Showing posts with label സി.ആര്‍. നീലകണ്ഠന്‍. Show all posts
Showing posts with label സി.ആര്‍. നീലകണ്ഠന്‍. Show all posts

Wednesday, July 29, 2009

പ്രകാശ്‌ കാരാട്ട്‌ ഇനി എന്ത്‌ രേഖകളാണ്‌ താങ്കള്‍ക്ക്‌ വേണ്ടത്‌?

സി ആര്‍ നീലകണ്‌ഠന്‍

സ. വി എസ്‌ അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്‌ത്തിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയുടെ പത്രക്കുറിപ്പ്‌ ചെറുതെങ്കിലും അര്‍ത്ഥഗര്‍ഭമാണ്‌. അച്ചടക്കനടപടിയെപ്പറ്റി പറയുന്ന ഒന്നാം ഖണ്‌ഡികയില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ രണ്ടാം ഖണ്‌ഡിക അങ്ങനെയല്ല. രണ്ടുദിവസം നീണ്ടുനിന്ന പി ബി /സി സി യോഗങ്ങള്‍ക്കുശേഷം പുറത്തിറക്കിയ ആ കുറിപ്പില്‍ എസ്‌ എന്‍ സി ലാവലിന്‍ കേസിനെപ്പറ്റിയുള്ളതാണ്‌ ആ ഖണ്‌ഡിക. ഇതില്‍ നിന്നും വ്യക്തമാകുന്ന സംഗതി ഇത്ര സമയവും യോഗത്തിന്റെ ചര്‍ച്ചാവിഷയം ലാവലിനായിരുന്നു എന്നതാണ്‌. ഇതിലെന്താണിത്ര അത്ഭുതം? കേന്ദ്രസമിതികള്‍ എല്ലാവിധ അന്വേഷണങ്ങളും വിശദമായ ചര്‍ച്ചകളും നടത്തി മുമ്പുതന്നെ ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാടിലെത്തിയിരുന്നുവെന്നും ആ നിലപാടിനെതിരായി സംസാരിച്ചതാണ്‌ വി എസിനെതിരായ അച്ചടക്കനടപടിക്കുകാരണമെന്നുമാണ്‌ ഇക്കാലമത്രയും പ്രചരിപ്പിക്കപ്പെട്ടിരുന്നത്‌. മുമ്പു വ്യക്തമായ തീരുമാനമെടുത്ത ഒരു വിഷയം ഈ മുതിര്‍ന്ന നേതാക്കള്‍ സമയം കളഞ്ഞ്‌ വീണ്ടും ചര്‍ച്ചചെയ്‌തുവെന്നതാണത്ഭുതം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന്‌ സി പി എം ജനറല്‍സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നടത്തിയ പ്രസ്‌താവന കേട്ട്‌ വിശ്വസിച്ചവരാണ്‌ ഇപ്പോള്‍ അത്ഭുതപ്പെടുന്നത്‌. അതു ശരിയെങ്കില്‍ ഇപ്പോള്‍ വീണ്ടുമൊരു വിശദമായ ചര്‍ച്ച നടക്കാനുള്ള സാഹചര്യമെന്ത്‌?
പാര്‍ട്ടിയേയും മുന്നണിയേയും സര്‍ക്കാരിനെയും വഞ്ചിച്ചു കൊണ്ട്‌ അഴിമതിയില്‍ മുങ്ങിയ ഒരു സാമ്രാജ്യത്വദാസ്യകരാര്‍ പിണറായി വിജയന്‍ ഒപ്പിട്ടുനടപ്പിലാക്കിയതാണ്‌ ലാവലിന്‍ ഇടപാട്‌. ഈ അഴിമതിക്ക്‌ തന്ത്രപരമായ നിലപാടുകളിലൂടെ കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും അംഗീകാരം നേടിയെടുത്ത പ്രകാശ്‌ കാരാട്ട്‌ എല്ലാ അര്‍ഥത്തിലും പിണറായിയുടെ നേതാവാകാന്‍ യോഗ്യനാണെന്നു തെളിയിച്ചിരിക്കുകയാണ്‌. എന്താണ്‌ മുമ്പ്‌ ഈ കമ്മിറ്റികളില്‍ സംഭവിച്ചത്‌?
ഇത്രനാളും ലാവലിന്‍ ഒരു `സംസ്ഥാനവിഷയ'മായിരുന്നു. സംസ്ഥാന സെക്രട്ടറിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ കേന്ദ്രകമ്മിറ്റിഅംഗങ്ങളായിരുന്നു സംസ്ഥാനത്തു നിന്നെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും. മലപ്പുറം സമ്മേളനത്തില്‍ത്തന്നെ മിന്നല്‍ പിണറായി വിജയന്‍ സംഘടനയെ കൈപ്പിടിയിലൊതുക്കിയല്ലോ. തിരുവായ്‌ക്ക്‌ എതിര്‍വായ തുറക്കാത്തവര്‍ കോറസായിനിന്ന്‌ ലാവിലിനില്‍ അഴിമതിയില്ല ഇത്‌ കള്ളക്കേസാണ്‌, കോണ്‍ഗ്രസ്‌ ഇടപെട്ട്‌ സി ബി ഐ എടുത്തകേസാണ്‌, ലാവലിന്‍ ഇടപാടിലൂടെ സംസ്ഥാനത്തിന്‌ വന്‍നേട്ടമുണ്ടായി എന്നൊക്കെ മുദ്രാവാക്യം വിളിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ അതങ്ങു സമ്മതിച്ചുകൊടുക്കും. കരാര്‍ സംബന്ധിച്ച രേഖകള്‍ അവതരിപ്പിച്ച്‌ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനൊന്നും മിനക്കെടാതെ തീരുമാനം എടുക്കുകയായിരുന്നു പതിവ്‌. ഇതിനെല്ലാം പുറമേ ഈ പ്രശ്‌നം പി ബിയില്‍ ഉന്നയിക്കുന്നത്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനാണ്‌ എന്നതിനാല്‍തന്നെ, ഇത്‌ കേരളത്തിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയുടെ ഭാഗമാണെന്നു സ്ഥാപിക്കുന്നതും എളുപ്പമായി. ചുരുക്കത്തില്‍ വളെര ഗൗരവതരമായ ഒരു രാഷ്‌ട്രീയ നയവ്യതിയാനത്തെ തന്ത്രപരമായി ഒരു സംഘടനാ പ്രശ്‌നമാക്കി അവതരിപ്പിച്ച്‌ പിണറായിയെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു പ്രകാശിന്റെ തന്ത്രം.
