Monday, August 2, 2010

ഞങ്ങള്‍ പഠിച്ച പാഠപുസ്തകം

തോമസ് ജേക്കബ്

''ഒരു ഭാഷാ പത്രത്തിനു പത്തുലക്ഷം കോപ്പിയാകാം എന്ന ഇന്ത്യന്‍ വിസ്മയത്തിലെത്തി നില്‍ക്കുന്ന താങ്കള്‍, ഇത്ര വലിയ ഒരു പത്രം നടത്തിക്കൊണ്ടുപോകുന്ന തിരക്കിലും ഇങ്ങനെ പ്രസന്നതയോടെ പെരുമാറുന്നതെങ്ങനെ?
ഒരു വ്യാഴവട്ടം മുന്‍പൊരു അഭിമുഖത്തിനൊടുവില്‍, 'സമകാലിക മലയാളം വാരിക പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായരാണ്, ഞങ്ങളൊക്കെ മാത്തു ക്കുട്ടിച്ചായന്‍ എന്നു വിളിക്കുന്ന കെ.എം.മാത്യുവിനോട് ഇതു ചോദിച്ചത്.

''അതിനുകാരണം, എനിക്കിവിടെ കാര്യമായ പണിയൊന്നുമില്ലെന്നതാണ്. ഇവരൊക്കെക്കൂടിയാണു പത്രം നടത്തുന്നത് -അടുത്തിരുന്ന ചിലരെ ചൂണ്ടി മാത്യു ചിരിച്ചൊഴിഞ്ഞു.
അതൊരു ഉത്തരമായി സ്വീകരിക്കാന്‍ ജയചന്ദ്രന്‍ നായര്‍


ഒരുക്കമല്ലെന്നു കണ്ടതോടെ മാത്യു കഥ പറഞ്ഞുതുടങ്ങി. ഒരു ഗ്രീക്ക് നാടോടിക്കഥ:

''എല്ലാ ദിവസവും വലിയൊരു കാളക്കൂറ്റനെ ചുമലിലേറ്റി കുത്തനെയുള്ള മലമുകളിലേക്കു പ്രഭാതസവാരി നടത്തുന്ന ഒരു കഥാപുരുഷനുണ്ടായിരുന്നു - ഒരു വയോവൃദ്ധന്‍. വൃദ്ധന്റെ ശക്തികണ്ട് അത്ഭുതംകൂറി ഒരു അപരിചിതന്‍ ചോദിച്ചു: 'താങ്കള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു? എനിക്കാണെങ്കില്‍ ഇവന്റെ വാലുപോലും പൊക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
''വൃദ്ധന്‍ പറഞ്ഞു: 'ഇവന്‍ എനിക്ക് ആറ്റുനോറ്റുണ്ടായ കാളക്കിടാവായിരുന്നു. എന്നും വ്യായാമത്തിന് ഈ മല കയറിയിറങ്ങുമ്പോള്‍ ഞാന്‍ ഇവനെ തോളിലിട്ട് ഒാമനിച്ചുതുടങ്ങി. ഒാരോ ആഴ്ചയും അരകിലോ ഭാരം കൂടിയിട്ടുണ്ടാവും. പക്ഷേ എനിക്കത് അനുഭവപ്പെട്ടതേയില്ല. കാളക്കൂറ്റന്‍ കിടാവായിരുന്ന കാലത്തെ ഭാരമേ എനിkക്കിപ്പോഴുംk തോന്നുന്നുള്ളൂ...

മുപ്പത്തിയേഴാം വയസ്സില്‍, 1954 മേയില്‍, മുംബൈയിലെ ബിസിനസ് ഉപേക്ഷിച്ച് മാത്യു കോട്ടയത്തു വരുമ്പോള്‍ മലയാള മനോരമ ഒരു ചെറിയ സ്ഥാപനമായിരുന്നു. കോട്ടയത്തുനിന്നു മാത്രം പ്രസിദ്ധീകരിക്കുന്ന, മുപ്പതിനായിരം കോപ്പി പ്രചാരമുള്ള, പത്രം. അരനൂറ്റാണ്ടിനിപ്പുറം പ്രചാരം പതിനെട്ടു ലക്ഷത്തിലെത്തി ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷാപത്രമായി. ഇന്ത്യയിലും വിദേശത്തുമായി പതിനേഴു കേന്ദ്രങ്ങളില്‍ നിന്നായി അച്ചടി.

തൊട്ടതെല്ലാം പൊന്നാക്കി, മാത്യു. മനോരമയ്ക്ക് രണ്ടു പ്രസിദ്ധീകരണങ്ങള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ നാലു ഡസനോളം. അവയില്‍ ഒരു ഡസനോളമെണ്ണം പ്രചാരത്തില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനത്ത്. ഇത്രയേറെ പ്രസിദ്ധീകരണങ്ങളെ പ്രചാരത്തില്‍ ഒന്നാമതെത്തിച്ച മറ്റൊരു പത്രാധിപര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല.

പത്രസ്ഥാപനങ്ങളുടെ വകയായുള്ളവയില്‍ 'ന്യൂയോര്‍ക്ക് ടൈംസിന്റേതിനു തൊട്ടു പിന്നില്‍ ലോകത്തു രണ്ടാം സ്ഥാനം നേടിയ മനോരമ ഒാണ്‍ലൈന്‍, ഒരു വര്‍ഷത്തിനുള്ളില്‍തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വാര്‍ത്താചാനലായി മാറിയ മനോരമ ന്യൂസ്, സ്വീകാര്യതയിലൂടെ മലയാള എഫ്എംചാനലുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ റേഡിയോ മാംഗോ... തന്റെ വിശ്വാസപ്രമാണങ്ങളിലോ ധര്‍മബോധത്തിലോ വിട്ടുവീഴ്ച ചെയ്യാതെയാണ് അദ്ദേഹം ഇതൊക്കെ നേടിയത്.

യാത്രാരംഭം 'പുലപ്പള്ളിക്കൂടത്തില്‍
ആലപ്പുഴതീരത്തെ കുപ്പപ്പുറത്ത് പിന്നാക്കക്കാര്‍ക്കു പഠിക്കാനവസരം നല്‍കാനായി പിതാവ് കെ.സി.മാമ്മന്‍ മാപ്പിള മുന്‍കൈയെടുത്തു തുടങ്ങിയതും സവര്‍ണര്‍ 'പുലപ്പള്ളിക്കൂടമെന്നു വിളിച്ചതുമായ പാഠശാലയില്‍തന്നെയാണു മാത്യു സ്കൂള്‍ജീവിതത്തിനു തുടക്കമിട്ടത്. ആ വെള്ളക്കുടിയില്‍ വേറെ താമസസൌകര്യമില്ലാത്തതിനാല്‍ മാമ്മന്‍ മാപ്പിളയുടെ വീട്ടില്‍തന്നെ താമസിച്ച ഹെഡ്മാസ്റ്റര്‍ ആ വീട്ടിലെ കുഞ്ഞിന് ഒരു സൌകര്യം നല്‍കാന്‍ തീരൂമാനിച്ചു: ക്ളാസില്‍ സ്വന്തമായി ഒരു ചെറു ബെഞ്ച്! ആ കുഞ്ഞുപ്രായത്തില്‍ ആ വിവേചനത്തിന്റെ കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് മാത്യു വേദനയോടെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു കൊടുങ്കാറ്റുപോലെ സ്കൂളില്‍ചെന്ന അമ്മ ആ ബെഞ്ച് എടുത്തുമാറ്റി മാത്യുവിനെ മറ്റുള്ളവരുടെ കൂടെ തറടിക്കറ്റിലിരുത്തി. അന്ന് മാത്യുവിന്റെ മനസ്സില്‍ നന്മയുടെ ഒരു പാഠം ഇരിപ്പിടം നേടുകയായിരുന്നു.

