23 Oct 2008
കൊച്ചി: കളമശ്ശേരിയില്‍ എച്ച്.എം.ടി. ബ്ലൂസ്റ്റാറിന് വിറ്റ എഴുപത് ഏക്കര്‍ ഭൂമി വീണ്ടും സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
എച്ച്.എം.ടി. കൈമാറ്റം ചെയ്‌ത ഭൂമിയില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്.
ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ നവംബര്‍ 7നകം സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവും ജസ്റ്റിസ് കെ.എം. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഹര്‍ജി നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.
എച്ച്.എം.ടി. ഭൂമി കൈമാറ്റത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോയ് കൈതാരത്ത് സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിയിലാണിത്.
ഹര്‍ജിലെ എതിര്‍കക്ഷികള്‍ക്ക് സര്‍വേ നടപടികളില്‍ പങ്കെടുക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, സര്‍വേയ്‌ക്ക് തടസ്സമുണ്ടാക്കുകയോ പ്രശ്‌നം സൃഷ്ടിക്കുകയോ ചെയ്യരുത്.
എച്ച്.എം.ടി. വിറ്റ 70 ഏക്കറില്‍ മിച്ചഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഈ ഭൂമി വിറ്റത് നിയമവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ബ്ലൂസ്റ്റാറിന് വിറ്റ 70 ഏക്കറില്‍ മിച്ചഭൂമിയില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ മറുപടി സത്യവാങ്‌മൂലം നല്‍കിയിട്ടുണ്ട്.
തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ 717/5 സര്‍വേ നമ്പറിലെ 70 ഏക്കറാണ് എച്ച്.എം.ടി. ബ്ലൂസ്റ്റാറിന് വിറ്റിട്ടുള്ളത്.
മിച്ചഭൂമിയില്‍ നിന്നൊഴിവാക്കി നല്‍കിയ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവും സെ്‌കച്ചും സര്‍ക്കാര്‍ ഹാജരാക്കി. ഇവ പരിശോധിച്ചാല്‍ വിറ്റ 70 ഏക്കര്‍ മിച്ചഭൂമിയല്ലെന്ന് വ്യക്തമാവുമെന്ന് സര്‍ക്കാര്‍ വാദിച്ചു.
No comments:
Post a Comment