Wednesday, October 20, 2010

ക്യൂബ റീമിക്സ് 2

ഭരണകൂടത്തിന്റെ അകിട്

ഹവാനയ്ക്കടുത്തുള്ള വെദാഡോയില്‍ ഞാന്‍ പോയത് ഒരു പഴയ ആഗ്രഹം സാധിക്കാനായിരുന്നു. അവിടത്തെ കൊപ്പെലിയ എന്ന കടയില്‍നിന്ന് ഐസ്ക്രീം കഴിക്കുക.ചെഗുവേരയും കാസ്ട്രോയും അമേരിക്കയുടെ രാക്ഷസീയമായ കരുത്തിനു മുന്നില്‍ കൂസാതെ ക്യൂബ എന്ന ദ്വീപും (കവണ പിടിച്ചുനില്‍ക്കുന്ന ദാവീദിനെ ഒാര്‍മിപ്പിച്ച്) ബുദ്ധിയെയും ഭാവനയെയും ചൂടുപിടിപ്പിച്ച കൌമാരത്തിനുശേഷം പലരെപ്പോലെ എന്നെയും ക്യൂബന്‍ അവസ്ഥ പിടിച്ചുകുലുക്കിയത് 1995ല്‍ മുംബൈയില്‍ നടന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച തോമസ് അലീയയുടെ 'സ്ട്രാബെറിയും ചോക്ക്ലറ്റും എന്ന ക്യൂബന്‍ ഫിലിം കണ്ടപ്പോഴാണ്.

അതിലെ നായകനായ ഡീഗോ എന്ന ബുദ്ധിജീവിയെ യുവ കമ്യൂണിസ്റ്റായ ഡേവിഡ് കാണുന്നതു കൊപ്പെലിയയില്‍ വച്ചായിരുന്നു. സ്ട്രാബെറി സ്വാദുള്ള ഐസ്ക്രീം ഡീഗോ ആവശ്യപ്പെടുമ്പോഴാണു ഡേവിഡിന് അയാള്‍ സ്വവര്‍ഗാനുരാഗിയാണെന്നു സംശയം തോന്നുന്നത്. ആണത്തമുള്ളവര്‍ ചോക്ക്ലറ്റ് ഐസ്ക്രീമാണു കഴിക്കുക! ഡേവിഡ് ഡീഗോയെ അധികാരികള്‍ക്ക് ഒറ്റിക്കൊടുക്കുന്നില്ല; രണ്ടുവര്‍ഷം മുന്‍പുവരെ ക്യൂബയില്‍ സ്വവര്‍ഗാനുരാഗികളെ പീഡിപ്പിച്ചിരുന്നു.

ഐസ്ക്രീം ക്യൂബക്കാരുടെ ഒരു വലിയ ദൌര്‍ബല്യമാണ്. കാലത്തു മുതല്‍ കോണ്‍ ഐസ്ക്രീം തിന്നുന്ന ഒട്ടേറെ ക്യൂബക്കാരെ റോഡുകളില്‍ കാണാം. അവര്‍ക്കായി ഐസ്ക്രീം നിര്‍മിച്ചു വിതരണം ചെയ്യുന്ന സര്‍ക്കാര്‍ സ്ഥാപനമാണു കൊപ്പെലിയ. ഐസ്ക്രീം പാര്‍ലര്‍ എന്നാണു വാക്കിന്റെ അര്‍ഥം.

വിലകുറഞ്ഞ ഐസ്ക്രീം ക്യൂബന്‍ വിപ്ലവത്തിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. വിപ്ലവത്തിനു മുന്‍പു ക്യൂബയിലെ പ്രസിദ്ധമായ റസ്റ്ററന്റുകളില്‍ ഭോജനാനന്തര മധുരവിഭവമായി പല സ്വാദുകളിലുള്ള ഐസ്ക്രീം കിട്ടുമായിരുന്നു. അതു കഴിക്കാനുള്ള ഭാഗ്യം പണക്കാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ. ഇൌ അനീതി ഫിദല്‍ കാസ്ട്രോയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടു വിപ്ലവം കഴിഞ്ഞ ഉടന്‍ കാസ്ട്രോ ക്യൂബയിലെ സ്വകാര്യ ഐസ്ക്രീം പാര്‍ലറുകള്‍ ദേശസാല്‍ക്കരിച്ചു. ഐസ്ക്രീമിന്റെ വില വളരെ കുറച്ചു. അതിനായി കോടിക്കണക്കിനു പെസോകള്‍ സബ്സിഡിയായി ചെലവിട്ടു. ഐസ്ക്രീം ക്യൂബന്‍ വിപ്ലവത്തിന്റെ ചിഹ്നങ്ങളിലൊന്നാണ്.

എല്ലാ ക്യൂബക്കാര്‍ക്കും ഇപ്പോള്‍ ഐസ്ക്രീം കഴിക്കാം. തന്റെ ജനതയ്ക്കു വെറും ഐസ്ക്രീം കൊടുത്താല്‍ മതിയാകുകയില്ലെന്നു ഫിദലിനു തോന്നി. 32 സ്വാദുകളില്‍ വിപ്ലവത്തിനു മുന്‍പില്‍ കിട്ടാവുന്നതില്‍ കൂടുതല്‍ ഐസ്ക്രീം വെദാഡോയിലെ കൊപ്പെലിയയില്‍ ഒരുകാലത്തു വില്‍പനയ്ക്കുണ്ടായിരുന്നു. ഇവിടത്തെ ഒരു കഥ വിശ്വസിക്കാമെങ്കില്‍ 1970കളില്‍ ഫിദല്‍ തന്നെയാണു കൊപ്പെലിയയിലെ സ്വാദുകള്‍ ദിവസവും നിശ്ചയിച്ചിരുന്നതുപോലും!

കൊപ്പെലിയയിലെ വില്‍പന കൌണ്ടറിനു മുന്നില്‍ ഏതാണ്ടു നൂറു മീറ്റര്‍ നീണ്ട വരിയില്‍ ഫ്രെഡിയും ഞാനും നിന്നു. ഹവാനാ സര്‍വകലാശാലാ വിദ്യാര്‍ഥിയായ ഫ്രെഡി അന്നത്തെ എന്റെ പരിഭാഷകനായിരുന്നു. അവന് അറിയാവുന്ന നൂറില്‍ താഴെയുള്ള ഇംഗ്ലിഷ് വാക്കുകളില്‍ കൂടിയായിരുന്നു എനിക്കു സംവദിക്കേണ്ടിയി രുന്നത്.കടയിലെ സെക്യൂരിറ്റിക്കാരന്‍ ഫ്രെഡിയോട് എന്നെ ചൂണ്ടി ക്കാണിച്ച് എന്തോ പറഞ്ഞു. ഫ്രെഡി തര്‍ക്കിച്ചുനോക്കി.സെക്യൂരിറ്റിക്കാ രന്‍ വിട്ടുകൊടുത്തില്ല. ഒടുവില്‍ ഫ്രെഡി എന്നോട് ആളൊഴിഞ്ഞുകിടക്കുന്ന ഒരു കൌണ്ടര്‍ ചൂണ്ടിക്കാട്ടി പറഞ്ഞു, 'അതാണു വിനോദസഞ്ചാ രികള്‍ക്കുള്ള കൌണ്ടര്‍. അവിടെ മാറ്റാവുന്ന ക്യൂബന്‍ കറന്‍സിയില്‍ കാശു കൊടുക്കണം. ആ കൌണ്ടറിന്റെ മുന്നില്‍ ഫ്രെഡി അവന്റെ വരിയുടെ മുന്‍പില്‍ എത്തുന്നതുവരെ ഞാന്‍ കാത്തുനിന്നു.

