Showing posts with label HMT. Show all posts
Showing posts with label HMT. Show all posts

Tuesday, August 11, 2009

എച്ച്‌.എം.ടി വിറ്റത്‌ മിച്ചഭൂമിയല്ലെന്ന്‌ സര്‍വേ സൂപ്രണ്ട്‌

10 Nov 2008
കൊച്ചി: കളമശ്ശേരിയില്‍ എച്ച്‌.എം.ടി. ബ്ലൂസ്റ്റാറിന്‌ വിറ്റത്‌ മിച്ചഭൂമിയല്ലെന്ന്‌ സര്‍വേ സൂപ്രണ്ട്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. എച്ച്‌ എം.ടി. കൈമാറ്റം ചെയ്‌ത ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണ്‌ സര്‍വേ നടത്തിയത്‌.

എച്ച്‌.എം.ടി. ഭൂമി കൈമാറ്റത്തില്‍ ക്രമക്കേട്‌ നടന്നതായി ആരോപിച്ച്‌ ജോയ്‌ കൈതാരത്ത്‌ സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്‌.

തൃക്കാക്കര നോര്‍ത്ത്‌ വില്ലേജില്‍ 717/5 സര്‍വേ നമ്പറിലെ 70 ഏക്കറാണ്‌ എച്ച്‌.എം.ടി. ബ്ലൂസ്റ്റാറിന്‌ വിറ്റിട്ടുള്ളത്‌. ഈ സ്ഥലത്ത്‌ ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്‌ചയായി സര്‍വേ നടത്തിയിരുന്നു. സര്‍വേനമ്പരില്‍ ഉള്‍പ്പെട്ട ഭൂമിയിലൂടെ കടന്നുപോകുന്ന കരിപ്പാച്ചിറ റോഡിന്റെ പടിഞ്ഞാറ്‌
ഭാഗത്തുമാത്രമേ മിച്ചഭൂമിയുള്ളൂ എന്നാണ്‌ സൂപ്രണ്ട്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. ബ്ലൂസ്‌റ്റാറിന്‌ വിറ്റത്‌ റോഡിന്റെ മറുപുറത്തുള്ള ഭൂമിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

എച്ച്‌.എം.ടി. വിറ്റ 70 ഏക്കറില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട ഈ ഭൂമി വിറ്റത്‌ നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ബ്ലൂസ്റ്റാറിന്‌ വിറ്റ 70 ഏക്കറില്‍ മിച്ചഭൂമിയില്ലെന്ന്‌ കാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കിട്ടുണ്ട്‌.

റിപ്പോര്‍ട്ടില്‍ എതിര്‍പ്പുള്ളവര്‍ സത്യവാങ്‌മൂലം നല്‍കണമെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. രണ്‌ട്‌ ദിവസത്തിനകം സത്യവാങ്‌മൂലം നല്‍കാനാണ്‌ നിര്‍ദ്ദേശം.വെള്ളിയാഴ്‌ചത്തെ പ്രത്യേക സിറ്റിംഗില്‍ കേസ്‌ വീണ്‌ടും പരിഗണിയ്‌ക്കും.

സര്‍വേ നടക്കുമ്പോള്‍ പരാതിക്കാരനെ വിശ്വാസത്തിലെടുത്തില്ലെന്ന്‌ ജോയി കൈതാരം മറ്റൊരു ഹര്‍ജി കൂടി നല്‍കിയിട്ടുണ്ട്‌.

എച്ച്‌.എം.ടി. ഭൂമി വീണ്ടും സര്‍വേ ചെയ്യാന്‍ ഉത്തരവ്‌

23 Oct 2008
കൊച്ചി: കളമശ്ശേരിയില്‍ എച്ച്‌.എം.ടി. ബ്ലൂസ്റ്റാറിന്‌ വിറ്റ എഴുപത്‌ ഏക്കര്‍ ഭൂമി വീണ്ടും സര്‍വേ നടത്തി അളന്ന്‌ തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.

എച്ച്‌.എം.ടി. കൈമാറ്റം ചെയ്‌ത ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ കണ്ടെത്താനാണിത്‌.

ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ നവംബര്‍ 7നകം സര്‍വേ പൂര്‍ത്തിയാക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍. ദത്തുവും ജസ്റ്റിസ്‌ കെ.എം. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു. ഹര്‍ജി നവംബര്‍ 10ന്‌ വീണ്ടും പരിഗണിക്കും.

എച്ച്‌.എം.ടി. ഭൂമി കൈമാറ്റത്തിലെ ക്രമക്കേട്‌ ചൂണ്ടിക്കാട്ടി ജോയ്‌ കൈതാരത്ത്‌ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിയിലാണിത്‌.

ഹര്‍ജിലെ എതിര്‍കക്ഷികള്‍ക്ക്‌ സര്‍വേ നടപടികളില്‍ പങ്കെടുക്കാമെന്ന്‌ കോടതി വ്യക്തമാക്കി. എന്നാല്‍, സര്‍വേയ്‌ക്ക്‌ തടസ്സമുണ്ടാക്കുകയോ പ്രശ്‌നം സൃഷ്ടിക്കുകയോ ചെയ്യരുത്‌.

എച്ച്‌.എം.ടി. വിറ്റ 70 ഏക്കറില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക്‌ നല്‍കേണ്ട ഈ ഭൂമി വിറ്റത്‌ നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

ബ്ലൂസ്റ്റാറിന്‌ വിറ്റ 70 ഏക്കറില്‍ മിച്ചഭൂമിയില്ലെന്ന്‌ കാണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട്‌.

തൃക്കാക്കര നോര്‍ത്ത്‌ വില്ലേജില്‍ 717/5 സര്‍വേ നമ്പറിലെ 70 ഏക്കറാണ്‌ എച്ച്‌.എം.ടി. ബ്ലൂസ്റ്റാറിന്‌ വിറ്റിട്ടുള്ളത്‌.

മിച്ചഭൂമിയില്‍ നിന്നൊഴിവാക്കി നല്‍കിയ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡിന്റെ ഉത്തരവും സെ്‌കച്ചും സര്‍ക്കാര്‍ ഹാജരാക്കി. ഇവ പരിശോധിച്ചാല്‍ വിറ്റ 70 ഏക്കര്‍ മിച്ചഭൂമിയല്ലെന്ന്‌ വ്യക്തമാവുമെന്ന്‌ സര്‍ക്കാര്‍ വാദിച്ചു.

എച്ച്‌.എം.ടി. വിറ്റ ഭൂമിക്ക്‌ ഭൂപരിധി ബാധകമെന്ന്‌ സര്‍ക്കാര്‍

25 Mar 2008
കൊച്ചി: എച്ച്‌.എം.ടി.യില്‍ നിന്ന്‌ ബ്ലൂസ്റ്റാര്‍ റിയാല്‍ട്ടേഴ്‌സ്‌ വാങ്ങിയ ഭൂമിക്ക്‌ ഭൂപരിഷ്‌കരണ നിയമത്തിലെ ഭൂപരിധി നിബന്ധന ബാധകമാവുമെന്ന്‌ അഡ്വക്കേറ്റ്‌ജനറല്‍ സി.പി. സുധാകര പ്രസാദ്‌ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇവര്‍ക്ക്‌ വേണമെങ്കില്‍ ഇളവിന്‌ അപേക്ഷിക്കാമെന്നും, അല്ലാത്തപക്ഷം 15 ഏക്കറില്‍ കൂടുതല്‍ വരുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി എടുക്കുമെന്നുമാണ്‌ സര്‍ക്കാര്‍ നിലപാട്‌.

