Showing posts with label ആണവക്കരാര്‍. Show all posts
Showing posts with label ആണവക്കരാര്‍. Show all posts

Saturday, August 2, 2008

അപ്പോള്‍,എന്താണ്സാര്‍, മിതവാദം?

അപ്പോള്‍,എന്താണ്സാര്‍, മിതവാദം? / ബാബര്‍, തേജസ് ദൈവാരിക, ആഗസ്റ്റ്


പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് ബ്രിഗേഡ് എന്ന് എന്‍. ഡി. എഫുകാരെ മുസ്്ലിംസമൂഹത്തിന്റെ പ്രതീക്ഷയായ ഒരു യുവ ബുദ്ധിജീവി വിശേഷിപ്പിക്കുകയും, മുസ്്ലിം യുവത കോഴിക്കോട് കടപ്പുറത്തു സമ്മേളിച്ച് ആണവകരാര്‍, ഹിന്ദുത്വഫാഷിസം, ആഗോളതാപനം, ജോര്‍ജ് ബുഷ് തുടങ്ങിയ മാരകവിപത്തുകളെക്കാള്‍ അപകടകരം പ്രബോധിത സമൂഹത്തെ പ്രകോപിപ്പിക്കുന്ന തീവ്രവാദമാണെന്നു മൂന്നു പ്രാവശ്യം ചൊല്ലുകയും ചെയ്തതോടെ കേരളം സമാധാനത്തിന്റെ പാതയില്‍ പൂര്‍വാധികം ഉത്സാഹത്തോടെ സഞ്ചരിക്കുകയായിരുന്നുവെന്ന കാര്യം മാന്യവായനക്കാര്‍ക്കറിയാമല്ലോ. പ്രൈവറ്റ് ബ്രിഗേഡിനെ മാറ്റി സ്വയം തന്നെ ലീഗ് നേതാക്കളുടെ കുശിനിക്കാരായി മാറിയതോടെ മതിയായ കാലറി, കൃത്യമായ അളവില്‍ യുക്തമായ സമയത്ത് സമുദായത്തിനു ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുള്ളതും എടുത്തുപറയേണ്ട കാര്യമാണ്.
മൂലധനം, കമ്മ്യൂണിസ്റ് മാനിഫെസ്റോ, എയ്റ്റീന്‍ത് ബ്രുമേര്‍ ഓഫ് ലൂയി ബോണപ്പാര്‍ട്ട് തുടങ്ങിയ വിധ്വംസകകൃതികള്‍ക്കു ശേഷം മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ കൊണ്ടുവന്ന ഏഴാംക്ളാസ് സാമൂഹ്യശാസ്ത്രം പിന്‍വലിക്കുന്നതിനുവേണ്ടി ചരിത്രപ്രസിദ്ധമായ സമരം നടത്തുന്ന സമിതിയിലും പുസ്തകത്തില്‍ ഭേദഗതി നടത്തിയാല്‍ മതി എന്ന തിരുത്തല്‍വാദപരമായ സമീപനമുള്ള വിദഗ്ധ സമിതിയിലും പങ്കെടുത്ത് ഒരേയവസരം മുസ്്ലിം പോരാട്ടത്തെയും ബഹുസ്വരസമൂഹത്തെയും സുഖിപ്പിച്ചുനിര്‍ത്തുന്ന സാഹസികമായ പ്രവര്‍ത്തനവും ഇത്തരം സമാധാനപരവും സര്‍ഗാന്മുഖവുമായ നീക്കങ്ങള്‍ക്കു വലിയ പ്രോത്സാഹനമായിരുന്നു . എന്‍.ഡി.എഫുകാരാണെങ്കില്‍ ഈ ശാന്തിപര്‍വത്തിന്റെ രചയിതാക്കള്‍ നീതിയും നിഷ്പക്ഷതയും പാലിക്കുമെന്ന പ്രതീക്ഷയില്‍ കൃതാര്‍ഥരായി നില്‍ക്കുകയും മലബാര്‍ അവഗണനയ്ക്കെതിരേ അവരുടെ കുട്ടികള്‍ ചില പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഡി. ഡി.ഇ. ഓഫിസില്‍ കയറി കസാല മറിച്ചിടുകയും ഫയലുകള്‍ വാരിവലിച്ചിടുകയും ചെയ്യുകയെന്ന സമരരീതി അവര്‍ തീവ്രവാദ പുസ്തകം നോക്കി പകര്‍ത്തിയതായിരുന്നില്ല. ജനാധിപത്യപരവും പ്രബോധിതസമൂഹത്തെ ഒട്ടും പ്രകോപിപ്പിക്കാത്തതും ദശാബ്ദങ്ങളിലൂടെ പരിപൂര്‍ണമാക്കപ്പെട്ടതും എസ.്എഫ്.ഐ, ഡി.വൈ.എഫ്.ഐ. തുടങ്ങിയ വിപ്ളവസംഘടനകള്‍ മാസം തോറും നടത്തിവരുന്നതുമായ ഒരു സമരരീതി. എന്നാല്‍ കാംപസ് ഫ്രണ്ടുകാര്‍ക്കൊണ്േടാ ലോകം തിരിയുന്നു! മാതൃഭൂമി, ചന്ദ്രിക, ദേശാഭിമാനി തുടങ്ങിയ നിഷ്പക്ഷ പത്രങ്ങള്‍ മാത്രമല്ല, കണ്ടുനില്‍ക്കാതെ ഇടപെടുന്ന സത്യസാക്ഷികള്‍ വരെ അതിനെതിരേ ആഞ്ഞടിച്ചു. ചിലര്‍ അഴിഞ്ഞാട്ടത്തെക്കുറിച്ച് പരമ്പര എഴുതിയില്ലെന്നേയുള്ളൂ. മാതൃഭൂമി ഫയല്‍ വലിച്ചെറിയുന്ന കാട്ടുരീതി അഫ്ഗാനിസ്താനില്‍ നിന്നു നേരിട്ടിറക്കുമതി ചെയ്ത രാജ്യദ്രോഹപരമായ ഒരു നടപടിയായി പരിഹസിച്ചപ്പോള്‍ ചന്ദ്രിക പുതുപ്പാടി ചുരത്തിനപ്പുറത്തും ഇപ്പുറത്തും നിന്നും ചുരമാന്തി അക്രമാസക്തമായ ഇത്തരം പ്രവര്‍ത്തിനെതിരേ പല ഫോണ്ട് സൈസുകളിലും പരിഹാസവും വിമര്‍ശനവും നിരത്തി. ചില്ലറ നസീബ് കാംപസ് ഫ്രണ്ടുകാര്‍ക്കുമുണ്ടല്ലോ. അതിനാല്‍ യൂത്ത് ലീഗിന്റെ അധ്യക്ഷന്‍ അതിനെതിരേ സംസ്ഥാനാന്തര ഗോളാന്തരയാത്ര നടത്തിയില്ല. ഡോ. എം.കെ. മുനീര്‍ ഫയലുകളുടെ സ്ഥാനഭ്രംശത്തിനെതിരേ സംഘഗാനം പാടാതിരുന്നതും അവര്‍ക്കു വലിയൊരു ആശ്വാസമായിട്ടുണ്െടന്ന് ഉപശാലാ വൃത്തങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഇതിനിടെ ദുരന്തങ്ങള്‍ ചിലതുണ്ടായി. കാംപസ് ഫ്രണ്ടുകാരുടെ പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റത്തിന് ഇരിട്ടിയിലെ സൈനുദ്ദീന്‍ എന്ന യുവാവിനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊന്നു; കേരളത്തെ പിടിച്ചുകുലുക്കേണ്ട കിരാതമായ കൊല. പണ്ടു കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മുസ്്ലിംസമുദായ നേതൃത്വം ഒഴുക്കിയ കണ്ണീര്‍ കാരണം വളപട്ടണം പുഴ തന്നെ നിറഞ്ഞൊഴുകിയിരുന്നു. പാണക്കാട്ട് നിന്ന് തങ്ങന്‍മാര്‍, മേരിക്കുന്നില്‍ നിന്ന് അമീറുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മൌലവിമാര്‍, മുസ്്ലിയാന്‍മാര്‍ എന്നിവരൊക്കെ മതപരിവര്‍ത്തന സാധ്യതയുള്ള പ്രബോധിത സമുദായത്തിലെ ഒരു പ്രതിനിധി അകാലചരമമടഞ്ഞതില്‍ സങ്കടപ്പെട്ടു. പരലോകത്ത് അയാള്‍ക്കു പാപമോക്ഷത്തിനും ദൈവികസംതൃപ്തിക്കും വേണ്ടി കൂട്ടമായി പ്രാര്‍ഥിച്ചു. അതൊരു വികാരപ്രകടനം ആയിരിക്കുമെന്നു കുറ്റപ്പെടുത്താന്‍ വെമ്പിനില്‍ക്കുന്നവരെ മൌനികളാക്കിക്കൊണ്ടു പിന്നീട് തിരൂരില്‍ ഒരു ആര്‍.എസ്.എസുകാരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ സമാധാനത്തിന്റെ വെള്ളപ്രാക്കളിലൊരാള്‍ പോയി അയാളുടെ ഭാര്യയെ ദുഃഖം അറിയിക്കുകയും ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മണിപ്രവാളം രചിക്കുകയും ചെയ്തു. അപ്പോള്‍ പ്രബോധന സമുദായത്തില്‍ ഒരു യുവാവ് കൊലചെയ്യപ്പെടുമ്പോള്‍ സാന്ത്വനത്തിന്റെ ഗംഗാപ്രവാഹവുമായി നേതൃനിര ഇരിട്ടിയിലെ വിളക്കോട് ഗ്രാമത്തിലെത്തുമെന്ന് 'തീവ്രവാദിവിഭാഗം' കരുതിയതാണ്. കാര്യങ്ങള്‍ നേരെ വാ നേരെ പോ മട്ടുകാര്‍ക്ക് വിവേകമുണ്േടാ? ആറ്റിയും കുറുക്കിയും ഹോമിയോ മരുന്നുപോലെ അവസാന തന്മാത്രയാകുന്നതുവരെ വിശ്ളേഷണം ചെയ്തുമാണ് വിവേകശാലികള്‍ പ്രവര്‍ത്തിക്കുക. കഥയിലെ ചാണകം ചാടിയ പണിക്കരെപ്പോലെ എന്തുമാലോചിച്ചേ അവര്‍ ചെയ്യൂ. മഹല്ല് തിരഞ്ഞെടുപ്പ് തൊട്ട് ലോകസഭാ തിരഞ്ഞെടുപ്പു വരെ അതാണു രീതി. അതില്‍ അനീതിയും പക്ഷപാതവും കാണുന്ന തല്ലുപാര്‍ട്ടികള്‍ക്ക് കൃത്യമായ ലോകവീക്ഷണവും ദൌത്യബോധവും ഇല്ലെന്നു പരിതപിക്കാനേ പറ്റൂ.