അങ്ങനെ ക്യൂബന്‍ സമൂഹത്തിനെ രണ്ടായി പിളര്‍ത്തുന്ന ഗര്‍ത്തത്തിന്റെ അപ്പുറവും ഇപ്പുറവും ഉള്ള ഭാഗങ്ങളിലേക്കായി ഞാനും ഫ്രെഡിയും വലിച്ചെറിയപ്പെട്ടു. ബെര്‍ലിന്‍ മതില്‍ വീണതിനുശേഷം ക്യൂബ അനുഭവിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫിദല്‍ 1993ല്‍ കൊണ്ടുവന്നതാണു രണ്ടു കറന്‍സികളുള്ള സമ്പദ് വ്യവസ്ഥ. വിനോദസഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ ക്യൂബന്‍ കണ്‍വെര്‍ട്ടബിള്‍ കറന്‍സി, (സിയുസി അഥവാ മാറ്റാവുന്ന കറന്‍സി); നാട്ടുകാര്‍ക്കായി നാഷനല്‍ പെസോ. ഏതാണ്ട് 1.15 യുഎസ് ഡോളര്‍ കൊടുത്താല്‍ ഒരു സിയുസി കിട്ടും.

മാറ്റാവുന്ന കറന്‍സി കൊടുത്താലേ ഹോട്ടലുകളിലും ആഡംബരവസ്തുക്കളുടെ കടകളിലും സാധനങ്ങള്‍ ലഭിക്കുകയുള്ളൂ. നാട്ടുകാര്‍ക്ക് അടുത്തകാലം വരെ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം തന്നെയില്ലായിരുന്നു. വിനോദസഞ്ചാരികളുടെ കൂടെ കാണുന്ന നാട്ടുകാരെ പൊലീസുകാര്‍ കള്ളന്മാരെന്നു കരുതി ദ്രോഹിച്ചിരുന്നു. ടൂറിസ്റ്റ് അപ്പാര്‍ത്തീഡ് എന്ന പേരില്‍ അറിഞ്ഞിരുന്ന ഇൌ നയം 1998ല്‍ മാത്രമേ സര്‍ക്കാര്‍ പിന്‍വലിച്ചുള്ളൂ.

ഫ്രെഡി അഞ്ചു പെസോ കൊടുത്ത് ഇളംമഞ്ഞനിറത്തിലുള്ള മേലാവെയര്‍ ബൌെളില്‍ കിട്ടിയ രണ്ടു സ്കൂപ്പ് ഐസ്ക്രീം വാങ്ങിയപ്പോള്‍ മാറ്റാവുന്ന അഞ്ചു കറന്‍സി കൊടുത്ത എനിക്കും അതു തന്നെ കിട്ടി. അതായതു ഞാന്‍ കൊടുത്തതു 250 രൂപ. നാട്ടുകാര്‍ കൊടുക്കുന്നതു 10 രൂപ. (മാറ്റാവുന്ന ഒരു കറന്‍സിക്ക് 25 നാഷനല്‍ പെസോ എന്നാണു നിരക്ക്. പക്ഷേ, വിദേശികള്‍ക്കു പെസോയിലേക്കു മാറ്റാന്‍ പറ്റില്ല.) ഞങ്ങള്‍ രണ്ടുപേരൂടെയും ഐസ്ക്രീമിനു ചോക്ക്ലറ്റിന്റെ സ്വാദായിരുന്നു. അന്നു മറ്റു സ്വാദുകളുള്ള ഐസ്ക്രീം കൊപ്പെലിയയില്‍ ലഭ്യമല്ലായിരുന്നു.

ഐസ്ക്രീം മാത്രമല്ല, വിപ്ലവം കഴിഞ്ഞപ്പോള്‍ ഫിദല്‍ ഒട്ടുമിക്ക കാര്യങ്ങളും ദേശസാല്‍ക്കരിച്ചു. എന്നിട്ടു സബ്സിഡി നല്‍കി അവയില്‍നിന്നുള്ള സേവനം വിലകുറച്ചു നാട്ടുകാര്‍ക്കു ലഭ്യമാക്കി. ഐസ്ക്രീം പോലെ മറ്റൊരു ഉദാഹരണം തലമുടി വെട്ടലാണ്. എല്ലാ ബാര്‍ബര്‍മാരും അടുത്തകാലംവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. രണ്ടു പെസോ കൊടുത്താല്‍ ഏതു ക്യൂബക്കാരനും മുടി വെട്ടിക്കിട്ടും.
ക്യൂബയുടെ മാനവവികസന സൂചിക വികസിതരാജ്യങ്ങള്‍ക്ക് ഒപ്പമെത്തിച്ചു. ആരോഗ്യരംഗത്തെ എല്ലാ സേവനങ്ങളും ജനങ്ങള്‍ക്കു കാശൊന്നും കൊടുക്കാതെ ലഭിക്കുന്നു. ഇതു ഹൃദയശസ്ത്രക്രിയ തൊട്ടു ജലദോഷം വരെയുള്ള രോഗങ്ങള്‍ക്കു ബാധകമാണ്. കുട്ടികളുടെ പല്ലു കമ്പിയിടുന്നതു വരെ ക്യൂബയില്‍ സൌജന്യമാണ്.

അതുപോലെ തന്നെ ക്യൂബയിലെ വിദ്യാഭ്യാസരംഗവും. കാലത്ത് എട്ടുമണിമുതല്‍ വൈകുന്നേരം നാലുമണിവരെ ക്യൂബയിലെ റോഡുകളില്‍ അഞ്ചു വയസ്സിനു മേലുള്ള കുട്ടികളെ കാണില്ല. അവര്‍ പഠിക്കുകയാണ്. എല്ലാവര്‍ക്കും സൌജന്യമായ യൂണിഫോം 'ക്യൂബയെ ഞാനൊരു വലിയ സ്കൂളാക്കി മാറ്റും- ഫിദല്‍ ഭരണം പിടിച്ചെടുത്തതിനുശേഷം രാജ്യത്തിനു നല്‍കിയ വാഗ്ദാനം നിറവേറ്റിയിരി ക്കുന്നു. ക്യൂബയിലെ ശരാശരി ശമ്പളം മാറ്റാവുന്ന 25 കറന്‍സിയാണ്. അതായത് ഏതാണ്ട് 1250 രൂപ. മിടുക്കരായ ഡോക്ടര്‍മാര്‍ക്കു കിട്ടുന്നതു മാറ്റാവുന്ന 30 കറന്‍സിക്കു തുല്യമായ പെസോകള്‍. ഇൌ ശമ്പളവുംവച്ച് അവര്‍ എങ്ങനെ ജീവിക്കുന്നു?

