Tuesday, September 29, 2009

ചരിത്രമറിയാത്തവര്‍ വീണ്ടും വാളെടുക്കുന്നു

അഡ്വ. എ.ജയശങ്കര്‍ (21 സെപ്തംബര്‍ 2009)

ജനാധിപത്യവ്യവസ്ഥയുടെ ആധാരശിലയാണ് അഭിപ്രായസ്വാതന്ത്ര്യം. പൗരന്മാര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ നിര്‍ഭയമായി പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം അനുവദിക്കാത്ത സമൂഹത്തില്‍ ജനാധിപത്യത്തിനു നിലനില്‍പ്പില്ല.

വിശാലമായ അര്‍ഥത്തില്‍, അഭിപ്രായസ്വാതന്ത്ര്യത്തില്‍നിന്നാണ് ഭരണകൂടങ്ങള്‍ തന്നെയുണ്ടാകുന്നത്. ജനങ്ങള്‍ അവരുടെ അഭിപ്രായം ബാലറ്റിലൂടെ പ്രകടിപ്പിക്കുന്നു. ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നു. ഭരണകൂടം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനനുസരിച്ച്, അതേ സമയം ന്യൂനപക്ഷ താത്പര്യങ്ങള്‍ ബലികഴിക്കാതെയും ഭരിക്കുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമസ്വാതന്ത്ര്യം. ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും നിരങ്കുശമായി വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും മാധ്യമങ്ങള്‍ക്കുണ്ട്. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തെറ്റുതിരുത്താനുമുള്ള ആര്‍ജവം ജനാധിപത്യഭരണക്രമത്തില്‍ സര്‍ക്കാറിന് ഉണ്ടായേ തീരൂ.

മൗലികാവകാശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തും പത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും രാജ്യത്തെ 'നേര്‍വഴി'ക്കു നടത്താന്‍ മുമ്പൊരു പ്രധാനമന്ത്രി ശ്രമിച്ചതാണ്. ഒരു പത്രവും വായിക്കാത്ത, ടെലിവിഷനെപ്പറ്റി കേട്ടുകേള്‍വിപോലുമില്ലാത്ത ഗ്രാമീണര്‍ വോട്ടുചെയ്തു അവരെ പുറത്താക്കി. പകരം വന്നവര്‍ തമ്മിലടിച്ചു തുലഞ്ഞപ്പോള്‍ പഴയ ആളെ വീണ്ടും തിരിച്ചുകൊണ്ടുവന്നു. ജനാഭിപ്രായത്തിന്റെ ആത്യന്തിക വിജയം.

മാധ്യമ ഇടപെടലുകള്‍

നമ്മുടെ നാട്ടില്‍ ഭരണ പ്രതിപക്ഷപാര്‍ട്ടികള്‍ ഒത്തൊരുമിച്ചു മുക്കിയ ഒരു ലൈംഗികാപവാദം മാധ്യമങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേറ്റതും മറക്കാറായിട്ടില്ല. മാധ്യമഗൂഢാലോചനയെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും വിവാദനായകന് മന്ത്രിപദം രാജിവെക്കേണ്ടിവന്നു. തുടര്‍ന്നുനടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു.

ഭരണകര്‍ത്താക്കള്‍ക്ക് ചരിത്രമറിയില്ല, ചരിത്രത്തില്‍ നിന്ന് അവര്‍ ഒരു പാഠവും പഠിക്കുകയുമില്ല എന്നതാണ് നമ്മുടെ നാടിന്റെ ശാപം. നയവ്യതിയാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല. ഭരണവൈകല്യത്തെ വിമര്‍ശിച്ചാല്‍ ശത്രുവായി കണക്കാക്കുകയും ചെയ്യും. സ്തുതിഗായകരുടെയും വൈതാളികരുടെയും ഗാനാലാപനത്തില്‍ മതിമയങ്ങി ജനങ്ങളോടുള്ള കടമ വിസ്മരിക്കും. അഞ്ചുകൊല്ലം കഴിയുമ്പോള്‍ അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങും.

ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രധാനകക്ഷി വളരെക്കാലമായി സംസ്ഥാനത്തെ മാധ്യമങ്ങളെ ശത്രുപക്ഷത്താണ് നിര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ പരിഗണന മുഖ്യമന്ത്രിക്കു ലഭിക്കുന്നു എന്നിടത്താണ് പരിഭവത്തിന്റെ ഉദ്ഭവം. 374.5 കോടി രൂപ ഉള്‍പ്പെട്ട അഴിമതിക്കേസ് തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ് എന്ന പാര്‍ട്ടി നിലപാട് അംഗീകരിക്കാത്തതിന്റെ പക വേറെയുമുണ്ട്.

തിമിരം ബാധിച്ചവര്‍

പകയും വിദ്വേഷവും കൊണ്ട് ഒരു വിഭാഗം നേതാക്കള്‍ക്ക് തിമിരം ബാധിച്ചിരിക്കുന്നു. അവര്‍ മാധ്യമങ്ങള്‍ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. മാധ്യമമാഫിയ, മാധ്യമ സിന്‍ഡിക്കേറ്റ്, എംബഡഡ് ജേര്‍ണലിസം, പിതൃശൂന്യ പത്രപ്രവര്‍ത്തനം മുതലായ പുതിയ വാക്കുകള്‍ തന്നെ ഭാഷയില്‍ പ്രചാരം നേടിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്ന സകലകൊള്ളരുതായ്മയും മാധ്യമങ്ങളുടെ മേല്‍ വെച്ചുകെട്ടുകയാണ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നു രക്ഷപ്പെടാനുള്ള എളുപ്പവഴി. തലസ്ഥാനത്തെ പ്രമുഖ സര്‍ക്കാര്‍ ആസ്​പത്രിയില്‍ നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ അനാസ്ഥകാണിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനോ ചികിത്സാസൗകര്യം മെച്ചപ്പെടുത്താനോ അല്ല മാധ്യമ ദുഷ്പ്രചാരണത്തെ അപലപിക്കാനാണ് സര്‍ക്കാര്‍ ഉത്സാഹം കാണിച്ചത്.

പകര്‍ച്ചപ്പനി ബാധിച്ച് പതിനായിരക്കണക്കിന് ആളുകള്‍ നരകിച്ചപ്പോഴും പാവം മാധ്യമങ്ങളാണ് പഴികേട്ടത്. നുണപ്പനിയെ പാര്‍ട്ടിപത്രം പരിഹസിച്ചു. ദുഷ്പ്രചാരണം ചെവിക്കൊള്ളരുതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ജനങ്ങളെ ഗുണദോഷിച്ചു.

പാര്‍ട്ടി നേതൃത്വത്തിന്റെ വിപ്ലവകരമായ മാധ്യമനയത്തിനു പിന്തുണ നല്കിക്കൊണ്ട് 57 സാംസ്‌കാരിക നായകര്‍ പ്രസ്താവനയിറക്കിയതും സ്മരണീയം. അക്കാദമികളിലും ഇതര സര്‍ക്കാര്‍ വിലാസം സ്ഥാപനങ്ങളിലും കസേര തരപ്പെട്ട ഭാഗ്യശാലികളായിരുന്നു ഇവരില്‍ മുക്കാലേമുണ്ടാണിയും.

സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരിനെതിരായ സി.ഐ.എ.യുടെ ഗൂഢാലോചനയാണെന്ന് സമര്‍ഥിക്കുന്നവരുണ്ട്. ഒന്നുകില്‍ ഇക്കൂട്ടരുടെ മാനസികാരോഗ്യ നില പരിതാപകരമാംവിധം മോശമാണ്. അല്ലെങ്കില്‍ മലയാളികളുടെ ബുദ്ധിനിലവാരത്തെക്കുറിച്ച് ഇവര്‍ക്കുള്ള ധാരണ തികച്ചും തെറ്റാണ്.

പുതിയ കല്പനകള്‍

മാധ്യമങ്ങള്‍ കുറ്റാന്വേഷണത്തില്‍ ഇടപെടേണ്ടതില്ല, പോലീസ് അന്വേഷിച്ചുകണ്ടെത്തുന്ന 'സത്യങ്ങള്‍' യഥാകാലം ജനങ്ങളെ അറിയിച്ചാല്‍ മതി എന്നാണ് ഏറ്റവും പുതിയ കല്പന. സമാന്തര കുറ്റാന്വേഷണം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും എന്നൊരു ഭീഷണിയും നിലവിലുണ്ട്. അടിയന്തരാവസ്ഥയിലോ രാജഭരണകാലത്തോപോലും വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ലേഖകരെ നിര്‍ബന്ധിച്ചിരുന്നില്ല.

സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെട്ടാലും ജനാധിപത്യ സംവിധാനം മൊത്തം തകര്‍ന്നാലും സാരമില്ല, പാര്‍ട്ടിതാത്പര്യം പുലരണം. അതിനുപരി മുഖ്യമന്ത്രിമാരുടെ വ്യക്തിതാത്പര്യം നിറവേറണം. എഴുപതുകളുടെ തുടക്കത്തിലാണ് വാട്ടര്‍ഗേറ്റ് അപവാദം പുറത്തുവന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ ലേഖകരെ പോലീസ്‌സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്യാനൊന്നും പ്രസിഡന്റ് നിക്‌സണ്‍ തുനിഞ്ഞില്ല. ഇംപീച്ച് മെന്റ് ഒഴിവാക്കാന്‍ അദ്ദേഹം രാജികൊടുത്തു. ഐക്യനാടുകളുടെ 220 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റ് രാജിവെച്ച ഏക സന്ദര്‍ഭം അതായിരുന്നു.ഏറെക്കുറെ അതേസമയത്ത് കേരളത്തിലെ ഒരു പ്രമുഖപത്രം വനംകൊള്ളയെക്കുറിച്ച് സേ്താഭജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. അന്നത്തെ വനം മന്ത്രിയെക്കുറിച്ചും ആരോപണം ഉന്നയിച്ചു.

സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പത്രത്തിനെതിരെ മാനനഷ്ടക്കേസും ഫയലാക്കി. അന്വേഷണത്തില്‍ ആരോപണം ശരിയല്ല എന്നുതെളിഞ്ഞു. പത്രത്തിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് മതിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ മാനനഷ്ടക്കേസ് പിന്‍വലിക്കുകയാണ് ചെയ്തത്. അപകീര്‍ത്തിക്കേസ് പിന്‍വലിച്ചത് സര്‍ക്കാറിന്റെ ദൗര്‍ബല്യമാണെന്ന് മാധ്യമങ്ങളോ ജനങ്ങളോ കരുതിയില്ല. കാലാവധി തികച്ചുഭരിച്ച ആ മുന്നണി അടുത്ത തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ജയിച്ചുഎന്നാണ് ചരിത്രം.

കാത്തിരിക്കുന്നു, ജനവിധി

ഭീഷണിപ്പെടുത്തിയോ കണ്ണുരുട്ടിയോ മാധ്യമങ്ങളെ ചൊല്‍പ്പടിക്കുനിര്‍ത്താം എന്നു വ്യാമോഹിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കാരണം ഇത് സ്റ്റാലിന്റെ റഷ്യയല്ല, ചൗഷെസ്‌ക്യുവിന്റെ റുമാനിയയുമല്ല. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്.

ഇവിടെ ലിഖിതമായ ഭരണഘടനയുണ്ട്. സുപ്രീംകോടതിയും ഹൈക്കോടതിയുമുണ്ട്. എല്ലാത്തിനുമുപരി, അഞ്ചുവര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പുനടക്കും എന്നകാര്യംഉറപ്പാണ്.ഭരണഘടനാ തത്ത്വങ്ങളെ മാനിക്കാത്തവര്‍ പൗരാവകാശങ്ങള്‍ ചവിട്ടിമെതിച്ചേക്കാം. ജഡ്ജിമാര്‍ക്കുനേരെ വധഭീഷണിമുഴക്കിയും കോലം കത്തിച്ചും ശീലിച്ചവര്‍ വിധിന്യായങ്ങളെ വിഗണിച്ചേക്കാം. പക്ഷേ, ജനവിധി അലംഘ്യമാണ്.

അഞ്ചുകൊല്ലത്തിലൊരിക്കല്‍ ജനം ബാലറ്റിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനു മീതെ അപ്പീലില്ല. സ്തുതിഗായകരുടെയും വൈതാളികരുടെയും സഹായം ആ സമയത്ത് ഉതകുകയുമില്ല.

വിചാരണയോ വിശകലനമോ ?

അഡ്വ. കെ. രാംകുമാര്‍ (18 സെപ്തംബര്‍ 2009)

മാധ്യമങ്ങള്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി വിചാരണ നടത്തുന്നത്‌ ശരിയല്ലെന്ന രീതിയില്‍ കേരള ഹൈക്കോടതി പരാമര്‍ശിച്ചിരിക്കുന്നു; വിമര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞാലാവും കൂടുതല്‍ ശരി.