നോക്കൂ, അവരുടെ വിവേകവും പ്രത്യുല്‍പ്പന്നമതിത്വവും! മലബാര്‍ മേഖലയില്‍ പത്താംതരം ജയിച്ച കുട്ടികള്‍ പ്ളസ്വണ്ണിന് സീറ്റില്ലാതെ മരം കേറിയും മീന്‍പിടിച്ചും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തും നടക്കുമ്പോള്‍ പാലായിലെ നായരും നസ്രാണിയും സീറ്റ് വേണോ സീറ്റ് എന്നു ചോദിക്കുന്ന അവഗണനയ്ക്കെതിരേ അവര്‍ ഒന്നിച്ചുകൂടി.സംസ്ഥാനമൊന്നാകെ കാട്ടുതീ പോലെ (സോറി, മന്ദമാരുതന്‍ പോലെ) വ്യാപിക്കുന്ന ഒരു സമരപ്രഖ്യാപനവുമായിട്ടാണ് മുസ്്ലിംലീഗും അവരുടെ പോഷകസംഘടനകളും പോഷകസംഘടനകളാവാന്‍ ചലാനടച്ച് കാത്തിരിക്കുന്നവരും പിരിഞ്ഞത്. മുതിര്‍ന്നവരുടെ ഇച്ഛാശക്തി കണ്ട് പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ സങ്കടപ്പെട്ടു കാണും. സീറ്റില്ലാത്ത കാരണം മൊബൈല്‍ ഫോണില്‍ സംസാരിച്ചും മോട്ടോര്‍ ബൈക്കില്‍ ഫുള്‍ടാങ്കടിച്ച് ഓടിച്ചും സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പണിക്ക് പകരം പഴയതോ പുതിയതോ ആയ പെഡഗോജി പഠിക്കേണ്ടിവരുമായിരുന്നു അവര്‍. എന്നാല്‍ അതിനിടക്കല്ലേ, മാര്‍ക്സിസ്റ് ഒളിയജണ്ട പാട്ടബാക്കി പോലെ വന്നുകയറിയത്; മലബാര്‍ അവഗണനയ്ക്കെതിരേയുള്ള സമരത്തിന്റെ അപകടം ചില ബുദ്ധിശാലികള്‍ തിരിച്ചറിഞ്ഞത്. വഖ്ഫ് ഭൂമികള്‍ അന്യാധീനപ്പെട്ടതിനെതിരേ നയിക്കുന്ന സമരം പോലെ, അത് സ്വന്തം തലയില്‍ത്തന്നെയാണ് വന്നുപതിക്കുക എന്ന വിവേകം വൈകിയുദിച്ചത്. സി.എച്ച്. മുഹമ്മദ്കോയ തൊട്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ വരെയുള്ളവര്‍ വിദ്യാഭ്യാസവകുപ്പ് ഭരിച്ച മഹാരഥന്‍മാരില്‍ പെടും. പി. ജെ. ജോസഫിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ക്കും ചെയ്യാന്‍ പറ്റുമായിരുന്നില്ലേ എന്നു ചോദിക്കുന്ന പിള്ളേരാണ് വളര്‍ന്നുവന്നിരിക്കുന്നത്. ഏഴാം ക്ളാസ് പുസ്തകമാണെങ്കില്‍ ക്ളസ്റര്‍ ബോംബ് പോലെ പൊട്ടിയും പൊട്ടാതെയും നില്‍ക്കുന്ന ഒന്ന്.
അതിനാല്‍ യൂത്ത് ലീഗും എം.എസ്.എഫും തെരുവിലിറങ്ങിയതില്‍ കുറ്റം പറയാനില്ല. എത്രയും മര്യാദയോടെയാണ് അവര്‍ തീക്കുണ്ഡങ്ങളിലേക്ക് പുസ്തകങ്ങള്‍ എറിഞ്ഞത്. തീ കത്തിപ്പിടിച്ചപ്പോള്‍ ചിലര്‍ ആവേശത്താല്‍ സിനിമാറ്റിക് ഡാന്‍സ് നടത്തിയെന്നതിലും ബഹുസ്വര സമൂഹത്തെ രോഷം കൊള്ളിക്കുന്നതൊന്നുമില്ല. റിയാലിറ്റി ഷോയില്‍ വരെ പങ്കെടുക്കാന്‍ കെല്‍പ്പും ശേഷിയും പ്രതിഭാവിലാസവുമുള്ള പുതിയാപ്പിളമാര്‍ പാര്‍ട്ടി നേതൃതലത്തില്‍ തന്നെ ധാരാളമുണ്ട്. അത്തരം ദഹനങ്ങള്‍ പ്രാകൃത മതാവേശമാണെന്ന് എതിരാളികള്‍ പറയും, അതെന്തിന് ഗൌനിക്കണം! കല്‍പ്പകഞ്ചേരിയില്‍ ക്ളസ്റര്‍ മീറ്റിങില്‍ എത്തിയ അധ്യാപകനെ എത്ര തന്മയത്വത്തോടെയാണ് സര്‍}ഞങ്ങള്‍ കൈകാര്യം ചെയ്തത്! ആദ്യം ചെറുകല്ലുകള്‍ കൊണ്ട് എറിഞ്ഞപ്പോള്‍ അവിടെ നില്‍ക്കുന്നതിനു പകരം അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നെ അയാളെ വളഞ്ഞുപിടിച്ചു പാഠപുസ്തകത്തിലെ തെറ്റുകള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മതിയാവുന്ന ബലപ്രയോഗം നടത്തി. ഇത് പോലിസ് മാന്വല്‍ വരെ അംഗീകരിക്കുന്നതാണ്. വാലില്ലാപ്പുഴയിലെ കൊല്ലപ്പെട്ട അധ്യാപകനെ തങ്ങള്‍ക്കുവേണമെങ്കില്‍ മടവാള്‍ കൊണ്ട് വെട്ടിയോ ബോംബെറിഞ്ഞോ കൊല്ലാമായിരുന്നു. ഉസ്താദുമാരെ ബഹുമാനിക്കുന്ന കൂട്ടത്തിലായതിനാല്‍ വളഞ്ഞിട്ട് സമരലക്ഷ്യങ്ങള്‍ അയാളെ ധരിപ്പിക്കുകയായിരുന്നു. പത്തുവയസ്സു കഴിഞ്ഞാല്‍ പഠിപ്പിക്കുന്നതിന് അടിയാവാമെന്നു കര്‍മകാസ്ത്രം തന്നെ പറയുന്നുണ്ട്. അടി മുഖത്താവരുതെന്നേയുള്ളു. പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ അടിയേറ്റാണ് മരണം എന്നൊക്കെ എഴുതിയെന്നിരിക്കും. രാഷ്ട്രീയപ്രചോദിതമായി എഴുതുന്ന അത്തരം രേഖകള്‍ സമാധാനപരമായ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. പാഠപുസ്തകം കുട്ടികള്‍ പഠിച്ചിരുന്നുവെങ്കില്‍ അതിനേക്കാള്‍ വലുതാവുമായിരുന്നു അനര്‍ഥം. ചാന്നാര്‍ ലഹള തൊട്ട് ദലിത് പീഡനം വരെ പഠിച്ചാലുണ്ടാവുന്ന സാമൂഹികവിപ്ളവം നാല് പുസ്തകം കത്തിച്ചും വിദ്യാഭ്യാസവകുപ്പിന്റെ ആപ്പീസുകളില്‍ അഴിഞ്ഞാടിയും അധ്യാപകരെ കല്ലെറിഞ്ഞും അടിച്ചുകൊന്നും പരിഹരിക്കാമെങ്കില്‍ അതിലെന്താണ് കുഴപ്പം? അതുകൊണ്ടാണ് ഏകോപന സമിതി യോഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളൊന്നും അതൊരു വിഷയമാക്കാത്തത്; അതിനെ അഴിഞ്ഞാട്ടമോ തീവ്രവാദമോ ആലുവാ തുരുത്തിലെ ആയുധപരിശീലനമോ താലിബാനിസമോ മാഫിയാപ്രവര്‍ത്തനമോ ആയി വിശേഷിപ്പിക്കാഞ്ഞത്.
അപ്പോള്‍, ഇതിനകം തീവ്രവാദത്തിനെതിരേ പാസാക്കിയ പ്രമേയങ്ങളും വാഗ്ധോരണികളും? ആരു ചെയ്യുന്നു എന്നതാണു കാര്യം, എന്തു ചെയ്യുന്നുവെന്നതല്ല. ഇതറിയാത്ത പൊട്ടന്മാരാണല്ലോ തമ്പുരാനേ, ഇപ്പോഴും ജീവിക്കുന്നത്!
അവസാന ചിരി : മലപ്പുറത്ത് എം.എസ്.എഫുകാര്‍ പുസ്തകം കത്തിച്ചത് ധിക്കാരമെന്നു സാഹിത്യകാരനായ എം.എന്‍. കാരശ്ശേരി. പക്ഷേ, എം.എസ്.എഫുകാര്‍ അങ്ങനെ ചെയ്യാനിടയില്ലെന്നും അത് സംഘടനയില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളായിരിക്കുമെന്നും കാരശ്ശേരി. യഥാര്‍ഥ കാരശ്ശേരി എഴുന്നേറ്റുനില്‍ക്കുമോ?

ആണാവാന്‍ (ആണവമാവാന്‍) നമ്മളാര്?