എന്നാലിപ്പോള്‍ ചില പുതിയ സാഹചര്യങ്ങളുണ്ടായി. ഹൈക്കോടതി വിധി പ്രകാരം അവരുടെ തന്നെ മേല്‍നോട്ടത്തില്‍ സി ബി ഐ നടത്തിയ ഒരന്വേഷണമാണിതെന്ന സത്യം മറച്ചുപിടിക്കാനാവാത്തവിധം വെളിവായി. കുറ്റപത്രം ഇപ്പോള്‍ കോടതിക്കു മുന്നിലുമാണ്‌. അതില്‍ പിണറായി പ്രതിയാണ്‌. ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേവലതോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വന്‍തിരിച്ചടിയുണ്ടാതായും അതിനുള്ള പ്രധാനകാരണങ്ങളിലൊന്ന്‌ ലാവലിന്‍ ആണെന്നും പ്രഭാത്‌ പട്‌നായിക്‌ അടക്കമുള്ളവര്‍ പരസ്യമായി പറഞ്ഞു. പല ദേശീയ മാധ്യമങ്ങളിലും ഇതു ചര്‍ച്ചയായി. ഇതെല്ലാം കൊണ്ടുതന്നെ ഈ വിഷയത്തില്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും താല്‍പര്യമുണ്ടായത്‌ സ്വാഭാവികം മാത്രം. ഇതിന്റെ പ്രതിഫലനമായിരുന്നു ഇത്തവണത്തെ ചര്‍ച്ചകള്‍, `ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ നല്‍കാന്‍ വേണ്ടി ഒട്ടനവധി പി ബി - സി സി അംഗങ്ങളെ നേരിട്ടു കണ്ടു സംസാരിക്കാന്‍ കഴിഞ്ഞു. ഇതിനുപുറമെ സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, അസി. സെക്രട്ടറി ഡി രാജ, ഫോര്‍വേഡ്‌ബ്ലോക്ക്‌ നേതാവ്‌ ദേവരാജന്‍ മുതലായവരേയും കണ്ടിരുന്നു. ഇവരെല്ലാമായുള്ള കൂടിക്കാഴ്‌ചയില്‍ വ്യക്തമായ ഒരു സംഗതിയുണ്ട്‌. ലാവലിന്‍ ഇടപാട്‌ സംബന്ധിച്ച നിര്‍ണായകമായ പല രേഖകളും വിവരങ്ങളും ഇവരില്‍ പലരും കണ്ടിട്ടില്ല. കാര്യങ്ങള്‍ ഇത്തരത്തിലാണെന്നവര്‍ അറിഞ്ഞിരുന്നില്ല. സംസാരമദ്ധ്യേ ചിലരെങ്കിലും ഇതു കണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. കേരളത്തിനു പുറത്തുനിന്നുള്ള നിരവധി നേതാക്കള്‍ ലാവലിന്‍ വിഷയം വിശദമായി പഠിച്ചശേഷം നടന്ന ആദ്യ സി സിയും പിബിയും ആയിരുന്നു ഇത്‌. ഇത്തരമൊരവസ്ഥ മുന്‍കൂട്ടി കണ്ട്‌ തടയാന്‍ കേരളത്തിലെ പാര്‍ട്ടിയുടെ ലാവലിന്‍ വിദഗ്‌ദ്ധനായ ഒരു മന്ത്രി അഖിലേന്ത്യാ പര്യടനം നടത്തിയെന്നു കേള്‍ക്കുന്നു. എന്നിട്ടും ചര്‍ച്ചകള്‍ ഒഴിവാക്കാനായില്ല.
ഇതൊക്കെയായിട്ടും ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്തുകൊണ്ട്‌? ഒരു സമിതിയില്‍ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ സത്യവിരുദ്ധമായ ഒരു തീരുമാനമെടുത്താലും ആ തീരുമാനം കാലം തിരുത്തുമെന്നാണ്‌ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്‌. കോടതിയില്‍ നിന്നെന്തെങ്കിലും തീരുമാനം വന്നാല്‍ പിണറായിക്കെതിരെ നടപടിക്ക്‌ മുതിരാമെന്ന ഉറപ്പ്‌ നല്‍കിക്കൊണ്ടാണത്രേ ജനറല്‍ സെക്രട്ടറി പലരേയും അനുനയിപ്പിച്ചത്‌. അതെന്തായാലും സി പി എമ്മിന്റെ ഉന്നതനേതൃത്വത്തിലുള്ളപലര്‍ക്കും ലാവലിന്‍ ഇടപാട്‌ സംബന്ധിച്ച്‌ മൂന്നുനാലുമാസം മുമ്പുള്ള നിലപാടല്ല ഇപ്പോഴുള്ളത്‌ എന്നു തീര്‍ച്ച. ഇതിലെ അഴിമതി നിരവധി പേര്‍ക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌.
ഇവര്‍ക്കെല്ലാം ബോധ്യപ്പെട്ടതും ഇപ്പോഴും പ്രകാശ്‌ കാരാട്ടിന്‌ ബോധ്യപ്പെടാത്തതും (അങ്ങനെ നടിക്കുന്നതും) ആയ വിഷയങ്ങളെന്താണ്‌? പിണറായിക്ക്‌ ഈ ഇടപാടിലുള്ള പങ്ക്‌ ബോധ്യപ്പെടുത്തുന്ന എന്തു രേഖകളാണിനി ഇവരുടെ മുന്നില്‍വെക്കേണ്ടത്‌? വ്യക്തിപരമായി പിണറായിക്ക്‌ പണം കിട്ടിയെന്ന്‌ തെളിയിക്കാന്‍ സി ബി ഐക്ക്‌ കഴിഞ്ഞിട്ടില്ലെന്നാണിവര്‍ പ്രചരിപ്പിക്കുന്നത്‌. അങ്ങനെയെങ്കില്‍ ബോഫോഴ്‌സ്‌, കാലിത്തീറ്റ തുടങ്ങി ബ്രഹ്മപുരം, ഇടമലയാര്‍, പാമോലിന്‍ തുടങ്ങിയ ഒരഴിമതികേസിലും നേതാക്കള്‍ക്ക്‌ നേരിട്ട്‌ പണം കിട്ടിയെന്ന്‌ തെളിയിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ല. എന്നിട്ടും കെ കരുണാകരനും സി വി പത്മരാജനും ബാലകൃഷ്‌ണപിള്ളയും കേസില്‍ പ്രതികളാണ്‌, അവര്‍ വിചാരണ നേരിടുന്നു. ഇവിടെ സത്യം മറച്ചുപിടിക്കാനാണ്‌ സി പി എം ശ്രമിക്കുന്നത്‌. സംസ്ഥാനത്തിന്‌ വന്‍നഷ്‌ടം വരുത്തിവെച്ച ഇടപാടാണിതെന്നും അതിനായി വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്നതടക്കം നിരവധി വഞ്ചനകളും ക്രമക്കേടുകളും ബോധപൂര്‍വ്വം നടത്തുന്നതിന്‌ നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ്‌ പിണറായി വിജയനെന്നുമാണ്‌ മറ്റ്‌ അഴിമതിക്കേസുകളിലെന്ന പോലെ ഇവിടെയും പറയുന്നത്‌. ഇതിനായി നടത്തിയ ഗൂഢാലോചനക്കും വഞ്ചനക്കും ക്രമക്കേടിനും വ്യക്തമായ തെളിവുകള്‍ സി ബി ഐ നല്‍കിയിട്ടില്ലേ? ഇതുപോലെ തന്നെ ഈ കരാര്‍ സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളുടെ മുഴുവന്‍ ലംഘനമാണെന്നറിയാന്‍ വേണ്ട രാഷ്‌ട്രീയബോധം പ്രകാശ്‌ കാരാട്ടിനില്ലെന്നു പറയാനാകുമോ?
