്ചു, സുധീരനെ ഒഴിവാക്കാന്‍

Madhyamam | Sun, 05/15/2011

വയലാര്‍ ഗോപകുമാര്‍

സുധീരനെ മറ്റൊരു വി.എസ് ആക്കി ഉയര്‍ത്താന്‍ വയലാര്‍ ഗോപകുമാറിന്റെ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റ് ലേഖനം :

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍നിന്ന് സുധീരനെ തടയാന്‍ വീണ്ടും കോണ്‍ഗ്രസില്‍ യോജിച്ച നീക്കം. തെരഞ്ഞെടുപ്പിനിടയിലും മുമ്പും അരങ്ങേറിയ ഗ്രൂപ്പുകളികള്‍ക്കു താല്‍ക്കാലിക വിരാമമിട്ട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും ഒരുമിച്ചത് സുധീരനെ അകറ്റിനിര്‍ത്താനാണെന്ന് സൂചന. അധികാരകേന്ദ്രങ്ങളില്‍ അതിശക്തരുടെ പ്രവേശം തടയാനായുള്ള ഈ ഒത്തൊരുമ കോണ്‍ഗ്രസില്‍ മറ്റൊരു വിവാദത്തിനു വഴിതുറന്നേക്കും.
ഞായറാഴ്ച നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ പ്രതീക്ഷിച്ചപോലെ തന്നെ ഉമ്മന്‍ ചാണ്ടി വീണ്ടും നിയമസഭാകക്ഷി നേതാവായി. മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് മത്സരിച്ച രമേശ് ചെന്നിത്തല അപ്രതീക്ഷിതമെന്നോണം കെ.പി.സി.സി പ്രസിഡന്റുപദത്തില്‍ തുടരാന്‍ തയാറായി. മുഖ്യമന്ത്രിപദമല്ലെങ്കില്‍ പ്രമുഖ വകുപ്പേറ്റെടുത്ത് പ്രസിഡന്റു പദം ഒഴിയുമെന്ന ധാരണകള്‍ക്കു വിരുദ്ധമായുള്ള രമേശിന്റെ നീക്കം ആരും പ്രതീക്ഷിച്ചതല്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ഭൂരിപക്ഷം ഉണ്ടാകുന്നപക്ഷം മുഖ്യമന്ത്രി പദത്തിലേക്ക് മത്സരമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇക്കാര്യം പരോക്ഷമായി രമേശ് ചെന്നിത്തലയുടെ വാക്കുകളില്‍ പ്രകടമാവുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടി ആസ്ഥാനം അടച്ചിട്ട് മത്സരിക്കാന്‍ പോയ രമേശ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയില്ലെന്ന പരാതി കോണ്‍ഗ്രസ് അണികളില്‍നിന്ന് ഉയര്‍ന്നിരുന്നു. വന്‍ ഭൂരിപക്ഷത്തിന് അവസരമുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ കഷ്ടിച്ചു മാത്രം ജയിക്കാനായതു സംബന്ധിച്ച് പാര്‍ട്ടിയില്‍ വിമര്‍ശങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരം വന്നാല്‍ അതും വിമര്‍ശത്തിനിടയാക്കുമെന്ന് ഉറപ്പായതിനാല്‍ രമേശ് മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള താല്‍പര്യം ഉപേക്ഷിക്കുകയായിരുന്നു. പ്രമുഖ വകുപ്പ് ഏറ്റെടുത്ത് മന്ത്രിസഭാംഗമാകാനും അദ്ദേഹം തയാറില്ല. ഇത് ഉമ്മന്‍ ചാണ്ടിയും രമേശും തമ്മില്‍ തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ ധാരണയുടെ ഫലമാണെന്നാണ് കരുതുന്നത്.
മികച്ച ഭൂരിപക്ഷം ലഭിച്ചിരുന്നുവെങ്കില്‍ ഹൈകമാന്‍ഡിനുമേല്‍ കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് തങ്ങള്‍ ഉദ്ദേശിക്കുന്ന മറ്റൊരാളെ നിര്‍ദേശിക്കാനുള്ള ധാര്‍മികശക്തി രമേശിനും ഉമ്മന്‍ ചാണ്ടിക്കും ലഭിക്കുമായിരുന്നു. എന്നാല്‍, ദുര്‍ബലമായ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഹൈകമാന്‍ഡിനു മുന്നില്‍ അത്തരമൊരു നിര്‍ദേശം വെക്കാന്‍ ഇരുവര്‍ക്കും ധൈര്യമില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് നിശ്ചയിക്കുന്നത് കേരളത്തിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ക്ക് അനുയോജ്യനായ ഒരാളെയായിരിക്കും. എ.കെ. ആന്റണിയുടെ കൂടി താല്‍പര്യം ഇക്കാര്യത്തില്‍ അവര്‍ ആരായുകയും ചെയ്യും.
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ അതിശക്തമായ ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നതിനാല്‍ അച്യുതാനന്ദനെ നേരിടാന്‍ പ്രാപ്തനായ ഒരാളെയായിരിക്കും ഇതിനായി കേന്ദ്ര നേതൃത്വം തെരഞ്ഞെടുക്കുക. സാമുദായികത നോക്കിയാലും ആദര്‍ശപരിവേഷത്തിന്റെ പേരിലും അച്യുതാനന്ദനോട് കിടപിടിക്കാന്‍ ഒരൊറ്റ നേതാവേ കേരളത്തില്‍ ഇപ്പോഴുള്ളു. അത് വി.എം. സുധീരനാണ്. എ.കെ. ആന്റണിയുടെ പരിഗണനയിലും മറ്റൊരാള്‍ ഇല്ല. എന്നാല്‍, കേരളത്തിലെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് ഈ നിര്‍ദേശത്തില്‍ താല്‍പര്യമില്ല. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായാല്‍ ഭരണപരമായ കാര്യങ്ങളില്‍ അനുചിതമായ തീരുമാനങ്ങള്‍ ഉണ്ടാകാന്‍ സമ്മതിക്കില്ലെന്നുറപ്പാണ്. ജനവിരുദ്ധ തീരുമാനങ്ങളെ തുറന്നെതിര്‍ക്കാന്‍ അദ്ദേഹം തയാറാകും. ഇത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാകുമെന്ന് അവര്‍ക്കറിയാം. ഈ വക അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള പൊതു മിനിമം പരിപാടിയാണ് തല്‍ക്കാലത്തേക്ക് രമേശ് തന്നെ പ്രസിഡന്റായി തുടരണമെന്ന തീരുമാനമെന്നാണ് അറിയുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെപ്പറ്റി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നപക്ഷം പിന്നീട് ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഈ തീരുമാനത്തിന് ഭീഷണി ഉയര്‍ന്നേക്കാം.
നിയമസഭയില്‍ മുന്നണിക്ക് കുറഞ്ഞ ഭൂരിപക്ഷമേയുള്ളൂ എന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിയമസഭ കൂടുന്ന ദിവസങ്ങളിലെല്ലാം പ്രസിഡന്റ് നിര്‍ബന്ധമായും തലസ്ഥാനത്ത് വേണ്ടിവരും. അല്ലെങ്കില്‍ വോട്ടെടുപ്പില്‍ ഭരണപക്ഷം പരാജയപ്പെടുന്ന അവസ്ഥ ഉണ്ടാകാം.
എല്ലാം കൊണ്ടും കോണ്‍ഗ്രസിന് ഏറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ തീരുമാനമെന്നു വിലയിരുത്തപ്പെടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു പോലെ ഏറ്റവും സന്ദിഗ്ധമായ അവസരങ്ങളില്‍ പോലും സാന്നിധ്യമറിയിക്കാത്ത ഒരു പ്രസിഡന്റ്, മുഴുവന്‍ സമയവും കെ.പി.സി.സി ഓഫിസില്‍ ഉണ്ടായിട്ടും കാര്യമില്ലെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ രൂപം കൊണ്ടിട്ടുണ്ട്.

Sunday, September 19, 2010

ബഹുമാനപ്പെട്ട പ്രതി


ബഹുമാനപ്പെട്ട പ്രതി

വിജു വി. നായര്‍
നിയമകേസരികള്‍ എന്തൊക്കെ ഗ്രന്ഥജാടയിറക്കിയാലും ശരി, ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല- ശാന്തിഭൂഷണ്‍ വക്കീല് നമ്മുടെ പരമോന്നത നീതിപീഠത്തിന് മണികെട്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് വ്യക്തിക്ക് ഒന്നും ചെയ്യാനൊക്കില്ലെന്ന് പറഞ്ഞുനടക്കുന്ന ദേശീയസിനിക്കുകള്‍ ഈ മനുഷ്യനെ രണ്ടുവട്ടം നമിക്കണം. ആദ്യത്തേത്, 1975ല്‍ സര്‍വശക്തയായ ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയെടുത്ത വക്കാലത്ത് ജയത്തിന്. അതാണല്ലോ ഒടുവില്‍ കുപ്രസിദ്ധ അടിയന്തരാവസ്ഥയില്‍ കൊണ്ടെത്തിച്ച പുകില്. രണ്ടാമത്തേത്, ഇപ്പോഴത്തെ മണികെട്ടലിന്. മകന്‍ പ്രശാന്ത് ഭൂഷണ്‍ ഈയിടെ രണ്ട് മാധ്യമങ്ങള്‍ വഴി തുറന്നടിച്ചു, സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്ജസ്റ്റിസും തൊട്ടു പിന്‍ഗാമികളും അത്ര ശരിപ്പുള്ളികളല്ലെന്ന്. സംഗതി ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ഹരീഷ് സാല്‍വെ വക്കീല്‍ ബോധിപ്പിച്ചതും കോടതി ഉടനടി കേസെടുത്തു. ഇനിയാണ് നീതിപീഠവും കോടതിഭക്തരും സ്വപ്‌നേപി നിനക്കാത്ത കളി.

മൊറാര്‍ജി മന്ത്രിസഭയില്‍ നിയമമന്ത്രി കൂടിയായിരുന്ന അച്ഛന്‍ ഭൂഷണ്‍, ഇക്കഴിഞ്ഞ വ്യാഴാഴ്ച സുപ്രീംകോടതിക്കൊരു കവര്‍ നല്‍കുന്നു- 16 മുന്‍ ചീഫ് ജസ്റ്റിസുമാരുടെ പേരുവിവരം. അതില്‍ ആറു പേര്‍ മാന്യന്മാര്‍, രണ്ടു പേരുടെ നിജസ്ഥിതി അറിയില്ല, ബാക്കി എട്ടാളും അഴിമതിവിരുതര്‍. ശാന്തിഭൂഷന്റെ അപേക്ഷ ഇതാണ്: കോടതിക്ക് നേരിട്ട് ഈ ആരോപണം തന്ന തനിക്കെതിരെയും കേസെടുക്കണം. എന്നിട്ട് മകന്റെ കൂട്ടുപ്രതിയായിക്കണ്ട് ശിക്ഷിച്ച് ജയിലിലടക്കാം.
ഇതൊരു തുറന്ന വെല്ലുവിളിയാണ്. പരമോന്നത നീതിപീഠത്തിനുള്ള പരസ്യമായ കെണി. അപേക്ഷ സ്വീകരിച്ചാല്‍ മേപ്പടി എട്ടാള്‍ക്കുമെതിരെ അന്വേഷണം നടത്തണം. അത് പരമോന്നത നീതിപീഠത്തെതന്നെ പ്രതിയാക്കുന്ന പുതിയ വിഴുപ്പലക്കലിന് കളമൊരുക്കും. അപേക്ഷ അവഗണിച്ചാലോ? കോടതിയെ പരസ്യമായി വെല്ലുവിളിച്ച പൗരന്‍ ഹീറോയാകും. അതൊരു പുതിയ പ്രവണത സൃഷ്ടിക്കും. മാത്രമല്ല, ശാന്തിഭൂഷന്റെ പ്രസക്തമായ ഒരാരോപണം ശരിവെക്കുന്നതിന് തുല്യമാവുകയും ചെയ്യും. ആരോപണമിതാണ്: 'ജുഡീഷ്യറിയുടെ സല്‍പ്പേര് സംരക്ഷിക്കാനെന്ന പേരില്‍ അഴിമതി മൂടിവെക്കുകയാണ്. ആയതിനാല്‍, വിശ്വസ്തവും കറപറ്റാത്തതുമായ നീതിന്യായ വ്യവസ്ഥിതി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍വേണ്ടി ജയിലില്‍ പോകുന്നത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു.'
സുപ്രീംകോടതി ലക്ഷണമൊത്ത കെണിയിലായതിന്റെ പൊരുള്‍ ഇവിടെ വ്യക്തമാണ്. കാല്‍നൂറ്റാണ്ടായി ഇന്ത്യന്‍ ജുഡീഷ്യറി അഴിമതിയില്‍ വീണുതുടങ്ങിയിട്ട്. ആ യാഥാര്‍ഥ്യത്തെ നേരിടാന്‍ ക്രിയാത്മകമായി തുനിയുന്നില്ലെന്നു മാത്രമല്ല, കോര്‍ട്ടലക്ഷ്യമെന്ന പഴകിപ്പൂതലിച്ച സാമ്രാജ്യത്വ വടിവാള്‍ കാട്ടി വിമര്‍ശത്തെ വിരട്ടിയൊതുക്കുകയുമാണ്. ഒപ്പം, ശാന്തിഭൂഷണ്‍ പറഞ്ഞ മാതിരി സ്വന്തം അഴിമതിക്കഥകള്‍ മൂടിവെക്കാന്‍ വേണ്ട നിയമപരിരക്ഷ സ്വയം ചമയ്ക്കുകയും ചെയ്യുന്നു. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ അവിടത്തെ നീതിന്യായ വ്യവസ്ഥിതി ഇങ്ങനെ നീതിവിരുദ്ധമായ പ്രതിരോധങ്ങളിലേര്‍പ്പെടുന്നതെന്തുകൊണ്ട്?

ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷനല്‍ അഴിമതി സംബന്ധിച്ച് ഇറക്കുന്ന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ഇന്ത്യന്‍ ജുഡീഷ്യറിക്കൊരു വിശേഷറാങ്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം അഴിമതി ഗ്രസിച്ച ഔദ്യോഗിക സ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് നീതിന്യായസംവിധാനം. (ഒന്നാം റാങ്ക് പൊലീസിന്, രണ്ടാം റാങ്ക് രജിസ്‌ട്രേഷന്‍-ലൈസന്‍സ് മേഖലക്ക്). ഈ സ്ഥാനത്തിന് യോഗ്യത സമ്പാദിച്ചുകൊടുത്തത് താഴേത്തല മജിസ്‌ട്രേറ്റ്-മുന്‍സിഫ് വൃന്ദം മാത്രമല്ല, ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെയുള്ള മുന്തിയ ജഡ്ജിയദ്ദേഹങ്ങള്‍ പലരും ഒത്തുപിടിച്ചാണ്. ഉന്നത നീതിപീഠങ്ങളിലെ അഴിമതിയുടെ തോതറിയാന്‍ സമീപകാലത്തെ ചില പ്രശസ്ത ഉദാഹരണങ്ങള്‍ മാത്രം നോക്കിയാല്‍ മതിയാകും.

2008 ഫെബ്രുവരിയില്‍ പുറത്തായ ഗാസിയാബാദ് കുംഭകോണമോര്‍ക്കുക. കോടതിയിലെ താഴേത്തട്ടുകാരായ ക്ലാസ് മൂന്ന്, നാല് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍നിന്ന് 23 കോടി രൂപ അനധികൃതമായി പിന്‍വലിക്കുന്നു. സംഭവമന്വേഷിച്ച ഉത്തര്‍പ്രദേശ് പൊലീസ് 34 പേര്‍ക്കെതിരെ പണാപഹരണത്തിന് കേസെടുക്കുന്നു. ഈ മാന്യപ്രതികള്‍ ആരെല്ലാം? ഒരു സുപ്രീംകോടതി ജഡ്ജി, പത്ത് ഹൈകോടതി ജഡ്ജിമാര്‍, 23 കീഴ്‌ക്കോടതി ന്യായാധിപന്മാര്‍! സംഭവം പരസ്യമായിട്ടും പൊലീസിന് കേസെടുക്കാന്‍ കഴിയാതെ കുറേക്കാലം കിടന്നു. കാരണം, ജഡ്ജിമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെങ്കില്‍ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഒടുവില്‍ മാധ്യമകോലാഹലവും ഒരു പൊതുതാല്‍പര്യഹരജിയും വേണ്ടിവന്നു, സുപ്രീംകോടതിക്ക് ഈ പണാപഹരണം അന്വേഷിക്കാന്‍ അനുമതികൊടുക്കാന്‍. അപ്പോള്‍പ്പോലും കേസ് പൊലീസില്‍നിന്ന് മാറ്റി സി.ബി.ഐക്കാണ് കൊടുത്തത്.

അഞ്ചുമാസം കഴിഞ്ഞില്ല, ചണ്ഡിഗഢ് ഹൈകോടതിയില്‍നിന്ന് അടുത്ത ഇനം വരുന്നു- കാഷ് ഇന്‍ ബാഗ് കോഴ. ഹരിയാന അഡ്വക്കറ്റ് ജനറല്‍ സഞ്ജീവ് ബന്‍സാലിന്റെ ഗുമസ്തന്‍ അവിടത്തെ ഹൈകോടതി ജഡ്ജി നിര്‍മല്‍ജിത് കൗറിന്റെ വീട്ടില്‍ ചെന്ന് 15 ലക്ഷം രൂപ കൊടുക്കുന്നു. ജഡ്ജിയമ്മ ഉടനെ പൊലീസില്‍ വിവരമറിയിക്കുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കാര്യം വ്യക്തമാവുന്നത്. ദല്‍ഹിയിലെ ഹോട്ടല്‍പ്രമാണി രവീന്ദര്‍ സിങ് തന്റെ ചങ്ങാതിയായ സഞ്ജീവ് ബന്‍സാല്‍ മുഖേന ഈ 'പാരിതോഷികം' കൊടുത്തുവിട്ടത് അതേ കോടതിയിലെ നിര്‍മല്‍യാദവ് എന്ന ജഡ്ജിയമ്മക്കാണ്. പേരിലെ സാമ്യംമൂലം ദൂതനായ ഗുമസ്തന് പറ്റിയ കൈപ്പിഴയാണ് പൂച്ച് പുറത്താക്കിയത്.
കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സൗമിത്രാ സെന്നിനെ ഇംപീച്ച് ചെയ്യാന്‍ അനുമതി കിട്ടിയത് ദീര്‍ഘിച്ച താത്ത്വികവാദങ്ങള്‍ക്കൊടുവിലാണെന്ന് നമുക്കറിയാം. അതും 24 ലക്ഷം രൂപയുടെ തിരിമറി നടത്തിയതിന്. കര്‍ണാടകത്തിലെ ദിനകരന്‍ ജഡ്ജിയാകട്ടെ, സര്‍വരെയും കൊജ്ഞാണന്മാരാക്കി വിരാജിക്കുന്നു. ഗതികെട്ട് അദ്ദേഹത്തെ സിക്കിമിലേക്ക് സ്ഥലംമാറ്റിയതാണ് സുപ്രീംകോടതിക്ക് ചെയ്യാന്‍ പറ്റിയ ഏക കാര്യം! എന്തിനധികം, അഴിമതി തെളിഞ്ഞുകഴിഞ്ഞിട്ടും വി. രാമസ്വാമിക്കെതിരെ നടന്ന ഇംപീച്ച്‌മെന്റ് നാടകം എങ്ങനെയാണ് അവസാനിച്ചതെന്നോര്‍ക്കുക. പ്രധാനമന്ത്രി റാവു പറഞ്ഞു, കോണ്‍ഗ്രസ് എം.പിമാര്‍ വോട്ടിടാതെ ഒഴിഞ്ഞുനില്‍ക്കാന്‍. അങ്ങനെ രാമസ്വാമിയുടെ ഇംപീച്ച്‌മെന്റ് ചീറ്റിപ്പോയി.