ആണാവാന്‍ (ആണവമാവാന്‍) നമ്മളാര്? / കെ.ടി. ഹനീഫ്, തേജസ് ദൈവാരിക, ആഗസ്റ്റ്


അമേരിക്കയുടെ ലോകാധിപത്യമോഹം പുതിയ ഭീഷണികള്‍ നേരിടുന്നു. ഇപ്പോള്‍ അതു രാജ്യങ്ങളുടെ മുന്നണികളില്‍ നിന്നല്ല, ഒറ്റ രാജ്യങ്ങളില്‍ നിന്നാണ്. എന്നാല്‍, അവ ഏതു സമയവും രാജ്യങ്ങളുടെ മുന്നണിയായി രൂപപ്പെടാം. ലോകത്തിന് അമേരിക്കയില്ലാതെ നിലനില്‍ക്കാം. അതൊരു ചരിത്രയാഥാര്‍ഥ്യം. എന്നാല്‍, അമേരിക്കയ്ക്കു ലോകമില്ലാതെ കഴിയില്ല. അതു ലോകത്തെ വെട്ടിപ്പിടിക്കുന്നത് അമേരിക്കയായി നിലനില്‍ക്കാനാണ്. ഇത് ആദ്യം സൌഹൃദത്തിലൂടെ തുടങ്ങും. ആജ്ഞകള്‍ പിറകെ വരും. അതു പാലിക്കാന്‍ കഴിയാത്തത്ര രൂക്ഷമാകുമ്പോള്‍ യുദ്ധമുഖങ്ങള്‍ തുറക്കും. പ്രതിഷേധിക്കുന്നവര്‍ നിഷ്ഠുരമായിത്തന്നെ ദൈവത്തിന്റെയും ജനാധിപത്യത്തിന്റെയും ആധുനികതയുടെയും പേരില്‍ കീഴ്പ്പെടുത്തപ്പെടും.
ലോകത്തിന്റെ ആധിപത്യത്തിനു വേണ്ടി പ്രധാനമായും രണ്ടു ചേരിയാണു മത്സരിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും കനഡയും ആസ്ത്രേലിയും ചേര്‍ന്ന അതിശക്തമായ 'ധവള' സഖ്യം. റഷ്യയും ചൈനയും വെവ്വേറെയായി ഇതിനെതിരേ ഒറ്റയ്ക്കും മത്സരിക്കുന്നു. ഇതില്‍ ഇന്ത്യയുടെ റോള്‍ ഇവരുടെ കുശിനിയായി വര്‍ത്തിക്കുക എന്നതത്രെ. ഇവിടത്തെ സാമൂഹികഘടന അവിശ്വസനീയമാം വിധം പ്രതിലോമപരമാണ് എന്നതിനാല്‍ മുഖ്യധാരാ കളിക്കാരാനാവാന്‍ ഇന്ത്യ എടുക്കുന്ന അടവുകള്‍ പരിഹാസ്യമാവുകയേ ഉള്ളൂ.
ഇന്ത്യ റഷ്യയുമായി അടുക്കുന്നു എന്നൊരു തോന്നല്‍ സി.ഐ.എ. പടച്ചുവിടുന്നുണ്ട്. അതായത്, ഇന്ത്യയെ അമേരിക്കയുടെ ആലയില്‍ കെട്ടിയിടാന്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉപയോഗിച്ച ചങ്ങലകള്‍ കൂടുതല്‍ ബലപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തെ അടിമക്കരാര്‍.
കമ്മ്യൂണിസ്റ്റ് റഷ്യയെ തകര്‍ക്കാന്‍ അമേരിക്കക്കു കഴിഞ്ഞതു വലിയ നേട്ടമായി ഘോഷിക്കപ്പട്ടിരുന്നു. അതോടെ ലോകം അമേരിക്കയെ പൂവിട്ടു പൂജിക്കുമെന്നു കരുതി. പക്ഷേ, മാനവരാശിയുടെ ലോജിക് വളരെ ലളിതമായിരുന്നു: റഷ്യ തകര്‍ന്നെങ്കില്‍ പിന്നെ അമേരിക്കയാണോ തകരാത്തത്!
റഷ്യയെ തകര്‍ത്തതിലൂടെ ഈ ആധുനികകാലത്തും ഏതു വന്‍ശക്തിയെയും തകര്‍ക്കാനാവും എന്ന അപകടകരമായ സത്യമാണ് അമേരിക്ക ലോകത്തെ പഠിപ്പിച്ചത്. ഇതു സത്യമാണോ എന്ന നഖമുരയ്ക്കല്‍ പരിശോധന മാത്രമായിരുന്നു 2001 സെപ്തംബര്‍ 11 ലെ നഖക്ഷതം.
മതത്തിന്റെ പേരിലായിരുന്നു അമേരിക്കയുടെ കമ്മ്യൂണിസ്റ് റഷ്യക്കെതിരായ ഒളിയുദ്ധങ്ങള്‍ അധികവും. ചാവേറുകളാവാന്‍ മടിയില്ലാത്ത കുറേ ക്രൈസ്തവര്‍ അമേരിക്കയ്ക്കു വേണ്ടി കമ്മ്യൂണിസത്തെ എതിര്‍ത്തു പണിയെടുക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്ക് അന്നു യോജിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു- ക്രൈസ്തവതയെ രക്ഷിക്കുക. അതിനാല്‍, റഷ്യക്കകത്തെ ക്രിസ്ത്യാനികള്‍ പോലും ദശവര്‍ഷങ്ങളോളം കമ്മ്യൂണിസ്റ്റുകളായി അഭിനയിച്ചു ക്രൈസ്തവതയുടെ രക്ഷയ്ക്കായി ചാവേറുകളെപ്പോലെ പണിയെടുത്തു. അതു വിജയിച്ചതോടെ, ക്രൈസ്തവര്‍ക്കു ലക്ഷ്യമില്ലാതായി. ക്രിസ്തുവിന്റെ പേരിലുള്ള ഈ അടിമപ്പണിയും അവര്‍ക്കു മടുത്തുതുടങ്ങി. തുടര്‍ന്നാണു സ്വന്തം ദേശീയതയിലേക്കു തിരിഞ്ഞത്. ഇതു ഫലപ്രദമാണെന്നു കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം റഷ്യ പിടിച്ചുനിന്നതില്‍ നിന്നും ഇപ്പോള്‍ വീണ്ടും അമേരിക്കയ്ക്കു കിടയായി നിലകൊള്ളുന്നതില്‍ നിന്നും അവര്‍ മനസ്സിലാക്കി.
മറ്റൊന്നു വിശ്വാസസംരക്ഷണത്തിനായി ലോകക്രൈസ്തവരെയൊന്നാകെ കമ്മ്യൂണിസത്തിനെതിരേ അണിനിരത്തിയ അമേരിക്ക അതില്‍നിന്നു വളരെയേറെ സമ്പാദിച്ചു എന്ന തിരിച്ചറിവാണ്. ഈ സമ്പാദ്യത്തിന്റെ വലിയൊരളവ് വര്‍ണവെറിയന്‍ രാജ്യമായ ഇസ്രായേലിലേക്കു സൈഫണ്‍ ചെയ്യുകയായിരുന്നു.
സൈനികഭീഷണിയാവുന്നതിനു പകരം എല്ലാ ഹൈടെക് ഉല്‍പ്പന്നങ്ങളും അമേരിക്കയ്ക്കു മത്സരം അസാധ്യമാക്കും വിധം കുറഞ്ഞ ചെലില്‍ ഉല്‍പ്പാദിപ്പിച്ചു വിപണം നടത്തി സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണു ചൈന ചെയ്യുന്നത്. ഇതില്‍ കളിപ്പാട്ടങ്ങള്‍ മുതല്‍ മിസൈലുകള്‍വരെ ഉള്‍പ്പെടുന്നു. റഷ്യക്കെതിരേ ചെച്നിയയെ ശത്രുവാക്കി നിര്‍ത്തുന്ന അമേരിക്ക, ചൈനയ്ക്കെതിരേ ടിബറ്റില്‍ ബുദ്ധമതക്കാരെയും സിങ്കിയാങില്‍ മുസ്്ലിംകളെയും തൊടുത്തുവിട്ടു പ്രതികാരം ചെയ്യുന്നു.
വിശ്വാസികളുടെ കുരിശുയുദ്ധങ്ങള്‍ മൂലമല്ല, കമ്മ്യൂണിസ്റ്റ് റഷ്യ സ്വന്തം വൈരുധ്യങ്ങളുടെ ഭാരത്താല്‍ തകര്‍ന്നു വീഴുകയായിരുന്നു എന്ന സത്യം പക്ഷേ, അമേരിക്കയ്ക്കു മാത്രമേ അറിയൂ. ഇതു ചൈനയില്‍ വിലപ്പോകില്ല. ഈ വൈരുധ്യങ്ങള്‍ അവിടെയില്ല.
ചൈനയെപ്പോലെ ഇന്ത്യയും സാമ്പത്തികമായി അമേരിക്കയെ വെല്ലുവിളിക്കുന്ന വന്‍ശക്തിയായി വളരുകയാണ്. എന്നാല്‍, ചൈനയിലില്ലാത്ത സ്വാധീനം അമേരിക്കയ്ക്ക് ഇന്ത്യയിലുണ്ട്. അമേരിക്കന്‍ ബന്ധങ്ങളുള്ള ഒരു പാടു കുടുംബങ്ങള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ വേരുകളുള്ള ഒരു പാടുപേര്‍ അമേരിക്കയിലുമുണ്ട്. മാതൃരാജ്യത്തെക്കാള്‍ അമേരിക്കയെ പൂജിക്കുന്ന ഇവരിലൂടെ ഇന്ത്യയെ ഏതു സമയവും തകര്‍ക്കാനും ഏതു നിലയ്ക്കും നിയന്ത്രിക്കാനും അമേരിക്കയ്ക്കു കഴിയും. എന്നാല്‍, അവരെ മാത്രം ആശ്രയിച്ചു ഭാഗ്യപരീക്ഷണം നടത്താന്‍ മാത്രം വിഡ്ഢിത്തം അമേരിക്ക കാണിക്കുന്നില്ല.
