എം. ജയചന്ദ്രന്‍
1996 മേയില്‍ നടന്ന നിയമസ ഭാതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി ഇതു പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ, കേരളത്തിലെ പിബി അംഗങ്ങളില്‍ വി.എസ് മാത്രമാണ് ആ തെര ഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പറ്റി ഒരു ചര്‍ച്ച പോലും എവിടെയുമുണ്ടാ യില്ല. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 2107 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ പി. ജെ ഫ്രാന്‍സിസിനോടു മാരാരിക്കുളത്ത് അച്യുതാനന്ദന്‍ പരാജയപ്പെട്ടു. പാരപണിത് അന്നു തന്നെ തോല്‍പ്പിച്ചതു പാര്‍ട്ടിയിലെ സിഐടിയു ലോബിയാണെന്നാണ് ഇന്നും വി.എസിന്‍റെ വിശ്വാസം.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു പാര്‍ട്ടിതല ആലോചനകള്‍ തുടങ്ങും മുന്‍പു തന്നെ വി.എസിന്‍റെ തിങ്ക് ടാങ്കുകള്‍ രഹസ്യ കൂടിയാലോചനകള്‍ക്കു തുടക്കമിട്ടു. ഇപ്പോള്‍ പാര്‍ട്ടി മുഖപത്രത്തിന്‍റെ കൊച്ചി യൂനിറ്റിലെ പ്രധാനിയായ ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ഇതിന്‍റെ ബ്ലൂ പ്രിന്‍റ് തയാറായി.
അമ്പലപ്പുഴ സീറ്റില്‍ നിന്നു വിജയിച്ച സുശീല ഗോപാലനാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രിപദ നോമിനി. സിഐടിയു വിഭാഗവും ഇ.എം.എസും അവരെ പിന്തുണയ്ക്കും. ഈ നീക്കം മറികടക്കാന്‍പോന്നൊരാളെ കണ്ടെത്തണമെന്നു വി. എസ്. ഗ്രൂപ്പില്‍ തീരുമാനമായി. ആലോചനകള്‍ക്കവസാനം ആളെ കണ്ടെത്തി. അന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു തീരുമാനിച്ചു മാറിനിന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ നായനാര്‍ക്ക് അങ്ങനെ നറുക്കുവീണു.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം കേരളത്തിലെ പിബി, സിസി അംഗങ്ങളുടെ യോഗം മേയ് രണ്ടാം വാരം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ വി.എസ്, നായനാരുടെ പേരും ഇ. ബാലാനന്ദന്‍ സുശീലാ ഗോപാലന്‍റെ പേരും നിര്‍ദേശിച്ചു. ട്രെയ്ഡ് യൂണിയന്‍ വിഭാഗം മുഴുവനും യോഗത്തില്‍ സുശീലയെ പിന്തുണച്ചു. സുര്‍ജിത്തിന്‍റെയും ജ്യോതിബസുവിന്‍റെയും പിന്തുണ നായനാര്‍ ക്ക്. ഭൂരിപക്ഷ നിര്‍ദേശം സുശീലയ്ക്കനുകൂലമെങ്കിലും വിഎസിനെ പിണക്കേണ്ടെന്ന ധാര ണയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.
ഡല്‍ഹിയില്‍ നിന്നു തിരിച്ചെ ത്തി അടുത്ത ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ആരെന്നു നിശ്ചയിക്കാന്‍ വോട്ടെടുപ്പ് വേണ്ടിവന്നു. 14 അംഗ സെക്രട്ടേറിയറ്റില്‍ ആറുപേര്‍ നായനാര്‍ ക്കും ഏഴുപേര്‍ സുശീലയ്ക്കും വോട്ട് നല്‍കി. സുശീലാ ഗോപാലന്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ടി ശിവദാസമേനോന്‍, ഇ.കെ നായനാര്‍ എന്നിവ രുടെ വോട്ട് നായനാര്‍ക്ക്. ഇഎംഎസ്, ടി.കെ രാമകൃഷ്ണന്‍, പാലോളി മുഹമ്മദുകുട്ടി, എം.എം ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, പി. കരുണാകരന്‍, പി.കെ. ചന്ദ്രാനന്ദന്‍ എന്നിവര്‍ സുശീലയ്ക്കും. നായനാരുടെ പേരു വിഎസും സുശീലയുടെ പേരു ലോറന്‍സും നിര്‍ദേശിച്ചു.
