(Kerala Kaumudi Sept 6, 2010)
പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്,
നമ്മുടെ നാട്ടിലെ പാവപ്പെട്ടവരില്‍ നിന്ന് പ്രതിവര്‍ഷം 14,600 കോടി രൂപ അന്യസംസ്ഥാന ലോട്ടറി മാഫിയ തട്ടിക്കൊണ്ടുപോകുന്ന ഭീതിദമായ അവസ്ഥ ഉണ്ടായിട്ടും അതിനെതിരെ ചെറുവിരല്‍ പോലും അനക്കാത്ത സര്‍ക്കാരിന്റെ അതീവ ഗുരുതരമായ അനാസ്ഥയിലേക്കും ക്രിമിനല്‍ കൂട്ടുകെട്ടിലേക്കും അങ്ങയുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു.
അങ്ങ് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ 18 തവണ പത്രസമ്മേളനം നടത്തി ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കാര്യം ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍, ധനമന്ത്രി കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ പതിനൊന്നു തവണ പത്രസമ്മേളനം വിളിച്ച് ലോട്ടറി മാഫിയയെ ന്യായീകരിക്കാന്‍ വിയര്‍പ്പൊഴുക്കുകയായിരുന്നു.
ചെയ്യാനുള്ളതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകഴിഞ്ഞെന്ന് അവകാശപ്പെട്ട അദ്ദേഹം പിന്നീട് മുഖം രക്ഷിക്കാന്‍ ചില പരിശോധനാ നാടകങ്ങളൊക്കെ നടത്തി. നികുതി അടയ്ക്കാതെ കൊണ്ടുവന്ന 140 കോടി രൂപയുടെ ടിക്കറ്റുകള്‍ 'അഴിമതിരഹിത' വാളയാര്‍ ചെക്പോസ്റ്റിലൂടെ നിര്‍ബാധം കടന്നുപോയിട്ട് ഒടുവില്‍ അതില്‍ ആറു കോടിയുടെ ടിക്കറ്റുകള്‍ ചെക്പോസ്റ്റില്‍ പിടിയിലായി. കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള ചില കാര്യങ്ങളില്‍ ഹൈക്കോടതി അടുത്തദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടുകാണുമല്ലോ.
സംസ്ഥാനത്തിനുള്ള അധികാരങ്ങള്‍
1998ലാണ് കേന്ദ്ര സര്‍ക്കാര്‍ ലോട്ടറി നടത്തിപ്പിനെ നിയന്ത്രിക്കുന്ന 'ലോട്ടറീസ് റെഗുലേഷന്‍ ആക്ട് 1998'രാജ്യമൊട്ടാകെ നടപ്പാക്കിയത്. നിയമത്തിന്റെ 4-ാം വകുപ്പില്‍ നിയമാനുസൃത ലോട്ടറി നടത്തുന്നതിന് 11 വ്യക്തമായ നിബന്ധനകള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
1) നേരത്തെ പ്രഖ്യാപിച്ച നമ്പരിനോ ഒറ്റ നമ്പരിനോ സമ്മാനം പാടില്ല.
2) സര്‍ക്കാരിന്റെ ഇംപ്രിന്റും ലോഗോയോ ടുംകൂടി സംസ്ഥാന സര്‍ക്കാര്‍ തന്നെ ലോട്ടറി ടിക്കറ്റ് പ്രിന്റ് ചെയ്യണം
3) സംസ്ഥാന സര്‍ക്കാര്‍ നേരിട്ടോ വി തരണക്കാര്‍ വഴിയോ ടിക്കറ്റ് വി ല്ക്കണം
4) ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന പണം സര്‍ക്കാരിന്റെ അക്കൌണ്ടില്‍ ക്രെഡി റ്റ് ചെയ്യണം
5) എല്ലാ ലോട്ടറികളുടെയും നറുക്കെടു പ്പ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹി ക്കണം
6) സമ്മാനത്തുകയ്ക്ക് അവകാശി ഇല്ലെ ങ്കില്‍ അത് സര്‍ക്കാര്‍ ഫണ്ടിലേക്ക് പോകണം
7) ബന്ധപ്പെട്ട സംസ്ഥാനത്തുവച്ചു വേണം നറുക്കെടുപ്പ് നടത്താന്‍
8) ആഴ്ചയിലൊരു നറുക്കെടുപ്പില്‍ കൂ ടുതല്‍ പാടില്ല
9) ലോട്ടറി നറുക്കെടുപ്പിനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിക്കണം
10) വര്‍ഷത്തില്‍ ആറില്‍ കൂടുതല്‍ ബമ്പര്‍ ഡ്രോ പാടില്ല
11) കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മറ്റു വ്യവസ്ഥകളും ബാധകം.