വില്‌പന നടന്ന്‌ ഒന്നരവര്‍ഷം പിന്നിട്ടെങ്കിലും അധികഭൂമി തിരിച്ചു പിടിക്കാന്‍ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ നടപടിയെടുക്കാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍. ദത്തുവും ജസ്റ്റിസ്‌ കെ.എം. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യത്തിന്‌ വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായില്ല. ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടെന്നിരിക്കേ അത്‌ വിനിയോഗിക്കാതിരിക്കാനാവുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

എച്ച്‌.എം.ടി.യില്‍നിന്ന്‌ 70 ഏക്കര്‍ വാങ്ങിയ സ്വകാര്യവ്യക്തി അവിടെ ഐ.ടി. പാര്‍ക്ക്‌ തുടങ്ങുമെന്നാണ്‌ ഉറപ്പുനല്‍കിയിട്ടുള്ളത്‌. ഭൂമി വില്‌പനയിലൂടെ ലഭിക്കുന്ന തുക പൊതുമേഖലാ സ്ഥാപനമായ എച്ച്‌.എം.ടി. നഷ്ടം നികത്താനും വ്യവസായ യൂണിറ്റിന്റെ പ്രവര്‍ത്തനം സുഗമമാക്കാനുമാണ്‌ വിനിയോഗിക്കുന്നതെന്നും അഡ്വക്കേറ്റ്‌ജനറല്‍ വ്യക്തമാക്കി.

എച്ച്‌.എം.ടി. ഭൂമിയിടപാടിനെ ചോദ്യംചെയ്‌ത്‌ സ്റ്റേറ്റ്‌ ഹ്യൂമന്റൈറ്റ്‌സ്‌ പ്രൊട്ടക്ഷന്‍ സെന്ററിനുവേണ്ടി ജോയ്‌ കൈതാരം സമര്‍പ്പിച്ച പൊതു താത്‌പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണിത്‌.

എച്ച്‌.എം.ടി: മറ്റു ഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയെന്ന്‌ സി.പി.ഐ

23 feb 2008

തിരുവനന്തപുരം: എച്ച്‌.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ്‌ റദ്ദാക്കണമെന്നും എച്ച്‌.എം.ടി. ഭൂമി വില്‌പന നടത്താന്‍ അവകാശമുണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം അസ്വീകാര്യമാണെന്നുമുള്ള പാര്‍ട്ടി നിലപാട്‌ നടപ്പാക്കാനാകാതെ പോയത്‌ ഇടതുമുന്നണി യോഗത്തില്‍ മറ്റുഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയതുകൊണ്ടാണെന്ന്‌ സി.പി.ഐ.

ഇടതുമുന്നണി യോഗത്തിന്‌ തൊട്ടുപിന്നാലേ ചേര്‍ന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലാണ്‌ സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇക്കാര്യം അറിയിച്ചത്‌.

ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ. തീരുമാനം ശക്തമായി ഉന്നയിക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടതായി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പോക്കുവരവ്‌ റദ്ദാക്കേണ്ടിവരികയാണെങ്കില്‍ പോക്കുവരവിന്‌ അനുമതി നല്‍കിയ രണ്ടുമന്ത്രിമാര്‍ രാജിവെയേ്‌ക്കണ്ടിവരുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പിന്‌ മുന്നില്‍ സി.പി.ഐ. നേതാക്കള്‍ പാര്‍ട്ടിതീരുമാനം മറന്നതായും വിമര്‍ശനം ഉണ്ടായി. എച്ച്‌.എം.ടി. ഭൂമി പ്രശ്‌നത്തില്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി സി.പി.ഐ. മന്ത്രി രാജിവെയേ്‌ക്കണ്ടിവന്നാല്‍ അതിനും പാര്‍ട്ടി തയ്യാറാണെന്ന്‌ മന്ത്രി കെ.പി. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ്‌ തീരുമാനിച്ചതായിരുന്നുവെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന്‌ മറുപടിയായിട്ടാണ്‌ ഇടതുമുന്നണി ഘടകകക്ഷികള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും സാധാരണ ഇത്തരം വിഷയങ്ങളില്‍ ശരിയായ നിലപാട്‌ സ്വീകരിക്കാറുള്ള ആര്‍.എസ്‌.പി.യും ഇത്തവണ സി.പി.എം. നിലപാടിനെ പിന്താങ്ങുകയാണ്‌ ചെയ്‌തതെന്നും വെളിയം ഭാര്‍ഗവന്‍ വിശദീകരണം നടത്തിയത്‌. മുന്നണി രാഷ്‌ട്രീയത്തില്‍ മറ്റു ഘടകകക്ഷികളുടെ നിലപാടുകളും മറ്റും അനുസരിച്ച്‌ മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ചില വിട്ടുവീഴ്‌ചകള്‍ വേണ്ടിവരുന്നത്‌ സ്വാഭാവികമാണെന്നും വെളിയം വ്യക്തമാക്കി.

വെളിയത്തിന്റെ വിശദീകരണം സംസ്ഥാന കൗണ്‍സിലംഗങ്ങളെ പൂര്‍ണ തൃപ്‌തരാക്കിയില്ലെന്നാണ്‌ തുടര്‍ന്നും ചര്‍ച്ചയില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ നല്‍കുന്ന സൂചന.

എച്ച്‌.എം.ടി. ഭൂമിഇടപാട്‌ സംബന്ധിച്ച ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‌ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. മാര്‍ച്ച്‌ ആദ്യവാരം തൃശ്ശൂരിലാണ്‌ സംസ്ഥാന സമ്മേളനം.

മുന്നണി പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. കാട്ടുന്ന മേധാവിത്വ മനോഭാവത്തിനെതിരേ രൂക്ഷ വിമര്‍ശനവും സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിനെതിരായ സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

എച്ച്‌.എം.ടി. ഇടപാട്‌: സര്‍ക്കാര്‍ നടപടി ശരിയെന്ന്‌ വെളിയം

01 Mar 2008
തൃശ്ശൂര്‍: എച്ച്‌.എം.ടി. ഭൂമി ഇടപാടില്‍ സി.പി.ഐ. നേരത്തെ കൈക്കൊണ്ട നിലപാടിന്‌ വിരുദ്ധമായ പ്രതികരണമാണ്‌ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ തൃശ്ശൂരില്‍ നടത്തിയ മീറ്റ്‌ ദ പ്രസ്സില്‍ പ്രകടിപ്പിച്ചത്‌. എച്ച്‌.എം.ടി. ഭൂമി കൈമാറ്റം ചെയ്‌ത സര്‍ക്കാര്‍ നടപടി ശരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.ഐ. മുന്‍നിലപാടില്‍നിന്ന്‌ മാറിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ ഇത്തരം വിവാദങ്ങള്‍ക്ക്‌ അടിസ്ഥാനമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കാര്യത്തില്‍ ചീഫ്‌ സെക്രട്ടറി കൈക്കൊണ്ട നടപടി ശരിയല്ല. ഭൂമി വില്‍ക്കാന്‍ 2000-ല്‍ അനുവാദം കൊടുത്തതായി രേഖയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

എച്ച്‌.എം.ടി. ഭൂമി പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ സി.പി.ഐ. നേരത്തെ ആവശ്യം ഉന്നയിച്ചിരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ഇക്കാര്യത്തില്‍ വിവാദങ്ങള്‍ ആവശ്യമില്ലെന്നതായിരുന്നു വെളിയത്തിന്റെ നിലപാട്‌.

എച്ച്‌.എം.ടി. ഭൂമി ഇടപാട്‌ നിയമവിധേയം - സര്‍ക്കാര്‍

27 Feb 2009


വ്യവസായ മന്ത്രി ക്രമക്കേട്‌ കാണിച്ചിട്ടില്ല

കൊച്ചി: എച്ച്‌.എം.ടി. ഭൂമി ഇടപാട്‌ നിയമ വിധേയമാണെന്ന്‌ ഹൈക്കോടതിയെ സര്‍ക്കാര്‍ ചൊവ്വാഴ്‌ച അറിയിച്ചു.