യു ഡി എഫ്‌ സര്‍ക്കാര്‍ ഒപ്പിട്ടകരാറിന്‌ നിയമപ്രാബല്യം നല്‍കിയത്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ഒപ്പിട്ട വായ്‌പാകരാറായിരുന്നുവെന്ന സത്യം കരാര്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവില്ലേ? ഇനിയും പാരീസില്‍ പോയി കേസ്‌ നടത്തലിന്റേയും ഭീമമായ നഷ്‌ടപരിഹാരത്തിന്റേയും കഥകള്‍ പ്രചരിപ്പിക്കുന്നത്‌ തെറ്റല്ലേ? പദ്ധതിക്കായി ടെന്റര്‍ നടത്താന്‍ ലാവലിനെ ചുമതലപ്പെടുത്തുന്നതായിരുന്നില്ലേ യു ഡിഎഫ്‌ കരാര്‍? അതുചെയ്യാതെ അവര്‍ക്കുതന്നെ സാമഗ്രികള്‍ നല്‍കാനുള്ള കരാര്‍ നല്‍കിയതുതന്നെ നിയമവിരുദ്ധമല്ലേ? കാനഡയില്‍ ടെന്റര്‍ നടത്താതിരുന്നത്‌ എന്തുകൊണ്ട്‌? ഇതൊന്നുമില്ലെങ്കിലും സാമഗ്രികള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്നും ഉപകരണങ്ങള്‍ നേരിട്ടുവാങ്ങാതിരുന്നതെന്തുകൊണ്ട്‌? അന്താരാഷ്‌ട്ര ഇടപാടുകള്‍ ഇടനിലക്കാര്‍ വഴി നടത്തുന്നത്‌ വന്‍ അഴിമതിക്ക്‌ വഴിവയ്‌ക്കുമെന്നതായിരുന്നില്ലേ ബോഫോഴ്‌സ്‌ കേസില്‍ സി പി എം ഉയര്‍ത്തിയ പ്രധാന ആരോപണം? ഇവിടെ അതെങ്ങനെ ന്യായീകരിക്കും. ലാവലിന്‍ ഇടപാടിലൂടെ സംസ്ഥാനത്തിനു വന്‍നഷ്‌ടമുണ്ടായിയെന്ന സി ഏ ജി റിപ്പോര്‍ട്ടും ഒമ്പതു ഉദ്യോഗസ്ഥരെ പ്രതികളാക്കിയുള്ള വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവന്നപ്പോഴൊന്നും ഇടപാടിനെ ന്യായീകരിക്കാന്‍ സി പി എം നേതൃത്വം രംഗത്തുവരാതിരുന്നതെന്തുകൊണ്ട്‌? ഇടപാടില്‍ അഴിമതിയുണ്ടെന്ന്‌ അവര്‍ സമ്മതിക്കുന്നുവെന്നല്ലേ ഇതിനര്‍ത്ഥം? എന്നാല്‍ പിണറായി വിജയന്‍ പ്രതിയായതോടെ ലാവലിന്‍ ഇടപാട്‌ സംസ്ഥാനത്തിനു വന്‍നേട്ടമായിരുന്നെന്നു സ്ഥാപിക്കാന്‍ ഇപ്പോള്‍ നടത്തുന്ന ശ്രമത്തിനെന്തര്‍ത്ഥമാണുള്ളത്‌? മുമ്പ്‌ നിരവധി പ്രശ്‌നങ്ങളില്‍ സി ഏ ജി അഴിമതി കണ്ടെത്തിയ കേസുകള്‍ ഉയര്‍ത്തിക്കാട്ടി ദേശീയതലത്തില്‍ തന്നെ അഴിമതി അന്വേഷണം ആവശ്യപ്പെട്ട കക്ഷിയാണ്‌ സി പി എം. ഇപ്പോഴെങ്ങനെ സി ഏ ജി വെറുമൊരു ഉദ്യോഗസ്ഥസംഘമായി. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ആരെന്നു കണ്ടെത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലേ? പിണറായി പ്രതിയാകുന്നതിനുമുമ്പും പിമ്പും നിലപാടു മാറ്റുന്നതിന്റെ അര്‍ത്ഥമെന്ത്‌?
സാമഗ്രികള്‍ക്കായി ലാവലിനു നല്‍കിയ വിലവളരെ ഉയര്‍ന്നതാണെന്നു തെളിയിക്കുന്ന നിരവധി രേഖകള്‍ ഇവരുടെ മുന്നിലുണ്ടല്ലോ. ഇതെല്ലാം അവഗണിച്ച്‌ ഈ വില അംഗീകരിച്ച നടപടി തെറ്റായിരുന്നില്ലേ? ഇതിലും വളരെ കുറഞ്ഞ പലിശനിരക്കില്‍ യാതൊരു ചരടുകളുമില്ലാത്ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു ലഭിക്കുമായിരുന്നിട്ടും അതിനു ശ്രമിക്കാതിരുന്നത്‌ തെറ്റല്ലേ? ഈ നവീകരണപദ്ധതികൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്നും 100 കോടി മുടക്കി ഭെല്ലിനെക്കൊണ്ട്‌ നവീകരണം നടത്തുകയാണു വേണ്ടതെന്നും വ്യക്തമായി നിര്‍ദ്ദേശിച്ചത്‌ സി പി എം പി ബി അംഗം. ഈ വില അംഗീകരിച്ച നടപടി ചോദ്യംചെയ്യപ്പെടേണ്ടതില്ലേ? കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന്‌ കുറഞ്ഞപലിശ നിരക്കിലും ചരടുകളില്ലാതെയുമുള്ള വായ്‌പ ലഭ്യമാക്കാന്‍ ശ്രമിക്കാതിരുന്നതെന്തുകൊണ്ട്‌?
ഇത്തരത്തിലുള്ള നവീകരണപദ്ധതികൊണ്ട്‌ ഉല്‍പ്പാദനവര്‍ദ്ധനവുണ്ടാകില്ലെന്നും ഇതിനുപകരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭെല്ലിനെക്കൊണ്ട്‌ 100 കോടി രൂപ ചെലവില്‍ നവീകരണം നടത്തുകയാണ്‌ വേണ്ടതെന്നുമുള്ള പി ബിഅംഗം ഇ ബാലാനന്ദന്‍ അദ്ധ്യക്ഷനായുള്ള കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളയാന്‍ഏതു പാര്‍ട്ടികമ്മിറ്റിയാണ്‌ തീരുമാനമെടുത്തത്‌? അവരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കില്‍ പന്നിയാറിലെ ദുരന്തം ഒഴിവാക്കാമായിരുന്നില്ലേ? ഈ റിപ്പോര്‍ട്ട്‌ വന്ന ഉടനെതന്നെ ലാവലിനുമായുള്ള സപ്ലൈകരാര്‍ ഒപ്പുവയ്‌ക്കാന്‍ തിടുക്കം കൂട്ടിയതെന്തിനാണ്‌? സംസ്ഥാനത്തെ കടുത്ത വൈദ്യുതക്ഷാമം പരിഹരിക്കാനായിരുന്നു ലക്ഷ്യമെന്ന വാദത്തിനര്‍ഥമില്ല. ഈ കരാര്‍ ഒപ്പിട്ട്‌ 16 മാസത്തിലേറെക്കഴിഞ്ഞാണല്ലോ വായ്‌പാ കരാര്‍ ഒപ്പിടുന്നത്‌. സപ്ലൈകരാര്‍ ഒപ്പിട്ട ആറുമാസത്തിനുശേഷമല്ലേ അതിലെ വിലകള്‍ പരിശോധിക്കാന്‍ ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‌ നല്‍കുന്നത്‌? അപ്പോള്‍പോലും സാങ്കേതിക വിശദാംശങ്ങള്‍ കെ എസ്‌ ഇ ബിയുടെ കൈവശം ഉണ്ടായിരുന്നില്ലല്ലോ?
പത്തിലധികം നിര്‍ണായ രേഖകള്‍ മന്ത്രിസഭയുടെ മുന്നില്‍ നിന്നും മറച്ചുവെച്ചുവെന്ന്‌ സി ബി ഐ സംശയരഹിതമായി തെളിയിച്ചിരിക്കുന്നത്‌ ഇവര്‍ കണ്ടില്ലെന്നുണ്ടോ? ഇതിന്‌ രേഖകളും സാക്ഷിമൊഴികളും തെളിവുകളാണ്‌. എന്നിട്ടും അത്തരത്തില്‍ ഗൂഢാലോചനയും വഞ്ചനയും നടത്തിയ വ്യക്തിയെ പാര്‍ട്ടി നേതൃത്വം ന്യായീകരിക്കുന്നതെന്തുകൊണ്ട്‌? വായ്‌പാ കരാര്‍ ഒരു വിദേശരാജ്യത്തിലെ നിയമങ്ങള്‍ക്കനുസരിച്ചാണെന്നുള്ള വ്യവസ്ഥയെ ധനകാര്യവകുപ്പും അന്നത്തെ ധനമന്ത്രിയും എതിര്‍ത്തിരുന്നില്ലേ? അന്താരാഷ്‌ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികകാര്യ - നിയമവകുപ്പുകളുടെ അംഗീകാരം തേടണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്യാതിരുന്നതെന്തുകൊണ്ട്‌? സര്‍ക്കാര്‍ നിയമിച്ച ഇ ബാലാനന്ദന്‍കമ്മിറ്റി ഈ കരാറിനെതിരായി നല്‍കിയ ശുപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ചചെയ്യാതിരുന്നതെന്തുകൊണ്ട്‌?
മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റിനു നവീകരണപദ്ധതിയുമായി ബന്ധമില്ലെന്ന വാദം തെറ്റാണെന്നു തെളിയിക്കുന്ന മുപ്പതു രേഖകകളെങ്കിലുമുണ്ട്‌. ഇതെല്ലാം അവഗണിച്ചുകൊണ്ട്‌ പഴയവാദം വീണ്ടും ആവര്‍ത്തിക്കുന്ന തോമസ്‌ ഐസക്കിനെപ്പോലുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കേണ്ടതില്ലേ? ഗ്രാന്റിനുള്ള ധാരണാപത്രം മൂന്നുവര്‍ഷക്കാലവും കരാറാക്കി മാറ്റാതെയിരുന്ന എല്‍ ഡി എഫ്‌ സര്‍ക്കാരിനല്ലേ ആ പണം കിട്ടാതിരുന്നതിന്റെ ഉത്തരവാദിതം? ഈ കരാര്‍ ഉണ്ടാക്കണമെന്നും അത്‌ വായ്‌പാകരാറിന്റെ ഭാഗമാക്കണമെന്നുമുള്ള വൈദ്യുതിബോര്‍ഡ്‌ സെക്രട്ടറിയുടെ നിര്‍ദ്ദേശം മന്ത്രിസഭയുടെ പരിഗണനക്കു പോലും വരാതെ പൂഴ്‌ത്തിവച്ചത്‌ ആരാണെന്ന്‌ സി ബി ഐ പറയുന്നത്‌ എങ്ങനെ നിഷേധിക്കും? ധാരണാപത്രം കരാറാക്കാത്തതിനുകാരണം പൊക്രാന്‍ സ്‌ഫോടനവും മറ്റു ഉപരോധവുമാണെന്ന വാദം പൊള്ളയല്ലേ? അതേ കാലത്തുതന്നെയല്ലേ വായ്‌പാകരാര്‍ ഒപ്പിട്ടതും?
ലാവലിനില്‍ മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ തുക എത്രയാണ്‌? 2005 ല്‍ കാനഡയുടെ ഹൈക്കമ്മീഷണര്‍ അന്നത്തെ വൈദ്യുതി മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്‌ 12 കോടി രൂപക്കു മാത്രമാണ്‌ അവര്‍ക്ക്‌ ഉത്തരവാദിത്തമുള്ളതെന്നാണ്‌. ഇത്‌ നിഷേധിക്കാന്‍ പാര്‍ട്ടിക്കു കഴിയുമോ? അല്ലാത്തപക്ഷം ഇക്കാലമത്രയും പറഞ്ഞിരുന്ന 98 കോടിയെന്ന കണക്ക്‌ അസത്യമായിരുന്നില്ലേ? അവര്‍ നല്‍കിയെന്നു പറയുന്ന 12 കോടി എങ്ങനെ ആരുവഴിക്കാണ്‌ നല്‍കിയത്‌? ടെക്‌നിക്കാലിയ എന്ന സ്വകാര്യസ്ഥാപനത്തിന്‌ ലാവലിന്‍ നല്‍കിയെന്നാണിപ്പോള്‍ പറയുന്നത്‌. വൈദ്യുതിബോര്‍ഡിന്‌ ലാവലിന്‍ നല്‍കേണ്ട പണം സ്വീകരിക്കാനും സര്‍ക്കാര്‍ ഭൂമിയില്‍ അതുപയോഗിച്ചു നിര്‍മാണപ്രവര്‍ത്തനം നടത്താനും ആരാണ്‌ ടെക്‌നിക്കാലിയെ ചുമതലപ്പെടുത്തിയത്‌? സര്‍ക്കാരാണോ? ബോര്‍ഡാണോ? കാന്‍സര്‍ സെന്റര്‍ തന്നെയാണോ? ഈ സ്ഥാപനത്തിന്‌ ലാവലിന്‍ തുക നല്‍കിയതിന്‌ എന്തുതെളിവുണ്ട്‌? ടെക്‌നിക്കാലിയയുടെ ബാങ്ക്‌ അക്കൗണ്ട്‌ പരിശോധിച്ച സി ബി ഐ കണ്ടത്‌ ഇവര്‍ക്കു ലഭിച്ചത്‌ കേവലം ഒരുകോടിയില്‍ താഴെ മാത്രമാണെന്നാണ്‌. ബാക്കി പണമിടപാട്‌ എങ്ങനെ നടന്നുവെന്ന്‌ പാര്‍ട്ടി അന്വേഷിച്ചുവോ?
പാര്‍ട്ടിയുടെ എല്ലാ പ്രഖ്യാപിതനയങ്ങളും ലംഘിച്ചുകൊണ്ട്‌ നടത്തിയ ഇടാപാടാണിതെന്നു വ്യക്തമല്ലേ? സി ഡ പോലൊരു സ്ഥാപനത്തില്‍നിന്നും ഗ്രാന്റ്‌ വാങ്ങി അവര്‍ പറയുന്ന ഉദാരവല്‍ക്കരണവ്യവസ്ഥകളെല്ലാം അംഗീകരിച്ചത്‌ പാര്‍ട്ടിനയത്തിന്റെ ലംഘനമായിരുന്നില്ലേ? ബോര്‍ഡിന്റെ പുനഃസംഘാടനം, സ്വകാര്യവല്‍ക്കരണം മുതലായവക്കും ഭാവി പദ്ധതികള്‍ ലാവലിനു തന്നെ നല്‍കുന്നതിനും സമ്മതംമൂളിയ നടപടികള്‍ ശരിയായിരുന്നോ? നേരത്തെ സൂചിപ്പിച്ച നിരവധി നയലംഘനങ്ങളും അഴിമതിയും നടത്തിയെന്ന്‌ രേഖാമൂലം തെളിഞ്ഞ ഒരു പാര്‍ട്ടിനേതാവിനെ രക്ഷിക്കാന്‍ എന്തിനാണ്‌ പാര്‍ട്ടി സെക്രട്ടറി വെപ്രാളപ്പെടുന്നത്‌? സത്യം ബോധ്യപ്പെട്ട ഒട്ടനവധി സമിതി അംഗങ്ങളെ മറികടന്ന്‌ പിണറായിക്കെതിരെ നടപടി തടഞ്ഞതെന്തിന്‌? ഇതുവഴി കേരളീയ സമൂഹത്തില്‍ സി പി എമ്മിനുള്ള വിശ്വാസ്യത തകര്‍ന്ന വസ്‌തുത ഡോ. പ്രഭാത്‌ പട്‌നായിക്കിനെപ്പോലുള്ളവര്‍ പറയുമ്പോഴെങ്കിലും വിശ്വസിക്കേണ്ടതല്ലേ? ഇതിനുപകരം ഈ അഴിമതിക്കെതിരെ ധീരമായി നിലപാടെടുക്കുന്ന അതിലൂടെ കേരളസമൂഹത്തിന്റെ പിന്തുണനേടിയ വി എസ്‌ അച്യുതാനന്ദനെതിരെ നടപടിയെടുക്കുക വഴി പാര്‍ട്ടി അപഹാസ്യമായില്ലേ? ഇത്തരം നിരവധി ചോദ്യങ്ങള്‍ക്കു വരും നാളുകളില്‍ മറുപടി പറയാന്‍ പ്രകാശ്‌ കാരാട്ടിന്‌ ബാധ്യതയുണ്ട്‌.