ജഡ്ജിമാര്‍ അഴിമതി കാണിച്ചാല്‍ അന്വേഷിക്കണമെങ്കില്‍ ഇതരപൗരന്മാര്‍ക്കുള്ള നിയമങ്ങളോ അന്വേഷണരീതിയോ ഇന്ത്യയില്‍ സാധ്യമല്ല. ജഡ്ജസ് (എന്‍ക്വയറി) ചട്ടമനുസരിച്ചേ നീക്കുപോക്കുള്ളൂ. അതിനുതന്നെ ഉന്നത നീതിപീഠത്തിന്റെ അനുമതി വേണം. ഇംപീച്ച്‌മെന്റ് വകുപ്പുകള്‍തന്നെ നോക്കുക. കേസൊക്കെ അന്വേഷിച്ച് ബോധ്യപ്പെട്ടാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരണം. പാസാകാന്‍ സഭയുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടണം. അതു കിട്ടിയാലും സഭാധ്യക്ഷന്‍ മൂന്ന് ജഡ്ജിമാരടങ്ങുന്ന ഒരു അന്വേഷണ സമിതിയെ വീണ്ടും നിയോഗിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ വീണ്ടും വോട്ടിനിടണം. അപ്പോഴും കിട്ടണം മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 200 കോടി ജനങ്ങളുടെ വിധി തിരുത്താന്‍ ഒരു സര്‍ക്കാറിനെ പുറത്താക്കുന്ന പാര്‍ലമെന്റ് പ്രക്രിയക്കുപോലും കേവല ഭൂരിപക്ഷം മതി -അവിശ്വാസപ്രമേയം പാസാകാന്‍. അതിലൊക്കെ കടുത്ത പെടാപ്പാടാണ് അഴിമതിവീരനായ ഒരു ജഡ്ജിയെ പുറത്താക്കാന്‍. ഇങ്ങനെ രാജ്യത്തെ നിയമങ്ങളില്‍നിന്നും ന്യായനടത്തിപ്പു പ്രക്രിയകളില്‍നിന്നും ഇക്കൂട്ടര്‍ക്ക് പ്രത്യേകമായൊരു സംവരണവും ഇമ്യൂണിറ്റിയും കല്‍പിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് താങ്ങും തണലുമാകേണ്ട സുപ്രധാന തൂണായിരിക്കണം ജുഡീഷ്യറി എന്നതിനാലാണ്. അങ്ങനെ നിലകൊള്ളണമെങ്കില്‍ ആ സ്ഥാപനത്തിന് സ്വതന്ത്രത വേണം. അധികാരവും ഉത്തരവാദിത്തങ്ങളും മൂന്നു തൂണുകള്‍ക്കിടയിലായി വിന്യസിച്ചിരിക്കുന്നത് അവയോരോന്നും മറ്റുള്ളവക്കുള്ള നിയന്ത്രണവും സന്തുലന മാര്‍ഗവുമാകണമെന്ന ഉദ്ദേശ്യത്താലാണ്. ലെജിസ്‌ലേച്ചറും എക്‌സിക്യൂട്ടിവും ഈ ഘടകങ്ങളില്‍ പിഴവരുത്തുമ്പോള്‍ തിരുത്തേണ്ട ബാധ്യതയുള്ള ജുഡീഷ്യറിക്ക് ആ കര്‍ത്തവ്യം പാലിക്കണമെങ്കില്‍ അനിവാര്യമായി വേണ്ട ഘടകമാണ് സ്വാതന്ത്ര്യം. അതു നിലനിര്‍ത്താനുള്ള സംരക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞ 'സംവരണ'മൊക്കെ.

എന്നാല്‍, സ്വന്തം നിലക്ക് രോഗാതുരമാവുകയും അതിനു സ്വയം ചികിത്സ പറ്റാതാവുകയും ചെയ്യുന്നു എന്നതാണ് ജുഡീഷ്യറി ഇന്ന് നേരിടുന്ന പ്രശ്‌നം. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുപകരം രോഗം മറയ്ക്കാനുള്ള മര്‍ക്കടമുഷ്ടിയും അടവുനയങ്ങളുമാണത് അവലംബിക്കുന്നതെങ്കിലോ? കോടതിയലക്ഷ്യം എന്ന ഭീഷണിയും ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാന്‍ ജഡ്ജിത്തലവന്റെ തന്നെ അനുമതി വേണമെന്ന വൈചിത്ര്യവുമാണ് ഈ അടവിനുള്ള മുഖ്യപരിചകള്‍. 2007ല്‍ ദല്‍ഹി ഹൈകോടതി നാലു പത്രപ്രവര്‍ത്തകര്‍ക്ക് നാലുമാസം തടവു വിധിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന വൈ.കെ. സബര്‍വാളിന്റെ രണ്ടു മക്കള്‍ ഷോപ്പിങ് മാളുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു കമ്പനി ദല്‍ഹിയില്‍ നടത്തിയിരുന്നു. ഈ കൂറ്റന്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശികമായി മത്സരമുണ്ടാക്കാനിടയുള്ള ചില്ലറ വ്യാപാര സ്ഥാപനങ്ങളെ വകുപ്പും മുറയും പറഞ്ഞ് ഷട്ടറിടുവിക്കുന്ന പണിയാണ് അച്ഛന്‍ ജഡ്ജി ചെയ്തത്. അത്തരത്തിലൊരു അടച്ചുപൂട്ടല്‍ പരമ്പരക്കുള്ള വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. നാട്ടുകാര്‍ പ്രതിഷേധിച്ചു. ഒരു മാധ്യമവും പ്രശ്‌നത്തിന്റെ കാതലിലേക്ക് കടന്നില്ല. ഉച്ചപ്പത്രമായ 'മിഡ്‌ഡേ' മാത്രം വാര്‍ത്ത അച്ചടിച്ചു. ചീഫ് ജസ്റ്റിസിന്റെ ഈ അഴിമതി പുറത്തുവരുത്തിയതിന് കോടതിയലക്ഷ്യ കേസെടുത്തു. കാര്‍ട്ടൂണ്‍ വരച്ച ഇര്‍ഫാന്‍ ഖാനടക്കം തടവുശിക്ഷ. അതൊരു തുറുപ്പ്.

മുമ്പ് സൂചിപ്പിച്ച കാഷ് ഇന്‍ ബാഗ് കേസ് വെച്ചവസാനിപ്പിക്കാന്‍ സി.ബി.ഐ ഒരപേക്ഷ കോടതിക്ക് കൊടുത്തു- ചണ്ഡിഗഢിലെ വിചാരണ കോടതിയില്‍. 15 ലക്ഷം കോഴ വാങ്ങിയ ശ്രീമതി നിരപരാധിയായതുകൊണ്ടല്ല, തെളിവില്ലാഞ്ഞിട്ടുമല്ല. ഉന്നത നീതിപീഠം അനുമതി കൊടുക്കാത്തതുകൊണ്ടുമാത്രം! ഇവിടാണ് രണ്ടാം തുറുപ്പ്. കോളനിഭരണത്തിനായി സായ്പുണ്ടാക്കിയ നിയമങ്ങള്‍ പലതും പകര്‍ത്തിയെടുത്ത വകയില്‍ 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും സ്വതന്ത്രേന്ത്യ കവര്‍ന്നു. ആ ചട്ടത്തിലെ 197ാം വകുപ്പുപ്രകാരം ഒരു ജഡ്ജിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ മേലാളന്റെ അനുമതി വേണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലെ പബ്ലിക് സര്‍വന്റിന്റെ വീഴ്ചകള്‍ക്കു മാത്രമാണ് പ്രോസിക്യൂഷന്‍. കൈക്കൂലി ഈ വകുപ്പിലുണ്ടായിരുന്നില്ല.

1947ലെ അഴിമതി തടയല്‍ നിയമം വന്ന് കൈക്കൂലിയെക്കൂടി ഈ പരിധിയില്‍പ്പെടുത്തി. ഇന്ത്യന്‍ ശിക്ഷാനിയമം 21 പ്രകാരം ജഡ്ജിയും മന്ത്രിയുമൊക്കെ പബ്ലിക് സര്‍വന്റ് എന്ന വിഭാഗത്തില്‍ വരും. ഇതാണ് നിയമനിര്‍മാണ സഭയുണ്ടാക്കിയ നിയമം. എന്നാല്‍, 1991ല്‍ സുപ്രീകോടതി സ്വയമൊരു നിയമമങ്ങുണ്ടാക്കുന്നു- ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ രാജ്യത്ത് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല- സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് 'കണ്‍സല്‍ട്ട്' ചെയ്യാതെ. ഇനി കണ്‍സല്‍ട്ടിങ്ങിന്റെ പൊരുള്‍ കേള്‍ക്കുക. ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തിന് 'അര്‍ഹമായ പ്രതിപത്തി' സര്‍ക്കാര്‍ കൊടുക്കണം. കേസെടുക്കേണ്ടെന്ന് ടിയാന്‍ പറഞ്ഞാല്‍, കേസ് പാടില്ല. പച്ചയായ ഈ വീറ്റോ അധികാരം കവര്‍ന്ന സുപ്രീംകോടതി സ്വയം പുകഴ്ത്തിയതുകൂടി കേള്‍ക്കുക: 'ജഡ്ജിമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷനില്‍നിന്ന് സംരക്ഷണം നല്‍കുന്ന ഒരു നിയമവുമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍, ഈ അവ്യക്ത മേഖലയില്‍ ഈ കോടതി ഒരു നിയമനിര്‍മാണവും പ്രശ്‌നപരിഹാരവുമാണ് നിര്‍വഹിക്കുന്നത്.' പാര്‍ലമെന്റിന് മാത്രമേ നിയമനിര്‍മാണത്തിന് അവകാശമുള്ളൂ എന്ന് കൂട്ടത്തില്‍ രണ്ട് ജഡ്ജിമാര്‍ പറഞ്ഞെങ്കിലും അവരുടെ വാക്കിന് വിലയുണ്ടായില്ല. അങ്ങനെ സ്വന്തം പരിരക്ഷക്ക് നിയമം നിര്‍മിക്കാനുള്ള അവകാശവും കോടതി സ്വയമങ്ങുണ്ടാക്കിയെടുത്തു.

ജഡ്ജി അഴിമതി കാണിച്ചത് ചോദ്യം ചെയ്താല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കും. അഥവാ സ്‌റ്റേറ്റ് ഏജന്‍സികള്‍ക്ക് അന്വേഷിക്കണമെന്നുണ്ടെങ്കില്‍ ജഡ്ജിമൂപ്പന്‍ കനിയണം. ഇവിടെ സുപ്രീംകോടതി സൃഷ്ടിച്ചെടുത്ത പരിരക്ഷ വാസ്തവത്തില്‍ രാജ്യത്തെ നിയമത്തില്‍നിന്നുതന്നെയുള്ള ഇമ്യൂണിറ്റിയല്ലേ? നിയമവാഴ്ചക്കുവേണ്ടി നിലകൊള്ളുന്നവര്‍ തന്നെ അതേ വാഴ്ചക്കെതിരാവുന്ന പരിഹാസ്യതയല്ലേ പ്രകടമാകുന്നത്? ചുരുക്കത്തില്‍, ഈ ഒളിവും മറയുമല്ലേ ഇന്ത്യന്‍ ജുഡീഷ്യറിയെ അഴിമതിക്ക് കൂടുതല്‍ കൂടുതല്‍ പരുവപ്പെടുത്തുന്നതും?

രാഷ്ട്രീയ ഇടപെടല്‍ ജുഡീഷ്യറിയുടെ സ്വതന്ത്രതയെ ഹനിക്കുമെന്ന് ജഡ്ജിസമൂഹം നിരന്തരം പറയും. അതു നേരുമാണ്. എന്നാല്‍, അഴിമതി ഗ്രസിച്ചിരിക്കുന്ന ഒരു സ്ഥാപനത്തിന്റെ സ്വതന്ത്രത നിരര്‍ഥകമാണ്. അതിലുപരി അപായകരവുമാണ്. കാരണം, ഈ സ്വതന്ത്രത അഴിമതിയെ പരിരക്ഷിക്കാനുള്ള ആയുധം കൂടിയാകുന്നു. ശാന്തി ഭൂഷന്റെ മണികെട്ടലും പാഴ്‌വേലയാകുമോ?

Saturday, September 4, 2010

വെട്ടിപ്പിന് തുണയായത് ഉദ്യോഗസ്ഥരുടെ 'വകുപ്പില്ലാ' വാദം

കേരളത്തില്‍ പേപ്പര്‍ ലോട്ടറിക്ക് നികുതി സ്വീകരിക്കുന്നത് പാലക്കാട് ജില്ലയില്‍ മാത്രമാണ്. വാളയാര്‍ ചെക് പോസ്റ്റ് വഴി അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കൊണ്ടു വരുന്നത് കൊണ്ട് മാത്രമല്ല, പാലക്കാട് നികുതി സ്വീകരിക്കുന്നത്. അന്യ സംസ്ഥാന ടിക്കറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ ആദ്യമായി വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തിയത് പാലക്കാടാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ നടത്തിപ്പുകാരനും ലോട്ടറി വില്‍പനയിലൂടെ വിവാദ നായകനുമായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയുടെ പേരിലാണ് ടിക്കറ്റ് വിതരണത്തിനുള്ള ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. 2005ലെ സംസ്ഥാന ലോട്ടറി നിയമപ്രകാരം പ്രമോട്ടര്‍ (വിതരണക്കാരന്‍)ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കാന്‍ പാടുള്ളൂ.

പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ വാണിജ്യ നികുതി വകുപ്പ് അസി. കമീഷണറുടെ (എ.സി) ഓഫിസില്‍ 2005 ഫെബ്രുവരി മൂന്നിനായിരുന്നു മേഘയുടെ രജിസ്‌ട്രേഷന്‍ നടന്നത്. സംസ്ഥാനത്ത് ഇതിന് സമാനമായി മറ്റൊരു ഏജന്‍സിയും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ നികുതി വസൂലാക്കല്‍ പാലക്കാട് എ.സിക്ക് കീഴിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് അസി. കമീഷണറുടെ ഓഫിസില്‍ മുന്‍കൂര്‍ നികുതി സ്വീകരിച്ചു തുടങ്ങി.

2005 ലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമം നടപ്പില്‍ വരുന്നത്. നിയമത്തിലെ പത്താം വകുപ്പ് അനുശാസിക്കുന്നത് പ്രമോട്ടര്‍ ഓരോ നറുക്കെടുപ്പിനുമുള്ള മുന്‍കൂര്‍ നികുതി നറുക്കെടുപ്പ് നടത്തുന്ന മാസത്തിന് തൊട്ട് മുമ്പുള്ള ഒന്നാം തീയതി അടക്കണമെന്നാണ്. നികുതി അടച്ച് എ.സി ഓഫിസില്‍ നിന്ന് രശീതി വാങ്ങണം. അതത് മാസങ്ങളില്‍ നറുക്കെടുപ്പ് സംബന്ധിച്ച അസസ്‌മെന്റ് എ.സി നടത്തണം.
നികുതി അടച്ചില്ല എന്ന് ബോധ്യപ്പെടുന്നപക്ഷം പ്രമോട്ടറുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് ഈടാക്കാനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്.
എന്നാല്‍, മുന്‍കൂര്‍ നികുതി സ്വീകരിക്കുന്ന വാണിജ്യ നികുതി വകുപ്പ് ഓരോ നറുക്കെടുപ്പിനും ആവശ്യമായ എത്ര ടിക്കറ്റുകള്‍ എവിടെയെല്ലാം അച്ചടിച്ചു, എവിടെയെല്ലാം വില്‍പന നടത്തി, എത്രയെണ്ണം വിറ്റഴിച്ചു, എത്ര വില്‍ക്കാതെ ബാക്കി വന്നു എന്നൊന്നും പരിശോധിക്കുന്ന പരിപാടിയേ ഇല്ല. വിറ്റതിനാണോ സമ്മാനം അടിച്ചത് എന്നതും ഇവരുടെ പരിശോധനയില്‍ വരുന്നില്ല. ലോട്ടറി നിയമത്തില്‍ ഇതിന് വകുപ്പില്ലെന്നാണ് വിശദീകരണം. ഈ 'വകുപ്പില്ലാ' വാദമാണ് അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കണക്കില്ലാത അച്ചടിച്ച് വിതരണം ചെയ്യാന്‍ ലോട്ടറി മാഫിയക്ക് മനോധൈര്യം പകരുന്നത്. ലോട്ടറി നടത്തിപ്പുകാരുടെ ബാങ്ക് ഇടപാടിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും സാമ്പത്തിക വിഭാഗം തയാറുമല്ല.

ലോട്ടറി വിവാദം മാധ്യമം പരമ്പര തുടര്‍ വാര്‍ത്തകള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-4 (തയാറാക്കിയത്: കെ. രാജേന്ദ്രന്‍, ടി. ജുവിന്‍, സുഗതന്‍ പി. ബാലന്‍, സി. മുഹമ്മദലി )
Thursday, September 2, 2010
അന്യസംസ്ഥാനങ്ങളുടേതെന്ന വ്യാജേന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടാളികളും നടത്തുന്ന അനധികൃത ലോട്ടറി കച്ചവടം തടയാന്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളിലെ 3(22) വകുപ്പ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍തന്നെ നിയമിച്ച സിബി മാത്യൂസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തുന്ന ലോട്ടറികള്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടേതല്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 2005ലെ ലോട്ടറി നികുതി നിയമം കേരളം നിര്‍മിക്കുമ്പോള്‍ പേപ്പര്‍ ലോട്ടറി എന്ന് വിവക്ഷിച്ചിരിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളെയാണ്.

രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ കഴിയും. അരുണാചല്‍പ്രദേശ് ലോട്ടറികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2008ലുണ്ടായ കേസിന്റെ വിധിയില്‍ പറയുന്നത് അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഏജന്റായി അംഗീകരിച്ച് കത്തു നല്‍കുകയാണെങ്കില്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ്. 2009 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനും സംസ്ഥാനത്തിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, വിവാദമുണ്ടാകുന്നതുവരെ ഈ അധികാരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്ന് കാണിച്ച് കഴിഞ്ഞ ആഗസ്റ്റ് 12നാണ് സംസ്ഥാനത്തിന് കത്ത് കിട്ടുന്നത്. അതുവരെ കൃത്യമായ രേഖയൊന്നുമില്ലാതെയാണ് ഇവരില്‍നിന്ന് നികുതി വാങ്ങിയിരുന്നത്.

അടങ്ങില്ല മാഫിയ
======================
കഴിഞ്ഞ ജൂലൈ പകുതി മുതല്‍ നിയമസഭക്കകത്ത് പുകഞ്ഞു പൊട്ടിയ ലോട്ടറി വിവാദം രാജ്യം മുഴുവന്‍ ഒഴുകിപ്പടര്‍ന്നെങ്കിലും ലോട്ടറി മാഫിയ അടങ്ങിയെന്ന് മാത്രം കരുതരുത്. സിക്കിം സര്‍ക്കാറിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശിവകാശിയിലെ പ്രസില്‍ അച്ചടിച്ചുകൊണ്ടുവന്ന ദശലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ ഇതിനിടയിലും വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തി.
കൃത്യമായി മുന്‍കൂര്‍ നികുതിയടക്കാത്ത സിക്കിം സൂപ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ആഗസ്റ്റ് രണ്ടാം വാരം കേരളത്തിലെത്തിയത്. 50 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ ടിക്കറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വില്‍പന നടത്താനാണ് എത്തിച്ചത്. അതുവരെ സിക്കിം സൂപ്പര്‍ ലോട്ടോയുടെ സമ്മാനത്തുക 20 ലക്ഷമായിരുന്നു. ആഗസ്റ്റ് 21ന് ചില പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലാണ് ഒന്നാം സമ്മാനം 50 ലക്ഷമായി ഉയര്‍ത്തിയ കാര്യം അറിയിക്കുന്നത്. സിക്കിം സൂപ്പര്‍ ഡീലക്‌സ്, ക്ലാസിക് എന്നിങ്ങനെ രണ്ടു ടിക്കറ്റുകളുടെ സമ്മാനത്തുകയാണ് 20 ലക്ഷത്തില്‍നിന്ന് 50 ആക്കിയത്. ടിക്കറ്റുവില പത്തുരൂപയില്‍നിന്ന് 20 രൂപ ആക്കുകയും ചെയ്തു. ആഗസ്റ്റ് 23 മുതലാണ് ഈ മാറ്റം നിലവില്‍വന്നത്. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം ഉത്സവകാലത്തോ പ്രത്യേക സാഹചര്യങ്ങളിലോ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ബംപര്‍ നറുക്കെടുപ്പു വിഭാഗത്തിലാണ് പെടുക. ഇതുപ്രകാരം ഒരു നറുക്കെടുപ്പിന് 17 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതി അടക്കേണ്ടത്. എന്നാല്‍, സാധാരണ ലോട്ടറികളെപ്പോലെ ഏഴു ലക്ഷം വീതമാണ് മേഘ നികുതി നല്‍കിയത്.

അതിരുവിട്ട് കുറികള്‍
======================
ആഗസ്റ്റ് 22ന്, മുന്‍കൂര്‍ നികുതി അടക്കാത്ത, കേരളത്തില്‍ വില്‍പനക്കു കൊണ്ടുവന്ന 30 ലക്ഷം സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ക്ലാസിക് ടിക്കറ്റുകള്‍ വാണിജ്യ നികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു ട്രക് നിറയെ ടിക്കറ്റ് നേരത്തേ സംസ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. ആഗസ്റ്റ് 20 മുതല്‍ ഇതിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ചില ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെന്നാരോപിച്ച് മേഘയില്‍നിന്ന് നികുതി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടക്കവെയാണ് സമ്മാനഘടനയില്‍ മാറ്റം വരുത്തി പുതിയ ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.

എന്നാലിതൊന്നും നറുക്കെടുപ്പു നടത്തുന്നതിന് മാഫിയക്ക് തടസ്സമായില്ല. നറുക്കെടുപ്പ് തടസ്സമില്ലാതെ നടന്നു. മുന്‍കൂര്‍ നികുതിയിനത്തില്‍ ഒരാഴ്ച 70 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. ആഗസ്റ്റ് 30, 31 തീയതികളില്‍ വിറ്റഴിക്കേണ്ട, അഞ്ചു കോടിയോളം രൂപ വിലവരുന്ന കുറച്ചു ടിക്കറ്റുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തപ്പോള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വിറ്റഴിക്കേണ്ട 140 കോടി രൂപയുടെ ടിക്കറ്റുകള്‍ തടസ്സമൊന്നുമില്ലാതെ കേരള വിപണിയിലെത്തിയതും വേണ്ടപ്പെട്ടവര്‍ കണ്ണടച്ചതിനാല്‍ മാ്രതം.

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-5

1998ലാണ് ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1999 ലാണ് ലോട്ടറീസ് റെഗുലേഷന്‍ നിയമം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, നിയമം കടലാസില്‍ നിലനിന്നതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഈ നിയമം നിലനില്‍െക്കയാണ് ഒറ്റനമ്പര്‍ ലോട്ടറി അതിവേഗം രാജ്യത്ത് പടര്‍ന്നത്. ഈ ചൂതാട്ടം തടയാന്‍ കാര്യമായ ശ്രമം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തില്‍ വല്ലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നടത്തിയ റെയ്ഡുകള്‍ മാത്രമായിരുന്നു ഏക നടപടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കടന്നുവരവ്. ഇവിടെയും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. പണംകൊണ്ടുള്ള കളിയില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ഈ രംഗത്തെ മറ്റൊരു മല്‍സരക്കാരായിരുന്ന ദല്‍ഹിയിലെ ഖുരാനാ ആന്‍ഡ് കമ്പനിയെ അതിവേഗം തോല്‍പിച്ചു.

സ്മാര്‍ട്ട് വില്‍പന
സ്മാര്‍ട്ട് വിന്‍ ആയിരുന്നു മാര്‍ട്ടിന്റെ കമ്പനി. ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടറുകള്‍ക്ക് മുന്നില്‍ ശരാശരിക്കാരായ മലയാളികളുടെ നീണ്ട നിരയാണ് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടത്. എത്ര പണം നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാശിയോടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചവര്‍ വലിയ സാമൂഹികപ്രശ്‌നമായി മാറി. ഇതിനിടെ, ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ നേടിയ ഒന്ന് രണ്ട് മലയാളികളെ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. ഇതോടെ എളുപ്പത്തില്‍ പണക്കാരനാകാനുള്ള മാര്‍ഗമാണിതെന്ന ധാരണയില്‍ ജനം ഓടിക്കൂടി. ചില ആത്മഹത്യാവാര്‍ത്തകളും പുറത്തുവന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ 12ാം വകുപ്പ് പ്രകാരം സംസ്ഥാനം പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. 2003 ജൂലൈ 16നാണ് കേരള സ്‌റ്റേറ്റ് ലോട്ടറീസ് ആന്‍ഡ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍സ് റൂള്‍സ് പാസാക്കുന്നത്. അക്കാലത്ത് മുഖ്യമന്ത്രി എ.കെ ആന്റണി.

നിയമം തോറ്റു, മാര്‍ട്ടിന്‍ ജയിച്ചു
നിയമം മൂന്നുമാസത്തോളം തുടര്‍നടപടികളില്ലാതെ കിടന്നു. ഫിഷറീസ്‌വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാര്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് അനഭിമതനായി ലോട്ടറി വകുപ്പില്‍ എത്തുന്നത് ഇക്കാലത്താണ്. വകുപ്പിന് സുരേഷ് കുമാറിനെ വേണ്ടെന്ന് മുഖ്യമന്ത്രിയോട് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ പകരം നല്‍കാവുന്ന ഗ്ലാമറില്ലാത്ത പദവി എന്ന നിലയില്‍ ലോട്ടറി വകുപ്പ് ഡയറക്ടറാക്കി. എന്നാല്‍, ലോട്ടറി മാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വത്തെയും അലോസരപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ വില്‍ക്കുന്ന എല്ലാ ലോട്ടറികളും കേന്ദ്ര നിയമം ലംഘിച്ചവയായതിനാല്‍ അവയില്‍ വഞ്ചിതരാകരുതെന്ന് പത്രപരസ്യം വന്നു. ഇത് ലോട്ടറിമാഫിയയുടെ ഉറക്കംകെടുത്തി. മുഖ്യമന്ത്രി ആന്റണിയുടെയും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെയും അല്ലാതെ മറ്റാരുടെയും പിന്തുണയില്ലാതിരുന്ന സുരേഷ് കുമാര്‍ ഏറക്കുറെ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വിരാമമിട്ടത്്.

ഉമ്മന്‍ചാണ്ടി ചെയ്തത്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വക്കം പുരുഷോത്തമന്‍ ധനമന്ത്രിയുമായതോടെ ലോട്ടറി ഡയറക്ടര്‍ക്ക് കടിഞ്ഞാണ്‍ വീണു. അധികം താമസിയാതെ പദവിയില്‍നിന്ന് അദ്ദേഹം പുറത്തായി. ഡയറക്ടറെ മാറ്റുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷംപോലും ഉയര്‍ത്തിയില്ല. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പാര്‍ട്ടി ചെയ്തത്. സര്‍ക്കാര്‍ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും വിമര്‍ശത്തോടെ കാണുന്ന പ്രതിപക്ഷം സുരേഷിനെ നീക്കിയപ്പോള്‍ മാത്രം അനങ്ങാതിരുന്നത് മാര്‍ട്ടിന്റെ വൈഭവം കാരണമായിരുന്നു. ലോട്ടറി കേസുകളുടെ നടത്തിപ്പില്‍ ശക്തമായ നിലപാെടടുത്ത സീനീയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അജിത്പ്രകാശിനും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുറത്താക്കല്‍ നേരിടേണ്ടിവന്നു.
അന്യസംസ്ഥാന ലോട്ടറിമാഫിയ ആറായിരം കോടി രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചപ്പോള്‍ എണ്‍പത് കഴിഞ്ഞയാളുടെ അറിവില്ലായ്മയെന്നാണ് സ്വന്തം പാര്‍ട്ടിക്കകത്തെ മിക്കവാറും എല്ലാ നേതാക്കളും അന്ന് പറഞ്ഞൊഴിഞ്ഞത്. ഇത്ര ചെറിയ സംസ്ഥാനത്തുനിന്ന് ഇത്ര വലിയ തുക നികുതി വെട്ടിച്ചെന്ന് അംഗീകരിക്കാന്‍ ധനമന്ത്രിയായ ശേഷം പോലും ഡോ.തോമസ് ഐസക് തയാറായിട്ടില്ല.
എന്നാല്‍, ഒടുവില്‍ പഴയൊരു നാടകത്തിലെ ഡയലോഗ് പോലെ 'വി.എസ് ആണ് ശരിയെന്ന്' അംഗീകരിക്കാന്‍ കുറേ പേരെങ്കിലും തയാറായി.

വെറും കത്തുകള്‍
കെ. സുരേഷ്‌കുമാര്‍ ലോട്ടറി ഡയറക്ടറായിരുന്ന വേളയില്‍ നിയമലംഘനം നടത്തുന്ന ലോട്ടറികളുടെ നിരോധം ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ആദ്യകത്ത് 28 പേജും രണ്ടാമത്തെ കത്ത് അനുബന്ധ രേഖകള്‍ അടക്കം 72 പേജുകളും. ഈ കത്തുകള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാറില്‍ തുടര്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളം കാട്ടിയ വീഴ്ചയാണ് നടപടികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും പേജുകളിലൊതുങ്ങുന്ന പതിവ് കത്തുകള്‍ മാത്രമാണ് കേന്ദ്രത്തിലേക്ക് എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാകട്ടെ, മാര്‍ട്ടിനെക്കാള്‍ വലിയ പല ലോട്ടറി തമ്പുരാക്കന്മാരേയും രക്ഷിക്കാനുണ്ടുതാനും. അതിനാല്‍ ലോട്ടറിനിരോധത്തിലൊന്നും മന്‍മോഹന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിലവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വെക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പരസ്‌പരം പഴിചാരുന്ന രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് അപ്പുറം പോകുന്നില്ലെന്നതാണ് വാസ്തം. സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കടത്തികൊണ്ടുപോകുന്ന ലോട്ടറി മാഫിയകള്‍ക്കെതിരെ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇനിയും തയാറാകുന്നില്ലെന്നത് പരസ്‌പരമുള്ള വിഴുപ്പലക്കിന് അപ്പുറം മാര്‍ട്ടിനെയും കൂട്ടരെയും എതിര്‍ക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ്.

തെറിപ്പിച്ച കസേരകള്‍
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പലപ്പോഴും വീഴ്ചകള്‍ നേരിടുന്നതും മറ്റൊന്നുംകൊണ്ടല്ല. ലോട്ടറി മാഫിയക്കെതിരെ ആത്മാര്‍ഥമായി നീങ്ങിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് മിച്ചം. സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിനെ യു.ഡി.എഫ് സര്‍ക്കാറാണ് പുറത്താക്കിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന ഡി. അനില്‍കുമാറിന് പുറത്തേക്കുള്ള വഴി തുറന്നതിലും ലോട്ടറിക്കൊരു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ പോയി ലോട്ടറി കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ അനില്‍കുമാര്‍ പലരുടെയും കണ്ണിലെ കരടായിരുന്നു. അനില്‍കുമാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ പിന്നീട് അവസരം മുതലാക്കി പുറത്തേക്കുള്ള വഴിയൊരുക്കി. കെ. പരാശരന്‍, സോളി സൊറാബ്ജി, ദുഷ്യന്ത് ദാവെ തുടങ്ങി സുപ്രീംകോടതിയിലെ മുന്‍നിരക്കാരായ അഭിഭാഷകരെ മുന്‍നിര്‍ത്തി ലോട്ടറി ലോബി നടത്തിയ നിയമയുദ്ധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. സീനിയര്‍ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല

യു.ഡി.എഫ് അറിയുമോ സുബ്ബയെ?

ഇന്ത്യയില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലോട്ടറി വ്യാപാരം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, നിയമപരവും അല്ലാത്തതുമായ ലോട്ടറികള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അപഹരിക്കുന്ന യഥാര്‍ഥ തുക ഈ സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ലോട്ടറി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേല്‍നോട്ടത്തില്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം പലതവണ ഉയര്‍ന്നതാണ്. പക്ഷേ, നടപടികള്‍ എവിടെയും എത്തിയില്ല.
രാജ്യത്ത് 25,000 കോടി രൂപയുടെയെങ്കിലും അനധികൃത ലോട്ടറി വ്യാപാരം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നടപടിയൊന്നും എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യത്തിന്റെ പേരിലുള്ള ലോട്ടറികള്‍ ഇഷ്ടംപോലെ അച്ചടിച്ചുകൂട്ടി സാന്റിയാഗോ മാര്‍ട്ടിനെപോലുള്ളവര്‍ ഈ രാജ്യത്തുനിന്ന് കോടികള്‍ കടത്തിയിട്ടും രാജ്യവ്യാപകമായി ഇതുതടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനു പിന്നില്‍ ഏറെ കളികളുണ്ട്. ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂട്ടാന്‍ എന്ന ചെറുരാജ്യം 1976ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ തുടങ്ങിയ ലോട്ടറി ഇന്ന് പക്ഷേ, മാര്‍ട്ടിനെപ്പോലുള്ള സ്വകാര്യ മുതലാളിമാര്‍ക്ക് പണം വാരാനുള്ള വഴി മാത്രമാണ്. എന്നിട്ടും, ഭൂട്ടാന്‍ ലോട്ടറി ബിസിനസിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കപ്പെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു.

എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നറിയണമെങ്കില്‍ മണികുമാര്‍ സുബ്ബയെപ്പോലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കണം. ചൂതാട്ടത്തിന്റെ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ രാജാവാണെങ്കില്‍ മണികുമാര്‍ സുബ്ബ ചക്രവര്‍ത്തിയാണ്. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ടു കോടി സംഭാവന വാങ്ങിയതിനാണ് സി.പി.എമ്മുകാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍, മൂന്നുവട്ടം മണികുമാര്‍ സുബ്ബ പാര്‍ലമെന്റില്‍ എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ലോട്ടറി രാജാവായ കോണ്‍ഗ്രസ് എം.പി! അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്‌സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്തിയ 'നേതാവ്'ആണ് സുബ്ബ. മൂന്നു വട്ടവും തേസ്‌പൂരില്‍ മത്‌സരിച്ചപ്പോള്‍, അയാളുടെ പണക്കൊഴുപ്പിന് മുകളില്‍ ഒരു പരുന്തും പറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ, തോറ്റു. മറ്റൊരു വിവാദം അപ്പോഴേക്കും കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജനസ്വാധീനത്തില്‍ ശക്തനുമായിരുന്നു. വിവാദം അപ്പോഴും ലോട്ടറി ചൂതാട്ടം വഴി സുബ്ബ ഉണ്ടാക്കിയ ശതകോടികളെക്കുറിച്ചായിരുന്നില്ല. പൗരത്വമാണ് പ്രശ്‌നമായത്.

