Showing posts with label പി.കെ. പ്രകാശ്. Show all posts
Showing posts with label പി.കെ. പ്രകാശ്. Show all posts

Sunday, January 17, 2010

ടാറ്റ സര്‍ക്കാര്‍ഭൂമി വിറ്റത് സര്‍വേ രേഖ തിരുത്തി

Sunday, January 17, 2010
തൊടുപുഴ: മൂന്നാറില്‍ റിസോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഭൂമി കൈയടക്കിയത് ടാറ്റയുടെയും സര്‍വേവകുപ്പിന്റെയും ഒത്താശയോടെയാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഭാഗമായി വിവിധ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളില്‍ കലക്ടറോട് വിശദ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാറും ഗവ. അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന പുനരന്വേഷണത്തിലാണ് മൂന്നാര്‍ ഭൂമി കൈയേറ്റം സംബന്ധിച്ച യഥാര്‍ഥചിത്രം പുറത്തുവന്നത്.
രവീന്ദ്രന്‍പട്ടയങ്ങള്‍ ഉപയോഗിച്ചാണ് റിസോര്‍ട്ടുകള്‍ ഭൂമി കൈയേറിയതെന്ന തെറ്റായ പ്രചാരണം അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തുന്നുണ്ട്. സര്‍വേരേഖകളില്‍ കൃത്രിമം വരുത്തി സര്‍ക്കാര്‍ഭൂമി സ്വന്തമാക്കിയ ശേഷം ഉടമസ്ഥതക്കായി വ്യാജ ഏല പട്ടയങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കലക്ടറുടെ കണ്ടെത്തല്‍.
മൂന്നാറില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലും സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയിലുമാണ് റിസോര്‍ട്ടുകള്‍ ഏറെയും. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തലുകളും ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തി.
മൂന്നാര്‍ ദൌത്യസംഘം പൊളിച്ച റിസോര്‍ട്ടുകളുടെയും പൊളിക്കാതെ രക്ഷപ്പെടുത്തിയ റിസോര്‍ട്ടുകളുടെയും ഭൂമി സംബന്ധിച്ച വിശദ പരിശോധനാ റിപ്പോര്‍ട്ടാണ് കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ദൌത്യസംഘം പൊളിക്കാതെ വിട്ട അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച അന്വേഷണത്തിലാണ് ടാറ്റയുടെ ഭൂമി വില്‍പനയും സര്‍വേവകുപ്പിന്റെ അഴിമതിയും പുറത്തുവന്നത്.
അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിന് പുറത്ത് സര്‍ക്കാര്‍ ടാറ്റക്ക് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത് പഴയ പള്ളിവാസല്‍ വില്ലേജിലെ^ഇപ്പോഴത്തെ ആനവിരട്ടി വില്ലേജ്^പ്ലോട്ട് നമ്പര്‍ 12ല്‍ 14 ഏക്കര്‍, പ്ലോട്ട് നമ്പര്‍ 13 ല്‍ ആറ് സെന്റ്, പ്ലോട്ട് നമ്പര്‍ 14 ല്‍ രണ്ടരയേക്കര്‍ എന്നിങ്ങനെയാണ്.
ഇതിനോട് ചേര്‍ന്ന് കണ്ണന്‍ ദേവന്‍ വില്ലേജിന്റെ ഈ ഭാഗത്ത് ടാറ്റക്ക് ഭൂമിയുള്ളത് സര്‍വേ 164/1 ല്‍ നൂറേക്കര്‍, 164/2 ല്‍ നാലേക്കര്‍ എന്നിങ്ങനെയാണ്. ഈ ഭാഗത്ത് കൂടിയാണ് മൂന്നാര്‍^ലക്ഷ്മി^വിരിപാറ റോഡ് കടന്നുപോകുന്നത്. പ്ലോട്ട് നമ്പര്‍ 14 ലെ ഭൂമിയിലൂടെ റോഡ് മുറിച്ച് പോകുന്നുവെന്നാണ് റീ സര്‍വേ റെക്കോഡുകളില്‍ സ്കെച്ച് എങ്കില്‍ യഥാര്‍ഥത്തില്‍ റോഡ് മുറിച്ചുപോകുന്നത് പ്ലോട്ട് നമ്പര്‍ 12 ലാണെന്ന് ഫിസിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പ്ലോട്ട് നമ്പര്‍ 14 ഉം, പ്ലോട്ട് നമ്പര്‍ 12 ഉം തമ്മില്‍ 1.4 കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്.
റോഡിന്റെ സ്കെച്ച് മാറ്റിവരച്ച് സര്‍ക്കാര്‍ പള്ളിവാസല്‍ വില്ലേജില്‍ ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഈ ഭൂമി അബാദിന് മറിച്ച് വില്‍ക്കുകയായിരുന്നു. റീ സര്‍വേ റെക്കോഡുകളില്‍ തിരിമറി നടത്തി തെറ്റായി റോഡ് സ്കെച്ച് ചെയ്താണ് ഇവിടെ സര്‍ക്കാര്‍ ഭൂമി ടാറ്റ അബാദിന് വിറ്റത്. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമി അബാദിന് വില്‍പന നടത്താന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തല്‍ നടത്തി. പതിനഞ്ചേക്കറോളം ഭൂമിയാണ് ഇവിടെ അബാദ് റിസോര്‍ട്ടിന് ടാറ്റ വിറ്റത്.

