തിരുവനന്തപുരം: സൈബര്‍ സിറ്റി സ്ഥാപിക്കുന്നതിനായി ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് വിറ്റ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് റവന്യൂ വകുപ്പ്. അനന്തരാവകാശികള്‍ക്ക് കൈമാറാവുന്നതും കൈമാറ്റം ചെയ്യപ്പെടാവുന്നതുമായ അധികാരം നല്‍കിയാണ് വില്‌പനയെ തുടര്‍ന്ന് വിവാദമായ 70 ഏക്കര്‍ ഉള്‍പ്പടെ 100 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് നല്‍കിയതെന്ന് റവന്യൂ വകുപ്പ് തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.
റവന്യൂ വകുപ്പിലെയും എറണാകുളം കളക്ടറേറ്റിലേയും രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറിപ്പ് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറും.
എച്ച്.എം.ടി.ക്ക് നല്‍കിയ 1972ല്‍ 868.28 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്‌ത് നല്‍കിയതുതന്നെ ഹെറിറ്റബിള്‍ ആന്‍ഡ് അലീനിയബിള്‍ റൈറ്റ് വകവെച്ചാണ്. 1990ല്‍ ആവശ്യം കഴിഞ്ഞുകിടക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതുവരെ എച്ച്.എം.ടി. ഈ അവകാശം വിനിയോഗിച്ചു. ഇതിനുപുറമെ 1991ല്‍ സംസ്ഥാന സര്‍ക്കാരുണ്ടാക്കിയ ധാരണ പ്രകാരം 300 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് നിബന്ധനകള്‍ക്ക് വിധേയമായിട്ടല്ലാതെ നല്‍കുകയും ചെയ്‌തു. കേരള ഭൂപരിഷ്‌കരണ നിയമം 81-ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കമ്പനി എന്ന നിലയ്‌ക്ക് ഭൂമി വിനിയോഗത്തിനുള്ള ഒഴിവുകളോടെയാണ് ഈ 100 ഏക്കര്‍ സ്ഥലം നല്‍കിയത്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ അനുസരിച്ചും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായും കമ്പനിക്ക് 100 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യാം. കൂടാതെ ഈ വസ്‌തു മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടിട്ടുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണോ കമ്പനി ഭൂമി വിറ്റത് എന്ന് പരിശോധിക്കേണ്ടത് കേന്ദ്രാധികൃതരാണ്.
എച്ച്.എം.ടി.ക്ക് നല്‍കിയ ഭൂമിയില്‍ 500 ഏക്കര്‍ ഭൂമി ഉപയോഗിക്കാതെ കിടക്കുന്നതിനാല്‍ തിരിച്ചെടുക്കാനുള്ള നടപടി 1995ലാണ് തുടങ്ങിയത്. ഇതിനെതിരെ എച്ച്.എം.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതേതുടര്‍ന്ന് യു.ഡി.എഫ്. സര്‍ക്കാര്‍ എച്ച്.എം.ടി.യുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടാണ് 300 ഏക്കര്‍ ഭൂമി കിന്‍ഫ്രയ്‌ക്ക് കൈമാറാനും 100 ഏക്കര്‍ എച്ച്.എം.ടി.ക്ക് ഭൂപരിഷ്‌കരണ നിയമം ബാധകമാകാത്ത തരത്തില്‍ നല്‍കാനും തീരുമാനിച്ചത്. ഈ നടപടി പൂര്‍ത്തിയായി ഉത്തരവിറങ്ങിയത് 2000ല്‍ ആണെന്ന് മാത്രം-റവന്യൂ മന്ത്രിയുട കുറിപ്പില്‍ പറയുന്നു.
വിവാദ ഭൂമിയില്‍ എച്ച്.എം.ടി.ക്ക് പൂര്‍ണാധികാരമുണ്ടെന്ന് വ്യക്തമായതോടെ ഭൂമി വില്‌പന സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് വലിയ പ്രസക്തിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇവിടെ ഐ.ടി. വ്യവസായം തുടങ്ങാന്‍ വ്യവസായ വകുപ്പ് ഒത്താശ ചെയ്‌തപ്പോള്‍ ഐ.ടി. വകുപ്പിനെ അറിയിക്കുകയോ, ജോലി സൃഷ്ടിക്കലും മറ്റും സംബന്ധിച്ച് കരാറിലേര്‍പ്പെടുകയോ ചെയ്‌തില്ലെന്നത് മാത്രമാണ് അവശേഷിക്കുന്ന കുറ്റമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റും ഈ നിലപാട് വിശദമായി ചര്‍ച്ച ചെയ്‌തു. റവന്യൂ മന്ത്രി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടിക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ മന്ത്രിമാരടങ്ങുന്ന സമിതി ആദ്യം ചര്‍ച്ച ചെയ്യും. വിറ്റ സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നത് ആദ്യം തടഞ്ഞശേഷം പിന്നീട് അനുമതി നല്‍കിയ യോഗത്തില്‍ റവന്യൂ മന്ത്രി കുറച്ചുകൂടി സൂക്ഷ്‌മത പുലര്‍ത്തണമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി.
എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഉയര്‍ത്തിയ തര്‍ക്കത്തിന്റെ പേരിലാണ് റവന്യൂ വകുപ്പ് ആദ്യം പോക്കുവരവ് തടഞ്ഞത്. കമ്പനി യൂണിയനുകളുമായി ചര്‍ച്ച നടത്തി 30 ഏക്കര്‍ ഹൗസിങ് സൊസൈറ്റിക്ക് നല്‍കാന്‍ ധാരണയായതോടെ പോക്കുവരവ് തടയാനിടയായ സാഹചര്യമൊഴിവായിയെന്നും നിയമപരമായി പോക്കുവരവ് നടത്തുന്നത് നിരോധിക്കാന്‍ കഴിയില്ലെന്നും റവന്യൂ മന്ത്രി സെക്രട്ടേറിയറ്റിനെ ധരിപ്പിച്ചു.
No comments:
Post a Comment