ലോക്‌സഭയിലേക്ക് മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ട സുബ്ബ ഇന്ത്യന്‍ പൗരനല്ല, നേപ്പാളുകാരനാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പലതായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ തടവില്‍ കഴിയുകയായിരുന്ന സുബ്ബ, 1973ല്‍ തടവുചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നതിന് വിശ്വസനീയമായ സാഹചര്യങ്ങള്‍ പലതുണ്ട്. ഇവിടെ എത്തി ലോട്ടറിയുടെ ലോകം കെട്ടിപ്പടുത്തു. സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പരന്നൊഴുകിയ പലവിധ ലോട്ടറി രൂപങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ അടക്കം വന്‍തുക മുടിച്ചപ്പോള്‍, കുമിഞ്ഞുകൂടിയ കോടികള്‍ക്കു മുന്നിലിരുന്ന് സുബ്ബ പൊട്ടിച്ചിരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും സമ്പന്നനാണ് സുബ്ബ. തനിക്ക് 19 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് 2004ല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയുടെ സമര്‍പ്പണവേളയില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, യഥാര്‍ഥ സമ്പാദ്യം അതിന്റെ എ്രതയോ മടങ്ങ് അധികമാണ്. നാഗാലാന്‍ഡില്‍ ലോട്ടറി വ്യാപാരത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ മുങ്ങിനില്‍ക്കെയാണ് കോണ്‍ഗ്രസ് ഇയാള്‍ക്ക് ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചത്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട കോടികളുടെ ലോട്ടറി നികുതിപ്പണം വെട്ടിച്ചു എന്ന കേസില്‍ സുബ്ബക്കെതിരായ നടപടികള്‍ പിന്നീട് എങ്ങുമെത്തിയില്ല. സുബ്ബയുടെ എം.എസ് അസോസിയേറ്റ്‌സ് എന്ന ലോട്ടറി കമ്പനി കോടികളുടെ അഴിമതി നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ 1999 ല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലുകളൊന്നും പക്ഷേ, എവിടെയും എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ സുബ്ബ ഇന്നും സുരക്ഷിതനായി വിഹരിക്കുന്നു.
സുബ്ബയുടെ കോടികള്‍ക്ക് മുന്നില്‍ അയാളുടെ പൗരത്വ പ്രശ്‌നവും രാഷ്ട്രീയ സദാചാരവുമൊക്കെ ഭക്ത്യാദര പൂര്‍വം മാറിനിന്നു. പൗരത്വ വിഷയത്തില്‍ കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും ഫലമുണ്ടായില്ല. സുബ്ബക്കെതിരെ സി.ബി.ഐക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധിച്ചത് ഇക്കൊല്ലം ആദ്യമാണ്. കോടതി വിധി പക്ഷേ, സി.ബി.ഐ അറിഞ്ഞിട്ടില്ല; അറിയാന്‍ പോകുന്നുമില്ല.

ചൂതാട്ട സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തുന്ന കോടികള്‍ക്ക് മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് സുബ്ബമാരും മാര്‍ട്ടിന്‍മാരും സാധാരണക്കാരനെ മോഹവലയത്തില്‍ പെടുത്താന്‍ ആവിഷ്‌കരിക്കുന്ന ഒറ്റ നമ്പര്‍ അടക്കം പലവിധ നമ്പറുകള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ഭരണ പാര്‍ട്ടികള്‍ എപ്പോഴും ശ്രമിക്കുന്നത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ചൂതാട്ടവീരന്‍മാര്‍ക്ക് രാഷ്്രടീയക്കാരുടെ തണലുണ്ട്.
സുപ്രീംകോടതി വരെ നീളുന്ന ലോട്ടറി കേസുകളില്‍, ലോട്ടറി രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത് മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരാണ്. ചൂതാട്ടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാമിടയില്‍, ഒരു നിമിഷം കൊണ്ട് ലക്ഷാധിപതിയാകാന്‍ കൊതിക്കുന്ന ഭാഗ്യാന്വേഷികളുടെ ചോരയൂറ്റി ലോട്ടറി രാജാക്കന്മാര്‍ക്ക് തടിച്ചു കൊഴുക്കാതെ വയ്യ!

സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ഐസക്കിന്റെ നിര്‍ദേശം സി.പി.എം തള്ളി

കൊച്ചി: സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശിത വിമര്‍ശത്തോടെ തള്ളി. സംസ്ഥാന ലോട്ടറി നിരോധം മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധനമന്ത്രിക്കെതിരെ നിശിത വിമര്‍ശം ഉയര്‍ന്നത്. ഐസക്കിന്റെ വാദങ്ങള്‍ക്ക് എതിരെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ വാദങ്ങളോട് സി.പി.എം സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും യോജിക്കുകയായിരുന്നു. തുടര്‍ന്ന് കേരള ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്. ശ്രീജിത്ത്

Thursday, September 2, 2010

ലോട്ടറി വിവാദം മാധ്യമം ലേഖനങ്ങള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-2
Tuesday, August 31, 2010
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള പൊലീസ് കേസുകളും ആദായ നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുന്നത് അയാളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.

തമിഴകത്ത് കുറേകാലമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് മാര്‍ട്ടിന്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി മാര്‍ട്ടിന്റെയും ബിനാമികളുടെയും പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്ന വ്യക്തിയെന്ന പേരിലും ഈ ലോട്ടറി മാഫിയാ തലവന്‍ അറിയപ്പെട്ടിരുന്നു.

കണക്കില്‍പ്പെടാത്ത പണവും ലോട്ടറി ടിക്കറ്റുകളും കടത്തുന്നതിന് മാര്‍ട്ടിന്‍ സ്വന്തമായി കൊറിയര്‍ സ്ഥാപനവും നടത്തുന്നുണ്ടത്രെ. മാര്‍ട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒട്ടേറെ ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ട്ടിന്റെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് കൊല്ലപ്പെട്ട മിക്കവരും. എന്നാല്‍, പണത്തിന്റെ കുത്തൊഴുക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളായി പരിണമിച്ചു. ലോട്ടറിനിരോധമുണ്ടെങ്കിലും തമിഴകത്ത് ഇപ്പോഴും ചില വീക്‌ലി ലോട്ടറികള്‍ പ്രചാരത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അനധികൃതമായി വില്‍പന നടത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനുപിന്നിലും മാര്‍ട്ടിനാണെന്ന് അറിവായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാര്‍ട്ടിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഈ കാലയളവിലാണ് രണ്ടു കോടി രൂപയുടെ 'ദേശാഭിമാനി' ബോണ്ട് വിവാദം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍
=============================
നാലു മാസക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ചെന്നൈ ഹൈകോടതിയില്‍നിന്ന് സോപാധിക ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് സര്‍ക്കാര്‍-സ്വകാര്യചടങ്ങുകളിലും മേളകളിലും മുഖ്യാതിഥിയായി രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന മുഴുവന്‍ അത്‌ലറ്റിക് മീറ്റുകളുടെയും മുഖ്യ സ്‌പോണ്‍സര്‍ ഇപ്പോള്‍ മാര്‍ട്ടിനാണ്. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സമ്മാനദാനം നിര്‍വഹിക്കുന്നത് പലപ്പോഴും മാര്‍ട്ടിനും ഭാര്യയും മക്കളുമായിരിക്കും. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉദ്ഘാടനവും ഇവരാണ് നിര്‍വഹിക്കുന്നത്.

കേരളത്തില്‍നിന്ന് ലോട്ടറി മാഫിയ തട്ടിയെടുക്കുന്ന കോടികളുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഒരു ചില്ലിക്കാശുപോലും ഇവര്‍ ചെലവഴിക്കുന്നില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്‍ ഭരണകക്ഷി നേതാക്കള്‍ക്കുവേണ്ടി വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. മാര്‍ട്ടിനും കുടുംബത്തിനും അമേരിക്കയിലേക്ക് കുടിയേറാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു. ലോട്ടറി നറുക്കെടുപ്പുകളിലെ ക്രമക്കേടുകള്‍ വിവാദമാകാറുണ്ടെങ്കിലും അധികൃതതലത്തില്‍ നടപടിയൊന്നും ഉണ്ടാവാറില്ല. നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും പരസ്‌പരം പഴിചാരുകയും യഥാര്‍ഥ പ്രതി രക്ഷപ്പെടുകയുമാണ് പതിവ്.
സമ്മാനം മകനുതന്നെ
=============================
1997 ജൂണില്‍ നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആസാദ് ഹിന്ദ് ബംബര്‍ ലോട്ടറിയുടെ അഞ്ചു മില്യണ്‍ സമ്മാന തുകയുടെ അവകാശവാദവുമായി മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് രംഗത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2000 ഏപ്രിലില്‍ സിക്കിം യെല്ലോ വീക്‌ലിയുടെയും ഭൂട്ടാന്‍ കല്‍പദാരുവിന്റെയും നാലാം സമ്മാനമായ പത്ത് നമ്പറുകള്‍ ഒരേ പോലെയായതും വിവാദമുയര്‍ത്തിയിരുന്നു. രണ്ട് ലോട്ടറികളുടെയും വിതരണാവകാശം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി(എം.എല്‍.എ)ക്കായിരുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാര്‍ ലോട്ടറികളുടെ വിതരണാവകാശം തങ്ങള്‍ക്കുണ്ടെന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പലവിധ പേരുകളിലാണ് മാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സികള്‍ അറിയപ്പെടുന്നത്.

ഓരോ ദിവസവും രണ്ടു കോടി ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകളെ തിരിച്ചേല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതുവഴിയും കോടികളുടെ നേട്ടമാണ് കൊയ്യുന്നത്. വിവിധ സംസ്ഥാന ലോട്ടറി വകുപ്പുദ്യോഗസ്ഥരെ സ്വാധീനിച്ച് വിറ്റഴിക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ഉറപ്പുവരുത്തുന്നതാണ് ലോട്ടറി മാഫിയ നടത്തുന്ന തട്ടിപ്പുകളില്‍ ഏറ്റവും പ്രധാനം. വര്‍ഷന്തോറും ഇതിലൂടെ മാത്രം കോടികളാണ് കൊയ്യുന്നത്.

ഓണ്‍ലൈനിലും ചൂതാട്ടം
=============================
പേപ്പര്‍ ലോട്ടറിയുടെ ഇരട്ടി വരുമാനമാണ് ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ് ലോട്ടറികളിലൂടെ മാര്‍ട്ടിന് ലഭിക്കുന്നത്. ഇന്‍ ലോട്ട് ഇ-ഗെയിമിങ് സര്‍വീസ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് ലോട്ടറിയും സ്മാര്‍ട്ട് വിന്‍ ആന്‍ഡ് മെഗാ വിന്‍ എന്ന ഓണ്‍ലൈന്‍ ലോട്ടറിയും മാര്‍ട്ടിന്‍ നടത്തുന്നു. എസ്.എസ് മ്യൂസിക്, സര്‍ സംഗീത്, എസ് മാര്‍ഗ് എന്നീ ഡിജിറ്റല്‍ സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ഉടമകൂടിയായ മാര്‍ട്ടിന്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹിയാണ്.

സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാസംവിധാനമുള്ള സര്‍ക്കാര്‍ പ്രിന്റിങ് യൂനിറ്റുകളില്‍ അച്ചടിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം അനുശാസിക്കുന്നു. എന്നാല്‍, മാര്‍ട്ടിനുമായി ബന്ധമുള്ള ബിയാനി ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രിന്‍േറഴ്‌സ്, കെ.എല്‍ ഹൈടെക് സെക്യൂര്‍ പ്രിന്‍േറഴ്‌സ്, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സ്, ചെന്നൈയിലെ വൈരം പ്രിന്‍േറഴ്‌സ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നു. ഇവിടങ്ങളില്‍ എത്ര കോടി രൂപയുടെ ടിക്കറ്റുകള്‍ അച്ചടിക്കുന്നുവെന്നതിന് ശരിയായ കണക്കില്ല.

ഓരോ നറുക്കെടുപ്പിലും വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകള്‍ എത്രയാണെന്ന് ആരും അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നത് നിയന്ത്രിക്കാന്‍ സിക്കിം പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മനപ്പൂര്‍വമായ വീഴ്ചയാണ് കാണിക്കുന്നത്. അണ്‍സോള്‍ഡ് ലോട്ടറി ടിക്കറ്റുകളുടെ കണക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തുകയാണ്. ഇന്ത്യന്‍ പേപ്പര്‍ ലോട്ടറി നിയമപ്രകാരം വില്‍ക്കപ്പെടാത്തതായി കാണിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
ഓരോ നറുക്കെടുപ്പിനു മുമ്പും അണ്‍സോള്‍ഡ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം അയ്യായിരത്തോളം കോടി രൂപയുടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.


മലയാളിയെ മാര്‍ട്ടിന്‍ പിഴിയുന്ന വിധം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്. ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
Thursday, September 2, 2010

അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലുമായി. ഓണ്‍ലൈന്‍ ലോട്ടറികളുെട രൂപത്തില്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍ലോട്ടോ, പ്ലേ വിന്‍ ലോട്ടറികളായിരുന്നു അന്ന് ജനത്തിന് ഹരം. നടത്തിപ്പ് ആരെന്നോ നറുക്കെടുപ്പ് എവിടെന്നോ അറിയില്ലെങ്കിലും ജനം ലോട്ടറി കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടി. ടെലിവിഷനില്‍ കാണിക്കുന്ന ഫലം കണ്ണടച്ചു വിശ്വസിച്ച അവര്‍ സമ്മാനം കിട്ടാത്തത് ദൗര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നു കരുതി സമാധാനിച്ചു. പൊതുജനത്തെ കറക്കി നിലത്തിടാനുള്ള അടവുകള്‍ പ~ിച്ചവരായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി മാഫിയ.

ഒരു തവണ ആര്‍ക്കും സമ്മാനം കിട്ടിയില്ലെങ്കില്‍ അടുത്ത നറുക്കിലെ സമ്മാനങ്ങള്‍ ഇരട്ടിയാകുമെന്ന പ്രഖ്യാപനമായിരുന്നു ഇക്കൂട്ടത്തിലെ ബ്രഹ്മാസ്ത്രം. അതുകൊണ്ടുതന്നെ പല നറുക്കുകളും ആര്‍ക്കും സമ്മാനമില്ലാതെ കഴിഞ്ഞുപോയി. പക്ഷേ, അടുത്ത തവണ കിട്ടാനിരിക്കുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടാത്തവര്‍ പിന്നെയും കൃത്യമായി കൗണ്ടറുകളില്‍ എത്തിക്കൊണ്ടിരുന്നു. കോടികളാണ് സമ്മാനത്തുകയെങ്കിലും അവ കിട്ടിയത് ഏതാനും പേര്‍ക്കുമാത്രം. എറണാകുളം സ്വദേശിക്ക് കിട്ടിയ നാല് കോടിയെ കണ്ട് മോഹിച്ചാണ് ബാക്കി മലയാളികള്‍ ഈ തട്ടിപ്പ് കണ്ണടച്ച് വിശ്വസിച്ചത്.

സത്യത്തില്‍ അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നു. വിശ്വാസ്യത പിടിച്ചുപറ്റാന്‍ നല്‍കിയ ഒരു പരസ്യം മാത്രമായി ഈ സമ്മാനത്തെ കണ്ടാല്‍ മതി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അദ്ദേഹം അവസരോചിതമായി ഇടപെട്ടു. ഈ നീക്കം ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാവിധ ലോട്ടറികളും നിരോധിക്കുന്നതിലാണെത്തിയത്. ഈ കാലത്താണ് എസ്. മാര്‍ട്ടിന്‍ അഥവാ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്ന പേര് മലയാളികള്‍ കേട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഏജന്റുമാര്‍ പട്ടിണിയിലാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും പേപ്പര്‍ ലോട്ടറികളുടെ കച്ചവടം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അവന്‍ വീണ്ടും വന്നു!

ഇതിന്റെ മറപിടിച്ചാണ് ഭൂട്ടാന്‍, സിക്കിം പേപ്പര്‍ ലോട്ടറികള്‍ ഇവിടെ വ്യാപകമായത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ലോട്ടറി മാഫിയ ഉപയോഗിച്ചത് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെയാണ്. കേരള ലോട്ടറികളുടെ നടത്തിപ്പിന് വിഭിന്നമായി തങ്ങളുടെ പ്രമോട്ടര്‍മാര്‍ വഴിയാണ് ഭൂട്ടാന്‍, സിക്കിം സര്‍ക്കാറുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പന നടത്തിയിരുന്നത്. പ്രമോട്ടര്‍മാര്‍ എന്തുചെയ്യുന്നുവെന്നോ, എങ്ങനെ വില്‍ക്കുന്നുവെന്നോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. പ്രമോട്ടര്‍മാര്‍ സ്വന്തം നിലക്ക് ലോട്ടറിയടിച്ച് വിതരണം ചെയ്യുന്ന സ്ഥിതി വളരെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇതിന് രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവും വളരെക്കാലമായി ഉയര്‍ന്നു കേട്ടിരുന്നു.

ദേശാഭിമാനിക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ നല്‍കിയതിന് ഇത്തരം ക്രമക്കേടുകളുമായി ബന്ധമുണ്ടെന്ന ആരോപണം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ദേശാഭിമാനി രണ്ടു കോടി രൂപ തിരികെ നല്‍കിയതോടെ കെട്ടടങ്ങിയ വിവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുന്നത് ജൂലൈ 27ന് പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്‍ നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ്. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ടു പുതിയ ലോട്ടറികള്‍ കേരളത്തില്‍ നടത്താന്‍ അനുമതി നല്‍കിയതില്‍ 25 കോടിയുടെ അഴിമതി നടന്നതായും ഈ ഇടപാടുവഴി സി.പി.എമ്മിന് 100^150 കോടി കിട്ടുന്നു എന്നുമാണ് സതീശന്‍ ആരോപിച്ചത്. ജൂലൈ മൂന്നിനാണ് രണ്ടു പുതിയ ലോട്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നിയമപ്രകാരം ഒരു മാസം മുമ്പ് നികുതി അടച്ചെങ്കില്‍ മാത്രമേ ലോട്ടറി അനുവദിക്കാനാവൂ. എന്നാല്‍, പണമടച്ച് മൂന്നാം ദിവസമാണ് പാലക്കാട് അസിസ്റ്റന്റ് കമീഷണര്‍ ഈ ലോട്ടറികള്‍ക്ക് അനുമതി നല്‍കിയത്. ഈ രണ്ടു ലോട്ടറിയുംകൂടി 22.5 കോടി രൂപ പ്രതിദിനം കേരളത്തില്‍നിന്ന് കടത്തും. ഇതു തടയാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ 40 കോടി രൂപയാണ് ഓരോ ദിവസവും കേരളത്തില്‍നിന്ന് അന്യ സംസ്ഥാന ലോട്ടറികള്‍ കൊണ്ടുപോകുന്നത്. ഒരു വര്‍ഷം 14,600 കോടി രൂപ ഈ വിധത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്.