ഇതില്‍ (11) ഒഴികെയുള്ള പത്തു കാര്യങ്ങളും അതത് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടവയും പാലിക്കേണ്ടതുമാണ്. ആക്ടില്‍ അനുശാസിച്ചിരിക്കുന്ന രീതിയില്‍ അല്ലാതെ ലോട്ടറി നടത്തിയാല്‍ അത് രണ്ടുവര്‍ഷം വരെ ഫൈനോടുകൂടി തടവ് കിട്ടാവുന്ന കുറ്റമാണ്. ജാമ്യം നിഷേധിക്കാവുന്നതും പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമാണ്.
ചട്ടങ്ങള്‍, വ്യവസ്ഥകള്‍
കേന്ദ്ര നിയമത്തിന് ഉപോദ്ബലകമായി കൊണ്ടുവന്ന 'ലോട്ടറീസ് റെഗുലേഷന്‍ ചട്ടങ്ങള്‍ 2010'ല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോട്ടറി നടത്തുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ റൂള്‍ 3ല്‍ പ്രതിപാദിച്ചിരിക്കുന്നു. 22 വ്യവസ്ഥകളാണ് ഇതിലുള്ളത്.
കേന്ദ്ര നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ കാറ്റില്‍പ്പറത്തി അന്യസംസ്ഥാന ലോട്ടറി ഇവിടെ അഴിഞ്ഞാടുകയാണെന്ന് ചൂണ്ടിക്കാട്ടട്ടെ. ഗുരുതരമായ ഏതാനും ക്രമക്കേടുകള്‍ ചുവടെ.
സംസ്ഥാനത്തെ ചവിട്ടിമെതിച്ചുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന ലോട്ടറികളുടെ നറുക്കെടുപ്പ് ലൈവായി സംപ്രേഷണം ചെയ്യുന്ന ഏക മലയാളം ചാനല്‍ കൈരളി ടിവിയാണ്. പകല്‍ വെളിച്ചത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ സുതാര്യമായി സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് എവിടെയാണ് നടക്കുന്നത് എന്നുപോലും അറിയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. മ്യൂസിക് ആണ് നറുക്കെടുപ്പ് സജീവ സംപ്രേഷണം ചെയ്യുന്ന മറ്റൊരു ചാനല്‍.
ആഴ്ചയിലൊരു നറുക്കെടുപ്പേ പാടുള്ളൂവെന്ന നിയമത്തിന് വിരുദ്ധമായി അന്യസംസ്ഥാന ലോട്ടറികളുടെ 28 നറുക്കെടുപ്പുകള്‍ വരെ ആഴ്ചയില്‍ നടന്നുകൊണ്ടിരുന്നു. ഹൈക്കോടതി സ്വമേധയാ ഇടപെടുന്നതുവരെ നിയമലംഘനം തുടര്‍ന്നു.
ഹൈ സെക്യൂരിറ്റി പ്രസില്‍ അച്ചടിക്കണമെന്ന വ്യവസ്ഥ നിലനില്ക്കെ അന്യസംസ്ഥാന ലോട്ടറികള്‍ ഇപ്പോള്‍ അച്ചടിക്കുന്നത് ശിവകാശിയിലെ ഒട്ടും സുരക്ഷിതമല്ലാത്ത പ്രസുകളിലാണ്.
സര്‍ക്കാരിന്റെ ഇംപ്രിന്റും ലോഗോയും സഹിതം സംസ്ഥാന സര്‍ക്കാര്‍ തന്നെ ടിക്കറ്റ് പ്രിന്റ് ചെയ്യണം എന്ന നിയമം നിലനില്ക്കെ ശിവകാശിയില്‍ ടിക്കറ്റ് അടിച്ച് കേരളത്തിലേക്ക് കൊണ്ടുവരികയാണ്. ഇതില്‍ സിക്കിം/ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ഇംപ്രിന്റും ലോഗോയും എങ്ങനെ പതിക്കും?
ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ അവരുടെ ഗസറ്റില്‍ ലോട്ടറി സ്കീമിനെക്കുറിച്ചും നറുക്കെടുപ്പിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും അവ പരിശോധിക്കാതെയാണ് വില്പന നികുതി വകുപ്പ് നികുതി മുന്‍കൂര്‍ വാങ്ങുന്നതെന്ന് വ്യക്തം.
നാലക്കത്തില്‍ താഴെ നറുക്കെടുപ്പ് പാടില്ലെന്ന നിയമം നിലനില്ക്കെ ചട്ടം 3 (14) മൂന്നക്കത്തിന് വ്യാജരേഖകള്‍ ചമച്ച് സമ്മാനം നല്‍കുന്നു.