ഈ അഭിപ്രായപ്രകടനം നടത്തിയ ജഡ്‌ജ ി തീര്‍ച്ചയായും ആദരണീയനാണ്‌. പരിചയസമ്പന്നനാണ്‌. ഭരണരംഗത്തടക്കം അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയും നിഷ്‌പക്ഷ അഭിപ്രായങ്ങളും ആരും ചോദ്യം ചെയ്യുകയുമില്ല. മുതിര്‍ന്ന അഭിഭാഷകര്‍ അന്വേഷണവിധേയമായിരിക്കുന്ന കേസുകളില്‍ മാധ്യമചര്‍ച്ചയിലേര്‍പ്പെടുന്നത്‌ അനുവദനീയമല്ലെന്ന മട്ടില്‍ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. ജനശ്രദ്ധയാകര്‍ഷിച്ച ലാവലിന്‍ കേസില്‍ ഒരു പ്രതിയായ രാഷ്ട്രീയ നേതാവടക്കമുള്ളവര്‍ അദ്ദേഹം നിരപരാധിയാണെന്ന്‌ പ്രമേയം പാസ്സാക്കി പത്രങ്ങള്‍ വഴി പ്രസിദ്ധീകരിച്ചത്‌ തെറ്റായ നടപടിയല്ലെന്ന്‌ ഹൈക്കോടതി തന്നെ വിധി പ്രസ്‌താവിച്ചിട്ടുണ്ട്‌. ഒരു പ്രതിതന്നെ പത്രമാധ്യമങ്ങളെ തന്റെ നിരപരാധിത്വം വിളിച്ചറിയിക്കാന്‍ ഉപയോഗിക്കാമെങ്കില്‍ പ്രമാദമായ കേസുകളിലുള്‍ക്കൊള്ളുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതില്‍ പങ്കാളികളാവാന്‍ അഭിഭാഷകര്‍ക്ക്‌ സ്വാതന്ത്ര്യമില്ലേ?

ഹൈക്കോടതി ഈ വിഷയത്തില്‍ കാഴ്‌ചപ്പാടെടുക്കുന്നത്‌ വിഭിന്നരീതിയിലാണ്‌. പ്രത്യേകിച്ചും പണ്ട്‌ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ മാതൃകയില്‍. ഹൈക്കോടതി ജഡ്‌ജ ിമാര്‍തന്നെ ജനസമ്പര്‍ക്ക പരിപാടി ഒരു ചാനലിലൂടെ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയപ്പോള്‍, ജനങ്ങളുടെ ചോദ്യങ്ങള്‍ പലപ്പോഴും നിലവിലുള്ള തങ്ങളുടെ കേസുകളെപ്പറ്റിയായിരുന്നു. മറുപടി നല്‍കിയിരുന്നത്‌ ഏറ്റവും മുതിര്‍ന്ന ജഡ്‌ജ ിയും.

'മെഴുകുതിരിയല്ല ജഡ്‌ജിമാര്‍'

ഈ നടപടി ശരിയാണെങ്കില്‍ അഭിഭാഷകര്‍ക്ക്‌ മാത്രം ആ അവകാശം നിഷേധിക്കുന്നത്‌ ശരിയാണോ? അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകളെപ്പറ്റി അവര്‍തന്നെ പരാമര്‍ശിക്കുന്നത്‌ ശരിയല്ലെന്ന കാര്യത്തില്‍ സംശയങ്ങളേയില്ല; പ്രത്യേകിച്ചും കേസിന്റെ ഗതിവിഗതികളെ ബാധിക്കുന്ന രീതിയില്‍. പക്ഷേ, നമ്മുടെ ജഡ്‌ജ ിമാര്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടൊരിക്കലും സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന്‌ ജസ്റ്റിസ്‌ ഹേമ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ''ജഡ്‌ജ ിമാര്‍ മെഴുകുതിരിപോലെ ഉരുകുകയോ പിറ്റേ ദിവസം മാധ്യമങ്ങളില്‍ കാണാവുന്ന തലക്കെട്ടുകളുടെ ഭീഷണികളുടെ ചൂടില്‍ എരിഞ്ഞുപോകുകയോ ചെയ്യില്ല.''' ' (2009 (1) KLT 126)

വളരെ വിവാദവിഷയമായിരുന്നതും ചര്‍ച്ചയിലിരിക്കുന്നതും വൈകാരിക തീവ്രമായിരുന്നതുമായ ഒരു സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തെ സ്‌പര്‍ശിക്കുന്നതു കൂടിയായിരുന്നു. പത്ര-ദൃശ്യമാധ്യമങ്ങള്‍ വളരെ സജീവമായിട്ടായിരുന്നു ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്‌. കേസിലുള്‍പ്പെട്ട ഇരുവിഭാഗത്തെയും അഭിഭാഷകര്‍ തന്നെയാണ്‌ അവരുടെ വ്യത്യസ്‌ത കാഴ്‌ചപ്പാടുകള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്‌. ഇതൊന്നും തങ്ങളെ സ്വാധീനിക്കുകയില്ലെന്നാണ്‌ എന്നിട്ടും ജസ്റ്റിസ്‌ ഹേമ പറഞ്ഞത്‌. മുന്‍പ്‌ ജസ്റ്റിസ്‌ വര്‍ഗീസ്‌ കള്ളിയത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. ഉത്തര്‍പ്രദേശിലെ പ്രതിമ കേസില്‍ പത്രങ്ങളില്‍ വരുന്നതൊന്നും തങ്ങള്‍ കാര്യമാക്കാറില്ലെന്ന്‌ സുപ്രീം കോടതിയും ഈയിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. നിരവധി അഴിമതിക്കേസുകള്‍ നിലവിലുള്ളപ്പോഴും ഇന്ത്യന്‍ ചീഫ്‌ ജസ്റ്റിസ്‌ തന്നെ ആ വിഷയത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിരിക്കുന്നു. വിവര സാങ്കേതിക രംഗത്തെ വമ്പിച്ച മുന്നേറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ കാര്യങ്ങളില്‍ പഴയ യാഥാസ്ഥിതിക സമീപനം തുടരണമോ എന്നതും പരിശോധനാര്‍ഹമാണ്‌.

അഭിപ്രായം മാറിയോ?

പോള്‍വധക്കേസായപ്പോഴേക്കും ഹൈക്കോടതിയുടെ അഭിപ്രായം മാറിയോ? നിയമപ്രശ്‌നങ്ങളിന്‍മേല്‍ അഭിപ്രായഭിന്നത വരുമ്പോഴാണ്‌ ഫുള്‍ബെഞ്ചിന്റെ അഭിപ്രായത്തിന്‌ വിടുന്നത്‌. ഇവിടെ അതും സാധ്യമല്ല. അപ്പോള്‍ അഭിഭാഷകര്‍ ഏതു ജഡ്‌ജ ിയുടെ അഭിപ്രായം അംഗീകരിക്കണം? സാധാരണരീതിയില്‍ മാധ്യമചാനലുകള്‍ക്ക്‌ ഹൈക്കോടതി അങ്കണത്തില്‍പ്പോലും പ്രവേശനാനുമതി ഇല്ല. ഹൈക്കോടതി നിര്‍ദേശിക്കുന്ന ചില ചടങ്ങുകള്‍ക്ക്‌ മാത്രമേ ദൃശ്യമാധ്യമക്കാര്‍ക്ക്‌ ഹൈക്കോടതി മുറികളില്‍ പ്രവേശനാനുമതിയും പ്രദര്‍ശനാനുമതിയും നല്‍കാറുള്ളൂ. ഈ നിലപാട്‌ മാറ്റിക്കൊണ്ടാണ്‌ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ നേരിട്ടറിയിക്കാന്‍ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ജഡ്‌ജ ിതന്നെ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്‌. അഭിഭാഷകരും ഈ കര്‍ത്തവ്യം തന്നെയല്ലേ നിര്‍വഹിക്കുന്നത്‌. സാധാരണജനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും കേരളത്തിലെപ്പോലെ പ്രബുദ്ധരായവര്‍ക്ക്‌ നിയമരംഗത്തെ ചലനങ്ങളും പ്രധാന പ്രശ്‌നങ്ങളും എത്തിച്ചുകൊടുക്കുക എന്ന സാമൂഹിക ബാധ്യത നിര്‍വഹിക്കാന്‍ അഭിഭാഷകര്‍ക്ക്‌ ചുമതലയുണ്ട്‌. സുപ്രധാനകേസുകളിലെ സംഭവവികാസങ്ങളെപ്പറ്റി ജനങ്ങളുടെ ഔത്സുക്യം തീര്‍ക്കാനുള്ള കടപ്പാടും അഭിഭാഷകര്‍ക്കാണ്‌. ഈ കടമ നിര്‍വഹിക്കുമ്പോള്‍ ഭരണാധികാരികളുടെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കേണ്ടി വരും. പോലീസ്‌ അന്വേഷണങ്ങളുടെ പാളിച്ചകള്‍ ആ രംഗത്ത്‌ പരിചയമുള്ളവര്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്‌ തികച്ചും ആരോഗ്യകരമായ ആവശ്യമാണ്‌. അറിയാനും അറിയിക്കപ്പെടാനും ഒരു പൗരനുള്ള അവകാശം പരിപൂര്‍ണമാകുന്നത്‌ ജനമനസ്സിലുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമ്പോഴാണ്‌. ഈ പവിത്രമായ കര്‍ത്തവ്യമാണ്‌ പലപ്പോഴും അഭിഭാഷകര്‍ ദ്യശ്യമാധ്യമങ്ങള്‍ വഴി ചെയ്യുന്നത്‌. നിയമ പരിജ്ഞാനം സിദ്ധിക്കാന്‍ ഭാഗ്യം ചെയ്‌തവര്‍, നിര്‍ഭാഗ്യവാന്മാരും നിസ്സഹായരുമായി കഴിയുന്ന ഒരു വലിയ വിഭാഗത്തെ അഭിജ്ഞരാക്കുവാന്‍ ചുമതലയുള്ളവരല്ലേ?

ചര്‍ച്ച അര്‍ഥപൂര്‍ണമാകണം

ഒരു കാര്യം മാത്രം. ദൃശ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ചര്‍ച്ചകള്‍ അര്‍ഥപൂര്‍ണമാവുന്ന രീതിയിലായിരിക്കണം അതിന്‌ ക്ഷണിക്കപ്പെടുന്ന അഭിഭാഷകരുടെ പ്രകടനം. ആശയവിനിമയത്തിന്‌ കഴിവുള്ളവര്‍ക്കേ ഇത്‌ സാധിക്കൂ. ദൃശ്യമാധ്യമങ്ങള്‍ ഇന്ന്‌ കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നുണ്ട്‌. മലയാളിയുള്ളിടത്തെല്ലാമുണ്ട്‌.ആ നിലയ്‌ക്ക്‌ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത്‌ പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയാത്തവരെ അവര്‍ പെട്ടെന്ന്‌ തിരിച്ചറിയും.

മാധ്യമങ്ങളോട്‌ ഉയര്‍ന്ന കോടതിയിലെ ജഡ്‌ജ ിമാര്‍ക്ക്‌ പ്രത്യേകിച്ചു സംവേദനമൊന്നുമില്ലെന്ന്‌ മാത്രമല്ല, പല സുപ്രീംകോടതി ജഡ്‌ജ ിമാരും നിയമകാര്യ ലേഖകന്‍മാരുടെയും ലേഖികമാരുടെയും പേരെടുത്ത്‌ പറഞ്ഞ്‌ പോലും പ്രസംഗിക്കാറുണ്ട്‌. പല വിധിന്യായങ്ങളും ഹാജരാകുന്ന അഭിഭാഷകര്‍ക്ക്‌ ലഭിക്കുന്നതിനു മുമ്പ്‌ തന്നെ നിയമകാര്യലേഖകര്‍ക്കാണ്‌ കിട്ടാറുള്ളത്‌. അപ്പോള്‍ മാധ്യമ പരിപാടികള്‍ മുഴുവന്‍ തെറ്റാണെന്നോ അനുചിതമാണെന്നോ പറയാനാകുമോ?. ഈ രാജ്യത്ത്‌ നടക്കുന്ന ഒരു പാട്‌ അവിഹിത പ്രവര്‍ത്തനങ്ങള്‍ പുറത്ത്‌ കൊണ്ടുവരുന്നത്‌ സജീവ മാധ്യമങ്ങളാണ്‌. പ്രൊവിഡന്റ്‌ ഫണ്ട്‌ കുംഭകോണവും ഹരിയാണ ഹൈക്കോടതിയില്‍ ഒരു ജഡ്‌ജ ിയുടെ വീട്ടില്‍ ലക്ഷങ്ങള്‍ എത്തിച്ച സംഭവവുമൊക്കെ ജനങ്ങളറിയുന്നത്‌ മാധ്യമ പ്രവര്‍ത്തകരുണ്ടായതുകൊണ്ടാണ്‌. ജഡ്‌ജ ിമാര്‍ സ്വത്ത്‌ വിവരം പ്രഖ്യാപിക്കുവാന്‍ തീരുമാനമെടുത്തത്‌ കടുത്ത മാധ്യമ പ്രവര്‍ത്തന സമ്മര്‍ദം കൊണ്ട്‌ മാത്രമാണ്‌. മാധ്യമ സ്വാതന്ത്ര്യം വിലപ്പെട്ടതാണെന്നും അതിന്‌ തടയിടാന്‍ പാടില്ലെന്നുമാണ്‌ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിട്ടുള്ളത്‌. ആ നിലയ്‌ക്ക്‌ അഭിഭാഷകര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന്‌ മാത്രമല്ല കേരളഹൈക്കോടതി ചെയ്യുന്നതുപോലെത്തന്നെ ജനങ്ങളെ ബോധവാന്മാരാക്കുന്ന ചുമതലയില്‍ നിന്ന്‌ അവര്‍ ഒഴിഞ്ഞുമാറുന്നതും ശരിയല്ല.

