ഉണ്ടക്കണ്ണും ഊശാന്‍ താടിയും
Sunday, July 4, 2010
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക്, ഇന്നുള്ളതുപോലെ 'ഉണ്ടക്കണ്ണുകള്‍' ഉണ്ടായിരുന്നു! അന്ന്, 'ഊശാന്‍താടി' ഉണ്ടായിരുന്നില്ല! ഊശാന്‍താടി ഇന്ന് പെട്ടന്നുണ്ടായതല്ല. ഉണ്ടക്കണ്ണും അതുപോലെ അഞ്ചാംക്ലാസില്‍വെച്ച് പെട്ടന്നുണ്ടായതല്ല. രണ്ടും 'മറ്റുള്ളവരുടെ' കണ്ടെത്തലാണ്. എനിക്കതില്‍ നേരിട്ടൊരു പങ്കുമില്ല! ആരൊക്കെയോ പ്രത്യേകരീതിയില്‍ 'വിളിച്ചപ്പോള്‍' മാത്രമാണ്, ഇന്നുള്ള അര്‍ഥങ്ങളില്‍ അവ രണ്ടും വെളിപ്പെട്ടത്! അതുവരെ അത് വെറുംകണ്ണുകളും സാധാരണ താടിയുമായിരുന്നു! മറ്റുള്ളവരുടെ 'വിളികള്‍' തിരിച്ചറിവ് വളരാത്ത കാലത്ത് ആരും സ്വയമേവ വിശ്വസിച്ചുപോകും!
കുട്ടിക്കാലത്ത് ഏറെ ഇരുണ്ട് മെലിഞ്ഞ പ്രകൃതമായിരുന്നു, എനിക്ക്. പൊതുവെ 'കുഴിഞ്ഞൊട്ടിയ' മുഖത്ത്, ആ ഇരുള്‍ച്ച വര്‍ധിപ്പിക്കുംവിധം; നിറയെ വസൂരിക്കലകളുമുണ്ടായിരുന്നു. ഞാനന്ന് ഞങ്ങളുടെ സ്‌കൂളിലെ നല്ലൊരു വിരൂപനായിരുന്നു. എന്നാല്‍ അന്ന്, അഞ്ചാംക്ലാസ്സില്‍വെച്ച് സഹപാഠികളില്‍ ചിലര്‍, എന്നെ 'ഉണ്ടക്കണ്ണാ' എന്ന് വിളിച്ചപ്പോള്‍ എനിക്കൊരു കുലുക്കവുമില്ലായിരുന്നു. ആദ്യമാദ്യം അതൊരു ബഹുമതിയായാണ് എനിക്കനുഭവപ്പെട്ടത്. അവര്‍ക്കാര്‍ക്കുമില്ലാത്തവിധം എനിക്കൊരു വലിയ കണ്ണുണ്ടല്ലോ എന്നായിരുന്നു എന്റെ ആഹ്ലാദം. അത് പക്ഷേ, അധികം നിലനിന്നില്ല. പിന്നെപിന്നെയാണ് കൂട്ടുകാരുടെ പലതരം 'ഗോഷ്ഠി'കളില്‍നിന്ന് അതൊരു പരിഹാസമാണെന്ന് പതുക്കെ ഞാനൊരു വേദനയോടെ തിരിച്ചറിഞ്ഞു തുടങ്ങിയത്. അതോടെയാണ് ഞാന്‍ ശരിക്കും എന്റെ കണ്ണുകളെ ആദ്യമായി അപകര്‍ഷതാബോധത്തോടെ കാണാന്‍ തുടങ്ങിയത്. അന്നാണ് അപകര്‍ഷതാബോധത്തി ന്റെ കനംകൊണ്ട്, ആദ്യമായി എന്റെ കണ്ണിനെ മാത്രമായി ഞാന്‍ കണ്ണാടിയില്‍ പ്രത്യേകം തിരഞ്ഞത്! അതു വരെ വളരെ തിരക്കിട്ട് കണ്ണാടിയില്‍ മുഖമാകെക്കൂടെ നോക്കുക മാത്രമായിരുന്നു എന്റെ പതിവ്. കണ്ണടക്കം മുഖം മുഴുവനും 'ചീത്ത'യായിട്ടും, അത്രയൊന്നും 'തിരിച്ചറിവ്' വളര്‍ന്നിട്ടില്ലാത്തൊരു കുട്ടിക്കാലമായിട്ടും ഞാന്‍ എന്റെ 'കണ്ണാടി' എറിഞ്ഞുടച്ചില്ല. അന്നേയൊരു വിവേകശാലിയായതുകൊണ്ടൊന്നുമല്ല 'കണ്ണാടി' പൊട്ടിക്കാതിരുന്നത്. വീട്ടില്‍ വേറെ കണ്ണാടിയില്ലാത്തതുകൊണ്ട് മാത്രമാണ് അന്നത് ചെയ്യാതിരുന്നത്! സ്‌കൂളില്‍നിന്ന് കൂട്ടുകാര്‍ പറഞ്ഞ പരിഹാസത്തേക്കാള്‍ പൊള്ളുന്ന 'ചീത്ത'യും അടിയും വീട്ടില്‍നിന്ന് 'കണ്ണാടി' പൊട്ടിച്ചാല്‍ കിട്ടും എന്ന് പേടിച്ചിട്ടാണ്, കണ്ണാടിയോട് അന്ന് പ്രതിഷേധം കാട്ടാതിരുന്നത്! പിന്നീട് മുതിര്‍ന്നപ്പോഴാണ്, 'മുഖം ചീത്തയാവുന്നത്', മുഖം അങ്ങനെ ആഗ്രഹിച്ചിട്ടല്ലെന്നും, കണ്ണാടി അതിനെ സ്വന്തം ഇഷ്ടപ്രകാരം ചീത്തയാക്കി കാണിക്കുന്നതുകൊണ്ടല്ലെന്നും, എല്ലാറ്റിനേയും വിരൂപമാക്കുന്ന ഒരു സാമൂഹികശക്തി അതില്‍ പ്രവര്‍ത്തിച്ചിട്ടാണെന്നും അതിനെതിരെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നുമൊക്കെ തിരിച്ചറിയുന്നത്.
