അഡ്വ. കെ. രാംകുമാര്‍ (18 സെപ്തംബര്‍ 2009)
മാധ്യമങ്ങള്‍ അന്വേഷണത്തിലിരിക്കുന്ന കേസിനെപ്പറ്റി വിചാരണ നടത്തുന്നത് ശരിയല്ലെന്ന രീതിയില്‍ കേരള ഹൈക്കോടതി പരാമര്‍ശിച്ചിരിക്കുന്നു; വിമര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞാലാവും കൂടുതല്‍ ശരി.
ഈ അഭിപ്രായപ്രകടനം നടത്തിയ ജഡ്‌ജ ി തീര്‍ച്ചയായും ആദരണീയനാണ്. പരിചയസമ്പന്നനാണ്. ഭരണരംഗത്തടക്കം അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയും നിഷ്‌പക്ഷ അഭിപ്രായങ്ങളും ആരും ചോദ്യം ചെയ്യുകയുമില്ല. മുതിര്‍ന്ന അഭിഭാഷകര്‍ അന്വേഷണവിധേയമായിരിക്കുന്ന കേസുകളില്‍ മാധ്യമചര്‍ച്ചയിലേര്‍പ്പെടുന്നത് അനുവദനീയമല്ലെന്ന മട്ടില്‍ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നു. ജനശ്രദ്ധയാകര്‍ഷിച്ച ലാവലിന്‍ കേസില്‍ ഒരു പ്രതിയായ രാഷ്ട്രീയ നേതാവടക്കമുള്ളവര്‍ അദ്ദേഹം നിരപരാധിയാണെന്ന് പ്രമേയം പാസ്സാക്കി പത്രങ്ങള്‍ വഴി പ്രസിദ്ധീകരിച്ചത് തെറ്റായ നടപടിയല്ലെന്ന് ഹൈക്കോടതി തന്നെ വിധി പ്രസ്‌താവിച്ചിട്ടുണ്ട്. ഒരു പ്രതിതന്നെ പത്രമാധ്യമങ്ങളെ തന്റെ നിരപരാധിത്വം വിളിച്ചറിയിക്കാന്‍ ഉപയോഗിക്കാമെങ്കില്‍ പ്രമാദമായ കേസുകളിലുള്‍ക്കൊള്ളുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതില്‍ പങ്കാളികളാവാന്‍ അഭിഭാഷകര്‍ക്ക് സ്വാതന്ത്ര്യമില്ലേ?
ഹൈക്കോടതി ഈ വിഷയത്തില്‍ കാഴ്‌ചപ്പാടെടുക്കുന്നത് വിഭിന്നരീതിയിലാണ്. പ്രത്യേകിച്ചും പണ്ട് മുഖ്യമന്ത്രിയായിരുന്ന നായനാരുടെ മാതൃകയില്‍. ഹൈക്കോടതി ജഡ്‌ജ ിമാര്‍തന്നെ ജനസമ്പര്‍ക്ക പരിപാടി ഒരു ചാനലിലൂടെ ആവിഷ്‌കരിച്ച് നടപ്പാക്കിയപ്പോള്‍, ജനങ്ങളുടെ ചോദ്യങ്ങള്‍ പലപ്പോഴും നിലവിലുള്ള തങ്ങളുടെ കേസുകളെപ്പറ്റിയായിരുന്നു. മറുപടി നല്‍കിയിരുന്നത് ഏറ്റവും മുതിര്‍ന്ന ജഡ്‌ജ ിയും.