മുതിര്‍ന്ന അഭിഭാഷകരാണ്‌ ഈ കാര്യത്തില്‍ ശക്തവും വ്യക്തവുമായ നിലപാടുകളെടുക്കേണ്ടത്‌. അഭിഭാഷക സമൂഹം സംവത്സരങ്ങളായി അനുചരിച്ചുപോരുന്ന പെരുമാറ്റച്ചട്ടം അവര്‍ പാലിച്ചേ മതിയാകൂ.

അഭിഭാഷക നിലപാട്‌

സമീപകാലത്ത്‌ കേരളഹൈക്കോടതിഅഭിഭാഷക യോഗത്തില്‍ ഒരു സുപ്രീംകോടതി ജഡ്‌ജ ിയെക്കുറിച്ചുവന്ന പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചത്‌ ഹൈക്കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരുടെ അശ്രാന്തപരിശ്രമം മൂലമാണെന്നുള്ളത്‌ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതാണ്‌. അത്‌ ശ്ലാഘനീയമാണെങ്കില്‍ കേസന്വേഷണങ്ങള്‍ സിനിമാ സ്റ്റൈലിലാവുമ്പോള്‍ അത്‌ നിയമവാഴ്‌ചയ്‌ക്ക്‌ തന്നെ ഭീഷണിയാകുമ്പോള്‍ ആ പാളിച്ചകള്‍ പുറത്തു കൊണ്ടുവരേണ്ട ചുമതല നിര്‍വഹിക്കേണ്ടതും ആ വിഭാഗത്തിലുള്‍പ്പെട്ടവര്‍ തന്നെയല്ലേ?

കോഴിക്കോട്‌ ബാറില്‍ അതേ വിഷയം അവതരിപ്പിച്ചപ്പോള്‍ ഹൈക്കോടതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ മുതിര്‍ന്ന അഭിഭാഷകരുടെ അസാന്നിധ്യം മൂലമായിരിക്കാം, പ്രമേയം പാസാക്കുകയും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തത്‌. സീനിയര്‍ പദവി ആര്‍ജിക്കേണ്ടതാണ്‌. ആവശ്യപ്പെട്ടോ അപേക്ഷിച്ചോ സമ്പാദിക്കേണ്ടതല്ല. പ്രത്യേകിച്ചും അതിനുള്ള മാനദണ്ഡങ്ങള്‍ പോലും ചട്ടം മൂലം നിര്‍ണയിച്ചിട്ടില്ലാത്തപ്പോള്‍ ഏതു നിലയ്‌ക്കും അത്‌ നേടിയെടുക്കുന്നത്‌ ചേമ്പറുകളിലോ ബംഗ്ലാവുകളിലോ മുഖം കാണിച്ചിട്ടാകരുത്‌. ജുഡീഷ്യറിയുടെ മേല്‍ ദുരുദ്ദേശ്യപരമായ കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധിക്കേണ്ടത്‌ ഉത്തരവാദിത്വബോധമുള്ള മുതിര്‍ന്ന അഭിഭാഷകരല്ലാതെ മറ്റാരാണ്‌?.

അല്‌പം പോലും ബഹുമാനക്കുറവില്ലാതെ ബോധിപ്പിച്ചു കൊള്ളട്ടെ: ഹൈക്കോടതിയുടെ ഭിന്നാഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നപ്പോള്‍ ജനങ്ങളില്‍ അനിശ്ചിതത്വ മനഃസ്ഥിതിയുണ്ടാക്കിയിരിക്കുന്ന 'മാധ്യമ വിചാരണ' ഒരു പക്ഷേ, അനുവദനീയമല്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങളിലൂടെയുള്ള വിശകലനം നിയമവാഴ്‌ചയുടെ നിലനില്‌പിന്‌ തന്നെ അത്യന്താപേക്ഷിതമാണ്‌. സുതാര്യത എന്ന സൂര്യപ്രകാശമാണല്ലോ ഏറ്റവും ഫലപ്രദമായ രോഗാണുനാശിനി.

കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം

കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ (17 സെപ്തംബര്‍ 2009, മാതൃഭൂമി)

മാ ധ്യമങ്ങളുടെ ചുമതലയും ഇടപെടലും ബോധ്യപ്പെടുത്തിയ രണ്ട്‌ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. രൂക്ഷമായ വരള്‍ച്ചയുടെ കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ ചെലവ്‌ പരമാവധി ചുരുക്കാന്‍ തീരുമാനമെടുത്ത യു.പി.എ. സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിമാര്‍ പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നതിന്റെ വൈരുദ്ധ്യം ഒരു പത്രം പുറത്തുകൊണ്ടുവന്നു. ലക്ഷങ്ങളുടെ കുടിപാര്‍പ്പ്‌ ഉടന്‍ തന്നെ അവസാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടതായി ധനമന്ത്രി പത്രസമ്മേളനം വിളിച്ച്‌ അറിയിച്ചു. കോടിക്കണക്കില്‍ രൂപ ചെലവിട്ട്‌ യു.പി. സര്‍ക്കാര്‍ നടത്തിവരുന്ന പ്രതിമാനിര്‍മാണം സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ രഹസ്യമായി അതുതുടരുന്ന വിവരം 'ദി ഹിന്ദു' അടക്കമുള്ള ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. സുപ്രീംകോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ്‌ അത്‌ തടഞ്ഞു.

എന്നാല്‍ ഇതേ ദിവസങ്ങളില്‍ തന്നെയാണ്‌ കേരളത്തില്‍ ചില ഭാഗത്തുനിന്ന്‌ അതിരൂക്ഷമായ വിമര്‍ശം മാധ്യമങ്ങള്‍ക്ക്‌ നേരെ ഉയര്‍ന്നത്‌.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതക കേസ്‌ മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന്‌ ആഭ്യന്തരമന്ത്രി. അത്തരം മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ മടിക്കുന്നതെന്തിനെന്ന്‌ ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിയുടെ സെക്രട്ടറി. പോലീസ്‌ അന്വേഷണത്തിന്‌ സമാന്തരമായി മാധ്യമ അന്വേഷണം പാടില്ലെന്ന്‌ ചില മാധ്യമ വിശാരദന്മാര്‍. പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന്‌ മറ്റു ചിലര്‍. കേസിലെ മാധ്യമ വിചാരണയ്‌ക്കെതിരെ ഒരു ഘട്ടത്തില്‍ ഹൈക്കോടതിയുടെ പോലും പ്രതികരണം.

ക്രിമിനല്‍ നീതിനിര്‍വഹണം സ്വതന്ത്രമായിരിക്കണമെന്ന കാര്യത്തില്‍ ആരും വിയോജിക്കില്ല. ബാഹ്യഇടപെടലുകളില്ലാത്ത പോലീസ്‌ അന്വേഷണം, പ്രതികള്‍ക്ക്‌ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തും വിധം കുറ്റമറ്റ പ്രോസിക്യൂഷന്‍, ബാഹ്യ സ്വാധീനങ്ങള്‍ക്ക്‌ ഇടവരാത്ത ക്രിമിനല്‍ നീതിനിര്‍വഹണം - ഇതാണ്‌ നിയമവാഴ്‌ചയുടെ ശരിയായ വഴി. അങ്ങനെ വരുമ്പോള്‍ നീതിനിര്‍വഹണ പ്രക്രിയയുടെ വിവരങ്ങള്‍ അതത്‌ ഘട്ടത്തില്‍ ജനങ്ങളെ അറിയിക്കുക എന്നതുമാത്രമായിരിക്കും മാധ്യമങ്ങളുടെ ജോലി എന്നതും ശരിതന്നെ. എന്നാല്‍ കേസന്വേഷണം മുതല്‍ ക്രിമിനല്‍ നീതിനിര്‍വഹണം പാളം തെറ്റിക്കുന്നു എന്നുവന്നാല്‍ മാധ്യമങ്ങള്‍ക്ക്‌ ഇടപെടേണ്ടി വരും. മറച്ചു പിടിക്കുന്നതെന്തോ അത്‌ കണ്ടുപിടിച്ച്‌ സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമായി ജനിച്ചവയാണ്‌ മാധ്യമങ്ങള്‍. പോലീസിന്റെ അജന്‍ഡയില്‍ രൂപപ്പെട്ട നീതിനിര്‍വഹണം വഴിതെറ്റിയതിന്‍േറയും തുടര്‍ന്നുണ്ടായ മാധ്യമ ഇടപെടലുകളുടേയും ചരിത്രം നീണ്ടതാണ്‌. അവ വിസ്‌മരിച്ച്‌ മാധ്യമങ്ങളെ പ്രതിക്കൂട്ടിലേക്ക്‌ അടിച്ചുകയറ്റുന്നത്‌ ചോദ്യം ചെയ്യേണ്ടിവരും.

ഇപ്പോഴും കരപറ്റിയിട്ടില്ലാത്ത അഭയകേസിന്റെ ഒന്നരപതിറ്റാണ്ടിലേറെയായ അനുഭവചരിത്രം നമ്മുടെ മുമ്പിലുണ്ട്‌. 1970 ഫിബ്രവരി 18-ന്‌ തിരുനെല്ലി കാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടെന്ന്‌ കേരളത്തിലെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു. വര്‍ഗീസിനെ പോലീസ്‌ വെടിവെച്ചുകൊന്നതാണെന്ന്‌ വിളിച്ചുപറഞ്ഞത്‌ രണ്ടേരണ്ടു പത്രങ്ങള്‍. 'ദേശാഭിമാനി'യും തായാട്ട്‌ ശങ്കരന്‍ പത്രാധിപരായിരുന്ന 'വിപ്ലവം' എന്ന കോഴിക്കോടന്‍ പത്രവും. തായാട്ടിന്‌ പത്രാധിപസ്ഥാനം രാജിവെക്കേണ്ടി വന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം പോലീസ്‌ കോണ്‍സ്റ്റബിള്‍ പി. രാമചന്ദ്രന്‍ നായര്‍ നീതിപീഠത്തിനു മുമ്പില്‍ സത്യം വെളിപ്പെടുത്തി -കേരളം ഞെട്ടി.

രാജന്‍ കേസില്‍ അന്നത്തെ പോലീസ്‌ മേധാവികളും ആഭ്യന്തരമന്ത്രി കരുണാകരനും ഈച്ചരവാര്യരുടെ മകന്‍ രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും കക്കയം ക്യാമ്പ്‌ തന്നെ ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി മുമ്പാകെ സത്യവാങ്‌ മൂലം നല്‍കി. അതിന്റെ അടുത്ത ദിവസങ്ങളിലാണ്‌ രാജന്റെ കൊലപാതകവും കക്കയം ക്യാമ്പ്‌ സംബന്ധിച്ച അന്വേഷണ പരമ്പര ഈ ലേഖകനെഴുതിയത്‌. ഇന്നത്തെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള യുവജനപ്രസ്ഥാനമാണ്‌ അന്നത്തെ ആഭ്യന്തരവകുപ്പിനേയും പോലീസ്‌ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ്‌ ഈച്ചരവാര്യരുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാല്‍നട ജാഥ നടത്തിയത്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഒരു ഇരയുടെ നാടകീയമായ രംഗപ്രവേശവും മാധ്യമ ഇടപെടലുകളും മറക്കാറായിട്ടില്ല. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പതനത്തിനും എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ഉദയത്തിനും അന്നത്തെ മാധ്യമ വിചാരണ എല്‍.ഡി.എഫ്‌. ഫലപ്രദമായി ഉപയോഗപ്പെടുത്തി. ബെസ്റ്റ്‌ ബേക്കറി കേസില്‍ സത്യം തെളിയിക്കാന്‍ തീസ്‌ത സെത്തല്‍വാദും മറ്റും നടത്തിയപോരാട്ടവും അതിന്‌ പത്രങ്ങളും സുപ്രീംകോടതി പോലും നല്‍കിയ പിന്തുണയും സാഹിറ ഷെയ്‌ഖിന്റെ കൂറുമാറ്റവും സമീപകാല സംഭവങ്ങളാണ്‌. പോലീസിന്റെ വിശുദ്ധിയും സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതാക്കളുടേയും നിഷ്‌പക്ഷതയും കണ്ണടച്ച്‌ വിശ്വസിക്കാതിരിക്കാന്‍ ഈ അനുഭവങ്ങള്‍ ചരിത്രത്തില്‍ മുന്നറിയിപ്പാകുന്നു.

യു.ഡി.എഫ്‌. മാറി എല്‍.ഡി.എഫ്‌. വന്നാല്‍ ക്രിമിനല്‍ നീതിനിര്‍വഹണം കാര്യക്ഷമവും സംശുദ്ധമാകുമെന്നും നാളെ എല്‍.ഡി.എഫിന്‌ പകരം യു.ഡി.എഫോ ബി.ജെ.പി.യോ അധികാരമേറ്റാല്‍ നിയമവാഴ്‌ച പൂത്തുലയുമെന്നും സത്യത്തില്‍ ആരും കരുതുന്നില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്ക്‌ കാവല്‍ നായ്‌ക്കളുടെ ജാഗ്രത കൂടിയേതീരൂ, സ്വാതന്ത്ര്യവും. എന്നാല്‍ മാധ്യമങ്ങള്‍ക്ക്‌ ചങ്ങലയും മുഖംമൂടിയും നിക്ഷിപ്‌ത താത്‌പര്യങ്ങളും അപക്വതയും ഒട്ടുമില്ലെന്ന ധാരണയിലല്ല ഈ പ്രതീക്ഷ. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും മാധ്യമങ്ങളുടെ കണ്ണും വെളിച്ചവുമില്ലാത്ത ലോകം എന്താണെന്ന്‌ ഊഹിക്കാവുന്നതുകൊണ്ടാണ്‌ ഈനിലപാട്‌.

