Posted on: 12 May 2012
ഭീകരസിനിമകള്‍ തോറ്റുപോകുന്ന കൊലപാതക രാഷ്ട്രീയം കേരളത്തെ ഭയപ്പെടുത്തുകയാണ്. ആശയത്തിന്റെ പേരില്‍ മറുചേരിയില്‍ നില്‍ക്കുന്നവരെ ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് മൃഗീയമായി കൊത്തിനുറുക്കുന്ന കാട്ടുനീതിക്ക് കേരളം സാക്ഷ്യം വഹിക്കുന്നു. ഒപ്പം തലക്കും കാലിനും വില പറഞ്ഞുകൊണ്ട് സംസ്ഥാനത്തൊട്ടാകെ ക്വട്ടേഷന്‍സംഘം ശക്തിപ്രാപിക്കുന്നു. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും ക്വട്ടേഷന്‍കാര്‍ വിലക്കെടുക്കുകയാണോ?
പരമ്പര ഇന്നുമുതല്‍
പരമ്പര ഇന്നുമുതല്‍
മുപ്പത്തഞ്ചിലധികം വര്‍ഷങ്ങള്‍, മുന്നൂറോളം രക്തസാക്ഷികളും ബലിദാനികളും. നിരന്തരമായതുടര്‍കൊലപാതകങ്ങള്‍. പകയുടെ ചോരപുരണ്ട കണ്ണൂര്‍ രാഷ്ട്രീയം പേടിപ്പെടുത്തുന്ന ക്വട്ടേഷന്‍ കൊലപാതക രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നത് പേടിയോടെ നോക്കിക്കാണുകയാണ് സമാധാനസ്‌നേഹികള്‍. ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്കുപിന്നില്‍ ക്വട്ടേഷന്‍സംഘമാണെന്നും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നുമുള്ള വിവരം പുതിയ വഴിത്തിരിവായിരിക്കുകയാണ്.
ജീവന്‍ കൊടുത്തും ജീവനെടുത്തും നടക്കുന്ന കണ്ണൂരിലെ ഈ അങ്കക്കലിരാഷ്ട്രീയത്തിനുകാരണം സാധാരണക്കാരായ പാവങ്ങളുടെ അന്ധമായ പാര്‍ട്ടിസ്‌നേഹമാണെന്ന് പലരും പറയാറുണ്ട് ഒരുകണക്കിന് ഇത് ശരിയുമാണ്. സ്വന്തം ബന്ധുക്കളേക്കാള്‍ പാര്‍ട്ടിയെ സ്‌നേഹിച്ചവരായിരുന്നു അവര്‍. കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ആര്‍.എസ്.എസ്സുകാരനായ മകന്‍ കൊല്ലപ്പെടുമ്പോള്‍ അയാള്‍ പലപ്പോഴും ദുഃഖം കടിച്ചമര്‍ത്തി പാര്‍ട്ടി വിടാതെ പിടിച്ചുനിന്നു. വഴിതെറ്റിയ പോക്കില്‍ അവന്‍ ശിക്ഷയര്‍ഹിക്കുന്നു എന്ന് പാര്‍ട്ടി അയാളെ പഠിപ്പിച്ചിരുന്നു. അതാണ് കണ്ണൂര്‍ രാഷ്ട്രീയം.
തലശ്ശേരിയിലെ പ്രമുഖ നേതാവിന്റെ മരുമക്കളെ എതിര്‍ പാളയത്തില്‍ പോയതിന്റെ പേരില്‍ വെട്ടിക്കൊന്നപ്പോള്‍ ആ നേതാവിനും ഇതേ മനസ്സായിരുന്നു. സഹോദരന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ സഹോദരനെ കൊല്ലുന്ന 'വന്യമായ ആത്മാര്‍ത്ഥത' കണ്ണൂര്‍ രാഷ്ട്രീയത്തില്‍ മാത്രമേ കാണൂ. ആ പ്രതിബദ്ധതയിലേക്കാണ് കൊച്ചിപോലുള്ള വന്‍നഗരങ്ങളില്‍ രൂപപ്പെടുന്ന ക്വട്ടേഷന്‍ കൊലപാതക രാഷ്ട്രീയം മെല്ലെ കടന്നുവരുന്നത്.
തുടര്‍ കൊലപാതകരാഷ്ട്രീയത്തിന് നാലഞ്ചുവര്‍ഷമായി ഇത്തിരി ശമനം ഉണ്ടായപ്പോള്‍ വാള്‍ വീശലും ബോംബേറും തൊഴിലാക്കിയവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 'കിരീടം' എന്ന സിനിമയിലെ സേതു എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയുടെ രണ്ടാം ഭാഗത്തില്‍ ശരിക്കും ക്വട്ടേഷന്‍ തൊഴിലിലേക്ക് എങ്ങനെയാണോ എത്തപ്പെടുന്നത് അതുപോലെ പാര്‍ട്ടിക്കുവേണ്ടി കൊല നടത്തിയവരും ബോംബുണ്ടാക്കിയവരും മെല്ലെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ചുവട് മാറ്റുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയാതെ വരികയും പകരം അവര്‍ പാര്‍ട്ടിയെ വാള്‍കാട്ടി നിയന്ത്രിക്കുകയും ചെയ്യുന്ന പുത്തന്‍ രാഷ്ട്രീയക്കാഴ്ചയാണ് കണ്ണൂരില്‍.
