കേരളത്തിലെ വിദ്യാഭ്യാസ മേഖല: ഉള്‍ക്കൊള്ളലില്‍ നിന്നും ഒഴിവാക്കലിലേക്ക്
സി.എസ്.ഇയുടെ പഠനം : ENTRY BARRIERS TO PROFESSIONAL EDUCATION IN KERALA (PDF ലിങ്ക് )എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പല വിഭാഗങ്ങളും ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നു പഠനം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തന്നെ പിന്നോട്ടടിക്കും വിധത്തിലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറും ചെയര്‍മാന്‍ പ്രൊഫ. കെ.കെ ജോര്‍ജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ അപകട സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.
വിദ്യാഭ്യാസ രംഗത്ത് UN സഹസ്രാബ്‌ധലക്ഷ്യങ്ങള്‍ (Millennium Goals) നേരത്തേ കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത, ഏറെക്കുറെ മുഴുവന്‍ പേരും സ്‌കൂളിലെത്തുന്ന സ്ഥിതി, വിദ്യാര്‍ത്ഥി കൊഴിഞ്ഞുപോക്കിലെ കുറവ് തുടങ്ങി നേട്ടങ്ങളൂടെ പട്ടിക ഏറെയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് വിദ്യാഭ്യാസം വികസിച്ചുവന്നതെന്ന പ്രത്യേകതയുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. ലിംഗസമത്വത്തിലും കേരളം മുന്നിലെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസംഖ്യയിലെ സാക്ഷരതയും മികച്ചതാണ്. അവരുടെ സ്‌കൂള്‍ പ്രവേശനവും ഉന്നതവിദ്യാഭ്യാസ രംഗത്തെ സാന്നിധ്യവും ജനസംഖ്യയിലെ അവരുടെ അനുപാതവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ മൊത്ത കണക്കുകളില്‍ കാണുന്നത്ര ആശാവഹമല്ല കാര്യങ്ങളെന്ന് പല സൂക്ഷ്‌മ തല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊത്തം നേട്ടങ്ങളുടെ ഈ ചിത്രത്തില്‍ വിവിധ സാമൂഹ്യ സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്‌ത അവസ്ഥ മറയ്‌ക്കപ്പെടുന്നു. കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥ തൊണ്ണൂറുകള്‍ മുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് പഠനം പറയുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കേണ്ടി വരുന്ന ചെലവിലെ വര്‍ധനവ്, വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വര്‍ധനവ്, കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുന്ന സാമ്പത്തികേതര കാരണങ്ങള്‍, ദുര്‍ബല വിഭാഗങ്ങളോട് വേണ്ടത്ര പരിഗണനയില്ലായ്‌മ തുടങ്ങിയവ ഇതിനു കാരണമാകുന്നുണ്ട്.
വ്യക്തിഗത വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വര്‍ധനവ് പലപഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫീസ് കുറവാണെങ്കിലും വിദ്യാര്‍ത്ഥിയുടെ മൊത്തം പഠനച്ചെലവ് കേരളത്തില്‍ കൂടുതലാണ്. ഗ്രാമീണ കുടുംബങ്ങളുടെ പ്രതിശീര്‍ഷവിദ്യാഭ്യാസ ച്ചെലവ് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും ഗവണ്‍മെന്റ് /എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ് കുറവാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കുന്ന ചെലവിന്റെ മൂന്ന് ശതമാനം മാത്രമാണ് ട്യൂഷന്‍ ഫീസ്. എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലൊക്കെ ഇതാണു സ്ഥിതി. പക്ഷെ, സര്‍ക്കാറിന്റെ സബ്‌സിഡി വിദ്യാര്‍ത്ഥിയുടെ വ്യക്തിഗതചെലവിന്റെ ചെറിയൊരു ഭാഗം മാത്രമെ ആകുന്നുള്ളു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനു ചെലവാകുന്ന ഫീസേതര വിദ്യാഭ്യാസ ചെലവുകള്‍ കൂടി കണക്കിലെടുത്തുള്ള ഒരു സ്‌കോളര്‍ഷിപ്പ് നയം സര്‍ക്കാരിനില്ല. ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധിയും തീരെ കുറവാണ്.