കോഴിക്കോട്ട്, 1966 ല്‍ നങ്കൂരമിടുമ്പോള്‍ മനോരമയുടെ മലബാറിലെ പ്രചാരം 'മാതൃഭൂമി യുടെ മൂന്നിലൊന്നു മാത്രമായിരുന്നു; കേരളം മൊത്തമെടുത്താല്‍ മാതൃഭൂമിക്കു പിന്നില്‍ രണ്ടാം സ്ഥാനവും. അഞ്ചു വര്‍ഷംകൊണ്ടു മാതൃഭൂമിയുടെ മുന്നിലെത്തണമെന്ന ആഗ്രഹം താലോലിച്ചു നടക്കുമ്പോള്‍ മാതൃഭൂമിയില്‍ ഒരു നീണ്ട സമരം. ഞങ്ങളൊക്കെ ഒന്ന് ഉഷാറായപ്പോള്‍ അതാ മാത്യുവിന്റെ നിരോധനാജ്ഞ കോട്ടയത്തുനിന്നു വരുന്നു: - നമ്മള്‍ ഇന്നത്തെക്കാള്‍ ഒരു കോപ്പിപോലും കൂടുതല്‍ മാതൃഭൂമിയുടെ ഈ സമര കാലത്ത് അച്ചടിക്കരുത്!

ഒരാള്‍ ദുര്‍ബലനാവുമ്പോള്‍ കയറി അടിക്കരുതെന്ന അലിഖിത ശാസനം മനോരമയില്‍ അദ്ദേഹം കൊണ്ടുവന്നു. സമരംപോലെ യന്ത്രത്തകരാര്‍ കൊണ്ടും ഏതെങ്കിലും പത്രം മുടങ്ങുമ്പോഴും അവിടെ മനോരമ പ്രചരിപ്പിക്കാന്‍ മാത്യു ഒരിക്കലും സമ്മതിച്ചിരുന്നില്ല. എന്നു മാത്രമല്ല, യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ സ്വന്തം എന്‍ജിനീയര്‍മാരെ അയച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.

മനോരമ 1947ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങിയതിനു ശേഷമുള്ള കുറെക്കാലം കടുത്ത ബുദ്ധിമുട്ടുകളുടേതായിരുന്നു. മനോരമയ്ക്ക് അന്നു കിട്ടിയിരുന്ന പരസ്യങ്ങളും തീരെക്കുറവ്.
മാത്യുവിന്റെ അടുത്ത സുഹൃത്താണ് മുംബൈയില്‍ ഒരു എണ്ണക്കമ്പനിയുടെ പബ്ളിക് റിലേഷന്‍സ് മാനേജര്‍. അദ്ദേഹത്തെ വിളിച്ചു ദേശീയ പരസ്യങ്ങളിലേക്കുള്ള വഴി തിരക്കിയപ്പോള്‍ ലഭിച്ച മറുപടിക്ക് മനോരമയ്ക്ക് എടുത്താല്‍പ്പൊങ്ങാത്ത ഭാരമുണ്ടായിരുന്നു: മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ പരസ്യക്കമ്പനി തലവന്മാരെയുംമറ്റും വിളിച്ചൊരു ഗംഭീര ഡിന്നര്‍ കൊടുത്ത്, കേരളത്തിലെ സാധ്യതകള്‍ അവതരിപ്പിക്കുക! കേട്ടപാടെ വേണ്ടെന്നുവച്ചെങ്കിലും ഡിന്നറിന്റെ കാര്യങ്ങളൊക്കെ ചങ്ങാതി ഏറ്റോളാമെന്നു പറഞ്ഞപ്പോള്‍ വഴങ്ങി.

കേരളമെന്ന വലിയ വിപണിയെപ്പറ്റിയും ഇവിടത്തെ ഉത്സവകാലങ്ങളെപ്പറ്റിയും മനോഹരമായ ഒരു ബ്രോഷര്‍ തയാറാക്കി. ഇപ്പോള്‍ നമ്മുടെ ടൂറിസം വകുപ്പുകാര്‍ 'ദൈവത്തിന്റെ സ്വന്തം നാടിനെ മാര്‍ക്കറ്റ് ചെയ്യുന്നതിന് അരനൂറ്റാണ്ടുമുമ്പ് ഇതു തയ്യാറാക്കാനുണ്ടായ അധ്വാനം തന്നെ ഒരു പരസ്യത്തിനു വകയുള്ളതാണ്.

പാനീയത്തിന്റെ തിരക്കിനിടയില്‍ അതിഥികള്‍ തന്നെ ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലായപ്പോള്‍ മനസ്സിടിഞ്ഞു. അപ്പോഴുണ്ട്, വൈകിയെത്തിയ ഒരു പരസ്യക്കമ്പനി തലവന്‍ മൈക്ക് ചോദിച്ചുവാങ്ങുന്നു.
- വൈകിയാണെങ്കിലും വന്നത് എന്റെ ഇടപാടുകാരില്‍വച്ച് ഏറ്റവും സത്യസന്ധരായവരെക്കുറിച്ച് പറയാനാണ്. ഒരിക്കല്‍ ഞാന്‍ മനോരമയ്ക്കു നല്‍കിയ വലിയ പരസ്യം പ്രസിദ്ധീകരിച്ചുവെങ്കിലും ബില്‍ അയച്ചുതന്നില്ല. കത്തുകള്‍ക്കും മറുപടി കിട്ടാതായപ്പോള്‍ പ്രചാരംവച്ച് കോളം സെന്റിമീറ്ററിന് ഒരു രൂപ നിരക്കില്‍ ചെക്ക് അയച്ചുകൊടുത്തു. ഒട്ടും വൈകാതെ മറുപടി വന്നു.
'ഞങ്ങളുടെ നിരക്ക് കോളം സെന്റിമീറ്ററിന് അര രൂപയേയുള്ളൂ. ബാക്കി തിരികെ അയയ്ക്കുന്നു...