നേരത്തേ പറഞ്ഞപോലെ വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കും ചെലവു ക്യൂബക്കാര്‍ക്കില്ല. പാല്‍, റൊട്ടി, മല്‍സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ഒരു കിറ്റ് റേഷനായി കിട്ടും. ക്യൂബക്കാരനെ പട്ടിണിയില്‍ നിന്നു മോചിപ്പിക്കാന്‍ കൊണ്ടുവന്ന റേഷന്‍ കാര്‍ഡ് ഇപ്പോഴും അറിയുന്നതു ലിബ്രെറ്റൊ എന്ന പേരിലാണ്. സ്വാതന്ത്യ്രം എന്നര്‍ഥം. 1960ല്‍ ഫിദല്‍ ആദ്യമായി റേഷനിങ് കൊണ്ടുവന്നപ്പോള്‍ ഇട്ട പേരാണ്. ഗതാഗതവും വളരെ ചെലവു കുറഞ്ഞതാണ്. പിന്നെ ഐസ്ക്രീം തിന്നുന്നതു തൊട്ടു തലമുടി വെട്ടിക്കുന്നതുവരെ കുറച്ചു കാശിനു നടക്കും. കളികള്‍ നടക്കുന്ന മിക്കവാറും സ്റ്റേഡിയങ്ങള്‍ കാണികള്‍ക്കു സൌജന്യമായി പ്രവേശനം അനുവദിച്ചിരിക്കുന്നു. (ക്യൂബയെ ഒരു വലിയ സ്പോര്‍ട്ടിങ് രാജ്യമാക്കുന്നതില്‍ ഇൌ തീരുമാനം വഹിച്ച പങ്കു ചെറുതല്ല). സിനിമാ ടിക്കറ്റിനും റമ്മിനും വിലക്കുറവ്. നികുതി കാര്യമായി ഇല്ല. താമസസൌകര്യം അത്ര സുലഭമല്ല; രണ്ടുംമൂന്നും തലമുറകള്‍ ഒരു കൂരയ്ക്കു താഴെ ജീവിക്കുന്നതു കാണാം.

വിപ്ലവത്തിന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ ശ്രമിച്ചു. അതില്‍ കുറെയൊക്കെ വിജയം കണ്ടെത്താനും പറ്റി. ഉല്‍പാദനച്ചെലവുമായി വലിയ ബന്ധമില്ലാത്ത രീതിയില്‍ വിലയിട്ടു സാമഗ്രികള്‍ എല്ലാവര്‍ക്കും എത്തിക്കുന്നതിനു വമ്പിച്ച സബ്സിഡികളുടെ ആവശ്യമുണ്ട്. അതിനു വന്‍തോതില്‍ വരവ് ആവശ്യമാണ്.

ആഗോള കമ്പോളത്തില്‍ പഞ്ചസാരയുടെ വില ഇടിഞ്ഞതിനുശേഷം ക്യൂബന്‍ സമ്പദ് വ്യവസ്ഥയുടെ മുഖ്യവരുമാനം വിനോദസഞ്ചാരമാ ണ്. അതു കഴിഞ്ഞാല്‍ ബയോടെക്നോളജി (ഇൌ രംഗത്ത് ഇന്ത്യ ക്യൂബയെ സഹായിക്കുന്നു. ബയോകോണ്‍ കമ്പനി ക്യാന്‍സര്‍ വാക്സിന്‍ ഉണ്ടാക്കാന്‍ ക്യൂബയുമായി സഹകരിക്കുന്നുണ്ട്. വൈദ്യശാസ്ത്രം, നിക്കല്‍ ഖനികള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ്. 2008-09ലെ ആഗോളമാന്ദ്യം തുടങ്ങിയതിനുശേഷം ക്യൂബ പിടിച്ചുനിന്നതു വെനസ്വേലയില്‍ നിന്നുള്ള എണ്ണകൊണ്ടാണ്. അതിനുപകരം ക്യൂബ അവര്‍ക്കു വൈദ്യസഹായം നല്‍കുന്നു. ലാറ്റിന്‍ അമേരിക്ക പൊതുവേ ചുവന്നതും ക്യൂബയ്ക്കു സഹായകരമായിട്ടുണ്ട്.

ഏറ്റവും വലിയ പ്രശ്നം രാജ്യത്തിന്റെ അകത്ത് ഉല്‍പാദനക്ഷമത കുറഞ്ഞുവെന്നതാണ്. ബാര്‍ബര്‍ മുതല്‍ കൃഷിക്കാരന്‍വരെ സര്‍ക്കാരില്‍നിന്നു വേതനം പറ്റുമ്പോള്‍ അവരില്‍ പലരും കാലത്തു ഹാജര്‍വച്ചു സ്ഥലം കാലിയാക്കുന്നു. അവരില്‍ പലരും ഉച്ചയ്ക്കു തിരിച്ചെത്തുന്നത് ഉച്ചഭക്ഷണം സൌജന്യമായതുകൊണ്ടാണ്. ക്യൂബയ്ക്കു കിട്ടുന്ന ഏറ്റവും വലിയ വരുമാനം 1.7 ബില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 7480 കോടി രൂപ) വിനോദസഞ്ചാരത്തില്‍ നിന്നാണ്. അത് അങ്ങനെ തന്നെ ചെലവാകുന്നതു ഭക്ഷണസാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ്. ക്യൂബയുടെ ആവശ്യത്തിന്റെ പകുതി ഭക്ഷണം പുറത്തുനിന്നാണു വരുന്നത്.
ഇൌ സാമ്പത്തിക പ്രശ്നത്തെ റൌളിന്റെ സര്‍ക്കാര്‍ നേരിടുന്നതു ഇതിനുമുന്‍പു കാണിക്കാത്ത യാഥാര്‍ഥ്യബോധത്തോടു കൂടിയാണ്.

അമേരിക്കയുടെ ഉപരോധം മാത്രമല്ല, ക്യൂബയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്നു മനസ്സിലാക്കിയ ഭരണകൂടം പ്രശ്നങ്ങളെ രണ്ടു രീതിയിലാണു നേരിടുന്നത്. ഒന്നാമതായി ഭരണത്തിന്റെ ദുര്‍മേദസ്സ് കുറയ്ക്കുക. അതായതു ജോലിക്ക് ആവശ്യമില്ലാത്തവരെ പുറത്താക്കുക. രണ്ടാമത്തേതു അനാവശ്യമായ രംഗങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്‍വലിയുക. ഇതില്‍ രണ്ടാമത്തേതിന്റെ ഭാഗമായി ബാര്‍ബര്‍ പണി, ടാക്സി ഒാടിക്കല്‍ തുടങ്ങി ചില രംഗങ്ങളില്‍നിന്നു പൊതുമേഖല കഴിഞ്ഞകൊല്ലം തന്നെ ഭാഗികമായി പിന്‍വാങ്ങിയിരുന്നു.