'മെഴുകുതിരിയല്ല ജഡ്‌ജിമാര്‍'
ഈ നടപടി ശരിയാണെങ്കില്‍ അഭിഭാഷകര്‍ക്ക് മാത്രം ആ അവകാശം നിഷേധിക്കുന്നത് ശരിയാണോ? അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കേസുകളെപ്പറ്റി അവര്‍തന്നെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്ന കാര്യത്തില്‍ സംശയങ്ങളേയില്ല; പ്രത്യേകിച്ചും കേസിന്റെ ഗതിവിഗതികളെ ബാധിക്കുന്ന രീതിയില്‍. പക്ഷേ, നമ്മുടെ ജഡ്‌ജ ിമാര്‍ ഇത്തരം ചര്‍ച്ചകള്‍ കൊണ്ടൊരിക്കലും സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന് ജസ്റ്റിസ് ഹേമ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ''ജഡ്‌ജ ിമാര്‍ മെഴുകുതിരിപോലെ ഉരുകുകയോ പിറ്റേ ദിവസം മാധ്യമങ്ങളില്‍ കാണാവുന്ന തലക്കെട്ടുകളുടെ ഭീഷണികളുടെ ചൂടില്‍ എരിഞ്ഞുപോകുകയോ ചെയ്യില്ല.''' ' (2009 (1) KLT 126)
വളരെ വിവാദവിഷയമായിരുന്നതും ചര്‍ച്ചയിലിരിക്കുന്നതും വൈകാരിക തീവ്രമായിരുന്നതുമായ ഒരു സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തെ സ്‌പര്‍ശിക്കുന്നതു കൂടിയായിരുന്നു. പത്ര-ദൃശ്യമാധ്യമങ്ങള്‍ വളരെ സജീവമായിട്ടായിരുന്നു ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നത്. കേസിലുള്‍പ്പെട്ട ഇരുവിഭാഗത്തെയും അഭിഭാഷകര്‍ തന്നെയാണ് അവരുടെ വ്യത്യസ്‌ത കാഴ്‌ചപ്പാടുകള്‍ ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നത്. ഇതൊന്നും തങ്ങളെ സ്വാധീനിക്കുകയില്ലെന്നാണ് എന്നിട്ടും ജസ്റ്റിസ് ഹേമ പറഞ്ഞത്. മുന്‍പ് ജസ്റ്റിസ് വര്‍ഗീസ് കള്ളിയത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രതിമ കേസില്‍ പത്രങ്ങളില്‍ വരുന്നതൊന്നും തങ്ങള്‍ കാര്യമാക്കാറില്ലെന്ന് സുപ്രീം കോടതിയും ഈയിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരവധി അഴിമതിക്കേസുകള്‍ നിലവിലുള്ളപ്പോഴും ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് തന്നെ ആ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. വിവര സാങ്കേതിക രംഗത്തെ വമ്പിച്ച മുന്നേറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ കാര്യങ്ങളില്‍ പഴയ യാഥാസ്ഥിതിക സമീപനം തുടരണമോ എന്നതും പരിശോധനാര്‍ഹമാണ്.
അഭിപ്രായം മാറിയോ?
പോള്‍വധക്കേസായപ്പോഴേക്കും ഹൈക്കോടതിയുടെ അഭിപ്രായം മാറിയോ? നിയമപ്രശ്‌നങ്ങളിന്‍മേല്‍ അഭിപ്രായഭിന്നത വരുമ്പോഴാണ് ഫുള്‍ബെഞ്ചിന്റെ അഭിപ്രായത്തിന് വിടുന്നത്. ഇവിടെ അതും സാധ്യമല്ല. അപ്പോള്‍ അഭിഭാഷകര്‍ ഏതു ജഡ്‌ജ ിയുടെ അഭിപ്രായം അംഗീകരിക്കണം? സാധാരണരീതിയില്‍ മാധ്യമചാനലുകള്‍ക്ക് ഹൈക്കോടതി അങ്കണത്തില്‍പ്പോലും പ്രവേശനാനുമതി ഇല്ല. ഹൈക്കോടതി നിര്‍ദേശിക്കുന്ന ചില ചടങ്ങുകള്‍ക്ക് മാത്രമേ ദൃശ്യമാധ്യമക്കാര്‍ക്ക് ഹൈക്കോടതി മുറികളില്‍ പ്രവേശനാനുമതിയും പ്രദര്‍ശനാനുമതിയും നല്‍കാറുള്ളൂ. ഈ നിലപാട് മാറ്റിക്കൊണ്ടാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ നേരിട്ടറിയിക്കാന്‍ ഏറ്റവും മുതിര്‍ന്ന ഹൈക്കോടതി ജഡ്‌ജ ിതന്നെ ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. അഭിഭാഷകരും ഈ കര്‍ത്തവ്യം തന്നെയല്ലേ നിര്‍വഹിക്കുന്നത്. സാധാരണജനങ്ങള്‍ക്ക് പ്രത്യേകിച്ചും കേരളത്തിലെപ്പോലെ പ്രബുദ്ധരായവര്‍ക്ക് നിയമരംഗത്തെ ചലനങ്ങളും പ്രധാന പ്രശ്‌നങ്ങളും എത്തിച്ചുകൊടുക്കുക എന്ന സാമൂഹിക ബാധ്യത നിര്‍വഹിക്കാന്‍ അഭിഭാഷകര്‍ക്ക് ചുമതലയുണ്ട്. സുപ്രധാനകേസുകളിലെ സംഭവവികാസങ്ങളെപ്പറ്റി ജനങ്ങളുടെ ഔത്സുക്യം തീര്‍ക്കാനുള്ള കടപ്പാടും അഭിഭാഷകര്‍ക്കാണ്. ഈ കടമ നിര്‍വഹിക്കുമ്പോള്‍ ഭരണാധികാരികളുടെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിക്കേണ്ടി വരും. പോലീസ് അന്വേഷണങ്ങളുടെ പാളിച്ചകള്‍ ആ രംഗത്ത് പരിചയമുള്ളവര്‍ ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത് തികച്ചും ആരോഗ്യകരമായ ആവശ്യമാണ്. അറിയാനും അറിയിക്കപ്പെടാനും ഒരു പൗരനുള്ള അവകാശം പരിപൂര്‍ണമാകുന്നത് ജനമനസ്സിലുള്ള സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമ്പോഴാണ്. ഈ പവിത്രമായ കര്‍ത്തവ്യമാണ് പലപ്പോഴും അഭിഭാഷകര്‍ ദ്യശ്യമാധ്യമങ്ങള്‍ വഴി ചെയ്യുന്നത്. നിയമ പരിജ്ഞാനം സിദ്ധിക്കാന്‍ ഭാഗ്യം ചെയ്‌തവര്‍, നിര്‍ഭാഗ്യവാന്മാരും നിസ്സഹായരുമായി കഴിയുന്ന ഒരു വലിയ വിഭാഗത്തെ അഭിജ്ഞരാക്കുവാന്‍ ചുമതലയുള്ളവരല്ലേ?
