Friday, July 30, 2010
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കു നേരെ തൊടുത്തുവിട്ട ’തറ പ്രയോഗവും പി. ജയരാജന്റെ പേരു വിളിച്ച് ’നിങ്ങളൊക്കെയാണു ലോട്ടറിക്കാരില്‍ നിന്നു കാശുവാങ്ങിയതെന്ന വി.ഡി. സതീശന്റെ ആരോപണവും നിയമസഭയില്‍ ഒച്ചപ്പാടിന് ഇടയാക്കി. രണ്ടു പ്രയോഗവും രേഖയില്‍ നിന്നു നീക്കം ചെയ്യുമെന്ന സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ റൂളിങ്ങോടെയാണു ബഹളം കെട്ടടങ്ങിയത്.
അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നു സിപിഎമ്മിനു വര്‍ഷം 150 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നു വിവരിച്ചു വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണത്തിന്റെ അലയൊലികള്‍ രണ്ടാം ദിവസവും സഭയില്‍ ചൂടു പടര്‍ത്തി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലാണു രേഖയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത പരാമര്‍ശങ്ങള്‍ ഉണ്ടായത്.
സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധ്യമല്ലെന്നു കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞ തോമസ് ഐസക് പുറത്തു പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയം വീണ്ടും എടുത്തിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങയെപ്പോലൊരാള്‍ തറപ്രവര്‍ത്തനത്തിനു പോകുന്നതു ശരിയല്ലെന്നുമറുപടിക്കിടെ തോമസ് ഐസക് പറഞ്ഞതോടെ ’തറ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിക്കുന്നതു തറ പ്രവര്‍ത്തനമാണെന്നും തറയെന്നാല്‍ നിലവാരമില്ലാത്തതാണെന്നും പ്രയോഗം പിന്‍വലിക്കാന്‍ മനസ്സില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒാരോരുത്തര്‍ ഉപയോഗിക്കുന്ന ഭാഷ അവരവര്‍ക്കു ചേരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. നിലവാരമില്ലാത്തത് ആര്‍ക്കാണെന്നും സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനിക്കു രണ്ടു കോടി രൂപ വാങ്ങിയതും തിരിച്ചുകൊടുത്തതും എങ്ങനെയെന്നും പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ ’തറ പ്രയോഗം രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. സ്പീക്കര്‍ റൂളിങ് നല്‍കി നീക്കിയ ’തറ പ്രയോഗം കെ.ടി. ജലീല്‍ ചര്‍ച്ചയ്ക്കിടെ വീണ്ടും ഉന്നയിച്ചു. തറ പ്രവര്‍ത്തനം നടത്തിയാല്‍ പറ പ്രവര്‍ത്തനമെന്നു പറയാന്‍ പറ്റുമോ എന്നായിരുന്നു ജലീലിന്റെ ചോദ്യം. ജലീല്‍ പറഞ്ഞതും രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. ലോട്ടറി ആരോപണങ്ങള്‍ക്കു മന്ത്രി തോമസ് ഐസക് മറുപടി പറയുന്നതിനിടെ പി. ജയരാജന്റെ പേരു വിളിച്ച് നിങ്ങളൊക്കെ കൂടിയാണു കാശു വാങ്ങിയതെന്നും അതുകൊണ്ടാണു മറുപടി പറയാന്‍ മന്ത്രി പ്രയാസപ്പെടേണ്ടി വരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഇതു പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം ബഹളം വച്ചു. ദേശാഭിമാനി രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നു സതീശന്‍ വ്യക്തമാക്കി. ഭരണപക്ഷം ബഹളം തുടര്‍ന്നതോടെ പരാമര്‍ശം പരിശോധിച്ചു രേഖയില്‍ നിന്നു നീക്കം ചെയ്യാമെന്നു സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. ഇതേസമയം മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ചു.
ലോട്ടറി മാഫിയയ്ക്കു സഹായകമായ ചട്ടങ്ങളും നിയമങ്ങളും നിര്‍മിച്ച കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കുന്നതിനു വേണ്ടിയാണു യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. വസ്തുതകളും കോടതി വിധികളും മറ്റും വളച്ചൊടിച്ചു ഗുരുതരമായ ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാണു മന്ത്രി തോമസ് ഐസക്കിന്റെ ശ്രമമെന്നു വി.ഡി. സതീശനും ആരോപിച്ചു.
No comments:
Post a Comment