ഉപമന്യു ചാറ്റര്‍ജിയുടെ 'മാമറീസ് ഒാഫ് സ്റ്റേറ്റ് (രാജ്യത്തിന്റെ സ്തനങ്ങള്‍) എന്ന നോവലിന്റെ ശീര്‍ഷകത്തിന്റെ അര്‍ഥം ഒരു മിന്നല്‍പ്പിണര്‍ പോലെ എനിക്കു മനസ്സിലായതു ഹവാനയില്‍ നിന്നു മൂന്നു മണിക്കൂര്‍ ദൂരമുള്ള വരഡോര ബീച്ചില്‍ പോയപ്പോഴാണ്. വളരെ നീളമുള്ള ക്യൂബയിലെ ഏറ്റവും പ്രസിദ്ധമായ ഇൌ ബീച്ചില്‍ ഞാന്‍ പോയ ദിവസം കാലത്തു 11 മണിക്കുതന്നെ കുറെ ആളുകളുണ്ടായിരുന്നു.ഇവരൊക്കെ വിദേശികളാണോ എന്ന ചോദ്യത്തിനു ടാക്സി ഡ്രൈവര്‍ കിറി കോട്ടിക്കൊണ്ടു പറഞ്ഞു: 'അല്ല. ഇവരില്‍ മിക്കവരും സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാരാണ്. അന്ന് ഒഴിവുദിവസമല്ലല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഇവര്‍ക്ക് അതൊന്നും ബാധകമല്ലെന്ന് അയാള്‍ പറഞ്ഞു. നിരയായി ബീച്ചിലെ വെളുത്ത കട്ടിലുകളിലും നിലത്തു വിരിച്ച ടര്‍ക്കി ടവലുകളിലും കിടക്കുന്ന അര്‍ധനഗ്നദേഹങ്ങള്‍ കണ്ണടച്ച് ഭരണകൂടത്തിന്റെ അകിടു നുണയുന്നുണ്ടായിരുന്നു.

ഭരണകൂടത്തിന്റെ പല തലങ്ങളിലുമുള്ള കെടുകാര്യസ്ഥത തികച്ചും സത്യസന്ധമായ രീതിയിലാണു സര്‍ക്കാര്‍ രേഖകളില്‍ പ്രത്യക്ഷപ്പെടുന്നത്. 'ഇപ്പോള്‍ സര്‍ക്കാര്‍ 1.5 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 6600 കോടിരൂപ) ഭക്ഷണ ഇറക്കുമതിക്കായി ചെലവഴിക്കുന്നു. അതേസമയം, രാജ്യത്തിലെ 50% കൃഷിയുക്തമായ ഭൂമി തരിശായി കിടക്കുന്നു. അതേ രേഖ മറ്റൊരിടത്തു പറയുന്നു: 'ഇപ്പോള്‍ പല ഫാക്ടറികളിലും തൊഴിലാളികളെക്കാള്‍ കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുകളാണ്.

രാജ്യത്തിലെ പ്രസിദ്ധമായ ആരോഗ്യരംഗത്തു കാര്യക്ഷമത കുറഞ്ഞതിനെപ്പറ്റി പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ഒരു ലേഖനത്തില്‍ ദീര്‍ഘമായി പ്രതിപാദിക്കുന്നു: 'ആരോഗ്യരംഗത്തു 2000ല്‍ മാറ്റാവുന്ന 12.1 കോടി കറന്‍സി ചെലവഴിച്ചപ്പോള്‍ 2009ല്‍ 2470 കോടി കറന്‍സിയാണു ചെലവിട്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്ന ജനന-മരണ നിരക്കുകള്‍ തുടങ്ങിയവയില്‍ ഇൌ ഉൌതിവീര്‍പ്പിക്കപ്പെട്ട ചെലവിനെ ന്യായീകരിക്കുന്ന രീതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

ക്യൂബയുടെ അഭിമാനമായ ആരോഗ്യരംഗത്തു നടക്കുന്ന ശോഷണത്തെക്കുറിച്ചു സങ്കടകരമായ വിവരങ്ങള്‍ ഹവാന പ്രവിശ്യയിലെ ചില പഠനങ്ങള്‍ പുറത്തുവിടുന്നു. രാജ്യത്തെ ആരോഗ്യരംഗം വിഭജിച്ചിട്ടുള്ളത് ഏറ്റവും മുകളില്‍ ആശുപത്രികള്‍, പിന്നെ പോളി ക്ളിനിക്കുകള്‍, അതിനു താഴെ മെഡിക്കല്‍ പ്രാക്ടീസ്, ഗര്‍ഭാശുപത്രികള്‍, ലാബ്, സേവനങ്ങള്‍, പിന്നെ ആംബുലന്‍സ് ബേസുകള്‍ എന്നിങ്ങനെയാണ്.ഇവയില്‍ പലതിലും രോഗികള്‍ തന്നെയില്ല. ചില ആശുപത്രികളില്‍ അഞ്ചു ബെഡുകളേയുള്ളൂ. ജോലിക്കാര്‍ 20 പേര്‍. 30 ജോലിക്കാരുള്ള ഒരു ആംബുലന്‍സ് ബേസില്‍ ഒറ്റവണ്ടിയേ ഉള്ളൂ. ഉല്‍പാദനക്ഷമത കൂട്ടാന്‍ പലതും അടച്ചുപൂട്ടാനോ അടുത്തുള്ള വലിയ സ്ഥാപനങ്ങളുമായി കൂട്ടിച്ചേര്‍ക്കാനോ സര്‍ക്കാര്‍ തയാറാകുന്നു.

വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ക്കു നാന്ദിയായി തൊഴിലിടങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ യൂണിയനുകളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി കാഡറിനെയും യുവ കമ്യൂണിസ്റ്റ് സംഘടനകളെയും സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നു. 'നമ്മുടെ നാട് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികയുദ്ധവും അതിന്റെ ഭാഗമായ ക്രൂരമായ ഉപരോധവും നേരിട്ടു. സോവിയറ്റ് സഖ്യത്തിന്റെ മരണം ഉളവാക്കിയ ഫലങ്ങളും നമ്മള്‍ തരണം ചെയ്തു... കഴിഞ്ഞ 20 വര്‍ഷമായി നമ്മള്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു... നമ്മുടെ ലക്ഷ്യം വിപ്ലവത്തിന്റെ ഫലങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ്. നമ്മുടെ സാമൂഹികനയം ലോകത്തിനു മാതൃകയാണ്. പക്ഷേ, ഉല്‍പാദനക്ഷമത അതിനൊപ്പം വളര്‍ന്നിട്ടില്ല.

ഉല്‍പാദനക്ഷമത എങ്ങനെ വര്‍ധിപ്പിക്കും? സര്‍ക്കാരിന്റെ നയംഇതാണ്. '80% തൊഴിലാളികള്‍ ഉല്‍പാദനവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കണം. ഇതു നടപ്പാക്കാന്‍ റോസ്റ്ററുകളില്‍ ഉൌതി വീര്‍പ്പിക്കപ്പെട്ട തൊഴിലാളി സംഖ്യ വെട്ടിക്കുറയ്ക്കണം.ഹവാനയിലെ എന്റെ താമസത്തിനിടയില്‍ ഞാനും ഫ്രെഡിയും പിന്നെയും പിന്നെയും കൊപ്പെലിയയില്‍ ഐസ്ക്രീം കഴിക്കാന്‍ പോയി. 'അടുത്ത തവണ വരുമ്പോള്‍ ഇതിവിടെ കണ്ടില്ലെങ്കിലോ?- ഫ്രെഡി ചോദിച്ചു. അവിടെനിന്ന് ഐസ്ക്രീം വാങ്ങിക്കഴിഞ്ഞാല്‍ ചെറുപ്പക്കാര്‍ തൊട്ടടുത്തുള്ള പാര്‍ക്കില്‍ പോയി അതു നുണഞ്ഞുകൊണ്ടു പുസ്തകം വായിക്കുക യോ സാഹിത്യം രചിക്കുകയോ ചിത്രം വരയ്ക്കുകയോ ഗഹനമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയോ ചെയ്യുന്നു. ഭരണകൂടത്തിന്റെ അകിടു ചുരത്തുന്ന ഐസ്ക്രീം നിലച്ചുപോയാല്‍ ഇൌ യുവതലമുറ പിന്നെ എന്തുചെയ്യും?
(തുടരും)