ലോട്ടറി വില്പനയില്‍ നിന്നുള്ള വരുമാനം അതത് സര്‍ക്കാര്‍ ഖജനാവിലേക്ക് പോകണമെന്ന നിയമം ഉണ്ടെങ്കിലും അത് സംഭവിക്കുന്നില്ല. കണക്കുകള്‍ പ്രകാരം സിക്കിം സര്‍ക്കാരിന് കഴിഞ്ഞവര്‍ഷം ലഭിച്ചത് 40 കോടി രൂപ. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് വെറും 11 കോടി. അന്യസംസ്ഥാന ലോട്ടറി കുറഞ്ഞത് 14,600 കോടിയെങ്കിലും കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം കൊണ്ടുപോകുന്നു എന്നാണ് കണക്ക്. ഇത് എങ്ങോട്ടുപോകുന്നു എന്ന് സര്‍ക്കാരിനറിയില്ല.
വില്ക്കാത്ത ടിക്കറ്റുകള്‍ സര്‍ക്കാരിനെ തിരിച്ചേല്പിക്കുന്നതിനുപകരം അതില്‍ നിന്നുള്ള സമ്മാനം വരെ വിതരണക്കാര്‍ സ്വന്തമാക്കുന്നതും നിയമവിരുദ്ധമാണ്. ഈ വരുമാനവും കൂട്ടിയാണ് താന്‍ 17.42 കോടി രൂപ ആദായനികുതി അടച്ചതെന്ന് സാന്റിയാഗോ മാര്‍ട്ടിന്‍ പറയുന്നു.
25.06.2010ല്‍ സിക്കിം ലോട്ടറി ഡയറക്ടര്‍ ഫ്യൂചര്‍ ഗെയിമിംഗ് സൊലൂഷന്‍സിന് അയച്ച കത്തില്‍ അവരുടെ ലോട്ടറി സ്കീമില്‍ തട്ടിപ്പുണ്ടെന്നും അതുകൊണ്ട് എട്ട് സ്കീമുകള്‍ 04.07.10ല്‍ നിറുത്തണമെന്നും നറുക്കെടുപ്പ് അന്ന് അവസാനിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം 50 അനധികൃത നറുക്കെടുപ്പുകള്‍ നടത്തി സംസ്ഥാനത്തുനിന്ന് 1300 കോടിയോളം രൂപ തട്ടിക്കൊണ്ടുപോയിട്ട് ഈ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല.
മുന്‍കൂര്‍ നികുതിപോലും അടയ്ക്കാതെ 140 കോടി രൂപയുടെ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ 'അഴിമതിരഹിത' വാളയാര്‍ ചെക്പോസ്റ്റിലൂടെ ഓണനാളുകളില്‍ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ നടപടികളെടുത്തില്ല.
വിജിലന്‍സ് റിപ്പോര്‍ട്ട്
ഐജി സിബി മാത്യൂസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനങ്ങളും വഞ്ചനാക്കുറ്റങ്ങളും അക്കമിട്ട് നിരത്തിയിരിക്കുന്നു. പ്രതിദിനം 22.6 കോടി രൂപ അന്യസംസ്ഥാന ലോട്ടറി ഇവിടെനിന്ന് കവര്‍ന്നെടുക്കുകയാണെന്നാണ് 2006ലെ റിപ്പോര്‍ട്ട്. ഇപ്പോള്‍ അത് 40 കോടി ആയതായി കരുതപ്പെടുന്നു. ഇതനുസരിച്ച് പ്രതിവര്‍ഷം 44,600 കോടി രൂപയാണ് കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്നത്.
കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് അരങ്ങു തകര്‍ക്കുന്നതെന്ന് വ്യക്തം. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യത്തിലധികം നിയമവ്യവസ്ഥകളുണ്ടെന്നും വ്യക്തം. എന്നിട്ടുമെന്തേ ഈ സര്‍ക്കാര്‍ അനങ്ങാത്തത്?
