03 Feb 2008
തിരുവനന്തപുരം: കളമശ്ശേരിയിലെ എച്ച്.എം.ടി. ഭൂമിയുടെ കൈമാറ്റം സംബന്ധിച്ച എറണാകുളം ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പ് അവഗണിച്ചെന്ന് വ്യക്തമായി. ഭൂമി കൈമാറ്റം അസാധുവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഭൂമി പോക്കുവരവ് ചെയ്‌തു നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം കോണ്‍ഗ്രസ് നേതാവ് ഡി. സതീശന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്തു വന്നത്.
സംസ്ഥാന സര്‍ക്കാര്‍ എച്ച്.എം.ടി.ക്ക് ഏറ്റെടുത്തു നല്‍കിയ ഭൂമി കൈമാറ്റം ചെയ്യാന്‍ കമ്പനിക്ക് അധികാരമില്ലെന്നും ഈ ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാന്‍ പാടില്ലെന്നും കാണിച്ച് എറണാകുളം കളക്ടര്‍ 2006 നവംബര്‍ 18നാണ് റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് 2007 ജൂണ്‍ ആറിന് വ്യവസായ മന്ത്രി എളമരം കരീമിന്റെ ഓഫീസില്‍ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ഭൂമി പോക്കുവരവു ചെയ്‌തുകൊടുക്കുന്നതിന് നിര്‍ദേശം നല്‍കിയത്. എച്ച്.എം.ടി. പ്രതിനിധികള്‍, വിവിധ തൊഴിലാളി യൂണിയനുകളുടെ നേതാക്കള്‍, ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം രണ്ടുഘട്ടമായാണ് ചേര്‍ന്നത്.
ആദ്യഘട്ടത്തില്‍ വ്യവസായ മന്ത്രി തൊഴിലാളി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എച്ച്.എം.ടി.യുടെ 70 ഏക്കര്‍ ഭൂമിയാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിന് വിറ്റതെന്നും ബാക്കി 30 ഏക്കര്‍ തൊഴിലാളികള്‍ക്ക് വീടുവെക്കാനായി നിലവിലുള്ള ഹൗസിങ് സൊസൈറ്റിക്കു നല്‍കണമെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ഈ ഭൂമിക്ക് ബ്ലൂസ്റ്റാര്‍ നല്‍കിയ വിലതന്നെ നല്‍കാമെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്ന് യോഗത്തിലെത്തിയ എച്ച്.എം.ടി. മാനേജ്‌മെന്റ് പ്രതിനിധികള്‍ തൊഴിലാളികളുടെ ആവശ്യം അടുത്ത കമ്പനി ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാമെന്ന് സമ്മതിച്ചു. അതിനുശേഷമാണ് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സിനു നല്‍കിയ ഭൂമിയുടെ പോക്കുവരവിന്മേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്യാവുന്നതാണെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടതെന്ന് ഈ യോഗത്തിന്റെ മിനുട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എച്ച്.എം.ടി. ഭൂമി കൈമാറ്റം സംബന്ധിച്ച് സി.പി.എമ്മിലും ഇടതുമുന്നണിയിലും മന്ത്രിസഭയിലും വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവെയാണ് ഭൂമി കൈമാറ്റത്തെ ശക്തമായി എതിര്‍ത്ത ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് നിലവിലിരിക്കെ ഭൂമി പോക്കുവരവു ചെയ്‌തു നല്‍കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രിമാരുടെ നടപടി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. കളക്ടര്‍ക്ക് പുറമെ സംസ്ഥാന നിയമവകുപ്പും ഭൂമി കൈമാറ്റത്തിന് എതിരെ നിയമോപദേശം നല്‍കിയിരുന്നു.
No comments:
Post a Comment