ക്യൂബ റീമിക്സ് 1



സങ്കരത്തിന്റെ ഉൌര്‍ജം

സംഗീതം ക്യൂബയില്‍ ഒരു പുഴ പോലെയാണ്; നിങ്ങളെ പോഷിപ്പിക്കുന്നതിനോടൊപ്പം തന്നെ അതു നിങ്ങളുടെ ഉള്ളിനെ പുതുക്കിക്കൊണ്ടേയിരിക്കും.- റൈ കൂഡര്‍ എന്ന അമേരിക്കന്‍ ഗിറ്റാറിസ്റ്റ് 1996ല്‍ ക്യൂബയിലെ പരമ്പരാഗത സംഗീതമായ സോനിലെ ഗാനങ്ങളുടെ ആല്‍ബം ഇറക്കിയപ്പോള്‍ അതിന്റെ ജാക്കറ്റില്‍ എഴുതിയതാണിത്.

കറുത്ത പാട്ടുകാര്‍ 1940കളില്‍ ഒത്തുചേര്‍ന്നിരുന്ന ഹവാനയ്ക്കടുത്തുള്ള മരിയനവോയിലെ ബ്യൂണൊവിസ്റ്റ സോഷ്യല്‍ ക്ളബ്ബില്‍ പാടിയിരുന്ന പഴയ പാട്ടുകളാണു റൈയ്ഡര്‍ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയത്. റിക്കാര്‍ഡിങ് നടക്കുമ്പോള്‍ പാട്ടുകാര്‍ വൃദ്ധന്മാര്‍ ആയിരിക്കുന്നു; ഒരാള്‍ക്കു വയസ്സ് തൊണ്ണൂറു കഴിഞ്ഞു. ആല്‍ബം കൂഡര്‍ വിചാരിച്ചതിനെക്കാള്‍ വിജയം നേടി. അതിനു ഗ്രാമി അവാര്‍ഡ് കിട്ടി. പഴയ ബ്യൂണോവിസ്റ്റ ഗായകര്‍ ആംസ്റ്റര്‍ഡാമിലും ന്യൂയോര്‍ക്കിലും ചെന്നു പാടി.

പിന്നീടു കൂഡറിന്റെ കൂട്ടുകാരന്‍, ജര്‍മന്‍ സിനിമാ സംവിധായകന്‍ വിം വെണ്ടേഴ്സ്, ബ്യൂണൊവിസ്റ്റ സോഷ്യല്‍ ക്ളബ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മിക്കാന്‍ ക്യൂബയില്‍ എത്തിയപ്പോള്‍ ആ ക്ളബ്ബിരുന്ന സ്ഥലം കണ്ടെത്താന്‍ പറ്റിയില്ല. 1959ലെ വിപ്ലവത്തിനുശേഷം വര്‍ണവിവേചനത്തിനു വഴങ്ങിക്കൊടുത്ത ഇത്തരം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പൂട്ടിച്ചു. പ്രസിദ്ധമായ ഇൌ വെണ്ടേഴ്സ് ചലച്ചിത്രം 2000ല്‍ കണ്ടപ്പോഴണ് എനിക്ക് ആദ്യമായി ക്യൂബയുടെ സമ്പന്നമായ സംഗീതപാരമ്പര്യത്തെക്കുറിച്ച് അറിവുണ്ടാകുന്നത്.

സ്പാനിഷ് കൊളോണിയല്‍ ശൈലിയില്‍ 1875ല്‍ നിര്‍മിച്ച, ഹവാനയുടെ മധ്യത്തില്‍ സ്ഥിതിചെയ്യുന്ന 'ഇംഗ്ലറ്റെരെ എന്ന ഹവാനയിലെ ഏറ്റവും പഴയ ഹോട്ടലിന്റെ വലിയ വരാന്തയില്‍ റോഡിനെ അഭിമുഖീകരിച്ച് ഇരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് അവിടത്തെ ഗായകസംഘത്തിലൂടെ ക്യൂബയിലെ സംഗീതം ഞാന്‍ നേരിട്ടു കേട്ടത്.

ഗിറ്റാറിന്റെയും ട്രംപറ്റിന്റെയും ബോംഗോ ചെണ്ടകളുടെയും അകമ്പടിയോടെ, രണ്ടു കൈകളിലും പിടിച്ച മാരക്കകള്‍ എന്ന സംഗീതോപകരണം കുലുക്കിക്കൊണ്ടു പാടുന്ന ഗായകനായ ക്ളോഡിയയും ക്ളവസ് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടു വടികള്‍ കൊട്ടി താളംപിടിച്ചു പാടുന്ന ഗായിക മെര്‍സിഡിസും ക്യൂബയിലെ ആദ്യദിവസങ്ങളില്‍ തന്നെ എന്റെ പരിചയക്കാരായി.

എന്തുകൊണ്ടാണു ഗായകസംഘത്തിനു 'ഹവാനാ മിക്സ് എന്നു പേരിട്ടത് എന്നു ഞാന്‍ ചോദിച്ചപ്പോള്‍ ക്ളോഡിയ പറഞ്ഞു, 'സോനിനു പുറമേ, റുംപ, സാല്‍സ, മംപോ, പച്ചച്ച, ഡോന്‍സോന്‍ തുടങ്ങി പല ശൈലികളിലും ഞങ്ങള്‍ പാടും. ചിലപ്പോള്‍ ശൈലികള്‍ കലര്‍ത്തിയും. ക്യൂബ അങ്ങനെയാണ.് എന്തു കിട്ടിയാലും മാറ്റും.

ഗായിക മെര്‍സിഡിസ് റോഡിലേക്കു കൈചൂണ്ടി. പഴയ സോവിയറ്റ് യൂണിയനില്‍ നിര്‍മിച്ച, അത്യന്തം വിരൂപമായ, 'ലാഡ എന്ന പേരുള്ള കാര്‍ നെടുകെ മുറിച്ച്, രണ്ടടികൂടി കൂട്ടിച്ചേര്‍ത്തു കമനീയമായ രീതിയില്‍ മോടിപിടിപ്പിച്ച ലിമോസീനായി പരിണമിച്ച് അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. സ്ട്രെച്ച് - വലിച്ചുനീട്ടിയ - ലാഡ, അലങ്കാര കാറുകളുടെ ഇറക്കുമതി നിലച്ച നാളുകളില്‍ ക്യൂബക്കാര്‍ കണ്ടുപിടിച്ച വാഹനമാണ്.

