24 Jan 2008
കോഴിക്കോട്: കളമശ്ശേരിയില്‍ എച്ച്.എം.ടി.യുടെ 70 ഏക്കര്‍ ഭൂമി ചുളുവിലയ്‌ക്ക് ഭൂമിമാഫിയക്കു വിറ്റ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനും ഇടതുസര്‍ക്കാറിന്റെ ദുര്‍ഭരണത്തിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാരസമരത്തിന്റെ സമാപനവേളയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.'സൈബര്‍ സിറ്റി' സ്ഥാപിക്കാനാണ് ഭൂമി വിറ്റതെന്നാണ് വിശദീകരണം. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് ഐ.ടി.വകുപ്പ് പറയുന്നു. ഭൂമി ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് സൈബര്‍സിറ്റി പദ്ധതി ഉദ്‌ഘാടനച്ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നു. മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത പദ്ധതിയാണ് ഇതെങ്കില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം-ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ആഗോള ടെന്‍ഡര്‍ വിളിച്ചാണ് ഭൂമി വിറ്റതെന്ന് പറയുന്നു. എന്നാല്‍ സെന്റിന് എട്ടു ലക്ഷം രൂപവരെ വിലയുള്ള സ്ഥലം കേവലം 1.30 ലക്ഷം രൂപയ്‌ക്കാണ് വിറ്റത്. ആഗോള ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കിയത് മുംബൈയിലെ പത്രങ്ങള്‍ക്കാണ്. ഇവിടുത്തെ യഥാര്‍ഥ വില അറിയുന്നവര്‍ ടെന്‍ഡറില്‍ പങ്കെടുക്കാതിരിക്കാനാണ് കേരളത്തില്‍ പരസ്യം ചെയ്യാതിരുന്നതെന്നു വേണം അനുമാനിക്കാന്‍-ഉമ്മന്‍ചാണ്ടി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രമേശ് നമ്പിയത്ത്, നേതാക്കളായ കെ.പി.നിധീഷ്, സലിം മൂഴിക്കല്‍, വിനീഷ്‌കുമാര്‍, പ്രവീണ്‍ എന്നിവരാണ് മാനാഞ്ചിറയില്‍ നിരാഹാരം നടത്തിയത്. ഇവര്‍ക്ക് നാരങ്ങാനീര് നല്‍കി ഉമ്മന്‍ചാണ്ടി സമരം അവസാനിപ്പിച്ചു
No comments:
Post a Comment