ഇക്കഥ വര്‍ഷങ്ങള്‍ക്കുശേഷം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു:
-പണത്തിനു ബുദ്ധിമുട്ടിയ അക്കാലത്ത് എന്തുകൊണ്ടാണു പരസ്യം പ്രസിദ്ധീകരിച്ചയുടന്‍ ബില്‍ അയച്ചു പണം വാങ്ങാതിരുന്നത്?
- പരസ്യമാനേജര്‍ എന്നൊരാള്‍ മനോരമയുടെ പരിസരത്തെങ്ങുമില്ലാത്ത കാലമാണത്. ഇംഗിഷ് അക്ഷരമാലയുമായി മുഖപരിചയം ഉണ്ടെന്ന ബലത്തില്‍ ഒരു ക്ളാര്‍ക്കാണ് ഇങ്ങനെയുളള കത്തിടപാടുകളൊക്കെ നടത്തിയിരുന്നത്. അവരുടെ കത്തിലെ ഭാഷ അദ്ദേഹത്തിനു മനസ്സിലായിക്കാണില്ല!

പ്രഫഷനലിസം തുടങ്ങുന്നു
ഒരിക്കല്‍ ഒരു ടൈപ്പിസ്റ്റ് ശമ്പളം കൂട്ടിക്കിട്ടണമെന്ന ആവശ്യവുമായി കാണാനെത്തി, ഇപ്പോള്‍ എത്രയുണ്ട് ശമ്പളം? മാത്യു ചോദിച്ചു. 25 രൂപ. വന്നിട്ടെത്രയായി? അഞ്ചു വര്‍ഷം. അന്നത്തെ ശമ്പളം എത്രയായിരുന്നു? 12 രൂപ. 'കൊള്ളാം. അഞ്ചു വര്‍ഷം കൊണ്ടു ശമ്പളം ഇരട്ടിയായല്ലോ എന്നു സമാധാനിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം ചോദിച്ചു: 'താങ്കളെ ആരാണ് നിയമിച്ചത്?
'സത്യത്തില്‍ ആരും നിയമിച്ചിട്ടില്ല. ഞാന്‍ ഇവിടെ പ്രസ് കാണാന്‍ വന്നതാണ്. കുറെ നടന്നപ്പോള്‍ കാലുകഴച്ചു. കണ്ട സ്റ്റൂളില്‍ കയറിയിരുന്നു. മുന്നിലെ മേശയില്‍ ഒരു ടൈപ്പ് റൈറ്ററുണ്ട്. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരാള്‍ എന്തോ ടൈപ്പ് ചെയ്യാന്‍ തന്നു. ഞാന്‍ അത് ടൈപ്പ് ചെയ്യാന്‍ തുടങ്ങി. പിന്നെ എന്നും ഇവിടെ വരാന്‍ തുടങ്ങി.

ഈയൊരവസ്ഥയില്‍നിന്നാണ് ജ്യേഷ്ഠാനുജന്മാരായ കെ.എം.ചെറിയാനും കെ.എം.മാത്യുവും കൂടി മനോരമയെ പ്രഫഷനലിസത്തിലേക്കു കൊണ്ടുവന്നത്.

മനോരമയെ മലയാളത്തിന്റെ മഹാവൃക്ഷമാക്കാനുള്ള ക്ളേശദൌത്യത്തിനായി സ്വയം സമര്‍പ്പിച്ച മാത്യു പക്ഷേ, ക്ളേശരഹിതമായൊരു പ്രസന്നത ജീവിതശൈലിയാക്കി. സംസാരത്തിലും പെരുമാറ്റത്തിലും വിനയം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കൈമുതലാക്കിയ മാത്യുവിന്റെ വശ്യമായ ചിരിപോലെ അക്ഷോഭ്യവും സൌമ്യവുമായിരുന്നു നിലപാടുകളും. ആരെയെങ്കിലും എതിര്‍ക്കേണ്ടിവന്നാല്‍, ആരോടെങ്കിലും വേര്‍പിരിയേണ്ടി വന്നാല്‍ അയാളെ വേട്ടയാടി നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നു വിശ്വസിച്ച മാത്യു ഞങ്ങളോട് എപ്പോഴും പറഞ്ഞു:

''നമ്മുടെ കയ്യിലുള്ള ആയുധം ഉപയോഗിച്ചു മറ്റുള്ളവരെ തേജോവധം ചെയ്യുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്യരുത്. അതിനു ശ്രമിച്ചാല്‍ അവസാനം നശിക്കുന്നത് അയാളാവില്ല, നമ്മളായിരിക്കും.

മാത്യു മനോരമയിലുണ്ടായിരുന്ന 56 വര്‍ഷങ്ങളില്‍ 50 വര്‍ഷവും പിന്നണിയിലെ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന എന്നോട് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''എന്റെ മക്കള്‍ക്കൊക്കെ നല്‍കിയ ഉപദേശം ഞാന്‍ തോമസ് ജേക്കബിനുംതരാം. ആരോടെങ്കിലും ദേഷ്യം വന്നാല്‍ 24 മണിക്കൂറിലധികം കൊണ്ടുനടക്കരുത്. ഒന്നുകില്‍, ആ സമയത്തിനകം പറഞ്ഞുതീര്‍ക്കണം. അല്ലെങ്കില്‍ എത്രയും നേരത്തെ ക്ഷമിച്ചു മറക്കണം.

ഈ വിശ്വാസപ്രമാണങ്ങളെല്ലാം പത്രത്തിന്റെ വിചാരജീവിതത്തിലേക്കും സംക്രമിപ്പിക്കാന്‍ അദ്ദേഹം മനസു വച്ചു. മനോരമയുടെ മുഖപ്രസംഗങ്ങള്‍ പലപ്പോഴും മൃദുവും സൌമ്യവുമായി മാറിയത് പത്രാധിപരുടെ ഈ കടുത്ത സംയമനം മൂലമായിരുന്നു.

വിദേശത്തു പോലും ബ്രാഞ്ചുകളുണ്ടായിരുന്ന ട്രാവന്‍കൂര്‍ നാഷനല്‍ ക്വയിലോണ്‍ ബാങ്ക് തകര്‍ത്ത്, മനോരമ പൂട്ടി മുദ്രവയ്ക്കുകയും പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ തടവിലിടുകയും ചെയ്ത ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ 1966 ല്‍ നിര്യാതനായപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഏറ്റവും നല്ല മുഖപ്രസംഗം മനോരമയുടേതായിരുന്നുവെന്നത് മാത്യുവിന്റെ ഈ നിലപാടിന് അടിവരയിടുന്നു. അതിനു മാത്യുവിനു പ്രചോദനമായത് അന്നു മനോരമയുടെ മുഖ്യപത്രാധിപരായിരുന്ന കെ.എം.ചെറിയാന്റെ നല്ല മനസ്സും. തങ്ങളുടെ കുടുംബത്തെ പകയോടെ മണ്ണോടുചേര്‍ത്തു കഷ്ടങ്ങളിലേക്കമര്‍ത്തിയ സിപിയോടു കുലീനമായ ആദരം പ്രകടിപ്പിച്ചു മധുരപ്രതികാരം തീര്‍ത്തതുപോലെ...

