സംസ്ഥാന ഭാഗ്യക്കുറിയടക്കം എല്ലാ ഭാഗ്യക്കുറിയും നിരോധിച്ചേക്കാമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന സാന്റിയാഗോ മാര്‍ട്ടിനെ തൊട്ടാല്‍ സംസ്ഥാന ഭാഗ്യക്കുറിതന്നെ ഇല്ലാതാകും എന്ന വെറും ഭീഷണിയാണ്. കേന്ദ്രസര്‍ക്കാരിനെയും യുഡിഎഫിനെയും സമ്മര്‍ദത്തിലാഴ്ത്തി ലോട്ടറി വിവാദത്തില്‍നിന്നു പിന്‍വലിപ്പിക്കാനുള്ള ഗൂഢതന്ത്രം കേരളത്തില്‍ വിലപ്പോകില്ല. ഒരുലക്ഷത്തിലധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന സംസ്ഥാന ഭാഗ്യക്കുറി നിരോധിക്കേണ്ട സാഹചര്യം സംസ്ഥാനത്തു നിലവിലില്ല.
അന്യസംസ്ഥാന ലോട്ടറികളെ നിലയ്ക്കുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന അവകാശവാദം വസ്തുതകള്‍ക്കു നിരക്കാത്തതാണ്. നിയമപരമായി ചെയ്യാന്‍ അവകാശമുള്ള ഒരു കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. 1998ലെ ലോട്ടറി നിയമവും 2010ലെ ലോട്ടറി ചട്ടങ്ങളും പരസ്യമായാണു ലംഘിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് യഥാര്‍ഥത്തില്‍ നിയമലംഘനം നടക്കുന്നത്.
ഒന്ന്: സംസ്ഥാനത്തെ വില്‍പ്പനനികുതി വകുപ്പ് ലോട്ടറിക്കാരില്‍നിന്നു മുന്‍കൂര്‍ നികുതി വാങ്ങുന്നതോടെ ഇവിടെ ലോട്ടറി വില്‍ക്കാനുള്ള അനുവാദം നല്‍കുകയാണ്. നിയമം ലംഘിച്ചാണോ ലോട്ടറി നടത്തുന്നത് എന്നു നികുതി മുന്‍കൂറായി സ്വീകരിക്കുന്ന സമയത്തു പരിശോധിക്കണം. രണ്ട്: ലോട്ടറി വില്‍പ്പനയുടെയും നറുക്കെടുപ്പിന്റെയും ഘട്ടത്തില്‍ വ്യാപകമായി നിയമവും ചട്ടവും ലംഘിക്കപ്പെടുന്നു.
ലോട്ടറി നിരോധിക്കാനുള്ള പൂര്‍ണമായ അധികാരം കേന്ദ്രസര്‍ക്കാരിനാണ്.
1. വില്‍പ്പനനികുതി വകുപ്പ് മുന്‍കൂര്‍ നികുതി സ്വീകരിക്കുന്ന അവസരത്തില്‍ ലോട്ടറി ചട്ടം അനുസരിച്ചു ലോട്ടറി നടത്തുന്ന സംസ്ഥാനങ്ങള്‍ അവരുടെ ഗസറ്റില്‍ ലോട്ടറി സ്കീമിനെക്കുറിച്ചും നറുക്കെടുപ്പിനെ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്തതാണോ എന്നു പരിശോധിക്കാറുണ്ടോ?
2. മൊത്തത്തിലുള്ള സമ്മാനത്തുകയെക്കുറിച്ചും ആകെ അച്ചടിക്കുന്ന ടിക്കറ്റുകളെക്കുറിച്ചും വകുപ്പിനറിയാമോ?
3. പ്രമോട്ടര്‍, വിതരണക്കാര്‍, വില്‍പ്പനയ്ക്കുള്ള ഏജന്റുമാര്‍ എന്നിവരുടെ മേല്‍വിലാസവും അവരെ ഇക്കാര്യത്തില്‍ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാരുകളുടെ സാക്ഷ്യപത്രവും പരിശോധിക്കാറുണ്ടോ?
4. സമ്മാന ഘടനയെക്കുറിച്ചും ആകെ വാഗ്ദാനം ചെയ്യുന്ന സമ്മാനത്തുകയെക്കുറിച്ചും വിശദാംശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ?
5. എവിടെവച്ചാണു നറുക്കെടുപ്പ് എന്നു സര്‍ക്കാരിനറിയാമോ?
6. പകല്‍വെളിച്ചത്തില്‍ ജഡ്ജിങ് കമ്മിറ്റിയുടെ മുന്‍പാകെ സുതാര്യമായി നറുക്കെടുപ്പു നടത്തണം എന്ന നിബന്ധന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
7. ലോട്ടറി സംഘടിപ്പിക്കുന്ന സംസ്ഥാനംതന്നെ നേരിട്ടു സര്‍ക്കാര്‍ സെക്യൂരിറ്റി പ്രസില്‍ ടിക്കറ്റുകള്‍ അച്ചടിക്കണമെന്ന് അറിയാമോ?