പി.കെ. പ്രകാശ്

Monday, February 23, 2009

88 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്നതിനും എതിര്‍പ്പ്; വനഭൂമിയല്ലെന്ന് ജില്ലാ കലക്ടര്‍

23-feb-2009
88 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്നതിനും എതിര്‍പ്പ്; വനഭൂമിയല്ലെന്ന് ജില്ലാ കലക്ടര്‍ 
തൊടുപുഴ: മൂന്നാറില്‍ 88 ഏക്കര്‍ ഭൂമി 1044 പേര്‍ക്ക് ഇന്ന് വിതരണം ചെയ്യാനിരിക്കെ എതിര്‍പ്പുമായി ടാറ്റാ ടീയും മുന്‍ ദൌത്യസംഘാംഗങ്ങളും രംഗത്ത്. ഇന്ന് വിതരണം ചെയ്യുന്നതില്‍ 77 ഏക്കര്‍ വരുന്ന കുറ്റിയാര്‍ ഹൌസിംഗ് സൈറ്റ് വനഭൂമിയാണെന്ന പ്രചാരണവുമായാണ് അവര്‍ രംഗത്തുവന്നത്. എന്നാല്‍, ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുറ്റിയാര്‍ ഹൌസ് സൈറ്റ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയാണെന്നും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് 'മാധ്യമ'ത്തോട് പറഞ്ഞു. ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ ഇത് ടാറ്റയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിന് ഉതകുന്ന ഭൂമിയാണിതെന്ന് ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റിയാര്‍ ഹൌസ് സൈറ്റ് എന്ന് തന്നെയാണ് ഈ പ്ലോട്ടിന്റെ പേരെന്നതും ശ്രദ്ധേയമാണ്. മൂന്നാറില്‍ പാവങ്ങള്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനുള്ള നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇത് വനഭൂമിയാണെന്ന പ്രചാരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത 70,000ത്തിലേറെ ഏക്കറില്‍ 50,000 ഏക്കര്‍ ഇപ്പോഴും ടാറ്റയുടെ നിയന്ത്രണത്തില്‍ തന്നെയാണ്. മാങ്കുളത്ത് അയ്യായിരം ഏക്കര്‍ ഭൂമിയില്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ചില പരിസ്ഥിതി സംഘടനകളെ ഉപയോഗിച്ച് അത് സ്റ്റേ ചെയ്യിച്ചു. ടാറ്റയില്‍ നിന്നും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ട ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നാര്‍ ദൌത്യം നടത്തിയത്. എന്നാല്‍, ഭൂരഹിതരെയും പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനായാണ് ശ്രമം നടന്നത്. ടാറ്റ സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വിറ്റ ഭൂമിയില്‍ ഉയര്‍ന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും ഏല കുത്തകപ്പാട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു. അവസാനം സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയുടെ കണക്ക് നോക്കിയപ്പോള്‍ വെറും 130 ഏക്കര്‍ മാത്രമാണെന്ന് തെളിഞ്ഞു. ഇതാകട്ടെ വിവിധ കോടതികളില്‍ കേസും വിചാരണയും നേരിടുകയാണ്. മൂന്നാറില്‍ 16,000 ഏക്കര്‍ ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതില്‍ 1600 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് നവംബര്‍ ആദ്യം മൂന്നാറില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30,000 പേര്‍ ഭൂമിക്കായി അപേക്ഷ നല്‍കി. ഇതില്‍ ഒമ്പതിനായിരത്തിലേറെ പേര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജില്‍ നിന്നുള്ള ഭൂരഹിതരായിരുന്നു. വിതരണത്തിനൊരുങ്ങിയപ്പോഴാണ് ഭൂമിയില്ലെന്ന സത്യം തെളിഞ്ഞത്. അതിനാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ '77ല്‍ ഏറ്റെടുത്ത 88 ഏക്കര്‍ ഒമ്പതിനായിരത്തിലേറെ ഭൂരഹിതരില്‍ നിന്ന് നറുക്കിട്ടെടുത്ത 1044 പേര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമി വിതരണത്തിനെതിരെ മൂന്നാറിലെ സ്വകാര്യ വ്യക്തി വഴി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഗവ. പ്ലീഡര്‍ സര്‍ക്കാറിന് വേണ്ടി ശക്തമായി വാദിച്ചതിനാല്‍ ഭൂവിതരണം സ്റ്റേ ചെയ്യാനുള്ള ടാറ്റയുടെ തന്ത്രം ഫലിച്ചില്ല. ഇതിന് പിന്നാലെയാണ് മുന്‍ ദൌത്യസംഘം മേധാവിയെ ഉപയോഗിച്ച് പരിപാടി അട്ടിമറിക്കാന്‍ നീക്കം ആരംഭിച്ചത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാതെ വിവാദങ്ങളില്‍ മൂന്നാര്‍ ദൌത്യം അവസാനിപ്പിച്ച മുന്‍ ദൌത്യസംഘം മേധാവിയും വി.എസ് നീക്കം ചെയ്ത മുന്‍ ഗവ. പ്ലീഡറും ഭൂവിതരണം അട്ടിമറിക്കുന്നതിന് വേണ്ടി നുണപ്രചാരണവുമായി രംഗത്തുവരികയായിരുന്നു. മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുന്ന ഭൂമി വനഭൂമിയാണെന്ന് എല്ലാ പത്രം ഓഫീസുകളിലും തെറ്റായ വാര്‍ത്ത നല്‍കിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയാല്‍ ഇപ്പോള്‍ കൈയേറി വെച്ചിരിക്കുന്ന ഭൂമിയെല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവാണ് 88 ഏക്കര്‍ ഭൂവിതരണത്തിനെതിരെ പോലും എതിര്‍പ്പുയര്‍ത്താന്‍ ടാറ്റയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് മൂന്നുമാസം മുമ്പ് ടാറ്റ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ രംഗത്തുവന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഭൂവിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലും കച്ചേരി സെറ്റില്‍മെന്റും ഭൂമി കൈയേറാന്‍ ശ്രമം ആരംഭിച്ചു.