Saturday, August 2, 2008

ഇന്ത്യ വില്‍പ്പനയ്ക്ക്

ഇന്ത്യ വില്‍പ്പനയ്ക്ക് / സി.ആര്‍. നീലകണ്ഠന്‍ തേജസ് ദൈവാരിക, ആഗസ്റ്റ്

ഏറെ വിവാദമായതും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതമുണ്ടാക്കിയതുമായ ഇന്ത്യ-യു.എസ്. ആണവകരാര്‍ സംബന്ധിച്ചു ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യക്ക് ഊര്‍ജം ആവശ്യമാണ്, പെട്രോളിയം വില കുതിച്ചുയരുന്നു, ആണവോര്‍ജമില്ലാതെ നിലനില്‍ക്കാനാവില്ല. അതുകിട്ടാന്‍ വേണ്ടിയുള്ള ഒരു കരാറാണിതെന്നു ധരിച്ച് കണ്ണടച്ചു പിന്താങ്ങുന്നവര്‍ ഒരു വശത്ത്. ഇതു യു.എസ്. സാമ്രാജ്യത്വത്തിനു കീഴ്പ്പെടലാണ്, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടിവരും തുടങ്ങിയ വാദങ്ങളുയര്‍ത്തി മറുവശവും രംഗത്തുണ്ട്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവമേഖലയില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള ഒരു കരാറാണിത്. എന്നാല്‍, പൊതുസാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്തുകൊണ്ട് ഈ കരാറിനെ പരിശോധിക്കുക എന്നതു അസംബന്ധമാവും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാറിമാറി അധികാരത്തില്‍ വന്ന ഇന്ത്യയിലെ സര്‍ക്കാരുകളെല്ലാം യു.എസിനനുകൂലമായി നിലപാടെടുത്തുവെന്ന കാര്യം നമുക്കറിയാം. ആഗോളീകരണം ശക്തിപ്പെട്ടതും യു.എസ്.എസ്.ആര്‍. തകര്‍ച്ചയോടെ അമേരിക്ക ലോകത്തിലെ ഏകാധികാര കേന്ദ്രമായതുമാണ് ഇതിനുള്ള പ്രേരണ. സാമ്പത്തികബന്ധങ്ങള്‍, വ്യാപാരം, രാഷ്ട്രീയം തുടങ്ങി വ്യക്തിജീവിത വീക്ഷണത്തില്‍ വരെ ഈ യു.എസ്. സ്വാധീനം പടര്‍ന്നുകയറിയിട്ടുണ്ട്. കമ്പോളവും മല്‍സരവുമാണു ജീവിതത്തിന്റെ ദിശ നിര്‍ണയിക്കേണ്ടതെന്ന മുതലാളിത്ത പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടിയതും ഇതിന്റെ ഫലമായാണ്. മുമ്പ് ഇന്ത്യ ഭരിച്ച എന്‍.ഡി.എ. സര്‍ക്കാര്‍ ഈ ദിശയില്‍ ഏറെ മുന്നോട്ടുപോയിരുന്നു. മന്‍മോഹന്‍ സിങ് (പെടുന്നനെയെന്നോണം) ഇന്ത്യയുടെ പ്രധാനമന്ത്രിയായതു തന്നെ ഈ ചുവടുമാറ്റത്തിന്റെ ഫലമാണ്. സാമ്രാജ്യത്വത്തിന് എക്കാലത്തും സ്വീകാര്യനായ വ്യക്തിയാണദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു വേരുകളുമില്ലാത്ത മന്‍മോഹന് ഇന്ത്യാചരിത്രത്തിന്റെ ഭാരം പേറേണ്ടതില്ല; എന്തും ചെയ്യാം. അതിന്റെ നിര്‍ണായക തുടക്കമായിരുന്നു 2005 ജൂലൈയില്‍ അദ്ദേഹം നടത്തിയ യു.എസ്. സന്ദര്‍ശനം. കൃഷി, വ്യവസായം, പശ്ചാത്തലമേഖല, വൈദ്യുതി, ഇന്‍ഷുറന്‍സ്, ചെറുകിടവ്യാപാരം തുടങ്ങി ഒട്ടനവധി മേഖലകളില്‍ അമേരിക്കന്‍ മൂലധനത്തിന് ഇന്ത്യയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായി. ആണവമേഖലയും പ്രതിരോധമേഖലയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിരോധമേഖലയില്‍ ഈ ദിശയില്‍ വന്‍ മുന്നേറ്റമുണ്ടായി. തന്ത്രപരമായ പങ്കാളിത്തം, ആയുധവ്യാപാരം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ പല പരിപാടികളും മുന്നോട്ടുപോയി. യു.എസ്. മാത്രമല്ല, അവരുടെ സഖ്യകക്ഷിയായ ഇസ്രായേലുമായും വളരെ അടുത്ത ബന്ധമായി. 2002-2006 കാലത്ത് ഇസ്രായേല്‍ വിറ്റ 275 കോടി ഡോളറിന്റെ ആയുധങ്ങളില്‍ പകുതിയിലേറെയും വാങ്ങിയത് ഇന്ത്യയാണ്. 2005 ജൂലൈയില്‍ നടത്തിയ സംയുക്തപ്രഖ്യാപനം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ആണവകരാറിന്റെ അടിത്തറയും.
കരാര്‍ എന്ത്?
ഒറ്റനോട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു പരസ്പര സഹകരണ കരാറാണിത്. ഇരു രാജ്യങ്ങളും തുല്യര്‍ എന്ന രീതിയിലാണു കരാര്‍ എഴുതിയിരിക്കുന്നത്. ഫലത്തില്‍ അതല്ലാത്തതിന്റെ പ്രശ്നങ്ങളാണതിന്റെ പ്രധാന ദോഷവും. സമാധാനാവശ്യങ്ങള്‍ക്കുള്ള എല്ലാവിധ ആണവസാമഗ്രികളുടെയും പരസ്പര (?) വ്യാപാരം ഈ കരാറിന്റെ ഭാഗമായി നടത്താം. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമാണെന്നു പറയപ്പെടുന്ന യന്ത്രസാമഗ്രികള്‍, ഇന്ധനം, സാങ്കേതികവിദ്യ മുതലായവ പരസ്പരം കൈമാറുന്നതിന് ഈ കരാര്‍മൂലം കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമാണ് എന്നതിനാല്‍ (അണ്വായുധ രാഷ്ട്രങ്ങള്‍ക്ക് ഏകപക്ഷീയമായി അനുകൂലമായതുകൊണ്ടാണ് തന്റേടമുള്ള ഭരണകര്‍ത്താക്കള്‍ ഒപ്പിടാതിരുന്നത്. ഇപ്പോള്‍ അതിനെക്കാള്‍ മോശമായ കരാറിലാണ് ഒപ്പിടുന്നത്!) ഇന്ത്യയുമായി കരാറുണ്ടാക്കാന്‍ അമേരിക്കയ്ക്കു സ്വന്തം നിയമങ്ങള്‍ മാറ്റണമെന്നു കരാറില്‍ തന്നെ പറയുന്നു(അതാണ് ഹൈഡ് നിയമം. ഇതിനു കരാറുമായി ബന്ധമില്ലെന്നു വാദിക്കുന്നവരുടെ നിലപാട് പരിഹാസ്യമാണ്). ഇന്ത്യയുടെ ഊര്‍ജവികസനത്തിനുവേണ്ടി യു.എസ്. ചെയ്യുന്ന ഒരു ത്യാഗമെന്ന രീതിയിലാണ് ഈ കരാറില്‍ ഹൈഡ് നിയമത്തെ കാണുന്നത്. കരാറനുസരിച്ച് ഇന്ത്യ അതിന്റെ ആണവസ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ.) സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ നല്‍കണം. ഏതൊക്കെ സ്ഥാപനങ്ങള്‍ തങ്ങള്‍ പരിശോധനയ്ക്കു നല്‍കുന്നുവെന്ന് ഇരുകൂട്ടരും പരസ്പരം അറിയിക്കണം (യു.എസ്. നമ്മെ അറിയിക്കുന്നതിലെന്തു കാര്യം?). ഇന്ത്യക്ക് ഇന്ധനം നല്‍കുമെന്നു പറയുന്നുണ്ടെങ്കിലും അതതു രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രമേ സാങ്കേതികവിദ്യകളും ആണവസാമഗ്രികളും വ്യാപാരം നടത്തൂ എന്നു പറയുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഒരു നിയമമില്ല. യു.എസിനു ഹൈഡ് നിയമം വന്നു. ചര്‍ച്ചയാവാം, പരാജയപ്പെട്ടാല്‍ പരാതിക്കാരനു പിന്‍വാങ്ങാം. എന്നാല്‍, പിന്‍വാങ്ങുമ്പോള്‍ മറ്റേ രാജ്യത്തിനു നല്‍കിയ ആണവസാമഗ്രികളെല്ലാം തിരിച്ചെടുക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ട്. ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വായിച്ചാന്‍ പെട്ടെന്ന് 'വലിയ കുഴപ്പമില്ലല്ലോ' എന്നു തോന്നാം. എന്നാല്‍, കരാര്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ അതിലെ സാങ്കേതികത്വങ്ങള്‍ നന്നായി മനസ്സിലാക്കണം. 2006 ജൂലൈയില്‍ അന്തിമരൂപം നല്‍കിയ ഈ കരാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കെന്നല്ല, അറിവിലേക്കു പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍, സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. പൊഖ്റാന്‍ സ്ഫോടനം മൂലം ആണവ സാങ്കേതികവിദ്യയില്‍ ലോകം ഇന്ത്യക്കുമേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതു മാറ്റാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും ഈ കരാര്‍ വഴി സാധ്യമാവുന്നുവെന്നും പുതിയ സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഇന്ധനവും നമുക്കു കിട്ടുന്നുവെന്നും ഗുണങ്ങളായി വിവരിക്കപ്പെട്ടു. ഭാവിയില്‍ ഇന്ത്യക്കു സ്ഥിരമായി ആശ്രയിക്കാവുന്ന ഊര്‍ജസ്രോതസ്സ് എന്ന നിലയില്‍ ആണവോര്‍ജ മേഖല വളരുന്നു. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ പോലെയല്ല, ഇതു വൃത്തിയുള്ള ഊര്‍ജമാണ്. ഹരിതഗൃഹവാതകങ്ങളുണ്ടാക്കുന്നില്ല.ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്കു വേണ്ടി ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യാനാവുമെന്നതാണ് മറ്റൊരു നേട്ടമായി എണ്ണിയത്.