ആഫ്രിക്കയിലെ ചെണ്ട സ്പാനിഷ് ഗിറ്റാറിനെ വിവാഹം കഴിച്ചപ്പോഴാണു സോന്‍ എന്ന തനതു ക്യൂബന്‍ സംഗീതം ജനിച്ചത് എന്ന് ഒരു വിദ്വാന്‍ പറഞ്ഞിട്ടുണ്ട്. ഇൌ സഖ്യത്തിനു സ്പെയിന്‍കാരോടു കൂടി നന്ദി പറയേണ്ടിയിരിക്കുന്നു. അമേരിക്കയിലെ ഇതര സാമ്രാജ്യത്വ ശക്തികളായ ഇംഗ്ലിഷുകാരെയും പോര്‍ചുഗീസുകാരെയും പോലെ അവര്‍ അവരുടെ ആഫ്രിക്കന്‍ അടിമകളുടെ വാദ്യമായ ചെണ്ട നിരോധിച്ചില്ല.

ക്യൂബയുടെ സമൂഹത്തില്‍ അടരുകളിലായി പടര്‍ന്നിരിക്കുന്ന ആഫ്രോ - ക്യൂബന്‍ അല്ലെങ്കില്‍ ലികുമി എന്ന പേരില്‍ അറിയുന്ന മതവിശ്വാസവും അതിജീവനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ആഫ്രിക്കയിലെ പല ഭാഗങ്ങളിലും നിന്നു കരിമ്പു തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ സ്പാനിഷ് ഉടമകള്‍ കൊണ്ടുവന്ന കറുത്ത അടിമകള്‍ക്ക് അവരുടെ മതവിശ്വാസം പ്രകടിപ്പിക്കാന്‍ പാടില്ലായിരുന്നു. അതു മറികടക്കാന്‍ അവര്‍ കണ്ടുപിടിച്ച ഉപായം കത്തോലിക്കരായി എന്നു നടിക്കുക എന്നതായിരുന്നു.

മുതലാളിമാരുടെ മതത്തിലെ ബിംബങ്ങളെയും അവരുടെ പള്ളികളിലെ ആരാധനാക്രമങ്ങളെയും മുന്‍നിര്‍ത്തി, ആയിരക്കണക്കിനു ഭൂതപ്രേതാദികള്‍ തിക്കിത്തിരക്കി നില്‍ക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ വിശ്വാസങ്ങള്‍ അവര്‍ രഹസ്യമായി പിന്തുടര്‍ന്നു. തലമുറകള്‍ കഴിഞ്ഞപ്പോള്‍ ഇതൊരു തന്ത്രമല്ലാതായി മാറി; ക്രിസ്തുമതത്തിലെ ബിംബസങ്കല്‍പങ്ങളും ആഫ്രോ - ക്യൂബന്‍ മതം സ്വാംശീകരിച്ചു. കറുത്തവരില്‍ നിന്നു വെളുത്തവരിലേക്കും ഇൌ വിശ്വാസസമുച്ചയം പടര്‍ന്നു. അടിമുടി വെളുത്ത വസ്ത്രം ധരിച്ച അരഡസന്‍ കുമാരികളെയോ കുമാരന്മാരെയോ റോഡുകളില്‍ കാണാത്ത ദിവസങ്ങള്‍ ക്യൂബയില്‍ ഇല്ലായിരുന്നു. ഇതു ലികുമി വിശ്വാസത്തില്‍ പ്രായപൂര്‍ത്തിയെ സൂചിപ്പിക്കുന്ന - ഉപനയനം പോലെയുള്ള - ചടങ്ങിന്റെ ഭാഗമാണ്.

ക്യൂബയില്‍ ഞാന്‍ പരിചയപ്പെട്ട, പലപ്പോഴും പരിഭാഷകയായി എന്നെ സഹായിച്ച, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗവും നിരീശ്വരവാദിയുമായ ഇറിന പറയുകയുണ്ടായി: 'എന്റെ മകള്‍ക്കു പതിനഞ്ചു വയസ്സായപ്പോള്‍ എനിക്കും ഇൌ ചടങ്ങു നടത്തേണ്ടിവന്നു.

മാറ്റങ്ങളെ അതിസമര്‍ഥമായി നേരിടുന്ന ജനതയാണു ക്യൂബക്കാര്‍. അതിന്റെ സത്ത എനിക്കു മനസ്സിലായതു ക്യൂബക്കാര്‍ വായിക്കുന്ന ഒരു കുക്കുടപാലന ഗ്രന്ഥത്തില്‍ നിന്നാണ്. ബേസ്ബോളും ബോക്സിങ്ങും പോലെ ക്യൂബക്കാര്‍ക്ക് അമിതമായ ഭ്രാന്തുള്ള കളിയായിരുന്നു കോഴിപ്പോര്. അതിന്റെ ഭാഗമായ വാതുവയ്പ് പല കുടുംബങ്ങളെയും ദരിദ്രമാക്കി. ഭരണം ഫിദല്‍ കാസ്ട്രോ പിടിച്ചെടുത്തതിനുശേഷം ചൂതാട്ടവും കോഴിപ്പോരും നിരോധിച്ചെങ്കിലും ഗ്രാമങ്ങളില്‍ രഹസ്യമായി കോഴിപ്പോര് ഇപ്പോഴും പഴയ വീറോടെ നടക്കുന്നു.

പോരുകാഴികളെ വളര്‍ത്താന്‍ ക്യൂബക്കാര്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളില്‍ ഒന്നാണ് 1995ല്‍ പ്രസിദ്ധീകരിച്ച അഗസ്റ്റിന്‍ പുപോ ഡൊമെനെക്കിന്റെ 'എല്‍ ഗയൊഫിനൊ കബാന (ക്യൂബയിലെ ഉത്തമമായ പോരുകോഴി). ഡൊമെനെക്ക് എഴുതി:
സങ്കരത്തില്‍ നിന്നുണ്ടാകുന്ന ഉൌര്‍ജമാണു പോരുകോഴികളുടെ ആന്തരികശക്തി. അതു കൈവരുന്നതു വിവിധ ജനുസ്സുകളിലെയും വര്‍ഗങ്ങളിലെയും കോഴികള്‍ പുതിയ സന്തതിപരമ്പരകള്‍ സൃഷ്ടിക്കുമ്പോഴാണ്. അവയ്ക്കു പൂര്‍വികരെക്കാള്‍ പതിന്‍മടങ്ങ് ഉശിരുണ്ടായിരിക്കും.

ക്യൂബ 2010ല്‍ വലിയ മാറ്റത്തിന്റെ വഴിത്തിരിവിലാണ്. ഫിദലിന്റെ സഹോദരന്‍ റൌള്‍ കാസ്ട്രോ പൂര്‍ണമായി ഭരണമേറ്റ 2008 ഫെബ്രുവരി മുതലുള്ള ഒരുവര്‍ഷം ക്യൂബയുടെ അല്ലെങ്കിലേ ക്ളേശപൂരിതമായ ചരിത്രത്തിലെ ഏറ്റവും മോശം കൊല്ലങ്ങളില്‍ ഒന്നായിരുന്നു. ഒന്നിനു പിറകെ ഒന്നായി മൂന്നു ചക്രവാതങ്ങള്‍ നാട്ടിന്‍പുറങ്ങളും കൃഷിയും കരിമ്പിന്‍തോട്ടങ്ങളും നശിപ്പിച്ചു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനു ശേഷം അമ്പേ തകരാറിലായ ക്യൂബന്‍ സമ്പദ് വ്യവസ്ഥ വീണ്ടും സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണു യുഎസില്‍ നിന്നു തുടക്കമിട്ട സാമ്പത്തികമാന്ദ്യം വിനോദസഞ്ചാരത്തില്‍ നിന്നും നിക്കല്‍ലോഹ കയറ്റുമതിയില്‍ നിന്നും മുഖ്യവരുമാനമുള്ള രാജ്യത്തെ വീണ്ടും മറ്റൊരു പ്രതിസന്ധിയിലേക്കു തള്ളിയിടുന്നത്.