ഇന്ത്യ സൈനികമായി വളരുന്നു എന്നൊരു ഊഹാപോഹം പടിഞ്ഞാറു പ്രചരിക്കുന്നുണ്ട്. ഇതിനെതിരേയും അമേരിക്ക ജാഗ്രത കാണിക്കുന്നു. ഇതിനുള്ള പരിഹാരം ഇന്ത്യയെ പിളര്‍ക്കുകതന്നെ എന്ന ഉറച്ച തീരുമാനമാണ് യാങ്കിക്കുള്ളത്. കമ്മ്യൂണിസ്റ് റഷ്യയെക്കാള്‍ ഇന്ത്യക്കു ബാള്‍ക്കന്‍ രാജ്യങ്ങളോടാണു സാമ്യം. യുഗോസ്ളാവ്യയോട് വിശേഷിച്ച്. ഹിന്ദി സംസാരിക്കുന്ന 30 ശതമാനം ഇന്ത്യയിലെ വലിയൊരു വിഭാഗത്തെ അടിച്ചമര്‍ത്തി ഭരിക്കുകയാണ്. കാശ്മീര്‍, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസ്സോറം, നാഗലാന്റ്, സിക്കിം, ആസാം, പഞ്ചാബ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളെ സൈനികശക്തികൊണ്ടു മാത്രമാണ് ഇന്ത്യ അതിനകത്തു നിലനിര്‍ത്തുന്നത് എന്ന് അമേരിക്ക കരുതുന്നു.
എന്നു മാത്രമല്ല, ഇന്ത്യയും ഇന്ത്യക്കാരും ചതിയന്മാരും അവസരവാദികളുമാണെന്ന് അമേരിക്ക വിശ്വസിച്ചുപോരുന്നു. റഷ്യ തകര്‍ന്ന ശേഷമാണ് ഇന്ത്യ സാമ്പത്തിക ക്രമം മുതലാളിത്തത്തിലേക്കു മാറ്റിയത്. ഇതു സത്യമെന്നു വിശ്വസിച്ചു പാശ്ചാത്യര്‍ ഇവിടെ വന്‍തോതില്‍ നിക്ഷേപങ്ങളിറക്കി. ഇന്ത്യ സാമ്പത്തികമായി വളരാന്‍ തുടങ്ങി. സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍ സ്വന്തം ജനതയെ പട്ടിണിക്കിട്ടും ഇന്ത്യയെ പോറ്റിപ്പോന്ന റഷ്യയെ തഴഞ്ഞ് അവര്‍ അമേരിക്കയുടെ കൂടെ പൊറുക്കാന്‍ തുടങ്ങി. മരിച്ചു ചരിത്രാവശേഷമായെന്നു കരുതിയ റഷ്യ പുനര്‍ജനി കൊണ്ടപ്പോള്‍ വീണ്ടും റഷ്യയോടടുത്തു- ഇങ്ങനെയെല്ലാമാണ് അവര്‍ ഇന്ത്യയെ കാണുന്നത്. 1947 ആഗസ്ത് 14 നു സായിപ്പ് നമുക്കു വലിച്ചെറിഞ്ഞു തന്ന സ്വാതന്ത്യ്രം ഈ ആഗസ്ത് 14-ഓടെ സായിപ്പിന്റെ കാല്‍ക്കീഴില്‍ തന്നെ വേണ്െടന്നു പറഞ്ഞു നാം തിരിച്ചേല്‍പിക്കുകയാണ്-ഇത്തവണ അമേരിക്കന്‍ സായിപ്പാണ്് നമ്മുടെ സ്വാതന്ത്യ്രം ഏറ്റുവാങ്ങാന്‍ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത്.
അല്ലെങ്കില്‍, ഇന്നലെ വരെ ധീരധീരം എതിര്‍ത്ത് പിന്നീടു കോടികള്‍ വാങ്ങി ആണവ കരാറിനു പിന്തുണ നല്‍കി വോട്ടു ചെയ്തവര്‍ ഏതു തരക്കാരാണ്? നാളെ ഇന്ത്യയെ അമേരിക്കയുടെ 54-ാമത്തെ സ്റേറ്റായി പ്രഖ്യാപിക്കുന്ന പ്രമേയം പാര്‍ലമെന്റില്‍ കൊണ്ടുവന്നാലും ഇതേ സ്ഥിതി തന്നെയല്ലേ ഇവര്‍ ആവര്‍ത്തിക്കുക! 100-ല്‍ 99 പേര്‍ എതിര്‍ക്കുന്നതായി അഭിനയിക്കുമ്പോള്‍, 101 പേര്‍ പിന്തുണയ്ക്കുകയും ചെയ്യും.
ഏഷ്യയില്‍ അമേരിക്ക കനത്ത യുദ്ധങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ്. ലോജിസ്റ്റിക് കേന്ദ്രങ്ങളില്‍ മാത്രം സ്വന്തം പൌരന്മാരെ നിര്‍ത്തി യുദ്ധഭൂമിയില്‍ ഇറാഖിലും അഫ്ഗാനിസ്താനിലും ചെയ്യുന്ന പോലെ കൂലിപ്പട്ടാളത്തെ മാത്രം നിരത്തിയുള്ള യുദ്ധം. ഈ യുദ്ധത്തിന്റെ താല്‍പ്പര്യം ഇതാണ്- ഗള്‍ഫ് നാടുകളെ പരിപൂര്‍ണമായി കീഴ്പ്പെടുത്തുക. ഇറാനെയും പാകിസ്താനെയും ഇല്ലാതാക്കുക. കശ്മീരിനെ ഏഷ്യന്‍ അമേരിക്കയുടെ തലസ്ഥാനമാക്കുക. താലിബാനെ തുരത്തി അഫ്ഗാനിസ്താന്‍ കറുപ്പുകൃഷിക്കാര്‍ക്കു പതിച്ചുനല്‍കുക. അളവറ്റ എണ്ണസമ്പത്തുള്ള ബാള്‍ക്കന്‍ നാടുകളെ റഷ്യന്‍ സ്വധീനത്തില്‍ നിന്ന് അടിച്ചുമാറ്റുക, ചൈനയെയും റഷ്യയെയും വീണ്ടും പരസ്പരം തെറ്റിച്ചു തമ്മിലടിപ്പിക്കുക...
പാശ്ചാത്യര്‍ ഗള്‍ഫ് നാടുകള്‍ തങ്ങളുടെ അടിമപ്പണിക്കാര്‍ക്കു വിട്ടുകൊടുക്കുമ്പോള്‍ അവ ഇത്രമാത്രം കണ്ണായ സ്ഥലമായി മാറുമെന്ന് അവര്‍ സ്വപ്നേപി കരുതിയതല്ല. അറബികള്‍ നീണ്ട കന്തൂറയുമിട്ട് ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ച് ഈത്തപ്പഴവും തിന്നു കഴിഞ്ഞോളുമെന്നു കരുതി. തങ്ങള്‍ക്കു മാത്രം കുഴിച്ചെടുക്കാനും ഉപയോഗിക്കാനും അറിയുന്ന എണ്ണയില്‍ അവര്‍ കൈവയ്ക്കുമെന്നും അത് അവരുടെ കൈയില്‍ കിട്ടുന്ന അലാഉദ്ദീന്റെ മാന്ത്രികവിളക്കാവുമെന്നും അവരോര്‍ത്തില്ല. ഇന്നത്തെപ്പോലെ അന്ന് അവര്‍ക്കു ദീര്‍ഘദൃഷ്ടിയുണ്ടായിരുന്നെങ്കില്‍ അറേബ്യകളില്‍ അറബി ബാക്കിയുണ്ടാവുമായിരുന്നില്ല.
പുതിയ ഈ എണ്ണപ്രതിസന്ധിയില്‍ പാശ്ചാത്യര്‍ തീര്‍ത്തും പരിണതപ്രജ്ഞരായിരിക്കുന്നു. ഇപ്പോള്‍ അവര്‍ തികഞ്ഞ ബുദ്ധിമാന്മാരാണ്്. പണ്േടല്‍പ്പിച്ചു പോന്ന എണ്ണപ്പാടങ്ങള്‍ തിരിച്ചു കിട്ടണമെന്ന് അറേബ്യന്‍ കുടിയാന്മാരോടു കല്‍പ്പിക്കാന്‍ പോകുകയാണവര്‍. അവരുമായി കലഹിക്കാന്‍ ഒരു ഹേതുവും തേടി നടക്കുമ്പോഴാണ് പാകിസ്താനും ഇറാനും ഇന്ത്യയുമൊക്കെ ആണാവന്‍ (ആണവമാകാന്‍) ശ്രമിക്കുന്നത്. പാകിസ്താന്റെ ആണവായുധനിയന്ത്രണം പരിപൂര്‍ണമായും അമേരിക്ക ഏറ്റെടുത്തു കഴിഞ്ഞു. പാകിസ്താനില്‍ ഇനി ആണവായുധങ്ങള്‍ ഉണ്േടാ എന്ന കാര്യം പോലും പരിശോധിച്ചുറപ്പു വരുത്തേണ്ട സംശയമാണ്. മുശര്‍റഫിന്റെ കാലത്ത് അവ സൂത്രത്തില്‍ അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ കടത്തിക്കൊണ്ടു പോയിരിക്കാനാണു സാധ്യത.
അങ്ങനെ (മുശര്‍റഫിന്റെ) പാകിസ്താനെപ്പോലെ ഇന്ത്യയും ഇന്ന് ആണ(വമ)ല്ലാതാവുകയാണ്. നമ്മുടെ ആണവായുധങ്ങള്‍ അവ ഇരിക്കുന്ന ആയുധപ്പുരകളില്‍ സുരക്ഷിതമാണ്. അവയുടെ താക്കോല്‍ മാത്രമേ നാം കൈമാറുന്നുള്ളൂ. സായിപ്പ് വീണ്ടും നമ്മുടെ പൂമുഖമലങ്കരിക്കുമ്പോള്‍ നഷ്ടപ്പെട്ടുപോയ ചാരിതാര്‍ഥ്യത്തോടെ നാം കുശിനിയിലേക്കു മടങ്ങും: സമ്പാദിച്ചതെല്ലാം നല്ലതിന്. ഇനി സമ്പാദിക്കാനുള്ളതും നല്ലതിന് എന്ന പുതിയ വേദവാക്യവുമായി...ജയ് മേം...
