Friday, June 19, 2009
എം ജയചന്ദ്രന്‍
സ്വയം വിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിനു
തടസമാകുമെന്ന് കമ്യൂണിസ്റ്റു കാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയയ്ക്ക് ഇ.എം.എസിന്‍റെ
മാതൃക, ഇ.എം.എസിന്‍റെ സ്മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല''- വി.എസ് അച്യുതാനന്ദന്‍
എഴുതിയ ഇഎംഎസ് സ്മരണ എന്ന ലേഖനത്തിന്‍റെ അവസാന വരിയാണിത്. എന്നാല്‍, വി.എസ് മുന്‍പുതന്നെ
കൈയൊഴിഞ്ഞ ഈ മാതൃക അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഇഎംഎസിനു ശക്തിയായി
ഇടപെടേണ്ടിവന്ന സന്ദര്‍ഭമുണ്ട്.
പാര്‍ട്ടി സെക്രട്ടറിയായ വി.എസ് 1991ലെ കോഴിക്കോടു സമ്മേളനത്തില്‍ സംഘടനാ
റിപ്പോര്‍ട്ട് അവതരിപ്പിച്ചതാണു സന്ദര്‍ഭം. വിമര്‍ശനങ്ങളല്ലാതെ സ്വയം വിമര്‍ശനപരമായി
യാതൊന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ സംസ്ഥാന
സമ്മേളനത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ടു വച്ചതിനെ ഇ.എം.എസ് രൂക്ഷമായ ഭാഷയില്‍
ആക്രമിച്ചു. ഇതേത്തുടര്‍ന്ന്, സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനത്തു സെക്രട്ടേറിയറ്റും
സെക്രട്ടേറിയറ്റിനു പകരം സെക്രട്ടറിയും പ്രവര്‍ത്തിക്കു ന്ന നിലയുണ്ട് എന്ന വാചകം
സംഘടനാ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കേണ്ടിവന്നു. പാര്‍ട്ടിയുടെ ജനാധിപത്യ
കേന്ദ്രീകരണ തത്വം എത്രത്തോളം വി.എസിന്‍റെ ഏകാധിപത്യ ശൈലിയായി എന്നതിന്‍റെ നിശിത
വിമര്‍ശനവുംകൂടിയായി കൂട്ടിച്ചേര്‍ത്ത ആ ഒരൊറ്റ വാചകം.
സമ്മേളനത്തിനൊടുവില്‍ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന മത്സരത്തില്‍
വി.എസിനെ നാലു വോട്ടിനു തോല്‍പ്പിച്ച് നായനാര്‍ സെക്രട്ടറിയായി. ഇത് സിഐടിയു
ലോബിക്കുവേണ്ടി നടപ്പാക്കിയ ഇ.എം.എസ് ലൈനിന്‍റെ ആസൂത്രണമികവാണെന്ന ധാരണയും അച്യുതാനന്ദനില്‍
ഉറച്ചു. 1994ലെ കൊല്ലം സമ്മേളനത്തില്‍ സിഐടിയു വിഭാഗ ത്തെ ഒതുക്കാന്‍ 17 പേരെ വിഎസ്
മത്സരത്തിനിറക്കിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല. ഈ നീക്കത്തിലുണ്ടായ പിഴവുകള്‍
പഴുതില്ലാതെ അടച്ചു നടപ്പാക്കിയ കുറ്റമറ്റ പദ്ധതിയാണു പാലക്കാട് സമ്മേളനത്തില്‍ അര
ങ്ങേറിയത്.
2008 ഫെബ്രുവരിയില്‍
കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വിഭാഗീയ
പ്രശ്നങ്ങള്‍ എന്ന തലക്കെട്ടില്‍ ഇതേപ്പറ്റി പറയുന്നതിങ്ങനെ:
1998 ജനുവരിയില്‍
പാലക്കാട്ടു നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച്
അവതരിപ്പിച്ച പാനലിലുള്ള ചില സഖാക്കളെ പരാജയപ്പെടുത്തുന്നതിനായി ഒന്‍പതു സഖാക്കള്‍
മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ പാനലിലുള്ള ഏഴുപേര്‍ പരാജയപ്പെട്ടു. സംസ്ഥാന
നേതൃത്വത്തിലെ ഒരുവിഭാഗം ഇതിന് അനുമതി നല്‍കിയിരുന്നുവെന്നും പാനലിലെ ചില
നേതാക്കളെ ആസൂത്രിതമായി ഒഴിവാക്കിയതു കേരളത്തില്‍ നിലനില്‍ക്കുകയും പടരുകയും
ചെയ്യുന്ന ഗ്രൂപ്പിസത്തെയാണു കാണിക്കുന്നതെന്നും കേന്ദ്രകമ്മിറ്റി
വ്യക്തമാക്കുകയുണ്ടായി.’''