മുംബൈ അധോലോകത്തെ ഒന്നരപ്പതിറ്റാണ്ട്‌ കാലത്തെ മാഫിയ വളര്‍ച്ചയെ സംബന്ധിച്ച്‌ ലിസ വെയ്‌ന്‍സ്‌റ്റീന്‍ നടത്തിയ പഠനമുണ്ട്‌. കള്ളക്കടത്തിന്റെ ആ ലോകം ഉദാരീകരണവുമായി ബന്ധപ്പെട്ട്‌ മാഫിയയായി വളര്‍ന്നതിനെപ്പറ്റി. അതിലേക്ക്‌ നയിച്ച നഗരവികസനവും റിയല്‍ എസ്റ്റേറ്റും ഭൂവികസനവുമായുള്ള സുദൃഢബന്ധത്തെക്കുറിച്ച്‌. രാഷ്ട്രീയക്കാരും പോലീസും ബ്യൂറോക്രാറ്റും ക്രിമിനലുകളും ചേര്‍ന്നുള്ള മുന്നണി നിലവില്‍ വന്നതിനെപ്പറ്റി. ഈ ക്രിമിനല്‍ വ്യവസായമാണ്‌ റിയല്‍ എസ്റ്റേറ്റും ഭൂബാങ്കുകളുമായി ബന്ധപ്പെട്ട്‌ 2000-ത്തോടെ കേരളത്തിലും വ്യാപകമായത്‌. ഈ സമാന്തര ക്രിമിനല്‍ വ്യവസായത്തില്‍ നിന്നും ഭരണകൂട്ടുകെട്ടില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കേരളം കണ്ടത്‌ പുതിയ ക്രിമിനല്‍ ലോകത്തിന്റെ ഈ സാന്നിധ്യമാണ്‌. സമകാലിക കേരളാവസ്ഥ എന്താണെന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്‌ തുടര്‍ന്ന്‌ പുറത്തുവന്ന മാഫിയാബന്ധങ്ങളുടെ വിവരങ്ങള്‍. മാധ്യമവിചാരണയും വിവാദവും കൊഴുപ്പിച്ചത്‌ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്‌. കേസിലെ സത്യം പുറത്തു കൊണ്ടുവരാനാണെന്ന്‌ പരസ്‌പരം അവകാശപ്പെട്ട്‌. മാധ്യമ വിചാരണയെപ്പറ്റി ആവലാതിപ്പെടുന്നവര്‍ തന്നെയാണ്‌ അതിന്‌ തുടക്കം കുറിച്ചത്‌. എസ്‌ കത്തിയും ആര്‍.എസ്‌.എസ്സും വലിച്ചിടുക മാത്രമല്ല അവരെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മാധ്യമങ്ങളോട്‌ നിര്‍ദേശിക്കുകപോലും ചെയ്‌തു. മന്ത്രിപുത്രന്‍ ആരാണെന്ന്‌ വെളിപ്പെടുത്തണമെന്നും. പ്രതിപക്ഷവും അവരുടെ ആവനാഴിയിലുള്ള എല്ലാ മലിനാസ്‌ത്രങ്ങളും തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തെന്ന പോലെ നിര്‍ബാധം ഉപയോഗിച്ചു. പോലീസിനേയും പോലീസ്‌ മന്ത്രിയേയും സംരക്ഷിക്കാന്‍ മാത്രമായിരുന്നെങ്കില്‍ പാര്‍ട്ടി സെക്രട്ടറി രംഗത്തുവരേണ്ടിയിരുന്നില്ല. പ്രതിപക്ഷം തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ലല്ലോ പോലീസിന്‍േറയും ആഭ്യന്തരമന്ത്രിയുടേയും. എല്ലാ സീമകളും കടന്ന്‌ രാഷ്ട്രീയ കക്ഷി നേതാക്കളെ പ്രത്യേകം തിരഞ്ഞുപിടിച്ച്‌ വെല്ലുവിളിക്കുകയും പരസ്‌പര ആരോപണത്തിന്റെ മാലിന്യം കോരിയൊഴിക്കുകയും ചെയ്യുന്നു. എന്തൊരു രാഷ്ട്രീയ മലിനീകരണം.

കൊല്ലപ്പെടുന്ന ആളുടെയോ പ്രതിയായി പോലീസ്‌ കണ്ടെത്തിയ ആളുകളുടെയോ പൂര്‍വകാലചരിത്രമല്ല ക്രിമിനല്‍ നീതി നിര്‍വഹണത്തിലെ നിര്‍ണായക ഘടകങ്ങള്‍. കൊലപാതകവുമായി ബന്ധപ്പെട്ട പങ്കാളിത്തവും തെളിവുമാണ്‌. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ മാന്യതയേയും സ്വകാര്യതയേയും തകര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്‌ മാന്യതയല്ല. തെളിവുകളുടെയോ സംശയത്തിന്റെ ആനൂകൂല്യത്തിലോ പ്രതികളെ ശിക്ഷിക്കുകയോ വിട്ടയയ്‌ക്കുകയോ ചെയ്യേണ്ടത്‌ കോടതിയാണ്‌. ഈ വിശേഷാല്‍ അധികാരം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കവര്‍ന്നുകൂടാ. അവ പാലിക്കാന്‍ ബാധ്യത ഭരണകക്ഷി നേതാക്കള്‍ക്കാണ്‌.

ഭരണ രാഷ്ട്രീയക്കാര്‍ക്ക്‌ ഇഷ്‌ടപ്പെടാത്ത തെളിവുകള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഉണ്ടായ പ്രകോപനം വ്യക്തമാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം എന്നപാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം റിപ്പോര്‍ട്ടുകളുടെ പേരില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ നോട്ടീസ്‌ നല്‍കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം വരെയെത്തി. ഇതുസംബന്ധിച്ച തമിഴ്‌നാട്‌മാതൃക എന്തായാലും പത്രസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള നീക്കമായി അത്‌. യഥാര്‍ഥത്തില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും കേസന്വേഷണങ്ങള്‍ പരസ്‌പരപൂരകമാകേണ്ടതാണ്‌. പൊതുജന താത്‌പര്യത്തിന്‌ വേണ്ടത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കുക, തെളിവുകളെ ബാധിക്കാവുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരാതെ നോക്കുക, അങ്ങനെ മാധ്യമങ്ങളെ ഫലപ്രദമായി സഹകരിപ്പിച്ചും ഉപയോഗപ്പെടുത്തിയും കൊണ്ടുപോകലാണ്‌ പോലീസ്‌ അന്വേഷണത്തിലെ യഥാര്‍ഥ മിടുക്ക്‌. അന്വേഷണം തകര്‍ക്കാനും മാഫിയകളേയും ഗുണ്ടകളേയും സഹായിക്കാനും കേരളത്തിലെ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു എന്ന്‌ ആരുപറഞ്ഞാലും ജനങ്ങള്‍ തത്‌കാലം വിശ്വസിക്കില്ല.

ലോകത്തിന്‌ മാതൃകയായ ലണ്ടന്‍ പോലീസിന്റെ ഗവേഷണ-വികസന വിഭാഗം ഡയറക്ടറേറ്റ്‌ പ്രസിദ്ധീകരിച്ച പഠനരേഖ നമ്മുടെ പോലീസ്‌ മേധാവികളുടേയും രാഷ്ട്രീയ സാരഥികളുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്‌: ''പ്രമാദമായ പല കേസന്വേഷണങ്ങളും വലിയ തോതില്‍ മാധ്യമ താത്‌പര്യം ആകര്‍ഷിക്കുന്നവയാണ്‌. ഫലപ്രദമായി കൈകാര്യം ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങള്‍ അന്വേഷണത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കും. പൊതുജനങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ നല്‍കുന്ന ഒരുകുഴല്‍ പോലെ. അന്വേഷണത്തിന്റെ പൂട്ടുകള്‍ തുറക്കുന്ന നിര്‍ണായക തെളിവുകള്‍ മാധ്യമങ്ങള്‍ നല്‍കിയ നിരവധി ഉദാഹരണങ്ങളുണ്ട്‌. വിശാലമായ അര്‍ഥത്തില്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പൊതുജന കാഴ്‌ചപ്പാടും പോലീസ്‌ സേവനവും ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനവും വിശാലമായി രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഭീതി തന്നെ മാധ്യമങ്ങള്‍ തുടച്ചുനീക്കും.''

പ്രമാദമായ കേസന്വേഷണങ്ങളില്‍ ഉന്നത അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മാധ്യമങ്ങളുടെ ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ്‌ ലണ്ടന്‍ പോലീസിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലൊന്ന്‌. സഹകരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും പോകട്ടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും പോലീസിനെ ഉപയോഗിച്ച്‌ പ്രതികള്‍ക്കൊപ്പം ജയിലിലടയ്‌ക്കുകയും ചെയ്യേണ്ടതാണ്‌ എന്ന ചിന്ത നമ്മുടെ ഭരണക്കാരെ ഇവിടെ നയിക്കുന്നു. ആ ഫാസിസ്റ്റ്‌ പ്രവണതയാണ്‌ തലനീട്ടുന്ന വലിയ അപകടം -ചെറുക്കപ്പെടേണ്ടതും.

Friday, September 25, 2009

മാധ്യമങ്ങള്‍ വിട്ടുനില്‍ക്കരുത്

ബിആര്‍പി ഭാസ്കര്‍ (മാതൃഭൂമി സെപ്തംബര്‍ 20)

ജീവിച്ചിരുന്ന മുപ്പതില്‍പ്പരം കൊല്ലക്കാലത്ത് ഉണ്ടാക്കാനാകാഞ്ഞ ചലനങ്ങളാണ് കൊല്ലപ്പെട്ട ശേഷമുള്ള മൂന്നാഴ്ചക്കാലത്ത് പോള്‍ എം. മുത്തൂറ്റ് സൃഷ്ടിച്ചിട്ടുള്ളത്. മരിച്ച മനുഷ്യനല്ല മാധ്യമങ്ങളാണ് ചലനങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. മാധ്യമങ്ങള്‍ മനസ്സുവെച്ചാല്‍ അലയടി തീര്‍ച്ചയായും ശമിക്കും. പക്ഷേ, അത് ചെയ്യുക ഗുണമാകുമോ ദോഷമാകുമോ? ഈ ചോദ്യത്തിന് ഉത്തരം തേടും മുമ്പ് ഈ കാലയളവിലെ സംഭവവികാസങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരു വലിയ ബിസിനസ്സ് കുടുംബത്തിലെ അംഗത്തിന്റെ കൊലപാതകം വലിയ വാര്‍ത്തയാണ്. സമീപകാല മാധ്യമ പ്രവണതകളുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ അത് ആഘോഷത്തിന്റെ സ്വഭാവം കൈവരിക്കുന്നത് മനസ്സിലാക്കാവുന്നതുമാണ്. എന്നാല്‍ പോളിന്റെ കൊലപാതകം വളരെവേഗം പതിവില്‍ കവിഞ്ഞ പ്രാധാന്യം നേടി. തുടര്‍ന്ന് മാധ്യമരംഗത്ത് വ്യക്തമായ ചേരിതിരിവും പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയ വിവാദങ്ങളില്‍ പതിവായിക്കണ്ടുവരുന്ന തരത്തിലുള്ള ചേരിതിരിവായിരുന്നു അത്. ഭൂരിപക്ഷം പത്രങ്ങളും വാര്‍ത്താചാനലുകളും കൊലപാതകം സംബന്ധിച്ച പോലീസ് ഭാഷ്യത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ സി.പി.എം. നിയന്ത്രണത്തിലുള്ള പത്രവും ചാനലും എല്ലാം ഭദ്രമാണെന്നും മറ്റ് മാധ്യമങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കുകയാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചു.

അടിസ്ഥാനപരമായി മലയാള മാധ്യമങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ വ്യത്യാസങ്ങളെ മറികടക്കുന്ന ഒരു പൊതുശൈലി രണ്ടു പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നുണ്ട്. കുപ്രസിദ്ധമായ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അവതരിപ്പിച്ചത് ദേശാഭിമാനി ആയിരുന്നു. സ്ത്രീശാസ്ത്രചാരവൃത്തി മിശ്രിതത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മറ്റ് പത്രങ്ങള്‍ ഓടിയെത്തി. ആ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ഏഷ്യാനെറ്റ് ആണ്. അത് ചാരക്കഥയെ ചോദ്യം ചെയ്തു. മിക്ക പത്രങ്ങളും കാലക്രമത്തില്‍ തെറ്റ് മനസ്സിലാക്കി ഒന്നൊന്നായി പിന്‍വാങ്ങി. പോള്‍ വധക്കേസില്‍ ചേരിതിരിഞ്ഞു നില്‍ക്കുന്ന ചാനലുകള്‍ ഏതോ തത്പരകക്ഷികള്‍ വെച്ചുനീട്ടിയ അഭയ കേസ് പ്രതികളുടെ നാര്‍ക്കോ പരിശോധനാ സി.ഡി.കള്‍ മനുഷ്യാവകാശതത്ത്വങ്ങള്‍ അവഗണിച്ചുകൊണ്ട് അത്യുത്സാഹത്തോടെ സംപ്രേഷണം ചെയ്തത് പത്രധര്‍മത്തിന്റെ കാര്യത്തില്‍ അവര്‍ക്കിടയില്‍ കാര്യമായ അഭിപ്രായ വ്യത്യാസമില്ലെന്ന് സൂചിപ്പിക്കുന്നു. പോള്‍ വധക്കേസില്‍ ഭിന്ന സമീപനങ്ങളുടെ പിന്നില്‍ രാഷ്ട്രീയകാരണങ്ങളാണ്.