കേരളീയരെ വിഴുങ്ങുന്ന ഭൂതം

അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി സിബി മാത്യൂസ് ഇവരില്‍നിന്ന് നികുതി ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നതിനാല്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മൂന്നര വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഈ റിപ്പോര്‍ട്ട് കോടതിയില്‍പോലും എത്തിയില്ല.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം ഏതെങ്കിലുമൊരു നറുക്കെടുപ്പ് നടത്താന്‍ ഏഴു ലക്ഷം രൂപ മുന്‍കൂര്‍ നികുതി നല്‍കണം. ഇതിനുള്ള ടിക്കറ്റുകള്‍ പല സീരീസുകളിലായിരിക്കും അച്ചടിച്ചു വില്‍ക്കുക. പക്ഷേ, എല്ലാംകൂടി ഒറ്റനറുക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഓരോ സീരീസും പ്രത്യേകം നറുക്കിട്ടാണ് മാഫിയ പണം കൊയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇത്തരത്തില്‍ ഇതുതന്നെ തുടരുന്നു. സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാത്രം ദിവസംതോറും 49 ലക്ഷം രൂപ കിട്ടേണ്ട സ്ഥാനത്ത് ഏഴു ലക്ഷം രൂപ മാത്രമാണ് മാഫിയ അടക്കുന്നത്. സിക്കിം ലോട്ടറിയുടെ രാജ്യത്തെ പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് െസാല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. സിക്കിമിലെ ഗാങ്‌ടോക് ആസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മാര്‍ട്ടിന്റെ ബന്ധുവായ എ. ജോണ്‍ കെന്നഡി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സ്ഥാപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ് കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രമോട്ടറായി നിയമിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിനെയാണ്. എന്നാല്‍, ഇതും കേരളത്തില്‍ വില്‍ക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്.

സര്‍ക്കാറിന്റെ വലിയ തോല്‍വികള്‍

കേരള സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമപ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി സംസ്ഥാന നികുതി വകുപ്പ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കിയാണ് ലോട്ടറിക്കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനായ ജോണ്‍ റോസ് കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി. പിന്നീട് ജോണ്‍ റോസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ബാലാജി ഏജന്‍സീസില്‍ നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതെ മറ്റുള്ളവരില്‍നിന്നു നികുതി ഈടാക്കുകയും ചെയ്തു.

ഇതിനെതിരെ ജോണ്‍ റോസ് വീണ്ടും കോടതിയിലെത്തി. ഒരാളില്‍നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ ആവില്ലെന്നായിരുന്നു ഇക്കുറി കോടതി വിധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്.

ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇവയുടെ എണ്ണം മുപ്പതിലേറെ വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ സമ്മതിക്കുന്നു.

Wednesday, May 19, 2010

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക്

മാധ്യമം : പി.കെ പ്രകാശ്
Thursday May 20, 2010
(Link)

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.

ക്രിസ്ത്യന്‍ മിഷനറിമാരാണ് മലയാള പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വിവിധ മത^ജാതി വിഭാഗങ്ങള്‍ പത്രങ്ങള്‍ തുടങ്ങി. ഓര്‍ത്തഡോക്സ് വിഭാഗവുമായി ബന്ധപ്പെട്ടാണ് 'മലയാള മനോരമ' ആരംഭിച്ചത്. കോണ്‍ഗ്രസ് അനുകൂലവും കമ്യൂണിസ്റ്റ് വിരുദ്ധവുമായി, മലബാര്‍ജില്ലയിലെ നായന്മാരുടെ പത്രമായാണ് 'മാതൃഭൂമി'യുടെ തുടക്കം (ഓണ്‍ലൈന്‍ വിജ്ഞാനകോശം 'വിക്കിപീഡിയ'). 'കേരളകൌമുദി' ഈഴവ വിഭാഗത്തിന്റെ പത്രമാണ്. ക്രിസ്ത്യാനിക്കും നായര്‍ക്കും ഈഴവനും പത്രം ആകാം. മുസ്ലിംകള്‍ക്ക് അത് പാടില്ല. മുസ്ലിം ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ പൊതുവ്യക്തിത്വങ്ങള്‍ ജോലിചെയ്യരുത്, എഴുതരുത്. ഈയിടെയായി 'മാതൃഭൂമി' മലയാളത്തിന്റെ പൊതുമണ്ഡലത്തില്‍ നടത്തുന്ന പ്രചാരണമാണിത് (ഇന്റലക്ച്വല്‍ ജിഹാദ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 മെയ് 16^22).

1921 ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും എതിരെ നടന്ന മലബാര്‍സമരം മുതല്‍ ഇന്നുവരെ സാമൂഹികപ്രശ്നങ്ങളില്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന മുഖമായാണ് 'മാതൃഭൂമി' പ്രവര്‍ത്തിച്ചത്. മുസ്ലിം^ക്രൈസ്തവ^കമ്യൂണിസ്റ്റ് വിരുദ്ധതയാണ് എന്നും അതിനെ നയിച്ചത്. മലപ്പുറം ജില്ലാ രൂപവത്കരണസമയത്ത് 'മാതൃഭൂമി'യുടെ മുസ്ലിം വിരുദ്ധത ഉച്ചകോടിയിലെത്തി. ആര്‍.എസ്.എസിന്റെ നിലക്കല്‍ പ്രക്ഷോഭനാളുകളില്‍ ക്രിസ്ത്യന്‍വിരോധമായിരുന്നു മുഖമുദ്ര. തുടക്കം മുതല്‍ ഇന്നുവരെ കമ്യൂണിസ്റ്റ് വിരുദ്ധത പത്രത്തിന്റെ പ്രഖ്യാപിതനയമാണ്. ചില ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വഴി ഇങ്ങനെയൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തിയ തട്ടിപ്പുകള്‍ മറക്കുന്നില്ല.

കേരള സമൂഹത്തില്‍ സംഘ്പരിവാറിന് വേണ്ടി 'മാതൃഭൂമി' നടത്തിയ കര്‍സേവയുടെ തെളിവാണ് ആര്‍.എസ്.എസിന്റെ കേരളചരിത്രവുമായി ബന്ധപ്പെട്ട് ഇറക്കിയ 'ദക്ഷ' എന്ന പ്രസിദ്ധീകരണം. കേരളത്തിലെ സംഘടനാവളര്‍ച്ചയെക്കുറിച്ച് ആര്‍.എസ്.എസ് തയാറാക്കിയ 'ആര്‍.എസ്.എസ് ആന്‍ഡ് ഹിന്ദു നാഷനലിസം' എന്ന പഠനത്തില്‍ സംഘം മുഖപത്രമായ 'കേസരി'യേക്കാള്‍ 'മാതൃഭൂമി' ആര്‍.എസ്.എസിന് വേണ്ടി നടത്തിയ ഇടപെടലുകളാണ് എടുത്തുചേര്‍ത്തിരിക്കുന്നത്. 1959ലെ വിമോചനസമരം, 1968 ലെ തളിക്ഷേത്ര പ്രക്ഷോഭം, 1969 ലെ മലപ്പുറംജില്ലാ വിരുദ്ധസമരം, 1978 ലെ പാലുകാച്ചിമല സമരം, 1980^'81 ലെ ഇടത്സര്‍ക്കാര്‍ വിരുദ്ധസമരങ്ങള്‍, 1983ലെ നിലക്കല്‍പ്രക്ഷോഭം, 1986ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിക്കുന്നതിനെതിരെ നടത്തിയ സമരം എന്നിവയില്‍ 'മാതൃഭൂമി' വഹിച്ച പങ്ക് ഈ പഠനഗ്രന്ഥവും 'ദക്ഷ'യെന്ന ആര്‍.എസ്.എസ് സപ്ലിമെന്റും എടുത്തുകാട്ടുന്നു.

മലബാറിലെ ക്ഷേത്രങ്ങളെക്കുറിച്ച് 'മാതൃഭൂമി'യില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചു. അത് കേളപ്പനും സംഘ്പരിവാറും ഏറ്റെടുത്തു. ഇതിന്റെ തുടര്‍ച്ചയായാണ് മലബാര്‍ ക്ഷേത്ര സംരക്ഷണസമിതിയും പിന്നീട് കേരള ക്ഷേത്രസംരക്ഷണ സമിതിയും രൂപവത്കരിച്ചത്^'മാതൃഭൂമി' അസി.എഡിറ്റര്‍ ആയിരുന്ന വി.എം. കൊറാത്ത് 'ദക്ഷ'യില്‍ വിവരിക്കുന്നു. ദുര്‍ഗാഷ്ടമി ദിവസം അങ്ങാടിപ്പുറത്ത് ശിവലിംഗം പ്രത്യക്ഷപ്പെട്ടതും അതിനെതിരെ മുസ്ലിംകള്‍ രംഗത്ത് വന്നതും അത് ഒരു പ്രക്ഷോഭമായി 'മാതൃഭൂമി' വളര്‍ത്തിയെടുത്തതും വിവരിച്ച് തളിസമരത്തില്‍ പത്രം വഹിച്ച പങ്ക് അദ്ദേഹം വിശദീകരിക്കുന്നു. ഇ.എം.എസിന്റെ രണ്ടാം മന്ത്രിസഭയുടെ കാലത്തായിരുന്നു അത്. ഇ.എം.എസ് കേളപ്പനെയും സംഘ്പരിവാറിനെയും കൊറാത്തിനെയും അപലപിച്ച് അങ്ങാടിപ്പുറത്ത് പ്രസംഗിച്ചു. ഇതിനെതിരെ ''ഈ കുരങ്ങുകളിപ്പിക്കല്‍ നിര്‍ത്തണം'' എന്ന മാതൃഭൂമി മുഖപ്രസംഗവും കൊറാത്ത് അനുസ്മരിക്കുന്നുണ്ട്.

'ദക്ഷ'യില്‍തന്നെ സംഘ്പരിവാറിന്റെ സാംസ്കാരികസംഘടനയായ 'തപസ്യ'യുടെ ചരിത്രമുണ്ട്. 1976ല്‍ കോഴിക്കോട്ടെ അളകാപുരിയില്‍ ആര്‍.എസ്.എസിന്റെ ഈ സാംസ്കാരികസംഘടനയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത് 'മാതൃഭൂമി'പത്രാധിപര്‍ കെ.പി കേശവമേനോന്‍ ആയിരുന്നു. വി.എം. കൊറാത്ത് ഉള്‍പ്പെടെയുള്ള 'മാതൃഭൂമി'യുടെ നിരവധി എഡിറ്റര്‍മാര്‍ ഇതിന്റെ മുന്‍നിര സംഘാടകരായിരുന്നു. ഇന്നും ഈ സംഘ്പരിവാര്‍ സംഘടനയുമായി യോജിച്ചാണ് 'മാതൃഭൂമി' എല്ലാ ജില്ലകളിലും സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ആദിവാസികള്‍ക്കിടയില്‍ ആര്‍.എസ്.എസ് സംഘടന കെട്ടിപ്പടുത്തത് 1979 ലാണ്. കേരള വനവാസി വികാസ കേന്ദ്രം എന്നാണ് അതിന്റെ പേര്. ആര്‍.എസ്.എസ് നേതാവ് ഭാസ്കര്‍ റാവുജി അട്ടപ്പാടിയിലെ ആദിവാസി മേഖല സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി സംരക്ഷണത്തിന് ആര്‍.എസ്.എസ് വഹിക്കുന്ന ത്യാഗങ്ങള്‍ 'മാതൃഭൂമി'യില്‍ പ്രധാന വാര്‍ത്തയായി.

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കേരളം കണ്ട എക്കാലത്തെയും മികച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭകനായ മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബ് അല്‍അമീന്‍ പത്രം തുടങ്ങേണ്ടി വന്നതിനു പിന്നില്‍ മാതൃഭൂമിയുടെ മുസ്ലിംവിരുദ്ധതയുണ്ടായിരുന്നു. മാപ്പിളമാരുടെയും അവര്‍ണരുടെയും ശബ്ദമുയരണമെങ്കില്‍ മറ്റൊരു പത്രം വേണമെന്ന് അനുഭവത്തിലൂടെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ പഠിപ്പിച്ചത് 'മാതൃഭൂമി'യാണ്. മാപ്പിള ഔട്ട്റേജസ് ആക്ട് എന്ന മലബാര്‍മുസ്ലിംകളെ ക്രിമിനല്‍ സമൂഹമായി മുദ്രകുത്തുന്ന നിയമത്തെ, ആ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാര്‍ മുസ്ലിങ്ങള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങളെ അത് കണ്ടില്ലെന്ന് നടിച്ചു. 'അല്‍അമീനെ'തിരെ അക്കാലത്ത് തന്നെ മാതൃഭൂമി ഇന്ന് നടത്തുന്ന അതേ മുസ്ലിംവിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 1939 സെപ്റ്റംബര്‍ 20 ന് അല്‍^അമീന്‍ സര്‍ക്കാര്‍ നിരോധിക്കുന്നത് വരെ 'മാതൃഭൂമി'യുടെ ഈ മുസ്ലിംമാധ്യമ വിരുദ്ധസമീപനം തുടര്‍ന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തെ മാപ്പിളസ്ഥാന്‍ എന്ന് വിളിച്ച് എതിര്‍പ്പിന് ആസൂത്രിതരൂപം കൊടുത്തത് 'മാതൃഭൂമി'യായിരുന്നു.

മലബാര്‍ കലാപസമയത്ത് സ്ഥാപക പത്രാധിപര്‍ കെ.പി കേശവമേനോന്‍ സ്വീകരിച്ച മുസ്ലിംവിരുദ്ധ നിലപാടിനോട് ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചെന്ന് 1946 ഒക്ടോബര്‍ 27ലെ മാതൃഭൂമിയില്‍ കേശവമേനോന്‍ തന്നെ എഴുതി. ''കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ഒരു വന്‍ജനക്കൂട്ടം കാത്തുനില്‍പ്പുണ്ടായിരുന്നു. എന്നെ എതിര്‍ക്കാന്‍ വന്നവരായിരുന്നു അധികവും. 'കേശവമേനോന്‍ ഗോ ബാക്ക്; മാതൃഭൂമി ദിനപത്രം നശിക്കട്ടെ' എന്ന മുദ്രാവാക്യം ജനക്കൂട്ടം ഉയര്‍ത്തി. സ്വീകരണക്കാര്‍ ഇട്ട മാല അവര്‍ പിടിച്ചുവലിച്ച് പൊട്ടിച്ചു. എന്റെ ഷര്‍ട്ട് വലിച്ചുകീറി ചെളിവാരിയെറിഞ്ഞു. ടൌണ്‍ഹാളിലും ജനങ്ങള്‍ എനിക്കെതിരെ തിരിഞ്ഞു. എനിക്ക് പ്രസംഗിക്കാനാകാതെ പിന്തിരിയേണ്ടി വന്നു. കാരണം എന്നെ തല്ലിക്കൊല്ലാന്‍ തയാറായിരുന്നു ജനങ്ങള്‍''.

ഇത് എന്തുകൊണ്ട് സംഭവിച്ചു? മലബാര്‍സമര കാലത്തും ഖിലാഫത്തുകാരെ പട്ടാളം വേട്ടയാടിയപ്പോഴും നിശബ്ദത പാലിക്കുകയും സമരത്തിനു ശേഷം ഖിലാഫത്തുകാരെയും മുസ്ലിംകളെയും വിമര്‍ശിക്കുകയും ചെയ്ത കേശവമേനോന് ജനം മാപ്പ് കൊടുത്തില്ല. പത്രത്തിലൂടെ പ്രകടിപ്പിച്ച മുസ്ലിംവിരോധവും ഹിന്ദുപക്ഷപാതവും മുസ്ലിംകള്‍ക്കെതിരെ ഗാന്ധിജിയെ തിരിച്ചുവിട്ടതും ജനങ്ങള്‍ക്ക് രസിച്ചില്ലെന്ന് തുറന്ന് പറഞ്ഞത് മലബാര്‍ സമരനായകനായിരുന്ന എം.പി നാരായണമേനോന്‍ തന്നെയായിരുന്നു. കെ.പി കേശവമേനോനെപ്പോലുള്ള ഹിന്ദു കോണ്‍ഗ്രസ് നേതാക്കള്‍ ഏറനാട്ടില്‍ പോകാന്‍ ഭയപ്പെട്ടത്, കുടിയാന്‍സമരങ്ങളില്‍ ജന്മിമാരുടെ ഭാഗം പത്രങ്ങളിലും കോടതികളിലും വാദിച്ചിരുന്നവര്‍ ഇവരായതു കൊണ്ട് ജനങ്ങള്‍ എതിരാണെന്ന് തിരിച്ചറിഞ്ഞതാണെന്നും എം.പി. നാരായണമേനോന്‍ തുറന്ന്പറഞ്ഞിട്ടുണ്ട്. സ്ഥാപക പത്രാധിപരുടെ ഈ മുസ്ലിം വിരുദ്ധതയും ഹിന്ദുത്വ അനുകൂലനിലപാടുമാണ് പിന്നീടും കേരളം കണ്ടത്. ആര്‍.എസ്.എസിന്റെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സ്ഥാപക സമ്മേളനത്തില്‍ 'മാതൃഭൂമി' പത്രാധിപര്‍ അധ്യക്ഷത വഹിച്ചത് ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചതന്നെയാണ്.

