18-june -2009
കൊച്ചി: സ്‌മാര്‍ട് സിറ്റിക്കു വിട്ടുകൊടുക്കുന്ന സ്വതന്ത്രാവകാശ (ഫ്രീഹോള്‍ഡ്) ഭൂമിയില്‍ വില്‍പനാവകാശം നല്‍കില്ല. ആകെയുളള 246 ഏക്കറില്‍ 12 ശതമാനം ഭൂമിയാണ് സ്‌മാര്‍ട് സിറ്റി കമ്പനിക്ക് സ്വതന്ത്ര വിനിയോഗ അവകാശമായി നല്‍കേണ്ടത്. പൂര്‍ണാവകാശം നല്‍കുമ്പോള്‍തന്നെ ഭാവിയില്‍ കൈമാറ്റം ചെയ്യപ്പെടരുതെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഇതോടെ സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ചു സര്‍ക്കാരും ടീകോമും തമ്മിലുള്ള തര്‍ക്കത്തിനു വിരാമമായേക്കും.
30 ഏക്കര്‍ സ്വതന്ത്രാവകാശ ഭൂമി എപ്പോള്‍, എങ്ങനെ വിട്ടുകൊടുക്കും എന്നതു സംബന്ധിച്ചു കരാര്‍ രൂപരേഖയില്‍ (ഫ്രെയിം വര്‍ക്ക് എഗ്രിമെന്റ്) വ്യക്‌തമായി പറയുന്നില്ല. 26 ശതമാനം ഓഹരി മാത്രമുളള സര്‍ക്കാരിന്റെ എതിര്‍പ്പു മറികടന്ന് ടീകോമിനു ഭൂമി വില്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. ഇക്കാര്യം അടുത്തയാഴ്‌ച ടീകോം അധികൃതരുമായി നടത്തുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉന്നയിക്കും.
സ്വതന്ത്രാവകാശ ഭൂമി വിട്ടുകൊടുക്കുന്ന കാര്യത്തില്‍ രേഖാമൂലമുളള ഉറപ്പു നല്‍കണമെന്ന ടീകോമിന്റെ ആവശ്യമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായാല്‍ ഭൂമി വിട്ടുകൊടുക്കണമെന്നല്ലാതെ മറ്റൊന്നും കരാറില്‍ വിശദമല്ല. ഇതുമൂലമാണ് കൂടുതല്‍ ചര്‍ച്ച വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ടീകോം ചൂണ്ടിക്കാട്ടുന്ന പ്ലോട്ടുകള്‍ സ്വതന്ത്രാവകാശമായി നല്‍കണമെന്നാണു കരാര്‍. ഈ ഭൂമി സെസിന് അകത്തു വേണോ, പുറത്തു വേണോ എന്ന കാര്യത്തിലാണ് പരിഹാരമുണ്ടാക്കേണ്ടത്.
കരടുകരാര്‍ 2007 മേയില്‍ ഒപ്പുവച്ചശേഷം സെസ് നിയമങ്ങളില്‍വന്ന മാറ്റങ്ങള്‍ക്കനുസരിച്ചു ഭേദഗതി വരുത്തണം. പുതിയ കേന്ദ്ര സെസ് നിയമപ്രകാരം സെസിനുളളില്‍ ഉടമസ്‌ഥാവകാശം അനുവദിക്കില്ല. അതുകൊണ്ടാണ് സെസ് വിജ്‌ഞാപനത്തിനു മുമ്പ് സ്വതന്ത്രാവകാശ ഭൂമി വിട്ടുകിട്ടണമെന്ന് ടീകോം ആവശ്യപ്പെടുന്നത്. സ്‌മാര്‍ട് സിറ്റി പ്രദേശം 133, 100, 13 ഏക്കര്‍ വീതമുളള മൂന്നു പ്ലോട്ടുകളാണ്. പുതിയ നിയമപ്രകാരം 25 ഏക്കറില്‍ താഴെയുളള ഭൂഭാഗത്തിന് സെസ് ലഭിക്കാത്തതിനാല്‍ 13 ഏക്കറിന്റെ കാര്യത്തില്‍ പ്രതിവിധി ആലോചിക്കേണ്ടതുണ്ട്. ഫ്രെയിം വര്‍ക്ക് എഗ്രിമെന്റനുസരിച്ച് 246 ഏക്കറും സെസാണ്. അതില്‍പ്പെടുന്ന 13 ഏക്കര്‍ സെസില്‍നിന്നൊഴിവാക്കണമെങ്കില്‍ ടീകോമുമായി പുതിയ ധാരണ വേണം.
ആദ്യം ഒമ്പതു ശതമാനം ഭൂമി സ്വതന്ത്രാവകാശമായി നല്‍കാനായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് 12 ശതമാനമാക്കിയത്. കമ്പനി നിയമപ്രകാരം ഒമ്പതു ശതമാനത്തിനുമേല്‍ കമ്പനിയുടെ വസ്‌തുവക വില്‍ക്കണമെങ്കില്‍ ഓഹരിയുടമകള്‍ക്ക് എതിര്‍ നോട്ടീസ് നല്‍കാം.
കരാര്‍ പാലിക്കുന്നതില്‍ ടീകോം വീഴ്‌ചവരുത്തിയാല്‍ ഈ നിയമം ഉപയോഗിക്കാനാവും. മൊത്തം സ്വതന്ത്രാവകാശ ഭൂമിയും സെസില്‍നിന്ന് ഒഴിവാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്‌ച ചെയ്‌തേക്കും. ക്രയവിക്രയാധികാരം നിയന്ത്രിച്ചു കൊണ്ടായിരിക്കും അത് അംഗീകരിക്കുക.
ജെബി പോള്‍
No comments:
Post a Comment