തിരുവിതാംകൂറിലെ സ്വാതന്ത്യ്ര പ്രസ്ഥാനവുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ 1938 സെപ്റ്റംബര്‍ പത്തിനു ദിവാന്‍ പൂട്ടിയിട്ട മനോരമ 1947 നവംബര്‍ 29നാണു പുന:പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്; ഇന്ത്യ സ്വതന്ത്രയായശേഷം.

സാമ്പത്തികമായി തറപറ്റിയ ഒരു പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയുള്ള ആ കഷ്ടയത്നത്തില്‍ പങ്കാളിയാകാന്‍ മുംബൈയിലെ ബിസിനസിനിടയില്‍ നിന്നു മാത്യു വരുമ്പോള്‍ മനോരമ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. കടം വാങ്ങി പത്രം നടത്താന്‍ ചെറിയാന്‍ ക്ളേശിക്കുന്നതുകണ്ട് മാമ്മന്‍ മാപ്പിള ഇളയമകനോടു നാട്ടിലേക്കു വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

ചെറിയാനോട് മാത്യു എഴുതിച്ചോദിച്ചു:
- വരണമെന്നു അപ്പച്ചന്‍ പറയുന്നു, എന്താണഭിപ്രായം?
ബിസിനസ് ഇട്ടിട്ടു പോരുന്നതില്‍ ദുഃഖം ഉണ്ടായിരുന്നെങ്കിലും വരാനുള്ള സന്നദ്ധത കത്തില്‍ അറിയിച്ചിരുന്നു.
'നീ വരണ്ട, ദൈവംതന്നെ വന്നെങ്കിലേ മനോരമയെ രക്ഷപ്പെടുത്താനൊക്കൂ എന്ന് ചെറിയാന്‍ മറുപടി എഴുതിയെന്നാണു കഥ. എന്നിട്ടും ഏതാനും മാസത്തേക്കു മാത്രമായി മാത്യു വന്നു.
അന്നേരം, കരകാണാക്കടലില്‍ നീന്തുകയായിരുന്നു ചെറിയാന്‍. പിന്നെ ദൂരെ കര കണ്ടു തുടങ്ങുകയായി. അതിനിടെയാണ് 1954ല്‍ അശനിപാതംപോലെ മാമ്മന്‍ മാപ്പിളയുടെ മരണമുണ്ടായത്. ദുഃഖവിമൂകമായ ആ അന്തരീക്ഷത്തില്‍ തളര്‍ന്നുനിന്ന മനോരമയിലേക്ക് മുംബൈയിലെ ബിസിനസ് സ്ഥിരമായി ഉപേക്ഷിച്ചു കടന്നുവരാതെ വയ്യെന്നായി, മാത്യുവിന്.

നിരന്തരം കേടാവുന്ന പ്രസുകളും നിലവാരമില്ലാത്ത അച്ചടിയുമായി വായനക്കാരന്റെയും ഏജന്റുമാരുടെയും കാരുണ്യംകൊണ്ടു മാത്രം നടന്നുപോവുന്ന സ്ഥിതിയിലായിരുന്നു മനോരമ. കോട്ടയം പട്ടണത്തില്‍പോലും ഒന്നാം സ്ഥാനത്തായിരുന്നില്ല. രണ്ടാം സ്ഥാനത്തുമുണ്ടായിരുന്നില്ല. മൂന്നാം സ്ഥാനമോ നാലാം സ്ഥാനംപോലുമോ ഇല്ലായിരുന്നു. കോട്ടയത്തു പൌരദ്ധ്വനി, കേരള ഭൂഷണം, ദീപിക, ദേശബന്ധു എന്നീ നാലു പ്രബല ദിനപത്രങ്ങളോടു മല്‍സരിച്ചു പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന അഞ്ചാമനായിരുന്നു മനോരമ. അതിനെ ആദ്യം നാലാം സ്ഥാനത്തേക്കും പിന്നെ മൂന്നാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തേക്കും അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തേക്കും അദ്ദേഹം കൊണ്ടു വന്നു. കോട്ടയത്തെ മാത്രം ഒന്നാം സ്ഥാനം! മാത്യുവിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ മനോരമ കേരളത്തിലെ ഒന്നാം പത്രമായി. നാല്‍പത്തിനാലാം വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏതു ഭാഷയിലും പത്തു ലക്ഷം കോപ്പിയിലെത്തുന്ന ആദ്യത്തെ പത്രവും.

വറുതിയുടെ നാളുകള്‍
മാത്യു കടന്നു വന്നത് മനോരമയുടെ വറുതിയുടെ നാളുകളിലാണ്. അച്ചടിക്കുള്ള കടലാസ് വാങ്ങുന്നതിനു പണം കടം വാങ്ങാന്‍ രാവിലെ വണ്ടിയുമെടുത്തു പുറപ്പെടുകയായിരുന്നു ചെറിയാന്റെ പ്രധാന ജോലി. പരിചയമുള്ള എല്ലാവരില്‍നിന്നും കടം വാങ്ങിച്ചു കഴിഞ്ഞു പുതിയൊരാളെ കണ്ടുകിട്ടാതിരുന്ന ദിവസം നാളെ പത്രം ഇറങ്ങില്ലല്ലോ എന്ന നിരാശയില്‍ ചെറിയാന്‍ ഉറങ്ങാന്‍ പോയിട്ടും പത്രം ഇറങ്ങിയ ചരിത്രമുണ്ട്. ജീവനക്കാരില്‍ ചിലര്‍ എവിടെനിന്നോ ഇരന്ന് കടലാസ് വാങ്ങിക്കുകയായിരുന്നു.

ചെറിയാന്റെ ബുദ്ധിമുട്ടുകള്‍കണ്ടു പത്രാധിപസമിതിയിലെ ഒരു നവവരന്‍, ടി.ചാണ്ടി തനിക്കു ലഭിച്ച സ്ത്രീധനമായ 2500 രൂപ ചെറിയാനു കടം കൊടുത്തു. 60 വര്‍ഷംമുന്‍പ് അത് വലിയൊരു തുകയായിരുന്നു.

ദിവാന്‍ സി.പി. മനോരമ പൂട്ടിയിട്ട ഒന്‍പതു വര്‍ഷം റിസീവറായിരുന്ന മങ്കൊമ്പ് കൈതാരം എന്‍.കൃഷ്ണയ്യര്‍ മനോരമയുടെ അഭ്യുദയകാംക്ഷിയായിരുന്നു. പിന്നീട് മനോരമയിലെ പ്രധാന പരിപാടികളിലെല്ലാം സ്ഥിരം ക്ഷണിതാവും. വൈകി വന്നിട്ടുള്ള അവസരങ്ങളിലെല്ലാം ചെറിയാനോ മാത്യുവോ ഇറങ്ങിച്ചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് മുന്‍നിരയില്‍ കൊണ്ടു വന്നിരുത്തും.