''കേരളം മലയാളികളുടെ മാതൃഭൂമി'' എന്ന പുസ്തകത്തില്‍ ഇ.എം.എസ് എഴുതി : ''ഹിന്ദു^മുസ്ലിം ബഹുജനങ്ങളെ യോജിപ്പിക്കുന്ന സമരപരിപാടികളെയെല്ലാം അവര്‍ എതിര്‍ത്തു. മാത്രമല്ല, ദേശീയതയുടെ പേരില്‍ മുസ്ലിം ബഹുജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുകയും ഹിന്ദുസമുദായ മേധാവിത്വത്തെ ശക്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്തത്. കോണ്‍ഗ്രസ്നേതാക്കള്‍ ഹിന്ദുസമുദായവാദികളും മുസ്ലിംവിരോധികളുമായി പ്രവര്‍ത്തിച്ചതും കോണ്‍ഗ്രസ്നേതൃത്വം ആകെ ബഹുജന സമരങ്ങളെ എതിര്‍ത്തതുമാണ് ലീഗിന്റെ വളര്‍ച്ചയെ ഈ വഴിക്ക് തിരിച്ച് വിട്ടത്''. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും വേണ്ടി മലബാര്‍സമരത്തെ ഒറ്റുകൊടുത്ത പത്രവും പത്രാധിപരും ദേശീയസമരത്തിന്റെ പത്രവും നേതാവുമായി സ്വയം പ്രഖ്യാപിക്കുന്നതാണ് പിന്നീട് കേരളം കണ്ടത്.

വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രക്ഷോഭം എന്നിവയുടെ നേതൃത്വം മാതൃഭൂമി അവകാശപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍വേണം പരിശോധിക്കാന്‍. വൈക്കം ക്ഷേത്രപ്രക്ഷോഭത്തിന്റെ പിന്നിലെ കളികള്‍ പിന്നീട് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് തുറന്നെഴുതിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 'യങ ് ഇന്ത്യ' പത്രത്തിന്റെ എഡിറ്ററും വൈക്കം പ്രക്ഷോഭത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. മഹാത്മാഗാന്ധിയും കേശവ മേനോനെപ്പോലുള്ള ഹിന്ദുനേതാക്കളും ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് ജോര്‍ജ് ജോസഫ് പിന്നീട് 'ഇന്ത്യന്‍ സോഷ്യല്‍ റിഫോര്‍മറി'ല്‍ എഴുതി : ''വൈക്കം സത്യഗ്രഹത്തിന് ക്ഷേത്രപ്രവേശനവുമായി ബന്ധമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു പൊതുവഴിയിലൂടെ നടക്കുന്നതില്‍ നിന്ന്, ആ വഴി ക്ഷേത്രത്തിന് സമീപത്തുകൂടിയാണ് എന്ന കാരണം കൊണ്ടുമാത്രം അസ്പൃശ്യരെ തടയാന്‍ പാടുണ്ടോ എന്നതായിരുന്നു വിഷയം''. ജാതിചൂഷണവും പീഡനവും സഹിക്കാതെ ദലിത് വിഭാഗങ്ങള്‍ ക്രിസ്തു^ബുദ്ധ മതങ്ങളിലേക്ക് മാറുന്ന സാഹചര്യമായിരുന്നു അന്ന്. അത് തടയാനും ദലിതുകളെക്കൂടി ഹിന്ദുത്വത്തിലേക്ക് ഉള്‍ച്ചേര്‍ക്കാനും നടത്തിയ ബോധപൂര്‍വമായ ഇടപെടല്‍ കൂടിയായിരുന്നു അതെന്ന് ചരിത്രരേഖകള്‍ സഹിതം ജോര്‍ജ് ജോസഫ് തെളിയിച്ചു. ജോര്‍ജ് ജോസഫ് എഴുതിയ കത്തിന് മറുപടിയായി അംബേദ്കര്‍ അന്നെടുത്ത നിലപാടും ഇത് തെളിയിക്കുന്നു. ദലിതുകള്‍ ക്ഷേത്ര പ്രവേശനത്തിന് വെമ്പല്‍ കൊള്ളേണ്ടതില്ല. ഹിന്ദുക്കള്‍ അവരുടെ അഹങ്കാരം മൂലം ഒഴിവാക്കിയ ഇടങ്ങളിലേക്ക് പ്രവേശിക്കാന്‍ എന്തിന് അസ്പൃശ്യര്‍ ആവശ്യപ്പെടണം എന്നായിരുന്നു അംബേദ്കറുടെ ചോദ്യം. ദലിതുകളെ ഹിന്ദുദലിത് ആക്കി മാറ്റാന്‍ അവരെക്കൂടി ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിച്ചെടുക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഈ നടപടികളെയെല്ലാം സ്വന്തം വഞ്ചന മറച്ചുവെച്ച്, ചരിത്രത്തിന്റെയോ രേഖകളുടേയോ പിന്‍ബലമില്ലാതെ അവകാശവാദങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുകയാണ് 'മാതൃഭൂമി'യും ശില്‍പികളും ചെയ്തത്.

ഇത് പിന്നീടും തുടര്‍ന്നു. കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ 'മാതൃഭൂമി'യും ഹിന്ദുത്വശക്തികളും സടകുടഞ്ഞെഴുന്നേറ്റു. യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയിലാണെന്ന് ആരോപിച്ച് സമരവുമായി രംഗത്തിറങ്ങി. തമിഴ്നാട്ടുകാരനായ ഡോ. ഗനിയെ വൈസ് ചാന്‍സലറായി നിയമിച്ചപ്പോള്‍ അതിനെതിരെ ശക്തമായി രംഗത്ത് വന്നു. ശരീഅത്ത് വിവാദ കാലത്ത് മാതൃഭൂമിയുടെ മുസ്ലിം വിരുദ്ധത അതിന്റെ പരകോടിയില്‍ എത്തി. ബാബരി മസ്ജിദിനെ തര്‍ക്കമന്ദിരമായി അവതരിപ്പിച്ചു. ഏറ്റവും അവസാനം ലൌ ജിഹാദും ഇന്റലക്ച്വല്‍ ജിഹാദും വഴി മുസ്ലിം സമുദായത്തിന് എതിരായി സംഘ്പരിവാര്‍ തലത്തില്‍ നിന്നുള്ള ആക്രമണത്തിനാണ് 'മാതൃഭൂമി' തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ ബിംബങ്ങളെയും 'മാതൃഭൂമി' എങ്ങനെയാണ് കൊണ്ടാടുന്നതെന്ന് തുറന്നെഴുതിയത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്ററായ കമല്‍ റാം സജീവ് തന്നെ. 'ന്യൂസ് ഡസ്കിലെ കാവിയും ചുവപ്പും' എന്ന തലക്കെട്ടില്‍ അദ്ദേഹം എഴുതി : ''പ്രാദേശിക ക്ഷേത്രോല്‍സവങ്ങള്‍ക്കും അനന്തകോടി ആള്‍ദൈവങ്ങള്‍ക്കും വിശ്വാസ്യത തീര്‍ത്ത ഹിന്ദുത്വജേണലിസം യാതൊരു മൂല്യബോധവുമില്ലാതെ കേരള കമ്പോളം കീഴടക്കുന്ന കാഴ്ചയാണ് തൊണ്ണൂറുകളില്‍ കണ്ട് തുടങ്ങിയത്. അതിപ്പോഴും തുടരുന്നു. ഈ അധിനിവേശത്തിന്റെ ദുരവസ്ഥ ദുരൂഹമായ ഉള്‍പ്പിരിവുകളോടെ മലയാളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് ഒരു തിരിച്ച് പോക്കിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂസ് ഡസ്കുകളില്‍ പെരുകി വരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനവും അവര്‍ രൂപപ്പെടുത്തുന്ന ഓഫിസ് രാഷ്ട്രീയവും ഭയാനകമാണ്''.

ഇത് എഴുതിയ ആള്‍ തുടര്‍ന്ന് 'മാധ്യമം' പത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതി : ''ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും പുതിയ പരിസരങ്ങള്‍ ലോകമെമ്പാടും ഉയര്‍ന്നുവരുന്ന ഈ സന്ദര്‍ഭത്തില്‍ കേരളവും ചരിത്രത്തോട് മുഖം തിരിച്ച് നിന്നില്ല. 'മാധ്യമം' പോലൊരു പത്രം കേരളത്തില്‍ ചരിത്രപരമായ അനിവാര്യതയായിരുന്നു. ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയുടെ മര്‍മസ്ഥാനത്തേക്ക് കയറാന്‍ തുടങ്ങിയ ഇസ്ലാമികരാഷ്ട്രീയത്തെ നേരിട്ട് അവതരിപ്പിക്കാനെത്തിയ 'മാധ്യമ'ത്തിന് അതേസമയത്ത് ആവേശത്തോടെ ചര്‍ച്ച ചെയ്യപ്പെട്ട ഇതര ചിന്താ പദ്ധതികളെയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുമായിരുന്നില്ല. വര്‍ഗരാഷ്ട്രീയം മാത്രമാണ് പുരോഗമനപരം എന്ന സൈദ്ധാന്തികബാധ്യതയില്‍ ഇടതുപക്ഷം അവഗണിച്ച പ്രാന്തവല്‍കൃതരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വിശാലമായ പ്ലാറ്റ്ഫോം 'മാധ്യമ'മാണ് മുഖ്യധാരയില്‍ സൃഷ്ടിച്ചത്. തീവ്രമായ സബാള്‍ട്ടണ്‍ യുക്തിക്ക് കേരളത്തിലെ മീഡിയയില്‍ ഇടം കിട്ടുന്നത് 'മാധ്യമ'ത്തിലൂടെയാണെന്ന് രണ്ട് ദശകം പൂര്‍ത്തീകരിക്കുന്ന ആ പത്രത്തിന്റെ ചരിത്രപരമായ സാന്നിധ്യം പരിശോധിച്ചാല്‍ മനസ്സിലാകും. പ്രചാര വിപ്ലവമല്ല, വാര്‍ത്താ ഉള്ളടക്കത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ 'മാധ്യമം' ദിനപത്രം അവതരിപ്പിച്ചു. ഒരു വാര്‍ത്തയും കണ്ടില്ലെന്ന് നടിക്കാനാകാത്ത സമ്മര്‍ദത്തിലേക്ക് ഇതര മുഖ്യധാരാ മാധ്യമങ്ങളെ ഈ മാറ്റം കൊണ്ടുചെന്നെത്തിച്ചു''. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ അസി.എഡിറ്റര്‍ തന്നെ 'മാധ്യമ'ത്തെക്കുറിച്ച് എഴുതിയ വസ്തുതകളുടെ പേരില്‍ മാധ്യമം മാതൃഭൂമിയുടെ ആക്രമണത്തിന് ഇരയാകുന്നത് എന്തുകൊണ്ട്?
(തുടരും)

Sunday, January 17, 2010

ടാറ്റ സര്‍ക്കാര്‍ഭൂമി വിറ്റത് സര്‍വേ രേഖ തിരുത്തി

Sunday, January 17, 2010
തൊടുപുഴ: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിയത് ടാറ്റയുടെയും സര്‍വേവകുപ്പിന്റെയും ഒത്താശയോടെയാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ കലക്ടറോട് വിശദ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറും ഗവ. അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനരന്വേഷണത്തിലാണ് മൂന്നാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച യഥാര്‍ഥചിത്രം പുറത്തുവന്നത്.
രവീന്ദ്രന്‍പട്ടയങ്ങള്‍ ഉപയോഗിച്ചാണ് റിസോര്‍ട്ടുകള്‍ ഭൂമി കൈയേറിയതെന്ന തെറ്റായ പ്രചാരണം അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തുന്നുണ്ട്. സര്‍വേരേഖകളില്‍ കൃത്രിമം വരുത്തി സര്‍ക്കാര്‍ഭൂമി സ്വന്തമാക്കിയ ശേഷം ഉടമസ്ഥതക്കായി വ്യാജ ഏല പട്ടയങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കലക്ടറുടെ കണ്ടെത്തല്‍.
മൂന്നാറില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലും സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയിലുമാണ് റിസോര്‍ട്ടുകള്‍ ഏറെയും. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തലുകളും ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തി.
മൂന്നാര്‍ ദൌത്യസംഘം പൊളിച്ച റിസോര്‍ട്ടുകളുടെയും പൊളിക്കാതെ രക്ഷപ്പെടുത്തിയ റിസോര്‍ട്ടുകളുടെയും ഭൂമി സംബന്ധിച്ച വിശദ പരിശോധനാ റിപ്പോര്‍ട്ടാണ് കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ദൌത്യസംഘം പൊളിക്കാതെ വിട്ട അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച അന്വേഷണത്തിലാണ് ടാറ്റയുടെ ഭൂമി വില്‍പനയും സര്‍വേവകുപ്പിന്റെ അഴിമതിയും പുറത്തുവന്നത്.
അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിന് പുറത്ത് സര്‍ക്കാര്‍ ടാറ്റക്ക് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത് പഴയ പള്ളിവാസല്‍ വില്ലേജിലെ^ഇപ്പോഴത്തെ ആനവിരട്ടി വില്ലേജ്^പ്ലോട്ട് നമ്പര്‍ 12ല്‍ 14 ഏക്കര്‍, പ്ലോട്ട് നമ്പര്‍ 13 ല്‍ ആറ് സെന്റ്, പ്ലോട്ട് നമ്പര്‍ 14 ല്‍ രണ്ടരയേക്കര്‍ എന്നിങ്ങനെയാണ്.
ഇതിനോട് ചേര്‍ന്ന് കണ്ണന്‍ ദേവന്‍ വില്ലേജിന്റെ ഈ ഭാഗത്ത് ടാറ്റക്ക് ഭൂമിയുള്ളത് സര്‍വേ 164/1 ല്‍ നൂറേക്കര്‍, 164/2 ല്‍ നാലേക്കര്‍ എന്നിങ്ങനെയാണ്. ഈ ഭാഗത്ത് കൂടിയാണ് മൂന്നാര്‍^ലക്ഷ്മി^വിരിപാറ റോഡ് കടന്നുപോകുന്നത്. പ്ലോട്ട് നമ്പര്‍ 14 ലെ ഭൂമിയിലൂടെ റോഡ് മുറിച്ച് പോകുന്നുവെന്നാണ് റീ സര്‍വേ റെക്കോഡുകളില്‍ സ്കെച്ച് എങ്കില്‍ യഥാര്‍ഥത്തില്‍ റോഡ് മുറിച്ചുപോകുന്നത് പ്ലോട്ട് നമ്പര്‍ 12 ലാണെന്ന് ഫിസിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പ്ലോട്ട് നമ്പര്‍ 14 ഉം, പ്ലോട്ട് നമ്പര്‍ 12 ഉം തമ്മില്‍ 1.4 കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്.
റോഡിന്റെ സ്കെച്ച് മാറ്റിവരച്ച് സര്‍ക്കാര്‍ പള്ളിവാസല്‍ വില്ലേജില്‍ ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഈ ഭൂമി അബാദിന് മറിച്ച് വില്‍ക്കുകയായിരുന്നു. റീ സര്‍വേ റെക്കോഡുകളില്‍ തിരിമറി നടത്തി തെറ്റായി റോഡ് സ്കെച്ച് ചെയ്താണ് ഇവിടെ സര്‍ക്കാര്‍ ഭൂമി ടാറ്റ അബാദിന് വിറ്റത്. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമി അബാദിന് വില്‍പന നടത്താന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തല്‍ നടത്തി. പതിനഞ്ചേക്കറോളം ഭൂമിയാണ് ഇവിടെ അബാദ് റിസോര്‍ട്ടിന് ടാറ്റ വിറ്റത്.

പി.കെ. പ്രകാശ്

അബാദിന് ഭൂമി വിറ്റത് ടാറ്റ: കലക്ടറുടെ റിപ്പോര്‍ട്ട്

Sunday, January 17, 2010
തൊടുപുഴ: മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ അബാദ് റിസോര്‍ട്ട് കൈവശം വെച്ചിരിക്കുന്ന 15 ഏക്കര്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണെന്ന് കണ്ടെത്തിയതായി ഇടുക്കി കലക്ടര്‍ അശോക് കുമാര്‍ സിങ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.
സര്‍ക്കാര്‍ കണ്ണന്‍ ദേവന്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി സ്വകാര്യ റിസോര്‍ട്ടുകള്‍ റീസര്‍വേ റെക്കോഡുകള്‍ തിരുത്തി കൈയടക്കിയത് സംബന്ധിച്ചാണ് കലക്ടറുടെ റിപ്പോര്‍ട്ട്. റീസര്‍വേ റെക്കോഡുകള്‍ സര്‍ക്കാര്‍ താല്‍പ്പര്യം സംരക്ഷിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഭൂമി സംബന്ധിച്ചും അതിര്‍ത്തി സംബന്ധിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ കോപ്പി സര്‍വേ ഡയറക്ടര്‍ക്കും സര്‍വേ അസിസ്റ്റന്റ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

Tuesday, October 13, 2009

വി.എസും വിജയന്‍ മാസ്റ്ററും

സി.കെ. അബ്ദുല്‍ അസീസ്

madhyamam: Wednesday, October 14, 2009
ലിങ്ക് : http://www.madhyamam.com/news_details.asp?id=8&nid=235968&page=1



മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സി.പി.എമ്മിനെ മാര്‍ക്സിസ്റ്റിതരമായ ഒരുതരം സാമൂഹികനിയന്ത്രണത്തിന്റെ മേല്‍നോട്ടത്തില്‍ മെരുക്കിക്കൊണ്ട് പോവാമെന്ന വ്യാമോഹത്തിന്റെ വിത്തുകള്‍ വിതച്ചത് വിജയന്‍ മാസ്റ്ററാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സമാന്തരമായ ഒരു പുറംപാര്‍ട്ടി ജനാധിപത്യത്തെ പാര്‍ട്ടി സംഘടനയുടെ ചുമലില്‍ കെട്ടിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 2006ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയും വി.എസും മല്‍സരിക്കേണ്ട എന്ന തീരുമാനം തിരുത്താന്‍ പി.ബി തയാറായത് ഈ പുറംപാര്‍ട്ടി ജനാധിപത്യത്തിന്റെ വിജയമായാണ് വിജയന്‍ മാസ്റ്ററും കൂട്ടരും വിലയിരുത്തിയത്. വ്യാമോഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നുവെന്ന തോന്നല്‍ അതോടെ ശക്തിപ്പെടുകയും ചെയ്തു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി. സി.പി.എമ്മിനെ ഔദ്യോഗികവും അനൌദ്യോഗികവുമായ രണ്ട് നേതൃത്വങ്ങള്‍ക്ക് കീഴില്‍ പുനഃസംഘടിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്ക് ഊക്കുകൂട്ടിയത് വി.എസ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. മൂന്നാര്‍ മുതല്‍ ലാവലിന്‍ വരെയുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളുടെ ഈ അജണ്ടക്കാവശ്യമായ ആശയക്കുഴപ്പങ്ങളുടെ സംഭരണിയായി മാറുകയും ചെയ്തു. അതില്‍ അവസാനത്തേതായിരുന്നു ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹം സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട്. മുന്‍ നിലപാടുകളെ അപേക്ഷിച്ച് ആശയവ്യക്തത ഈ നിലപാടിനുണ്ടായിരുന്നു.

ലാവലിനെന്നല്ല, ഏത് പ്രശ്നത്തിലും പാര്‍ട്ടി നിലപാടിനെതിരെ പാര്‍ട്ടിയുടെതന്നെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നടപടിയുണ്ടാവുമെന്ന് വി.എസിനെപ്പോലൊരാള്‍ക്ക് അറിവില്ലാത്തതാണോ? നടപടി വരികയാണെങ്കില്‍ വരട്ടെ; പാര്‍ട്ടിയില്ലെങ്കിലും ജനങ്ങളുണ്ടാവുമെന്ന ബോധപരിസരം കമ്യൂണിസ്റ്റ് നേതാവിന്റെ ബോധപരിസരം കൈയടക്കിയെന്നാണിത് വ്യക്തമാക്കുന്നത്. വി.എസ് ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം; തിരുത്തിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഒരടി പിന്നോട്ടുവെച്ചിട്ടുണ്ടാവാം. പാര്‍ട്ടി നടപടി ശിരസ്സാവഹിച്ചതിന് ഇങ്ങനെ പല അര്‍ഥങ്ങള്‍ കല്‍പിക്കാവുന്നതാണ്. മുന്‍ നിലപാടുകള്‍ വി.എസ് തിരുത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആറ് പതിറ്റാണ്ട് കാലത്തെ വിപ്ലവ പാരമ്പര്യമുള്ള വി.എസിനെ സ്വാധീനിക്കാന്‍ വിജയന്‍ മാസ്റ്ററുടെ 'സാമൂഹിക നിയന്ത്രണവാദ'ത്തിന് സാധിച്ചുവെന്ന കാര്യത്തില്‍ ഒരവ്യക്തതയുമില്ല.

പാര്‍ട്ടിക്കുള്ളില്‍ രണ്ട് ലൈനുകള്‍ രൂപമെടുക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. പക്ഷേ, രണ്ട് ലൈന്‍ സമരവുമായി ഒരു കമ്യൂണിസ്റ്റ് നേതാവ് പൊതു ജനങ്ങള്‍ക്കിടയിലേക്കിറങ്ങു
ന്നത് അസാധാരണമെന്ന് മാത്രമല്ല അപകടകരമായ പ്രവണതയായിട്ടാണ് മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അതത് കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന വ്യത്യസ്ത ആശയങ്ങളുടെ, വര്‍ഗപരമായ ഉറവിടം തിരിച്ചറിയുകയും അവയെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബോധപരിസരത്തിനുള്ളില്‍നിന്ന് തൊഴിലാളിവര്‍ഗവത്കരിക്കുകയും ചെയ്യുന്നതാണ് ആശയ സമരത്തിന്റെ മാര്‍ക്സിസ്റ്റ് ^ലെനിനിസ്റ്റ് രീതി. പാവപ്പെട്ടവരുടെയും സമൂഹത്തിലെ മര്‍ദിത ചൂഷിത വിഭാഗങ്ങളുടെയും പക്ഷത്തുനില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത് ശരിയാണെങ്കിലും കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ഒരു ബൂര്‍ഷ്വാ ആശയമാണിത്. കാരണം, പാവപ്പെട്ടവരുടെയും മര്‍ദിതരുടെയും പക്ഷത്തുനില്‍ക്കാന്‍ ഒരാള്‍ കമ്യൂണിസ്റ്റാവണമെന്നില്ല. കേരളത്തില്‍തന്നെ അയ്യങ്കാളി, വെളിയങ്കോട് ഉമര്‍ ഖാദി, നാരായണ ഗുരു, പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങി നിരവധി പേരെ ചരിത്രത്തില്‍ നിന്ന് കണ്ടെത്താനാവും. മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതില്‍ വ്യവസായതൊഴിലാളി വര്‍ഗത്തിന്റെ ചരിത്രപരമായ സാധ്യതകളും നേതൃപരമായ പങ്കും തിരിച്ചറിഞ്ഞ് ഈ മുന്നേറ്റത്തില്‍ സമൂഹത്തിലെ എല്ലാ മര്‍ദിത ചൂഷിത വിഭാഗങ്ങളെയും ഭാഗഭാക്കാക്കാനുള്ള പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റുകാര്‍ നടത്തുന്നത്. കമ്യൂണിസ്റ്റ്കാരുടെ പക്ഷം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗത്തിന്റെ പക്ഷമാണ്. ഈ തൊഴിലാളി വര്‍ഗപക്ഷം തന്നെയാണ് കമ്യൂണിസ്റ്റുകാരനെ തൊഴിലാളിവര്‍ഗ ബോധ പരിസരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലായാലും പാര്‍ട്ടിക്കു പുറത്തു ജനങ്ങള്‍ക്കിടയിലെ ജ്ഞാനവ്യവഹാരത്തിലായാലും കമ്യൂണിസ്റ്റുകാരെ വര്‍ഗബോധ പരിസരത്തിലുറപ്പിച്ചുനിര്‍ത്താനുള്ള ഉപകരണമാണ് പാര്‍ട്ടി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇങ്ങനെ ആശയസമരത്തിന്റെ സന്ദിഗ്ധഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, ബൂര്‍ഷ്വാ ബോധപരിസരത്തില്‍ നിന്നുകൊണ്ടും ബൂര്‍ഷ്വാരീതികള്‍ സ്വീകരിച്ചും ആശയസമരം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്നേതാവ് ഒരുപക്ഷേ വി.എസ്. അച്യുതാനന്ദനായിരിക്കും.
പോളിറ്റ് ബ്യൂറോ മെമ്പറും സി.പി.എം കേരള സെക്രട്ടറിയുമായ പിണറായി വിജയന്‍ ലാവലിന്‍കേസില്‍ കുറ്റക്കാരനാണോ അല്ലയോ എന്നറിയാന്‍ മറ്റൊരു പോളിറ്റ്ബ്യൂറോ മെമ്പറും കേരളഘടകത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവുമായ വി.എസിന് കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താണ്? പാര്‍ട്ടി സ്ഥാപനത്തെക്കാള്‍ ബൂര്‍ഷ്വാ ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് മാന്യത കല്‍പിക്കുന്ന ഒരു ബോധ പരിസരത്തില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയ വ്യവഹാരംതന്നെയാണിത്. പിണറായി അഴിമതിക്കാരനാണെന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, പ്രശ്നത്തോടുള്ള നിലപാടുകള്‍ വിശദീകരിച്ച ഭാഷയിലൂടെ അദ്ദേഹം വിനിമയംചെയ്ത ആശയം സുവ്യക്തമാണ്.

ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കിത്രത്തോളം മഹത്വം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും അതംഗീകരിച്ചു തരില്ല. പത്തുവര്‍ഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷമാണ് മഅ്ദനിയുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബൂര്‍ഷ്വാ മാന്യത നേരിട്ടനുഭവിച്ചവര്‍ തന്നെയാണ് കമ്യൂണിസ്റ്റ്കാരും. പണ്ട് ചൈനാ ചാരന്മാരെന്നു വിളിച്ചതിന്റെ ബാക്കി ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോടതിയും ഇതുവരെ ഇതിലൊന്നും ഇടപെട്ടിട്ടില്ല. ബൂര്‍ഷ്വാജനാധിപത്യം മാന്യതയുടെ മുഖംമൂടി അഴിച്ചുവെച്ച് അഴിഞ്ഞാടുന്ന കാലഘട്ടത്തെയാണ് ലോകമിന്ന് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തോട് വൈരുധ്യാധിഷ്ഠിത സമീപനം പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ബൂര്‍ഷ്വാ മാന്യതയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യ വശമായി കാണുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
സി.പി.എമ്മിനെ കോടതി കയറ്റുക എന്ന ദുരുദ്ദേശ്യത്തില്‍ നിന്നാണ് ലാവലിന്‍ കേസുണ്ടായത്. ഭരണാധികാരികളില്‍ ഏതെങ്കിലും കമ്പനി മേധാവികളുമായി നടത്തുന്ന കൂടിയാലോചനകളെ ഗൂഢാലോചന കുറ്റമായി വ്യാഖ്യാനിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കുറ്റപത്രമായിരിക്കും ലാവലിന്‍ കേസിലുണ്ടാവാന്‍ പോവുന്നത്. അടുത്ത കേസ് ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെയായിരിക്കും. കേരളത്തിലെ ജലവൈദ്യുതി സ്രോതസുകള്‍ക്ക് തുരങ്കംവെക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതിന്റെ തുടക്കം കൂടിയാണിത്. ഇന്ത്യയുടെ ഊര്‍ജ വ്യവസായമേഖല കൈയടക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന കള്ളക്കളിയും കിടമല്‍സരങ്ങളും അപ്പോള്‍ മാത്രമേ പ്രബുദ്ധനായ മലയാളിക്ക് മനസ്സിലാവുകയുള്ളൂ. ലാവലിന്‍ കേസിലെ രാഷ്ട്രീയ പ്രേരണകള്‍ സി.പി.എമ്മിനെതിരെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തന്നെ എതിരുനില്‍ക്കുന്നതാണെന്ന് നിഷ്പക്ഷമായ ഒരു പഠനം നടത്തിയാല്‍ ആര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ.

ലാവലിനോ, ജനകീയാസൂത്രണമോ ഒന്നുമായിരുന്നില്ല വിജയന്‍ മാസ്റ്ററുടെ പ്രശ്നം. 'പാഠം' മാസിക ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിനെതിരെ തെരുവില്‍ ഇറങ്ങുന്നതിനു മുമ്പുള്ള വിജയന്‍ മാസ്റ്ററുടെ ചിത്രം മലയാളികളാരും മറക്കാനിടയില്ല. കണ്ണൂരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ 'സമാധാനവാദികള്‍' ഒന്നടങ്കം കണ്ണൂരിലെ സി.പി.എമ്മുകാരെ വട്ടംകൂടി നിന്ന് കൊലയാളികളെന്നും സ്റ്റാലിനിസ്റ്റുകള്‍ എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ടിരുന്നു. 'വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗത്തിന്റെ നീതിബോധമെന്നും വര്‍ഗബോധത്തിന്റെ ചരിത്ര സ്ഥാപനമായ പാര്‍ട്ടി പോരാടുന്ന തൊഴിലാളിവര്‍ഗ നീതിബോധത്തിന്റെ പ്രതിപുരുഷനാണെന്നും' ബൂര്‍ഷ്വാ മാന്യതയുടെ സാംസ്കാരിക ഭീഷണിയെ തെല്ലും വകവെക്കാതെ ഉറക്കെപ്പറഞ്ഞ വ്യക്തിയാണ് വിജയന്‍ മാസ്റ്റര്‍. അതേ വിജയന്‍ മാസ്റ്റര്‍ തന്നെ, പിന്നീട് ആര്‍.എസ്.എസിനെക്കാള്‍ ആക്രമണോല്‍സുകതയോടെ കണ്ണൂരിലെ പാര്‍ട്ടിക്കാരെ കണ്ണൂര്‍ലോബിയെന്നും മാഫിയയെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാനും മടിച്ചില്ല. താന്‍തന്നെ നാട്ടിയ ചൂണ്ടുപലകയുടെ വിപരീത ദിശയിലേക്കുള്ള ഈ തിരിഞ്ഞുനടത്തമാണ് ഒരുപക്ഷേ കേരളത്തിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് വിജയന്‍ മാസ്റ്റര്‍ നല്‍കിയ ഏറ്റവും നല്ല നിഷേധാത്മക പാഠം. തൊഴിലാളിവര്‍ഗ രാഷ്ട്രീയവും മധ്യവര്‍ഗത്തിന്റെ മാര്‍ക്സിസ്റ്റാഭിമുഖ്യവും രണ്ട് വ്യത്യസ്തവര്‍ഗങ്ങളുടെ രാഷ്ട്രീയാഭിവാഞ്ഛകളെയും താല്‍പര്യങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന യാഥാര്‍ഥ്യമാണ് ഈ തിരിഞ്ഞു നടത്തത്തിലൂടെ വിശദമാക്കപ്പെട്ടത്.

പാര്‍ട്ടിയോടുള്ള സമീപനമെന്ത് എന്നതു തന്നെയാണ് തൊഴിലാളി വര്‍ഗത്തിന്റെയും ഇതരവര്‍ഗങ്ങളുടെയും താല്‍പര്യങ്ങളെ തിരിച്ചറിയാനുള്ള ഏറ്റവും ശരിയായ മാര്‍ഗം. സി.പി.എമ്മില്‍ 'മലിനോവിസ്കിമാരുണ്ടോ അഴിമതിക്കാരുണ്ടോ മുതലാളിത്തവാദികളുണ്ടോ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ വിദഗ്ധ സഹായം കൂടിയേ തീരൂ എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റുകളല്ല. സോവിയറ്റ് വിപ്ലവത്തെ വിജയത്തിലെത്തിച്ച ലെനിന്റെ പാര്‍ട്ടിയുടെ അനുഭവ പാഠങ്ങള്‍ തന്നെയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ സുദൃഢമാക്കുന്നത്. ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന മാടമ്പിത്തരവുമായി തൊഴിലാളി രാഷ്ട്രീയത്തെ മാര്‍ക്സിസ്റ്റ്^ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിച്ചുകൊണ്ട് സി.പി.എമ്മിനെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് തത്ത്വങ്ങളില്‍ നിന്നടര്‍ത്തി മാറ്റാനും പുറത്തുനിന്നുള്ള സമ്മര്‍ദ ഗ്രൂപ്പിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുമാണ് വിജയന്‍ മാസ്റ്റര്‍ ശ്രമിച്ചത്. 'ജനങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം നിക്ഷിപ്ത താല്‍പര്യങ്ങളുള്ള സമ്മര്‍ദഗ്രൂപ്പുകളെയും ലോബികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ലോബികളുടെയും പിടിയില്‍നിന്ന് ജനങ്ങളുടെ താല്‍പര്യങ്ങളെ മോചിപ്പിക്കുന്ന നേതാവായിട്ടാണ് മാര്‍ക്സിസം^ലെനിനിസം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ചരിത്രത്തിന്റെ മുന്നില്‍ നിര്‍ത്തുന്നത്. ബൂര്‍ഷ്വാ ജനാധിപത്യ രീതികള്‍ ഏച്ചുകൂട്ടി പാര്‍ട്ടിയെ നന്നാക്കാമെന്ന് വ്യാമോഹിച്ച ഗോര്‍ബച്ചോവിന് ബോറിസ് യെല്‍സിന്റെ പ്രതിവിപ്ലവത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ ഒരു കമ്യൂണിസ്റ്റ് പാഠമായി മാത്രം ചുരുക്കിക്കാണേണ്ടതില്ല. ജനങ്ങളെ സുസംഘടിതരാക്കുകയും ജനകീയ താല്‍പര്യങ്ങളെ സുദൃഢീകരിക്കുകയും ചെയ്യുന്ന ഏത് തത്ത്വങ്ങളെയും അടിച്ചടക്കുക എന്ന തന്ത്രവുമായിട്ടാണ് സാമ്രാജ്യത്വ ശക്തികള്‍ ഇപ്പോള്‍ മുന്നോട്ടുപോവുന്നത്.


