Showing posts with label അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. Show all posts
Showing posts with label അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. Show all posts

Tuesday, October 13, 2009

മാര്‍ക്‌സിസം എന്നാല്‍ നാലാം ലോകം

അപ്പുകുട്ടന്‍ വള്ളിക്കുന്ന്

മാതൃഭൂമി : Wednesday, 14 Oct 2009
ലിങ്ക് : http://www.mathrubhumi.com/story.php?id=60153


മൗനം സമ്മതലക്ഷണമാകുന്ന ചില ഘട്ടങ്ങളുണ്ട്. അത്തരമൊരു വാചാലമൗനത്തിലാണ് ഇപ്പോള്‍ സി.പി.എം. മാര്‍ക്‌സിസമെന്നാല്‍ ഇവിടെ നാലാം ലോകമാണെന്നും നാലാം ലോകമെന്നാല്‍ പങ്കാളിത്ത ജനാധിപത്യമാണെന്നും പങ്കാളിത്ത ജനാധിപത്യമെന്നാല്‍ ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവുമാണെന്നും തിരിച്ചും മറിച്ചും മൗനമാര്‍ന്ന് പാര്‍ട്ടി ഇപ്പോള്‍ അംഗീകരിക്കുന്നു.

അഞ്ചുവര്‍ഷം മുന്‍പ് നാലാംലോക സിദ്ധാന്തത്തെക്കുറിച്ചുള്ള നിലപാട് സി.പി.എം. വിശദീകരിച്ചത് ഇങ്ങനെ: ''പാര്‍ട്ടിയിലെ വലതുപക്ഷ വ്യതിയാനമാണ് ഡോ.എം.പി. പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തം. അത് മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെയും ഇന്ത്യന്‍ വിപ്ലവത്തെയും കുറിച്ചുള്ള പാര്‍ട്ടി പരിപാടിയെയും നിരാകരിക്കുന്നു. വര്‍ഗസമരത്തിന്റെ പാതയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും തള്ളിക്കളയുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുപകരം ശാസ്ത്രപ്രസ്ഥാനത്തെ പ്രതിഷ്ഠിക്കുന്നു. പൗരസമൂഹത്തിനും സന്നദ്ധസംഘടനകള്‍ക്കും പ്രാമാണ്യം നല്‍കുന്ന ലോകബാങ്ക് സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്നത് റിവിഷനിസമാണ്, പാര്‍ട്ടിക്ക് ഭീഷണിയാണ്.''

പാര്‍ട്ടിയെ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്ന മുന്നറിയിപ്പും വലതു - ഇടതുപാളിച്ചകളനുവദിക്കാതെ മാര്‍ക്‌സിസം - ലെനിനിസത്തില്‍ അണുവിട വ്യതിചലിക്കാതെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമാണ് അഞ്ചുവര്‍ഷം മുമ്പ് പാര്‍ട്ടി നടത്തിയത്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയും പാര്‍ട്ടി നിലപാടുകളെ പരസ്യമായി നിരാകരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഡോ.എം.പി. പരമേശ്വരനെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്; ഈ വിശദീകരണം നല്‍കിയതും.
സി.പി.എമ്മില്‍ അന്നത്തെ തീരുമാനങ്ങളെയും പ്രഖ്യാപനങ്ങളെയും പരിപൂര്‍ണമായി തള്ളിക്കളയുന്ന ഡോ. എം.പി. പരമേശ്വരന്റെ അഭിമുഖം സപ്തംബര്‍ ഇരുപതിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ഈ പംക്തിയില്‍ പോയവാരം ചൂണ്ടിക്കാട്ടിയിരുന്നു. പത്രത്താളുകളിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ അക്ഷൗഹിണിതീര്‍ത്തു നിതാന്തജാഗ്രമായി മുന്നേറുന്ന സി.പി.എം. നാലാംലോക സിദ്ധാന്തത്തിനെതിരെ മൗനം തുടരുന്നതിന്റെ വൈരുദ്ധ്യം തുറന്നുകാട്ടിയിരുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും സുദീര്‍ഘമായി സമ്മേളിച്ചു പിരിഞ്ഞിട്ടുപോലും പ്രതികരണമില്ല. അതെ, നീണ്ടമൗനം സമ്മതപ്രഖ്യാപനമായിത്തീരുന്നു.
പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ ഉട്ടോപ്യന്‍സ്വപ്നങ്ങള്‍ എന്ന നിലയില്‍ സി.പി.എമ്മിന് അവഗണിക്കാന്‍ കഴിയാത്ത വെളിപ്പെടുത്തലുകളാണ് എം.പി.പരമേശ്വരന്‍ നടത്തിയിട്ടുള്ളത്. ആറ്റിക്കുറുക്കിയാല്‍ അതിങ്ങനെ:

* ഇ.എം.എസ്സിനെ ഉപയോഗിച്ച് ജനകീയാസൂത്രണം സി.പി.എമ്മിനെക്കൊണ്ടംഗീകരിപ്പി
ച്ച് എല്‍.ഡി.എഫ്. സര്‍ക്കാറിലൂടെ നടപ്പാക്കുകയായിരുന്നു.
* ജനകീയാസൂത്രണത്തിന്റെ പിതൃത്വം നാലാം ലോകസിദ്ധാന്തവുമായി ബന്ധപ്പെട്ടതും തനിക്കും ശാസ്ത്രസാഹിത്യപരിഷത്തിനും മാത്രം അവകാശപ്പെട്ടതുമാണ്.
* തോമസ് ഐസക് ലക്ഷ്യത്തിന് ഇരയാകാതിരിക്കാനാണ് നാലാം ലോകസിദ്ധാന്തത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതും തന്നെ പുറത്താക്കിയതും.
* പാര്‍ട്ടി നിലപാടുകളെ നിരാകരിക്കുന്ന തന്റെ രേഖ ചര്‍ച്ചചെയ്ത യോഗത്തില്‍ പങ്കെടുത്ത എം.എ.ബേബിയും പി.രാജീവുമടക്കമുള്ള സി.പി.എം. നേതാക്കള്‍ വിയോജിച്ചെന്ന് പറഞ്ഞത് നേരല്ല. പൂര്‍ണമായും യോജിച്ചിരുന്നു. ഐസക് നാലാംലോകത്തെ തള്ളിപ്പറഞ്ഞാല്‍ താനും അയാളുടെ ചില അഭിപ്രായങ്ങളെ തള്ളിപ്പറയും.
* നാലാം ലോകമെന്നാല്‍ മാര്‍ക്‌സിസംതന്നെയാണ്. ജനകീയ ജനാധിപത്യത്തിന്റെ വിശദീകരണമാണ് നാലാംലോകം. ഏഴ് ലാറ്റിന്‍ രാജ്യങ്ങളില്‍ നാലാംലോകത്തിന്റെ സൂചനകളും വികസനരീതിയുമാണ് ഇന്നുള്ളത്.
മാര്‍ക്‌സിസത്തിനും കമ്യൂണിസ്റ്റ്പാര്‍ട്ടിക്കുമെതിരെ എവിടെനിന്ന് വിമര്‍ശനമുയര്‍ന്നാലും അപ്പപ്പോള്‍ മറുപടിയും ആശയവ്യക്തതയും നല്കിപ്പോന്ന ആളാണ് ഇ.എം.എസ്. കേന്ദ്ര സംസ്ഥാന ഭരണതലങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള അധികാരം വികേന്ദ്രീകരിക്കണമെന്നും പ്രാദേശിക സര്‍ക്കാറുകളെ ശക്തിപ്പെടുത്തണമെന്നുള്ള കാഴ്ചപ്പാടോടെ സൈദ്ധാന്തിക പ്രായോഗികതലങ്ങളില്‍ ഇത്രയേറെ സംഭാവനചെയ്ത മറ്റൊരാള്‍ ഇ.എം.എസ്സിനെപ്പോലെ ഇന്ത്യയിലുണ്ടായിട്ടില്ല.

1938ല്‍ ഇ.എം.എസ്. എഴുതിയ 'മദിരാശി സര്‍ക്കാറും പ്രാദേശിക ഭരണവും' എന്ന പുസ്തകംതൊട്ട് തുടങ്ങുന്നതാണതിന്റെ ചരിത്രം.
1957ലെ ഇ.എം.എസ്. സര്‍ക്കാറിന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍, 1967 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത്‌രാജ് ബില്‍, 1978 ല്‍ അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇ.എം.എസ്. എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇവയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന 1990 ലെ ജില്ലാ കൗണ്‍സില്‍നിയമം, കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്തുവേണമെന്നും പ്രാദേശിക സര്‍ക്കാറുകളെ ശക്തിപ്പെടുത്തണമെന്നുമുള്ള നിരന്തര നിലപാട്. 64-65, 73-74-ാം ഭരണഘടനാ ഭേദഗതികള്‍ക്ക് ഇ.എം.എസ്. ഉയര്‍ത്തിയ അടിസ്ഥാന വിമര്‍ശനങ്ങള്‍, സുശക്തമായ കേന്ദ്രത്തോടൊപ്പം സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളും അവയ്ക്കകത്ത് വിപുലമായ അധികാരവുമുള്ള പ്രാദേശിക സര്‍ക്കാറുകളും എന്ന കാഴ്ചപ്പാട്.

1996 ല്‍ നായനാര്‍ സര്‍ക്കാറിന്റെ പരിപാടിയായി ജനകീയാസൂത്രണ പരിപാടി സി.പി.എം. സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വന്നപ്പോള്‍ ആ നിലയ്ക്കുള്ള ഇ.എം.എസ്സിന്റെ നേതൃത്വത്തിന്റെയും ഭാഗഭാഗിത്വത്തിന്റെയും പാര്‍ട്ടിനയത്തിന്റെയും തുടര്‍ച്ച എന്നാണ് കരുതിയത്. പാര്‍ട്ടിയും ജനങ്ങളും ആ നിലയ്ക്കാണതില്‍ പങ്കാളികളായത്.