സ്വാശ്രയ കോഴ്‌സുകളുടെ വര്‍ധനവാണ് വിദ്യാഭ്യാസരംഗത്ത് പലവിഭാഗത്തില്‍പ്പെട്ടവരെയും അകറ്റിനിര്‍ത്താന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന ഘടകം. എന്‍ജിനിയറിംഗ്, നഴ്‌സിങ്ങ്, ഫാര്‍മസി കോഴ്സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയ മേഖലയിലാണ്. മെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്ന് സ്ഥാപനങ്ങളും സ്വാശ്രയമാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും ഇന്ന് സ്വാശ്രയ മേഖലയിലാണ്. തൊഴിലധിഷ്ഠിത കോഴ്സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളായോ ആണ് തുടങ്ങുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ നാലിലൊന്ന് അണ്‍ എയ്‌ഡഡ് ആണ്.
സാമ്പത്തികേതരമായ തടസ്സ ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രവേശന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കടന്നുകൂടാനാകാതെ വരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം ഇന്നുകുറവാണ്. നഗരഗ്രാമീണ മേഖലകളില്‍ ഇത് ഒരു പോലെ നിലനില്‍ക്കുന്നു. SSLC പരീക്ഷയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനവും മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുറവാണ്.
വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയും പ്രശ്നമാണ്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ആവശ്യാനുസൃതമായി സീറ്റുകള്‍ കൂട്ടാത്തതും പലവിഭാഗങ്ങള്‍ക്കും കടന്നുവരാന്‍ തടസ്സമാകുന്നു.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച സാവധാനമായിരുന്ന കാലത്തുപോലും കേരളം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയിരുന്നതായി കാണാം. പക്ഷേ സമ്പദ് വ്യവസ്ഥ വളര്‍ന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം കുറഞ്ഞു തുടങ്ങി. ഇത് വിദ്യാഭ്യാസരംഗത്ത് സൌകര്യങ്ങളുടെ അപര്യാപ്‌തത സൃഷ്ടിച്ചു. ഈ വിടവിലേക്ക് ആണ് ഇന്ന് സ്വാശ്രയ സ്ഥാപനങ്ങള്‍ കടന്നുവരുന്നത്. സര്‍ക്കാര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗതചെലവില്‍ വന്‍വര്‍ധനവുണ്ടാക്കുന്നു.
സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന ഒരു മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യവും അണ്‍ എയ്‌ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗ്ഗം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഈ വിഭാഗത്തിന്റെ രാഷ്‌ട്രീയ സ്വാധീനം സര്‍ക്കാര്‍ നയങ്ങളെയും സ്വാധീനിക്കുന്നു. മധ്യവര്‍ഗ്ഗത്തിനുവേണ്ടാതായ സാമൂഹ്യസേവനങ്ങളില്‍ പണം മുടക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇത്തരത്തിലൊരു വിഷമവൃത്തം രൂപപ്പെടുന്നു. രാഷ്‌ട്രീയസ്വാധീനമുള്ള മതമാനേജുമെന്റുകളുടെ ഇടപെടലുകളും വിദ്യാഭ്യാസരംഗത്ത്åദോഷകരമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നിയമന രീതി ദരിദ്ര പശ്ചാത്തലത്തിലുള്ളവര്‍ക്ക് അദ്ധ്യാപകരായി കടന്നുവരാന്‍ തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ടുകുതിക്കാനുള്ള അവസരം വിവിധ ജനവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ മുന്‍പ് ലഭിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലയിലും പിടിമുറുക്കിയ വാണിജ്യവത്കരണം ഇത് ഏറെക്കുറെ അസാധ്യമാക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലില്ലായ്‌മയ്‌ക്കുള്ള പാസ്‌പോര്‍ട്ട് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ തൊഴിലിനുള്ള പാസ്‌പോര്‍ട്ട് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ക്കായി പരിമിതപ്പെടുന്നു. ഈ അസമമായ വളര്‍ച്ചാ പ്രവണത കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യസ്ഥിരതയേയും സൌഹാര്‍ദ്ദത്തേയും തന്നെ വലിയൊരളവുവരെ ബാധിച്ചേക്കുമെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക അസമത്വ പ്രശ്‌നങ്ങളാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലും കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലുമായി 2008 -ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ആകെ വിജയശതമാനം 67.3 ആയിരുന്നു. ഇതേ സമയം കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ /സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്വാശ്രയ കോളേജുകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ്.
സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്‌ത കഴിവും അഭിരുചിയും സര്‍ഗാത്മകതയുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തം. മാനവശേഷിയില്‍ അധിഷ്‌ഠിതമായ ഒരു ലോക സമ്പദ് വ്യവസ്ഥയില്‍ ഇവരുടെ മത്സരക്ഷമത കുറയും. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല.
സ്‌കൂള്‍ തലത്തിലെ പുതിയ പ്രവണതകളും ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടുതരം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വളര്‍ന്നുവരികയും അവര്‍ തമ്മില്‍ യാതൊരു ഇടപെടലും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഏറെയും മധ്യവര്‍ഗ്ഗത്തില്‍ നിന്നു വരുന്ന പുതിയ വിഭാഗം സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരിക്കലും നിലകൊള്ളുമെന്ന് കരുതാനാകില്ല. സാമൂഹ്യ ചലനങ്ങളൊന്നും ഇക്കൂട്ടര്‍ ഉണ്ടാക്കുന്നില്ല. ഈ പ്രവണതകള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കാനിടയുള്ള ദീര്‍ഘകാല സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ അത് വിഷയമാകുന്നുമില്ല- പഠനറിപ്പോര്‍ട്ട് പറയുന്നു
പത്ര വാര്‍ത്ത -
കൊച്ചി: സ്വാശ്രയ സ്ഥാപനങ്ങള്‍ സാമ്പത്തിക അസമത്വത്തിനൊപ്പം വിദ്യാഭ്യാസനിലവാരത്തകര്‍ച്ചയ്ക്കും ഇടവരുത്തുന്നതായി പഠനം. പല സ്വാശ്രയ സ്ഥാപനങ്ങളിലും കുറഞ്ഞ ശതമാനം കുട്ടികള്‍മാത്രമാണ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നതെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോമെന്റല്‍ സ്റഡീസ് ചെയര്‍മാന്‍ പ്രൊഫ. കെ കെ ജോര്‍ജും ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമായി. കേരള സര്‍വകലാശാലാ പരിധിയിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ 2008ലെ വിജയശതമാനമാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ഗവമെന്റ് എന്‍ജിനിയറിങ് കോളേജിലും എയ്ഡഡ് കോളേജായ ടി കെ എം എന്‍ജിനിയറിങ് കോളേജിലും വിജയം 67.3 ശതമാനമായിരുന്നു. എന്നാല്‍, സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ശരാശരി വിജയശതമാനം 35.6 മാത്രം. ചില കോളേജുകളില്‍ ഇത് 10 മുതല്‍ 15 വരെ ശതമാനമായി താഴ്ന്നു. പ്രൊഫഷണല്‍ കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം പെരുകിയത് കൂടുതല്‍ പേര്‍ക്ക് അവസരം ഉറപ്പാക്കിയെന്ന് വാദമുണ്ടെങ്കിലും ഇത് വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടം തകര്‍ക്കുന്ന തരത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലൂടെയാണ് ഇവിടെ വിദ്യാഭ്യാസം വികസിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഉണ്ടായി. എന്നാല്‍, അടുത്തിടെയായി സ്ഥിതി മാറി. എന്‍ജിനിയറിങ്, നേഴ്സിങ്, ഫാര്‍മസി കോഴ്സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയമേഖലയിലാണ്. മെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്നും സ്വാശ്രയമേഖലയിലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും സ്വാശ്രയം. തൊഴിലധിഷ്ഠിത കോഴ്സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളായോ ആണ് തുടങ്ങുന്നത്. സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗത്തിന്റെ സാന്നിധ്യം അഎയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗം സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. ഈ വിഭാഗത്തിന്റെ രാഷ്ട്രീയസ്വാധീനം സര്‍ക്കാര്‍നയങ്ങളെയും സ്വാധീനിക്കുന്നു. മത മാനേജ്മെന്റുകളുടെ ഇടപെടലും വിദ്യാഭ്യാസരംഗത്തിന് ദോഷകരമാണ്.
No comments:
Post a Comment