പിണറായി വിജയന്‍
രാഷ്ട്രീയനേതാവായിരുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു കെ എം മാത്യു. മാധ്യമമേധാവി ആയിരിക്കെത്തന്നെ അരനൂറ്റാണ്ടുകാലത്ത് കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ അദൃശ്യസാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹ്യ-സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്യാണം കേരളത്തെ വേദനിപ്പിക്കുന്നതാണ്. മനോരമയ്ക്കുമാത്രമല്ല, കേരളത്തിലെ മാധ്യമലോകത്തിനാകമാനം അദ്ദേഹം വലിയ സംഭാവന നല്‍കി. അരനൂറ്റാണ്ടിലെ കേരള രാഷ്ട്രീയവും കെ എം മാത്യുവിന്റെ മാധ്യമലോകവും പരസ്പരബന്ധിതമാണ്. ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് ഏതാനും വര്‍ഷംമുമ്പ് മനോരമയുടെ തലപ്പത്തെത്തിയ അദ്ദേഹം തന്റെ പൂര്‍വികര്‍ പുലര്‍ത്തിയ മാധ്യമരാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. വിമോചനസമരംമുതല്‍ ഇതുവരെയുള്ള കാലയളവില്‍ ആ രാഷ്ട്രീയം ഉപേക്ഷിച്ചില്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ ആശയപരമായി എതിര്‍ക്കുമ്പോഴും അതിന്റെ പ്രവര്‍ത്തകരോടും നേതാക്കളോടും സൌഹൃദവും സ്നേഹവും വ്യക്തിപരമായി പുലര്‍ത്തി. ഇത്തരം വ്യക്തിപരമായ സ്നേഹം തന്റെ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തെ കീഴ്പ്പെടുത്താന്‍ അനുവദിച്ചിട്ടുമില്ല. എങ്കിലും കമ്യൂണിസ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ വികസന-ജനക്ഷേമ പരിപാടികളോട് ചില ഘട്ടങ്ങളില്‍ യോജിച്ച് നീങ്ങിയിട്ടുണ്ട്. ജനകീയാസൂത്രണം വിജയമാക്കാന്‍ ഇ എം എസ് അധ്യക്ഷനായി രൂപീകരിച്ച സമിതിയുമായി നല്ലൊരു ഘട്ടംവരെ സഹകരിക്കാന്‍ അദ്ദേഹം തയ്യാറായി. മനോരമയുടെ വികസനത്തിനും ആധുനികതയ്ക്കും ചിറകുനല്‍കിയ പത്രാധിപരായിരുന്ന കെ എം മാത്യു മലയാള മാധ്യമരംഗത്തെ പൊതുവായി പ്രൊഫഷണലിസത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പ്രേരണശക്തിയായി മാറി. അച്ചടിമാധ്യമത്തിനുപുറമെ ടിവി ചാനല്‍, റേഡിയോ മേഖല എന്നിങ്ങനെ ദൃശ്യ-ശ്രാവ്യ-ഓലൈന്‍ സംവിധാനങ്ങളിലേക്കും സ്വന്തം മാധ്യമസ്ഥാപനത്തെ വളര്‍ത്തിയപ്പോഴും ആ മാധ്യമമേധാവി തന്റെ രാഷ്ട്രീയത്തെ അവിടങ്ങളിലും ശക്തിപ്പെടുത്താന്‍ ശ്രദ്ധിച്ചു. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ പത്രാധിപരുമായിരുന്നു അദ്ദേഹം.
No comments:
Post a Comment