അധികാരം താഴേക്ക് പകര്‍ന്ന് കൊടുക്കാനും പഞ്ചായത്തുകളെ പ്രാദേശിക സര്‍ക്കാറുകളാക്കി അതിവേഗം വളര്‍ത്തിഎടുക്കാനുമാണ് ഇ.എം.എസ്. പ്രാധാന്യം നല്‍കിയത്. അതിന് ജനകീയാസൂത്രണ പരിപാടി സഹായിക്കുമെന്നാണ് കരുതിയത്. അധികാര കൈമാറ്റം ത്വരപ്പെടുത്താനാണ് സെന്‍ കമ്മിറ്റി രൂപവത്കരിച്ചത്. അതിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ സംഘാടകര്‍ക്കും സര്‍ക്കാറിനും എതിരെ പരസ്യമായി ഇ.എം.എസ്. നിലപാടെടുത്തിരുന്നു. തന്റെ ലക്ഷ്യം കാണുംമുമ്പ് പക്ഷേ, അദ്ദേഹം യാത്രയായി.
എന്നിട്ടും പരമേശ്വരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ''ഇ.എം.എസ്സിനോട് പറഞ്ഞു അദ്ദേഹം സമ്മതിച്ചു. അല്ലാതെ ഇ.എം.എസ്. ഇങ്ങോട്ടു പറഞ്ഞതല്ല. അങ്ങനെ പറഞ്ഞാലല്ലേ അംഗീകാരം കിട്ടൂ.'' അപ്പോള്‍ എന്താണ് പറഞ്ഞത്, എന്താണ് അംഗീകരിപ്പിച്ചെടുത്തത്, പിന്നീട് എന്താണ് നടപ്പിലാക്കിയത് എന്ന ചോദ്യം ഉയരുന്നു.

ഇ.എം.എസ്. ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍, ഈ അവകാശവാദം എം.പി. പരമേശ്വരന്‍ ഉയര്‍ത്തുമ്പോള്‍ ജനകീയാസൂത്രണത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ എം.പി. പരമേശ്വരന്‍ നടത്തുന്ന 'നീണ്ട പരിശ്രമത്തെ'യും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരീക്ഷണാവകാശങ്ങളെയും സി.പി.എം. സംസ്ഥാനകമ്മിറ്റി അഞ്ചുവര്‍ഷംമുന്‍പ് തള്ളിക്കളഞ്ഞിരുന്നു. അതേ സംസ്ഥാന കമ്മിറ്റിക്കും അതിന്റെ വക്താക്കള്‍ക്കും പക്ഷേ, ഇപ്പോള്‍ പ്രതികരണമില്ല.

സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കിനെപ്പോലെ ഒരാള്‍ നാലാം ലോകത്തെ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പരമേശ്വരന്‍ പറയുമ്പോള്‍ ബേബിയും മറ്റും തൃശ്ശൂര്‍ 'കില'യില്‍ 2002 മാര്‍ച്ച് 14 ന് നടന്ന യോഗത്തില്‍ തന്റെ സിദ്ധാന്തത്തോട് പൂര്‍ണമായി യോജിച്ചിരുന്നു എന്നു വെളിപ്പെടുമ്പോള്‍; ഇല്ല, അവര്‍ക്കുപോലും പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
അധികാര വികേന്ദ്രീകരണം ഇപ്പോഴും അക്കരപ്പച്ച തന്നെ. ജനകീയാസൂത്രണത്തിന് ആയിരം കോടിയുടെ ലോകബാങ്ക് സഹായം വരാന്‍പോകുന്നു. ജനകീയാസൂത്രണത്തിലെ വിദേശഫണ്ട് - ലോകബാങ്ക് ബന്ധം സംബന്ധിച്ച് 2004 -2005 കാലത്ത് കേരളത്തിലുയര്‍ന്ന വിവാദങ്ങള്‍ക്ക് ന്യായീകരണം നല്‍കുന്നു. പരമേശ്വരന്റെ വെളിപ്പെടുത്തല്‍ അതിന്റെ നിഗൂഢതയുടെ ഇരുട്ടിന് കട്ടികൂട്ടുന്നു.
ഇതാകട്ടെ 1999ല്‍ (ഇ.എം.എസ്സിന്റെ മരണശേഷം) എം.പി. പരമേശ്വരന്‍ പ്രസിദ്ധീകരിച്ച 'വികേന്ദ്രീകൃത ജനാധിപത്യം 1958 -1998' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിലേക്ക് വീണ്ടും ജനകീയാസൂത്രണത്തെ എത്തിക്കുന്നു. നെതര്‍ലന്‍ഡിലെ ടിന്‍ബര്‍ഗര്‍ ഫൗണ്ടേഷനും സി.ഡി.എസ്സുമായുള്ള ചര്‍ച്ചകളിലേക്കും 16 കോടിയുടെ വിദേശഫണ്ട് ഐ.ആര്‍.ടി.സി.ക്ക് നല്കിയതിലേക്കും എത്തുന്നു. നായനാര്‍ സര്‍ക്കാര്‍ വരുന്നതിന് ഒരുവര്‍ഷം മുന്‍പ് ജനകീയാസൂത്രണ പരിപാടിയുടെ കരട് ഐസക് തയ്യാറാക്കിയതിലേക്കും ഐ.ആര്‍.ടി.സി.യുടെയും പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആ പരിപാടി അംഗീകരിച്ചതിലേക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ തോമസ് ഐസക്കും ഇക്ബാലും ശ്യാംസുന്ദരന്‍ നായരും ഇ.എം.ശ്രീധരനും തുടങ്ങിയ പരിഷത്ത് പ്രവര്‍ത്തകരും ബന്ധുക്കളും അതിന്റെ ആസൂത്രണത്തില്‍ നിര്‍ണായകഉത്തരവാദിത്വം വഹിച്ചതിലേക്കും നാലാം ലോകമെന്ന പ്രസ്ഥാനത്തിന്റെ ആദ്യഘട്ടമായി ജനകീയാസൂത്രണം നടപ്പിലാക്കി എന്ന പരമേശ്വരന്റെ ആദ്യ വെളിപ്പെടുത്തലിലേക്കുതന്നെയും എത്തിച്ചേരുന്നു.
2004 ഫിബ്രവരിയില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നാലാം ലോകവാദം തള്ളിക്കളഞ്ഞതിനുശേഷം വീണ്ടും എം.പി.പരമേശ്വരന്‍ രണ്ടുതവണ രംഗത്തുവരികയുണ്ടായി. ആദ്യം നാലാം ലോകസിദ്ധാന്തം, ശാസ്ത്രസാഹിത്യപരിഷത്തിലൂടെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രസ്താവിച്ചു. 'നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും' എന്ന പുസ്തകം പുറത്തിറക്കിയും. രണ്ടുതവണയും സി.പി.എമ്മില്‍നിന്ന് നാലാംലോകവാദത്തെ ചോദ്യം ചെയ്ത് ഇ.ബാലാനന്ദനും വി.എസ്. അച്യുതാനന്ദനും അന്ന് സി.പി.എമ്മിനുവേണ്ടി രംഗത്തുവരികയുണ്ടായി. ദമയന്തിക്കുപോലും നളനെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രത്യയശാസ്ത്രപരമായി നാലാം ലോകസിദ്ധാന്തം സി.പി.എമ്മില്‍ സൃഷ്ടിക്കുന്നതെന്ന് അന്ന് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. അന്ന് ബാലാനന്ദന്‍ പാര്‍ട്ടി സഖാക്കളെ ഓര്‍മിപ്പിച്ചത് ഇങ്ങനെ:

''പരമേശ്വരനെതിരെ നടപടി എടുത്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ അവസാനഭാഗത്ത് പാര്‍ട്ടിരഹിത ജനാധിപത്യത്തിന്റെ വേഷത്തില്‍ ഉയര്‍ത്തപ്പെടുന്ന വാദങ്ങള്‍ക്കെതിരെഅതിശക്തിയായ ആശയസമരം നടത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നുപറഞ്ഞാല്‍ കേരളത്തിലെ പാര്‍ട്ടിയെ പാര്‍ട്ടിക്കകത്തുനിന്നുകൊണ്ടുതന്നെ തളര്‍ത്താനും തകര്‍ക്കാനും നടത്തുന്ന ശ്രമങ്ങളെ ശക്തിയായി എതിര്‍ക്കണമെന്നാണ്. പാര്‍ട്ടിയെ രക്ഷിക്കാനുള്ള മാര്‍ഗമാണത്. ആരെയും വ്യക്തിപരമായി ആക്രമിക്കുക അതിന്റെ ലക്ഷ്യമല്ല''. (ദേശാഭിമാനി ഒക്ടോ. 26. 2004).

എം.പി. പരമേശ്വരന്റെ മൂന്നാംവരവില്‍ പക്ഷേ, അങ്ങനെ ഒരാശങ്ക പാര്‍ട്ടിക്കില്ല. വലതുപക്ഷ വ്യതിയാനം എന്ന പാര്‍ട്ടിയുടെ അന്നത്തെ വിലയിരുത്തല്‍ തെറ്റായിരുന്നു എന്ന് നേതൃത്വത്തിനിപ്പോള്‍ ബോധ്യപ്പെട്ടിരിക്കാം. വര്‍ഗരഹിത - പാര്‍ട്ടി രഹിത, പങ്കാളിത്ത ജനാധിപത്യമെന്നത് ലോകബാങ്ക് പരിപ്രേക്ഷ്യമാണെന്ന്, സാമ്രാജ്യത്വപ്രമാണമാണ് എന്ന നിലപാട് തിരുത്തിക്കഴിഞ്ഞിരിക്കാം. നാലാം ലോകമെന്നത് പരമേശ്വരന്‍ പറയുംപോലെ മാര്‍ക്‌സിസം തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകാം.

ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യില്ലെന്ന സി.പി.എം. നേതൃത്വത്തിന്റെ നാട്യവും അവകാശവാദവും എത്ര പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു രാഷ്ട്രീയവിദ്യാര്‍ഥി എന്ന നിലയില്‍ ഇവിടെ ചെയ്തത്. എം.പി. പരമേശ്വരന്റെ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും ഈ നിരീക്ഷണത്തില്‍ പ്രസക്തമല്ല. വിശേഷിച്ച് അഭിമുഖത്തില്‍ഈ ലേഖകനെക്കുറിച്ചു നടത്തിയ പരാമര്‍ശമടക്കമുള്ള വിഷയങ്ങളില്‍ അവ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു.