ഇടപാടില്‍ വ്യവസായ മന്ത്രി എളമരം കരീം ഒരു ക്രമക്കേടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്‌മൂലത്തില്‍ പറഞ്ഞു. 18 ന്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ കേസില്‍ വാദം കേള്‍ക്കും. ഇടപാട്‌ റദ്ദാക്കാനുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്‌.

70 ഏക്കര്‍ മുംബൈയില്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന്‌ എച്ച്‌.എം.ടി. വിറ്റത്‌ നിയമവിധേയമാണെന്ന അഡ്വക്കേറ്റ്‌ജനറലിന്റെ നിയമോപദേശം സ്വീകരിച്ചാണ്‌ സര്‍ക്കാര്‍ സത്യവാങ്‌മൂലം.

ഭൂപരിഷ്‌കരണ നിയമത്തിലെ മൂന്നാം അധ്യായത്തിലുള്ള എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും എച്ച്‌.എം.ടി.യെ 100 ഏക്കറിന്റെ കാര്യത്തില്‍ ഒഴിവാക്കി, 2000 ജൂലായില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനാല്‍ 70 ഏക്കര്‍ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന്‌ കൈമാറാന്‍ എച്ച്‌.എം.ടി.ക്ക്‌ പൂര്‍ണാധികാരവും അവകാശവും ഉണ്ടായിരുന്നുവെന്ന്‌ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. ''70 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതിയും ആവശ്യമായിരുന്നില്ല''.

ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനെ വഴിവിട്ട്‌ സഹായിക്കാനോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാനോ വ്യവസായ മന്ത്രി ശ്രമിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. എച്ച്‌.എം.ടി.യിലെ തൊഴില്‍പ്രശ്‌നത്തില്‍ ഉത്തമ വിശ്വാസത്തോടെയാണ്‌ അദ്ദേഹം ഇടപെട്ടത്‌. സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിനായി സര്‍ക്കാരിന്റെ നയം അനുസരിച്ച്‌ ഐ.ടി. സംരംഭങ്ങളെ സഹായിക്കാനാണ്‌ വ്യവസായ മന്ത്രി നടപടി എടുത്തിട്ടുള്ളത്‌.

251 ഏക്കര്‍ മിച്ചഭൂമി എച്ച്‌.എം.ടി.ക്കുള്ളത്‌ തിരിച്ചുപിടിക്കാന്‍ കണയന്നൂര്‍ താലൂക്ക്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ 2002 ഏപ്രില്‍ 27 ന്‌ ഉത്തരവിട്ടിരുന്നു. ആ ഭൂമിയെ എച്ച്‌.എം.ടി. വിറ്റ 70 ഏക്കറുമായി കൂട്ടിക്കുഴയേ്‌ക്കണ്ടതില്ല. ഒരു കോണില്‍ നിന്നും വ്യവസായ മന്ത്രി സമ്മര്‍ദങ്ങള്‍ക്ക്‌ വിധേയനായിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച്‌ മന്ത്രിയെ കരിതേയ്‌ക്കാനാണ്‌ ഹര്‍ജിക്കാരനായ ജോയ്‌ കൈതാരത്തിന്റെ ശ്രമം. 70 ഏക്കറിന്റെ പോക്കുവരവ്‌ റവന്യു വകുപ്പ്‌ ചെയ്‌തുകൊടുത്തതും നിയമാനുസൃതമാണ്‌. 70 ഏക്കര്‍ 91 കോടി രൂപയ്‌ക്ക്‌ വാങ്ങിയത്‌ കഴിഞ്ഞ വര്‍ഷം ഫിബ്രവരി 10 ന്‌ മുഖ്യമന്ത്രിയെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ അറിയിച്ചിരുന്നു. ഭൂമി ഇടപാട്‌ കര്‍ണാടക ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. (എച്ച്‌.എം.ടി.യുടെ കേന്ദ്ര ഓഫീസ്‌ ബാംഗ്ലൂരിലാണ്‌).

100 ഏക്കര്‍ 1991 ജൂലായില്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നുവെങ്കിലും ചില വ്യവസ്ഥകള്‍ സര്‍ക്കാര്‍ വെച്ചിരുന്നു. എന്നാല്‍ 2004 ജൂലായില്‍ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ്‌ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത്‌. അതോടെ ഭൂമിയുടെ പൂര്‍ണാവകാശം എച്ച്‌.എം.ടി.ക്ക്‌ നിയമ തടസ്സങ്ങള്‍ ഇല്ലാതെ കിട്ടിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

എച്ച്‌.എം.ടി ഭൂമി: കുറ്റക്കാരെ കോടതി ഒഴിവാക്കുമെന്ന്‌ തോന്നുന്നില്ല -മുഖ്യമന്ത്രി

21-Feb 2009
തിരുവനന്തപുരം: എച്ച്‌.എം.ടി. ഭൂമിപ്രശ്‌നം കോടതിയുടെ പരിഗണനയ്‌ക്ക്‌ വരുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച്‌ ഒന്നും പറയുന്നില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

എന്നാല്‍ കുറ്റക്കാരെ കോടതി ഒഴിവാക്കുമെന്ന്‌ തോന്നുന്നില്ലെന്ന്‌ അദ്ദേഹം പിന്നീട്‌ അഭിപ്രായപ്പെട്ടു.

കോടതി എന്താണോ തീരുമാനിക്കുന്നത്‌ അതനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ താത്‌പര്യം സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവര്‍ണറുടെ പ്രസംഗം ചോര്‍ന്നിട്ടില്ലെന്നും അതും പത്രവാര്‍ത്തകളും വായിച്ചുനോക്കിയാല്‍ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനു ശേഷം എണീറ്റ്‌ നിന്ന്‌ 'കോര്‍ണറില്‍' സംസാരിക്കുന്ന പതിവ്‌ താന്‍ നിറുത്തിയതായി മുഖ്യമന്ത്രി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

എച്ച്‌.എം.ടി ഭൂമിവില്‌പന കേന്ദ്ര ബോര്‍ഡിന്റെ അനുമതിയോടെ-ധനമന്ത്രി

22 Feb 2009

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള എന്റര്‍പ്രൈസസ്‌ ബോര്‍ഡിന്റെ അനുമതിയോടെയാണ്‌ എച്ച്‌.എം.ടി. ഭൂമിവില്‌പന നടന്നതെന്ന്‌ ധനമന്ത്രി തോമസ്‌ഐസക്ക്‌ പറഞ്ഞു. കേന്ദ്രനയത്തിന്‌ വിധേയമായാണ്‌ ഭൂമിവില്‌പന നടന്നത്‌. സൈബര്‍ സിറ്റി വേണോ, വേണ്ടയോ എന്നതാണ്‌ പ്രശ്‌നമെന്നും അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തെ മൂലധന മുതല്‍മുടക്കിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്‌.എസ്‌.ഐ.എ യുടെയും സി.ഐ.ഐ യുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ വ്യവസായവത്‌കരണം, സാധ്യതകളും പരിമിതികളും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പതിറ്റാണ്ടുകളുടെ തിരിച്ചടിയാണ്‌ വിമോചനസമരത്തിലൂടെ കേരളത്തിനുണ്ടായത്‌. അതുമൂലമുണ്ടായ തെറ്റായ പ്രതിച്ഛായയുടെ പുതിയ പതിപ്പുകളാണ്‌ ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍.

2003-ല്‍ യു.ഡി.എഫ്‌. ഭരണകാലത്താണ്‌ എച്ച്‌.എം.ടി. വില്‌പന സംബന്ധിച്ച്‌ ആദ്യം പരസ്യം വന്നത്‌. 2005-ല്‍ വീണ്ടും പരസ്യം വന്നു. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പൂര്‍ണ ഉത്തരവാദിത്വത്തില്‍ നടന്ന ഏര്‍പ്പാടില്‍ സംസ്ഥാന മന്ത്രിയും ഉദ്യോഗസ്ഥരും എങ്ങനെ അഴിമതിക്കാരാകുമെന്ന്‌ ചടങ്ങില്‍ സംസാരിച്ച വ്യവസായ മന്ത്രി എളമരം കരീം ചോദിച്ചു. ഈയിടപാട്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. വിധി വരട്ടെ-അദ്ദേഹം പറഞ്ഞു.