ക്ലാസിക്കല്‍ ഓപ്പറേഷനാണു പാലക്കാട് നടന്നത്. 1996ലെ നിയമസഭാ
തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ ഭാരവാഹികള്‍ക്ക് എല്‍ഡിഎഫ് സീറ്റു
നല്‍കിയിരുന്നു. തെര ഞ്ഞെടുപ്പിനുശേഷം ഇതു ചര്‍ച്ചചെയ്ത പാര്‍ട്ടി, അന്നു
സെക്രട്ടറിയായിരുന്ന ഇ.കെ. നായനാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പാലോളി
മുഹമ്മദ് കുട്ടി, പി. കരുണാകരന്‍, മലപ്പുറം ജില്ലാ സെക്രട്ടറി എ. സെയ്താലിക്കുട്ടി, കാസര്‍ഗോഡ് ജില്ലാ
സെക്രട്ടറി കെ. കുഞ്ഞിരാമന്‍ എന്നിവരെ താക്കീതു ചെയ്യുകയുമുണ്ടായി. പാലക്കാട്
സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ
ഡെലിഗേറ്റുകള്‍ ഈ വിഷയം കേന്ദ്രീകരിച്ചാണു ചര്‍ച്ച മുറുക്കിയത്. 1996ല്‍ നായനാരെ
മുഖ്യമന്ത്രിയാക്കി സിഐടിയു ലോബിയില്‍നിന്ന് അടര്‍ത്തി ആ വിഭാഗത്തെ ദുര്‍ബലമാക്കിയെങ്കിലും
പൂര്‍ണമായി അവര്‍ ഒതുക്കപ്പെട്ടിരുന്നില്ല. ആ ഒതുക്കല്‍ ദൗത്യമാണു പാലക്കാട്ടെ ചര്‍ച്ചകളില്‍
വി.എസ്പക്ഷം നിര്‍വഹിച്ചത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന
കമ്മിറ്റിയുടെ അംഗ സംഖ്യ 89ല്‍നിന്ന് 80 ആയി കുറയ്ക്കാന്‍ നിശ്ചയിച്ചു. സമ്മേളന കാലയളവില്‍ 89ല്‍ മൂന്നുപേര്‍
മരിച്ചു. ബാക്കി ആറുപേരെ ഒഴിവാക്കണം. പുതിയതായി അഞ്ചുപേരെ സംസ്ഥാന കമ്മിറ്റിയില്‍
ഉള്‍പ്പെടുത്താനും സെക്രട്ടേറിയറ്റ് നിശ്ചയിച്ചു. അതായത് ആറുപേരെ ഒഴിവാക്കുകയും
അഞ്ചുപേരെ പുതുതായി കൊണ്ടുവരുകയും ചെയ്യണമെങ്കില്‍ 11പേരെ ഒഴിവാക്കണം എന്ന നിലയായി. പി.കെ
ശ്രീമതി, എ.കെ. ബാലന്‍, എം.വി. ജയരാജന്‍, കെ.എന്‍. ബാലഗോപാല്‍, കെ. ചന്ദ്രന്‍പിള്ള എന്നിവരാണു പുതുതായി
എടുക്കാന്‍ തീരുമാനിച്ച അഞ്ചുപേര്‍. ഒഴിവാക്കാന്‍ തീരുമാനിച്ച 11 പേര്‍ എ.പി. കുര്യന്‍, ഒ. ഭരത ന്‍, വി. വിശ്വനാഥമേനോന്‍, രാമണ്ണറേ, ടി. ദേവി, പാച്ചേനി കുഞ്ഞിരാമന്‍, പി.പി .കൃഷ്ണന്‍, കെ.കെ. കുമാരന്‍, സി.പി. കരുണാകരന്‍പിള്ള, കെ.എം. എബ്രഹാം
എന്നിവരും.
സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ച
ഉടനെ ഒ. ഭരതന്‍ ചാടിയെണീറ്റു ജ്വലിച്ചു.
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളൊന്നും ഞാന്‍ നിരാകരിക്കുകയോ നിര്‍വഹിക്കാതിരിക്കുകയോ
ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ അന്തസുയര്‍ത്തിപ്പിടിച്ച പ്രധാനപ്പെട്ട ചില സമരങ്ങള്‍ക്കു
നേതൃത്വം നല്‍കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ സംസ്ഥാന
കമ്മിറ്റിയില്‍നിന്ന് എന്തുകൊണ്ടാണ് ഒഴിവാ ക്കുന്നത്? ഇതിന്‍റെ കാരണം
എന്താണെന്നു വ്യക്തമാക്കണം.'' ഭരതന്‍റെ ആവശ്യത്തിനു പക്ഷേ ഒരു മറുപടിയും ഉണ്ടായില്ല.
മുന്‍ നിശ്ചയപ്രകാരം 80 പേരുടെ ഔദ്യോഗിക പാനല്‍ ചടയ ന്‍
പ്രതിനിധികളുടെ അംഗീകാരത്തിന് അവതരിപ്പിച്ചു. എന്നാല്‍, പാനല്‍
അംഗീകരിക്കുന്നതിനു പകരം ഒന്‍പതുപേരെ കൂടി പുതുതായി പ്രതിനിധികള്‍ നിര്‍ദേശിച്ചു.
പി. ജയരാജന്‍, സി.എം. ദിനേശ്മണി, പിരപ്പന്‍കോട് മുരളി, പി. ശശിധരന്‍, ജെ. മെഴ്സിക്കുട്ടി
അമ്മ, പി. കുഞ്ഞിക്കണ്ണന്‍, സി.കെ. സദാശിവന്‍, സി.പി. ഔസേഫ്
എന്നിവരാണവര്‍. വോട്ടെടുപ്പ് അനിവാര്യമായി. എം.എം. ലോറന്‍സ്, കെ.എന്‍.
രവീന്ദ്രനാഥ്, വി.ബി. ചെറിയാന്‍, ഐ.വി. ദാസ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ. മൂസക്കുട്ടി, കെ.കെ. ചെല്ലപ്പന്‍
എന്നീ പ്രധാന സിഐടിയുപക്ഷക്കാരെ ല്ലാം തോറ്റു. വി.എസ് പക്ഷത്തുനിന്ന് സി.വി. ഔസേഫ്
മാത്രമാണു പരാജയപ്പെട്ടത്.
അതിശക്തമായ പ്രഹരമാണു സിഐടിയു വിഭാഗത്തിന് ഏറ്റത്. സിപിഎം പോളിറ്റ്
ബ്യൂറോ അം ഗവും സിഐടിയു ദേശീയ അധ്യക്ഷനുമായ ഇ. ബാലാനന്ദന്‍ സമ്മേളനത്തിന്‍റെ
തൊട്ടുപിറ്റേന്ന് ജനുവരി അഞ്ചിനു മാധ്യമങ്ങളോടു പരസ്യമായി പൊട്ടിത്തെറിച്ചു.
സംസ്ഥാന
സമ്മേളനത്തില്‍ നടന്നത് അനീതിയാണ്. ബന്ധപ്പെട്ട വേദികളിലെല്ലാം ഇക്കാര്യം
ഉന്നയിച്ചു പരിഹാരം തേടും.'' അദ്ദേഹം പറഞ്ഞു. ഈ
പ്രതികരണത്തിന്‍റെ പേരില്‍ കേന്ദ്രകമ്മിറ്റി പിന്നീടു ബാലാനന്ദനെ താക്കീതു ചെയ്തു.
ലക്ഷ്യം സാധിച്ച് വി.എസ് മുന്നോട്ട്. പക്ഷേ, ആ പോക്ക്
എങ്ങോട്ടായിരുന്നു?
No comments:
Post a Comment