ഈ കേസിനെക്കുറിച്ച് സംസാരിക്കാന്‍ എട്ടു ദിവസത്തില്‍ രണ്ട് തവണയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്. ആഗസ്ത് 21 (വെള്ളി) അര്‍ധരാത്രിക്കുശേഷമാണ് കൊലപാതകം നടന്നത്. ആഗസ്ത് 24 (തിങ്കള്‍) അന്വേഷണസംഘത്തെ നയിക്കുന്ന ഐ.ജി. വിന്‍സന്‍ എം. പോള്‍ പോലീസിന്റെ നിഗമനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

ഐ.ജി.യുടെ വെളിപ്പെടുത്തലുകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ വേണ്ടുവോളം കാരണമുണ്ടായിരുന്നു. ധാര്‍മികരോഷം പൂണ്ട് ക്വട്ടേഷന്‍ സംഘം ഏറ്റെടുത്ത ദൗത്യം മാറ്റിവെച്ച് മുന്‍പരിചയമില്ലാത്ത ബൈക്ക് യാത്രക്കാരന് സൗജന്യമായി നീതി വാങ്ങിക്കൊടുക്കാന്‍ ചാടിപ്പുറപ്പെട്ടെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. പോളിനോടൊപ്പം സഞ്ചരിച്ചിരുന്ന മനു എന്നൊരാള്‍ക്കും കുത്തേറ്റിരുന്നു. അയാളെ കൂടാതെ തിരുവനന്തപുരം പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍ പെട്ട ഓംപ്രകാശ്, രാജേഷ് എന്നിവരും പോളിനൊപ്പമുണ്ടായിരുന്നെന്നും അവര്‍ ഒളിവിലാണെന്നും ഐ.ജി. പറഞ്ഞു. അവരെ കൂടി കണ്ടെത്തി ചോദ്യം ചെയ്യുന്നതിനുമുമ്പ് ഐ.ജി. സംഭവം രോഷപ്രകടനമായിരുന്നെന്നും ഗൂഢാലോചന ഉണ്ടായിരുന്നില്ലെന്നുമുള്ള നിഗമനത്തില്‍ എങ്ങനെയാണ് എത്തിച്ചേര്‍ന്നത്? എന്തിനാണ് അദ്ദേഹം മൂന്നാം ദിവസം തന്നെ അന്വേഷണം വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നെന്ന ധാരണ നല്‍കാന്‍ ശ്രമിച്ചത്? ഈവിധ സംശയങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രതിഫലിച്ച ഘട്ടത്തിലാണ് പാര്‍ട്ടി സെക്രട്ടറി ആഗസ്ത് 26 ന് രംഗപ്രവേശം നടത്തിയത്. രണ്ടു കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. 'ട' കത്തി ആര്‍.എസ്.എസ്സുകാര്‍ ഉപയോഗിക്കാറുള്ള ഒന്നാണ്. ഏഴ് കൊല്ലം മുമ്പ് ഡല്‍ഹിയില്‍ മയക്കുമരുന്ന്‌കേസില്‍ പിടികൂടപ്പെട്ട പോളിന്റെ ഭൂതകാലത്തെ കുറിച്ച് മാധ്യമങ്ങാള്‍ അന്വേഷിക്കണം.

പോലീസ് അന്വേഷണത്തിലൂടെയും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും പ്രസക്തമായ വിവരങ്ങള്‍ പുറത്തുവരുന്നില്ലെന്ന ചിന്തയല്ല അദ്ദേഹത്തെ പത്രസമ്മേളനം നടത്താന്‍ പ്രേരിപ്പിച്ചത്. അങ്ങനെയൊരു ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നെങ്കില്‍ പരിഹാരം കാണാന്‍ അദ്ദേഹത്തിന്റെ ഉത്തരവുകള്‍ പാലിക്കാന്‍ ബാധ്യസ്ഥരായ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌നന്‍, ദേശാഭിമാനി പത്രാധിപര്‍ വി.വി. ദക്ഷിണാമൂര്‍ത്തി, കൈരളി മാനേജിങ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരോട് സംസാരിച്ചാല്‍ മതിയായിരുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനം ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു. പല മാധ്യമങ്ങളും ഗുണ്ടകള്‍ക്ക് സി.പി.എം. ബന്ധമുണ്ടെന്ന് ആരോപിക്കുകയും മന്ത്രിപുത്രന്റെ പേര്‍ പൊങ്ങിവരികയും ചെയ്ത സാഹചര്യത്തില്‍ സൂചിമുന രാഷ്ട്രീയഎതിരാളികളിലേക്ക് തിരിച്ചു വിടാനാണ് പാര്‍ട്ടി സെക്രട്ടറി രണ്ട് ഇടപെടലുകളും നടത്തിയത്. അതിനായി അദ്ദേഹത്തിന്റെ ചേകോന്മാരും ഇറങ്ങിപ്പുറപ്പെട്ടു.

ദിവസേന പുറത്തുവന്നുകൊണ്ടിരുന്ന വിവരങ്ങള്‍ ഭരണകക്ഷിയെ അസ്വസ്ഥമാക്കിയതു കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി ഇടപെട്ടതും മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ടെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചതും. മുമ്പ് പല അവസരങ്ങളിലും സംഭവിച്ചതുപോലെ ഈ കേസിന്റെ അന്വേഷണ ഘട്ടത്തിലും ചില പോലീസുദ്യോഗസ്ഥരും ചില മാധ്യമങ്ങളും താന്താങ്ങളുടെ തൊഴില്‍ മര്യാദകള്‍ മറന്നുകൊണ്ട് പ്രവര്‍ത്തിച്ചുവെന്ന് കാണാന്‍ പ്രയാസമില്ല. അതേസമയം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് ഗുണപരമായ പങ്ക് വഹിക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ട്. 'ട' കത്തിയെക്കുറിച്ച് ഐ.ജി. പറഞ്ഞശേഷം അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലനെക്കൊണ്ട് അത്തരത്തിലുള്ള കത്തി ഉണ്ടാക്കിപ്പിച്ചുവെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വിശ്വാസയോഗ്യമായ വെളിപ്പെടുത്തല്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.



മാധ്യമങ്ങളുടെയും പോലീസുദ്യോഗസ്ഥരുടെയും വീഴ്ചകളേക്കാള്‍ പ്രധാനമാണ് ഈ കേസിന്റെ അന്വേഷണത്തില്‍ മുഖ്യഭരണകക്ഷിക്കുള്ള പ്രകടമായ താത്പര്യം. നല്ല രീതിയില്‍ അന്വേഷണം നടത്തിയ പോലീസിനെ അഭിനന്ദിക്കുന്നതിനു പകരം നിന്ദിക്കുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി പറയുന്നു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും പോലീസ് പിടികൂടിയവര്‍തന്നെയാണ് യഥാര്‍ഥ കുറ്റവാളികളെന്നും അദ്ദേഹവും സാമന്തന്മാരും ആവര്‍ത്തിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? ''പൊലീസ് ഞങ്ങള്‍ക്ക് പുല്ലാണ്'' എന്ന് പാടിനടന്നവര്‍ പോലീസില്‍ വിശ്വാസമുള്ളവരായി പരിണമിച്ചതെങ്ങനെയാണ്? പോലീസിന്റെ നിയന്ത്രണം ഇപ്പോള്‍ അവരുടെ കൈകളിലാണ് എന്നതാണ് ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം. അവര്‍ ആഗ്രഹിക്കുന്ന ദിശയില്‍ അന്വേഷണം നീങ്ങുന്നു. അതുകൊണ്ട് അത് നല്ല രീതിയിലുള്ള അന്വേഷണമാകുന്നു!

അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവം പച്ചക്കള്ളമാണ്. കോടതി സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയത് പ്രാരംഭഘട്ടത്തില്‍ ഇടപെടാനാവില്ലെന്നു പറഞ്ഞുകൊണ്ടാണ്. അന്വേഷണത്തിന്റെ ഗതിയെക്കുറിച്ച് അത് ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണമെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന നിരീക്ഷണം വ്യക്തമാക്കുന്നു.

പോള്‍ വധക്കേസിനെ മറ്റ് വിവാദമായ കൊലക്കേസുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു ഘടകമുണ്ട്. അത് ഈ കൊല കുറ്റകൃത്യവും ബിസിനസ്സും രാഷ്ട്രീയവും ഒന്നിക്കുന്ന മേഖലയിലേക്ക് അല്പം വെളിച്ചം വീശുന്നുവെന്നതാണ്. കുറ്റവാളികളും ബിസിനസ്സുകാരും രാഷ്ട്രീയ സ്വാധീനം ആഗ്രഹിക്കുന്നവരാണ്. സ്വാഭാവികമായും അവര്‍ക്ക് താത്പര്യം വലിയ കക്ഷികളിലാണ്. കൂടുതല്‍ വലിയകക്ഷി അവരെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഇന്ന് കേരളത്തില്‍ അവരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ്സിനേക്കാള്‍ കഴിവുള്ള

കക്ഷി സി.പി.എം. ആണ്. അതുകൊണ്ടാണ് വ്യാജമദ്യക്കേസും ഗൂണ്ടാക്കേസുമൊക്കെ ഉണ്ടാകുമ്പോള്‍ സി.പി.എമ്മിന്റെ പേര്‍ ഉയര്‍ന്നുവരുന്നത്.



ചെറിയ തോതിലുള്ള അക്രമരാഷ്ട്രീയത്തിന്റെ നീണ്ട പാരമ്പര്യമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഇപ്പോള്‍ വിളയാടുന്ന മാഫിയാ പ്രവര്‍ത്തനങ്ങളുടെ ആവിര്‍ഭാവത്തില്‍ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ക്ക് പങ്കുണ്ട്. പാര്‍ട്ടികള്‍ക്കുവേണ്ടി അക്രമപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ കാലക്രമത്തില്‍ അതില്‍ ഹരംപിടിച്ച് കൂലിത്തല്ലുകാരായി മാറിയതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അച്ചടക്കബോധമുള്ള പാര്‍ട്ടികള്‍ ഇങ്ങനെയുള്ളവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കാറുണ്ടെങ്കിലും പലപ്പോഴും അവര്‍ക്ക് പാര്‍ട്ടിബന്ധം അനൗപചാരികമായി തുടരാനും പിന്നീട് പുനഃസ്ഥാപിക്കാനും കഴിയാറുണ്ട്.

മറ്റ് പല സംസ്ഥാനങ്ങളിലുമെന്ന പോലെ കേരളത്തിലും പോലീസ് രാഷ്ട്രീയവത്കരിക്കപ്പെട്ടിട്ടുണ്ട്. പോലീസ് സേനയില്‍ രാഷ്ട്രീയ കക്ഷികളില്‍ അംഗത്വമുള്ളവരുണ്ടെന്നത് പരസ്യമായിട്ടുള്ള വസ്തുതയാണ്. പോലീസ് സംഘടനാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയച്ചുവ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.

ജനാധിപത്യവ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ, ക്രിമിനല്‍, ബിസിനസ്സ് കൂട്ടായ്മയെ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ക്കുള്ള കഴിവ് മറ്റൊരു സ്ഥാപനത്തിനുമില്ല.

അവര്‍ ആ ചുമതലയില്‍ നിന്ന് സ്വയമേവയോ സമ്മര്‍ദത്തിന്റെ ഫലമായോ വിട്ടുനിന്നാല്‍ ദോഷമേ ഉണ്ടാകൂ. ഈ പശ്ചാത്തലത്തില്‍ പോള്‍ വധക്കേസിന്റെ അന്വേഷണ പുരോഗതി പൊതുസമൂഹം സൂക്ഷ്മമായി വീക്ഷിക്കേണ്ടതുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഉയര്‍ന്ന പത്രധര്‍മതത്ത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് അവര്‍ ഈ കടമ നിര്‍വഹിക്കേണ്ടത്. ഈ തത്ത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാനുള്ള പ്രവണത പ്രകടമാകുമ്പോള്‍ അത് തടയപ്പെടണം. അത് ചെയ്യേണ്ടത് മാധ്യമ നേതൃത്വങ്ങള്‍ തന്നെയാണ്.

മാധ്യമങ്ങള്‍ സത്യാന്വേഷണം തുടരട്ടെ....

ഡോ. സെബാസ്റ്റ്യന്‍ പോള്‍ (മാതൃഭൂമി സെപ്തംബര്‍ 19)

നമ്മുടെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എന്താണ് സംഭവിക്കുന്നത്? ഇത്രയേറെ പഴി കേള്‍ക്കത്തക്കവിധം എന്തപരാധമാണ് ഈ സമൂഹത്തോട് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്? മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നു വിരട്ടുകയെങ്കിലും വേണമെന്ന് നാടുവാഴികള്‍ സ്ഥിരമായി പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വീണ്ടുവിചാരം ആവശ്യമാണോ?


ഏതെങ്കിലും രാഷ്ട്രീയപക്ഷം ചേര്‍ന്നുകൊണ്ട് ഉത്തരം കണ്ടെത്താവുന്ന പ്രശ്‌നമല്ല നമ്മുടെ മുന്നിലുള്ളത്. പൗരസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്.