ബി.ജെ.പിക്കും സി.പി.എമ്മിനും എന്‍.ഡി.എഫിനും മറ്റും വേണ്ടി ബോംബും വാളും എടുത്ത് കൊല നടത്തിയവര്‍ ചിലര്‍ ജയിലിലായി, പലരും ജയിലില്‍നിന്നും പുറത്തെത്തി, ചിലര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. അതേസമയം ചോരയുടെ രുചിയും വാള്‍വീശലിന്റെ പേടിപ്പെടുത്തുന്ന സുഖവും അറിഞ്ഞ അവര്‍ രാഷ്ട്രീയത്തിന്റെ ഭൂതകാലത്തണലില്‍നിന്നും കളം മാറ്റിച്ചവിട്ടിക്കഴിഞ്ഞു. ഇവരെ കുടില രാഷ്ടീയക്കാര്‍ ക്വട്ടേഷന്‍കൊലപാതകത്തിന് നിയോഗിച്ചുകഴിഞ്ഞു. കാലിനിത്ര, തലക്കിത്ര എന്ന രീതിയിലുള്ള ക്വട്ടേഷന്‍ വിലവിവരപ്പട്ടിക പുറത്തുവന്നില്ലെന്നുമാത്രം. ചന്ദ്രശേഖരന്‍വധം നടപ്പാക്കാന്‍ 35ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ എന്ന് പറയപ്പെടുന്നുണ്ട്. മുമ്പ് കണ്ണൂരില്‍ വാളിനും വാളെടുക്കുന്നവനും രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ന് രണ്ടിനും രാഷ്ട്രീയമില്ല; പണം മാത്രം. അതാണ് മാറ്റം. ഒരേ കൈയും കത്തിയും ഒരേസമയം രാഷ്ട്രീയത്തിനും കോഴിക്കടത്തിനും ബ്ലേഡ്കമ്പനിക്കാര്‍ക്കും മണല്‍മാഫിയക്കാര്‍ക്കും മദ്യക്കടത്തുകാര്‍ക്കും ഒരേപോലെ കാവല്‍നില്‍ക്കുന്ന 'സോഷ്യലിസ്റ്റ്' ഹിംസ.
ഒഞ്ചിയത്ത് റവലൂഷറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അരുംകൊല ചെയ്യപ്പെട്ടപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി മറയില്ലാതെ പറഞ്ഞു. അതു ക്വട്ടേഷന്‍ സംഘമാണ് നടത്തിയതെന്ന്; അല്ലെങ്കില്‍ തീവ്രവാദികള്‍. ക്വട്ടേഷന്‍സംഘമാണ് നടത്തിയതെന്ന് ഇത്രവേഗം പറയാന്‍മാത്രം കണ്ണൂരിലെ ക്വട്ടേഷന്‍സംഘത്തിന്റെ ശക്തിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്കുപോലും ബോധ്യമുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ ഇങ്ങനെ വധിക്കാന്‍മാത്രം ക്വട്ടേഷന്‍സംഘത്തിന്റെ രാഷ്ട്രീയ താത്പര്യം എന്താണ് എന്ന ചോദ്യം ബാക്കിയാകുന്നു.
കണ്ണൂര്‍ ഡിവൈ.എസ്.പി. പി.സുകുമാരന്‍ പറയുന്നു- പഴയകാല രാഷ്ട്രീയ ക്രിമിനലുകള്‍ തൊഴിലില്ലാതെ ക്വട്ടേഷന്‍സംഘങ്ങളായി പ്രവര്‍ത്തിക്കുന്നതുമാത്രമല്ല ഇത്തരക്കാരെ തീവ്രവാദത്തിനുവേണ്ടിയും വേണമെങ്കില്‍ പെട്ടെന്ന് ഒരു വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ പോലും ഉപയോഗപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിച്ചേക്കും. അത് വലിയ അപകടമാണ്. കൊലചെയ്തു ശീലമുള്ളവര്‍ക്ക് ഏതുതരത്തിലുള്ള കൊലനടത്താനും തടസ്സമുണ്ടാവില്ല; ആര്‍.എസ്.എസ്സും എന്‍.ഡി.എഫും പോലുള്ള മത സംഘടനകള്‍ സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. നിയന്ത്രണംവിട്ട രാഷ്ട്രീയകക്ഷികള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍- അദ്ദേഹം പറയുന്നു.
