Posted on: 07 May 2012
കണ്ണൂര്‍: കൊലക്കേസുകളുടെ കുന്തമുന കണ്ണൂരിലെ സി.പി.എം. നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമ്പോള്‍ പ്രതിരോധത്തിനാകാതെ പാര്‍ട്ടി കുഴങ്ങുന്നു.
അരിയിലിലെ അബ്ദുള്‍ ഷൂക്കൂര്‍ വധവും 2005ല്‍ നടന്ന മുഹമ്മദ് ഫസല്‍ വധവും കണ്ണൂര്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ടി.പി.ചന്ദ്രശേഖരന്റെ വധം. സംഭവത്തില്‍പങ്കില്ലെന്ന് നേതൃത്വം ശക്തിയായി നിഷേധിച്ചെങ്കിലും പാര്‍ട്ടിക്കെതിരെ സംശയം ശക്തമാവുകയാണ്. ചന്ദ്രശേഖരന്‍ വധം നടന്നത് കണ്ണൂരിലല്ലെങ്കിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ കണ്ണൂര്‍ ജില്ലക്കാരാണെന്ന ആരോപണമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ചൊക്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതും പ്രതികള്‍ മയ്യഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.
ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ഞായറാഴ്ച സി.പി.എമ്മിന് വിശദീകരണയോഗം വിളിക്കേണ്ടിവന്നു. പങ്കില്ലെന്ന് പറയുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം.പറയുന്നില്ല. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ്. കരുതിക്കൂട്ടി നടത്തിയ ക്വട്ടേഷന്‍ കൊലയാണിതെന്നാണ് സി.പി.എം. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പറയുന്നത്.
തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ് സി.പി.എം. ആകെ കുഴപ്പത്തിലായത്. തലശ്ശേരി ഏരിയാക്കമ്മിറ്റി അംഗവും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ.വിളിപ്പിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി മുന്‍ജില്ലാ സെക്രട്ടറി പി.ശശിക്കും സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. നേതാക്കളെ കേസ്സില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌സി.ബി.ഐ.യുടെ കൊച്ചി ഓഫീസിനുമുന്നില്‍ സി.പി.എം. പ്രകടനം നടത്തിയതും സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു.
ഫസല്‍ നേരത്തെ സി.പി.എമ്മുകാരനായിരുന്നു. ഫസലിന്റെ കൊലയാളികള്‍ ആര്‍.എസ്.എസ്സുകാരാണെന്നാണ് സി.പി.എം. പ്രചരിച്ചിച്ചത്.പക്ഷെ ആര്‍.എസ്.എസ്സും ഫസലിന്റെ ബന്ധുക്കളും കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് പറഞ്ഞു. ഒടുവില്‍ സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ ചിത്രം മാറി. സി.ബി.ഐ. യെ ഉപയോഗിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ വിലപ്പോവുന്നില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന എം.എസ്.എഫ്. നേതാവ് ഷുക്കൂറിന്റെ വധം സി.പി.എമ്മിന് പരസ്യമായി ഏറ്റെടുക്കേണ്ടി വന്നതും ക്ഷീണമായി. ഷുക്കൂറിന്റെ കൊലപാതകത്തില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞുമാറുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ ഷൂക്കൂര്‍ വധം അപൂര്‍വമായ വഴിത്തിരിവാണുണ്ടാക്കിയത്. പാര്‍ട്ടി കോടതി, താലിബാനിസം തുടങ്ങിയ വിമര്‍ശനങ്ങള്‍ എതിരാളികളില്‍ നിന്ന് നേരിടേണ്ടി വന്നത് ഈ കേസില്‍ തന്നെ. ഷൂക്കൂര്‍ വധത്തിനെതിരെയുള്ള പ്രചാരണത്തെ പ്രതിരോധിക്കാന്‍ ലിഗ് തീവ്രവാദി പാര്‍ട്ടിയാണെന്ന പ്രചാരണമാണ് സി.പി.എം. അഴിച്ചു വിട്ടത്.
തളിപ്പറമ്പിന് സമീപം അരിയിലില്‍ പാര്‍ട്ടി സെക്രട്ടറിയെയും, ടി.വി.രാജേഷ് എം.എല്‍.എയെയും ആക്രമിച്ചതിന്റെപേരിലാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്ന ആദ്യവാദം പിന്നീട് വിലപ്പോയില്ല. സംഭവസ്ഥലത്തെ കാര്‍ ആക്രമിക്കുന്ന വ്യക്തിയുടെ ചിത്രം കാട്ടി അത് ഷൂക്കൂറാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലുന്നതിന് മുന്‍പ് ഷൂക്കൂര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ഫോണില്‍ അയച്ച് ബോധ്യപ്പെട്ട ശേഷം വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന പോലീസ് പരാമര്‍ശവും പാര്‍ട്ടിക്ക് കനത്ത അടിയായി. ഇക്കാര്യം പിറവം തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായി. ഷൂക്കൂര്‍ വധക്കേസ്സില്‍ മുന്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ വാടിരവിയുടെ മകന്‍ ബിജുമോനും ഒരു ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പിറവം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകത്തോടൊപ്പം കണ്ണൂര്‍ലോബി എന്ന പ്രയോഗം വ്യാപകമായി പ്രചാരണവിഷയമായിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല പൊള്ളുന്ന പ്രചാരണമാവുമ്പോള്‍ വീണ്ടും കണ്ണൂര്‍ നേതാക്കള്‍ ക്കെതിരെയുള്ള വിമര്‍ശം ശക്തമാകുമെന്ന് സി.പി.എം. ഭയക്കുന്നു.
No comments:
Post a Comment