അയാളൊരു പുസ്തകം എഴുതുകയാണ്
Sunday, August 8, 2010
സാഹിത്യവിമര്‍ശം പറയത്തക്കവിധം ആര്‍ക്കുമൊരു ശല്യവും ചെയ്യാതെ, സ്വന്തം 'കുലീനത' കാത്തുസൂക്ഷിച്ചുകൊണ്ട് 'അങ്ങനെയങ്ങ്' കഴിഞ്ഞുപോരുകയായിരുന്നു. കൃഷ്ണഗാഥയില്‍ എത്ര 'കൃ' ഉണ്ട് എന്ന കണ്ടെത്തല്‍തൊട്ട് തോഴിയുടെ ഏത് കണ്ണാണ് തുടിച്ചത് എന്ന തര്‍ക്കംവരെ, താല്‍പര്യപൂര്‍വം വായിച്ചിരുന്നവര്‍ ഇപ്പോളൊന്ന് ക്ഷോഭിച്ചിരിക്കുകയാണ്. ഇല്ലാത്ത ജാതിയും മതവുമൊക്കെ സാഹിത്യത്തില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന വിമര്‍ശരംഗത്തെ വിഘടനവാദികള്‍ക്കെതിരെ അവരിപ്പോള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.
നാടുവാഴിത്തത്തിന്റെ പതനത്തോടെ നിലംപരിശായ 'ജാതി'യും മുതലാളിത്തത്തിന്റെ കുതിപ്പോടെ കാലുകുഴഞ്ഞ് വീണ മതവും ഇപ്പോഴും സജീവമാണെന്ന തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെയുള്ള തുടര്‍ പ്രബന്ധങ്ങളാണ് ചില പ്രസിദ്ധീകരണങ്ങളുടെ നേതൃത്വത്തില്‍ തുരുതുരാ മലയാളത്തിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായ ഒരാള്‍ സാഹിത്യചിന്തയുടെ പവിത്രലോകത്തിലേക്ക്, പാദരക്ഷകള്‍പോലും ഊരിവെക്കാതെ പ്രവേശിച്ചതാണ് പുതിയ സാഹിത്യതമ്പുരാക്കന്മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗ്രാംഷിയെക്കുറിച്ചും അല്‍ത്തൂസറെക്കുറിച്ചും സാഹിത്യസൃഷ്ടികളുടെ സൂക്ഷ്മതലങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള എന്ത് കോപ്പാണ് ഇങ്ങേര്‍ക്കുള്ളതെന്നാണ് 'കോപ്പ് മൊത്തക്കച്ചവടം' പാരമ്പര്യമായി നിര്‍വഹിച്ചുപോരുന്ന ചിലര്‍ രോഷാകുലരായി ഇപ്പോള്‍ വിളിച്ചു ചോദിക്കുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആരംഭനാളുകളില്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ച ആതേ ചോദ്യമാണ്, സി.പി.എമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും ചിന്തകനും പ്രഭാഷകനുമായ ബേബി ജോണ്‍ മാഷിനുനേരെ ഇപ്പോള്‍ ചീറിക്കുതിച്ചെത്തിയിരിക്കുന്നത്. അദ്ദേഹമിപ്പോള്‍ ഒരു പുസ്തകമെഴുതുന്നത് എന്തിനാണ് ഇവ്വിധം പലരെയും ഇത്രമാത്രം പ്രയാസപ്പെടുത്തുന്നതെന്നാണ് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. ഓരോ ദിവസവും എത്രമാത്രം പുസ്തകങ്ങളാണ് മലയാളഭാഷയിലും ഇറങ്ങുന്നത്- കവിതാസമാഹാരങ്ങള്‍ മുതല്‍ വിമര്‍ശപഠനങ്ങള്‍വരെ. അപ്പോഴൊന്നും കാണാത്ത ഒരു അങ്കലാപ്പ്, ബേബിജോണ്‍ ഇതുവരെയും എഴുതിക്കഴിഞ്ഞിട്ടില്ലാത്ത ഒരു പുസ്തകത്തെപ്പറ്റി ഇപ്പോഴേ ഉണ്ടാകുന്നതും 'ഉണ്ടാക്കുന്നതും' എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ്?
ഇനിയും എഴുതിത്തീരാത്ത ഈ പുസ്തകത്തിന്റെ ആമുഖം ആരെഴുതുമെന്നതിനെക്കുറിച്ചുപോലും ഇപ്പോഴേ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഒരു പ്രമുഖ ചാനലിലെ 'തമാശപംക്തി' ഇതുസംബന്ധിച്ച് പുറത്തുവിട്ടത് സംഭ്രമജനകമായ ഒരു വാര്‍ത്തയാണ്. ഒന്നുകില്‍ ഉസാമ ബിന്‍ ലാദിന്‍ അല്ലെങ്കില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ആയിരിക്കുമത്രെ പ്രസ്തുത പുസ്തകത്തിന് അവതാരിക എഴുതാന്‍ പോകുന്നത്.
കേരളത്തിലെ ഒരുപാട് മനുഷ്യര്‍ ഹൃദയപൂര്‍വം ആദരിക്കുന്ന ബേബിജോണിനെപ്പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ സാംസ്‌കാരിക അന്വേഷണങ്ങളെ സംഭ്രമിപ്പിക്കുന്ന അഭ്യൂഹങ്ങളിലേക്ക് സങ്കോചിപ്പിക്കുന്നതിന് പിറകില്‍ പത്തിതാഴ്ത്തി പതുങ്ങിയിരിക്കുന്നത് വലതുപക്ഷ വിഷസര്‍പ്പങ്ങളാണ്. ഒരു പുസ്തകത്തെ അതിന്റെ സമഗ്രതയില്‍ വിമര്‍ശവിധേയമാക്കുന്നതിനുപകരം, അതു പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ മുന്‍വിധികളുടെ ചതുപ്പുനിലങ്ങളില്‍ അതിനെ ചവിട്ടിത്താഴ്ത്താനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിലിപ്പോള്‍ വലതുപക്ഷ നേതൃത്വത്തില്‍ കൊടുമ്പിരികൊള്ളുന്നത്. ഒരുതരത്തിലും പരസ്‌പരം പൊരുത്തപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങളെ ഒരു തത്ത്വദീക്ഷയും കൂടാതെ പരസ്‌പരം പൊരുത്തപ്പെടുത്തുന്ന മൂന്നാംമുറ 'എക്ലറ്റിക്‌വിദ്യ'യാണ് സാംസ്‌കാരിക വിശകലനങ്ങളുടെ മൂടുപടത്തില്‍നിന്ന് ഇപ്പോള്‍ വീര്യമാര്‍ജിച്ചുകൊണ്ടിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ എം.ടി. വാസുദേവന്‍നായര്‍ വരെയുള്ള പ്രതിഭകള്‍ വ്യത്യസ്തതരത്തിലുള്ള വിശകലനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും മുമ്പേതന്നെ വിധേയമായവരാണ്. ഓരേ വിമര്‍ശത്തെയും വിമര്‍ശാത്മകമായി നേരിട്ടുകൊണ്ടാണ് സാഹിത്യവിമര്‍ശം വളര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ അതിന് വിപരീതമായി, സാഹിത്യപ്രതിഭകളെ തൊട്ടാല്‍ ആ കൈ ഞങ്ങള്‍ കൊത്തുമെന്ന തരത്തിലുള്ള ആക്രോശങ്ങളാണ് താരതമ്യേന സൗമ്യരായ സാഹിത്യവിമര്‍ശകരില്‍നിന്നുപോലുമുണ്ടാവുന്നത്. അതിനുമാത്രം എന്താണിവിടെ സംഭവിച്ചത്?
പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ ഏലംകുളത്ത് നടന്ന ക്യാമ്പില്‍ വരുംകാല വൈമനസ്യത്തോടെയെങ്കിലും സംവാദവിധേയമാക്കാന്‍ പോകുന്നത്, സാഹിത്യത്തിലെ അധികാരബന്ധങ്ങളെ അപഗ്രഥിച്ചുകൊണ്ട് ബേബിജോണ്‍ അവതരിപ്പിച്ച വാചാപ്രബന്ധത്തിലെ ആശയങ്ങളായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോളതിനെ വെറുമൊരു വിവാദമാക്കാന്‍ ശ്രമിക്കുന്നവരെ ആശങ്കാകുലരാക്കുംവിധം നാളെയത് തീവ്ര സംവാദമായി തളിരിടും എന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തവിധം സവര്‍ണപ്രത്യയശാസ്ത്രത്തിന്റെ അദൃശ്യനിയന്ത്രണത്തിലാണ് കേരളസംസ്‌കാരം നിലനില്‍ക്കുന്നതെന്ന അസ്വസ്ഥ സത്യത്തെ അവഗണിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. മറിച്ച്, കീഴാളപഠനങ്ങള്‍ക്ക് വിവാദങ്ങളുടെ പുകപടലങ്ങളെ കീറിമുറിച്ചുകൊണ്ടുതന്നെ അധീശത്വപ്രത്യയശാസ്ത്രങ്ങള്‍ കലാസൃഷ്ടികളില്‍ സ്ഥാപിക്കുന്ന 'കുഴിബോംബുകള്‍' കണ്ടെടുക്കാന്‍ കഴിയുമെന്ന് ശരിയാംവിധം തിരിച്ചറിയുന്നതുകൊണ്ടാണ്. സവര്‍ണ പ്രത്യയശാസ്ത്ര വിമര്‍ശമെന്നത് സവര്‍ണവിമര്‍ശമെന്നതിലപ്പുറം ഒരു മേല്‍ക്കോയ്മാ വിമര്‍ശമാണ്. 'ബ്രാഹ്മണാള്‍ കാപ്പിക്കട' എന്നു കാണുമ്പോള്‍ ഒരര്‍ഥത്തില്‍ നാം ആഹ്ലാദിക്കുകയും മറ്റൊരര്‍ഥത്തില്‍ ആശങ്കാകുലരാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്. നാട്ടുവാഴിത്തം ദൃഢപ്പെടുത്തിയതും ജാതിപ്രത്യയശാസ്ത്രം ആദര്‍ശവത്കരിച്ചതുമായ കുലത്തൊഴിലിന്റെ ലോകം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ബ്രാഹ്മണാള്‍ കാപ്പിക്കടയെ ഒരു പുളകമാക്കുന്നത്. കുലത്തൊഴിലിന്റെ ഇത്തിരിവെട്ടങ്ങളില്‍നിന്ന് പുറത്തുകടന്ന ജനാധിപത്യവാദികളായ സവര്‍ണസമൂഹത്തിന്റെ പൊതുജീവിതപ്രവേശത്തെയാണത് ഒരര്‍ഥത്തില്‍ ധീരമായി ആവിഷ്‌കരിക്കുന്നത്.
ജാതിവിവേചനത്തിന്റെ ഉരുക്കുമതിലുകള്‍ ഉടച്ചുവാര്‍ത്ത ആ കാഴ്ചപ്പാടിനെ അഭിവാദ്യം ചെയ്യുമ്പോള്‍തന്നെ കേരളത്തില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്ന സാംസ്‌കാരിക വൈകൃതങ്ങളെ വിചാരണചെയ്യാനും ജനാധിപത്യവാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അപ്പോഴാണ് എന്തുകൊണ്ടാണ് ഒരു 'ബ്രാഹ്മണാള്‍ കാപ്പിക്കട'യുള്ളതുപോലെ നമുക്ക് ഒരു 'പറയന്‍സ് കാപ്പിക്കട' ഇല്ലാതെ പോകുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നത്! പഞ്ചനക്ഷത്രഹോട്ടലുകളിലെ 'ചിരിതൊഴിലില്‍' എന്തുകൊണ്ടാണ് കറുത്ത ചിരി കുറഞ്ഞുപോകുന്നത്? എന്തുകൊണ്ടാണ് ആള്‍ക്കൂട്ടങ്ങളൊക്കെ വെറും 'ആണ്‍കൂട്ടങ്ങള്‍' മാത്രമായി ചുരുങ്ങുന്നത്? 'സായ്പിനെ കാണുമ്പോള്‍' ആളുകള്‍ ഇപ്പോഴും 'കവാത്ത്' മറക്കുന്നത് എന്തുകൊണ്ടാണ്? സാമ്പത്തിക വിവേചനങ്ങള്‍ക്കൊപ്പം സാമൂഹികവിവേചനങ്ങളുടെ മറ്റൊരു സമാന്തരലോകവും നിരവധി തലങ്ങളില്‍ കൊഴുത്തുകൊണ്ടിരിക്കുകയാണ്. ഇതൊന്നുമില്ലെന്ന് പറയാനാണ് പലരുമിപ്പോള്‍ വല്ലാതെ തിടുക്കംകൊള്ളുന്നത്.
സാമൂഹികവിവേചനങ്ങളും സാമൂഹികമായ അടിച്ചമര്‍ത്തലും നമ്മുടെ സാഹിത്യത്തിലും കലയിലും നിശിതമായ വിചാരണക്ക് വിധേയമാകാതെ, ഇപ്പോഴും സസുഖം നിലനില്‍ക്കുന്നുണ്ടോ എന്ന അസുഖകരമായ അന്വേഷണത്തിനാണ് ഏലംകുളം പു.ക.സ ക്യാമ്പില്‍ ബേബിജോണ്‍ മാഷ് വഴിതുറന്നത്. അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുക ചെയ്യാം. പക്ഷേ, അതിനുമുമ്പ് അദ്ദേഹം എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കീഴാളരുടെ പ്രതിച്ഛായ മലിനമാക്കുന്നതിലും അവരെ കുറ്റവാളി മാതൃകയിലേക്ക് വെട്ടിയൊതുക്കുന്നതിലും അധീശപ്രത്യയശാസ്ത്രങ്ങള്‍ വഹിക്കുന്ന പങ്കിനെ സര്‍വ കലാസാഹിത്യ രചനകളും ഒരേ തോതില്‍ പ്രതിരോധിക്കുന്നുണ്ടെന്ന് കാര്യങ്ങളുടെ വേരുകള്‍ കാണുന്ന ആര്‍ക്കും വാദിക്കാനാവില്ല. 'സ്വര്‍ണസിംഹാസനങ്ങളില്‍ ഇരുത്തപ്പെട്ട എഴുത്തുകാര്‍ ചോദ്യംചെയ്യപ്പെടും' എന്നെഴുതിയത് ബ്രഹ്‌തോള്‍ട് ബ്രഹ്ത്താണ്. അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയ നെയ്ത്തുകാരെപ്പറ്റി അവര്‍ സ്വന്തം കൃതികളില്‍ എന്തു പറഞ്ഞിട്ടുണ്ടെന്നറിയാന്‍വേണ്ടി ആ കൃതികള്‍ വേറൊരു രീതിയില്‍ വീണ്ടും വായിക്കപ്പെടും എന്നദ്ദേഹം മുന്നറിയിപ്പ് നല്‍കിയതും നമുക്കിപ്പോള്‍ ഓര്‍ക്കാവുന്നതാണ്. എന്തായാലും, ഏതെങ്കിലുമൊരു 'ഉസാമ ബിന്‍ലാദിന്റെ' അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടെയും ബേബിജോണ്‍ ആ 'ബുക്' എഴുതിപ്രസിദ്ധീകരിച്ചാല്‍ നമുക്ക് ചര്‍ച്ച കുറേക്കൂടി സജീവമായി തുടരാവുന്നതാണ്. അതിനുമുമ്പ് വെറുതെ കലമ്പുന്ന 'ഒച്ചപ്രതിഭകള്‍' ബോബിജോണ്‍ മാഷിന്റെ പുസ്തകം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാനുള്ള 'കരുത്ത്' പ്രകടിപ്പിക്കുകയാണ് അനിവാര്യമായും വേണ്ടത്.
No comments:
Post a Comment