Tuesday, September 29, 2009

കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം

കല്ലേറുകള്‍ക്കിടയിലെ മാധ്യമധര്‍മം
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ (17 സെപ്തംബര്‍ 2009, മാതൃഭൂമി)

മാ ധ്യമങ്ങളുടെ ചുമതലയും ഇടപെടലും ബോധ്യപ്പെടുത്തിയ രണ്ട്‌ സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. രൂക്ഷമായ വരള്‍ച്ചയുടെ കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ ചെലവ്‌ പരമാവധി ചുരുക്കാന്‍ തീരുമാനമെടുത്ത യു.പി.എ. സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രിമാര്‍ പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നതിന്റെ വൈരുദ്ധ്യം ഒരു പത്രം പുറത്തുകൊണ്ടുവന്നു. ലക്ഷങ്ങളുടെ കുടിപാര്‍പ്പ്‌ ഉടന്‍ തന്നെ അവസാനിപ്പിക്കാന്‍ സഹപ്രവര്‍ത്തകരോട്‌ ആവശ്യപ്പെട്ടതായി ധനമന്ത്രി പത്രസമ്മേളനം വിളിച്ച്‌ അറിയിച്ചു. കോടിക്കണക്കില്‍ രൂപ ചെലവിട്ട്‌ യു.പി. സര്‍ക്കാര്‍ നടത്തിവരുന്ന പ്രതിമാനിര്‍മാണം സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നിട്ടും സര്‍ക്കാര്‍ രഹസ്യമായി അതുതുടരുന്ന വിവരം 'ദി ഹിന്ദു' അടക്കമുള്ള ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. സുപ്രീംകോടതി സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവ്‌ അത്‌ തടഞ്ഞു.

എന്നാല്‍ ഇതേ ദിവസങ്ങളില്‍ തന്നെയാണ്‌ കേരളത്തില്‍ ചില ഭാഗത്തുനിന്ന്‌ അതിരൂക്ഷമായ വിമര്‍ശം മാധ്യമങ്ങള്‍ക്ക്‌ നേരെ ഉയര്‍ന്നത്‌.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതക കേസ്‌ മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന്‌ ആഭ്യന്തരമന്ത്രി. അത്തരം മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ മടിക്കുന്നതെന്തിനെന്ന്‌ ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിയുടെ സെക്രട്ടറി. പോലീസ്‌ അന്വേഷണത്തിന്‌ സമാന്തരമായി മാധ്യമ അന്വേഷണം പാടില്ലെന്ന്‌ ചില മാധ്യമ വിശാരദന്മാര്‍. പത്രങ്ങള്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന്‌ മറ്റു ചിലര്‍. കേസിലെ മാധ്യമ വിചാരണയ്‌ക്കെതിരെ ഒരു ഘട്ടത്തില്‍ ഹൈക്കോടതിയുടെ പോലും പ്രതികരണം.

ക്രിമിനല്‍ നീതിനിര്‍വഹണം സ്വതന്ത്രമായിരിക്കണമെന്ന കാര്യത്തില്‍ ആരും വിയോജിക്കില്ല. ബാഹ്യഇടപെടലുകളില്ലാത്ത പോലീസ്‌ അന്വേഷണം, പ്രതികള്‍ക്ക്‌ മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തും വിധം കുറ്റമറ്റ പ്രോസിക്യൂഷന്‍, ബാഹ്യ സ്വാധീനങ്ങള്‍ക്ക്‌ ഇടവരാത്ത ക്രിമിനല്‍ നീതിനിര്‍വഹണം - ഇതാണ്‌ നിയമവാഴ്‌ചയുടെ ശരിയായ വഴി. അങ്ങനെ വരുമ്പോള്‍ നീതിനിര്‍വഹണ പ്രക്രിയയുടെ വിവരങ്ങള്‍ അതത്‌ ഘട്ടത്തില്‍ ജനങ്ങളെ അറിയിക്കുക എന്നതുമാത്രമായിരിക്കും മാധ്യമങ്ങളുടെ ജോലി എന്നതും ശരിതന്നെ. എന്നാല്‍ കേസന്വേഷണം മുതല്‍ ക്രിമിനല്‍ നീതിനിര്‍വഹണം പാളം തെറ്റിക്കുന്നു എന്നുവന്നാല്‍ മാധ്യമങ്ങള്‍ക്ക്‌ ഇടപെടേണ്ടി വരും. മറച്ചു പിടിക്കുന്നതെന്തോ അത്‌ കണ്ടുപിടിച്ച്‌ സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമായി ജനിച്ചവയാണ്‌ മാധ്യമങ്ങള്‍. പോലീസിന്റെ അജന്‍ഡയില്‍ രൂപപ്പെട്ട നീതിനിര്‍വഹണം വഴിതെറ്റിയതിന്‍േറയും തുടര്‍ന്നുണ്ടായ മാധ്യമ ഇടപെടലുകളുടേയും ചരിത്രം നീണ്ടതാണ്‌. അവ വിസ്‌മരിച്ച്‌ മാധ്യമങ്ങളെ പ്രതിക്കൂട്ടിലേക്ക്‌ അടിച്ചുകയറ്റുന്നത്‌ ചോദ്യം ചെയ്യേണ്ടിവരും.