പിറ്റേന്നു സ്റ്റേറ്റ് കമ്മിറ്റിയോഗം. തന്‍റെ സ്ഥാനാര്‍ഥിത്വം യോഗ ത്തില്‍ നായനാര്‍ സ്വയം പ്രഖ്യാപിച്ചു. എതിരായി സുശീലാ ഗോപാലന്‍ ഉണ്ടെന്നും അദ്ദേഹം ത ന്നെ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള സി. കണ്ണനും, ഒ. ഭരതനും മറ്റും അപ്പോള്‍ പറഞ്ഞു :സഖാ വ് നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരണം. ഒരു വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണിത്.
അപകടം മണത്ത വി.എസ് ഉടന്‍ ചാടിയെണീറ്റു പറഞ്ഞു. നായനാരെ ഞാന്‍ പിന്‍താങ്ങുന്നു. സുശീലയെ പിന്തുണയ്ക്കുന്നതായി ഉടന്‍ എംഎം ലോറന്‍ സും അറിയിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ്. രണ്ട് വോട്ടിനു നായനാര്‍ ജ യിച്ചു. സുശീലയ്ക്കൊപ്പം നില്‍ക്കുന്ന ജി. സുധാകരനും വി. വിശ്വനാഥമേനോനും അന്നത്തെ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തില്ല. അന്നുതന്നെ പുതിയ പാര്‍ട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കാനും മത്സരവും വോട്ടെടുപ്പും വേണ്ടിവന്നു. ചടയന്‍ ഗോവിന്ദനും കെ.എന്‍ രവീന്ദ്രനാഥും സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു. 28 വോട്ടിന് ചടയന്‍ വിജയിച്ച് പാര്‍ട്ടി സെക്രട്ടറിയായി.
1991 ഡിസംബറില്‍ കോഴിക്കോട്ട് ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനൊടുവി ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാന ത്തേക്കു വി.എസും നായനാരും തമ്മില്‍ മത്സരിച്ചിരുന്നു. സിഐടിയു വിഭാഗത്തിന്‍റെ പൂര്‍ണ പിന്തുണയോടെ നായനാര്‍ അന്ന് വിഎസിനെ തോല്‍പ്പിച്ചാണു സെക്രട്ടറിയായത്. അതേ നായനാരെ 96ല്‍ തന്‍റെ നോമിനിയാ ക്കി അവതരിപ്പിച്ചു മുഖ്യമന്ത്രി പദ ത്തിലെത്തിച്ച് സിഐടിയുവിനെ വിറപ്പിക്കാന്‍ വി.എസിനായി. പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു സമര മുഖം തുറന്നതിന്‍റെ നാന്ദിയുമായിരുന്നു അത്. ഇതിനു തൊട്ടുപിന്നാലെ വിഎസിന്‍റെ മാരാരിക്കുളം തോല്‍വിയെപ്പറ്റി പാര്‍ട്ടിതല അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവില്‍ മാരാരിക്കുളം അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ പളനിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. വിഎസിനെ തോല്‍പ്പിക്കാന്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി.
ഇതേകാരണം പറഞ്ഞുതന്നെ ടി.ജെ ആഞ്ചലോസിനെ യും സിപിഎം പുറത്താക്കി. സിപിഎമ്മിലെ സിഐടിയു വിഭാഗം എന്നറിയപ്പെടുന്നവര്‍ക്കെതിരേ പിന്നീടുണ്ടായ വ്യാപകമായ അച്ചടക്ക നടപടികളുടെ തുടക്കവും ഇതായിരുന്നു. പാലക്കാട് സമ്മേളനത്തിലെ സമ്പൂര്‍ണ വെട്ടിനിരത്തലിലാണ് അതൊടുവില്‍ ചെന്നെത്തിയത്.
അതേപ്പറ്റി നാളെ...........
No comments:
Post a Comment