യു.എസിന്റെ കൈവശമുള്ള ഏറ്റവും പുതിയ സൈനികേതര ആണവ സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ലഭ്യമാവും. ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന നിലയങ്ങള്‍ക്ക് ആജീവനാന്തം ഇന്ധനം ലഭിക്കും. വിദേശനയത്തില്‍ പുറത്തുനിന്നുള്ള ഒരിടപെടലും ഉണ്ടാവില്ല. യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ വിദേശനയം സംബന്ധിച്ചു കോണ്‍ഗ്രസ്സിനു പ്രതിവര്‍ഷം റിപോര്‍ട്ട് നല്‍കുന്നതും മറ്റും ഒഴിവാക്കും. ഇന്ത്യയുടെ പ്രഖ്യാപിത മൂന്നുഘട്ട ആണവവികസന പരിപാടി തുടരും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കും തുടങ്ങിയ ഉറപ്പുകളും പ്രധാനമന്ത്രി നല്‍കി.
എന്നാല്‍, മൂന്നുമാസത്തിനകം യു.എസ്. കോണ്‍ഗ്രസ് ഇന്ത്യക്കായുള്ള പ്രത്യേക നിയമം (ഹൈഡ് നിയമം) തയ്യാറാക്കി അവതരിപ്പിച്ചു പാസാക്കി. പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ജലരേഖകളാണെന്നു തുറന്നുകാട്ടുന്നതായിരുന്നു ഹൈഡ് നിയമം. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് യു.എസ്. ചെയ്യുന്ന ഒരു സൌജന്യമെന്ന രീതിയിലാണു ഹൈഡ് നിയമം തയ്യാറാക്കിയത്. ഇന്ത്യയുമായുള്ള കരാര്‍ തുടരണമെങ്കിലുള്ള വ്യവസ്ഥകള്‍ നിയമം വളരെ കൃത്യമായി പറയുന്നു. അതിലേറ്റവും പ്രധാനമായത്, ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ളതാണ്. ഇന്ത്യയുടെ വിദേശനയം യു.എസ്. നയത്തിനു സമാനമായിരിക്കണമെന്നതാണു പ്രധാന വ്യവസ്ഥ. ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് ഓരോ വര്‍ഷവും യു.എസ്. പ്രസിഡന്റ് കോണ്‍ഗ്രസ്സിനു റിപോര്‍ട്ട് നല്‍കണം. ഇറാന്റെ പ്രശ്നം വ്യക്തമായി എടുത്തുപറയുന്നുമുണ്ട്. അവര്‍ അണ്വായുധ നിര്‍മാണം നടത്തുന്നുവെന്നോ ഭീകരവാദത്തെ സഹായിക്കുന്നുവെന്നോ യു.എസിനു തോന്നിയാല്‍ അതിനൊപ്പം ഇന്ത്യ നില്‍ക്കുമെന്ന് ഉറപ്പാക്കണം. ഇന്ത്യയുമായി യു.എസ്. മുമ്പ് ഒപ്പിട്ട സൈനികസഹകരണ കരാറിന്റെ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഈ നിയമം.
കരാര്‍ തിടുക്കത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ താന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിനു നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുമെന്നും ബുഷ് സ്ഥാനമൊഴിയുന്നതിനു മുമ്പ് കരാര്‍ സംബന്ധിച്ചു യു.എസ്. കോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ സമയം വേണമെന്നും അതുകൊണ്ടു തന്നെ ബുഷിന്റെ അന്ത്യശാസനത്തിന് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അന്ത്യശാസനത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. 1 2 3 കരാറും അതിനടിസ്ഥാനമായ ഹൈഡ് നിയമവും ഇപ്പോള്‍ അന്തിമമായിക്കൊണ്ടിരിക്കുന്ന ഐ.എ.ഇ.എ. കരാറും ഇനി തയ്യാറാക്കപ്പെടേണ്ട ആണവസാമഗ്രികള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ സംഘടന (എന്‍.എസ്.ജി.)യുമായുണ്ടാക്കുന്ന കരാറുകളും പരിശോധിച്ചുകൊണ്ടു വേണം കരാറിനെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വിലയിരുത്താന്‍.
കരാറനുസരിച്ച് ഇന്ത്യക്ക് യു.എസില്‍ നിന്നും മറ്റ് ആണവസാമഗ്രി രാഷ്ട്രങ്ങളില്‍ (എന്‍.എസ്.ജി.) നിന്നും ആണവനിലയങ്ങളും അതിനാവശ്യമായ ഇന്ധനവും മറ്റും വാങ്ങാനാവും. പൊഖ്റാന്‍ സ്ഫോടനങ്ങളെ തുടര്‍ന്ന് ഇന്ത്യയുമായി ആണവവ്യാപാരം നടത്തുന്നതിന് എല്ലാ രാജ്യങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ആ വിലക്ക് ഇവിടെ മാറുന്നുവെന്നതു ശരി തന്നെ. പെട്രോളിയത്തിനു വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ഊര്‍ജം ഒരു പരിഹാരമായേക്കാമെന്നു കരുതുന്നവര്‍ കുറവല്ല. ഇന്ത്യയുടെ നിലവിലുള്ള ആണവ വൈദ്യുതി ഉല്‍പ്പാദനശേഷി 4000 മെഗാവാട്ടാണ് - മൊത്തം ഉല്‍പ്പാദനത്തിന്റെ 3-4 ശതമാനം മാത്രം. 2021 ആവുമ്പോഴേക്കും ഇത് 30,000 മെഗാവാട്ട് ശേഷിയായി ഉയര്‍ത്തണമെന്നാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നുള്ള നിലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രകൃതിദത്ത യുറേനിയം (യു-238) വേണ്ടത്ര ലഭിക്കാത്ത പ്രശ്നമുണ്ട്. അതുകൊണ്ടു പലപ്പോഴും കുറഞ്ഞ നിരക്കില്‍ മാത്രമേ ഉല്‍പ്പാദനം നടത്താനാവുന്നുള്ളൂ. 1963ല്‍ അമേരിക്ക തന്നെ നമുക്കു വിറ്റ താരാപ്പൂര്‍ നിലയത്തിന് 1974 മുതല്‍ അവര്‍ സമ്പുഷ്ട യുറേനിയം എന്ന ഇന്ധനം നല്‍കുന്നില്ല. റഷ്യയില്‍ നിന്നു ലഭിച്ച കുറച്ച് ഇന്ധനമുപയോഗിച്ചു ശേഷിയുടെ വളരെ കുറച്ചുഭാഗം മാത്രമേ അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്നുള്ളൂ.