ഇതു പലതവണ കണ്ട് അരിശംവന്ന റസിഡന്റ് എഡിറ്റര്‍ ഭാര്‍ഗവന്‍ (വി.കെ.ബി. നായര്‍) മാത്യുവിനോടു പറഞ്ഞു: ''കൈതാരം സ്വാമി വൈകി വരുമ്പോള്‍ അച്ചായന്‍ വേദിയില്‍ നിന്ന് ഇറങ്ങി വരേണ്ട കാര്യമെന്താണ്? പണം കടം കൊടുത്തിരുന്ന സ്വാമി നിങ്ങള്‍ക്കും പണം തന്നിരിക്കും. അതിന് 25% വരെ പലിശയും വാങ്ങിയിട്ടുണ്ടാവില്ലേ?

അദ്ദേഹത്തിന്റെ മറുപടി ഇപ്പോഴും എന്റെ കാതുകളിലുണ്ട്: ''ഭാര്‍ഗവാ, നൂറു ശതമാനം പലിശ തരാമെന്നു പറഞ്ഞാലും ആരും ഞങ്ങള്‍ക്കു കടം തരാന്‍ മടിക്കുന്ന കാലത്തായിരുന്നു സ്വാമി കടം തന്നത്.
ഉവ്വ്, കെടുതിയുടെ നാളുകളൊന്നും മാത്യു മറന്നിരുന്നില്ല.
കെ.സി. മാമ്മന്‍മാപ്പിളയുടെ മരണത്തിനുശേഷം ഒരു കമ്മിറ്റിയാണ് നാട്ടുകാരുടെ സഹായത്തോടെ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാള്‍ പണിതത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊണ്ണൂറുകളില്‍ മാമ്മന്‍ മാപ്പിളയുടെ മക്കളുടെ കമ്പനികള്‍ സ്വന്തം പണംമുടക്കി അവിടെ കൂടുതല്‍ സൌകര്യങ്ങളുള്ള മനോഹരമായ ടൌണ്‍ ഹാള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

അമ്പതുകളില്‍ ആദ്യമന്ദിരം പണിത കമ്മറ്റിയിലെ ഒരാളും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. പക്ഷേ, മാത്യു അവരുടെയെല്ലാം മക്കളുടെ വിലാസം തേടിപ്പിടിച്ച് അവരുടെ പിതാവടങ്ങുന്ന കമ്മിറ്റി പണിത സ്മാരകമന്ദിരം പുതുക്കിപ്പണിയുന്നതിനുള്ള അനുവാദാശിര്‍വാദങ്ങള്‍ക്കപേക്ഷിച്ച് കത്തെഴുതി. തങ്ങളുടെ പിതാവ് ഇങ്ങനെയൊരു കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നറിയുകപോലുമില്ലാതിരുന്ന അവരെല്ലാം അയച്ച മറുപടിക്കത്തുകള്‍ വികാരഭരിതമായിരുന്നു.

മനോരമയുടെ ജനറല്‍ മാനേജരായി 1954 ജൂണില്‍ ചുമതലയേറ്റ മാത്യുവിനു വൈകാതെ സ്ഥാപനത്തിന്റെ ദൌര്‍ബല്യങ്ങളെന്തെന്നു ബോധ്യപ്പെട്ടു. അന്ന് മനോരമയ്ക്ക് നാലു ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ഇതു പത്രത്തെക്കൊണ്ട് അടച്ചുതീര്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ മാത്യു സഹോദരന്മാരുടെ സഹായം തേടി. അങ്ങനെ ആ ബാധ്യത മദ്രാസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് മറ്റു കുടുംബബിസിനസുകളില്‍നിന്നു കൊടുത്തു തീര്‍ത്തു.

മനോരമയിലെ ലാഭകരമല്ലാത്ത ഒട്ടേറെ വിഭാഗങ്ങള്‍ മാത്യു നിര്‍ത്തലാക്കി: പുസ്തക പ്രസാധനാലയം, ആവശ്യക്കാര്‍ക്ക് നോട്ടീസുകളും പുസ്തകങ്ങളും അച്ചടിച്ചുകൊടുക്കുന്ന ജോബ് പ്രിന്റിങ് വിഭാഗം, മനോരമ ആഴ്ചപ്പതിപ്പ്, ദിനപത്രത്തിന്റെ കോട്ടയത്തുനിന്നുള്ള മലബാര്‍ എഡിഷന്‍ എന്നിവ. അധികച്ചെലവും അമിതാധ്വാനവും വേണ്ടിവന്നിട്ടും കാര്യമായ വരവുണ്ടാക്കാത്തവയായിരുന്നു ഇവയെല്ലാം. പത്രവും ആഴ്ചപ്പതിപ്പും എന്ന രണ്ടു പ്രസിദ്ധീകരണങ്ങള്‍ മാത്രമുള്ള സ്ഥാപനത്തിലെത്തി അതിലൊന്നു പൂട്ടുന്ന പുതിയ ജനറല്‍ മാനേജരെ ജീവനക്കാര്‍ എങ്ങനെ വിലയിരുത്തുമെന്നതൊന്നും മാത്യുവിനു പ്രശ്നമായിരുന്നില്ല.

ജീവനക്കാരുടെ ജോലിസമയം അന്ന് മറ്റു പല പത്രങ്ങളിലെയും പോലെ 24 മണിക്കൂറായിരുന്നു. അടുത്ത ദിവസം ജോലിക്കു വരേണ്ട. 24 മണിക്കൂര്‍ ജോലി ഉല്‍പാദനക്ഷമതയെ കാര്യമായി ബാധിച്ചിരുന്നു. കൊല്ലത്തില്‍ പകുതി ദിവസം ഒഴിവു കിട്ടുമായിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ ജോലിയോടായിരുന്നു താല്‍പര്യം. രാത്രിയിലെ യാത്രാപ്രശ്നം പരിഹരിച്ചാല്‍ എല്ലാദിവസവും ജോലി എന്ന സംവിധാനം നടപ്പിലാക്കാമെന്നു മനസ്സിലാക്കിയ മാത്യു എല്ലാവര്‍ക്കും സഞ്ചാരസൌകര്യം ക്രമീകരിച്ചു. പ്രഫഷനല്‍ മാനേജ്മെന്റ് തത്വങ്ങള്‍ കുറേശ്ശെയായി നടപ്പിലാക്കിയ മാത്യു സാമ്പത്തികവും തൊഴില്‍ പരവുമായ അച്ചടക്കമുള്ള സ്ഥാപനമായി മനോരമയെ മാറ്റി.

പത്രപ്രവര്‍ത്തനത്തില്‍ കൂടി പ്രഫഷനലിസം കൊണ്ടുവന്നാലേ രക്ഷപ്പെടാനാവൂ എന്നദ്ദേഹം കണ്ടറിഞ്ഞു. അതിനുള്ള മാത്യുവിന്റെ പരിശ്രമം മലയാള പത്രപ്രവര്‍ത്തനത്തിന്റെ ഊര്‍ജ്വസ്വലമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രംകൂടിയായി.