Thursday, February 19, 2009

ഇരുമുന്നണികളും ലാവലിനെ സഹായിച്ചു

19/02/2009
തൊടുപുഴ: മലബാറില്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ഇരുമുന്നണികളും ലാവലിനെ സഹായിച്ചു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതികളുടെ നവീകരണ കരാറിനു പ്രതിഫലമായി കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ പണം നല്‍കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് സര്‍ക്കാറായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇടത് സര്‍ക്കാറിന്റെ കാലത്ത് ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചെങ്കിലും വ്യവസ്ഥകള്‍ കരാറാക്കുന്നതില്‍ ആദ്യം വീഴ്ചവരുത്തിയത് മന്ത്രി എസ്. ശര്‍മയാണെന്നും യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനെ സഹായിക്കുന്ന രീതിയില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നെന്നും രേഖകള്‍ പറയുന്നു. ലാവലിന്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും ജലവൈദ്യുതി പദ്ധതികളുടെ നിര്‍മാണത്തിന് പ്രതിഫലമായി നല്‍കേണ്ട തുകയും പലിശയും ഒരു വിയോജിപ്പുമില്ലാതെ തിരിച്ചടക്കുകയായിരുന്നു. കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമം അനുസരിച്ച് ലാവലിന്റെ പിന്മാറ്റത്തെ അവിടെ ചോദ്യം ചെയ്യാനും ഒരു സര്‍ക്കാറും തയാറായില്ല. ആന്റണി സര്‍ക്കാറിന്റെ കാലത്ത് 2002 ജനുവരി 11ന് ചേര്‍ന്ന ജലസേചനവും വൈദ്യുതിയും സംബന്ധിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ട് ലാവലിന്‍ കരാറില്‍ യു.ഡി.എഫ്^എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ പങ്ക് പുറത്തുകൊണ്ടുവരുന്നതാണ്. ലാവലിന്‍ ഇതുവരെ തുകയൊന്നും തന്നിട്ടില്ലെന്നും അവരുടെ കണ്‍സള്‍ട്ടന്‍സിയായ ടെക്നിക്കാലിയ വഴിയാണ് പണം ചെലവഴിച്ചതെന്നും മലബാര്‍ കാന്‍സര്‍ സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ സമിതിയെ അറിയിച്ചിരുന്നു. 11.75 കോടി രൂപ കാന്‍സര്‍ സെന്ററിന് വേണ്ടി അവര്‍ ചെലവഴിച്ചു. 67 ലക്ഷം രൂപ ബ്ലഡ് ബാങ്കിന് ലഭ്യമാക്കിയതായും എം.ഡി പറയുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിടുന്ന സമയത്തുതന്നെ കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന വ്യവസ്ഥയും രൂപപ്പെടുത്തിയിരുന്നുവെന്നാണ് സമിതി രേഖകള്‍ വ്യക്തമാക്കുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ '98 ഏപ്രില്‍ 25നാണ് മലബാര്‍ കാന്‍സര്‍ സെന്ററിനു വേണ്ടി ലാവലിനും സംസ്ഥാന സര്‍ക്കാറും ധാരണാപത്രം ഒപ്പിട്ടത്. 180 ദിവസമായിരുന്നു ധാരണാപത്രത്തിന്റെ കാലാവധി. പദ്ധതി നടത്തിപ്പിനു വേണ്ട പണം കണ്ടെത്തുക, നടപടികള്‍ രൂപകല്‍പന ചെയ്യുക, പദ്ധതി രൂപവത്കരിക്കുക, പ്രാദേശിക എഞ്ചിനീയര്‍മാര്‍ക്ക് ഉപദേശം നല്‍കുക എന്നിവയായിരുന്നു ലാവലിന്റെ ചുമതലകള്‍. പിണറായിക്കു ശേഷം എസ്. ശര്‍മ മന്ത്രിയായപ്പോഴാണ് ധാരണാപത്രം പുതുക്കുന്നത് ആദ്യമായി തടസ്സപ്പെട്ടത്. ധാരണാപത്രം കരാര്‍ ആക്കാനും ഈ സമയത്ത് ശ്രമം നടന്നു. ഇതിന്റെ ഭാഗമായി ലാവലിന്‍ വൈദ്യുതി വകുപ്പിന് കരട് കരാര്‍ നല്‍കി. പണം സമാഹരിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലാവലിന്‍ സമ്മതിച്ചതായേ കരടു കരാറില്‍ കാണുന്നുള്ളൂവെന്നും ഇതു പദ്ധതി നടത്തിപ്പിനു വേണ്ട മുഴുവന്‍ സാമ്പത്തിക സഹായവും നല്‍കുമെന്ന ധാരണാപത്ര വ്യവസ്ഥയില്‍നിന്നുള്ള മാറ്റമാണെന്നും ശര്‍മ നോട്ട് എഴുതിയതോടെയാണ് കരാര്‍ നീക്കം മുടങ്ങിയത്. മുഴുവന്‍ പണവും ലാവലിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തിയേ കരാറുണ്ടാക്കാവൂ എന്നും ശര്‍മ നിര്‍ദേശിച്ചു. 2001 ഏപ്രില്‍ 24നാണ് ശര്‍മ ഈ കുറിപ്പെഴുതിയത്. '98ല്‍ വൈദ്യുതി മന്ത്രിയായ ശര്‍മ അതുവരെ അനങ്ങാതിരുന്നശേഷം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ലാവലിന്‍ പന്ത് വീണ്ടും യു.ഡി.എഫിന്റെ കളത്തിലേക്ക് തട്ടിവിടുകയായിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികള്‍ക്കു വാങ്ങിയ 54.4 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ തിരിച്ചടവ് 2001 ഒക്ടോബര്‍ 15ന് ആരംഭിക്കാനിരിക്കെയാണ് ലാവലിന്‍ നല്‍കേണ്ട പണത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താതിരുന്നത്. 2001 മെയില്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒക്ടോബര്‍ മുതല്‍ വായ്പ തിരിച്ചടച്ചു തുടങ്ങി. കാന്‍സര്‍ സെന്ററിന് നല്‍കേണ്ട പണം എം.ഒ.യു അനുസരിച്ച് 2000 ത്തില്‍തന്നെ പൂര്‍ണമായി ലഭിക്കേണ്ടതായിരുന്നു. ഈ പണം ഈടാക്കുന്നതിനു നടപടി സ്വീകരിക്കാന്‍ ഇരു മുന്നണി ഭരണത്തിനും കഴിഞ്ഞില്ല. കാന്‍സര്‍ സെന്ററിനുനല്‍കേണ്ട 103 കോടിയില്‍ 11.75 കോടി മാത്രമാണ് ലാവലിന്‍ നല്‍കിയത്. 2002 ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ലാവലിന്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കിയെങ്കിലും അദ്ദേഹം നടപടികളുമായി മുന്നോട്ടുപോയില്ലെന്നും രേഖകള്‍ തെളിയിക്കുന്നു. പി.കെ. പ്രകാശ്