ഭൂമി ഇടപാട്‌: എച്ച്‌.എം.ടി. നിയമം ലംഘിച്ചിട്ടില്ല - അഡ്വ. ജനറല്‍

16 Feb 2008
കൊച്ചി: ഭൂമി ഇടപാടില്‍ എച്ച്‌.എം.ടി. യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന്‌ സര്‍ക്കാരിന്‌ നല്‍കിയ നിയമോപദേശത്തില്‍ അഡ്വക്കേറ്റ്‌ ജനറല്‍ വ്യക്തമാക്കി. ഭൂപരിഷ്‌കരണനിയമം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച്‌ വിലയിരുത്തി അഡ്വ. ജനറല്‍ സി.പി.സുധാകര പ്രസാദ്‌ നല്‍കിയ വിശദമായ നിയമോപദേശം മുഖ്യമന്ത്രിക്ക്‌ ലഭ്യമാക്കിയിട്ടുണ്ട്‌. മന്ത്രിസഭായോഗം കഴിഞ്ഞ്‌ വെള്ളിയാഴ്‌ച ഉച്ചയോടെയാണ്‌ മുഖ്യമന്ത്രിക്ക്‌ ഫാക്‌സ്‌ വഴി നിയമോപദേശം അയച്ചത്‌.

പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി കൈമാറുന്നത്‌ സംബന്ധിച്ച്‌ കര്‍ശനമായ വ്യവസ്ഥകള്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 44-ാം വകുപ്പില്‍ ഉണ്ട്‌. ഏതെങ്കിലും കമ്പനിക്കുവേണ്ടി ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുകൊടുത്താല്‍ അങ്ങനെ ഭൂമി കിട്ടുന്ന കമ്പനി അത്‌ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലാത്തതാണ്‌ എന്നാണ്‌ വ്യവസ്ഥ.

ഇവിടെ കമ്പനി എന്നു പറയുന്നത്‌ സര്‍ക്കാര്‍ കമ്പനിയല്ലാത്ത സ്ഥാപനങ്ങളെയാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കമ്പനി നിയമത്തിലെ 3 (ഇ) വകുപ്പ്‌ വിലയിരുത്തിക്കൊണ്ട്‌ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എച്ച്‌.എം.ടി.ക്ക്‌ ഭൂമി കൈമാറുന്നതില്‍ യാതൊരു നിയമതടസ്സങ്ങളും നിലനില്‍ക്കുന്നില്ല. സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ കിട്ടിയ 100 ഏക്കര്‍ ഭൂമിയില്‍ 70 ഏക്കര്‍ മുംബൈയിലെ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ എന്ന സ്ഥാപനത്തിന്‌ എച്ച്‌.എം.ടി. കൈമാറിയതിന്‌ സര്‍ക്കാരിന്റെ മുന്‍കൂട്ടിയുള്ള അനുമതിപോലും ആവശ്യമായിവരുന്നില്ല. ഭൂമി ഇടപാട്‌ നിയമത്തിന്റെ ദൃഷ്ടിയില്‍ സാധുവാണ്‌. കാരണം, കൈമാറ്റത്തിന്‌ യാതൊരു തടസ്സങ്ങളും നിയമത്തിലില്ലെന്നാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നത്‌.

2000 ജൂലായ്‌ 11ന്‌ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഒരു സുപ്രധാന ഉത്തരവും എച്ച്‌.എം.ടി.ക്ക്‌ അനുകൂലമായതാണ്‌. അതനുസരിച്ച്‌, ഭൂപരിഷ്‌കരണനിയമത്തിലെ മൂന്നാം അധ്യായത്തില്‍ വ്യവസ്ഥ ചെയ്‌തിട്ടുള്ള നിയന്ത്രണങ്ങള്‍ ഒന്നും എച്ച്‌.എം.ടിക്ക്‌ ബാധകമല്ല. പൊതുതാത്‌പര്യം മുന്‍നിര്‍ത്തിയാണ്‌ ഭൂപരിഷ്‌കരണനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ അനുസരിച്ച്‌ മൂന്നാം അധ്യായത്തിലെ വ്യവസ്ഥയില്‍നിന്ന്‌ എച്ച്‌.എം.ടി.യെ ഒഴിവാക്കിയിട്ടുള്ളത്‌. അതിനാല്‍, ഭൂമി കൈമാറ്റം നിര്‍ബാധമായി എച്ച്‌.എം.ടി.ക്ക്‌ നടത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നിയമപരമായ യാതൊരു തടസ്സവും എച്ച്‌.എം.ടി.ക്ക്‌ ഇല്ല. 2000 ജൂലായ്‌ നാലിലെസര്‍ക്കാര്‍ തീരുമാനം 2000 ജൂലായ്‌ 11ലെ അസാധാരണ ഗസറ്റായിട്ടാണ്‌ പ്രസിദ്ധീകരിച്ചത്‌. ഭൂമി എത്ര കൈവശംവെക്കാം, പരിധി എത്ര, കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയവയാണ്‌ ഭൂപരിഷ്‌കരണ നിയമത്തിലെ മൂന്നാം അധ്യായത്തിലുള്ളത്‌. ഈ അധ്യായത്തില്‍ നിയന്ത്രണങ്ങളും വ്യവസ്ഥയും പൊതുതാത്‌പര്യം മുന്‍നിര്‍ത്തി എച്ച്‌.എം.ടി.ക്ക്‌ ഒഴിവാക്കിക്കൊടുത്തേ തീരൂ എന്ന്‌ സര്‍ക്കാരിന്‌ അഭിപ്രായം ഉള്ളതിനാലാണ്‌ അങ്ങനെ ഉത്തരവ്‌ ഇറക്കിയത്‌. പൊതുതാത്‌പര്യം സംബന്ധിച്ചുള്ള തീരുമാനത്തിന്‌ നേരത്തെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു.

അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടും നിയമവകുപ്പ്‌ കഴിഞ്ഞവര്‍ഷം ജനവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടും ദുര്‍ബലപ്പെടുന്നു.

എച്ച്‌.എം.ടി. ഭൂമി ഇടപാട്‌ : പോക്കുവരവ്‌ റദ്ദുചെയ്യാന്‍ ശുപാര്‍ശ

08 Feb 2008

തിരുവനന്തപുരം: വിവാദമായ എച്ച്‌.എം.ടി. ഭൂമി ഇടപാടിന്റെ പോക്കുവരവു റദ്ദുചെയ്‌ത്‌ ഭൂമി സര്‍ക്കാരിലേക്ക്‌ ഏറ്റെടുക്കാന്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി ശുപാര്‍ശ ചെയ്‌തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ വ്യാഴാഴ്‌ച രാത്രി വൈകി സമിതി തയ്യാറാക്കി. വെള്ളിയാഴ്‌ച റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രിക്ക്‌ കൈമാറും. ഭൂപരിഷ്‌കരണനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ എച്ച്‌.എം.ടി. ഭൂമിയിടപാടുകള്‍ നിലനില്‍ക്കുന്നതല്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്‌.

ഭൂമി വില്‍ക്കാന്‍ അവകാശമുണ്ട്‌ -എച്ച്‌.എം.ടി.

06 Feb 2008
.
കൊച്ചി: കളമശ്ശേരിയിലെ തങ്ങള്‍ക്കവകാശപ്പെട്ട 100 ഏക്കറില്‍ 70 ഏക്കറാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതെന്ന്‌ എച്ച്‌.എം.ടി. പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഭൂമി വിറ്റതെന്നും പത്രക്കുറിപ്പ്‌ വിശദീകരിക്കുന്നു.

1963-ല്‍ എച്ച്‌.എം.ടി.ക്ക്‌ അനുവദിച്ച 780 ഏക്കറില്‍ വ്യവസായത്തിനുപയോഗിക്കാത്ത ഭൂമിയില്‍ 139.33 ഏക്കര്‍ സീപോര്‍ട്ട്‌ എയര്‍പോര്‍ട്ട്‌ റോഡ്‌ അടക്കമുള്ള വിവിധ പദ്ധതികള്‍ക്കായി വിട്ടുകൊടുത്തിരുന്നു. പിന്നീട്‌ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്‌ ബാക്കി ഭൂമിയില്‍ 1300 ഏക്കര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരുമായി തര്‍ക്കം ഉടലെടുത്തിരുന്നു. ഇത്‌ പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ധാരണപ്രകാരമാണ്‌ 100 ഏക്കര്‍ ഭൂമി എച്ച്‌.എം.ടി.ക്ക്‌ ലഭിച്ചത്‌. ഉപാധികളില്ലാതെ സ്ഥിരമായി ഭൂമി വിട്ടുനല്‍കുകയായിരുന്നുവെന്നും ഇതിനായി ഭൂപരിഷ്‌കരണ നിയമം ഇളവുചെയ്‌ത്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെന്നും പത്രക്കുറിപ്പിലുണ്ട്‌.

2004-ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഗാരണ്ടിയില്‍ യൂക്കോ ബാങ്കില്‍നിന്ന്‌ പണം കടമെടുത്തിരുന്നു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ഗവണ്‍മെന്റുമായുണ്ടാക്കിയ ധാരണയില്‍ കമ്പനിക്ക്‌ മിച്ചമുള്ള സ്ഥലം വിറ്റ്‌ കടം വീട്ടുമെന്ന്‌ വ്യക്തമാക്കിയിരുന്നു. മൂന്ന്‌ ഗവണ്‍മെന്റ്‌ ഏജന്‍സികളെക്കൊണ്ട്‌ മൂല്യനിര്‍ണയം നടത്തിയ ശേഷം ടൈംസ്‌ ഓഫ്‌ ഇന്ത്യ, ദി ഇക്കണോമിക്‌ ടൈംസ്‌ എന്നിവയുടെ എല്ലാ എഡിഷനുകളിലും പരസ്യം നല്‍കിയാണ്‌ ഭൂമി വിറ്റത്‌. കമ്പനി വെബ്‌ സൈറ്റിലും പരസ്യം നല്‍കിയിരുന്നു. ടെന്‍ഡര്‍ നല്‍കിയ 11 കമ്പനികളില്‍ യോഗ്യരായവരില്‍ ഏറ്റവുമധികം തുക കാണിച്ച ബ്ലൂസ്റ്റാറിന്‌ സ്ഥലം വില്‍ക്കുകയായിരുന്നു. കമ്പനി ബോര്‍ഡ്‌ വില്‌പന അംഗീകരിക്കുകയും ചെയ്‌തു. 2006 നവംബറില്‍ ഇടപ്പള്ളി സബ്‌ രജിസ്‌ട്രാര്‍ ഓഫീസിലാണ്‌ വസ്‌തു രജിസ്റ്റര്‍ ചെയ്‌തത്‌. 2007 ജൂണില്‍ വ്യവസായ-റവന്യു മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ ഈ സ്ഥലം പോക്കുവരവ്‌ ചെയ്‌തുകൊടുക്കാന്‍ തീരുമാനമായെന്നും പത്രക്കുറിപ്പ്‌ പറയുന്നു.

ഈ രീതിയില്‍ തങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം ചട്ടങ്ങളെല്ലാം പാലിച്ച്‌ സുതാര്യമായാണ്‌ വിറ്റതെന്ന്‌ എച്ച്‌.എം.ടി. വിശദീകരിക്കുന്നു. ജന. മാനേജര്‍ എം.സി. പൂക്കോയ ആണ്‌ എച്ച്‌.എം.ടി.യുടെ നിലപാട്‌ വിശദീകരിച്ച്‌ പത്രക്കുറിപ്പ്‌ ഇറക്കിയിരിക്കുന്നത്‌.

എച്ച്‌.എം.ടി. ഇടപാട്‌: അന്വേഷണസമിതിയില്‍ ഭിന്നത

05 Feb 2008
തിരുവനന്തപുരം: കളമശ്ശേരിയിലെ വിവാദമായ എച്ച്‌.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ്‌ റദ്ദാക്കുന്നതിനെച്ചൊല്ലി ഉന്നതതല സമിതി യോഗത്തില്‍ ഭിന്നത. എച്ച്‌.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച്‌, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം നിയോഗിച്ച ചീഫ്‌ സെക്രട്ടറി പി.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള ആറംഗസമിതിയിലാണ്‌ അഭിപ്രായവ്യത്യാസം പ്രകടമായത്‌.

എച്ച്‌.എം.ടി. ഭൂമി ഇടപാട്‌ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഭൂമി കൈമാറാന്‍ എച്ച്‌.എം.ടി.ക്ക്‌ അധികാരമില്ലെന്നുമുള്ള നിലപാട്‌ യോഗത്തില്‍ റവന്യൂ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ സ്വീകരിച്ചതായാണ്‌ സൂചന. പോക്കുവരവ്‌ റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. എന്നാല്‍ വ്യവസായവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്‌ണന്‍ പോക്കുവരവ്‌ റദ്ദാക്കണമെന്ന ആവശ്യത്തോട്‌ യോജിച്ചില്ല. ഭൂമി കൈമാറാന്‍ എച്ച്‌.എം.ടി.ക്ക്‌ അധികാരമുണ്ടെന്ന നിലപാടാണ്‌ അദ്ദേഹം കൈക്കൊണ്ടതെന്നാണ്‌ സൂചന. യോഗത്തില്‍ പങ്കെടുത്ത നിയമവകുപ്പു പ്രതിനിധിയും ഭൂമി ഇടപാടിനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌.

തിങ്കളാഴ്‌ച രാവിലെ 11 മണി മുതല്‍ 2.30 വരേയും തുടര്‍ന്ന്‌ മൂന്നുമണി മുതല്‍ 5.15 വരേയും പിന്നീട്‌ ആറുമണിമുതല്‍ ഒന്‍പതുമണി വരേയുമായിരുന്നു യോഗം.

ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കപ്പെടാന്‍ സാധ്യത വിരളമാണ്‌. ചൊവ്വാഴ്‌ച രാവിലെ വീണ്ടും സമിതി യോഗം ചേരുമെന്ന്‌ സൂചനയുണ്ട്‌. ആ യോഗത്തില്‍ തീരുമാനം ഉണ്ടായാല്‍ റിപ്പോര്‍ട്ട്‌ തുടര്‍ന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക്‌ സമര്‍പ്പിക്കും.

ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ റവന്യൂ, വ്യവസായം, നിയമം, ഐ.ടി., രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരാണുള്ളത്‌

എച്ച്‌.എം.ടി. ഇടപാട്‌ കളക്ടറുടെ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌

03 Feb 2008
തിരുവനന്തപുരം: കളമശ്ശേരിയിലെ എച്ച്‌.എം.ടി. ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച എറണാകുളം ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്‌ റവന്യൂ വകുപ്പ്‌ അവഗണിച്ചെന്ന്‌ വ്യക്തമായി. ഭൂമി കൈമാറ്റം അസാധുവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ടാണ്‌ ഭൂമി പോക്കുവരവ്‌ ചെയ്‌തു നല്‍കിയിരിക്കുന്നത്‌. വിവരാവകാശ നിയമപ്രകാരം കോണ്‍ഗ്രസ്‌ നേതാവ്‌ ഡി. സതീശന്‌ ലഭിച്ച മറുപടിയിലാണ്‌ ഇക്കാര്യം പുറത്തു വന്നത്‌.

