വ്യവസായ മന്ത്രി ക്രമക്കേട് കാണിച്ചിട്ടില്ല
കൊച്ചി: എച്ച്.എം.ടി. ഭൂമി ഇടപാട് നിയമ വിധേയമാണെന്ന് ഹൈക്കോടതിയെ സര്‍ക്കാര്‍ ചൊവ്വാഴ്‌ച അറിയിച്ചു.
ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീം ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറഞ്ഞു. 18 ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കേസില്‍ വാദം കേള്‍ക്കും. ഇടപാട് റദ്ദാക്കാനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
70 ഏക്കര്‍ മുംബൈയില്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് എച്ച്.എം.ടി. വിറ്റത് നിയമവിധേയമാണെന്ന അഡ്വക്കേറ്റ്‌ജനറലിന്റെ നിയമോപദേശം സ്വീകരിച്ചാണ് സര്‍ക്കാര്‍ സത്യവാങ്‌മൂലം.
ഭൂപരിഷ്‌കരണ നിയമത്തിലെ മൂന്നാം അധ്യായത്തിലുള്ള എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും എച്ച്.എം.ടി.യെ 100 ഏക്കറിന്റെ കാര്യത്തില്‍ ഒഴിവാക്കി, 2000 ജൂലായില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ 70 ഏക്കര്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് കൈമാറാന്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരവും അവകാശവും ഉണ്ടായിരുന്നുവെന്ന് സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ''70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതിയും ആവശ്യമായിരുന്നില്ല''.
ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനെ വഴിവിട്ട് സഹായിക്കാനോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ വ്യവസായ മന്ത്രി ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എച്ച്.എം.ടി.യിലെ തൊഴില്‍പ്രശ്‌നത്തില്‍ ഉത്തമ വിശ്വാസത്തോടെയാണ് അദ്ദേഹം ഇടപെട്ടത്. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനായി സര്‍ക്കാരിന്റെ നയം അനുസരിച്ച് ഐ.ടി. സംരംഭങ്ങളെ സഹായിക്കാനാണ് വ്യവസായ മന്ത്രി നടപടി എടുത്തിട്ടുള്ളത്.
251 ഏക്കര്‍ മിച്ചഭൂമി എച്ച്.എം.ടി.ക്കുള്ളത് തിരിച്ചുപിടിക്കാന്‍ കണയന്നൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2002 ഏപ്രില്‍ 27 ന് ഉത്തരവിട്ടിരുന്നു. ആ ഭൂമിയെ എച്ച്.എം.ടി. വിറ്റ 70 ഏക്കറുമായി കൂട്ടിക്കുഴയേ്‌ക്കണ്ടതില്ല. ഒരു കോണില്‍ നിന്നും വ്യവസായ മന്ത്രി സമ്മര്‍ദങ്ങള്‍ക്ക് വിധേയനായിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച് മന്ത്രിയെ കരിതേയ്‌ക്കാനാണ് ഹര്‍ജിക്കാരനായ ജോയ് കൈതാരത്തിന്റെ ശ്രമം. 70 ഏക്കറിന്റെ പോക്കുവരവ് റവന്യു വകുപ്പ് ചെയ്‌തുകൊടുത്തതും നിയമാനുസൃതമാണ്. 70 ഏക്കര്‍ 91 കോടി രൂപയ്‌ക്ക് വാങ്ങിയത് കഴിഞ്ഞ വര്‍ഷം ഫിബ്രവരി 10 ന് മുഖ്യമന്ത്രിയെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് അറിയിച്ചിരുന്നു. ഭൂമി ഇടപാട് കര്‍ണാടക ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. (എച്ച്.എം.ടി.യുടെ കേന്ദ്ര ഓഫീസ് ബാംഗ്ലൂരിലാണ്).
100 ഏക്കര്‍ 1991 ജൂലായില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും ചില വ്യവസ്ഥകള്‍ സര്‍ക്കാര്‍ വെച്ചിരുന്നു. എന്നാല്‍ 2004 ജൂലായില്‍ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത്. അതോടെ ഭൂമിയുടെ പൂര്‍ണാവകാശം എച്ച്.എം.ടി.ക്ക് നിയമ തടസ്സങ്ങള്‍ ഇല്ലാതെ കിട്ടിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
No comments:
Post a Comment