*** *** ***
വിട്ടുപോയത്:
അപ്പോഴും അമേരിക്ക ഭയപ്പെടുന്ന മറ്റൊരു സത്യമുണ്ട്. അത് ആണവായുധത്തിന്റെ പ്രഹര ശേഷി തന്നെയാണ്. കാല്‍ നൂറ്റാണ്ടു കാലം വീമ്പു പറഞ്ഞുനടന്ന ഇസ്രായേല്‍ കഴിഞ്ഞ മാസം അതു തുറന്നു സമ്മതിച്ചു. ആദ്യത്തെ ആണവപ്രഹരത്തെപ്പോലും അതിജീവിക്കാന്‍ തങ്ങള്‍ക്കു കഴിയില്ല എന്ന സത്യം. ലോകത്തെ അതിസുരക്ഷിതമായ ആ രാജ്യത്തിന്റെ വേവലാതി എല്ലാ പാശ്ചാത്യനാടുകളെയും കിടിലം കൊള്ളിക്കുക തന്നെ ചെയ്തു.
സത്യം, താരിഖ് ബ്നു സിയാദുമാര്‍, ലോകത്തെ എല്ലാ ജിബ്രാള്‍ട്ടറുകളും കടന്ന് ആണവവാഹിനികളില്‍ തങ്ങളുടെ അടച്ചിട്ട തുറമുഖങ്ങളില്‍ വന്നിറങ്ങുന്നത് പേക്കിനാവു കാണുകയാവും അവര്‍.

ഇന്ത്യ വില്‍പ്പനയ്ക്ക്

ഇന്ത്യ വില്‍പ്പനയ്ക്ക് / സി.ആര്‍. നീലകണ്ഠന്‍ തേജസ് ദൈവാരിക, ആഗസ്റ്റ്

ഏറെ വിവാദമായതും ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതമുണ്ടാക്കിയതുമായ ഇന്ത്യ-യു.എസ്. ആണവകരാര്‍ സംബന്ധിച്ചു ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യക്ക് ഊര്‍ജം ആവശ്യമാണ്, പെട്രോളിയം വില കുതിച്ചുയരുന്നു, ആണവോര്‍ജമില്ലാതെ നിലനില്‍ക്കാനാവില്ല. അതുകിട്ടാന്‍ വേണ്ടിയുള്ള ഒരു കരാറാണിതെന്നു ധരിച്ച് കണ്ണടച്ചു പിന്താങ്ങുന്നവര്‍ ഒരു വശത്ത്. ഇതു യു.എസ്. സാമ്രാജ്യത്വത്തിനു കീഴ്പ്പെടലാണ്, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടിവരും തുടങ്ങിയ വാദങ്ങളുയര്‍ത്തി മറുവശവും രംഗത്തുണ്ട്.
ഒറ്റവാക്കില്‍ പറഞ്ഞാല്‍, ഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവമേഖലയില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള ഒരു കരാറാണിത്. എന്നാല്‍, പൊതുസാഹചര്യത്തില്‍ നിന്നടര്‍ത്തിയെടുത്തുകൊണ്ട് ഈ കരാറിനെ പരിശോധിക്കുക എന്നതു അസംബന്ധമാവും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാറിമാറി അധികാരത്തില്‍ വന്ന ഇന്ത്യയിലെ സര്‍ക്കാരുകളെല്ലാം യു.എസിനനുകൂലമായി നിലപാടെടുത്തുവെന്ന കാര്യം നമുക്കറിയാം. ആഗോളീകരണം ശക്തിപ്പെട്ടതും യു.എസ്.എസ്.ആര്‍. തകര്‍ച്ചയോടെ അമേരിക്ക ലോകത്തിലെ ഏകാധികാര കേന്ദ്രമായതുമാണ് ഇതിനുള്ള പ്രേരണ. സാമ്പത്തികബന്ധങ്ങള്‍, വ്യാപാരം, രാഷ്ട്രീയം തുടങ്ങി വ്യക്തിജീവിത വീക്ഷണത്തില്‍ വരെ ഈ യു.എസ്. സ്വാധീനം പടര്‍ന്നുകയറിയിട്ടുണ്ട്. കമ്പോളവും മല്‍സരവുമാണു ജീവിതത്തിന്റെ ദിശ നിര്‍ണയിക്കേണ്ടതെന്ന മുതലാളിത്ത പ്രത്യയശാസ്ത്രം മേല്‍ക്കൈ നേടിയതും ഇതിന്റെ ഫലമായാണ്. മുമ്പ് ഇന്ത്യ ഭരിച്ച എന്‍.ഡി.എ. സര്‍ക്കാര്‍ ഈ ദിശയില്‍ ഏറെ മുന്നോട്ടുപോയിരുന്നു. മന്‍മോഹന്‍ സിങ് (പെടുന്നനെയെന്നോണം) ഇന്ത്യയുടെ പ്രധാനമന്ത്രിയായതു തന്നെ ഈ ചുവടുമാറ്റത്തിന്റെ ഫലമാണ്. സാമ്രാജ്യത്വത്തിന് എക്കാലത്തും സ്വീകാര്യനായ വ്യക്തിയാണദ്ദേഹം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ യാതൊരു വേരുകളുമില്ലാത്ത മന്‍മോഹന് ഇന്ത്യാചരിത്രത്തിന്റെ ഭാരം പേറേണ്ടതില്ല; എന്തും ചെയ്യാം. അതിന്റെ നിര്‍ണായക തുടക്കമായിരുന്നു 2005 ജൂലൈയില്‍ അദ്ദേഹം നടത്തിയ യു.എസ്. സന്ദര്‍ശനം. കൃഷി, വ്യവസായം, പശ്ചാത്തലമേഖല, വൈദ്യുതി, ഇന്‍ഷുറന്‍സ്, ചെറുകിടവ്യാപാരം തുടങ്ങി ഒട്ടനവധി മേഖലകളില്‍ അമേരിക്കന്‍ മൂലധനത്തിന് ഇന്ത്യയില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായി. ആണവമേഖലയും പ്രതിരോധമേഖലയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതിരോധമേഖലയില്‍ ഈ ദിശയില്‍ വന്‍ മുന്നേറ്റമുണ്ടായി. തന്ത്രപരമായ പങ്കാളിത്തം, ആയുധവ്യാപാരം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ പല പരിപാടികളും മുന്നോട്ടുപോയി. യു.എസ്. മാത്രമല്ല, അവരുടെ സഖ്യകക്ഷിയായ ഇസ്രായേലുമായും വളരെ അടുത്ത ബന്ധമായി. 2002-2006 കാലത്ത് ഇസ്രായേല്‍ വിറ്റ 275 കോടി ഡോളറിന്റെ ആയുധങ്ങളില്‍ പകുതിയിലേറെയും വാങ്ങിയത് ഇന്ത്യയാണ്. 2005 ജൂലൈയില്‍ നടത്തിയ സംയുക്തപ്രഖ്യാപനം തന്നെയാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ആണവകരാറിന്റെ അടിത്തറയും.
കരാര്‍ എന്ത്?
ഒറ്റനോട്ടത്തില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു പരസ്പര സഹകരണ കരാറാണിത്. ഇരു രാജ്യങ്ങളും തുല്യര്‍ എന്ന രീതിയിലാണു കരാര്‍ എഴുതിയിരിക്കുന്നത്. ഫലത്തില്‍ അതല്ലാത്തതിന്റെ പ്രശ്നങ്ങളാണതിന്റെ പ്രധാന ദോഷവും. സമാധാനാവശ്യങ്ങള്‍ക്കുള്ള എല്ലാവിധ ആണവസാമഗ്രികളുടെയും പരസ്പര (?) വ്യാപാരം ഈ കരാറിന്റെ ഭാഗമായി നടത്താം. ഊര്‍ജപ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമാണെന്നു പറയപ്പെടുന്ന യന്ത്രസാമഗ്രികള്‍, ഇന്ധനം, സാങ്കേതികവിദ്യ മുതലായവ പരസ്പരം കൈമാറുന്നതിന് ഈ കരാര്‍മൂലം കഴിയും. ഇന്ത്യ ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമാണ് എന്നതിനാല്‍ (അണ്വായുധ രാഷ്ട്രങ്ങള്‍ക്ക് ഏകപക്ഷീയമായി അനുകൂലമായതുകൊണ്ടാണ് തന്റേടമുള്ള ഭരണകര്‍ത്താക്കള്‍ ഒപ്പിടാതിരുന്നത്. ഇപ്പോള്‍ അതിനെക്കാള്‍ മോശമായ കരാറിലാണ് ഒപ്പിടുന്നത്!) ഇന്ത്യയുമായി കരാറുണ്ടാക്കാന്‍ അമേരിക്കയ്ക്കു സ്വന്തം നിയമങ്ങള്‍ മാറ്റണമെന്നു കരാറില്‍ തന്നെ പറയുന്നു(അതാണ് ഹൈഡ് നിയമം. ഇതിനു കരാറുമായി ബന്ധമില്ലെന്നു വാദിക്കുന്നവരുടെ നിലപാട് പരിഹാസ്യമാണ്). ഇന്ത്യയുടെ ഊര്‍ജവികസനത്തിനുവേണ്ടി യു.എസ്. ചെയ്യുന്ന ഒരു ത്യാഗമെന്ന രീതിയിലാണ് ഈ കരാറില്‍ ഹൈഡ് നിയമത്തെ കാണുന്നത്. കരാറനുസരിച്ച് ഇന്ത്യ അതിന്റെ ആണവസ്ഥാപനങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ.) സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ നല്‍കണം. ഏതൊക്കെ സ്ഥാപനങ്ങള്‍ തങ്ങള്‍ പരിശോധനയ്ക്കു നല്‍കുന്നുവെന്ന് ഇരുകൂട്ടരും പരസ്പരം അറിയിക്കണം (യു.എസ്. നമ്മെ അറിയിക്കുന്നതിലെന്തു കാര്യം?). ഇന്ത്യക്ക് ഇന്ധനം നല്‍കുമെന്നു പറയുന്നുണ്ടെങ്കിലും അതതു രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രമേ സാങ്കേതികവിദ്യകളും ആണവസാമഗ്രികളും വ്യാപാരം നടത്തൂ എന്നു പറയുന്നുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഒരു നിയമമില്ല. യു.എസിനു ഹൈഡ് നിയമം വന്നു. ചര്‍ച്ചയാവാം, പരാജയപ്പെട്ടാല്‍ പരാതിക്കാരനു പിന്‍വാങ്ങാം. എന്നാല്‍, പിന്‍വാങ്ങുമ്പോള്‍ മറ്റേ രാജ്യത്തിനു നല്‍കിയ ആണവസാമഗ്രികളെല്ലാം തിരിച്ചെടുക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ട്. ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ വായിച്ചാന്‍ പെട്ടെന്ന് 'വലിയ കുഴപ്പമില്ലല്ലോ' എന്നു തോന്നാം. എന്നാല്‍, കരാര്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ അതിലെ സാങ്കേതികത്വങ്ങള്‍ നന്നായി മനസ്സിലാക്കണം. 2006 ജൂലൈയില്‍ അന്തിമരൂപം നല്‍കിയ ഈ കരാര്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കെന്നല്ല, അറിവിലേക്കു പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍, സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായി. പൊഖ്റാന്‍ സ്ഫോടനം മൂലം ആണവ സാങ്കേതികവിദ്യയില്‍ ലോകം ഇന്ത്യക്കുമേല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതു മാറ്റാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും ഈ കരാര്‍ വഴി സാധ്യമാവുന്നുവെന്നും പുതിയ സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും ഇന്ധനവും നമുക്കു കിട്ടുന്നുവെന്നും ഗുണങ്ങളായി വിവരിക്കപ്പെട്ടു. ഭാവിയില്‍ ഇന്ത്യക്കു സ്ഥിരമായി ആശ്രയിക്കാവുന്ന ഊര്‍ജസ്രോതസ്സ് എന്ന നിലയില്‍ ആണവോര്‍ജ മേഖല വളരുന്നു. കല്‍ക്കരി, പെട്രോളിയം തുടങ്ങിയ പോലെയല്ല, ഇതു വൃത്തിയുള്ള ഊര്‍ജമാണ്. ഹരിതഗൃഹവാതകങ്ങളുണ്ടാക്കുന്നില്ല.ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്കു വേണ്ടി ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യാനാവുമെന്നതാണ് മറ്റൊരു നേട്ടമായി എണ്ണിയത്.