ബര്‍ലിന്‍ മതില്‍ വീണതിനു ശേഷമുള്ള നാളുകളില്‍ ഫിദല്‍ വല്ലാതെ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. 2002ലും 2005ലും നൂറുകണക്കിന് ആളുകളെ രാഷ്ട്രീയ തടവുകരാക്കി. എന്നാല്‍ ഇത്തവണ ക്യൂബ കൂടുതല്‍ ആത്മവിശ്വാസം കാണിക്കുന്നു. 2010 തുടക്കമായപ്പോള്‍ തന്നെ മിക്ക രാഷ്ട്രീയ തടവുകാരെയും സര്‍ക്കാര്‍ മോചിപ്പിച്ചു കഴിഞ്ഞു.

ക്യൂബയില്‍ തൊണ്ണൂറു ശതമാനം പൊതുമേഖലയിലായിരുന്നു. സര്‍ക്കാര്‍ അതില്‍നിന്നു പല തൊഴിലുകളും വ്യവസായങ്ങളും സ്വകാര്യമേഖലയ്ക്കോ സ്വയംതൊഴിലുകാര്‍ക്കോ അടുത്തകാലത്തു തുറന്നിട്ടു. അതിനു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മസ്റ്റര്‍ റോളുകളില്‍ പെറ്റുപെരുകിക്കിടക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളെ ഒന്നോ രണ്ടോ മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കി, മറ്റു തൊഴിലുകള്‍ കണ്ടെത്തുകയോ സ്വയംതൊഴില്‍ ചെയ്തു ജീവിക്കുകയോ ചെയ്യാന്‍ പറഞ്ഞു ജോലിയില്‍ നിന്നു പിരിച്ചുവിടുന്ന ബൃഹദ്പദ്ധതി സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടയില്‍ ഫിദല്‍ കാസ്ട്രോ എന്തുചെയ്യുകയാണ്? അദ്ദേഹം ടിവി കണ്ടുകൊണ്ടിരിക്കുന്നു: സിഎന്‍എന്നിന്റെ സ്പാനിഷ് ചാനല്‍ കാണുക; കണ്ട കാര്യങ്ങളെപ്പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ (ക്യൂബയിലെ ഏകപത്രം), വെറും എട്ടു പേജുള്ള, ടാബ്ലോയ്ഡ് വലുപ്പത്തിലുള്ള 'ഗ്രാന്‍മയില്‍ 'ഫിദലിന്റെ പുനര്‍വിചിന്തനം എന്ന പംക്തിയില്‍ എഴുതുക.

ഞാന്‍ ക്യൂബയില്‍ എത്തിയ ദിവസം ക്യൂബക്കാര്‍ ടിവിയുടെ മൂന്നില്‍ കൂട്ടമായി നില്‍ക്കുന്നതു കണ്ടു. ഇക്വഡോറിലെ പ്രസിഡന്റ് റാഫേല്‍ കൊറിയയ്ക്ക് എതിരായി പൊലീസുകാര്‍ കലാപം നടത്തുകയും പട്ടാളം അദ്ദേഹത്തിന്റെ കസേര പരിരക്ഷിക്കുകയും ചെയ്യുന്ന നാടകം ടിവിയില്‍ അരങ്ങേറുകയായിരുന്നു. ഫിദല്‍ അതിനെ അപലപിച്ച് എഴുതുകയും ഒബാമയും ഹിലരി ക്ളിന്റനും ഇൌ വലതുപക്ഷ അട്ടിമറിക്കെതിരായി പ്രതികരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചിലപ്പോള്‍ ഫിദല്‍ കാത്തിരിക്കുന്ന പ്രോഗ്രാം സിഎന്‍എന്‍ കാണിക്കുകയില്ല. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളുടെ പ്രസംഗം നടന്നുകൊണ്ടിരിക്കുകയാണ്. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസംഗത്തിനുശേഷം ഒബാമയുടെ (സമാധാനത്തിനു നൊബേല്‍ സമ്മാനം ലഭിച്ച ആള്‍) പ്രസംഗത്തിനായി ഫിദല്‍ കാലത്ത് ഒന്‍പതുമണി മുതല്‍ കാത്തിരിക്കുന്നു. അപ്പോഴാണു സിഎന്‍എന്‍ കൊളംബിയയിലെ ഒരു ഗറിലാ തലവനെ വധിച്ച കഥയുമായി വരുന്നത്.

ആ കഥ തീരുന്ന ലക്ഷണം കാണാത്തപ്പോള്‍ ചൂടായി ഫിദല്‍ സിഎന്‍എന്നിന്റെ ഇംഗ്ലിഷ് ചാനല്‍ വയ്ക്കാന്‍ പറഞ്ഞു. അതിലും കൊളംബിയന്‍ കഥ തന്നെ. ഫിദല്‍ ടിവിയുടെ മുന്നില്‍ നിന്നു മാറിയില്ല. 10, 20, 30 മിനിട്ട് കടന്നുപോയി. അപ്പോഴും അതേ കഥ. 'ഫിദല്‍ ഗ്രാന്‍മയില്‍ എഴുതി, 'ഇൌ സിഎന്‍എന്നിനു സംസാരിക്കാന്‍ മറ്റു വിഷയം ഒന്നും കിട്ടിയില്ല? ഒബാമയുടെ പ്രസംഗം കേള്‍ക്കാന്‍ പറ്റാത്തതിന്റെ ഇച്ഛാഭംഗം ആ വാക്കുകളില്‍ ഉണ്ടായിരുന്നു.

ചുരുക്കത്തില്‍ ഇൌയിടെയായി ഫിദല്‍ ലോകകാര്യങ്ങള്‍ മാത്രമേ സംസാരിക്കുന്നുള്ളൂ. അനിയന്‍ റൌളിനു ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ ഇടയുള്ള ആഭ്യന്തരകാര്യങ്ങള്‍ അദ്ദേഹം ഒഴിവാക്കുന്നു.

കുടലിലെ ദീര്‍ഘകാലത്തെ അസുഖം മാറി സുഖപ്പെട്ടപ്പോള്‍ ആദ്യമായി ചെയ്ത കാര്യങ്ങളില്‍ ഒന്നു ഹവാനയ്ക്ക് അടുത്തു മിരമാറിലെ നാഷനല്‍ അക്വേറിയത്തില്‍ ചെന്നു ഡോള്‍ഫിനുകളെ കാണുക എന്നതായിരുന്നു. കൊച്ചിക്കാര്‍ കടല്‍പന്നിയെന്നു വിളിക്കുന്ന ഡോള്‍ഫിനുകളെ വിപ്ളവനായകനു വലിയ ഇഷ്ടമാണ്.