യു.ഡി.എഫ് ചെയ്തത്
അന്യസംസ്ഥാന ലോട്ടറിക്കെതിരെ ഒരു കേസുമെടുക്കില്ലെന്ന് യു.ഡി.എഫ് സത്യവാങ്മൂലം നല്‍കിയെന്നാണല്ലോ ഇപ്പോള്‍ ധനമന്ത്രി പ്രചരിപ്പിക്കുന്നത്. അന്ന് പനപോലെ വളര്‍ന്നു കഴിഞ്ഞിരുന്ന ഓണ്‍ലൈന്‍ ലോട്ടറി യു.ഡി.എഫ് നിരോധിച്ചു. പേപ്പര്‍ ലോട്ടറി നിരോധിച്ചെങ്കിലും അത് ലക്ഷക്കണക്കിന് പാവപ്പെട്ട ലോട്ടറി ഏജന്റുമാരെ ബാധിക്കുമെന്ന് കണ്ടതിനാല്‍ പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, നികുതി കുത്തനെ കൂട്ടി യു.ഡി.എഫ് അന്യസംസ്ഥാന ലോട്ടറികളെ വരിഞ്ഞുമറുക്കി. മുന്നൂറിലധികം പൊലീസ് റെയ്ഡുകളും 544 കേസുകളും രജിസ്റ്റര്‍ചെയ്തു. അങ്ങനെ തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അവയില്‍ ചിലത് കോടതിയലക്ഷ്യമാവുകയും ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി പ്രതിക്കൂട്ടില്‍ നിറുത്തുകയും ചെയ്തു. ഒന്നുകില്‍ നടപടികള്‍ നിറുത്തിവയ്ക്കുക അല്ലെങ്കില്‍ ജയിലില്‍ പോകുക എന്നതായിരുന്നു അന്ന് കോടതിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ അന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ നിറുത്തിവയ്ക്കുകയാണെന്ന് സത്യവാങ്മൂലം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. ഈ സത്യവാങ്മൂലം തിരുത്തുമെന്ന് ധനമന്ത്രി പലതവണ നിയമസഭയില്‍ പറഞ്ഞിട്ട് ഇതുവരെ ഒന്നും സംഭവിച്ചില്ല.
സര്‍ക്കാരിന്റെ വീഴ്ചകള്‍
അതേസമയം, ഇടതുസര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കിക്കൊടുക്കുകയും 32 ലോട്ടറി കേസുകളില്‍ മനഃപൂര്‍വം തോറ്റുകൊടുക്കുകയും ചെയ്തു. ലോട്ടറിക്കാര്‍ക്കുവേണ്ടി പ്രഗല്ഭരായ അഭിഭാഷകര്‍ അണിനിരന്നപ്പോള്‍ കേരളത്തിന് ഹാജരായത് ഗവ. പ്ളീഡര്‍ മാത്രം. യു.ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി നടത്തിപ്പുകാര്‍ക്കുവേണ്ടി ഹാജരായിരുന്നത് ഇതേ പ്ളീഡറായിരുന്നു.
ഏറ്റവുമൊടുവിലത്തെ ഹൈക്കോടതി വിധിയിലും സര്‍ക്കാര്‍ ഒത്തുകളിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ നിയമവിരുദ്ധമായും നിബന്ധനകള്‍ ലംഘിച്ചും നടത്തുന്നതിന്റെ രേഖകള്‍ ഹാജരാക്കിയിരുന്നെങ്കില്‍ ഇവരില്‍ നിന്ന് നികുതി വാങ്ങണമെന്ന് ഹൈക്കോടതി വിധിക്കില്ലായിരുന്നു.
ലോട്ടറി ക്രമക്കേടുകളുടെ 41 എഫ്. ഐ. ആറുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും അവ ഹാജരാക്കിയില്ല. ഒരു സിറ്റിംഗിന് പത്തുലക്ഷം ഈടാക്കുന്ന പ്രഗല്ഭനായ നാഗേശ്വര റാവുവിനെപ്പോലുള്ള സീനിയര്‍ വക്കീലിനെ സര്‍ക്കാര്‍ ചെലവില്‍ കൊണ്ടുവന്നിട്ട് അദ്ദേഹത്തിന് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ പ്രധാനപ്പെട്ട തെളിവുകള്‍ ഹാജരാക്കാനോ വാദിക്കാനോ സാധിച്ചില്ല.
ധനമന്ത്രിയും ലോട്ടറി മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ അവസ്ഥ ഉണ്ടാക്കിയതെന്ന് ജനങ്ങള്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ദേശാഭിമാനിക്ക് ലഭിച്ച രണ്ടു കോടി രൂപയും കൈരളിയില്‍ നടക്കുന്ന സജീവ സംപ്രേഷണവും അതിലൂടെ ലഭിക്കുന്ന കോടികളും മറ്റിടപാടുകളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ ചിത്രം പൂര്‍ണമാവുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് നൂറുവട്ടം ധനമന്ത്രി ആണയിടുന്നത് ശരിയാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത്? അദ്ദേഹം പരസ്യസംവാദത്തിന് ദിവസവും വെല്ലുവിളി മുഴക്കുന്നു. ക്രമക്കേടുകളുടെ ഘോഷയാത്ര മുന്നിലുള്ളപ്പോള്‍ സംവാദിച്ചുകൊണ്ടിരുന്നാല്‍ മതിയോ?
No comments:
Post a Comment