സംസ്ഥാന സര്‍ക്കാര്‍ എച്ച്‌.എം.ടി.ക്ക്‌ ഏറ്റെടുത്തു നല്‍കിയ ഭൂമി കൈമാറ്റം ചെയ്യാന്‍ കമ്പനിക്ക്‌ അധികാരമില്ലെന്നും ഈ ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്നും കാണിച്ച്‌ എറണാകുളം കളക്ടര്‍ 2006 നവംബര്‍ 18നാണ്‌ റവന്യൂ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഈ റിപ്പോര്‍ട്ട്‌ അവഗണിച്ചാണ്‌ 2007 ജൂണ്‍ ആറിന്‌ വ്യവസായ മന്ത്രി എളമരം കരീമിന്റെ ഓഫീസില്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഭൂമി പോക്കുവരവു ചെയ്‌തുകൊടുക്കുന്നതിന്‌ നിര്‍ദേശം നല്‍കിയത്‌. എച്ച്‌.എം.ടി. പ്രതിനിധികള്‍, വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍, ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ്‌ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം രണ്ടുഘട്ടമായാണ്‌ ചേര്‍ന്നത്‌.

ആദ്യഘട്ടത്തില്‍ വ്യവസായ മന്ത്രി തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എച്ച്‌.എം.ടി.യുടെ 70 ഏക്കര്‍ ഭൂമിയാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന്‌ വിറ്റതെന്നും ബാക്കി 30 ഏക്കര്‍ തൊഴിലാളികള്‍ക്ക്‌ വീടുവെക്കാനായി നിലവിലുള്ള ഹൗസിങ്‌ സൊസൈറ്റിക്കു നല്‍കണമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഈ ഭൂമിക്ക്‌ ബ്ലൂസ്റ്റാര്‍ നല്‍കിയ വിലതന്നെ നല്‍കാമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന്‌ യോഗത്തിലെത്തിയ എച്ച്‌.എം.ടി. മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ തൊഴിലാളികളുടെ ആവശ്യം അടുത്ത കമ്പനി ബോര്‍ഡ്‌ യോഗത്തില്‍ അവതരിപ്പിക്കാമെന്ന്‌ സമ്മതിച്ചു. അതിനുശേഷമാണ്‌ ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു നല്‍കിയ ഭൂമിയുടെ പോക്കുവരവിന്മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്യാവുന്നതാണെന്ന്‌ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതെന്ന്‌ ഈ യോഗത്തിന്റെ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

എച്ച്‌.എം.ടി. ഭൂമി കൈമാറ്റം സംബന്ധിച്ച്‌ സി.പി.എമ്മിലും ഇടതുമുന്നണിയിലും മന്ത്രിസഭയിലും വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവെയാണ്‌ ഭൂമി കൈമാറ്റത്തെ ശക്തമായി എതിര്‍ത്ത ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരിക്കുന്നത്‌.

ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്‌ നിലവിലിരിക്കെ ഭൂമി പോക്കുവരവു ചെയ്‌തു നല്‍കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രിമാരുടെ നടപടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്‌. കളക്ടര്‍ക്ക്‌ പുറമെ സംസ്ഥാന നിയമവകുപ്പും ഭൂമി കൈമാറ്റത്തിന്‌ എതിരെ നിയമോപദേശം നല്‍കിയിരുന്നു.

എച്ച്‌.എം.ടി.ഭൂമി പ്രശ്‌നം: സി.പി.ഐ. ഇടയുന്നു

01 Feb 2008
തിരുവനന്തപുരം: കളമശ്ശേരി എച്ച്‌.എം.ടി യുടെ വിവാദ ഭൂമിയിടപാടില്‍ സി.പി.ഐ. ഇടയുന്നു. വിവാദ ഭൂമിയിടപാടു സംബന്ധിച്ച പോക്കുവരവ്‌ റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടു. പാര്‍ട്ടിതലത്തില്‍ സിപി.എമ്മും ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും വിവാദ ഇടപാടിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കൊന്നും കാത്തിരിക്കാതെയാണ്‌ പോക്കുവരവ്‌ റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്തെത്തിയിരിക്കുന്നത്‌. ഭൂമിയിടപാടില്‍ വ്യവസായമന്ത്രി വെട്ടിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ യുടെ ഈ പുതിയ ആവശ്യം ഇടതുമുന്നണിക്കും സി.പി.എമ്മിനും പുതിയ തലവേദനയാകും.

വ്യാഴാഴ്‌ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗമാണ്‌ പൊന്മുടി, മൂന്നാര്‍ സംഭവങ്ങളില്‍ സി.പി.ഐ യ്‌ക്ക്‌, മുമ്പുണ്ടായ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാട്‌ സ്വീകരിച്ചിരിക്കുന്നത്‌.

മന്ത്രിസഭയുടെ തീരുമാനത്തിന്‌ കാത്തുനില്‍ക്കാതെതന്നെ പോക്കുവരവ്‌ റദ്ദാക്കാന്‍ റവന്യൂമന്ത്രിക്ക്‌ അധികാരം ഉണ്ടെന്നും ആവശ്യമെങ്കില്‍ ആ അധികാരം വിനിയോഗിക്കണമെന്നുപോലും ചില അംഗങ്ങള്‍ സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ ആവശ്യപ്പെട്ടത്‌ പൊന്മുടി, മൂന്നാര്‍ എന്നീ സംഭവങ്ങളില്‍നിന്നും വ്യത്യസ്‌തമായി ഒരുമുഴം മുമ്പേ എറിയാന്‍ സി.പി.ഐ. തയ്യാറെടുത്തുവെന്നതിന്റെ സൂചനയാണ്‌. ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗ തീരുമാനത്തിലെ അതൃപ്‌തിയും സി.പി.ഐ യുടെ നീക്കത്തില്‍ പ്രതിഫലിക്കുന്നുണ്ട്‌.

വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കിയ ഭൂമി മറിച്ചുവില്‍ക്കുന്നതും മറ്റ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും തടയണമെന്നും സി.പി.ഐ. എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യവസായ ആവശ്യത്തിനു നല്‍കുന്ന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിനുതന്നെ ഉപയോഗിക്കുന്നുണ്ടെന്ന്‌ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭൂമി മറിച്ചുവിറ്റാല്‍ ആ ഇടപാട്‌ റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും നടപടി വേണമെന്ന്‌ സി.പി.ഐ. എക്‌സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

എച്ച്‌.എം.ടി. ഭൂമിയിടപാടു സംബന്ധിച്ച്‌ ചൂടുപിടിച്ച ചര്‍ച്ചയാണ്‌ സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ നടന്നത്‌. മന്ത്രി കെ.പി.രാജേന്ദ്രനെതിരെ അങ്ങിങ്ങു വിമര്‍ശനവും ഉയര്‍ന്നു. ഇടപാട്‌ സംബന്ധിച്ച്‌ മന്ത്രി കെ.പി.രാജേന്ദ്രന്‍ യോഗത്തില്‍ വിശദീകരണം നല്‍കി.

മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ എന്നീ സംഭവങ്ങള്‍ പാര്‍ട്ടിക്ക്‌ പാഠമാകണമെന്ന്‌ അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം എച്ച്‌.എം.ടി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയുടെ കുറിപ്പും മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിട്ടും അന്വേഷണത്തിന്‌ ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്‌ സി.പി.ഐ യെ കുടുക്കുന്നതിനുള്ള ശ്രമമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. പോക്കുവരവ്‌ റവന്യൂമന്ത്രി നേരിട്ട്‌ റദ്ദാക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ വരുന്നതുവരെ കാത്തിരിക്കണമെന്നും അതിനുശേഷം നടപടിയിലേക്ക്‌ നീങ്ങിയാല്‍ മതിയെന്നും യോഗത്തില്‍ പൊതുവായ നിര്‍ദ്ദേശമുയര്‍ന്നു. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

എച്ച്‌.എം.ടി: രണ്ട്‌ മന്ത്രിമാരേയും പുറത്താക്കണം -യു.ഡി.എഫ്‌

01 Feb 2008

തിരുവനന്തപുരം: എച്ച്‌.എം.ടി. ഭൂമിയിടപാടില്‍ നിയമോപദേശം മറികടന്ന്‌ പോക്കുവരവ്‌ നടത്തിക്കൊടുത്ത്‌ സര്‍ക്കാര്‍ വസ്‌തു അന്യാധീനപ്പെടുത്തിയ വ്യവസായ, റവന്യൂ വകുപ്പ്‌ മന്ത്രിമാരെ പുറത്താക്കണമെന്ന്‌ യു.ഡി.എഫ്‌. ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്ന ഈയിടപാടിനെക്കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്‌. ആവശ്യമുന്നയിച്ചു. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തിലാണ്‌ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്‌.

വ്യവസായ വകുപ്പിന്റെ ആവശ്യപ്രകാരമാണ്‌ നിയമസെക്രട്ടറി ഭൂമിവില്‌പന നിയമവിരുദ്ധമാണെന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌ പൂഴ്‌ത്തിവെച്ച്‌ നിയമവിധേയമല്ലാത്ത ഇടപാട്‌ നിയമവിധേയമാക്കി നല്‍കാന്‍ റവന്യൂ, വ്യവസായ മന്ത്രിമാര്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ പ്രകടിപ്പിച്ച തിടുക്കം ഒട്ടേറെ സംശയങ്ങള്‍ക്ക്‌ ഇട നല്‍കുന്നു. 500 കോടിയില്‍പ്പരം രൂപ വിലവരുന്ന ഭൂമി 90 കോടി രൂപയ്‌ക്കാണ്‌ മുംബൈ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക്‌ നല്‍കിയത്‌. ഈ കമ്പനി സൈബര്‍ സിറ്റി സ്ഥാപിക്കുമെന്നോ, 65,000 പേര്‍ക്ക്‌ ജോലി നല്‍കുമെന്നോ സര്‍ക്കാരിന്‌ ഒരു രേഖയും നല്‍കിയിട്ടില്ല. മറിച്ച്‌ ഹോട്ടലും പാര്‍പ്പിട സൗകര്യവും ഒരുക്കാനാണ്‌ ഭൂമിയെന്നാണ്‌ കമ്പനി പറഞ്ഞിരിക്കുന്നത്‌. ഇതടക്കമുള്ള കച്ചവടങ്ങള്‍ക്ക്‌ നിയമസാധുത നല്‍കാനാണ്‌ ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ വ്യവസായ വകുപ്പ്‌ നീക്കം നടത്തിയത്‌.

ഇതുസംബന്ധിച്ച അന്വേഷണം ചീഫ്‌ സെക്രട്ടറിയെ ഏല്‌പിച്ചത്‌, അച്ചന്റെ കുറ്റം കണ്ടെത്താന്‍ കപ്യാരെ ചുമതലയേല്‌പിച്ചതുപോലെയാണ്‌. മന്ത്രിമാരെ രക്ഷപ്പെടുത്താനുള്ള പഴുത്‌ കണ്ടെത്തുകയാണ്‌ ചീഫ്‌ സെക്രട്ടറിയെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

മലബാര്‍ സിമന്റ്‌സിന്റെ ഗ്രീന്‍ചാനല്‍ ലൈസന്‍സ്‌ ഉപയോഗിച്ച്‌ സ്‌പിരിറ്റ്‌ കടത്തിയ സംഭവത്തില്‍ വ്യവസായ മന്ത്രിയുമായി അടുത്ത്‌ ബന്ധമുള്ളവരുടെ പങ്ക്‌ പുറത്തുകൊണ്ടുവരണം. മന്ത്രിക്കുകൂടി അറിവുള്ള കാര്യമായതിനാല്‍ സ്വതന്ത്രമായ അന്വേഷണമാണ്‌ ഇക്കാര്യത്തില്‍ ആവശ്യം.

ടെന്‍ഡറില്ലാതെ പഞ്ചായത്ത്‌ സമിതികള്‍ക്ക്‌ നല്‍കാവുന്ന നിര്‍മ്മാണപ്രവൃത്തികളുടെ പരിധി 50,000-ല്‍നിന്ന്‌ അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത്‌ അഴിമതിക്ക്‌ വഴിവെയ്‌ക്കും. ഈ പരിധി ഒരുലക്ഷമാക്കി കുറയ്‌ക്കണം.

പ്രൊഫഷണല്‍ കോഴ്‌സ്‌ പ്രവേശനത്തിന്റെ സമയമാകുമ്പോള്‍ സ്ഥിരമായി അലങ്കോലപ്പെടുത്തല്‍ ഉണ്ടാവുന്നത്‌ വിദ്യാര്‍ഥികളെ മറ്റ്‌ സ്ഥാപനങ്ങളിലേക്ക്‌ തള്ളിവിടാനാണ്‌. മറുനാടന്‍ വിദ്യാഭ്യാസ ലോബിയുടെ ആളുകള്‍ സര്‍ക്കാരിലുണ്ടെന്ന്‌ സംശയിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്വാശ്രയ കോളേജുകളിലെ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍പ്പോലും ഇനിയും തീര്‍പ്പായിട്ടില്ല.

കെ.ഇ.ആര്‍. പരിഷ്‌കരണവും സ്വാശ്രയ കോളേജ്‌ പ്രവേശനവും സംബന്ധിച്ച്‌ മുന്നണി നേതൃത്വത്തിന്‌ വിശദമായ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഇ.ടി. മുഹമ്മദ്‌ബഷീര്‍ അധ്യക്ഷനായ കമ്മിറ്റിക്ക്‌ രൂപം നല്‍കി.

എച്ച്‌.എം.ടി ഭൂമി:പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ സി.പി.ഐ

31 Jan 2008
തിരുവനന്തപുരം: എച്ച്‌.എം.ടി ഇടപാടിലെ, ഭൂമിയുടെ പോക്കുവരവ്‌ റദ്ദാക്കണമെന്ന്‌ സി.പി.ഐ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ ചേരുന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യട്ടീവ്‌ യോഗമാണ്‌ പോക്ക്‌വരവ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്‌. ഭൂമിയിടപാടില്‍ ദുരൂഹതയുണ്ടന്നും അതിനാല്‍ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

എച്ച്‌.എം.ടി. ഭൂമിവിവാദം യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ അക്രമാസക്തമായി; ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു

30 Jan 2008
കൊച്ചി: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. പ്രകടനക്കാര്‍ക്കുനേരെ പോലീസ്‌ ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു.

ഷെല്‍ പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ മൂന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേര്‍ക്ക്‌ പ്രാഥമികചികിത്സ നല്‍കി വിട്ടയച്ചു. പോലീസ്‌ പ്രയോഗിച്ച ഷെല്ലുകളില്‍ ചിലത്‌ മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തിനടുത്ത്‌ വീണ്‌ പൊട്ടിയതുമൂലം ഇവിടെ പരീക്ഷയെഴുതാനിരുന്ന കുട്ടികള്‍ക്ക്‌ കണ്ണെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടു.

എച്ച്‌.എം.ടി. ഭൂമിയിടപാടില്‍ ഇടനിലക്കാരായ മന്ത്രിമാര്‍ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തിയത്‌. ചൊവ്വാഴ്‌ച രാവിലെ 11ന്‌ ഡി.സി.സി. ഓഫീസില്‍നിന്നാരംഭിച്ച മാര്‍ച്ച്‌, മഹാരാജാസ്‌ കോളേജ്‌ ഗേറ്റിനുമുന്നില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ നടന്ന ഉദ്‌ഘാടനച്ചടങ്ങിനുശേഷം നേതാക്കള്‍ മടങ്ങിയതോടെ, പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനുനേര്‍ക്ക്‌ കല്ലെറിഞ്ഞതോടെയാണ്‌ സംഘര്‍ഷാവസ്ഥയുണ്ടായത്‌.

ഇതിനിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പോളച്ചന്‍ മണിയങ്കോട്‌, സെക്രട്ടറി അന്‍വര്‍ സാദത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ചിലര്‍ ബാരിക്കേഡിന്‌ മുകളിലൂടെ ചാടി, പോലീസ്‌വലയം ഭേദിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ്‌ പോലീസ്‌ ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും പ്രയോഗിച്ചത്‌.

ഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിക്കാന്‍കഴിയുന്ന ആധുനിക പോലീസ്‌വാഹനം 'വജ്ര'യുടെ ആദ്യ പ്രയോഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുനേര്‍ക്ക്‌ നടത്തി. ഒരു റൗണ്ട്‌ കണ്ണീര്‍വാതക ഷെല്ലുകളാണ്‌ വജ്രയില്‍നിന്ന്‌ പ്രയോഗിച്ചത്‌. ജലപീരങ്കി ഘടിപ്പിച്ചിട്ടുള്ള 'വരുണ്‍' എന്ന വാഹനവും പോലീസ്‌ ഉപയോഗിച്ചു. ഇതിനുപുറമെ തോക്കുകള്‍ ഉപയോഗിച്ചും കണ്ണീര്‍വാതക ഷെല്ലുകളും പൊട്ടിച്ചു. ഏതാണ്ട്‌ 15 മിനിട്ടോളം മഹാരാജാസ്‌ കോളേജിന്‌ മുന്നിലെ റോഡില്‍ സംഘര്‍ഷം നിലനിന്നു.

പോലീസ്‌ പ്രയോഗങ്ങള്‍ അവസാനിച്ചതോടെ വീണ്ടും റോഡില്‍ ഒത്തുചേര്‍ന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ ഡി.സി.സി. ഓഫീസിലേക്ക്‌ മടങ്ങി. പോലീസ്‌സേനയും ഇവരെ പിന്തുടര്‍ന്നു. മാര്‍ച്ചും സംഘര്‍ഷവും മൂലം ഈഭാഗത്ത്‌ ഒന്നരമണിക്കൂറോളം ഗതാഗതതടസ്സം നേരിട്ടു.

യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പോളച്ചന്‍ മണിയങ്കോട്‌, സെക്രട്ടറി അന്‍വര്‍ സാദത്ത്‌, വൈസ്‌ പ്രസിഡന്റ്‌ സെബാസ്റ്റ്യന്‍ മങ്കുഴി എന്നിവരെയാണ്‌ ഇന്ദിരാഗാന്ധി സഹകരണ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത്‌. പൊട്ടിച്ചിതറിയ ഷെല്‍ കഷണങ്ങള്‍ ദേഹത്ത്‌ തറച്ചും ജലപീരങ്കി പ്രയോഗത്തില്‍ റോഡിലേക്ക്‌ വീണുമാണ്‌ ഇവര്‍ക്ക്‌ പരിക്കേറ്റത്‌.

കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനംചെയ്‌തു. നേതാക്കളായ വി.ഡി. സതീശന്‍ എം.എല്‍.എ., ഡൊമിനിക്‌ പ്രസന്‍േറഷന്‍, ടോണി ചമ്മണിയോടത്ത്‌, ബെന്നി ബഹനാന്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഹൈബി ഈഡന്‍, നേതാക്കളായ ടി. സിദ്ദിഖ്‌, തമ്പി സുബ്രഹ്മണ്യം, മുഹമ്മദ്‌ ഷിയാസ്‌, മനോജ്‌ മൂത്തേടന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന്‌ നേതൃത്വംനല്‍കി.

എച്ച്‌.എം.ടി: നിയമോപദേശം നല്‌കിയിരുന്നു - മന്ത്രി വിജയകുമാര്‍

തിരുവനന്തപുരം: കളമശ്ശേരിയില്‍ 70 ഏക്കര്‍ ഭൂമി എച്ച്‌.എം.ടി. നിയമവിരുദ്ധമായി വിറ്റത്‌ തിരിച്ചുപിടിക്കാന്‍ നിയമവകുപ്പ്‌ നിയമോപദേശം നല്‌കിയിരുന്നതായി മന്ത്രി എം. വിജയകുമാര്‍ വ്യക്തമാക്കി.

നിയമവകുപ്പിന്റെ ഉപദേശം എന്തുകൊണ്ട്‌ അംഗീകരിച്ചില്ലെന്ന്‌ മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ടതാണ്‌. എന്നാല്‍ ഈ വിഷയം സര്‍ക്കാരിന്റെ പരിഗണനക്ക്‌ വന്നിട്ടില്ലായിരുന്നു. വകുപ്പുതലത്തില്‍ ഇതേക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‌കിയിട്ടുണ്ട്‌. ഇതെല്ലാം സ്വാഭാവികമായ നടപടിക്രമങ്ങളാണ്‌. എല്ലാ വകുപ്പുകള്‍ക്കും നിയമോപദേശം നല്‌കാറുണ്ട്‌. അതുതന്നെയാണ്‌ ഈ വിഷയത്തിലും ചെയ്‌തത്‌. ഇതിനായി നിയമവകുപ്പില്‍ പ്രത്യേക സംവിധാനമുണ്ട്‌. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എച്ച്‌.എം.ടി ഭൂമി ഇടപാടില്‍ തെറ്റ്‌ പറ്റിയെന്ന്‌ സര്‍ക്കാര്‍

28 Jan 2008
കൊച്ചി: എച്ച്‌.എം.ടി ഭൂമി ഇടപാടില്‍ അപാകതകളുണ്ടായിട്ടുണ്ടന്നും ഇവ തിരുത്തുന്നതിന്റെ ഭാഗമായി പോക്കുവരവുകള്‍ റദ്ദാക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണന്നും അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

എച്ച്‌.എം.ടി ഭൂമി ഇടപാട്‌ റദ്ദാക്കി സി.ബി.ഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ ഇങ്ങനെ അറിയിച്ചത്‌. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബ്ലൂസ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനും കോടതി നോട്ടീസയച്ചിട്ടുണ്ട്‌.

എച്ച്‌.എം.ടിയുടെ ഭൂമി തിരിച്ചെടുക്കണമെന്ന്‌ നിയമവകുപ്പ്‌ ശുപാര്‍ശ ചെയ്‌തിരുന്നതായി നിയമമന്ത്രി എം. വിജയകുമാര്‍ ഇന്ന്‌ സ്ഥിരീകരിച്ചിരുന്നു. എന്തുകൊണ്ട്‌ ആ ശുപാര്‍ശ നടപ്പിലായില്ല എന്ന്‌ പരിശോധിക്കേണ്ടതുണ്ടന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

എച്ച്‌.എം.ടി ടെന്‍ഡര്‍ വിളിച്ചത്‌ യു.ഡി.എഫ്‌: പിണറായി

26 Jan 2008
മാനന്തവാടി: എച്ച്‌.എം.ടി ഭൂമിയിടപാടില്‍ ടെന്‍ഡര്‍ വിളച്ചത്‌ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നുവെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടപാടിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനോടല്ല അന്വേഷണം ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിനെയാണ്‌ പരാതി അറിയിക്കേണ്ടത്‌.

അല്ലാതെ സര്‍ക്കാര്‍ ഭരണം സ്‌തംഭിപ്പിക്കാന്‍ കേരളത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്‌ ജനാധിപത്യ വിരുദ്ധമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)