പിണറായിയും കോടിയേരിയും ചേര്‍ന്ന് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ ഹിംസിക്കാനൊരുങ്ങുന്നു എന്ന ധാരണ വ്യാപകമായിട്ടുണ്ട്. താന്‍ അത്രയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കിയെങ്കിലും പിണറായി വിട്ടുവീഴ്ചയ്ക്കില്ല. സിന്‍ഡിക്കേറ്റ് മുതല്‍ ദിവ്യദൃഷ്ടി വരെ മാധ്യമപദാവലിയിലേക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നു.
സഖാക്കളെ ഭയന്ന് അപ്പുറത്തെത്തിയാല്‍ അവര്‍ സംരക്ഷിച്ചുകൊള്ളും എന്ന ഉറപ്പ് ചരിത്രം നല്‍കുന്നില്ല. പത്രങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ പ്രാബല്യത്തിലാക്കിയ സെന്‍സര്‍ഷിപ്പും രാജീവ് ഗാന്ധിയുടെ പാളിപ്പോയ പത്രമാരണ പരിശ്രമങ്ങളും നമുക്ക് മറക്കാറായിട്ടില്ല.

അതുകൊണ്ട് ആരേയും ആശ്രയിക്കാതിരിക്കുകയെന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കരണീയമായ മാര്‍ഗം. അനഭിമതരായവരെ തേജോവധം ചെയ്യുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രധാനപ്പെട്ട ആക്ഷേപം. ആരെയും വിമര്‍ശിക്കാന്‍ മടിയില്ലാത്ത മാധ്യമങ്ങള്‍ അവയ്‌ക്കെതിരെയുള്ള വിമര്‍ശനത്തെ സഹിഷ്ണുതയോടെ കാണുന്നില്ല. കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ ആക്രമണത്തിന്റെ പീരങ്കി തിരിച്ചുവെച്ചിരിക്കുന്നുവെന്നാണ് പിണറായി വിജയന്റെ ആരോപണം. കേരളത്തില്‍ മാത്രമല്ല ബംഗാളിലും ഇതുതന്നെ സ്ഥിതിയെന്ന് പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കാരാട്ട് എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല എന്ന കാര്യവും ആലോചിക്കേണ്ടതാണ്.


ബയണറ്റും പേനയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ജയം ബയണറ്റിനാവില്ല എന്ന തിരിച്ചറിവ് നെപ്പോളിയനുണ്ടായിരുന്നു. പത്രങ്ങളുടെ സംയുക്തമായ ആക്രമണത്തില്‍ നിക്‌സന് വൈറ്റ് ഹൗസ് വിടേണ്ടിവന്നു. ഇതിനര്‍ഥം ആക്രമിക്കപ്പെടുന്നവര്‍ നിസ്സഹായരാണെന്നല്ല. പ്രത്യാക്രമണത്തിന് സാധ്യതയുണ്ട്. ശത്രുവിന്റെ അതേ മാര്‍ഗം ഉപയോഗിച്ച് പ്രത്യാക്രമണം നടത്തുകയെന്നതാണ് ലെനിനിസ്റ്റ് മാധ്യമതത്ത്വം. സോവിയറ്റ് വിപ്ലവത്തെ പരിഹസിക്കുന്ന അമേരിക്കന്‍ സിനിമകള്‍ക്കുള്ള മറുപടിയായിരുന്നു ലെനിന്‍ നിര്‍ദേശിച്ചതനുസരിച്ച് നിര്‍മിച്ച ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍. ഈ തത്ത്വത്തിന്റെ കേരളത്തിലെ ആവിഷ്‌കാരമാണ് ദേശാഭിമാനിയും കൈരളി-പീപ്പിള്‍ ചാനലുകളും.

പത്രത്തെ പത്രം കൊണ്ടും ചാനലിനെ ചാനല്‍ കൊണ്ടും പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും എല്ലായ്‌പോഴും കഴിയില്ല. അവര്‍ക്ക് കൂട്ടായി നിയമമുണ്ട്. പേരുദോഷം ഉണ്ടാകുമ്പോഴും സ്വകാര്യതയിലേക്ക് കടന്നുകയറ്റം ഉണ്ടാകുമ്പോഴും കോടതിയെ സമീപിക്കാം. പത്രങ്ങള്‍ക്ക് പ്രസയസ് കൗണ്‍സില്‍ എന്ന റഗുലേറ്ററി സംവിധാനമുണ്ട്. ടെലിവിഷനും അപ്രകാരം ഒരേര്‍പ്പാട് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി വര്‍ധിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് പരിമിതിയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കണം. സ്വാതന്ത്ര്യത്തിന്റെ തോത് വര്‍ധിക്കുമ്പോള്‍ ഉത്തരവാദിത്വത്തിന്റെ തോതും വര്‍ധിക്കുന്നു.


അടയാളപ്പെടുത്തിയ ട്രാക്ക് തെറ്റിയോടുന്നുവെന്നതാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള ഗുരുതരമായ ആരോപണം. എവിടെയും സമാന്തരപ്രവര്‍ത്തനത്തിലാണ് അവര്‍ക്ക് താത്പര്യം. നീതിനിര്‍വഹണമെന്നത് ഭരണകൂടത്തിന്റെ ചുമതലയാണ്. അത് നന്നായി നടക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങള്‍ക്കു പരിശോധിക്കാം. അതിനു പകരം സമാന്തരവിചാരണയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ക്രൈം റിപ്പോര്‍ട്ടിങ് എന്നത് കേരളത്തില്‍ വികസിതമായ ശാഖയല്ല. പോലീസുകാര്‍ അറിയിക്കുന്നത് അവരുടെ പേരുകൂടി ചേര്‍ത്തു കൊടുത്താല്‍ ക്രൈം വാര്‍ത്തയായി. ഒരു തരം എംബഡ്ഡഡ് ജര്‍ണലിസം.

അഭയ കേസിലും ലാവലിന്‍ കേസിലും അതാണ് കണ്ടത്. സി.ബി.ഐ. പറഞ്ഞതെന്തോ അതപ്പാടെ മാധ്യമങ്ങള്‍ വിശ്വസിച്ചു. ചോദ്യമോ അന്വേഷണമോ ഉണ്ടായില്ല. സംശയങ്ങള്‍ ഉണ്ടായില്ല. സി.ബി.ഐ. അവരുടെ താത്പര്യങ്ങള്‍ക്കനുയോജ്യമായി മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍, നാര്‍കോ പരിശോധനയുടെ ദൃശ്യങ്ങളും പ്രതികളുടെ കുറ്റസമ്മതവും ചാനലുകള്‍ സംപ്രേഷണം ചെയ്തത് സി.ബി.ഐ.യുടെ ഒത്താശയോടെയാണെന്ന് വാര്‍ത്തകളില്‍നിന്നുതന്നെ വ്യക്തമായി. അപമാനകരമായ ദൃശ്യങ്ങളുടെ സംപ്രേഷണത്തിലൂടെ പ്രതികളുടെ സ്വകാര്യതയ്ക്ക് സംഭവിക്കുന്ന ക്ഷതത്തെക്കുറിച്ച് ആരും ആലോചിച്ചില്ല. ആ കന്യാസ്ത്രിയുടെ കന്യാചര്‍മപരിശോധനയുടെ സിഡി ചാനലുകള്‍ക്ക് ലഭിക്കാതിരുന്നത് നമ്മുടെ സുകൃതം. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടാനുള്ളതാണ്. അതാണ് നമ്മുടെ ക്രിമിനല്‍ നിയമവ്യവസ്ഥയ്ക്ക് മാനവികതയുടെ സൗന്ദര്യം നല്‍കുന്നത്. അക്കാര്യമെല്ലാം മറന്നുകൊണ്ട്, ഇനിയെന്തിനു വിചാരണ, നമുക്ക് ശിക്ഷ വിധിക്കാം എന്ന മട്ടിലാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത അഭിഭാഷകര്‍പോലും സ്വീകരിച്ച നിലപാട്. ഇതാണ് സമാന്തര വിചാരണയുടെ അപകടം. അവനെ ക്രൂശിക്കുകയെന്ന് ആര്‍പ്പുവിളിക്കാന്‍ ആള്‍ക്കൂട്ടത്തെ മാധ്യമങ്ങള്‍ സജ്ജരാക്കുമ്പോള്‍ നീതിബോധമുള്ള ന്യായാധിപന്‍പോലും നിസ്സഹായനായിത്തീരും.


ലാവലിനിലും അഭയയിലും സ്വീകരിച്ച നിലപാടല്ല മുത്തൂറ്റ് വധക്കേസില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചത്. പൊടുന്നനെ അവര്‍ സംശയാലുക്കളായി. പോലീസിനെ അവര്‍ വിശ്വസിക്കാതായി. അത്ര വിശ്വസനീയമല്ലാത്ത ഒരു കഥ ആദ്യമേ പോലീസ് അവതരിപ്പിച്ചതും അതിനു കാരണമായിട്ടുണ്ടാകാം. പണ്ടത്തെ ചാക്കോ വധം പോലെ പള്ളാത്തുരുത്തിയിലെ പ്രതികളും സുകുമാരക്കുറുപ്പുമാരായി തിരോധാനം ചെയ്യാതിരിക്കാന്‍ മാധ്യമങ്ങളുടെ ജാഗ്രത സഹായകമായിട്ടുണ്ട്. അന്വേഷണത്തിലെ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നതിനു പകരം കേസിനെ രാഷ്ട്രീയവല്‍കരിക്കാനാണ് മാധ്യമങ്ങളുടെ അന്വേഷണാത്മകത സഹായകമായത്. രാഷ്ട്രീയവല്‍കൃത കേരളത്തില്‍ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയാഭിമുഖ്യം ഇല്ലാത്തവരെ കാണാന്‍ പ്രയാസമാണ്. കൊലയുടെ ചുരുള്‍ അഴിക്കുകയാണെന്ന വ്യാജേന നടത്തിയ ചരിത്രാന്വേഷണം മാധ്യമങ്ങളുടെ പക്ഷപാതിത്വത്തെയാണ് വെളിപ്പെടുത്തിയത്.


മാധ്യമങ്ങള്‍ക്ക് ദിവ്യദൃഷ്ടി ഉണ്ടോയെന്ന ചോദ്യം കേട്ടു. മാധ്യമങ്ങള്‍ക്ക് അസാധാരണമായ ഒരു ദൃഷ്ടി ആവശ്യമുണ്ട്. സാധാരണക്കാര്‍ക്ക് ഗോചരമല്ലാത്ത കാര്യങ്ങള്‍ എങ്കിലേ കണ്ടെത്താന്‍ കഴിയൂ. വാര്‍ത്തയുടെ പ്രഭവം അന്വേഷിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ ഏഷ്യാനെറ്റ് കൊല്ലനെക്കണ്ടെത്തിയത് എങ്ങനെ എന്ന് ചോദിക്കേണ്ടതില്ല. കേസില്‍ കണ്ടെത്തിയ കത്തി പോലീസ് കൊണ്ടുവന്നതാണെന്ന് പ്രതിയുടെ അമ്മ പറയുകയും പോലീസിന് പതിവായി അങ്ങനെയൊരു ഏര്‍പ്പാടുണ്ടെന്ന് അത്തരം കാര്യങ്ങളില്‍ അത്ര അജ്ഞാനിയല്ലാത്ത പി ജയരാജന്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏഷ്യാനെറ്റിന്റെ കൊല്ലക്കുടിയിലെ വാര്‍ത്താശേഖരണത്തിന് പ്രാധാന്യമുണ്ട്.


ആഭ്യന്തരമന്ത്രിയെത്തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടാണ് മാധ്യമങ്ങളുടെ അന്വേഷണം മുന്നേറിയത്. അടഞ്ഞ അധ്യായങ്ങള്‍ തുറക്കപ്പെടുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്. ക്രമസമാധാനപാലനരംഗത്തെ നല്ല പ്രവര്‍ത്തനത്തിന് ഇന്ത്യാ ടുഡേ അംഗീകാരം നല്‍കി. പക്ഷേ, ഒരു നന്മയും കേരളത്തില്‍ അംഗീകരിക്കപ്പെടുന്നില്ല. ഗുണ്ടകളുടെയും മാഫിയ സംഘങ്ങളുടെയും ഗോഡ്ഫാദറായി ആഭ്യന്തരമന്ത്രി സദാ ചിത്രീകരിക്കപ്പെടുന്നു. അസ്വസ്ഥമായ മനസ്സില്‍നിന്ന് അസ്വീകാര്യമായ നിര്‍ദേശങ്ങളുണ്ടായി. മാധ്യമങ്ങള്‍ക്ക് അന്വേഷണച്ചുമതലയില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. മാധ്യമങ്ങളുടെ അന്വേഷണത്തിന്റെ അനിവാര്യത നമുക്കറിയാം. മുത്തൂറ്റ് കേസില്‍ത്തന്നെ സ്‌റ്റോറി ലൈന്‍ പലവട്ടം മാറിയതിനു പിന്നില്‍ മാധ്യമങ്ങളുടെ ഇടപെടലുണ്ട്. വിന്‍സന്‍ പോളിന്റെ ആദ്യത്തെ കഥയാണ് അന്തിമമായി ആവിഷ്‌കരിച്ചിരുന്നതെങ്കില്‍ പടം മാറ്റിനിക്കുതന്നെ പൊളിയുമായിരുന്നു.