കുന്നംകുളത്തെ ചളിയില്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന പോര്‍ക്കുകളില്‍പോലും, 'സുന്ദരികളും സുന്ദരന്മാരും' എഴുതിയ മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ ഉറൂബ് സൗന്ദര്യംകണ്ടത് അക്കാലത്താണ് ഞാന്‍ മനസ്സിലാക്കിയത്. സൗന്ദര്യം മുഖത്തിലും അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയിലും മാത്രമല്ലെന്നും, അതിനൊക്കെ അപ്പുറം അത് അഗാധമായ മനുഷ്യബന്ധങ്ങള്‍ക്കകത്തുവെച്ച് അസാധാരണമായ, ഭാവമാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നും ആദ്യം ഞാനറിഞ്ഞത്, മനുഷ്യരില്‍നിന്നെന്നതിനേക്കാള്
കവിതകള്‍ ഇവ്വിധം മനസ്സില്‍ മുളച്ചുതുടങ്ങിയത് മലയാളം എം.എക്ക് പഠിക്കുമ്പോഴാണ്. ഔപചാരികമായ അര്‍ഥത്തില്‍, പൂര്‍വകാവ്യാസ്വാദന പാരമ്പര്യമില്ലാതിരുന്നിട്ടും, 'കവിത' മനസ്സിന്റെ ആര്‍ദ്രതകളില്‍ തണലും തുണയുമായി പടര്‍ന്നൊരു കാലമായിരുന്നു അത്. 'ഈ ഉണ്ടക്കണ്ണുകള്‍ എത്ര മനോഹരമാണെന്ന്' അന്നാണ് ജീവിതത്തിലാദ്യമായി ഒരാത്മസുഹൃത്ത്, ഹൃദയത്തില്‍ സ്‌പര്‍ശിച്ചത്. താഴ്ന്ന ക്ലാസില്‍ ഉണ്ടായിരുന്ന എന്റെ കണ്ണിന്റെ 'ഉണ്ടത്തരം', ഉയര്‍ന്നക്ലാസിലെത്തിയപ്പോഴും സത്യത്തില്‍ അതേപോലെതന്നെ അവിടെ ഉണ്ടായിരുന്നു! ഒരിക്കലും ഒളിക്കാനോ ഒളിപ്പിക്കാനോ കഴിയാത്ത അതിന്റെ 'ഉണ്ടത്തരം' ഒരല്‍പംപോലും ചുരുങ്ങിയിരുന്നില്ല. കുട്ടിക്കാലത്തെ തിളക്കത്തിനുപകരം, വളര്‍ച്ച സൃഷ്ടിച്ച കളങ്കങ്ങള്‍കൂടി പിന്നീടതില്‍ കലങ്ങിയിരിക്കണം. എന്നിട്ടുമത് ചിലര്‍ക്കെങ്കിലും മനോഹരമായി തോന്നിയത് ബന്ധങ്ങളില്‍ വന്ന മാറ്റം കൊണ്ടായിരിക്കണം. ഇങ്ങനെയൊരു സ്ഥാനക്കയറ്റം നാളെ ഈ 'ഊശാന്‍താടി'യേയും തേടിവരുമോ?
'ബുദ്ധിജീവിത്തരം' എന്നൊക്കെ പറഞ്ഞുള്ള പരിഹാസങ്ങളാണ് മുമ്പുണ്ടായിരുന്നത്. 'അവന്റെയൊരു ഊശാന്‍താടി' എന്ന്പറഞ്ഞ് ചിലര്‍ പല്ലിറുമ്മാന്‍ തുടങ്ങിയത് പെട്ടെന്നാണ്. എത്രയോ വര്‍ഷങ്ങളായി ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്തവിധം എന്റെ മുഖത്തിന്റെ ചെറിയൊരു മൂലയില്‍ പാവം ഈ താടിരോമങ്ങള്‍ പതുങ്ങിക്കഴിയുകയായിരുന്നു. എന്നാലിപ്പോഴിതാ, ആരുടെയൊക്കെയോ, സ്വസ്ഥത തകര്‍ക്കുംവിധം, അവ മാധ്യമങ്ങളില്‍, 'വില്ലന്‍' വേഷം കെട്ടിയാടുകയാണ്.
ഒരു ദിവസം സാംസ്‌കാരിക പ്രവര്‍ത്തകനായ മമ്മുമാഷ് എനിക്ക് ഫോണ്‍ചെയ്തത്, നിര്‍ത്താത്ത ചിരിയോടെയായിരുന്നു. ഏതോ കാരണത്താല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന റോഡിനെക്കുറിച്ചുള്ള പത്രപരാമര്‍ശങ്ങള്‍ക്കിടയില്‍ 'കെ.ഇ.എന്‍ താടി' പോലെ എന്നൊരു പ്രയോഗമാണ് മാഷെ നിര്‍ത്താതെ ചിരിപ്പിച്ചത്. അത് കേട്ടപ്പോള്‍ ഞാനും ചിരിച്ചുപോയി. നിരവധി സമൃദ്ധതാടികള്‍ക്കിടയില്‍ നിന്ന് എന്റെ രോമനിബിഡമല്ലാത്ത, 'