06 Feb 2008
.കൊച്ചി: കളമശ്ശേരിയിലെ തങ്ങള്‍ക്കവകാശപ്പെട്ട 100 ഏക്കറില്‍ 70 ഏക്കറാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു കൈമാറിയതെന്ന് എച്ച്.എം.ടി. പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ഭൂമി വിറ്റതെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു.
1963-ല്‍ എച്ച്.എം.ടി.ക്ക് അനുവദിച്ച 780 ഏക്കറില്‍ വ്യവസായത്തിനുപയോഗിക്കാത്ത ഭൂമിയില്‍ 139.33 ഏക്കര്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് അടക്കമുള്ള വിവിധ പദ്ധതികള്‍ക്കായി വിട്ടുകൊടുത്തിരുന്നു. പിന്നീട് കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് ബാക്കി ഭൂമിയില്‍ 1300 ഏക്കര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി തര്‍ക്കം ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായുണ്ടാക്കിയ ധാരണപ്രകാരമാണ് 100 ഏക്കര്‍ ഭൂമി എച്ച്.എം.ടി.ക്ക് ലഭിച്ചത്. ഉപാധികളില്ലാതെ സ്ഥിരമായി ഭൂമി വിട്ടുനല്‍കുകയായിരുന്നുവെന്നും ഇതിനായി ഭൂപരിഷ്‌കരണ നിയമം ഇളവുചെയ്‌ത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നുവെന്നും പത്രക്കുറിപ്പിലുണ്ട്.
2004-ല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഗാരണ്ടിയില്‍ യൂക്കോ ബാങ്കില്‍നിന്ന് പണം കടമെടുത്തിരുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റുമായുണ്ടാക്കിയ ധാരണയില്‍ കമ്പനിക്ക് മിച്ചമുള്ള സ്ഥലം വിറ്റ് കടം വീട്ടുമെന്ന് വ്യക്തമാക്കിയിരുന്നു. മൂന്ന് ഗവണ്‍മെന്റ് ഏജന്‍സികളെക്കൊണ്ട് മൂല്യനിര്‍ണയം നടത്തിയ ശേഷം ടൈംസ് ഓഫ് ഇന്ത്യ, ദി ഇക്കണോമിക് ടൈംസ് എന്നിവയുടെ എല്ലാ എഡിഷനുകളിലും പരസ്യം നല്‍കിയാണ് ഭൂമി വിറ്റത്. കമ്പനി വെബ് സൈറ്റിലും പരസ്യം നല്‍കിയിരുന്നു. ടെന്‍ഡര്‍ നല്‍കിയ 11 കമ്പനികളില്‍ യോഗ്യരായവരില്‍ ഏറ്റവുമധികം തുക കാണിച്ച ബ്ലൂസ്റ്റാറിന് സ്ഥലം വില്‍ക്കുകയായിരുന്നു. കമ്പനി ബോര്‍ഡ് വില്‌പന അംഗീകരിക്കുകയും ചെയ്‌തു. 2006 നവംബറില്‍ ഇടപ്പള്ളി സബ് രജിസ്‌ട്രാര്‍ ഓഫീസിലാണ് വസ്‌തു രജിസ്റ്റര്‍ ചെയ്‌തത്. 2007 ജൂണില്‍ വ്യവസായ-റവന്യു മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ ഈ സ്ഥലം പോക്കുവരവ് ചെയ്‌തുകൊടുക്കാന്‍ തീരുമാനമായെന്നും പത്രക്കുറിപ്പ് പറയുന്നു.
ഈ രീതിയില്‍ തങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം ചട്ടങ്ങളെല്ലാം പാലിച്ച് സുതാര്യമായാണ് വിറ്റതെന്ന് എച്ച്.എം.ടി. വിശദീകരിക്കുന്നു. ജന. മാനേജര്‍ എം.സി. പൂക്കോയ ആണ് എച്ച്.എം.ടി.യുടെ നിലപാട് വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
No comments:
Post a Comment