ജനാധിപത്യ മൂല്യങ്ങളുടെ നിലനില്‍പ്പിനു പത്രങ്ങള്‍ ഒരുമിച്ചു വരേണ്ടതുണ്ടെന്ന്, സി.പി. യുടെ പീഡനങ്ങളേറ്റുവാങ്ങിയ മനോരമയുടെ ചരിത്രസന്ധികള്‍ മാത്യുവിനെ പഠിപ്പിച്ചിരുന്നു. രാജ്യാന്തര പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (ഐപിഐ) ബന്ധപ്പെട്ടു പത്രപ്രവര്‍ത്തനത്തിലെ നൂതന സങ്കേതങ്ങള്‍ വിദേശ ശില്‍പശാലകളില്‍നിന്നും മറ്റും സ്വായത്തമാക്കിയ അദ്ദേഹം ടാര്‍സി വിറ്റാച്ചിയുടെ നേതൃത്വത്തില്‍ ഐപിഐ വിദഗ്ധരെ കോട്ടയത്തു കൊണ്ടുവന്നു. ഇത് മനോരമക്കാര്‍ക്കു മാത്രമായുള്ള ശില്‍പ്പശാലയാക്കാമായിരുന്നിട്ടും മറ്റുള്ളവരെക്കൂടി ഗുണഭോക്താക്കളാക്കാന്‍ വേണ്ടി എല്ലാ പത്രങ്ങളുടെയും ഒന്നോ രണ്ടോ പ്രതിനിധികളെ മാത്യു ക്ഷണിച്ചു.

മലയാള പത്രപ്രവര്‍ത്തനത്തിനെന്നപോലെ മനോരമയ്ക്കും മാത്യു ചെയ്ത ഏറ്റവും വലിയ സേവനം ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്: എതിരാളികളുടെ മത്സരക്ഷമത ഉയര്‍ന്നാലേ മനോരമയുടെയും മത്സരക്ഷമത വര്‍ദ്ധിക്കുകയുള്ളുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എല്ലാവരെയും പങ്കെടുപ്പിക്കുകമാത്രമല്ല മാത്യു ചെയ്തത്; കളരിക്കുശേഷം എല്ലാ പത്രം ഒാഫിസുകളും സന്ദര്‍ശിക്കാന്‍ ആ വിദഗ്ധനു കാര്‍ വിട്ടുകൊടുക്കുകയും ചെയ്തു.

മനോരമയ്ക്ക് ആകെ ഒരു കാറുണ്ടായിരുന്ന കാലത്തെ കഥയാണിത്. (അതു പറഞ്ഞില്ലല്ലോ... മൂന്നു കിലോമീറ്റര്‍ അകലെ കഞ്ഞിക്കുഴിയിലെ വാടകവീട്ടില്‍നിന്ന് സൈക്കിളിലാണ് മാത്യു അന്ന് ഒാഫിസില്‍ വന്നുപോയിരുന്നത്. ഉണ്ണാനും അല്‍പ്പം വിശ്രമിക്കാനുമായി അദ്ദേഹം ഉച്ചയ്്ക്കു വീട്ടില്‍ പോകുമ്പോള്‍ ഒാഫിസിലെ ഒരു സഹായി പിറകെ നടന്നു ചെല്ലും. മാത്യു വിശ്രമിക്കുന്ന സമയത്ത് ഒാഫിസിലെ മറ്റു കാര്യങ്ങള്‍ക്ക് ആ സൈക്കിള്‍ വേണമായിരുന്നു. മാനേജര്‍ മുതല്‍ പ്യൂണ്‍വരെ എല്ലാവര്‍ക്കും ഉപയോഗിക്കാനായി ഒരു സൈക്കിള്‍!).

പില്‍ക്കാലത്ത് ഐപിഐ കണ്‍സല്‍ട്ടന്റെന്ന നിലയില്‍ വിദേശരാജ്യങ്ങളിലെ പത്രങ്ങള്‍ക്ക് മാത്യുവിന്റെയും സേവനം ലഭിച്ചു. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത മാത്യു രാജ്യത്തെ ഒട്ടേറെ പത്രങ്ങളുടെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചു.
ഒരിക്കല്‍ ഇന്ത്യയിലെ വന്‍കിട ഇംഗീഷ് പത്രത്തിന്റെ പത്രാധിപരെ കാണാനായി മുന്‍കൂര്‍ സമയം അനുവദിപ്പിച്ചു ചെന്നിട്ടും അരമണിക്കൂര്‍ സെക്രട്ടറിയുടെ മുറിയില്‍ ജ്യേഷ്ഠനുമൊത്തു കാത്തിരിക്കേണ്ടിവന്നു മാത്യുവിന്.

പിന്നീടു മാത്യുവിനു മുന്നില്‍ പെട്ടെന്നു തുറക്കാത്ത വാതിലുകളില്ലെന്നായി. കേരളത്തിലെ ഒരു മലയോര പട്ടണത്തിലെ കൊച്ചുഭാഷാപത്രത്തിന്റെ പത്രാധിപരുടെ ഉപദേശങ്ങള്‍ തേടാന്‍ ആ ഇംഗീഷ് പത്രത്തിന്റെ സാരഥികള്‍ പിന്നീട് ഇങ്ങോട്ടു വന്നു. തന്നെ കാത്തിരുത്തിച്ച പത്രാധിപരുടെ പിന്‍തലമുറക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച മധ്യസ്ഥനുമായി മാത്യു പിന്നീട്.

മാമ്മന്‍ മാപ്പിളയ്ക്ക് അവസാനത്തെ നിരയില്‍മാത്രം സീറ്റ് കിട്ടിയ ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയില്‍ (പത്ര ഉടമകളുടെ സംഘടനയായ ഇന്നത്തെ ഐഎന്‍എസ്) ചെറിയാനും മാത്യുവും മക്കളും മാത്രമല്ല സഹോദര പുത്രന്‍ മാമ്മന്‍ വര്‍ഗീസും പ്രസിഡന്റ് പദം വഹിച്ചു.

മനോരമ ആഴ്ചപ്പതിപ്പിന്റെ പുനഃപ്രസിദ്ധീകരണം 1956ല്‍ ആയിരുന്നു. നവസാക്ഷരരും പാചകം കഴിഞ്ഞു വിശ്രമിക്കുന്ന വീട്ടമ്മമാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്ന വായനക്കാരുടെ പുതിയ സമൂഹത്തെ മാത്യുവിന്റെ സൂക്ഷ്മദൃഷ്ടി കണ്ടെത്തുകയായിരുന്നു. അങ്ങനെ പുതിയ വായനക്കാരുടെ ഒരു ഇടം കണ്ടെത്തി ആരംഭിക്കുന്ന മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണമായി മനോരമ ആഴ്ചപ്പതിപ്പ്. പില്‍ക്കാലത്ത് കേരളത്തിനു നൂറു ശതമാനം സാക്ഷരതയിലേക്കു മുന്നേറാന്‍ വായനയുടെ ഈ വാതില്‍പ്പടിയും സഹായകമായി. അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുരുന്നുകള്‍ക്ക് ഒരു പ്രസിദ്ധീകരണമാവാം എന്ന് ആദ്യം തിരിച്ചറിഞ്ഞതും മാത്യുവാണ്: അമ്മമാര്‍ വായിച്ചു കേള്‍പ്പിക്കേണ്ട 'കളിക്കുടുക്ക.

കുട്ടനാടിന്റെ കാര്‍ഷിക പശ്ചാത്തലത്തില്‍ വളര്‍ന്ന മാത്യു കര്‍ഷകന്റെ വേദന അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അവഗണിക്കപ്പെടുന്ന കൃഷിക്കാരന്റെ ശ്രേഷ്ഠത രാജ്യത്തെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം മികച്ച കര്‍ഷകന് രണ്ടുലക്ഷം രൂപയുടെ 'കര്‍ഷകശ്രീ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ത്തന്നെ സര്‍ക്കാരും സഹകരണ ബാങ്കുകളും മറ്റും കര്‍ഷകര്‍ക്ക് അവാര്‍ഡുകളാരംഭിച്ചത് ഇതിനുശേഷമാണ്.

പോരാളിക്കു വിരാമചിഹ്നമില്ല
ജീവിതത്തിന്റെ രണ്ടറ്റങ്ങളും കണ്ടൊരാളുടെ ആയുസ്സായിരുന്നു മാത്യുവിന്റേത്. അതുകൊണ്ടുതന്നെ എത്ര താഴ്ചയിലേക്കു വീഴുമ്പോഴും നിവര്‍ന്ന് എഴുന്നേല്‍ക്കാനും എണ്ണമറ്റ പ്രതിസന്ധികള്‍ നല്‍കിയ വിധിയോടു പൊരുതാനും പാകപ്പെടുത്തിയ മനസ്സ് എപ്പോഴും അദ്ദേഹം കൊണ്ടുനടന്നു. ആ മനസ്സ് ഞങ്ങളുടെ മുന്നിലുള്ള ഏറ്റവും ഗംഭീരമായ പാഠപുസ്തകമായിത്തീരുകയും ചെയ്തു.
നാം വാര്‍ധക്യമെന്നു വിളിക്കുന്ന പ്രായത്തിലും പോരാട്ടവീര്യം കൊണ്ട് അദ്ദേഹം കാഴ്ചക്കാരെ അതിശയിപ്പിച്ച ആ സംഭവത്തിന് ഞാനും സാക്ഷിയാണ്.

1997 മാര്‍ച്ചില്‍ 'ദേശാഭിമാനിയുടെ കോട്ടയം പതിപ്പിന്റെ ഉദ്ഘാടനവേള. ആശംസാപ്രസംഗകനായ മാത്യുവിനെ അപ്രതീക്ഷിതമായി ആക്രമിക്കുന്നതായിരുന്നു 'ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ ഇഎംഎസിന്റെ പ്രസംഗം.

അതിനുവേണ്ടി, കുത്തകകളെപ്പറ്റി അതുവരെ പറഞ്ഞതൊക്കെ ഇ.എം.എസ് മാറ്റിപ്പറഞ്ഞു: പ്രചാരം കൂടുന്നത് കുത്തകയാണോ? അല്ല. 'ദേശാഭിമാനി ക്കും ഇപ്പോള്‍ നല്ല പ്രചാരമുണ്ടല്ലോ. കൂടുതല്‍ സ്ഥലത്തുനിന്ന് അച്ചടിക്കുന്നത് കുത്തകയാണോ? അല്ല. ദേശാഭിമാനിക്കും ഇപ്പോള്‍ ഒട്ടേറെ യൂണിറ്റുകളായില്ലേ, എന്നിങ്ങനെ.
മനോരമ ശരിക്കും കുത്തകയാണെന്നും അവര്‍ക്കു ഫാക്ടറി, തോട്ടം, കച്ചവടം, ബാങ്ക്, ഇന്‍ഷുറന്‍സ് എന്നിവയൊക്കെയുണ്ടെന്നും പറഞ്ഞ് ഇഎംഎസ് കത്തിക്കയറി. 'ഒന്നില്‍നിന്നു കിട്ടുന്ന ലാഭം മറ്റൊന്നില്‍ മുടക്കുകയാണ്.

ഒരു പത്രം യൂണിറ്റ് തുടങ്ങുമ്പോള്‍ നല്ല വാക്കു മാത്രം പറയാനുള്ള മംഗളവേദിയില്‍ വച്ചുതന്നെ വേണോ ഇതിനുള്ള മറുപടി എന്ന് ഒരു നിമിഷം ആലോചിച്ചുവെങ്കിലും കമ്യൂണിസ്റ്റുകാരും അനുഭാവികളും മാത്രമുള്ള വേദിയില്‍ വച്ചുതന്നെ പറയാതെപോകുന്നതു ശരിയല്ലെന്ന തീരുമാനത്തില്‍ മാത്യു എത്തി. എഴുതി തയാറാക്കിയ പ്രസംഗം മാറ്റിവച്ച്, അദ്ദേഹം ഇഎംഎസിന്റെ ആരോപണത്തിനുള്ള മറുപടിയിലേക്കു കടന്നു. പല കാര്യങ്ങളും തിരുത്തിയിട്ടുള്ള ഇഎംഎസ് പത്രകുത്തകയുടെ കാര്യത്തില്‍ നേരത്തേ പറഞ്ഞിരുന്ന മൂന്നു വ്യവസ്ഥകളില്‍ രണ്ടും തിരുത്തിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണു മാത്യു തുടങ്ങിയത്:

''ഇന്നിപ്പോള്‍ വ്യവസായം നടത്തുന്ന പത്രങ്ങളെ മാത്രമാണു കുത്തകപത്രങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നത്. മലയാള മനോരമയ്ക്കും വ്യവസായങ്ങള്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മനോരമയ്ക്ക് ഒരു വ്യവസായ സ്ഥാപനവുമില്ല.

''ഇഎംഎസ് ഇങ്ങനെ പറഞ്ഞതുകൊണ്ടു മനോരമയുടെ 'വ്യവസായ ബന്ധം ഞാന്‍ വിശദീകരിക്കട്ടെ. വ്യവസായം തുടങ്ങിയിട്ടു പത്രം തുടങ്ങിയ ആളല്ല കെ.സി. മാമ്മന്‍ മാപ്പിള. പത്രനടത്തിപ്പിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം ചില വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടുവെന്നതു ശരിയാണ്. ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും പ്ലാന്റേഷനും മറ്റും. അതെല്ലാം വിജയകരമായി നടത്തുന്ന ഘട്ടത്തിലാണ് അതിനൊക്കെ എന്തു സംഭവിച്ചാലും വേണ്ടില്ലെന്നുവച്ച് അദ്ദേഹം സ്വാതന്ത്യ്രസമരരംഗത്തെ ഉഗ്രപോരാട്ടത്തിലൂടെ സി.പി. രാമസ്വാമി അയ്യരുടെ അപ്രീതിക്ക് ഇരയായത്. ഒടുവില്‍ 1938ല്‍ സി.പി. മനോരമ പൂട്ടി മുദ്രവച്ചു. മാമ്മന്‍ മാപ്പിളയെ ജയിലിലുമാക്കി. അദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളും ഇതോടെ ഇല്ലാതായി.

