22 Jan 2008
എച്ച്‌എംടിക്ക് ലഭിച്ച 781 ഏക്കറില്‍ 400 ഏക്കറാണ് 1995 ല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് മിച്ചഭൂമിയായി കണ്ടെത്തി നടപടി എടുത്തത്. മിച്ചഭൂമിയില്‍ നിന്നൊഴിവാക്കി എച്ച്‌എംടിയുടെ കൈവശമിരുന്ന 381 ഏക്കറില്‍ 251.40 ഏക്കര്‍ 2002 ല്‍ വീണ്ടും മിച്ചഭൂമിയായി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജി ഹൈക്കോടതിയിലാണ്. 2002 ല്‍ എച്ച്‌എംടി ഫയല്‍ ചെയ്‌ത റിവിഷന്‍ പെറ്റീഷന്‍ തിങ്കളാഴ്‌ച ജസ്റ്റിസ് കെ.ടി.ശങ്കരന്റെ മുമ്പാകെ വന്നെങ്കിലും എച്ച്‌എംടി ഒരാഴ്‌ചകൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി.
സൈബര്‍ സിറ്റിക്കായി എച്ച്‌എംടി വിറ്റ 70 ഏക്കറിന്റെ പ്രമാണം ഹാജരാക്കിയാണ് സര്‍ക്കാര്‍ സ്വന്തം നിലപാട് ന്യായീകരിക്കുന്നത്. 1995ല്‍ നായനാര്‍ സര്‍ക്കാരാണ് 100 ഏക്കര്‍ എച്ച്‌എംടിക്ക് വിട്ടുകൊടുത്തത്. ഈ ഭൂമി കമ്പനിയുടെ വികസനാവശ്യത്തിന് ഉപയോഗിക്കാതെ സ്വകാര്യവ്യക്തിക്ക് വിറ്റതോടെ എച്ച്‌എംടിയുടെ കൈവശമുള്ള ബാക്കി ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ക്കാന്‍ എച്ച്‌എംടിക്ക് അവകാശം നഷ്ടപ്പെട്ടെന്നാണു സര്‍ക്കാര്‍ നിലപാട്.
1964 ല്‍ എച്ച്‌എംടി എന്ന മെഷീന്‍ ടൂള്‍സ് വ്യവസായത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സൗജന്യമായി നല്‍കിയ 781.59 ഏക്കറിനെച്ചൊല്ലിയാണ് വിവാദം. ഇതില്‍ എച്ച്‌എംടി കമ്പനിക്കായി ഉപയോഗിക്കാത്ത 400 ഏക്കര്‍ അധികഭൂമിയെന്ന നിലയില്‍ തിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ 1995 ല്‍ നടപടി എടുത്തത്.
ഇതില്‍ 360 ഏക്കറില്‍ സംസ്ഥാന സര്‍ക്കാരുമായി സംയുക്ത സംരംഭം തുടങ്ങാമെന്ന നിര്‍ദേശം എച്ച്‌എംടി വച്ചു. സര്‍ക്കാര്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങി. 400 ഏക്കര്‍ ഒഴിഞ്ഞു നല്‍കണമെന്നായി. ഇതിനെതിരെ എച്ച്‌എംടി 1995 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനിടെ സര്‍ക്കാരും താലൂക്ക് ലാന്‍ഡ് ബോര്‍ഡും എച്ച്‌എംടിയും തമ്മില്‍ ചര്‍ച്ച നടന്നു. 400 ഏക്കറില്‍ 100 ഏക്കര്‍ എച്ച്‌എംടിക്ക ്‌വിട്ടു നല്‍കി 300 ഏക്കര്‍ സര്‍ക്കാരിന് എടുക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ഈ കരാറനുസരിച്ച് എച്ച്‌എംടി ഹര്‍ജി പിന്‍വലിച്ചു. എച്ച്‌എംടിയുടെ 781 ഏക്കറില്‍ 400 ഏക്കര്‍ അധികഭൂമിയെന്നു കണ്ടെത്തി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ 1995 ല്‍ നടപടി പൂര്‍ത്തിയാക്കിയെന്നാണ് എച്ച്‌എംടിയുടെ വാദം. 400 ഏക്കറില്‍ 100 ഏക്കര്‍ എച്ച്‌എംടിക്ക് വിട്ടുകൊടുത്തു. 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്‌തു. ഈ 300 ഏക്കറില്‍ നിന്നാണ് 60 ഏക്കര്‍ സഹകരണമെഡിക്കല്‍ കോളേജിനും ബാക്കി കിന്‍ഫ്രക്കും സര്‍ക്കാര്‍ നല്‍കിയത്. 400 ഏക്കര്‍ ഒഴിച്ച് ബാക്കി 381 ഏക്കര്‍ ഭൂപരിഷ്‌കരണ നിയമ പരിധിക്കകത്ത് കമ്പനിക്ക് അനുവദിക്കപ്പെട്ടതാണ് എന്ന് എച്ച്‌എംടി വാദിക്കുന്നു. ഇതില്‍നിന്ന് വീണ്ടും 251 ഏക്കര്‍ ഏറ്റെടുക്കുന്നത് ഏകപക്ഷീയവും ഭൂപരിഷ്‌കരണ നിയമവ്യവസ്ഥകള്‍ക്ക് എതിരാണെന്നും തങ്ങള്‍ക്ക് സമയം നല്‍കാതെയാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അത് ഏറ്റെടുത്തതെന്നും എച്ച്‌എംടി റിവിഷന്‍ ഹര്‍ജിയില്‍ പറയുന്നു.
No comments:
Post a Comment