Monday, February 23, 2009

88 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്നതിനും എതിര്‍പ്പ്; വനഭൂമിയല്ലെന്ന് ജില്ലാ കലക്ടര്‍

23-feb-2009
88 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്നതിനും എതിര്‍പ്പ്; വനഭൂമിയല്ലെന്ന് ജില്ലാ കലക്ടര്‍ 
തൊടുപുഴ: മൂന്നാറില്‍ 88 ഏക്കര്‍ ഭൂമി 1044 പേര്‍ക്ക് ഇന്ന് വിതരണം ചെയ്യാനിരിക്കെ എതിര്‍പ്പുമായി ടാറ്റാ ടീയും മുന്‍ ദൌത്യസംഘാംഗങ്ങളും രംഗത്ത്. ഇന്ന് വിതരണം ചെയ്യുന്നതില്‍ 77 ഏക്കര്‍ വരുന്ന കുറ്റിയാര്‍ ഹൌസിംഗ് സൈറ്റ് വനഭൂമിയാണെന്ന പ്രചാരണവുമായാണ് അവര്‍ രംഗത്തുവന്നത്. എന്നാല്‍, ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുറ്റിയാര്‍ ഹൌസ് സൈറ്റ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയാണെന്നും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് 'മാധ്യമ'ത്തോട് പറഞ്ഞു. ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ ഇത് ടാറ്റയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിന് ഉതകുന്ന ഭൂമിയാണിതെന്ന് ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റിയാര്‍ ഹൌസ് സൈറ്റ് എന്ന് തന്നെയാണ് ഈ പ്ലോട്ടിന്റെ പേരെന്നതും ശ്രദ്ധേയമാണ്. മൂന്നാറില്‍ പാവങ്ങള്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനുള്ള നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇത് വനഭൂമിയാണെന്ന പ്രചാരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത 70,000ത്തിലേറെ ഏക്കറില്‍ 50,000 ഏക്കര്‍ ഇപ്പോഴും ടാറ്റയുടെ നിയന്ത്രണത്തില്‍ തന്നെയാണ്. മാങ്കുളത്ത് അയ്യായിരം ഏക്കര്‍ ഭൂമിയില്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ചില പരിസ്ഥിതി സംഘടനകളെ ഉപയോഗിച്ച് അത് സ്റ്റേ ചെയ്യിച്ചു. ടാറ്റയില്‍ നിന്നും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ട ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നാര്‍ ദൌത്യം നടത്തിയത്. എന്നാല്‍, ഭൂരഹിതരെയും പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനായാണ് ശ്രമം നടന്നത്. ടാറ്റ സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വിറ്റ ഭൂമിയില്‍ ഉയര്‍ന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും ഏല കുത്തകപ്പാട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു. അവസാനം സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയുടെ കണക്ക് നോക്കിയപ്പോള്‍ വെറും 130 ഏക്കര്‍ മാത്രമാണെന്ന് തെളിഞ്ഞു. ഇതാകട്ടെ വിവിധ കോടതികളില്‍ കേസും വിചാരണയും നേരിടുകയാണ്. മൂന്നാറില്‍ 16,000 ഏക്കര്‍ ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതില്‍ 1600 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് നവംബര്‍ ആദ്യം മൂന്നാറില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30,000 പേര്‍ ഭൂമിക്കായി അപേക്ഷ നല്‍കി. ഇതില്‍ ഒമ്പതിനായിരത്തിലേറെ പേര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജില്‍ നിന്നുള്ള ഭൂരഹിതരായിരുന്നു. വിതരണത്തിനൊരുങ്ങിയപ്പോഴാണ് ഭൂമിയില്ലെന്ന സത്യം തെളിഞ്ഞത്. അതിനാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ '77ല്‍ ഏറ്റെടുത്ത 88 ഏക്കര്‍ ഒമ്പതിനായിരത്തിലേറെ ഭൂരഹിതരില്‍ നിന്ന് നറുക്കിട്ടെടുത്ത 1044 പേര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമി വിതരണത്തിനെതിരെ മൂന്നാറിലെ സ്വകാര്യ വ്യക്തി വഴി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഗവ. പ്ലീഡര്‍ സര്‍ക്കാറിന് വേണ്ടി ശക്തമായി വാദിച്ചതിനാല്‍ ഭൂവിതരണം സ്റ്റേ ചെയ്യാനുള്ള ടാറ്റയുടെ തന്ത്രം ഫലിച്ചില്ല. ഇതിന് പിന്നാലെയാണ് മുന്‍ ദൌത്യസംഘം മേധാവിയെ ഉപയോഗിച്ച് പരിപാടി അട്ടിമറിക്കാന്‍ നീക്കം ആരംഭിച്ചത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാതെ വിവാദങ്ങളില്‍ മൂന്നാര്‍ ദൌത്യം അവസാനിപ്പിച്ച മുന്‍ ദൌത്യസംഘം മേധാവിയും വി.എസ് നീക്കം ചെയ്ത മുന്‍ ഗവ. പ്ലീഡറും ഭൂവിതരണം അട്ടിമറിക്കുന്നതിന് വേണ്ടി നുണപ്രചാരണവുമായി രംഗത്തുവരികയായിരുന്നു. മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുന്ന ഭൂമി വനഭൂമിയാണെന്ന് എല്ലാ പത്രം ഓഫീസുകളിലും തെറ്റായ വാര്‍ത്ത നല്‍കിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയാല്‍ ഇപ്പോള്‍ കൈയേറി വെച്ചിരിക്കുന്ന ഭൂമിയെല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവാണ് 88 ഏക്കര്‍ ഭൂവിതരണത്തിനെതിരെ പോലും എതിര്‍പ്പുയര്‍ത്താന്‍ ടാറ്റയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് മൂന്നുമാസം മുമ്പ് ടാറ്റ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ രംഗത്തുവന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഭൂവിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലും കച്ചേരി സെറ്റില്‍മെന്റും ഭൂമി കൈയേറാന്‍ ശ്രമം ആരംഭിച്ചു.

Thursday, February 19, 2009

ഇരുമുന്നണികളും ലാവലിനെ സഹായിച്ചു

19/02/2009
തൊടുപുഴ: മലബാറില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുമുന്നണികളും ലാവലിനെ സഹായിച്ചു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാറിനു പ്രതിഫലമായി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ പണം നല്‍കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് സര്‍ക്കാറായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇടത് സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചെങ്കിലും വ്യവസ്ഥകള്‍ കരാറാക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയത് മന്ത്രി എസ്. ശര്‍മയാണെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനെ സഹായിക്കുന്ന രീതിയില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നെന്നും രേഖകള്‍ പറയുന്നു. ലാവലിന്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണത്തിന് പ്രതിഫലമായി നല്‍കേണ്ട തുകയും പലിശയും ഒരു വിയോജിപ്പുമില്ലാതെ തിരിച്ചടക്കുകയായിരുന്നു. കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമം അനുസരിച്ച് ലാവലിന്റെ പിന്മാറ്റത്തെ അവിടെ ചോദ്യം ചെയ്യാനും ഒരു സര്‍ക്കാറും തയാറായില്ല. ആന്റണി സര്‍ക്കാറിന്റെ കാലത്ത് 2002 ജനുവരി 11ന് ചേര്‍ന്ന ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ട് ലാവലിന്‍ കരാറില്‍ യു.ഡി.എഫ്^എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതാണ്. ലാവലിന്‍ ഇതുവരെ തുകയൊന്നും തന്നിട്ടില്ലെന്നും അവരുടെ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയ വഴിയാണ് പണം ചെലവഴിച്ചതെന്നും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ സമിതിയെ അറിയിച്ചിരുന്നു. 11.75 കോടി രൂപ കാന്‍സര്‍ സെന്ററിന് വേണ്ടി അവര്‍ ചെലവഴിച്ചു. 67 ലക്ഷം രൂപ ബ്ലഡ് ബാങ്കിന് ലഭ്യമാക്കിയതായും എം.ഡി പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന സമയത്തുതന്നെ കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന വ്യവസ്ഥയും രൂപപ്പെടുത്തിയിരുന്നുവെന്നാണ് സമിതി രേഖകള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ '98 ഏപ്രില്‍ 25നാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടി ലാവലിനും സംസ്ഥാന സര്‍ക്കാറും ധാരണാപത്രം ഒപ്പിട്ടത്. 180 ദിവസമായിരുന്നു ധാരണാപത്രത്തിന്റെ കാലാവധി. പദ്ധതി നടത്തിപ്പിനു വേണ്ട പണം കണ്ടെത്തുക, നടപടികള്‍ രൂപകല്‍പന ചെയ്യുക, പദ്ധതി രൂപവത്കരിക്കുക, പ്രാദേശിക എഞ്ചിനീയര്‍മാര്‍ക്ക് ഉപദേശം നല്‍കുക എന്നിവയായിരുന്നു ലാവലിന്റെ ചുമതലകള്‍. പിണറായിക്കു ശേഷം എസ്. ശര്‍മ മന്ത്രിയായപ്പോഴാണ് ധാരണാപത്രം പുതുക്കുന്നത് ആദ്യമായി തടസ്സപ്പെട്ടത്. ധാരണാപത്രം കരാര്‍ ആക്കാനും ഈ സമയത്ത് ശ്രമം നടന്നു. ഇതിന്റെ ഭാഗമായി ലാവലിന്‍ വൈദ്യുതി വകുപ്പിന് കരട് കരാര്‍ നല്‍കി. പണം സമാഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലാവലിന്‍ സമ്മതിച്ചതായേ കരടു കരാറില്‍ കാണുന്നുള്ളൂവെന്നും ഇതു പദ്ധതി നടത്തിപ്പിനു വേണ്ട മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുമെന്ന ധാരണാപത്ര വ്യവസ്ഥയില്‍നിന്നുള്ള മാറ്റമാണെന്നും ശര്‍മ നോട്ട് എഴുതിയതോടെയാണ് കരാര്‍ നീക്കം മുടങ്ങിയത്. മുഴുവന്‍ പണവും ലാവലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തിയേ കരാറുണ്ടാക്കാവൂ എന്നും ശര്‍മ നിര്‍ദേശിച്ചു. 2001 ഏപ്രില്‍ 24നാണ് ശര്‍മ ഈ കുറിപ്പെഴുതിയത്. '98ല്‍ വൈദ്യുതി മന്ത്രിയായ ശര്‍മ അതുവരെ അനങ്ങാതിരുന്നശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലാവലിന്‍ പന്ത് വീണ്ടും യു.ഡി.എഫിന്റെ കളത്തിലേക്ക് തട്ടിവിടുകയായിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കു വാങ്ങിയ 54.4 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ തിരിച്ചടവ് 2001 ഒക്ടോബര്‍ 15ന് ആരംഭിക്കാനിരിക്കെയാണ് ലാവലിന്‍ നല്‍കേണ്ട പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതിരുന്നത്. 2001 മെയില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒക്ടോബര്‍ മുതല്‍ വായ്പ തിരിച്ചടച്ചു തുടങ്ങി. കാന്‍സര്‍ സെന്ററിന് നല്‍കേണ്ട പണം എം.ഒ.യു അനുസരിച്ച് 2000 ത്തില്‍തന്നെ പൂര്‍ണമായി ലഭിക്കേണ്ടതായിരുന്നു. ഈ പണം ഈടാക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ഇരു മുന്നണി ഭരണത്തിനും കഴിഞ്ഞില്ല. കാന്‍സര്‍ സെന്ററിനുനല്‍കേണ്ട 103 കോടിയില്‍ 11.75 കോടി മാത്രമാണ് ലാവലിന്‍ നല്‍കിയത്. 2002 ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ലാവലിന്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കിയെങ്കിലും അദ്ദേഹം നടപടികളുമായി മുന്നോട്ടുപോയില്ലെന്നും രേഖകള്‍ തെളിയിക്കുന്നു. പി.കെ. പ്രകാശ്

Thursday, January 29, 2009

പിണറായിയുടെ തെറ്റ്: വി. എസ്

28-jan-2009
തൊടുപുഴ: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇടത്സര്‍ക്കാറിന്റെ വൈദ്യുതി വകുപ്പാണ് വീഴ്ചവരുത്തിയതെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് ആവര്‍ത്തിച്ചു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പകരം പാര്‍ട്ടി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട ലാവലിന്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചു. പിന്നീട് ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. പിണറായിയെയും ലാവലിന്‍ ഇടപാടിനെയും പ്രതിരോധിച്ച് പാര്‍ട്ടിനേതാക്കള്‍ നടത്തുന്ന വിമര്‍ശങ്ങള്‍ വസ്തുതാപരമല്ലെന്ന് വിശദമായി സമര്‍ഥിക്കുന്ന വി.എസ് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ രേഖകളില്‍ ലാവലിന്‍കമ്പനിയുമായി കനഡയില്‍ പിണറായി ഒപ്പുവെച്ച കരാറുകളുടെ കോപ്പിയും വ്യവസ്ഥകളും ഉള്‍പ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിനു പകരം പാര്‍ട്ടി നിലപാടുകൂടി മറികടന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി നിയമവിരുദ്ധമായി പരിവര്‍ത്തിപ്പിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് ചെയ്തതെന്ന് കത്തില്‍ പറഞ്ഞു. പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധോപദേശം നല്‍കേണ്ട ലാവലിന് ഉപകരണങ്ങളുടെ സപ്ലൈ നല്‍കുന്നത് വഴി സര്‍ക്കാര്‍ ഒരു മൂന്നാംകക്ഷി ആകുകയും 109.73 കോടി രൂപയുടെ അഴിമതി നടത്താന്‍ ലാവലിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ അംഗീകരിച്ചത് പരമാബദ്ധമായി കത്തില്‍ എടുത്തുപറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന കാരണത്താല്‍ അന്ന് ശിവദാസമേനോന്‍ മന്ത്രിയായിരുന്ന ധനവകുപ്പ് തന്നെ ഈ നിബന്ധനയെ എതിര്‍ത്തിരുന്നു. നിയമവകുപ്പും അതിനെ അനുകൂലിച്ചില്ല ^വി.എസ് ചൂണ്ടിക്കാട്ടി. തര്‍ക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി പരിഹരിക്കപ്പെടുമെന്ന യു.ഡി.എഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ മാറ്റിയത് എന്ത് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുറ്റമുക്തമാക്കി ഇടത്സര്‍ക്കാറിനെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കുന്ന പി.ബി അംഗം കൂടിയായ അച്യുതാനന്ദന്റെ കത്ത് പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. വി.എസ് കത്ത് പുറത്ത് നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അടിയന്തര പോളിറ്റ്ബ്യൂറോ താല്‍ക്കാലിക പ്രസ്താവന ഇറക്കുമെന്നും പിന്നീട് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എത്രയും വേഗം യോഗം ചേര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയതീരുമാനം എടുക്കുമെന്നുമായിരുന്നു കത്തുമായി ദല്‍ഹിയിലെത്തിയ വി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. എന്നാല്‍, പി.ബി യോഗം അനിശ്ചിതമായി നീണ്ടുപോകുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്രശ്നമായി ലാവലിന്‍ മാറുകയും ചെയ്തതോടെ വി.എസ് പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്ന പ്രസ്താവന ഇറക്കാതെ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് മൌനത്തിലൂടെ ആയുധം നല്‍കുന്ന വി.എസിന്റെ നിലപാടിനെതിരെ പാര്‍ട്ടിവികാരം വളര്‍ത്താനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നത്. ഇതോടെ സി.ബി.ഐയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലപാട് തുറന്നുപറയുകയോ ചെയ്യാന്‍ വി.എസ് നിര്‍ബന്ധിതനാകും. പി.കെ. പ്രകാശ്

കാന്‍സര്‍രോഗികളെ പറ്റിക്കാന്‍ ലാവലിനെ പിണറായി സഹായിച്ചു: വി.എസ്

29-jan-2009
തൊടുപുഴ: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കാന്‍സര്‍രോഗികളെയും കേരളത്തെയും പറ്റിക്കാന്‍ എസ്.എന്‍.സി ലാവലിനെ പിണറായി വിജയന്‍ സഹായിച്ചെന്ന് വി.എസ്. അച്യുതാനന്ദന്‍. ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കണമെന്ന് സിഡയും എസ്.എന്‍.സി ലാവ്ലിന്‍ മേധാവികളുമായി 1996 ഒക്ടോബര്‍ 17ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യം ആവശ്യപ്പെടുന്നത്. അന്നത്തെ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി കെ. മോഹനചന്ദ്രനാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. 15 മുതല്‍ 20 മില്യണ്‍ വരെ കനേഡിയന്‍ഡോളര്‍ ഇതിനായി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. കാന്‍സര്‍സെന്ററിന്റെ സാധ്യതാപഠനത്തിനും സാമ്പത്തിക സഹായത്തിനും ലാവലിന്‍ പ്രതിനിധികള്‍ സമ്മതിച്ചതായി കത്തില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത പദ്ധതികളുടെ നവീകരണ^സപ്ലൈ കരാറുകള്‍ നല്‍കുന്നതിന് പ്രതിഫലമായാണ് കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് ലാവലിന്‍ സമ്മതിച്ചത്. തുടര്‍ന്ന് കാന്‍സര്‍ സെന്ററിന്റെ വിശദമായ പ്രോജക്ട് തയാറാക്കി ലാവലിന്‍ 1997 ഡിസംബര്‍ 23 ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാലിന് നല്‍കി. ഇതോടൊപ്പം ലാവലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ക്ലൌസ് ട്രിന്റലിന്റെ കത്തും ഉണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും ആധുനികമായ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായിരിക്കും അതെന്ന് കത്തില്‍ അവകാശപ്പെട്ടിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതി പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത കരാറുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 98 കോടി രൂപ ഇതിനായി ലാവലിനും കാനഡ എക്സ്പോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷനും നല്‍കും. 1998 ജനുവരി 22 ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജ സെക്രട്ടറിക്ക് എഴുതിയ കത്തിലും ലാവലിന്‍കരാറിനുള്ള പ്രതിഫലമാണ് കാന്‍സര്‍ സെന്റര്‍ ഇടപാടെന്ന് വ്യക്തമാക്കിയിരുന്നു^വി.എസ് തുടരുന്നു. നായനാര്‍മന്ത്രിസഭ 198^വി 2^98^പി.ഡി ആയാണ് '98 മാര്‍ച്ച് മൂന്നിന് ലാവലിന്‍ കരാറിന് അനുമതി നല്‍കിയത്. ഇതിനായി മന്ത്രിസഭാ യോഗത്തിന് മുന്നില്‍വെച്ച രേഖയില്‍ സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘത്തിന് കാന്‍സര്‍ സെന്ററിന് 25 മില്യണ്‍ കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന് ലാവലിന്‍ ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു. ഈ ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നത് വൈദ്യുത പദ്ധതികളുടെ നവീകരണ^ഉപകരണ വിതരണകരാറുകള്‍ക്കുള്ള പ്രതിഫലമായാണ് മലബാര്‍ കാന്‍സര്‍സെന്റര്‍ നിര്‍മിച്ച് നല്‍കാമെന്ന് ലാവലിന്‍ വാഗ്ദാനം നല്‍കിയതെന്നാണ്. പക്ഷേ അത് നടന്നില്ല. എന്തുകൊണ്ട്? കാന്‍സര്‍ രോഗികളെ പറ്റിച്ച് ലാവ്ലിനുമായി ചേര്‍ന്ന് ആ 98 കോടി രൂപ തട്ടിയെടുത്തത് ആരാണ്? സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പവര്‍ ഡിപ്പാര്‍ട്ടുമെന്റ് കരാര്‍ പാലിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്.എന്‍.സി ലാവലിന് ബോധപൂര്‍വം സൌകര്യം ചെയ്ത് നല്‍കുകയായിരുന്നു. ഇതുവഴി 98 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് നല്‍കാമെന്ന ലാവലിന്റെ വാഗ്ദാനം വ്യക്തമായ വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തിയിട്ടില്ലെന്ന് '98 ജനുവരി 22 ^ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജവകുപ്പിന് നല്‍കിയ നോട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ ഊര്‍ജമന്ത്രിയായിരുന്ന സഖാവ് പിണറായി വിജയന്‍ തയാറായില്ല^വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് ശേഷം വൈദ്യുതി മന്ത്രിയായ സഖാവ് എസ്. ശര്‍മ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് ലാവലിന് സഹായകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതിനെ വിമര്‍ശിച്ച് കുറിപ്പെഴുതിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് എസ്.എന്‍.സി ലാവ്ലിനെ വഴിവിട്ട് സഹായിച്ചു എന്നാണ്^വി.എസ് വ്യക്തമാക്കുന്നു. വന്‍തോതിലുള്ള അഴിമതി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും ഒപ്പം സഖാവ് പിണറായി വിജയന്‍ ഈ തീരുമാനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വി.എസ് പറയുന്നു. ഈ കത്തില്‍ പരാമര്‍ശിച്ച മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വി.എസ് പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പി.കെ. പ്രകാശ്

ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു

30-jan-2009
തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)