Thursday, January 29, 2009

ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു

30-jan-2009
തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്

Thursday, January 1, 2009

മൂന്നാര്‍: ഗവ. പ്ലീഡര്‍ ടാറ്റക്കും വന്‍കിട റിസോര്‍ട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു

2 jan 2009 
തൊടുപുഴ: മൂന്നാറില്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നത് കോടതി നടപടികളില്‍ വീഴ്ച വരുത്തിയും തെറ്റായ നിയമോപദേശങ്ങള്‍ നല്‍കിയും ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവ. പ്ലീഡറില്‍ നിന്ന് മൂന്നാര്‍ കേസുകള്‍ എടുത്തുമാറ്റണമെന്നും ഗവ. പ്ലീഡറെ നീക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ടാണ് സീനിയര്‍ ഗവ. പ്ലീഡറെ തെറുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുന്നതിന് വഴിയൊരുക്കിയത്. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് നിരന്തരം ഭീഷണി വഴി ഗവ. പ്ലീഡര്‍ തടഞ്ഞുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടാറ്റ കൈയേറിയ 200 ഏക്കര്‍ ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 28ന് കലക്ടര്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഒഴിപ്പിക്കരുതെന്ന് ഗവ. പ്ലീഡര്‍ നേരിട്ട് കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. സ്റ്റേയുടെ കോപ്പി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടര്‍ ഗവ. പ്ലീഡറെ അറിയിച്ചു. ഇതിനായി പോലിസ് സന്നാഹവും ഒരുക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വഴി ഗവ. പ്ലീഡര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. തെറ്റായ നിയമോപദേശം മുഖ്യമന്ത്രിക്ക് നല്‍കിയാണ് ഗവ. പ്ലീഡര്‍ ടാറ്റക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത്. ഇതിന് ശേഷമാണ് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഒഴിപ്പിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകേണ്ട ഗവ. പ്ലീഡര്‍ ഹാജരായില്ല. പകരം ആരെയും നിയോഗിച്ചില്ല. ഇത് ടാറ്റക്ക് അനുകൂലമായി. അതിന് മുമ്പ് ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചു. സര്‍വേ നമ്പര്‍ 60/1 ^ല്‍ വരുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് 60/3 ^ല്‍ വരുന്ന ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തെറ്റായ നിര്‍ദേശം കലക്ടര്‍ പ്രാവര്‍ത്തികമാക്കിയാല്‍ ടാറ്റയുടെ പാട്ടഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ടാറ്റക്ക് കഴിയുമായിരുന്നു. ഇത്തരത്തില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കേണ്ട 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് തടയുന്നതിന് ഗവ. പ്ലീഡറും മുന്‍ ദൌത്യസംഘം മേധാവിയും നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്. ഭൂമാഫിയക്ക് വേണ്ടി മൂന്നാറില്‍ ഗവ. പ്ലീഡര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവ. പ്ലീഡറെ നീക്കിയശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭൂമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് ഗവ. പ്ലീഡറെ മാറ്റിയെന്നാണ്. ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ മുന്‍ ദൌത്യസംഘം മേധാവിയും ഗവ. പ്ലീഡറും റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്കെതിരെ ആദ്യം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് ഇതേ റിസോര്‍ട്ട് ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ അവരുമായി ഒത്തുചേരുകയും ചെയ്തതിന്റെ വിവരങ്ങളാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. അബാദ് റിസോര്‍ട്ടിന്റെ പട്ടയങ്ങള്‍ കാന്‍സല്‍ ചെയ്ത് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ മന്ത്രി തന്നെ ഉത്തരവിട്ടു. ഇതില്‍ അബാദ് റിസോര്‍ട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജില്ലാ ഭരണകൂടം ഗവ. പ്ലീഡര്‍ക്ക് നല്‍കുകയും പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സ്റ്റേ ഒഴിവാക്കാനുള്ള ഒരു നടപടിയും സ്ഥാനം ഒഴിയുംവരെ സ്വീകരിച്ചിട്ടില്ല. അബാദ് റിസോര്‍ട്ടിന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ടാറ്റാ സര്‍വേയറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയ കേസില്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.ചിന്നക്കനാലില്‍ ലോട്ടറി രാജാവുമായി ബന്ധപ്പെട്ട ഭൂമി കൈയേറ്റം ജില്ലാ കലക്ടര്‍ കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്ത് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ ഭൂമാഫിയ കോടതിയെ സമീപിച്ചു. വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആരായാനോ അത് കോടതിയെ ധരിപ്പിക്കാനോ ഗവ. പ്ലീഡര്‍ തയാറായില്ല. പകരം ഭൂമാഫിയയുടെ ആവശ്യപ്രകാരം അഭിഭാഷക കമീഷനെ നിയോഗിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും വ്യാജപട്ടയം വഴി കൈയേറിയ ഭൂമിയിലെ ഏലക്കൃഷി കേസ് തീരുംവരെ നോക്കി നടത്താനുള്ള ഉത്തരവാദിത്തം ജില്ലാ കലക്ടറെ ഏല്‍പിക്കുന്നതിന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഗവ. പ്ലീഡറെ സി.പി.എം മാറ്റിയശേഷം ഇപ്പോള്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഈ കേസില്‍ റിവിഷന്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ട ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ച കേസിലും പിന്നീട് കോടതിയില്‍ ഗവ. പ്ലീഡര്‍ ഒത്തുകളിച്ചതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45 ലക്ഷം രൂപ ചെലവില്‍ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയിലൂടെ സര്‍ക്കാറിന് ലഭിച്ചത് വെറും 130 ഏക്കര്‍ സ്ഥലമാണ്. ഇതാകട്ടെ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ വിതരണ യോഗ്യമല്ല. '76 ^ല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വന്ന 310 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ അവസാനം മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെങ്കിലും ടാറ്റക്ക് വേണ്ടി ഈ ഭൂവിതരണവും ഗവ. പ്ലീഡര്‍ കോടതിയില്‍ അട്ടിമറിച്ചു. മൂന്നാര്‍ കേസുകള്‍ നീക്കം ചെയ്യപ്പെട്ട ഗവ. പ്ലീഡറില്‍ നിന്ന് ഏറ്റെടുത്ത രഞ്ജിത് തമ്പാനാണ് പിന്നീട് ഈ സ്റ്റേ നീക്കിയത്.മൂന്നാര്‍ ഗൂഢാലോചന സംഘത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും ടാറ്റയില്‍ നിന്നും വന്‍കിടക്കാരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശരിയായ ദിശാബോധത്തോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗം മൂന്നാര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുകയും ചെയ്യുമെന്നാണ് സൂചന.