യു.എസിന്റെ കൈവശമുള്ള ഏറ്റവും പുതിയ സൈനികേതര ആണവ സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ലഭ്യമാവും. ഇന്ത്യയുടെ ഇറക്കുമതി ചെയ്യുന്ന നിലയങ്ങള്‍ക്ക് ആജീവനാന്തം ഇന്ധനം ലഭിക്കും. വിദേശനയത്തില്‍ പുറത്തുനിന്നുള്ള ഒരിടപെടലും ഉണ്ടാവില്ല. യു.എസ്. പ്രസിഡന്റ് ഇന്ത്യന്‍ വിദേശനയം സംബന്ധിച്ചു കോണ്‍ഗ്രസ്സിനു പ്രതിവര്‍ഷം റിപോര്‍ട്ട് നല്‍കുന്നതും മറ്റും ഒഴിവാക്കും. ഇന്ത്യയുടെ പ്രഖ്യാപിത മൂന്നുഘട്ട ആണവവികസന പരിപാടി തുടരും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ സ്വാതന്ത്യ്രമുണ്ടായിരിക്കും തുടങ്ങിയ ഉറപ്പുകളും പ്രധാനമന്ത്രി നല്‍കി.
എന്നാല്‍, മൂന്നുമാസത്തിനകം യു.എസ്. കോണ്‍ഗ്രസ് ഇന്ത്യക്കായുള്ള പ്രത്യേക നിയമം (ഹൈഡ് നിയമം) തയ്യാറാക്കി അവതരിപ്പിച്ചു പാസാക്കി. പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകളെല്ലാം ജലരേഖകളാണെന്നു തുറന്നുകാട്ടുന്നതായിരുന്നു ഹൈഡ് നിയമം. ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പിടാത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് യു.എസ്. ചെയ്യുന്ന ഒരു സൌജന്യമെന്ന രീതിയിലാണു ഹൈഡ് നിയമം തയ്യാറാക്കിയത്. ഇന്ത്യയുമായുള്ള കരാര്‍ തുടരണമെങ്കിലുള്ള വ്യവസ്ഥകള്‍ നിയമം വളരെ കൃത്യമായി പറയുന്നു. അതിലേറ്റവും പ്രധാനമായത്, ഇന്ത്യയുടെ വിദേശനയം സംബന്ധിച്ചുള്ളതാണ്. ഇന്ത്യയുടെ വിദേശനയം യു.എസ്. നയത്തിനു സമാനമായിരിക്കണമെന്നതാണു പ്രധാന വ്യവസ്ഥ. ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് ഓരോ വര്‍ഷവും യു.എസ്. പ്രസിഡന്റ് കോണ്‍ഗ്രസ്സിനു റിപോര്‍ട്ട് നല്‍കണം. ഇറാന്റെ പ്രശ്നം വ്യക്തമായി എടുത്തുപറയുന്നുമുണ്ട്. അവര്‍ അണ്വായുധ നിര്‍മാണം നടത്തുന്നുവെന്നോ ഭീകരവാദത്തെ സഹായിക്കുന്നുവെന്നോ യു.എസിനു തോന്നിയാല്‍ അതിനൊപ്പം ഇന്ത്യ നില്‍ക്കുമെന്ന് ഉറപ്പാക്കണം. ഇന്ത്യയുമായി യു.എസ്. മുമ്പ് ഒപ്പിട്ട സൈനികസഹകരണ കരാറിന്റെ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഈ നിയമം.
കരാര്‍ തിടുക്കത്തില്‍ നടപ്പാക്കിയില്ലെങ്കില്‍ താന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷിനു നല്‍കിയ വാഗ്ദാനം ലംഘിക്കപ്പെടുമെന്നും ബുഷ് സ്ഥാനമൊഴിയുന്നതിനു മുമ്പ് കരാര്‍ സംബന്ധിച്ചു യു.എസ്. കോണ്‍ഗ്രസ് തീരുമാനമെടുക്കാന്‍ സമയം വേണമെന്നും അതുകൊണ്ടു തന്നെ ബുഷിന്റെ അന്ത്യശാസനത്തിന് ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ അന്ത്യശാസനത്തേക്കാള്‍ പ്രാധാന്യമുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. 1 2 3 കരാറും അതിനടിസ്ഥാനമായ ഹൈഡ് നിയമവും ഇപ്പോള്‍ അന്തിമമായിക്കൊണ്ടിരിക്കുന്ന ഐ.എ.ഇ.എ. കരാറും ഇനി തയ്യാറാക്കപ്പെടേണ്ട ആണവസാമഗ്രികള്‍ വില്‍ക്കുന്ന രാജ്യങ്ങളുടെ സംഘടന (എന്‍.എസ്.ജി.)യുമായുണ്ടാക്കുന്ന കരാറുകളും പരിശോധിച്ചുകൊണ്ടു വേണം കരാറിനെക്കുറിച്ചുള്ള ഗുണഗണങ്ങള്‍ വിലയിരുത്താന്‍.
കരാറനുസരിച്ച് ഇന്ത്യക്ക് യു.എസില്‍ നിന്നും മറ്റ് ആണവസാമഗ്രി രാഷ്ട്രങ്ങളില്‍ (എന്‍.എസ്.ജി.) നിന്നും ആണവനിലയങ്ങളും അതിനാവശ്യമായ ഇന്ധനവും മറ്റും വാങ്ങാനാവും. പൊഖ്റാന്‍ സ്ഫോടനങ്ങളെ തുടര്‍ന്ന് ഇന്ത്യയുമായി ആണവവ്യാപാരം നടത്തുന്നതിന് എല്ലാ രാജ്യങ്ങള്‍ക്കും വിലക്കുണ്ടായിരുന്നു. ആ വിലക്ക് ഇവിടെ മാറുന്നുവെന്നതു ശരി തന്നെ. പെട്രോളിയത്തിനു വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഈ ഊര്‍ജം ഒരു പരിഹാരമായേക്കാമെന്നു കരുതുന്നവര്‍ കുറവല്ല. ഇന്ത്യയുടെ നിലവിലുള്ള ആണവ വൈദ്യുതി ഉല്‍പ്പാദനശേഷി 4000 മെഗാവാട്ടാണ് - മൊത്തം ഉല്‍പ്പാദനത്തിന്റെ 3-4 ശതമാനം മാത്രം. 2021 ആവുമ്പോഴേക്കും ഇത് 30,000 മെഗാവാട്ട് ശേഷിയായി ഉയര്‍ത്തണമെന്നാണു ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നുള്ള നിലയങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ പ്രകൃതിദത്ത യുറേനിയം (യു-238) വേണ്ടത്ര ലഭിക്കാത്ത പ്രശ്നമുണ്ട്. അതുകൊണ്ടു പലപ്പോഴും കുറഞ്ഞ നിരക്കില്‍ മാത്രമേ ഉല്‍പ്പാദനം നടത്താനാവുന്നുള്ളൂ. 1963ല്‍ അമേരിക്ക തന്നെ നമുക്കു വിറ്റ താരാപ്പൂര്‍ നിലയത്തിന് 1974 മുതല്‍ അവര്‍ സമ്പുഷ്ട യുറേനിയം എന്ന ഇന്ധനം നല്‍കുന്നില്ല. റഷ്യയില്‍ നിന്നു ലഭിച്ച കുറച്ച് ഇന്ധനമുപയോഗിച്ചു ശേഷിയുടെ വളരെ കുറച്ചുഭാഗം മാത്രമേ അവിടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്നുള്ളൂ.
ആണവ വൈദ്യുതികൊണ്ട് ഇന്ത്യക്കെന്നല്ല, ഏതു രാജ്യത്തിനും ഇനിമേല്‍ ഊര്‍ജസുരക്ഷയുണ്ടാവുമെന്നു പറയാനാവില്ല. 1979നു ശേഷം യു.എസില്‍ ഒരു പുതിയ ആണവനിലയത്തിനു പോലും അനുമതി നല്‍കിയിട്ടില്ല. അതുതന്നെയാണ് ഈ കരാറിന്റെ പിന്നിലെ രഹസ്യവും. ആണവനിലയങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്ന വമ്പന്‍ കുത്തകകളായ ജനറല്‍ ഇലക്ട്രിക്, വെസ്റിങ് ഹൌസ് മുതലായവര്‍ക്കു രണ്ടു പതിറ്റാണ്ടായി ഒരു പണിയുമില്ല. അവര്‍ ഉണ്ടാക്കിയ യന്ത്രഭാഗങ്ങള്‍ തുരുമ്പെടുക്കുന്നു. അതു വില്‍ക്കാന്‍ കഴിയുന്ന ഒരു കമ്പോളമാണ് ഇന്ത്യയെന്നതിനാലാണ് ഈ കരാറിനു വേണ്ടി യു.എസ്. കുത്തകകളും ഭരണകൂടവും തിരക്കുകൂട്ടുന്നത്.
