12-Augest 2009
കൊച്ചി: എച്ച്.എം.ടി. ഭൂമി ഇടപാട് സാധുവായി ഹൈക്കോടതി പ്രഖ്യാപിച്ചു. മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനം എച്ച്.എം.ടി.യില്‍ നിന്ന് വാങ്ങിയ 70 ഏക്കര്‍ ഭൂമി വ്യാവസായിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാരില്‍ നിന്ന് സൗജന്യമായി കിട്ടിയ ഭൂമി 91 കോടി രൂപയ്‌ക്കാണ് പ്രസ്‌തുത സ്ഥാപനത്തിന് എച്ച്.എം.ടി. വിറ്റത്. ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 100 ഏക്കറില്‍ നിന്നാണ് 70 ഏക്കര്‍ ഭൂമി എച്ച്.എം.ടി. വിറ്റത്. നടപടിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചതോടെ ഭൂമി ഇടപാടിലെ വിവാദം കെട്ടടങ്ങി.
70 ഏക്കര്‍ കൈമാറാന്‍ എച്ച്.എം.ടി.ക്ക് നിയമ തടസ്സങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ഇടപാട് സാധുവാണെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ബോധിപ്പിച്ചിരുന്നു. സ്‌പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ ടി.ജി. സുനിലും സര്‍ക്കാരിനുവേണ്ടി ഹാജരായിരുന്നു.
ഭൂമി ഇടപാട് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കാന്‍ മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി ജോയ് കൈതാരമാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ഭൂപരിഷ്‌കരണ നിയമം വിലയിരുത്തിക്കൊണ്ടാണ് കോടതി വിധി. മറ്റു സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍, സാമൂഹിക, സാംസ്‌കാരിക സംഘടനകള്‍ ഇത്തരത്തില്‍ ഭൂമി കൈമാറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ അവയ്‌ക്കും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാധുത ലഭിക്കും.
പൊതുതാത്‌പര്യം മുന്‍നിര്‍ത്തിയാണ് 100 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് എച്ച്.എം.ടി.ക്ക് ഒഴിവാക്കി കൊടുത്തിരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. അതിനായി പ്രസക്തമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. പൊതുതാത്‌പര്യത്തില്‍ ജനക്ഷേമവും ഉള്‍പ്പെട്ടിട്ടുള്ളതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എച്ച്.എം.ടി.ക്ക് നല്‍കിയിരുന്ന 784 ഏക്കര്‍ ഭൂമിയില്‍ 300 ഏക്കര്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടപടി എടുത്തിരുന്നു. ഹൈക്കോടതിയില്‍ എച്ച്.എം.ടി. അതിനെ ചോദ്യം ചെയ്‌തിരുന്നു, എന്നാല്‍ 300 ഏക്കര്‍ തിരിച്ചുകൊടുത്തു. പകരം 100 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തു. അതില്‍ 70 ഏക്കറാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് എച്ച്.എം.ടി. കൈമാറിയത്. ഐ.ടി. വ്യവസായം ഇവിടെ തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും 40,000 പേര്‍ക്കുവരെ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം എച്ച്.എം.ടി.യുടെ കൈവശമുള്ള ഭൂമിയില്‍ 250 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍പ്പെടുത്തി പിടിച്ചെടുക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടി എടുത്തിരുന്നു. അതിനെതിരെ എച്ച്.എം.ടി. നല്‍കിയിട്ടുള്ള ഹര്‍ജിയെ ഈ വിധിയിലെ പരാമര്‍ശങ്ങള്‍ ബാധിക്കില്ലെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്. 2000 ജൂലായ് 11-നാണ് എച്ച്.എം.ടി.ക്ക് 100 ഏക്കര്‍ ഭൂമി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. പ്രസ്‌തുത ഭൂമിയില്‍ നിന്ന് 70 ഏക്കര്‍ വില്‍ക്കാന്‍ എച്ച്.എം.ടി.ക്ക് അധികാരമില്ലെന്ന ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി. സീനിയര്‍ അഡ്വക്കേറ്റ് ടി.പി. കേളു നമ്പ്യാര്‍, അഡ്വ. വി.വി. നന്ദഗോപാല്‍ നമ്പ്യാര്‍, അഡ്വ. പി. വിശ്വനാഥന്‍ എന്നിവര്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു വേണ്ടിയും സീനിയര്‍ അഡ്വക്കേറ്റ് പത്രോസ് മത്തായി എച്ച്.എം.ടി.ക്കു വേണ്ടിയും ഹര്‍ജിക്കാരനു വേണ്ടി അഡ്വ. ശിവന്‍ മഠത്തിലും ഹാജരായി.
No comments:
Post a Comment