ചര്‍ച്ച അര്‍ഥപൂര്‍ണമാകണം
ഒരു കാര്യം മാത്രം. ദൃശ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ചര്‍ച്ചകള്‍ അര്‍ഥപൂര്‍ണമാവുന്ന രീതിയിലായിരിക്കണം അതിന് ക്ഷണിക്കപ്പെടുന്ന അഭിഭാഷകരുടെ പ്രകടനം. ആശയവിനിമയത്തിന് കഴിവുള്ളവര്‍ക്കേ ഇത് സാധിക്കൂ. ദൃശ്യമാധ്യമങ്ങള്‍ ഇന്ന് കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തുന്നുണ്ട്. മലയാളിയുള്ളിടത്തെല്ലാമുണ്ട്.ആ നിലയ്‌ക്ക് പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രകടനം കാഴ്‌ചവെക്കാന്‍ കഴിയാത്തവരെ അവര്‍ പെട്ടെന്ന് തിരിച്ചറിയും.
മാധ്യമങ്ങളോട് ഉയര്‍ന്ന കോടതിയിലെ ജഡ്‌ജ ിമാര്‍ക്ക് പ്രത്യേകിച്ചു സംവേദനമൊന്നുമില്ലെന്ന് മാത്രമല്ല, പല സുപ്രീംകോടതി ജഡ്‌ജ ിമാരും നിയമകാര്യ ലേഖകന്‍മാരുടെയും ലേഖികമാരുടെയും പേരെടുത്ത് പറഞ്ഞ് പോലും പ്രസംഗിക്കാറുണ്ട്. പല വിധിന്യായങ്ങളും ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ലഭിക്കുന്നതിനു മുമ്പ് തന്നെ നിയമകാര്യലേഖകര്‍ക്കാണ് കിട്ടാറുള്ളത്. അപ്പോള്‍ മാധ്യമ പരിപാടികള്‍ മുഴുവന്‍ തെറ്റാണെന്നോ അനുചിതമാണെന്നോ പറയാനാകുമോ?. ഈ രാജ്യത്ത് നടക്കുന്ന ഒരു പാട് അവിഹിത പ്രവര്‍ത്തനങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത് സജീവ മാധ്യമങ്ങളാണ്. പ്രൊവിഡന്റ് ഫണ്ട് കുംഭകോണവും ഹരിയാണ ഹൈക്കോടതിയില്‍ ഒരു ജഡ്‌ജ ിയുടെ വീട്ടില്‍ ലക്ഷങ്ങള്‍ എത്തിച്ച സംഭവവുമൊക്കെ ജനങ്ങളറിയുന്നത് മാധ്യമ പ്രവര്‍ത്തകരുണ്ടായതുകൊണ്ടാണ്. ജഡ്‌ജ ിമാര്‍ സ്വത്ത് വിവരം പ്രഖ്യാപിക്കുവാന്‍ തീരുമാനമെടുത്തത് കടുത്ത മാധ്യമ പ്രവര്‍ത്തന സമ്മര്‍ദം കൊണ്ട് മാത്രമാണ്. മാധ്യമ സ്വാതന്ത്ര്യം വിലപ്പെട്ടതാണെന്നും അതിന് തടയിടാന്‍ പാടില്ലെന്നുമാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കോടതി പ്രഖ്യാപിച്ചിട്ടുള്ളത്. ആ നിലയ്‌ക്ക് അഭിഭാഷകര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് മാത്രമല്ല കേരളഹൈക്കോടതി ചെയ്യുന്നതുപോലെത്തന്നെ ജനങ്ങളെ ബോധവാന്മാരാക്കുന്ന ചുമതലയില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറുന്നതും ശരിയല്ല.
