കോഴിക്കോട്: കാബിനറ്റ് രേഖകളുടെ കസ്‌റ്റോഡിയന്‍ ചീഫ് സെക്രട്ടറിയാണെന്നിരിക്കെ വിവരാവകാശ നിയമപ്രകാരം അവയുടെ പകര്‍പ്പു നല്‍കാന്‍ വിജിലന്‍സ് വകുപ്പിന്റെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ടി. വേണുഗോപാലിന് അധികാരമില്ലെന്നു നിയമവൃത്തങ്ങള്‍.
സി.പി.എം മുഖപത്രം ഇന്നലെ പ്രസിദ്ധീകരിച്ചതുപോലെ, വേണുഗോപാല്‍ രേഖകള്‍ നല്‍കി എന്നു വന്നാല്‍കൂടി ഈ വിധം വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളല്ല പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത് എന്നതിനു തെളിവുകളേറെ.
സെപ്‌തംബര്‍ 5 ശനിയാഴ്‌ചയാണ് പിണറായി സുപ്രീം കോടതിയില്‍ ഹാജരാക്കിയ കാബിനറ്റ് രഹസ്യരേഖകളുടെ പകര്‍പ്പ് സഹിതം 'രേഖചോര്‍ച്ച' സംബന്ധിച്ച് 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അതടക്കം ലഭിച്ച രേഖകളിലൊന്നിലും ഇവ വിവരാവകാശ നിയമമനുസരിച്ച് നല്‍കിയതാണെന്നു രേഖപ്പെടുത്തിയിട്ടില്ല.
നിയമമനുസരിച്ച് വിതരണം ചെയ്യുന്ന പകര്‍പ്പുകളിലെല്ലാം ഇതു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ അനുവദിച്ചതാണെന്നു ഫയല്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തി ബന്ധപ്പെട്ട പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ ഒപ്പും മുദ്രയും പതിച്ചിരിക്കണം. പിണറായി സുപ്രീം കോടതിയില്‍ എത്തിച്ചവയൊഴിച്ച് നിയമം നടപ്പായശേഷം കേരളത്തില്‍ വിതരണം ചെയ്‌ത എല്ലാ പകര്‍പ്പുകളിലും ഈ അടയാളപ്പെടുത്തല്‍ കാണാം. അതുകൊണ്ടു തന്നെ പിണറായി സമര്‍പ്പിച്ച കാബിനറ്റ് രേഖകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയതാണെന്നുവ്യക്‌തം.
രേഖകള്‍ വിവരാവകാശ പ്രകാരം ലഭിച്ചതായിരുന്നുവെങ്കില്‍ അക്കാര്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലും പിണറായി വ്യക്‌തമാക്കേണ്ടതായിരുന്നു. ലാവ്‌ലിന്‍ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഴാംപ്രതി എന്ന നിലയില്‍ പിണറായി നല്‍കിയ റിട്ടില്‍ കാബിനറ്റ് രേഖകള്‍ ശരിപകര്‍പ്പാണെന്നല്ലാതെ അവ നിയമാനുസൃതം ലഭിച്ചതാണെന്ന് ഒരിടത്തും പറയുന്നില്ല. ആയിരത്തിലധികം പേജ് വരുന്ന റിട്ട് ഹര്‍ജിയില്‍ അറുനൂറോളം പേജുകളും വിവിധ സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പാണ്. വിവരാവകാശ നിയമമനുസരിച്ചു ലഭിക്കേണ്ടതും അല്ലാത്തതുമായ പകര്‍പ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്.
387 പേജ് സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാനുള്ള ഫീസായ 774 രൂപ അടച്ചാല്‍ 500 ലധികം വരുന്ന സര്‍ക്കാര്‍ രേഖകളുടെ പേജുകള്‍ എങ്ങനെയാണു ലഭിക്കുക എന്നതു ദുരൂഹമാണ്.
നല്‍കാന്‍ പാടില്ലെന്നു വിവരാവകാശ നിയമത്തില്‍ പോലും വ്യവസ്‌ഥ ചെയ്യപ്പെട്ട രേഖകള്‍ പിണറായിക്ക് എങ്ങനെ ലഭിച്ചു എന്നത് ദുരൂഹമായി തുടരുന്നു.
