16 Feb 2008
കൊച്ചി: ഭൂമി ഇടപാടില്‍ എച്ച്.എം.ടി. യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കി. ഭൂപരിഷ്‌കരണനിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് വിലയിരുത്തി അഡ്വ. ജനറല്‍ സി.പി.സുധാകര പ്രസാദ് നല്‍കിയ വിശദമായ നിയമോപദേശം മുഖ്യമന്ത്രിക്ക് ലഭ്യമാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം കഴിഞ്ഞ് വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മുഖ്യമന്ത്രിക്ക് ഫാക്‌സ് വഴി നിയമോപദേശം അയച്ചത്.
പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി കൈമാറുന്നത് സംബന്ധിച്ച് കര്‍ശനമായ വ്യവസ്ഥകള്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 44-ാം വകുപ്പില്‍ ഉണ്ട്. ഏതെങ്കിലും കമ്പനിക്കുവേണ്ടി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊടുത്താല്‍ അങ്ങനെ ഭൂമി കിട്ടുന്ന കമ്പനി അത് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലാത്തതാണ് എന്നാണ് വ്യവസ്ഥ.
ഇവിടെ കമ്പനി എന്നു പറയുന്നത് സര്‍ക്കാര്‍ കമ്പനിയല്ലാത്ത സ്ഥാപനങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി നിയമത്തിലെ 3 (ഇ) വകുപ്പ് വിലയിരുത്തിക്കൊണ്ട് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എച്ച്.എം.ടി.ക്ക് ഭൂമി കൈമാറുന്നതില്‍ യാതൊരു നിയമതടസ്സങ്ങളും നിലനില്‍ക്കുന്നില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടിയ 100 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കര്‍ മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന സ്ഥാപനത്തിന് എച്ച്.എം.ടി. കൈമാറിയതിന് സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിപോലും ആവശ്യമായിവരുന്നില്ല. ഭൂമി ഇടപാട് നിയമത്തിന്റെ ദൃഷ്ടിയില്‍ സാധുവാണ്. കാരണം, കൈമാറ്റത്തിന് യാതൊരു തടസ്സങ്ങളും നിയമത്തിലില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
2000 ജൂലായ് 11ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഒരു സുപ്രധാന ഉത്തരവും എച്ച്.എം.ടി.ക്ക് അനുകൂലമായതാണ്. അതനുസരിച്ച്, ഭൂപരിഷ്‌കരണനിയമത്തിലെ മൂന്നാം അധ്യായത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള നിയന്ത്രണങ്ങള്‍ ഒന്നും എച്ച്.എം.ടിക്ക് ബാധകമല്ല. പൊതുതാത്‌പര്യം മുന്‍നിര്‍ത്തിയാണ് ഭൂപരിഷ്‌കരണനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച് മൂന്നാം അധ്യായത്തിലെ വ്യവസ്ഥയില്‍നിന്ന് എച്ച്.എം.ടി.യെ ഒഴിവാക്കിയിട്ടുള്ളത്. അതിനാല്‍, ഭൂമി കൈമാറ്റം നിര്‍ബാധമായി എച്ച്.എം.ടി.ക്ക് നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ യാതൊരു തടസ്സവും എച്ച്.എം.ടി.ക്ക് ഇല്ല. 2000 ജൂലായ് നാലിലെസര്‍ക്കാര്‍ തീരുമാനം 2000 ജൂലായ് 11ലെ അസാധാരണ ഗസറ്റായിട്ടാണ് പ്രസിദ്ധീകരിച്ചത്. ഭൂമി എത്ര കൈവശംവെക്കാം, പരിധി എത്ര, കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവയാണ് ഭൂപരിഷ്‌കരണ നിയമത്തിലെ മൂന്നാം അധ്യായത്തിലുള്ളത്. ഈ അധ്യായത്തില്‍ നിയന്ത്രണങ്ങളും വ്യവസ്ഥയും പൊതുതാത്‌പര്യം മുന്‍നിര്‍ത്തി എച്ച്.എം.ടി.ക്ക് ഒഴിവാക്കിക്കൊടുത്തേ തീരൂ എന്ന് സര്‍ക്കാരിന് അഭിപ്രായം ഉള്ളതിനാലാണ് അങ്ങനെ ഉത്തരവ് ഇറക്കിയത്. പൊതുതാത്‌പര്യം സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടും നിയമവകുപ്പ് കഴിഞ്ഞവര്‍ഷം ജനവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടും ദുര്‍ബലപ്പെടുന്നു.
No comments:
Post a Comment