22 Jan 2008
കളമശ്ശേരി: സൈബര്‍ സിറ്റി നിര്‍മിക്കാന്‍ കേന്ദ്ര-പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി. ഭൂമി വിറ്റത് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന്. കമ്പനിയുടെ വികസനാവശ്യത്തിന് ഉപയോഗിക്കാന്‍ എന്ന കര്‍ശന വ്യവസ്ഥയോടെ സര്‍ക്കാര്‍ നല്‍കിയ 100 ഏക്കറിലെ 70 ഏക്കറാണ്, കമ്പനി സ്വകാര്യ സംരംഭകര്‍ക്ക് 91 കോടി രൂപയ്‌ക്ക് വിറ്റത്. ഭൂമി കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിക്കുമെന്ന് എച്ച്.എം.ടി. സംസ്ഥാന സര്‍ക്കാരിന് നല്‍കിയ വാഗ്‌ദാനമാണ് ലംഘിച്ചത്.സംസ്ഥാന വ്യവസായവകുപ്പ് 1998 ജൂണ്‍ നാലിന് പുറപ്പെടുവിച്ച ഉത്തരവിലാണ്, (ജി.ഒ.എം.എസ്. നം. 85/98/ഐഡി) സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.യില്‍നിന്ന് തിരിച്ചുപിടിച്ച 400 ഏക്കറില്‍ 100 ഏക്കര്‍ കമ്പനിയുടെ വ്യാവസായികാവശ്യത്തിന് കൈവശംവയ്‌ക്കാം എന്ന് നിര്‍ദേശിച്ചത്. ഉത്തരവില്‍ ഒരിടത്തും ഈ ഭൂമി വില്‍ക്കാന്‍ എച്ച്.എം.ടി.ക്ക് അധികാരം നല്‍കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് എച്ച്.എം.ടി.ക്ക് വ്യാവസായികാവശ്യത്തിന് നല്‍കിയ ഭൂമിയില്‍ 400 ഏക്കറോളം വളരെക്കാലമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 1995 ആഗസ്‌ത് 28ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ (ജി.ഒ.എം.എസ്. 138/95/ഐഡി) ഈ 400 ഏക്കര്‍ തിരിച്ചുപിടിച്ചു.
ഇതില്‍, 350 ഏക്കര്‍ വ്യവസായപാര്‍ക്ക് നിര്‍മിക്കാന്‍ കിന്‍ഫ്രയ്‌ക്കും 50 ഏക്കര്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ സംസ്ഥാന ഭവനബോര്‍ഡിനും അനുവദിച്ചു. എന്നാല്‍, 1997 മാര്‍ച്ച് 30ന് എച്ച്.എം.ടി.യുടെ ബാംഗ്ലൂര്‍ ഓഫീസില്‍നിന്ന് കമ്പനിയുടെ പേഴ്‌സണല്‍ വിഭാഗം ഡയറക്ടര്‍ 100 ഏക്കര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് കിന്‍ഫ്ര എം.ഡി.ക്ക് കത്ത് നല്‍കി. അടുത്തുതന്നെ വികസന പദ്ധതികളുടെ ഭാഗമായി സംയുക്തസംരംഭങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെന്നാണ് കാരണം പറഞ്ഞത്. ഇത് പരിഗണിച്ചാണ് നൂറ് ഏക്കര്‍ കൈവശംവയ്‌ക്കാന്‍ അനുവദിച്ചത്. ഇതില്‍നിന്ന് 70 ഏക്കറാണ് വാഗ്‌ദാനം ലംഘിച്ച് വിറ്റത്.
സൈബര്‍ സിറ്റി തറക്കല്ലിടല്‍ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീമും രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി എസ്. ശര്‍മയും പറഞ്ഞത്, നിയമവ്യവസ്ഥകള്‍ എല്ലാം പാലിച്ചാണ് സൈബര്‍ സിറ്റിക്ക് അനുമതി കൊടുത്തതെന്നാണ്.
No comments:
Post a Comment