രാഷ്ട്രീയം
1 2 3 കരാറില്‍ ഇന്ത്യക്കു മുടക്കം കൂടാതെ ഇന്ധനം കിട്ടാന്‍ യു.എസ്. സഹായിക്കുമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഈ കരാര്‍ റദ്ദായാലോ? ഇവിടെയാണു ഹൈഡ് നിയമം പ്രസക്തമാവുന്നത്. യു.എസ്. വിദേശനയത്തിനനുകൂലമല്ലാതെ ഇന്ത്യ നിലകൊണ്ടാല്‍ യു.എസ്. കോണ്‍ഗ്രസ്സിന് ഈ കരാര്‍ റദ്ദാക്കാനാവും. 'ഇരുകൂട്ടര്‍ക്കും കരാറില്‍ നിന്നും പിറകോട്ടു പോവാന്‍ ഒരുപോലെ അവകാശമുണ്ട്' എന്ന കരാര്‍ വാചകം ഒരു തമാശയാണ്. കാരണം, കരാര്‍ റദ്ദാക്കാനുള്ള നിയമം യു.എസിനു മാത്രമാണുള്ളത്. ഇരു രാജ്യങ്ങളുടെയും ആഭ്യന്തരനിയമങ്ങളനുസരിച്ചാണ് ഈ കരാര്‍ എന്നവര്‍ വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യ ഒരിക്കലും കരാര്‍ റദ്ദാക്കാന്‍ ശ്രമിക്കില്ല. കാരണം, നാലു ലക്ഷം കോടി രൂപ വിലയ്ക്കുള്ള ആണവനിലയങ്ങളാണു കരാര്‍ അനുസരിച്ചു നാം വാങ്ങുന്നത്. ഇന്ധനം ലഭ്യമല്ലാതായാല്‍ നമ്മുടെ നിലയങ്ങള്‍ നിന്നുപോവും. അതോടെ മുടക്കിയ പണം പോവും. താരാപ്പൂരില്‍ ഒരു നിലയത്തിനാണു പ്രശ്നമുണ്ടായതെന്നതിനാല്‍ അതു നമ്മെ കാര്യമായി ബാധിച്ചില്ല. എന്നാല്‍, ഇവിടെ 150 താരാപ്പൂരുകള്‍ നിലച്ചുപോവും. ഈ അവസരമുപയോഗിച്ചാണ് യു.എസ്. ഇടപെടല്‍ നടത്തുക. ഇറാനെതിരായി നിലപാടെടുത്താല്‍ മാത്രമേ ഇന്ത്യക്ക് ഇന്ധനം നല്‍കാനാവൂ എന്നവര്‍ പറയും. നാമെന്തു ചെയ്യും? അപ്പോള്‍ ഇന്ത്യയിലെ ഉന്നത മധ്യവര്‍ഗം (അവരാണെന്നും ഇന്നും യു.എസ്. പക്ഷപാതികള്‍!) ചോദിക്കും: ഇറാന്റെ കാര്യമാണോ നമ്മുടെ വൈദ്യുതിയാണോ പ്രധാനം? തീര്‍ച്ചയായും നമുക്കു വഴങ്ങേണ്ടി വരും. ആണവരംഗത്തെ സൈനികേതര സാങ്കേതികവിദ്യകളെല്ലാം ഈ കരാര്‍ വഴി ഇന്ത്യക്കു ലഭ്യമാവുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പും കള്ളമാണെന്നു തെളിയുന്നു. കരാറില്‍ ഇക്കാര്യം ഒഴുക്കന്‍ മട്ടില്‍ പറയുന്നുവെന്നതു ശരിയാണ്. എന്നാല്‍, ഇവിടെയും സാങ്കേതികവിശദാംശങ്ങളിലേക്കു വന്നാല്‍ സത്യം ബോധ്യമാവും. സമ്പൂര്‍ണ ആണവസഹകരണം, പൂര്‍ണമായ ഇന്ധനചക്രത്തിനുള്ള അവകാശം മുതലായവ സാങ്കേതിക പ്രയോഗങ്ങളാണ്. ഇന്ത്യയില്‍ ലഭ്യമാവുന്ന യുറേനിയത്തെ ഇന്ധന കേക്കുകളാക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ ഏറ്റവും ലളിതമായ കാര്യം. അത് ഇന്ത്യക്കു നല്‍കില്ല. ഇറക്കുമതി ചെയ്യുന്ന നിലയങ്ങളിലെ ഇന്ധനം സമ്പുഷ്ടീകരിച്ച (2.5%) യുറേനിയമാണ്. സമ്പുഷ്ടീകരണത്തിനുള്ള സാങ്കേതികവിദ്യ നമ്മുക്കില്ല. എന്നാല്‍, ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു സൈനികായുധങ്ങളുണ്ടാക്കണമെന്ന ന്യായം പറഞ്ഞുകൊണ്ട് ഈ സാങ്കേതികവിദ്യയും നമുക്കു നല്‍കുന്നില്ല. നാം പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കണം. ഇതിനെക്കാള്‍ ഇന്ത്യക്കു പ്രധാനമാണു ഘനജല ഉല്‍പ്പാദനത്തിന്റെ സാങ്കേതികവിദ്യ. ഇത് ആയുധനിര്‍മാണവുമായി വലിയ ബന്ധമില്ലാത്ത ഒന്നാണ്. എങ്കിലും അതു നല്‍കാന്‍ യു.എസ്. തയ്യാറല്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാളൊക്കെ നിര്‍ണായകമാണ് ഇന്ധന പുനഃസംസ്കരണത്തിനുള്ള സാങ്കേതിക വിദ്യ. ഇതും ആയുധമുണ്ടാക്കുമെന്ന പേരില്‍ തരുന്നില്ല. ഇന്ത്യയുടെ ഇന്ധനചക്രം പൂര്‍ത്തിയാക്കാന്‍ ഏറ്റവും നിര്‍ണായകമായ പുനഃസംസ്കരണത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു സൌജന്യം അനുവദിക്കുന്നു. മറ്റുള്ളവ ഇന്ത്യ ഒരിക്കലും സൃഷ്ടിക്കാന്‍ പാടില്ലെങ്കിലും പുനഃസംസ്കരണ പ്ളാന്റ് സ്വന്തം സാങ്കേതികവിദ്യ വച്ചു നിര്‍മിക്കാന്‍ നമുക്കനുവാദമുണ്ട്. പക്ഷേ, ഇതു സാമ്പത്തികമായും സാങ്കേതികമായും (രാഷ്ട്രീയമായും) അത്ര ലളിതമായ ഒന്നല്ല (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇടപെടലുകള്‍ ഇതില്‍ നിര്‍ണായകമാണ്). ഒട്ടേറെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ഇതിനായി നടത്തണം. നിലവിലുള്ള സംവിധാനങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും. പുതുതായി ഒരു പുനഃസംസ്കരണ നിലയം സ്ഥാപിക്കാന്‍ ഏറ്റവും കുറഞ്ഞത് 10,000 കോടി രൂപയും നാലഞ്ചു വര്‍ഷത്തെ നൂറുകണക്കിനു ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും അധ്വാനവും വേണം. ഇതൊക്കെ ഉണ്ടായാലും യു.എസ്. നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് ഉറപ്പുനല്‍കുന്ന മറ്റൊരു കരാറില്‍ (1 3 1 എന്നാണിതിന്റെ പേര്) കൂടി നാം ഒപ്പുവയ്ക്കണം. ഇക്കാര്യം 1 2 3ല്‍ പറയുന്നതേയില്ല. മനപ്പൂര്‍വം ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാനാണിതു ചെയ്തതെന്നു കരുതാം. കാരണം, ഇതു ചര്‍ച്ച ചെയ്ത ഇന്ത്യന്‍ വിദഗ്ധര്‍ക്ക് ഇക്കാര്യം അറിയില്ലെന്നു പറയാനാവില്ലല്ലോ!