അതേസമയം, ഒരു സസ്‌പെന്‍സ് ത്രില്ലറാകുമ്പോള്‍ ഉദ്വേഗം മുറിയാതിരിക്കുന്നതിന് ചില കാര്യങ്ങള്‍ മറച്ചുവെക്കേണ്ടി വരും. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പൊലീസിനും ചില കാര്യങ്ങള്‍ രഹസ്യമായി വെക്കേണ്ടതുണ്ട്. പ്രതികള്‍ ദുബായിയില്‍ എന്നു തുടങ്ങി മാധ്യമങ്ങളെ തെറ്റിധരിപ്പിക്കുന്ന ലീക്കുകളും പോലീസ് നല്‍കും. അതവരുടെ തൊഴിലിന്റെ ഭാഗമാണ്.


മാധ്യമങ്ങള്‍ സംഭവങ്ങളുടെ സാക്ഷികളും ചരിത്രത്തിന്റെ കരടെഴുത്തുകാരുമാണ്. അതിനവര്‍ അവരുടേതായ പാതയിലൂടെ സഞ്ചരിക്കണം. സഞ്ചരിക്കുന്ന പാത ചിലപ്പോള്‍ ഒന്നുതന്നെയാകാം. കണ്ടെത്തുന്ന സത്യവും ഒന്നാകാം. അതുകൊണ്ടുമാത്രം നാം സംശയാലുക്കളാകേണ്ടതില്ല. ഏതന്വേഷണത്തിനും ചിലര്‍ക്ക് ഒരു ചാരുകസേര മതി. ഡിജിറ്റല്‍ യുഗത്തിലെ ചാരുകസേരയാണ് ട്വിറ്റര്‍. സാഹസികമായ സത്യാന്വേഷണത്തിനു പകരം ട്വിറ്റര്‍ ജര്‍ണലിസത്തിലേക്ക് തിരിയണമെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന ഉപദേശത്തിന്റെ സാരം. അത്തരം കേട്ടെഴുത്തും കണ്ടെഴുത്തും ജനാധിപത്യപരമല്ല. അപ്പസ്‌തോലരില്‍ നാലു പേര്‍ ലേഖകരായെങ്കിലും എഴുതാത്ത തോമസിനെയാണ് മാധ്യമപ്രവര്‍ത്തകര്‍ അനുകരിക്കേണ്ടത്. കാണാതെയും സ്​പര്‍ശിക്കാതെയുമുള്ള വിശ്വാസം ദൈവശാസ്ത്രപരമായി മേന്മയുള്ളതാണ്. പക്ഷേ, അത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ടാണ് അവര്‍ നേരിട്ട് അന്വേഷണത്തിനിറങ്ങുന്നത്.


മാധ്യമപ്രവര്‍ത്തകര്‍ കേസന്വേഷണം നടത്തേണ്ട എന്നു പറഞ്ഞപ്പോള്‍ കോടിയേരി, ഒരു പക്ഷേ, ഇത്രയൊന്നും ആലോചിച്ചിട്ടുണ്ടാവില്ല. പോലീസ് കാര്യക്ഷമതയോടെ ജോലി ചെയ്യുന്നു എന്ന ഉറപ്പ് മാത്രമായിരിക്കാം ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നല്‍കിയത്. അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കി പോലീസിനെ സഹായിക്കണമെന്നു പറഞ്ഞതും സദുദ്ദേശ്യത്തോടെയായിരിക്കാം. അതിനവരെ നിര്‍ബന്ധിക്കുമെന്ന രീതിയില്‍ സംസാരിച്ചതിലെ അനൗചിത്യം അദ്ദേഹം തിരുത്തുകയും ചെയ്തു. കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും വിവരം ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉടനടി അതു പോലീസിനു കൈമാറണമെന്ന നിയമത്തെക്കുറിച്ച് ആദ്യം ആലോചിച്ചത് കേന്ദ്ര ഗവണ്‍മെന്റാണ്. എതിര്‍പ്പിനെത്തുടര്‍ന്ന് ആലോചന ഉപേക്ഷിച്ചു.
അതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ നിരാശരാകേണ്ട. സത്യാന്വേഷണം തുടരട്ടെ. സത്യാന്വേഷണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുണ്ടാകും.

സത്യം എന്നാലെന്ത് എന്ന ചോദ്യം തന്നെയാണ് ആദ്യത്തെ പരീക്ഷണം. ആ ചോദ്യം ചോദിച്ചയാള്‍ക്ക് യഥാസമയം ഉത്തരം കിട്ടിയില്ല. സത്യമെന്താണെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഇറാഖില്‍ അമേരിക്കന്‍ ജനറല്‍ വില്യം ഷെര്‍മാന്‍ നല്‍കിയ ഉത്തരം ഇതിനകം പ്രസിദ്ധമായിട്ടുണ്ട്. ''ഇവിടെ നടക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥ ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല..''
പട്ടാളമായാലും പോലീസായാലും മനോഭാവം ഇതുതന്നെയാണ്. നാട് ഭരിക്കുന്നവരുടെ നിലപാടും വ്യത്യസ്തമല്ല.

Thursday, September 17, 2009

കലാമിനെയും കുഴക്കിയ പ്രതിഭ



(മാതൃഭൂമി സെപ്തംബര്‍ 14, 2009)
കോഴിക്കോട്: പ്രപഞ്ച വിസ്മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത് അയല്‍വാസിയായ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്. അദ്ദേഹമാണ് ഹനാനെ തിരുവനന്തപുരത്തെ ശാസ്ത്രഭവനിലേക്കയച്ചത്. അവിടെ നിന്ന് പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്.രഘുനാഥനാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്.സി. ഭട്ട്, സി. ശിവറാം, ഡോ. ജയന്ത് മൂര്‍ത്തി എന്നിവരാണ് ഹനാന് ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കുന്നത്.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ് ഹനാന്‍ അയച്ച ഇ-മെയിലാണ് സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ് 'നാസ'യുമായി ബന്ധപ്പെടുത്തിയത്.

ബന്ധു മുഹമ്മദ് അഷറഫ് വഴി, ഹിന്ദ് രത്തന്‍ അവാര്‍ഡ് ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ് ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ക്ക് ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്.

കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന് ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ് ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ് മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്.

പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട് വിളിച്ച് കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ് സകലപിന്തുണയുമായി നില്ക്കുന്നു. ഖത്തറിലെ രാജ്ഞി ശൈഖ് മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.

ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ് താരങ്ങളുമാണ് പങ്കെടുത്തത്. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്ത്രജ്ഞന്‍ സതീഷ് റെഡ്ഡിയുമായി വളരെനേരം സംസാരിക്കാനായതാണ് ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന് ബഹിരാകാശയാത്ര സ്വപ്നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന് പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്ക്കുന്നു. ചിലര്‍ വിളിക്കുന്നു.

മറ്റൊരു ചടങ്ങില്‍ വെച്ച് പരിചയപ്പെട്ട ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ് യാത്രയ്ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്ക്കുന്നത് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ് ഹനാനെ കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ് ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചുകഴിഞ്ഞു.

നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന് അറിയില്ല. അതില്‍ വിഷമമുണ്ട്''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക് നൂറുനാവാണ്.

ജ്യോതിശ്ശാസ്ത്രവും ജൈവസാങ്കേതികവിദ്യയുമാണ് ഭാവിയുടെ ശാസ്ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട് കടുത്ത എതിര്‍പ്പാണ് ഹനാന്. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക് പോകാന്‍ കാരണവും ഇതാണെന്ന് ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്ക്കുന്നത്. അതില്‍ എനിക്ക് നാണക്കേടുണ്ട്. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

ഹനാന്റെ വിസ്മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ


(മാതൃഭൂമി സെപ്തംബര്‍ 14, 2009)
കോഴിക്കോട്: കൗതുകങ്ങള്‍ക്ക് അവധി കൊടുത്ത് ഹനാന്‍ ബിന്‍ത് ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്ത്രവും ജീവശാസ്ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്ത്രലോകത്തിനു പുതുമയാണ്. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ് വെസ്റ്റിങ്ഹൗസ് നടത്തുന്ന ശാസ്ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.

യു.എസ്. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്കിയാണ് സീമെന്‍സ് വെസ്റ്റിങ്ഹൗസ് ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്. പത്താം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് .

ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്ക്കുകയാണ് ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട് തിയറി ഓഫ് സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ് ഹനാന്റെ സ്വപ്നം. ഇതുതന്നെയാണ് സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ് സ്‌കൂളില്‍ നിന്ന് കഴിഞ്ഞ മെയിലാണ് സ്‌പേസ് ആന്‍ഡ് സയന്‍സ് ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എയ്‌റോനോട്ടിക്‌സിലും കോഴ്‌സ് പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.

ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് കുളിക്കാന്‍ കയറി ബാത്ത് ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച് പറയാനുണ്ട് ഉമ്മ അയിഷ മനോലിക്ക്. ടബ്ബില്‍ വെള്ളം നിറഞ്ഞ് മൂക്കില്‍ കയറിയപ്പോഴാണ് ഹനാന്‍ എഴുന്നേറ്റത്.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ് ഹൂസ്റ്റണില്‍വെച്ച് ഹനാന്‍ സ്വയം രൂപകല്പന ചെയ്തു. പരീക്ഷണാര്‍ഥം നാസ ഇത് ല്ക്കസ്വദൂരത്തേക്ക് വിക്ഷേപിക്കുകയും ചെയ്തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്-ലൂണാര്‍ ഗൂഗ്ള്‍പ്രൈസിലും പങ്കാളിയാണ്. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന് ഐസ് ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ് പദ്ധതി.

ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്ത ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന് അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്തു.

തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്. അന്ന് 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്ത്രപുസ്തകങ്ങളാണ് വായനയ്‌ക്കെടുത്തത്.

ഐന്‍സ്റ്റീനോടായിരുന്നു താത്പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ് ഹനാന്റെ ചിന്ത.

പ്രപഞ്ചം സ്ഥിരമല്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന് വേര്‍തിരിക്കുന്നത് പ്രകാശത്തിന്റെ അതിരാണ്. ഏറ്റവും ശക്തിയേറിയ ഹബ്ള്‍ ടെലിസ്‌കോപ്പ് പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്- ടാക്കിയോണ്‍സ്. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്ത്രസംവിധാനമാണ് ഹനാന്റെ മറ്റൊരു പദ്ധതി.

അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ് ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന് ഹനാനുതന്നെ നിശ്ചയമില്ല.

നാലാം ലോകം സ്വപ്നവും യാഥാര്‍ത്ഥ്യവും - അധ്യായം ഒന്ന് (last pages)



മുന്‍പേജുകള്‍ ഇവിടെ

നാലാം ലോകം സ്വപ്നവും യാഥാര്‍ത്ഥ്യവും അധ്യായം ഒന്ന്






അടുത്ത രണ്ടു പേജുകള്‍....

Tuesday, September 15, 2009

കോടിയേരിക്കും പാലോളിക്കും പിണറായി പക്ഷത്തുനിന്ന് ഒളിയമ്പ്

ജോമി തോമസ് ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മില്‍ പിണറായി പക്ഷത്തു പുതിയ ധ്രുവീകരണങ്ങളുണ്ടാകുന്നതായി ചില കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ക്കെതിരെ പിണറായി പക്ഷത്തുനിന്നുതന്നെയുള്ള പ്രചാരണങ്ങള്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. പോള്‍ ജോര്‍ജ് വധക്കേസിലും നേരത്തേയുണ്ടായ ചില സംഭവങ്ങളിലും കോടിയേരിയുടെ കുടുംബം കാരണം പാര്‍ട്ടിക്കു നേരെയുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള അമര്‍ഷ പ്രകടനമാണു സംഭവിക്കുന്നതെന്നാണു ചില നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, മന്ത്രി എന്ന നിലയില്‍ പാലോളിയുടെ പ്രകടനം പോരാ എന്ന വിലയിരുത്തല്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല.ലാവ്ലിന്‍ കേസില്‍ പിണറായി നേരിടുന്ന പ്രതിസന്ധിയുടെയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍നിന്നു പുറത്തായതിന്റെയും പശ്ചാത്തലത്തിലുള്ളതാവാം രണ്ടു മന്ത്രിമാര്‍ക്കുമെതിരായ നീക്കങ്ങളെന്നു ചില നേതാക്കള്‍ കരുതുന്നു. അടുത്തെങ്ങും സ്ഥാനചലനങ്ങള്‍ക്കു സാധ്യതയില്ലെന്നു വ്യക്തമായ സൂചനയുള്ളപ്പോള്‍ എന്തിനാണ് മന്ത്രിമാരെ ഉന്നംവയ്ക്കുന്നതെന്ന സംശയവുമുണ്ട്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ മന്ത്രിസ്ഥാനത്തോടു താല്‍പര്യമില്ലെന്നു പറഞ്ഞ വ്യക്തിയാണു പാലോളി. ഇത്തവണ മന്ത്രിയായതും താല്‍പര്യത്തോടെയല്ല. സ്ഥിതി ഇതായിരിക്കേ എന്തിനാണ് അദ്ദേഹത്തിനെതിരെ പ്രചാരണമെന്നാണു പിണറായി പക്ഷത്തുതന്നെയുള്ള ചിലരുടെ ചോദ്യം.കോടിയേരിയുടെ മൂത്ത മകന്‍ ഏതാനും വര്‍ഷം മുന്‍പു തിരുവനന്തപുരത്തു ചില പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും പുറത്തുവരുമെന്നും പിണറായി പക്ഷത്തു ചര്‍ച്ചയുണ്ടായി. ഇതും നേതാക്കളുടെ ശ്രദ്ധയിലുണ്ട്. പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ പിണറായി കാണിക്കുന്ന പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. പാര്‍ട്ടിക്കെതിരായ സംഘടിതമായ ആക്രമണമാണു നടക്കുന്നതെന്നും അതിനെ ചെറുക്കുകയെന്ന ഉത്തരവാദിത്തമാണു പിണറായി നിര്‍വഹിക്കുന്നതെന്നും ചില നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ കോടിയേരിയുടെ മകനുനേരെ ഉയര്‍ന്ന ആരോപണത്തെ പാര്‍ട്ടിക്കു നേരെയുള്ളതായി മാറ്റിയെടുക്കുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും ഇവര്‍ സമ്മതിക്കുന്നു.ബിനീഷ് കോടിയേരിയുടെ വിവാഹ ദിവസം സംബന്ധിച്ച തീരുമാനത്തെയും പല കാര്യങ്ങളുമായും ചേര്‍ത്തു വായിക്കാവുന്നതാണെന്ന സൂചനയുമുണ്ട്. നിശ്ചയ ദിവസംതന്നെ വിവാഹം നടത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണു തീരുമാനിച്ചതെന്നു നേരത്തേ വിശദീകരണം വന്നിരുന്നു. എന്നാല്‍ തീരുമാനത്തെക്കുറിച്ചു സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ അറിഞ്ഞില്ലെന്ന സൂചനയുമുണ്ട്.കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോടിയേരി പൊളിറ്റ് ബ്യൂറോ അംഗമായപ്പോള്‍ മുതല്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതാണെന്നും പിബിയിലെത്താന്‍ താല്‍പര്യപ്പെട്ട ചിലരാണു പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും സംശയിക്കണമെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്. ഭാവിയുണ്ടെന്നു സ്വയം വിലയിരുത്തുന്ന ചില രണ്ടാം നിര നേതാക്കളാണു കളികള്‍ക്കു പിന്നിലത്രേ. അതല്ല, കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ ഉരസലുകളുടെ ഭാഗമായ കളികളാണു നടക്കുന്നതെന്നു പറയുന്നവരുമുണ്ട്.