''മാമ്മന്‍ മാപ്പിളയുടെ ഏഴ് ആണ്‍മക്കളും (മറ്റൊരു മകന്‍ കെ.എം.ജേക്കബ് 1942ല്‍ നിര്യാതനായി) ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പോയി ചെറിയചെറിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു. ഒരാള്‍ തേയില-കാപ്പിക്കച്ചവടം തുടങ്ങി. ഒരാള്‍ ബലൂണ്‍ ഫാക്ടറി ആരംഭിച്ചു. മറ്റൊരാള്‍ ചെറിയൊരു കാപ്പിത്തോട്ടം വാങ്ങി. അവയില്‍ ചിലതൊക്കെ തഴച്ചുവളര്‍ന്നു. ചിലതൊക്കെ പൊട്ടിപ്പോയി. അവസാനം മാമ്മന്‍ മാപ്പിളയുടെ ആഗ്രഹം സാധിക്കാനായി എന്റെ ജ്യേഷ്ഠന്‍ ചെറിയാന്‍ മനോരമ പുനരാരംഭിച്ചു. ഒന്‍പതു വര്‍ഷം പൂട്ടിക്കിടന്നപ്പോള്‍ ബാങ്കിനു കൊടുക്കാനുള്ള സംഖ്യ ഒരു ലക്ഷമായി ഉയര്‍ന്നു. 15 കുടുംബങ്ങളുടെ സഹായത്തോടെ ആ തുക ഉണ്ടാക്കി. പ്രവര്‍ത്തന മൂലധനത്തിനുള്ള തുക ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക് നല്‍കി. ഇത്രയുമാണു മനോരമയുടെ വ്യവസായ ബന്ധം.

''പത്രമുത്തശ്ശിയെന്നും കുത്തകപ്പത്രമെന്നുമൊക്കെയുള്ളതു ദേശാഭിമാനി വളരെ ഒൌദാര്യത്തോടെ മനോരമയ്ക്കു ചാര്‍ത്തിത്തന്നിട്ടുള്ള വിശേഷണങ്ങളാണ്. മുത്തശ്ശിയുടെ നാട്ടിലേക്കു വരുമ്പോള്‍ ദേശാഭിമാനി തന്നെ മധ്യവയസ്സു കഴിഞ്ഞു മുത്തശ്ശിയായിക്കൊണ്ടിരിക്കുകയാണ്. വയസ്സ് 55 ആയി. ജനകീയ പത്രമായി ദേശാഭിമാനി സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ജനങ്ങളുടെ കുത്തക ഞങ്ങള്‍ക്കാണെന്നു നിങ്ങള്‍ പറയുമ്പോള്‍ ഞാനത് ഏല്‍ക്കുന്നു. അതുകൊണ്ടു കുത്തകപ്പത്രമെന്നു ഞങ്ങളെ വിളിക്കുന്നതില്‍ ഞങ്ങള്‍ക്കു പരിഭവമൊന്നുമില്ല.

''ദേശാഭിമാനി നല്‍കിയിട്ടുള്ള മറ്റു രണ്ടു വിശേഷണങ്ങള്‍ കൂടിയുണ്ട്: കോട്ടയം പത്രം, റബര്‍ പത്രം. ദേശാഭിമാനി കോട്ടയത്തേക്കു വന്നതോടെ മനോരമയുടെ ആ കുത്തകയും പൊളിയുകയാണ്. ഇന്നുമുതല്‍ ദേശാഭിമാനിയും കോട്ടയം പത്രവും റബര്‍ പത്രവുമാണ്. 'റബര്‍ പത്രം എന്നു വിളിക്കപ്പെടുന്നതില്‍ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു. ഇന്നു കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന റബര്‍ കൃഷി ഇവിടെ ആരംഭിക്കാന്‍ മനോരമ എത്രയോ ആയിരം കോളങ്ങളാണു ചെലവാക്കിയിട്ടുള്ളത്. ഭാവിയുടെ മരം ഇതാണെന്നും ഇതു കൃഷിചെയ്യണമെന്നും മനോരമ തുടര്‍ച്ചയായി മുഖപ്രസംഗം എഴുതി...

സമ്മേളനം കഴിഞ്ഞു മാത്യു യാത്ര പറഞ്ഞപ്പോള്‍ ഇഎംഎസ് ചോദിച്ചു: ''ആ പ്രസംഗം തരാമോ?
നേരത്തേ എഴുതിത്തയ്യാറാക്കിയിരുന്ന പ്രസംഗം അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തിട്ടു മാത്യു പറഞ്ഞു: ''തിരുമേനി, ഇതിനകത്തുള്ള കാര്യങ്ങളല്ല ഞാന്‍ പറഞ്ഞത്.
ഇഎംഎസ് ചിരിച്ചു.

മുന്‍കൂട്ടി തയാറാക്കിയിരുന്ന പ്രസംഗത്തില്‍നിന്നുള്ള ചില ഭാഗങ്ങളും അന്നു മാത്യു വായിച്ചിരുന്നു. പിന്നീടു പ്രസംഗിച്ച സിപിഐ നേതാവ് പി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയത് ഇങ്ങനെയാണ്: ''മാത്തുക്കുട്ടിച്ചായന്‍ എഴുതിവായിച്ച പ്രസംഗവും ഇഎംഎസിനുള്ള മറുപടി പോലെയായിരുന്നുവല്ലോ! ഇതെന്ത് അദ്ഭുതം? ഇഎംഎസ് പറയാന്‍ പോവുന്നത് എന്താണെന്നു മുന്‍കൂട്ടി എങ്ങനെ അറിഞ്ഞു?
ചില പ്രത്യേക താല്‍പര്യങ്ങളൊക്കെയുണ്ടെങ്കിലും മനോരമയെ കുത്തക പത്രം എന്നു വിളിക്കുന്നതു ശരിയല്ലെന്നും പി.കെ.വി. പറഞ്ഞു.

അടുത്തകാലത്ത് ഒരാള്‍ അഭിമുഖത്തിനിടെ ചോദിച്ചു: ''താങ്കള്‍ക്കു ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കിയ കാര്യമെന്താണ്?
മാത്യു ഒരു സംതൃപ്തന്റ പുഞ്ചിരിയോടെ പറഞ്ഞു: ''ഒരു തയാറെടുപ്പുമില്ലാതെ നിരായുധനായി ഞാന്‍ ചെന്ന അന്ന് ഇഎംഎസിനെപ്പോലെ ഒരു മഹാതാര്‍ക്കികനു ശക്തമായ മറുപടി നല്‍കാനായത്...


എല്ലാം ഞങ്ങള്‍ ഒാര്‍ക്കുന്നു....
കേരളത്തില്‍ ഏറ്റവും പ്രഫഷനലിസമുള്ള പത്രം
മനോരമയാണെന്ന് എതിരാളികള്‍ പോലും
പറയുമ്പോള്‍ അതിന്റെ
തലതൊട്ടപ്പനെ ഞങ്ങള്‍ നമിക്കുന്നു....

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)