അടുത്തകാലത്തു കടല്‍പന്നികളെ കാണാന്‍ ഫിദല്‍ അമേരിക്കയിലെ അറ്റ്ലാന്റിക് മാസികയുടെ ലേഖകന്‍ ഗോള്‍ഡ് ബര്‍ഗിനെ ക്ഷണിച്ചു. (ലോകത്തിലെ ഏറ്റവും നല്ല ഡോള്‍ഫിന്‍ ഷോ). ഇറാന്‍ ജൂതസംഹാരത്തിനെ ലഘൂകരിച്ചു കാണിക്കുന്ന നിലപാടിനെയും ആ രാജ്യത്തിന്റെ ആണവമോഹങ്ങളെയും വിമര്‍ശിച്ചു സംസാരിക്കുന്നതിനിടയില്‍ ക്യൂബന്‍ മോഡല്‍ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ഗോള്‍ഡ് ബെര്‍ഗിന്റെ ചോദ്യത്തിനു മറുപടിയായി ഫിഡല്‍ പറഞ്ഞു, 'ക്യൂബന്‍ മോഡല്‍ ക്യൂബയില്‍ ഞങ്ങള്‍ക്കു വേണ്ടിത്തന്നെ പ്രവര്‍ത്തിക്കുന്നില്ല. ആഭ്യന്തരകാര്യങ്ങളെപ്പറ്റി ഫിദല്‍ മൌനംപാലിക്കുകയായിരുന്നു.

താന്‍ പറഞ്ഞതു മുതലാളിത്ത മോഡല്‍ പരാജയപ്പെട്ടുവെന്നാണെന്നും നല്ലവനായ അമേരിക്കന്‍ ലേഖകന്‍ ഗോള്‍ഡ് ബര്‍ഗിനു പകര്‍ത്തി എഴുതിയതില്‍ തെറ്റുപറ്റിയതാണെന്നും പിറ്റേന്നുതന്നെ ഹവാനാ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഫിദല്‍ പറഞ്ഞു. ഇതൊഴിച്ചാല്‍ ക്യൂബയിലെ ഔദ്യോഗിക മാധ്യമങ്ങളോ സര്‍ക്കാര്‍വൃത്തങ്ങളോ ഫിദല്‍ പറഞ്ഞത് അമേരിക്കക്കാരന്‍ വളച്ചൊടിച്ചതാണെന്നു പറഞ്ഞിട്ടില്ല. പല തലങ്ങളിലും ക്ളേശങ്ങള്‍ ഉണ്ടാക്കാവുന്ന സാമ്പത്തിക ക്രമീകരണങ്ങള്‍ അനിയന്‍ റൌള്‍ നടത്തുന്നതിനു തന്റേതായ രീതിയില്‍ ഫിദല്‍ പിന്തുണ പ്രഖ്യാപിച്ചതായിരിക്കാം.

ഇതൊരു ഫിദല്‍ അടവായിരിക്കാം. ഓര്‍ക്കുക, വിപ്ളവത്തിനു മുന്‍പ്, 1958 ഫെബ്രുവരിയില്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനായ ഹെര്‍ബര്‍ട്ട് മാത്യൂസിനെ ക്യൂബയിലേക്കു വളരെ പാടുപെട്ടു കൊണ്ടുവന്നു നല്‍കിയ അഭിമുഖത്തിലൂടെയാണു ഫിദല്‍ കാസ്ട്രോയെ വിശാല ലോകം അറിയുന്നത്.

ക്യൂബന്‍ മോഡലിനെപ്പറ്റി നീണ്ട വിശദീകരണം ആവശ്യമാണ്. കേരളത്തിന്റെ മൂന്നിരട്ടി വലുപ്പമുള്ള, അതിന്റെ മൂന്നിലൊന്നു ജനസംഖ്യയുള്ള ക്യൂബ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യവികസനമാതൃക സൃഷ്ടിച്ച സാമൂഹികസ്ഥിതി നിലനില്‍ക്കുന്ന രാജ്യമാണ്. എന്നാല്‍, രാജ്യത്തിന് ഉല്‍പാദനക്ഷമത വളരെ കുറഞ്ഞ സമ്പദ്സ്ഥിതിയുമായി അധികനാള്‍ മുന്നോട്ടുപോകാന്‍ പറ്റുകയില്ല എന്നതാണു ക്യൂബന്‍ മാതൃകയുടെ ദൌര്‍ബല്യം. ഇതിന്റെ കൂടെ മാനസികതലത്തില്‍ ജനാധിപത്യത്തിന്റെ കുറവ് ഉണ്ടാക്കുന്ന അസ്വസ്ഥത കൂടി കൂട്ടിച്ചേര്‍ക്കുക.

മാറ്റങ്ങള്‍ നടപ്പാക്കാനുള്ള ക്യൂബക്കാരുടെ ജീനിയസ് ആവശ്യപ്പെടുന്ന അവസ്ഥയാണിത്. ഇപ്പോള്‍ ഇവിടെ നടക്കുന്ന പുനര്‍ഘടന ഈ യാഥാര്‍ഥ്യത്തെ മനസ്സിലാക്കിയതു പോലെയുണ്ട്. മാറുന്ന ചരിത്രം എഴുതപ്പെടുകയാണു ചെയ്യേണ്ടത്. പക്ഷേ, ക്യൂബയായതു കൊണ്ട് അതു ചെയ്യേണ്ടതു പേന കൊണ്ടല്ല; പല ട്രാക്കുകളിലെ സംഗീതം മിക്സ് ചെയ്യുന്ന കണ്‍സോളുകളിലെ കട്ടകള്‍ മാറ്റിക്കൊണ്ടായിരിക്കണം.

ഹവാനയിലെത്തിയ ദിവസംതന്നെ ഞാന്‍ മിരാമറിലെ ഡോള്‍ഫിന്‍ ഷോ കാണാന്‍ പോയി. ഫിദല്‍ പറഞ്ഞതു ശരിയാണ്; ഞാന്‍ ഇതുവരെ കണ്ടിട്ടുള്ള ഡോള്‍ഫിന്‍ ഷോകളെക്കാള്‍ മികച്ചത് ഇതുതന്നെ. പട്ടികളെക്കാള്‍ കടല്‍പന്നികള്‍ക്കു ബുദ്ധി കൂടുതലാണെന്നു തോന്നി.

ഷോ കഴിഞ്ഞതിനുശേഷം ഞാന്‍ അവിടത്തെ ജോലിക്കാരോടു ഡോ. സീലിയയെക്കുറിച്ച് അന്വേഷിച്ചു. അവര്‍ അങ്ങനെ ഒരാളെ അറിയില്ല എന്നു പറഞ്ഞു. അക്വേറിയത്തില്‍ നിന്നു കുറച്ചു ദൂരെയുള്ള ഓഫിസില്‍ ചെന്നു ചോദിച്ചപ്പോള്‍ അങ്ങനെ ഒരാള്‍ ഇവിടെ ഇല്ല എന്നു പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന പരിഭാഷക ഇറിന പറഞ്ഞു: 'അവര്‍ നുണ പറയുകയാണ്. ഫിഡല്‍ ഡോള്‍ഫിന്‍ ഷോ കാണാന്‍ വിദേശ പത്രലേഖകനുമായി നാഷനല്‍ അക്വേറിയത്തില്‍ എത്തിയപ്പോള്‍ അവിടത്തെ വെറ്ററിനറി ഡോക്ടറായ സീലിയയും സന്നിഹിതയായിരുന്നു. അവര്‍ ചെ ഗുവരെയുടെ മകളാണ്.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)