1 2 3 കരാറിന്റെ 29 മതുല്‍ 32 വരെയുള്ള വകുപ്പുകളില്‍ കരാര്‍ റദ്ദാക്കിക്കല്‍ സംബന്ധിച്ചു പറയുന്ന നിബന്ധനകള്‍ വായിച്ചാല്‍ ഇന്ത്യക്ക് ഒരു തിരുത്തല്‍ നടപടിക്കും സാധ്യതയില്ലെന്നു വ്യക്തമാവും. കരാര്‍ റദ്ദായാല്‍ ഇന്ത്യക്കൊന്നും ചെയ്യാനാവില്ല. ആമുഖത്തില്‍ തിരുത്തല്‍വാഗ്ദാനം നല്‍കുന്നുണ്ടെന്നാണ് ആണവാനുകൂലികളുടെ വാദം. ഏതു ദേശീയ- അന്തര്‍ദേശീയ കരാറിലും 'ആമുഖ'ത്തേക്കാള്‍ പ്രധാനമാണ് അതിലെ വകുപ്പുകള്‍ എന്നു വ്യക്തമാണല്ലോ. ആമുഖത്തില്‍ പലതും പറയുന്നുണ്ടെങ്കിലും അതിലെ വകുപ്പുകള്‍ എതിരാണെങ്കില്‍ അവയാണു നിലനില്‍ക്കുക. ഈ കരാറുകളിലെ (1 2 3) തര്‍ക്കപരിഹാരം സംബന്ധിച്ച വ്യവസ്ഥ നോക്കുക: ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കമുണ്ടായാല്‍ ഇരുകൂട്ടരും ചര്‍ച്ചയിലൂടെ പരിഹരിക്കണം. നല്ല കാര്യം. ഇവിടെ ഇരുകക്ഷികളും ഒരുതരത്തിലും തുല്യമല്ലെന്ന ഒരു പ്രധാനപ്രശ്നമുണ്ട്. തന്നെയുമല്ല, ഏത് അന്താരാഷ്ട്ര കരാറിലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം സാധ്യമല്ലാതെ വന്നാല്‍ ഏതെങ്കിലും തര്‍ക്കപരിഹാര സ്ഥാപനത്തിനു വിടുകയെന്നതാണു നിര്‍ബന്ധമായും തുടരുന്ന രീതി. സാധാരണ വ്യപാരക്കരാറുകളില്‍ പോലും ഇതുണ്ട്. ഈയൊരൊറ്റ വ്യവസ്ഥയ്ക്കു വേണ്ടി ജപ്പാന്‍ രണ്ടുവര്‍ഷം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോയി. ചൈന കരാറില്‍ ഒപ്പിട്ടത് 13 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്. എന്നാല്‍, കരാര്‍വിഷയത്തില്‍ തര്‍ക്കമുണ്ടായി ചര്‍ച്ച പരാജയപ്പെട്ടാല്‍ പിന്നെന്തു സംഭവിക്കും? കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടാം. പക്ഷേ, ഫലത്തില്‍ ഇന്ത്യയുടെ നിലയങ്ങള്‍ നിലയ്ക്കുന്നു. അന്തിമമായി കരാര്‍ റദ്ദായാല്‍ അമേരിക്ക ഇന്ത്യക്കു നല്‍കിയ എല്ലാ ആണവ- ആണവേതര സാമഗ്രികളും തിരിച്ചുനല്‍കണം. അതിനവര്‍ പണം തന്നേക്കാം. പക്ഷേ, പ്രശ്നമതല്ല. ഒറ്റയടിക്ക് ഇന്ത്യയുടെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കും. ഇതു സമ്പൂര്‍ണമായ കീഴടങ്ങല്‍ വ്യവസ്ഥയാണ്. ഏതെങ്കിലും ഒരു കക്ഷിക്ക് ഒരു 'അതീവ പ്രത്യേക സാഹചര്യം' ഉണ്ടെന്നു തോന്നിയാല്‍ കരാറില്‍ നിന്നു പിന്മാറാം എന്ന വ്യവസ്ഥ തന്നെ എത്ര അവ്യക്തമാണ്? എന്താണ് ആ സാഹചര്യം എന്ന് അവര്‍ തീരുമാനിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങളുള്ള കരാര്‍ ഭാവിയില്‍ ഇന്ത്യക്കു ദോഷമായി ഭവിക്കും. ഇന്ത്യക്ക് അണ്വായുധ പരീക്ഷണം നടത്താന്‍ കഴിയുമോ ഈ കരാറനുസരിച്ച് എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇന്ത്യ അങ്ങനെ ചെയ്യുകയും സ്വാഭാവികമായും അത് 'അതീവ പ്രത്യേക സാഹചര്യം' ആണെന്ന് യു.എസിന് 'തോന്നുകയും' ചെയ്താല്‍ കരാര്‍ റദ്ദാക്കും. അല്ലെങ്കില്‍ യു.എസിന്റെ സമ്മതത്തോടെ മാത്രമേ ആയുധപരീക്ഷണം നടത്തൂവെന്നു നാം തീരുമാനിക്കണം. ഇതു കീഴടങ്ങലല്ലെങ്കില്‍ മറ്റെന്താണ്? യു.എസുമായുള്ള കരാര്‍ റദ്ദാക്കുകയും മറ്റ് എന്‍.എസ്.ജി. രാജ്യങ്ങളില്‍ നിന്നു നമുക്ക് ഇന്ധനവും സാമഗ്രികളും ലഭ്യമാക്കാമെന്നും വാദിക്കുന്നവരുണ്ട്. ഇതെത്രമാത്രം അസാധ്യമാണെന്നറിയാന്‍ ബുദ്ധിമുട്ടില്ല.
ഐ.എ.ഇ.എ. എന്ന സ്ഥാപനത്തിനുമേല്‍ യു.എസിനുള്ള സമ്പൂര്‍ണ നിയന്ത്രണവും വിഷയമാണ്. ഇറാന്‍ വിഷയത്തില്‍ ഇതു കണ്ടതാണ്. ഇറാനിലെ 25 ഓളം ആണവസ്ഥാപനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 1450 തവണയാണ് ഐ.എ.ഇ.എ. പരിശോധന നടത്തിയത്. അതേസമയം 245 ആണവസ്ഥാപനങ്ങളാണ് യു.എസ്. പരിശോധനയ്ക്കു നല്‍കിയിരിക്കുന്നത്.
എന്നാല്‍, 1981 മുതല്‍ ഇതുവരെ കേവലം 19 സ്ഥാപനങ്ങളില്‍ മാത്രമേ പരിശോധന നടന്നിട്ടുള്ളൂ. എന്‍.പി.ടി. കരാര്‍ ഒപ്പിട്ട രാജ്യമെന്ന നിലയില്‍ സമ്പുഷ്ടീകരണം, പുനഃസംസ്കരണം തുടങ്ങിയവയ്ക്കും അതിലൂടെ ഇന്ധനചക്രം പൂര്‍ത്തിയാക്കുന്നതിനും ഇറാനു പൂര്‍ണാധികാരമുണ്ട്. എന്നാല്‍, പലവിധ ഉമ്മാക്കികള്‍ കാട്ടി ഇതു തടയാനാണ് യു.എസ്. ശ്രമിക്കുന്നത്

Friday, August 1, 2008

മന്ത്രിസഭാ വികസനം കീറാമുട്ടി എസ്പിക്കുവേണ്ടത് പ്രതിരോധവും പെട്രോളിയവും

മന്ത്രിസഭാ വികസനം കീറാമുട്ടി എസ്പിക്കുവേണ്ടത് പ്രതിരോധവും പെട്രോളിയവും
വി ബി പരമേശ്വരന്‍
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനുള്ള പിന്തുണയ്ക്ക് സമാജ്വാദി പാര്‍ടി ആവശ്യപ്പെടുന്നത് എ കെ ആന്റണിയുടെയും മുരളി ദേവ്റയുടെയും വകുപ്പുകള്‍. മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ച സമാജ്വാദി പാര്‍ടി പ്രതിരോധ-പെട്രോളിയം വകുപ്പുകളാണ് കോഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കുന്നപക്ഷം എ കെ ആന്റണിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടും. രണ്ടു ക്യാബിനറ്റ് മന്ത്രിമാര്‍ക്കുപുറമെ നാല് സഹമന്ത്രിസ്ഥാനവും എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. മായാവതിയെ നേരിടാന്‍ ആഭ്യന്തര-ധന സഹമന്ത്രി സ്ഥാനങ്ങളാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം മുലായംസിങ് യാദവും കോഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈ ആവശ്യം മുന്നോട്ടുവച്ചെന്ന് അറിയുന്നു. അടുത്ത കൂടിക്കാഴ്ചയില്‍ അന്തിമതീരുമാനം ഉണ്ടാകും. അതിനുശേഷമേ മന്ത്രിസഭാവികസനം നടക്കൂ. കോഗ്രസ് കഴിഞ്ഞാല്‍ ഏറ്റവും വലിയ കക്ഷിയെന്നനിലയില്‍ സമാജ്വാദി പാര്‍ടി മുന്നോട്ടുവയ്ക്കുന്ന ആവശ്യം തള്ളിക്കളയാന്‍ യുപിഎയ്ക്ക് കഴിയില്ല. മറ്റു ഘടകകക്ഷികള്‍ അവരുടെ വകുപ്പ് ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ കോഗ്രസിന്റെ കൈവശമുള്ള വകുപ്പുകള്‍തന്നെ നല്‍കേണ്ടിവരും. ഉത്തര്‍പ്രദേശില്‍നിന്നുള്ള ആഭ്യന്തര സഹമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. വിശ്വാസവോട്ടെടുപ്പിന് പിന്തുണ നല്‍കുന്നതിന് ജെഎംഎം നേതാവ് ഷിബു സൊരനെ കല്‍ക്കരി-ഖനി മന്ത്രിയാക്കാമെന്ന് കോഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. മറ്റൊരു ജെഎംഎം എംപിയെ സഹമന്ത്രിയാക്കാമെന്നും വാക്കുനല്‍കി. തമിഴ്നാട്ടില്‍നിന്നുള്ള ജി കെ വാസനെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്താനും കോഗ്രസിന് താല്‍പ്പര്യമുണ്ട്. ആണവകരാറിനെയും സര്‍ക്കാരിനെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ പെട്രോളിയംമന്ത്രിയെയും ധനമന്ത്രിയെയും മാറ്റണമെന്ന് എസ്പി ജനറല്‍ സെക്രട്ടറി അമര്‍സിങ് ആവശ്യപ്പെട്ടിരുന്നു. എസ്പിക്കൊപ്പമുള്ള അനില്‍ അംബാനിയുടെ സഹോദരന്‍ മുകേഷ് അംബാനിയെ വഴിവിട്ട് സഹായിക്കുന്നയാളാണ് പെട്രോളിയംമന്ത്രി മുരളി ദേവ്റ എന്നതിനാലാണ് ഈ ആവശ്യം ഉന്നയിച്ചത്. ദേവഗൌഡയുടെയും ഗുജ്റാളിന്റെയും നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായിരുന്നു മുലായം. ഇക്കുറി മന്ത്രിസഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുലായം വ്യക്തമാക്കിയിട്ടുണ്ട്. മുലായത്തിന്റെ അനുജനും ലോക്സഭയില്‍ എസ്പിയുടെ നേതാവുമായ രാംഗോപാല്‍ യാദവ് മന്ത്രിയാകും. ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുന്ന മായാവതിയോട് പിടിച്ചുനില്‍ക്കാന്‍ കേന്ദ്രത്തിലെ അധികാരം സഹായിക്കുമെന്ന നിഗമനത്തിലാണ് സമാജ്വാദി പാര്‍ടി. അതിനാലാണ് മന്ത്രിസഭയില്‍ ചേരേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ മാറ്റംവരുത്താന്‍ മുലായം തയ്യാറായ

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)