Wednesday, December 31, 2008

ഷൊര്‍ണൂര്‍ പ്രശ്നം പരിഹരിക്കാന്‍ പിണറായിക്ക് നിര്‍ദേശം

01/01/2009 തൊടുപുഴ: വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ക്ലീന്‍ ഇമേജിന് ഉപദേഷ്ടാക്കളും അടുത്ത ബന്ധുക്കളും സൃഷ്ടിച്ച പോറല്‍ വി.എസിന് തിരിച്ചടിയായി. ഉപദേഷ്ടാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വഴങ്ങരുതെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വേണ്ടി പ്രകാശ് കാരാട്ട് വി.എസിന് നല്‍കിയത്. ഡി.ഐ.സി ബന്ധം മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ വി.എസിനൊപ്പം ഉറച്ചുനിന്ന കേന്ദ്ര നേതൃത്വം പതിവ് തെറ്റിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നല്‍കുന്ന ചിത്രം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് മാത്രമാണ് വി.എസിന് ലഭിച്ച ഏക ആശ്വാസം. കേന്ദ്ര നേതൃത്വം കൈവിടുന്നതും സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് തവണയായി ക്ലീന്‍ ഇമേജിനേറ്റ കടുത്ത പോറലും വി.എസിന് തിരിച്ചടിയായി. കേരളാ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ വീണ്ടും വി.എസിനെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഐക്യപ്പെടുത്താനും ശക്തമായ സല്‍ഭരണം ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് സി.പി.എം കേന്ദ്ര നേതൃത്വം നീങ്ങുന്നുവെന്ന സംശയരഹിതമായ നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും അവൈലബിള്‍ പോളിറ്റ് ബ്യൂറോയിലും പ്രകാശ് കാരാട്ട് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി. ഷൊര്‍ണൂരിന്റെയും ഒഞ്ചിയത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ഫോര്‍മുല അഖിലേന്ത്യാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമാണ് കേരളം. ഇവിടെ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും അകലുന്നത് അവസാനിപ്പിച്ച് അടുപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ സംഭവിച്ചത് എന്താണെന്ന് നേരിട്ട് അന്വേഷിക്കാനും ഉചിതമായ തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തന്നെയാണ് അഖിലേന്ത്യാ സെക്രട്ടറി ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കാനും തിരുത്താനുമാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാരാട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരെ പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം തന്നെയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും സംഭവിച്ച തെറ്റുകള്‍ തിരുത്തണമെന്ന ആവശ്യമായിരുന്നു വി.എസ് ഉന്നയിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ചത്. എന്നാല്‍, വി.എസ് ഭരണത്തില്‍ ഇതേ തെറ്റുകള്‍ വി.എസിന്റെ ഉപദേഷ്ടാക്കള്‍ നടത്തുന്നത് സംബന്ധിച്ച നിരവധി തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഒപ്പം കുടുംബരാഷ്ട്രീയം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് സംസ്ഥാന കമ്മിറ്റികളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കള്‍ക്കും മകനുമെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്ലീന്‍ ഇമേജില്‍ ഏല്‍പിച്ച പോറല്‍ വി.എസ് തന്നെ തിരിച്ചറിഞ്ഞു. ഉപദേഷ്ടാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും വി.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുത്ത വി.എസിന്റെ ഉത്തരവ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്ന വിമര്‍ശം. 'പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരു മുറിയില്‍ കഴിയാന്‍ സ്വാതന്ത്യ്രമുണ്ടെന്ന' വാദം ഉയര്‍ത്തി അവസാന നിമിഷം വരെ തന്റെ നടപടിയെ ന്യായീകരിക്കാന്‍ വി.എസ് ശ്രമിച്ചു. ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മേനോനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി പെണ്‍വാണിഭ സംഘത്തെയും ഭൂമാഫിയാ സംഘത്തെയും കൈയാമം വെക്കുമെന്ന ഇടതുമുന്നണി പ്രകടന പത്രികയുടെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് മേനോന്റെ കാര്യത്തില്‍ വി.എസിനെ തിരുത്താന്‍ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടാറ്റ അനുകൂല നിലപാട് വി.എസിന്റെ ഉപദേഷ്ടാക്കള്‍ സ്വീകരിച്ചത് സംബന്ധിച്ച നിരവധി തെളിവുകളാണ് സെക്രട്ടേറിയറ്റിനും കേന്ദ്ര നേതൃത്വത്തിനും മുന്നിലെത്തിയത്. ടാറ്റക്കെതിരെ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നുള്ള വി.എസിന്റെ പിന്മടക്കത്തിന് വ്യക്തമായ ന്യായീകരണം നല്‍കാന്‍ വി.എസിനായില്ല. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ ഭൂമി തിരിച്ചുപിടിക്കാനും പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള സി.പി.എം മൂന്നാര്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് ഇടതുമുന്നണിയില്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ വി.എസിന് നിര്‍ദേശം നല്‍കി. ഉപദേഷ്ടാക്കളുടെ സ്വാധീനത്തിന് വഴങ്ങി ടാറ്റാ വിരുദ്ധ നിലപാട് കൈയൊഴിഞ്ഞ വി.എസിന് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ദേശം തിരിച്ചടിയായി. ടാറ്റക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വി.എസിന്റെ നിയമോപദേഷ്ടാവിന് സ്ഥാനം തെറിക്കാന്‍ കാരണം. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം രൂപം കൊടുത്ത സ്വതന്ത്ര സോഫ്ട്വെയര്‍ മൂവ്മെന്റിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പൊളിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായാണ് അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയത്. ബംഗാള്‍, ആന്ധ്ര, ദല്‍ഹി ഘടകങ്ങളും കേരള ഘടകവും ഉള്‍പ്പെടുത്തി അഖിലേന്ത്യാ സ്വതന്ത്ര സോഫ്ട്വെയര്‍ പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നേതൃത്വം രൂപംകൊടുത്ത ഈ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചത് ഇതിനെ തകര്‍ത്തുവെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആക്ഷേപം. കേരളത്തില്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്നതിന് വേണ്ടി ഐ.ടി. ഉപദേശഷ്ടാവ് പ്രവര്‍ത്തിച്ചതായും കേന്ദ്ര നേതൃത്വം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉപദേഷ്ടാവിനെ നീക്കാന്‍ പ്രകാശ് കാരാട്ട് തന്നെയാണ് വി.എസിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിക്ക് വഴങ്ങി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നേതൃത്വം നല്‍കിയതോടെ അപകടം തിരിച്ചറിഞ്ഞ വി.എസ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ താക്കീതുകള്‍ക്കെല്ലാം വഴങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മുന്‍ ദൌത്യസംഘം മേധാവി, ഐ.ടി^നിയമ^ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാക്കള്‍ എന്നിവരോട് ഇനി തന്നെ കാണരുതെന്ന കര്‍ശന നിര്‍ദേശം വി.എസ് നല്‍കിയത് ഇതിന്റെ സൂചനയാണ്. പാര്‍ട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്ന അവസാന പരീക്ഷണത്തിന് വി.എസ് ഒരുങ്ങിയെന്നതിന്റെ സൂചന. പി.കെ. പ്രകാശ്

സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ണായകം; കടുത്ത നടപടി വരുന്നതായി സൂചന