ആണവ വൈദ്യുതികൊണ്ട് ഇന്ത്യക്കെന്നല്ല, ഏതു രാജ്യത്തിനും ഇനിമേല്‍ ഊര്‍ജസുരക്ഷയുണ്ടാവുമെന്നു പറയാനാവില്ല. 1979നു ശേഷം യു.എസില്‍ ഒരു പുതിയ ആണവനിലയത്തിനു പോലും അനുമതി നല്‍കിയിട്ടില്ല. അതുതന്നെയാണ് ഈ കരാറിന്റെ പിന്നിലെ രഹസ്യവും. ആണവനിലയങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്ന വമ്പന്‍ കുത്തകകളായ ജനറല്‍ ഇലക്ട്രിക്, വെസ്റിങ് ഹൌസ് മുതലായവര്‍ക്കു രണ്ടു പതിറ്റാണ്ടായി ഒരു പണിയുമില്ല. അവര്‍ ഉണ്ടാക്കിയ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുക്കുന്നു. അതു വില്‍ക്കാന്‍ കഴിയുന്ന ഒരു കമ്പോളമാണ് ഇന്ത്യയെന്നതിനാലാണ് ഈ കരാറിനു വേണ്ടി യു.എസ്. കുത്തകകളും ഭരണകൂടവും തിരക്കുകൂട്ടുന്നത്.
രാഷ്ട്രീയം
1 2 3 കരാറില്‍ ഇന്ത്യക്കു മുടക്കം കൂടാതെ ഇന്ധനം കിട്ടാന്‍ യു.എസ്. സഹായിക്കുമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ കരാര്‍ റദ്ദായാലോ? ഇവിടെയാണു ഹൈഡ് നിയമം പ്രസക്തമാവുന്നത്. യു.എസ്. വിദേശനയത്തിനനുകൂലമല്ലാതെ ഇന്ത്യ നിലകൊണ്ടാല്‍ യു.എസ്. കോണ്‍ഗ്രസ്സിന് ഈ കരാര്‍ റദ്ദാക്കാനാവും. 'ഇരുകൂട്ടര്‍ക്കും കരാറില്‍ നിന്നും പിറകോട്ടു പോവാന്‍ ഒരുപോലെ അവകാശമുണ്ട്' എന്ന കരാര്‍ വാചകം ഒരു തമാശയാണ്. കാരണം, കരാര്‍ റദ്ദാക്കാനുള്ള നിയമം യു.എസിനു മാത്രമാണുള്ളത്. ഇരു രാജ്യങ്ങളുടെയും ആഭ്യന്തരനിയമങ്ങളനുസരിച്ചാണ് ഈ കരാര്‍ എന്നവര്‍ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യ ഒരിക്കലും കരാര്‍ റദ്ദാക്കാന്‍ ശ്രമിക്കില്ല. കാരണം, നാലു ലക്ഷം കോടി രൂപ വിലയ്ക്കുള്ള ആണവനിലയങ്ങളാണു കരാര്‍ അനുസരിച്ചു നാം വാങ്ങുന്നത്. ഇന്ധനം ലഭ്യമല്ലാതായാല്‍ നമ്മുടെ നിലയങ്ങള്‍ നിന്നുപോവും. അതോടെ മുടക്കിയ പണം പോവും. താരാപ്പൂരില്‍ ഒരു നിലയത്തിനാണു പ്രശ്നമുണ്ടായതെന്നതിനാല്‍ അതു നമ്മെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ഇവിടെ 150 താരാപ്പൂരുകള്‍ നിലച്ചുപോവും. ഈ അവസരമുപയോഗിച്ചാണ് യു.എസ്. ഇടപെടല്‍ നടത്തുക. ഇറാനെതിരായി നിലപാടെടുത്താല്‍ മാത്രമേ ഇന്ത്യക്ക് ഇന്ധനം നല്‍കാനാവൂ എന്നവര്‍ പറയും. നാമെന്തു ചെയ്യും? അപ്പോള്‍ ഇന്ത്യയിലെ ഉന്നത മധ്യവര്‍ഗം (അവരാണെന്നും ഇന്നും യു.എസ്. പക്ഷപാതികള്‍!) ചോദിക്കും: ഇറാന്റെ കാര്യമാണോ നമ്മുടെ വൈദ്യുതിയാണോ പ്രധാനം? തീര്‍ച്ചയായും നമുക്കു വഴങ്ങേണ്ടി വരും. ആണവരംഗത്തെ സൈനികേതര സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ഇന്ത്യക്കു ലഭ്യമാവുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും കള്ളമാണെന്നു തെളിയുന്നു. കരാറില്‍ ഇക്കാര്യം ഒഴുക്കന്‍ മട്ടില്‍ പറയുന്നുവെന്നതു ശരിയാണ്. എന്നാല്‍, ഇവിടെയും സാങ്കേതികവിശദാംശങ്ങളിലേക്കു വന്നാല്‍ സത്യം ബോധ്യമാവും. സമ്പൂര്‍ണ ആണവസഹകരണം, പൂര്‍ണമായ ഇന്ധനചക്രത്തിനുള്ള അവകാശം മുതലായവ സാങ്കേതിക പ്രയോഗങ്ങളാണ്. ഇന്ത്യയില്‍ ലഭ്യമാവുന്ന യുറേനിയത്തെ ഇന്ധന കേക്കുകളാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഏറ്റവും ലളിതമായ കാര്യം. അത് ഇന്ത്യക്കു നല്‍കില്ല. ഇറക്കുമതി ചെയ്യുന്ന നിലയങ്ങളിലെ ഇന്ധനം സമ്പുഷ്ടീകരിച്ച (2.5%) യുറേനിയമാണ്. സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവിദ്യ നമ്മുക്കില്ല. എന്നാല്‍, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു സൈനികായുധങ്ങളുണ്ടാക്കണമെന്ന ന്യായം പറഞ്ഞുകൊണ്ട് ഈ സാങ്കേതികവിദ്യയും നമുക്കു നല്‍കുന്നില്ല. നാം പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കണം. ഇതിനെക്കാള്‍ ഇന്ത്യക്കു പ്രധാനമാണു ഘനജല ഉല്‍പ്പാദനത്തിന്റെ സാങ്കേതികവിദ്യ. ഇത് ആയുധനിര്‍മാണവുമായി വലിയ ബന്ധമില്ലാത്ത ഒന്നാണ്. എങ്കിലും അതു നല്‍കാന്‍ യു.എസ്. തയ്യാറല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാളൊക്കെ നിര്‍ണായകമാണ് ഇന്ധന പുനഃസംസ്കരണത്തിനുള്ള സാങ്കേതിക വിദ്യ. ഇതും ആയുധമുണ്ടാക്കുമെന്ന പേരില്‍ തരുന്നില്ല. ഇന്ത്യയുടെ ഇന്ധനചക്രം പൂര്‍ത്തിയാക്കാന്‍ ഏറ്റവും നിര്‍ണായകമായ പുനഃസംസ്കരണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു സൌജന്യം അനുവദിക്കുന്നു. മറ്റുള്ളവ ഇന്ത്യ ഒരിക്കലും സൃഷ്ടിക്കാന്‍ പാടില്ലെങ്കിലും പുനഃസംസ്കരണ പ്ളാന്റ് സ്വന്തം സാങ്കേതികവിദ്യ വച്ചു നിര്‍മിക്കാന്‍ നമുക്കനുവാദമുണ്ട്. പക്ഷേ, ഇതു സാമ്പത്തികമായും സാങ്കേതികമായും (രാഷ്ട്രീയമായും) അത്ര ലളിതമായ ഒന്നല്ല (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമാണ്). ഒട്ടേറെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതിനായി നടത്തണം. നിലവിലുള്ള സംവിധാനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. പുതുതായി ഒരു പുനഃസംസ്കരണ നിലയം സ്ഥാപിക്കാന്‍ ഏറ്റവും കുറഞ്ഞത് 10,000 കോടി രൂപയും നാലഞ്ചു വര്‍ഷത്തെ നൂറുകണക്കിനു ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും അധ്വാനവും വേണം. ഇതൊക്കെ ഉണ്ടായാലും യു.എസ്. നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് ഉറപ്പുനല്‍കുന്ന മറ്റൊരു കരാറില്‍ (1 3 1 എന്നാണിതിന്റെ പേര്) കൂടി നാം ഒപ്പുവയ്ക്കണം. ഇക്കാര്യം 1 2 3ല്‍ പറയുന്നതേയില്ല. മനപ്പൂര്‍വം ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനാണിതു ചെയ്തതെന്നു കരുതാം. കാരണം, ഇതു ചര്‍ച്ച ചെയ്ത ഇന്ത്യന്‍ വിദഗ്ധര്‍ക്ക് ഇക്കാര്യം അറിയില്ലെന്നു പറയാനാവില്ലല്ലോ!