ഇപ്പോഴും കരപറ്റിയിട്ടില്ലാത്ത അഭയകേസിന്റെ ഒന്നരപതിറ്റാണ്ടിലേറെയായ അനുഭവചരിത്രം നമ്മുടെ മുമ്പിലുണ്ട്‌. 1970 ഫിബ്രവരി 18-ന്‌ തിരുനെല്ലി കാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ്‌ കൊല്ലപ്പെട്ടെന്ന്‌ കേരളത്തിലെ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌തു. വര്‍ഗീസിനെ പോലീസ്‌ വെടിവെച്ചുകൊന്നതാണെന്ന്‌ വിളിച്ചുപറഞ്ഞത്‌ രണ്ടേരണ്ടു പത്രങ്ങള്‍. 'ദേശാഭിമാനി'യും തായാട്ട്‌ ശങ്കരന്‍ പത്രാധിപരായിരുന്ന 'വിപ്ലവം' എന്ന കോഴിക്കോടന്‍ പത്രവും. തായാട്ടിന്‌ പത്രാധിപസ്ഥാനം രാജിവെക്കേണ്ടി വന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം പോലീസ്‌ കോണ്‍സ്റ്റബിള്‍ പി. രാമചന്ദ്രന്‍ നായര്‍ നീതിപീഠത്തിനു മുമ്പില്‍ സത്യം വെളിപ്പെടുത്തി -കേരളം ഞെട്ടി.

രാജന്‍ കേസില്‍ അന്നത്തെ പോലീസ്‌ മേധാവികളും ആഭ്യന്തരമന്ത്രി കരുണാകരനും ഈച്ചരവാര്യരുടെ മകന്‍ രാജനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും കക്കയം ക്യാമ്പ്‌ തന്നെ ഉണ്ടായിരുന്നില്ലെന്നും ഹൈക്കോടതി മുമ്പാകെ സത്യവാങ്‌ മൂലം നല്‍കി. അതിന്റെ അടുത്ത ദിവസങ്ങളിലാണ്‌ രാജന്റെ കൊലപാതകവും കക്കയം ക്യാമ്പ്‌ സംബന്ധിച്ച അന്വേഷണ പരമ്പര ഈ ലേഖകനെഴുതിയത്‌. ഇന്നത്തെ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള യുവജനപ്രസ്ഥാനമാണ്‌ അന്നത്തെ ആഭ്യന്തരവകുപ്പിനേയും പോലീസ്‌ അന്വേഷണത്തേയും തള്ളിപ്പറഞ്ഞ്‌ ഈച്ചരവാര്യരുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ കാല്‍നട ജാഥ നടത്തിയത്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഒരു ഇരയുടെ നാടകീയമായ രംഗപ്രവേശവും മാധ്യമ ഇടപെടലുകളും മറക്കാറായിട്ടില്ല. യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പതനത്തിനും എല്‍.ഡി.എഫ്‌. സര്‍ക്കാരിന്റെ ഉദയത്തിനും അന്നത്തെ മാധ്യമ വിചാരണ എല്‍.ഡി.എഫ്‌. ഫലപ്രദമായി ഉപയോഗപ്പെടുത്തി. ബെസ്റ്റ്‌ ബേക്കറി കേസില്‍ സത്യം തെളിയിക്കാന്‍ തീസ്‌ത സെത്തല്‍വാദും മറ്റും നടത്തിയപോരാട്ടവും അതിന്‌ പത്രങ്ങളും സുപ്രീംകോടതി പോലും നല്‍കിയ പിന്തുണയും സാഹിറ ഷെയ്‌ഖിന്റെ കൂറുമാറ്റവും സമീപകാല സംഭവങ്ങളാണ്‌. പോലീസിന്റെ വിശുദ്ധിയും സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതാക്കളുടേയും നിഷ്‌പക്ഷതയും കണ്ണടച്ച്‌ വിശ്വസിക്കാതിരിക്കാന്‍ ഈ അനുഭവങ്ങള്‍ ചരിത്രത്തില്‍ മുന്നറിയിപ്പാകുന്നു.

യു.ഡി.എഫ്‌. മാറി എല്‍.ഡി.എഫ്‌. വന്നാല്‍ ക്രിമിനല്‍ നീതിനിര്‍വഹണം കാര്യക്ഷമവും സംശുദ്ധമാകുമെന്നും നാളെ എല്‍.ഡി.എഫിന്‌ പകരം യു.ഡി.എഫോ ബി.ജെ.പി.യോ അധികാരമേറ്റാല്‍ നിയമവാഴ്‌ച പൂത്തുലയുമെന്നും സത്യത്തില്‍ ആരും കരുതുന്നില്ല. അതുകൊണ്ടു തന്നെ മാധ്യമങ്ങള്‍ക്ക്‌ കാവല്‍ നായ്‌ക്കളുടെ ജാഗ്രത കൂടിയേതീരൂ, സ്വാതന്ത്ര്യവും. എന്നാല്‍ മാധ്യമങ്ങള്‍ക്ക്‌ ചങ്ങലയും മുഖംമൂടിയും നിക്ഷിപ്‌ത താത്‌പര്യങ്ങളും അപക്വതയും ഒട്ടുമില്ലെന്ന ധാരണയിലല്ല ഈ പ്രതീക്ഷ. എന്തൊക്കെ പരിമിതികള്‍ ഉണ്ടെങ്കിലും മാധ്യമങ്ങളുടെ കണ്ണും വെളിച്ചവുമില്ലാത്ത ലോകം എന്താണെന്ന്‌ ഊഹിക്കാവുന്നതുകൊണ്ടാണ്‌ ഈനിലപാട്‌.