8. ഒറ്റ അക്ക നമ്പറിലോ ഇരട്ട അക്ക നമ്പറിലോ മൂന്നക്ക നമ്പറിലോ നറുക്കെടുപ്പു നടത്തരുതെന്ന നിബന്ധന ലംഘിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?
9. ലോട്ടറി വില്‍പ്പന നടത്തി ലഭിക്കുന്ന പണം അതതു സര്‍ക്കാരിന്റെ പബ്ലിക് ലെഡ്ജര്‍ ഫണ്ടിലോ കണ്‍സോളിഡേറ്റഡ് ഫണ്ടിലോ അടയ്ക്കുന്നുണ്ടോ എന്നു പരിശോധിക്കാറുണ്ടോ?
10. മേല്‍വിവരിച്ച നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കാന്‍ ലോട്ടറി നിയമത്തിലെ 8-ാം വകുപ്പ് സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന അധികാരം ഉപയോഗിച്ചിട്ടുണ്ടോ?
11. ലോട്ടറി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ സര്‍ച്ച് വാറന്റോടെ അവരുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ടു സുപ്രീം കോടതി 2009 നവംബര്‍ നാലിനു നല്‍കിയ ഇടക്കാല ഉത്തരവു നടപ്പിലാക്കിയിട്ടുണ്ടോ?
12. ലോട്ടറി വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനാനാടകമല്ലാതെ സാന്റിയാഗോ മാര്‍ട്ടിന്റെ പാലക്കാട്ടെ ആസ്ഥാനത്തു റെയ്ഡ് നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടോ?
13. വില്‍പ്പന നികുതി ചെക്ക് പോസ്റ്റില്‍ ടിക്കറ്റുകള്‍ പിടിച്ചപ്പോള്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നാണു ഡിജിപി പറഞ്ഞത്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന പൊലീസിനെ അറിയിച്ചിട്ടുണ്ടോ?
14. കേന്ദ്ര ലോട്ടറി ചട്ടത്തിലെ 3 (22) അനുസരിച്ച്, വ്യാജ ലോട്ടറികള്‍ സംസ്ഥാനത്തു നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സര്‍ക്കാരല്ലേ?
15. കോടതിയലക്ഷ്യ കേസ് വന്നപ്പോള്‍ ലോട്ടറിക്കാര്‍ക്കെതിരെ ഇനി കേസെടുക്കില്ലെന്നു യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതു പിന്‍വലിച്ചു പുതിയതു സമര്‍പ്പിക്കുമെന്നു പലപ്രാവശ്യം നിയമസഭയില്‍ പറഞ്ഞിട്ടും എന്തുകൊണ്ടു ചെയ്തില്ല?
16. ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് അതു റദ്ദാക്കിക്കാന്‍ കാണിച്ച താല്‍പര്യത്തിനു പിന്നില്‍ എന്താണുള്ളത്?
17. സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ നേരത്തേ വാദം കേള്‍ക്കാനുള്ള ഹര്‍ജി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഡല്‍ഹിക്കു പോയ ഗവണ്‍മെന്റ് പ്ലീഡര്‍ ആ സ്ഥാനത്തുനിന്ന് എങ്ങനെ പുറത്തായി? യുഡിഎഫ് സര്‍ക്കാര്‍ ലോട്ടറി മാഫിയയുമായി കേസ് നടത്തുമ്പോള്‍ അവര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ എങ്ങനെയാണ് ലോട്ടറി കേസില്‍ സര്‍ക്കാരിന്റെ അഭിഭാഷകനായി മാറിയത്?
18. സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ നേരിട്ടല്ലാതെ സ്വകാര്യ പ്രസില്‍ അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ യഥാര്‍ഥ ടിക്കറ്റുകളായി പരിഗണിക്കാന്‍ കഴിയുമോ? ഇത്തരം വ്യാജ ടിക്കറ്റുകള്‍ എങ്ങനെയാണ് വില്‍പ്പന നികുതി ചെക്ക് പോസ്റ്റുകള്‍ കടന്നു വരുന്നത്?
19. ചട്ടം അഞ്ച് അനുസരിച്ചു നിയമലംഘനം നടത്തുന്നതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം കേന്ദ്രസര്‍ക്കാരിനെയും സിക്കിം - ഭൂട്ടാന്‍ സര്‍ക്കാരുകളെയും അറിയിക്കാതെ, അവ്യക്തമായ കത്തുകള്‍ അങ്ങയുടെ വകുപ്പില്‍നിന്ന് അയച്ചതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
20. സംസ്ഥാന ഖജനാവിനു പ്രതിവര്‍ഷം നികുതിയിനത്തില്‍ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ തുക - ഏകദേശം 15,000 കോടിയിലധികം രൂപ - സംസ്ഥാനത്തുനിന്നു പുറത്തേക്കു പോകുന്നത് ലോട്ടറി വിവാദം ഉണ്ടാകുന്നതിനു മുന്‍പു ധനകാര്യമന്ത്രി എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇതു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ എങ്ങനെ ബാധിക്കുമെന്നു വിലയിരുത്തിയിട്ടുണ്ടോ?
No comments:
Post a Comment