മുതിര്‍ന്ന അഭിഭാഷകരാണ് ഈ കാര്യത്തില്‍ ശക്തവും വ്യക്തവുമായ നിലപാടുകളെടുക്കേണ്ടത്. അഭിഭാഷക സമൂഹം സംവത്സരങ്ങളായി അനുചരിച്ചുപോരുന്ന പെരുമാറ്റച്ചട്ടം അവര്‍ പാലിച്ചേ മതിയാകൂ.
അഭിഭാഷക നിലപാട്
സമീപകാലത്ത് കേരളഹൈക്കോടതിഅഭിഭാഷക യോഗത്തില്‍ ഒരു സുപ്രീംകോടതി ജഡ്‌ജ ിയെക്കുറിച്ചുവന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത് ഹൈക്കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരുടെ അശ്രാന്തപരിശ്രമം മൂലമാണെന്നുള്ളത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതാണ്. അത് ശ്ലാഘനീയമാണെങ്കില്‍ കേസന്വേഷണങ്ങള്‍ സിനിമാ സ്റ്റൈലിലാവുമ്പോള്‍ അത് നിയമവാഴ്‌ചയ്‌ക്ക് തന്നെ ഭീഷണിയാകുമ്പോള്‍ ആ പാളിച്ചകള്‍ പുറത്തു കൊണ്ടുവരേണ്ട ചുമതല നിര്‍വഹിക്കേണ്ടതും ആ വിഭാഗത്തിലുള്‍പ്പെട്ടവര്‍ തന്നെയല്ലേ?
കോഴിക്കോട് ബാറില്‍ അതേ വിഷയം അവതരിപ്പിച്ചപ്പോള്‍ ഹൈക്കോടതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുതിര്‍ന്ന അഭിഭാഷകരുടെ അസാന്നിധ്യം മൂലമായിരിക്കാം, പ്രമേയം പാസാക്കുകയും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തത്. സീനിയര്‍ പദവി ആര്‍ജിക്കേണ്ടതാണ്. ആവശ്യപ്പെട്ടോ അപേക്ഷിച്ചോ സമ്പാദിക്കേണ്ടതല്ല. പ്രത്യേകിച്ചും അതിനുള്ള മാനദണ്ഡങ്ങള്‍ പോലും ചട്ടം മൂലം നിര്‍ണയിച്ചിട്ടില്ലാത്തപ്പോള്‍ ഏതു നിലയ്‌ക്കും അത് നേടിയെടുക്കുന്നത് ചേമ്പറുകളിലോ ബംഗ്ലാവുകളിലോ മുഖം കാണിച്ചിട്ടാകരുത്. ജുഡീഷ്യറിയുടെ മേല്‍ ദുരുദ്ദേശ്യപരമായ കടന്നാക്രമണങ്ങളുണ്ടാകുമ്പോള്‍ പ്രതിരോധിക്കേണ്ടത് ഉത്തരവാദിത്വബോധമുള്ള മുതിര്‍ന്ന അഭിഭാഷകരല്ലാതെ മറ്റാരാണ്?.
അല്‌പം പോലും ബഹുമാനക്കുറവില്ലാതെ ബോധിപ്പിച്ചു കൊള്ളട്ടെ: ഹൈക്കോടതിയുടെ ഭിന്നാഭിപ്രായങ്ങള്‍ മാധ്യമങ്ങളിലൂടെ വന്നപ്പോള്‍ ജനങ്ങളില്‍ അനിശ്ചിതത്വ മനഃസ്ഥിതിയുണ്ടാക്കിയിരിക്കുന്ന 'മാധ്യമ വിചാരണ' ഒരു പക്ഷേ, അനുവദനീയമല്ലായിരിക്കാം. പക്ഷേ, മാധ്യമങ്ങളിലൂടെയുള്ള വിശകലനം നിയമവാഴ്‌ചയുടെ നിലനില്‌പിന് തന്നെ അത്യന്താപേക്ഷിതമാണ്. സുതാര്യത എന്ന സൂര്യപ്രകാശമാണല്ലോ ഏറ്റവും ഫലപ്രദമായ രോഗാണുനാശിനി.
No comments:
Post a Comment