മുംബൈ അധോലോകത്തെ ഒന്നരപ്പതിറ്റാണ്ട്‌ കാലത്തെ മാഫിയ വളര്‍ച്ചയെ സംബന്ധിച്ച്‌ ലിസ വെയ്‌ന്‍സ്‌റ്റീന്‍ നടത്തിയ പഠനമുണ്ട്‌. കള്ളക്കടത്തിന്റെ ആ ലോകം ഉദാരീകരണവുമായി ബന്ധപ്പെട്ട്‌ മാഫിയയായി വളര്‍ന്നതിനെപ്പറ്റി. അതിലേക്ക്‌ നയിച്ച നഗരവികസനവും റിയല്‍ എസ്റ്റേറ്റും ഭൂവികസനവുമായുള്ള സുദൃഢബന്ധത്തെക്കുറിച്ച്‌. രാഷ്ട്രീയക്കാരും പോലീസും ബ്യൂറോക്രാറ്റും ക്രിമിനലുകളും ചേര്‍ന്നുള്ള മുന്നണി നിലവില്‍ വന്നതിനെപ്പറ്റി. ഈ ക്രിമിനല്‍ വ്യവസായമാണ്‌ റിയല്‍ എസ്റ്റേറ്റും ഭൂബാങ്കുകളുമായി ബന്ധപ്പെട്ട്‌ 2000-ത്തോടെ കേരളത്തിലും വ്യാപകമായത്‌. ഈ സമാന്തര ക്രിമിനല്‍ വ്യവസായത്തില്‍ നിന്നും ഭരണകൂട്ടുകെട്ടില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ കേരളത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍.

പോള്‍ എം. ജോര്‍ജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ കേരളം കണ്ടത്‌ പുതിയ ക്രിമിനല്‍ ലോകത്തിന്റെ ഈ സാന്നിധ്യമാണ്‌. സമകാലിക കേരളാവസ്ഥ എന്താണെന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ്‌ തുടര്‍ന്ന്‌ പുറത്തുവന്ന മാഫിയാബന്ധങ്ങളുടെ വിവരങ്ങള്‍. മാധ്യമവിചാരണയും വിവാദവും കൊഴുപ്പിച്ചത്‌ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ തന്നെയാണ്‌. കേസിലെ സത്യം പുറത്തു കൊണ്ടുവരാനാണെന്ന്‌ പരസ്‌പരം അവകാശപ്പെട്ട്‌. മാധ്യമ വിചാരണയെപ്പറ്റി ആവലാതിപ്പെടുന്നവര്‍ തന്നെയാണ്‌ അതിന്‌ തുടക്കം കുറിച്ചത്‌. എസ്‌ കത്തിയും ആര്‍.എസ്‌.എസ്സും വലിച്ചിടുക മാത്രമല്ല അവരെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ മാധ്യമങ്ങളോട്‌ നിര്‍ദേശിക്കുകപോലും ചെയ്‌തു. മന്ത്രിപുത്രന്‍ ആരാണെന്ന്‌ വെളിപ്പെടുത്തണമെന്നും. പ്രതിപക്ഷവും അവരുടെ ആവനാഴിയിലുള്ള എല്ലാ മലിനാസ്‌ത്രങ്ങളും തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്തെന്ന പോലെ നിര്‍ബാധം ഉപയോഗിച്ചു. പോലീസിനേയും പോലീസ്‌ മന്ത്രിയേയും സംരക്ഷിക്കാന്‍ മാത്രമായിരുന്നെങ്കില്‍ പാര്‍ട്ടി സെക്രട്ടറി രംഗത്തുവരേണ്ടിയിരുന്നില്ല. പ്രതിപക്ഷം തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ലല്ലോ പോലീസിന്‍േറയും ആഭ്യന്തരമന്ത്രിയുടേയും. എല്ലാ സീമകളും കടന്ന്‌ രാഷ്ട്രീയ കക്ഷി നേതാക്കളെ പ്രത്യേകം തിരഞ്ഞുപിടിച്ച്‌ വെല്ലുവിളിക്കുകയും പരസ്‌പര ആരോപണത്തിന്റെ മാലിന്യം കോരിയൊഴിക്കുകയും ചെയ്യുന്നു. എന്തൊരു രാഷ്ട്രീയ മലിനീകരണം.

