23-feb-2009
88 ഏക്കര്‍ ഭൂമി വിതരണം ചെയ്യുന്നതിനും എതിര്‍പ്പ്; വനഭൂമിയല്ലെന്ന് ജില്ലാ കലക്ടര്‍ തൊടുപുഴ: മൂന്നാറില്‍ 88 ഏക്കര്‍ ഭൂമി 1044 പേര്‍ക്ക് ഇന്ന് വിതരണം ചെയ്യാനിരിക്കെ എതിര്‍പ്പുമായി ടാറ്റാ ടീയും മുന്‍ ദൌത്യസംഘാംഗങ്ങളും രംഗത്ത്. ഇന്ന് വിതരണം ചെയ്യുന്നതില്‍ 77 ഏക്കര്‍ വരുന്ന കുറ്റിയാര്‍ ഹൌസിംഗ് സൈറ്റ് വനഭൂമിയാണെന്ന പ്രചാരണവുമായാണ് അവര്‍ രംഗത്തുവന്നത്. എന്നാല്‍, ഈ പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും കുറ്റിയാര്‍ ഹൌസ് സൈറ്റ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയാണെന്നും ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് 'മാധ്യമ'ത്തോട് പറഞ്ഞു. ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ ഇത് ടാറ്റയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭൂരഹിതര്‍ക്ക് പതിച്ച് നല്‍കുന്നതിന് ഉതകുന്ന ഭൂമിയാണിതെന്ന് ലാന്റ് ബോര്‍ഡ് അവാര്‍ഡില്‍ വ്യക്തമാക്കുന്നുണ്ട്. കുറ്റിയാര്‍ ഹൌസ് സൈറ്റ് എന്ന് തന്നെയാണ് ഈ പ്ലോട്ടിന്റെ പേരെന്നതും ശ്രദ്ധേയമാണ്. മൂന്നാറില്‍ പാവങ്ങള്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനുള്ള നടപടികള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇത് വനഭൂമിയാണെന്ന പ്രചാരണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത 70,000ത്തിലേറെ ഏക്കറില്‍ 50,000 ഏക്കര്‍ ഇപ്പോഴും ടാറ്റയുടെ നിയന്ത്രണത്തില്‍ തന്നെയാണ്. മാങ്കുളത്ത് അയ്യായിരം ഏക്കര്‍ ഭൂമിയില്‍ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ചില പരിസ്ഥിതി സംഘടനകളെ ഉപയോഗിച്ച് അത് സ്റ്റേ ചെയ്യിച്ചു. ടാറ്റയില്‍ നിന്നും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ട ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നാര്‍ ദൌത്യം നടത്തിയത്. എന്നാല്‍, ഭൂരഹിതരെയും പാവപ്പെട്ടവരെയും ഒഴിപ്പിക്കുന്നതിനായാണ് ശ്രമം നടന്നത്. ടാറ്റ സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വിറ്റ ഭൂമിയില്‍ ഉയര്‍ന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചെങ്കിലും ഏല കുത്തകപ്പാട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു. അവസാനം സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയുടെ കണക്ക് നോക്കിയപ്പോള്‍ വെറും 130 ഏക്കര്‍ മാത്രമാണെന്ന് തെളിഞ്ഞു. ഇതാകട്ടെ വിവിധ കോടതികളില്‍ കേസും വിചാരണയും നേരിടുകയാണ്. മൂന്നാറില്‍ 16,000 ഏക്കര്‍ ഭൂമി നിയന്ത്രണത്തില്‍ കൊണ്ടുവന്നുവെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇതില്‍ 1600 ഏക്കര്‍ ഭൂമി മൂന്നുമാസത്തിനകം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് നവംബര്‍ ആദ്യം മൂന്നാറില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് 30,000 പേര്‍ ഭൂമിക്കായി അപേക്ഷ നല്‍കി. ഇതില്‍ ഒമ്പതിനായിരത്തിലേറെ പേര്‍ കണ്ണന്‍ദേവന്‍ ഹില്‍സ് വില്ലേജില്‍ നിന്നുള്ള ഭൂരഹിതരായിരുന്നു. വിതരണത്തിനൊരുങ്ങിയപ്പോഴാണ് ഭൂമിയില്ലെന്ന സത്യം തെളിഞ്ഞത്. അതിനാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ '77ല്‍ ഏറ്റെടുത്ത 88 ഏക്കര്‍ ഒമ്പതിനായിരത്തിലേറെ ഭൂരഹിതരില്‍ നിന്ന് നറുക്കിട്ടെടുത്ത 1044 പേര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭൂമി വിതരണത്തിനെതിരെ മൂന്നാറിലെ സ്വകാര്യ വ്യക്തി വഴി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഗവ. പ്ലീഡര്‍ സര്‍ക്കാറിന് വേണ്ടി ശക്തമായി വാദിച്ചതിനാല്‍ ഭൂവിതരണം സ്റ്റേ ചെയ്യാനുള്ള ടാറ്റയുടെ തന്ത്രം ഫലിച്ചില്ല. ഇതിന് പിന്നാലെയാണ് മുന്‍ ദൌത്യസംഘം മേധാവിയെ ഉപയോഗിച്ച് പരിപാടി അട്ടിമറിക്കാന്‍ നീക്കം ആരംഭിച്ചത്. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാതെ വിവാദങ്ങളില്‍ മൂന്നാര്‍ ദൌത്യം അവസാനിപ്പിച്ച മുന്‍ ദൌത്യസംഘം മേധാവിയും വി.എസ് നീക്കം ചെയ്ത മുന്‍ ഗവ. പ്ലീഡറും ഭൂവിതരണം അട്ടിമറിക്കുന്നതിന് വേണ്ടി നുണപ്രചാരണവുമായി രംഗത്തുവരികയായിരുന്നു. മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുന്ന ഭൂമി വനഭൂമിയാണെന്ന് എല്ലാ പത്രം ഓഫീസുകളിലും തെറ്റായ വാര്‍ത്ത നല്‍കിയത് ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത് തുടങ്ങിയാല്‍ ഇപ്പോള്‍ കൈയേറി വെച്ചിരിക്കുന്ന ഭൂമിയെല്ലാം നഷ്ടമാകുമെന്ന തിരിച്ചറിവാണ് 88 ഏക്കര്‍ ഭൂവിതരണത്തിനെതിരെ പോലും എതിര്‍പ്പുയര്‍ത്താന്‍ ടാറ്റയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് മൂന്നുമാസം മുമ്പ് ടാറ്റ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ രംഗത്തുവന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഭൂവിതരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭൂരഹിതര്‍ കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലും കച്ചേരി സെറ്റില്‍മെന്റും ഭൂമി കൈയേറാന്‍ ശ്രമം ആരംഭിച്ചു.
No comments:
Post a Comment