കൊടി സുനി, കാട്ടിസുരേഷ്, കാക്കഷാജി തുടങ്ങിയ പേരുകളിലെ രാഷ്ട്രീയം കണ്ണൂരും കോഴീക്കോടും കേന്ദ്രീകരിച്ചുള്ള 'ക്വട്ടേഷന്‍ രാഷ്ട്രീയ'മാണെന്ന് തിരിച്ചറിയുന്നത് പേടിയോടെയാണ്. ആര്‍ക്കുവേണ്ടിയും ആരെയും മുഖംനോക്കാതെയും മുഖം ഇല്ലാതാക്കിയും കൊല്ലാന്‍ കൈയറപ്പില്ലാത്ത പുതിയ കൈകളെ രാഷ്ട്രീയം ഉപയോഗപ്പെടുത്തുകയാണോ? ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ 15 പേര്‍ പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെഅതിര്‍ത്തിയിലുള്ള വളയംഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട എല്‍.ടി.ടി.ഇ. എന്ന ക്രിമിനല്‍ ഗ്രൂപ്പില്‍ പെട്ടവരാണ് ഇവര്‍ എന്ന് പോലീസ്പറയുന്നു. ചന്ദ്രശേഖരന്‍വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവാണ് കൊടി സുനിയും റഫീഖുമെന്ന് പോലീസ് പറയുന്നു.
കൊടിസുനിയെപ്പോലുള്ള വ്യക്തിക്ക് ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്നതും സത്യം.
തലശ്ശേരി കേന്ദ്രീകരിച്ചുള്ള കണ്ണൂര്‍ രാഷ്ട്രീയ കൊലപാതക പരമ്പര ശരിക്കും ശക്തമാകുന്നത് 1980തോടുകൂടിയാണ്. ആ വര്‍ഷം സി.പി.എം.,ആര്‍.എസ്.എസ്.വിഭാഗങ്ങളില്‍ നിന്നായി 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒറ്റദിവസം മാത്രം ആറുപേര്‍ സ്‌കോര്‍ബോര്‍ഡ് കണക്കില്‍ കൊല്ലപ്പെട്ടു. ഓടുന്ന ബസ്സിലും തെരുവിലും ഹോട്ടലിലും വീട്ടിനകത്തും നിരപരാധികള്‍ പാര്‍ട്ടി അനുഭാവത്തിന്റെ പേരില്‍മാത്രം അന്ന് കൊലക്കത്തിക്കിരയായി. അതിലൊക്കെ പ്രതികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. അവര്‍ തന്നെ ബോംബുണ്ടാക്കി അവര്‍തന്നെ എറിഞ്ഞു. അതേ സമയം 1990 കളിലാണ് നേതാക്കളെ ഉന്നംവെക്കുകയും ഇതിനായി പ്രത്യേകം ടീമിനെ നിയോഗിക്കുകയും ചെയ്യുന്ന രീതി ഉടലെടുക്കുന്നത്. സി.പി.എം. നേതാവ് പി.ജയരാജന്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. നേതാക്കളായ കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററും പന്ന്യന്നൂര്‍ ചന്ദ്രനും എസ്.എഫ്.ഐ. നേതാവ് കെ.വി.സുധീഷുമൊക്കെ ക്രൂരമായി കൊലചെയ്യപ്പെട്ടു. പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയകൊലപാതകികള്‍ ബോബെറിഞ്ഞു ഭീതിവിതച്ചശേഷം ഇരകളെ കൊല്ലുകയായിരുന്നു. ഈ മുഖംമൂടിക്ക് പിറകില്‍ ആരായിരുന്നു എന്നത് ആര്‍ക്കും അറിയുമായിരുന്നില്ല. മുഖംമൂടിക്കുള്ളിലുള്ളവര്‍ ഇരുട്ടിലേക്ക് മറഞ്ഞപ്പോള്‍ പുതിയ പ്രതികള്‍വെളിച്ചത്തെത്തി. അവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നോ എന്നത് ഇന്നും സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
പാര്‍ട്ടിയുടെ സ്ഥിരം കൊലയാളികളെജയിലിലയക്കാതിരിക്കാന്‍ അതത് സംഘടനകള്‍ ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കി. വേണമെങ്കില്‍ ഇത്തരക്കാരെ കേരളത്തില്‍ എവിടെയും 'ഓപ്പറേഷനായി' അയക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തലശ്ശേരിക്കുസമീപം വേറ്റുമ്മല്‍ നടന്ന കൊലപാതകം, തലശ്ശേരിയിലെത്തന്നെ ബി.ജെ.പി.നേതാവായ അഭിഭാഷകന്റെ വധം, പാനൂരിലെ സി.പി.എം. അനുഭാവിയായ അധ്യാപകന്റെ വധം ഇങ്ങനെ നിരവധി കൊലക്കുപിന്നില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള മറ്റ് ഉദ്ദേശ്യങ്ങളായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
അതുപോലെ തൂവക്കുന്നിലെ സുബൈര്‍ വധത്തിലും വിളക്കോട്ടൂരിലെ നിസാര്‍ വധത്തിലും പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ബന്ധമുള്ള ക്വട്ടേഷന്‍സംഘമായിരുന്നു എന്നതും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
(തുടരും)
No comments:
Post a Comment