30 december 2008 തൊടുപുഴ: മൂന്നാറില്‍ ടാറ്റ കൈയേറിയ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടുക്കി ജില്ലാ കലക്ടറുടെ നടപടി തടസ്സപ്പെടുത്തിയതിനാണ് സീനിയര്‍ ഗവ. പ്ലീഡറെ മാറ്റാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോനെ നീക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൌസില്‍ അനാശാസ്യത്തിനിടയില്‍ പിടിയിലായ മേനോനെ കേസ് തീരുംമുമ്പ് തിരിച്ചെടുത്ത നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് ഐ.ടി ഉപദേഷ്ടാവിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളെയാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് തെറിപ്പിച്ചത്. ഐ.ടി ഉപദേഷ്ടാവ്, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കണമെന്ന ആവശ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. ഐ.ടി ഉപദേഷ്ടാവും മുന്‍ ദൌത്യസംഘം മേധാവിയും ഉള്‍പ്പെട്ട സംഘം സ്മാര്‍ട്ട്സിറ്റിയുമായി വെച്ച കരട് കരാര്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്ക് ഇടപെട്ട് നടത്തിയ തിരുത്തലുകളാണ് സര്‍ക്കാര്‍ അനുകൂല വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയത്. ഇങ്ങനെ രൂപംകൊടുത്ത കരാര്‍ ഒപ്പുവെച്ച ശേഷം പത്തേക്കര്‍ ഭൂമി അധികമായി എങ്ങനെ ടീകോമിന് നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഗവ. പ്ലീഡര്‍ സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഗവ. പ്ലീഡറെ ഒഴിവാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തന്റെ മൂന്ന് ഉപദേഷ്ടാക്കള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പ്രത്യാക്രമണത്തിന് മുതിര്‍ന്നു. തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനെ നീക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് ഉപദേഷ്ടാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റ് നടത്തിയ നീക്കം പ്രതിരോധിക്കാന്‍ വി.എസ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി ഉച്ചക്ക് പിരിഞ്ഞു. പ്രധാന പാര്‍ട്ടി നേതാക്കള്‍ അതിന് ശേഷം യോഗം ചേര്‍ന്നു. വൈകുന്നേരം നാലുമണിയോടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. ഭരണവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അഴിമതികളിലും സി.പി.എം കേന്ദ്ര നേതൃത്വം ഉറച്ച നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. മുന്‍ ഇടത് സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി വി.എസ് സര്‍ക്കാറില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബ ഭരണവും ഉപജാപക സംഘങ്ങളുടെ അഴിമതിയും പിടിമുറുക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഗോള്‍ഫ് ക്ലബില്‍ ഭരണത്തിലെ ഉന്നതന്റെ മകനുള്ള അംഗത്വം ഒഴിപ്പിക്കല്‍ നടപടിക്ക് സൃഷ്ടിച്ച തടസ്സങ്ങള്‍ നിവേദിത പി. ഹരന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടി വഴി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ പാര്‍ട്ടിയും ഭരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുത്തേക്കും. പി.കെ. പ്രകാശ്

Thursday, December 25, 2008

മൂന്നാര്‍ ഭൂമി വിതരണം നടക്കില്ല

16 december 2008 തൊടുപുഴ: മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവില്ല. ഭൂമിയില്ലാത്തതിനാല്‍ വിതരണം നടക്കില്ലെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിതരണം ചെയ്യാന്‍ 310 ഏക്കര്‍ ഭൂമിയാണ് ആകെ കണ്ടെത്തിയത്. ഇതില്‍ 295 ഏക്കറിന്റെയും വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്നു മാസത്തിനകം 1600 ഏക്കര്‍ വിതരണം ചെയ്യുമെന്നായിരുന്നു നവംബര്‍ ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിതരണം ചെയ്യുന്ന ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കാതിരിക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന സത്യം ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചത്. വിതരണം ചെയ്യാന്‍ കണ്ടെത്തിയ 310 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നത് കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലെ 280 ഏക്കറും കച്ചേരി സെറ്റില്‍മെന്റിലെ 15 ഏക്കറും അന്തോണിയാര്‍ കോളനിയിലെ പത്ത് ഏക്കറും മറ്റൊരു അഞ്ചേക്കറും ആയിരുന്നു. ഈ സ്ഥലങ്ങളെല്ലാം 1976ല്‍ തന്നെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ടതും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇതില്‍ 295 ഏക്കറിന്റെ വിതരണമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. ഭൂമി സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡും സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് കഴിയാത്തതിനാലാണ് കോടതി സ്റ്റേ ഉത്തരവ് നല്‍കിയത്. കൊട്ടിഘോഷിച്ച മൂന്നാര്‍ ഓപറേഷന്‍ വഴി വിതരണ യോഗ്യമായ ഒരു സെന്റ് ഭൂമി പോലും സര്‍ക്കാറിന് ലഭിച്ചില്ല. ആദ്യ ദൌത്യസംഘം വെറും 130 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതാകട്ടെ ഏല കുത്തകപ്പാട്ട നിയമം ലംഘിച്ച് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതിന് ഏറ്റെടുത്തതായതിനാല്‍ പതിച്ചുനല്‍കാന്‍ കഴിയില്ല. മാത്രമല്ല, ഈ 130 ഏക്കര്‍ വിവിധ കോടതികളില്‍ കേസുകളിലുമാണ്. വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്നും ആദ്യദൌത്യസംഘം ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ നിയമതടസ്സങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ടാറ്റയുടെ 1200 ഏക്കര്‍ കൈയേറ്റം നേരിട്ട് പിടിച്ചെങ്കിലും വനഭൂമിയായതിനാല്‍ ഇതും പതിച്ചുനല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.കെ. പ്രകാശ്

സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

തൊടുപുഴ: ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്റെ കൈയേറ്റ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് ദേവികുളം സബ്കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. രണ്ടുദിവസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് ബി.ആര്‍. മേനോന്‍ കൈയേറിയ ഭൂമിയിലെ സര്‍വേ നടപടികള്‍ ഇന്നലെ ആരംഭിച്ചു. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്ന ദൌത്യസംഘം കണ്ടെത്തിയ വിവരം കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ ദൌത്യസംഘം നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതന്‍ ഇടപെട്ട് തടഞ്ഞ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ റവന്യൂ വകുപ്പ് ദൌത്യസംഘത്തിന് ഇന്നലെ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീണ മേനോനും ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ടാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. ഭൂ ഉടമസ്ഥ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ല. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ഉള്‍പ്പെടുന്ന സ്ഥലമാണ് മേനോന്‍ കൈയേറിയതെന്നാണ് ദൌത്യസംഘത്തിന്റെ പ്രാഥമിക നിഗമനം. ടാറ്റയും മേനോനും ഒന്നിച്ച് നടത്തിയ ഭൂമി തട്ടിപ്പാണിതെന്നാണ് റവന്യൂ വകുപ്പിന് ദൌത്യസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റ വില്‍പന നടത്തുന്നുവെന്ന് നേരത്തെ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ദൌത്യസംഘം സ്വീകരിച്ച നടപടികള്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവ. പ്ലീഡര്‍ തടഞ്ഞത് വിവാദമായിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന നിലയില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ടാറ്റയെ സഹായിക്കുന്നതിന് വേണ്ടി നടന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ നടത്തുന്ന ക്രമക്കേടുകളാണ് മേനോന്റെ കൈയേറ്റത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി

05 december 2008 
തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്‍ മൂന്നാറില്‍ നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ദൌത്യസംഘം കണ്ടെത്തി. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീള മേനോനും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോനോട് ഈവര്‍ഷം ഫെബ്രുവരിയില്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളാണ് ഉന്നത ഇടപെടലും ടാറ്റയുടെ ഒത്താശയും വഴി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കൈയടക്കുന്നതിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഭൂ ഉടമസ്ഥത സംബന്ധിച്ച ആധാരങ്ങള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ലെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേനോന്‍ ദൌത്യസംഘത്തിന് ഭൂമി സംബന്ധിച്ച് നല്‍കിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളില്‍ പറഞ്ഞിരിക്കുന്നത് 1990 ^ല്‍ ഫിലോമിന ആന്റണിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങി. ഫിലോമിനക്ക് 1981 ^ല്‍ മറ്റൊരു കരാറിലൂടെ ഏലിയാമ്മ ജോര്‍ജില്‍ നിന്ന് ലഭിച്ച ഭൂമിയാണിത്. രജിസ്റ്റര്‍ ചെയ്യാത്ത എഗ്രിമെന്റുകളിലൂടെയാണ് ഭൂമി കച്ചവടം നടന്നത്. ആധാരങ്ങളോ പട്ടയങ്ങളോ ഇല്ല. ഈ ഭൂമിയുടെ ഉടമസ്ഥത ടാറ്റാ ടീ അവകാശപ്പെട്ടിരുന്നു. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥാപിച്ചതെന്നായിരുന്നു അവരുടെ പരാതി. ഇതിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ അനുകൂല വിധി ലഭിച്ചുവെന്നാണ് മേനോന്‍ ദൌത്യസംഘത്തെ അറിയിച്ചത്. ഇതിനിടെ ടാറ്റ ദൌത്യസംഘത്തിന് മറ്റൊരു പരാതി നല്‍കി. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മേനോന്‍ കൈയേറിയത് ഒഴിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഈ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൌത്യസംഘം ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ ഭൂമിയെന്നായിരുന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മേനോന് ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദൌത്യസംഘം മേനോനെയും ടാറ്റയെയും ഹിയറിംഗിന് വിളിച്ചു. ഇതിനിടയിലാണ് ഉന്നത ഭരണ ഇടപെടല്‍ ഉണ്ടായത്. മേനോന്റെ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ദൌത്യസംഘത്തിന് നിര്‍ദേശമുണ്ടായി. ടാറ്റയും മേനോനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇത് ദൌത്യസംഘം അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഭരണ നേതൃത്വം ദൌത്യസംഘത്തിന് നല്‍കിയ നിര്‍ദേശം. ഹിയറിംഗില്‍ ടാറ്റയും മേനോനും ഒറ്റ നിലപാട് സ്വീകരിച്ചു. സര്‍ക്കാറിന്റെ ഭൂമി അല്ലെന്നും റിസോര്‍ട്ട് സ്ഥാപിച്ച ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിച്ച് കൊള്ളാമെന്നുമായിരുന്നു ഇരുകൂട്ടരും ദൌത്യസംഘത്തെ അറിയിച്ചത്. എന്നാല്‍, ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കെ, ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും നിക്ഷിപ്തമാക്കിയ ഭൂമിയും ഒരുപോലെ സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് ദൌത്യസംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ബി.ആര്‍. മേനോന്‍, കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കൊച്ചി എന്ന വിലാസത്തില്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദൌത്യസംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാ പിതാവും മേനോന്‍ ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ന്ന് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി കൈയേറുകയും റിസോര്‍ട്ട് സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കുണ്ടള ഡാമില്‍നിന്ന് ഇരുപതടി ദൂരെയാണ് മേനോന്‍ റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്ന് 600 അടിക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണിത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ കളഞ്ഞു. പി.കെ. പ്രകാശ്

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)