കൊല്ലപ്പെടുന്ന ആളുടെയോ പ്രതിയായി പോലീസ്‌ കണ്ടെത്തിയ ആളുകളുടെയോ പൂര്‍വകാലചരിത്രമല്ല ക്രിമിനല്‍ നീതി നിര്‍വഹണത്തിലെ നിര്‍ണായക ഘടകങ്ങള്‍. കൊലപാതകവുമായി ബന്ധപ്പെട്ട പങ്കാളിത്തവും തെളിവുമാണ്‌. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ മാന്യതയേയും സ്വകാര്യതയേയും തകര്‍ക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്‌ മാന്യതയല്ല. തെളിവുകളുടെയോ സംശയത്തിന്റെ ആനൂകൂല്യത്തിലോ പ്രതികളെ ശിക്ഷിക്കുകയോ വിട്ടയയ്‌ക്കുകയോ ചെയ്യേണ്ടത്‌ കോടതിയാണ്‌. ഈ വിശേഷാല്‍ അധികാരം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ കവര്‍ന്നുകൂടാ. അവ പാലിക്കാന്‍ ബാധ്യത ഭരണകക്ഷി നേതാക്കള്‍ക്കാണ്‌.

ഭരണ രാഷ്ട്രീയക്കാര്‍ക്ക്‌ ഇഷ്‌ടപ്പെടാത്ത തെളിവുകള്‍ മാധ്യമങ്ങളില്‍ വന്നതോടെ ഉണ്ടായ പ്രകോപനം വ്യക്തമാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം എന്നപാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം റിപ്പോര്‍ട്ടുകളുടെ പേരില്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ പോലീസ്‌ നോട്ടീസ്‌ നല്‍കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം വരെയെത്തി. ഇതുസംബന്ധിച്ച തമിഴ്‌നാട്‌മാതൃക എന്തായാലും പത്രസ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള നീക്കമായി അത്‌. യഥാര്‍ഥത്തില്‍ പോലീസിന്റെയും മാധ്യമങ്ങളുടെയും കേസന്വേഷണങ്ങള്‍ പരസ്‌പരപൂരകമാകേണ്ടതാണ്‌. പൊതുജന താത്‌പര്യത്തിന്‌ വേണ്ടത്ര വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കുക, തെളിവുകളെ ബാധിക്കാവുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരാതെ നോക്കുക, അങ്ങനെ മാധ്യമങ്ങളെ ഫലപ്രദമായി സഹകരിപ്പിച്ചും ഉപയോഗപ്പെടുത്തിയും കൊണ്ടുപോകലാണ്‌ പോലീസ്‌ അന്വേഷണത്തിലെ യഥാര്‍ഥ മിടുക്ക്‌. അന്വേഷണം തകര്‍ക്കാനും മാഫിയകളേയും ഗുണ്ടകളേയും സഹായിക്കാനും കേരളത്തിലെ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞു എന്ന്‌ ആരുപറഞ്ഞാലും ജനങ്ങള്‍ തത്‌കാലം വിശ്വസിക്കില്ല.

ലോകത്തിന്‌ മാതൃകയായ ലണ്ടന്‍ പോലീസിന്റെ ഗവേഷണ-വികസന വിഭാഗം ഡയറക്ടറേറ്റ്‌ പ്രസിദ്ധീകരിച്ച പഠനരേഖ നമ്മുടെ പോലീസ്‌ മേധാവികളുടേയും രാഷ്ട്രീയ സാരഥികളുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്‌: ''പ്രമാദമായ പല കേസന്വേഷണങ്ങളും വലിയ തോതില്‍ മാധ്യമ താത്‌പര്യം ആകര്‍ഷിക്കുന്നവയാണ്‌. ഫലപ്രദമായി കൈകാര്യം ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങള്‍ അന്വേഷണത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കും. പൊതുജനങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ നല്‍കുന്ന ഒരുകുഴല്‍ പോലെ. അന്വേഷണത്തിന്റെ പൂട്ടുകള്‍ തുറക്കുന്ന നിര്‍ണായക തെളിവുകള്‍ മാധ്യമങ്ങള്‍ നല്‍കിയ നിരവധി ഉദാഹരണങ്ങളുണ്ട്‌. വിശാലമായ അര്‍ഥത്തില്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച പൊതുജന കാഴ്‌ചപ്പാടും പോലീസ്‌ സേവനവും ക്രിമിനല്‍ നീതിനിര്‍വഹണ സംവിധാനവും വിശാലമായി രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക്‌ സുപ്രധാന പങ്കുണ്ട്‌. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഭീതി തന്നെ മാധ്യമങ്ങള്‍ തുടച്ചുനീക്കും.''

പ്രമാദമായ കേസന്വേഷണങ്ങളില്‍ ഉന്നത അന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മാധ്യമങ്ങളുടെ ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തണമെന്നാണ്‌ ലണ്ടന്‍ പോലീസിന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിലൊന്ന്‌. സഹകരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും പോകട്ടെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും പോലീസിനെ ഉപയോഗിച്ച്‌ പ്രതികള്‍ക്കൊപ്പം ജയിലിലടയ്‌ക്കുകയും ചെയ്യേണ്ടതാണ്‌ എന്ന ചിന്ത നമ്മുടെ ഭരണക്കാരെ ഇവിടെ നയിക്കുന്നു. ആ ഫാസിസ്റ്റ്‌ പ്രവണതയാണ്‌ തലനീട്ടുന്ന വലിയ അപകടം -ചെറുക്കപ്പെടേണ്ടതും.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)