Tuesday, September 8, 2009

കാബിനറ്റ്‌ രേഖകള്‍ മോഷ്‌ടിച്ചതെന്ന്‌ പി.സി. ജോര്‍ജ്‌

കോട്ടയം: ലാവ്‌ലിന്‍ കേസില്‍ കാബിനറ്റ്‌ രേഖകള്‍ പിണറായി വിജയന്‍ മോഷ്‌ടിച്ചതാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവയ്‌ക്കണമെന്നും കേരളാ കോണ്‍ഗ്രസ്‌ സെക്യൂലര്‍ നേതാവ്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. പിണറായിക്ക്‌ കിട്ടിയ 387 പേജുള്ള കാബിനറ്റ്‌ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണെന്ന വാദം കളവാണ്‌. രേഖകളില്‍ അത്‌ നല്‍കിയ സംസ്‌ഥാന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വേണുഗോപാലിന്റെ ഒപ്പ്‌ രേഖപ്പെടുത്തിയിരുന്നില്ല. കാബിനറ്റ്‌ രേഖകള്‍ മുഖ്യമന്ത്രിയുടെ കൈവശമാണ്‌ ഇരിക്കേണ്ടത്‌

കാബിനറ്റ്‌ രേഖകള്‍ നല്‍കാന്‍ വേണുഗോപാലിന്‌ അധികാരമില്ല ; ആ രേഖകള്‍ വിവരാവകാശ നിയമം വഴി ലഭിച്ചതല്ല

കോഴിക്കോട്‌: കാബിനറ്റ്‌ രേഖകളുടെ കസ്‌റ്റോഡിയന്‍ ചീഫ്‌ സെക്രട്ടറിയാണെന്നിരിക്കെ വിവരാവകാശ നിയമപ്രകാരം അവയുടെ പകര്‍പ്പു നല്‍കാന്‍ വിജിലന്‍സ്‌ വകുപ്പിന്റെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ടി. വേണുഗോപാലിന്‌ അധികാരമില്ലെന്നു നിയമവൃത്തങ്ങള്‍.

സി.പി.എം മുഖപത്രം ഇന്നലെ പ്രസിദ്ധീകരിച്ചതുപോലെ, വേണുഗോപാല്‍ രേഖകള്‍ നല്‍കി എന്നു വന്നാല്‍കൂടി ഈ വിധം വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളല്ല പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌ എന്നതിനു തെളിവുകളേറെ.

സെപ്‌തംബര്‍ 5 ശനിയാഴ്‌ചയാണ്‌ പിണറായി സുപ്രീം കോടതിയില്‍ ഹാജരാക്കിയ കാബിനറ്റ്‌ രഹസ്യരേഖകളുടെ പകര്‍പ്പ്‌ സഹിതം 'രേഖചോര്‍ച്ച' സംബന്ധിച്ച്‌ 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. അതടക്കം ലഭിച്ച രേഖകളിലൊന്നിലും ഇവ വിവരാവകാശ നിയമമനുസരിച്ച്‌ നല്‍കിയതാണെന്നു രേഖപ്പെടുത്തിയിട്ടില്ല.

നിയമമനുസരിച്ച്‌ വിതരണം ചെയ്യുന്ന പകര്‍പ്പുകളിലെല്ലാം ഇതു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ അനുവദിച്ചതാണെന്നു ഫയല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തി ബന്ധപ്പെട്ട പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒപ്പും മുദ്രയും പതിച്ചിരിക്കണം. പിണറായി സുപ്രീം കോടതിയില്‍ എത്തിച്ചവയൊഴിച്ച്‌ നിയമം നടപ്പായശേഷം കേരളത്തില്‍ വിതരണം ചെയ്‌ത എല്ലാ പകര്‍പ്പുകളിലും ഈ അടയാളപ്പെടുത്തല്‍ കാണാം. അതുകൊണ്ടു തന്നെ പിണറായി സമര്‍പ്പിച്ച കാബിനറ്റ്‌ രേഖകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതാണെന്നുവ്യക്‌തം.

രേഖകള്‍ വിവരാവകാശ പ്രകാരം ലഭിച്ചതായിരുന്നുവെങ്കില്‍ അക്കാര്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലും പിണറായി വ്യക്‌തമാക്കേണ്ടതായിരുന്നു. ലാവ്‌ലിന്‍ അഴിമതിക്കേസ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ ഏഴാംപ്രതി എന്ന നിലയില്‍ പിണറായി നല്‍കിയ റിട്ടില്‍ കാബിനറ്റ്‌ രേഖകള്‍ ശരിപകര്‍പ്പാണെന്നല്ലാതെ അവ നിയമാനുസൃതം ലഭിച്ചതാണെന്ന്‌ ഒരിടത്തും പറയുന്നില്ല. ആയിരത്തിലധികം പേജ്‌ വരുന്ന റിട്ട്‌ ഹര്‍ജിയില്‍ അറുനൂറോളം പേജുകളും വിവിധ സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പാണ്‌. വിവരാവകാശ നിയമമനുസരിച്ചു ലഭിക്കേണ്ടതും അല്ലാത്തതുമായ പകര്‍പ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്‌.

387 പേജ്‌ സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാനുള്ള ഫീസായ 774 രൂപ അടച്ചാല്‍ 500 ലധികം വരുന്ന സര്‍ക്കാര്‍ രേഖകളുടെ പേജുകള്‍ എങ്ങനെയാണു ലഭിക്കുക എന്നതു ദുരൂഹമാണ്‌.

നല്‍കാന്‍ പാടില്ലെന്നു വിവരാവകാശ നിയമത്തില്‍ പോലും വ്യവസ്‌ഥ ചെയ്യപ്പെട്ട രേഖകള്‍ പിണറായിക്ക്‌ എങ്ങനെ ലഭിച്ചു എന്നത്‌ ദുരൂഹമായി തുടരുന്നു.

സാധാരണ നിലയില്‍ കാബിനറ്റ്‌ തീരുമാനങ്ങളും ബന്ധപ്പെട്ട കാബിനറ്റ്‌ രേഖകളും വിവരാവകാശത്തിന്‍ കീഴില്‍ ലഭിക്കുകയില്ല. കഴിഞ്ഞ മേയ്‌ 6-ന്റെ കാബിനറ്റ്‌ രേഖകളും അതുമായി ബന്ധപ്പെട്ട്‌ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ആശയവിനിമയ രേഖകളും ആവശ്യപ്പെട്ട്‌ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഡി.ബി. ബിനു രാജ്‌ഭവന്‍ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ ജൂണ്‍ 11നു അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 15 നു രാജ്‌ഭവന്‍ നല്‍കിയ മറുപടിയില്‍ വിവരാവകാശ നിയമത്തിലെ വകുപ്പ്‌ 8-1(എച്ച്‌) പ്രകാരം രേഖകള്‍ നല്‍കാനാവില്ലെന്നാണു വ്യക്‌തമാക്കിയത്‌. നിയമാനുസൃതം ചെയ്യാന്‍ പാടില്ലെന്നു ഗവര്‍ണറുടെ ഓഫീസ്‌ പറയുന്ന കാര്യമാണു വിജിലന്‍സിന്റെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചെയ്‌തു എന്ന്‌ വരുത്തിവച്ചിരിക്കുന്നത്‌. ടി. വേണുഗോപാല്‍ ഇങ്ങനെ രേഖകള്‍ നല്‍കിയിരുന്നുവെങ്കില്‍ അക്കാര്യം വെളിപ്പെടുത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടിവന്നത്‌ എന്തുകൊണ്ടെന്നതും ദുരൂഹമാണ്‌.

കാബിനറ്റ്‌ തീരുമാനങ്ങള്‍ ഗവര്‍ണറുമായി കൈമാറ്റം ചെയ്യുന്നത്‌ മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിലും രേഖകകളുടെ സൂക്ഷിപ്പുചുമതല ചീഫ്‌ സെക്രട്ടറിക്കാണ്‌. അതുകൊണ്ടുതന്നെ ഏതു പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക്‌ അപേക്ഷ സമര്‍പ്പിച്ചാലും വിവരാവകാശ നിയമം വകുപ്പ്‌ 6-ല്‍ മൂന്ന്‌ പ്രകാരം അതു മുഖ്യമന്ത്രിയുടെയോ ചീഫ്‌ സെക്രട്ടറിയുടെയോ ഓഫീസിലേക്കാണ്‌ അയയ്‌ക്കേണ്ടത്‌. അത്തരം ഒരു ബന്ധപ്പെടലും നടത്താതെ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലിരിക്കുന്ന രേഖകകളുടെ പകര്‍പ്പ്‌ നാലു ദിവസം കൊണ്ടു പിണറായിക്കു നല്‍കാന്‍ രേഖകളടങ്ങുന്ന ഫയല്‍ എങ്ങനെ വിജിലന്‍സ്‌ വകുപ്പിലെത്തി ?

മേയ്‌ ആറിന്റെ കാബിനറ്റ്‌ രേഖകളുടെ പകര്‍പ്പ്‌ ആവശ്യപ്പെട്ടുള്ള മൂന്ന്‌ അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതായാണു വിവരം. പൊതുഭരണവകുപ്പിലെ സ്‌റ്റേറ്റ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്‌ ഈ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്‌. നിയമവകുപ്പിന്റെ ശിപാര്‍ശക്കയച്ച ഈ അപേക്ഷകളില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന നിയമോപദേശമാണു ലഭിച്ചത്‌. കാബിനറ്റ്‌ രേഖകള്‍ നല്‍കേണ്ടതില്ലെന്നു നിയമത്തില്‍ അനുശാസിച്ചിട്ടും അതേക്കുറിച്ചും ഒരു സംശയം പോലും ഉന്നയിക്കാതെ ടി. വേണുഗോപാലന്‍ അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരാത്ത രഹസ്യരേഖകളുടെ പകര്‍പ്പുനല്‍കാന്‍ തയാറായതെങ്ങനെ ?

രേഖകള്‍ സൂക്ഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷിക്കാതെ കാബിനറ്റ്‌ രേഖ ഒരു നിലയ്‌ക്കും എത്താനിടയില്ലാത്ത വിജിലന്‍സ്‌ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു തന്നെ പിണറായി അപേക്ഷ സമര്‍പ്പിച്ചതിലും അസ്വാഭാവികതയുണ്ട്‌. ഗവര്‍ണറുടെ ഓഫീസ്‌ അനുവദിച്ചു എന്നു പാര്‍ട്ടിപത്രം പറയുന്ന രേഖകളുടെ കാര്യത്തിലും അവ്യക്‌തതയുണ്ട്‌.

ടി. വേണുഗോപാലിന്റേതുപോലെ ഉണ്ടാക്കിയെടുത്ത ഒരു രേഖ ഗവര്‍ണറുടെ പി.ഐ.ഒ. സജീവന്റെ പേരിലും പരസ്യപ്പെടുത്താനില്ലെങ്കില്‍ ആ രേഖകളെങ്കിലും ചോര്‍ത്തിയതാണെന്നു ജനങ്ങളോടു സമ്മതിക്കേണ്ടിവരും.

മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാടുകളടക്കം കാബിനറ്റ്‌ രേഖകള്‍ നിയമാനുസൃതമായല്ല വിജിലന്‍സ്‌ കൈക്കലാക്കിയതെന്നാണ്‌ 'മംഗള'ത്തിന്റെ വെളിപ്പെടുത്തല്‍.

ഹരിദാസന്‍ പാലയില്‍

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)