1 2 3 കരാറിന്റെ 29 മതുല്‍ 32 വരെയുള്ള വകുപ്പുകളില്‍ കരാര്‍ റദ്ദാക്കിക്കല്‍ സംബന്ധിച്ചു പറയുന്ന നിബന്ധനകള്‍ വായിച്ചാല്‍ ഇന്ത്യക്ക് ഒരു തിരുത്തല്‍ നടപടിക്കും സാധ്യതയില്ലെന്നു വ്യക്തമാവും. കരാര്‍ റദ്ദായാല്‍ ഇന്ത്യക്കൊന്നും ചെയ്യാനാവില്ല. ആമുഖത്തില്‍ തിരുത്തല്‍വാഗ്ദാനം നല്‍കുന്നുണ്ടെന്നാണ് ആണവാനുകൂലികളുടെ വാദം. ഏതു ദേശീയ- അന്തര്‍ദേശീയ കരാറിലും 'ആമുഖ'ത്തേക്കാള്‍ പ്രധാനമാണ് അതിലെ വകുപ്പുകള്‍ എന്നു വ്യക്തമാണല്ലോ. ആമുഖത്തില്‍ പലതും പറയുന്നുണ്ടെങ്കിലും അതിലെ വകുപ്പുകള്‍ എതിരാണെങ്കില്‍ അവയാണു നിലനില്‍ക്കുക. ഈ കരാറുകളിലെ (1 2 3) തര്‍ക്കപരിഹാരം സംബന്ധിച്ച വ്യവസ്ഥ നോക്കുക: ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചര്‍ച്ചയിലൂടെ പരിഹരിക്കണം. നല്ല കാര്യം. ഇവിടെ ഇരുകക്ഷികളും ഒരുതരത്തിലും തുല്യമല്ലെന്ന ഒരു പ്രധാനപ്രശ്നമുണ്ട്. തന്നെയുമല്ല, ഏത് അന്താരാഷ്ട്ര കരാറിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം സാധ്യമല്ലാതെ വന്നാല്‍ ഏതെങ്കിലും തര്‍ക്കപരിഹാര സ്ഥാപനത്തിനു വിടുകയെന്നതാണു നിര്‍ബന്ധമായും തുടരുന്ന രീതി. സാധാരണ വ്യപാരക്കരാറുകളില്‍ പോലും ഇതുണ്ട്. ഈയൊരൊറ്റ വ്യവസ്ഥയ്ക്കു വേണ്ടി ജപ്പാന്‍ രണ്ടുവര്‍ഷം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി. ചൈന കരാറില്‍ ഒപ്പിട്ടത് 13 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്. എന്നാല്‍, കരാര്‍വിഷയത്തില്‍ തര്‍ക്കമുണ്ടായി ചര്‍ച്ച പരാജയപ്പെട്ടാല്‍ പിന്നെന്തു സംഭവിക്കും? കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം. പക്ഷേ, ഫലത്തില്‍ ഇന്ത്യയുടെ നിലയങ്ങള്‍ നിലയ്ക്കുന്നു. അന്തിമമായി കരാര്‍ റദ്ദായാല്‍ അമേരിക്ക ഇന്ത്യക്കു നല്‍കിയ എല്ലാ ആണവ- ആണവേതര സാമഗ്രികളും തിരിച്ചുനല്‍കണം. അതിനവര്‍ പണം തന്നേക്കാം. പക്ഷേ, പ്രശ്നമതല്ല. ഒറ്റയടിക്ക് ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കും. ഇതു സമ്പൂര്‍ണമായ കീഴടങ്ങല്‍ വ്യവസ്ഥയാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് ഒരു 'അതീവ പ്രത്യേക സാഹചര്യം' ഉണ്ടെന്നു തോന്നിയാല്‍ കരാറില്‍ നിന്നു പിന്മാറാം എന്ന വ്യവസ്ഥ തന്നെ എത്ര അവ്യക്തമാണ്? എന്താണ് ആ സാഹചര്യം എന്ന് അവര്‍ തീരുമാനിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങളുള്ള കരാര്‍ ഭാവിയില്‍ ഇന്ത്യക്കു ദോഷമായി ഭവിക്കും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ കഴിയുമോ ഈ കരാറനുസരിച്ച് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുകയും സ്വാഭാവികമായും അത് 'അതീവ പ്രത്യേക സാഹചര്യം' ആണെന്ന് യു.എസിന് 'തോന്നുകയും' ചെയ്താല്‍ കരാര്‍ റദ്ദാക്കും. അല്ലെങ്കില്‍ യു.എസിന്റെ സമ്മതത്തോടെ മാത്രമേ ആയുധപരീക്ഷണം നടത്തൂവെന്നു നാം തീരുമാനിക്കണം. ഇതു കീഴടങ്ങലല്ലെങ്കില്‍ മറ്റെന്താണ്? യു.എസുമായുള്ള കരാര്‍ റദ്ദാക്കുകയും മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളില്‍ നിന്നു നമുക്ക് ഇന്ധനവും സാമഗ്രികളും ലഭ്യമാക്കാമെന്നും വാദിക്കുന്നവരുണ്ട്. ഇതെത്രമാത്രം അസാധ്യമാണെന്നറിയാന്‍ ബുദ്ധിമുട്ടില്ല.
ഐ.എ.ഇ.എ. എന്ന സ്ഥാപനത്തിനുമേല്‍ യു.എസിനുള്ള സമ്പൂര്‍ണ നിയന്ത്രണവും വിഷയമാണ്. ഇറാന്‍ വിഷയത്തില്‍ ഇതു കണ്ടതാണ്. ഇറാനിലെ 25 ഓളം ആണവസ്ഥാപനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1450 തവണയാണ് ഐ.എ.ഇ.എ. പരിശോധന നടത്തിയത്. അതേസമയം 245 ആണവസ്ഥാപനങ്ങളാണ് യു.എസ്. പരിശോധനയ്ക്കു നല്‍കിയിരിക്കുന്നത്.
എന്നാല്‍, 1981 മുതല്‍ ഇതുവരെ കേവലം 19 സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടന്നിട്ടുള്ളൂ. എന്‍.പി.ടി. കരാര്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ സമ്പുഷ്ടീകരണം, പുനഃസംസ്കരണം തുടങ്ങിയവയ്ക്കും അതിലൂടെ ഇന്ധനചക്രം പൂര്‍ത്തിയാക്കുന്നതിനും ഇറാനു പൂര്‍ണാധികാരമുണ്ട്. എന്നാല്‍, പലവിധ ഉമ്മാക്കികള്‍ കാട്ടി ഇതു തടയാനാണ് യു.എസ്. ശ്രമിക്കുന്നത്

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)