സാധാരണ നിലയില്‍ കാബിനറ്റ് തീരുമാനങ്ങളും ബന്ധപ്പെട്ട കാബിനറ്റ് രേഖകളും വിവരാവകാശത്തിന്‍ കീഴില്‍ ലഭിക്കുകയില്ല. കഴിഞ്ഞ മേയ് 6-ന്റെ കാബിനറ്റ് രേഖകളും അതുമായി ബന്ധപ്പെട്ട് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ആശയവിനിമയ രേഖകളും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഡി.ബി. ബിനു രാജ്‌ഭവന്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ജൂണ്‍ 11നു അപേക്ഷ നല്‍കിയിരുന്നു. ജൂണ്‍ 15 നു രാജ്‌ഭവന്‍ നല്‍കിയ മറുപടിയില്‍ വിവരാവകാശ നിയമത്തിലെ വകുപ്പ് 8-1(എച്ച്) പ്രകാരം രേഖകള്‍ നല്‍കാനാവില്ലെന്നാണു വ്യക്‌തമാക്കിയത്. നിയമാനുസൃതം ചെയ്യാന്‍ പാടില്ലെന്നു ഗവര്‍ണറുടെ ഓഫീസ് പറയുന്ന കാര്യമാണു വിജിലന്‍സിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചെയ്‌തു എന്ന് വരുത്തിവച്ചിരിക്കുന്നത്. ടി. വേണുഗോപാല്‍ ഇങ്ങനെ രേഖകള്‍ നല്‍കിയിരുന്നുവെങ്കില്‍ അക്കാര്യം വെളിപ്പെടുത്താന്‍ ദിവസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നത് എന്തുകൊണ്ടെന്നതും ദുരൂഹമാണ്.
കാബിനറ്റ് തീരുമാനങ്ങള്‍ ഗവര്‍ണറുമായി കൈമാറ്റം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിലും രേഖകകളുടെ സൂക്ഷിപ്പുചുമതല ചീഫ് സെക്രട്ടറിക്കാണ്. അതുകൊണ്ടുതന്നെ ഏതു പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാലും വിവരാവകാശ നിയമം വകുപ്പ് 6-ല്‍ മൂന്ന് പ്രകാരം അതു മുഖ്യമന്ത്രിയുടെയോ ചീഫ് സെക്രട്ടറിയുടെയോ ഓഫീസിലേക്കാണ് അയയ്‌ക്കേണ്ടത്. അത്തരം ഒരു ബന്ധപ്പെടലും നടത്താതെ ചീഫ് സെക്രട്ടറിയുടെ ഓഫീസിലിരിക്കുന്ന രേഖകകളുടെ പകര്‍പ്പ് നാലു ദിവസം കൊണ്ടു പിണറായിക്കു നല്‍കാന്‍ രേഖകളടങ്ങുന്ന ഫയല്‍ എങ്ങനെ വിജിലന്‍സ് വകുപ്പിലെത്തി ?
മേയ് ആറിന്റെ കാബിനറ്റ് രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള മൂന്ന് അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചതായാണു വിവരം. പൊതുഭരണവകുപ്പിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് ഈ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. നിയമവകുപ്പിന്റെ ശിപാര്‍ശക്കയച്ച ഈ അപേക്ഷകളില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന നിയമോപദേശമാണു ലഭിച്ചത്. കാബിനറ്റ് രേഖകള്‍ നല്‍കേണ്ടതില്ലെന്നു നിയമത്തില്‍ അനുശാസിച്ചിട്ടും അതേക്കുറിച്ചും ഒരു സംശയം പോലും ഉന്നയിക്കാതെ ടി. വേണുഗോപാലന്‍ അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരാത്ത രഹസ്യരേഖകളുടെ പകര്‍പ്പുനല്‍കാന്‍ തയാറായതെങ്ങനെ ?
രേഖകള്‍ സൂക്ഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപേക്ഷിക്കാതെ കാബിനറ്റ് രേഖ ഒരു നിലയ്‌ക്കും എത്താനിടയില്ലാത്ത വിജിലന്‍സ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു തന്നെ പിണറായി അപേക്ഷ സമര്‍പ്പിച്ചതിലും അസ്വാഭാവികതയുണ്ട്. ഗവര്‍ണറുടെ ഓഫീസ് അനുവദിച്ചു എന്നു പാര്‍ട്ടിപത്രം പറയുന്ന രേഖകളുടെ കാര്യത്തിലും അവ്യക്‌തതയുണ്ട്.
ടി. വേണുഗോപാലിന്റേതുപോലെ ഉണ്ടാക്കിയെടുത്ത ഒരു രേഖ ഗവര്‍ണറുടെ പി.ഐ.ഒ. സജീവന്റെ പേരിലും പരസ്യപ്പെടുത്താനില്ലെങ്കില്‍ ആ രേഖകളെങ്കിലും ചോര്‍ത്തിയതാണെന്നു ജനങ്ങളോടു സമ്മതിക്കേണ്ടിവരും.
മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാടുകളടക്കം കാബിനറ്റ് രേഖകള്‍ നിയമാനുസൃതമായല്ല വിജിലന്‍സ് കൈക്കലാക്കിയതെന്നാണ് 'മംഗള'ത്തിന്റെ വെളിപ്പെടുത്തല്‍.
ഹരിദാസന്‍ പാലയില്‍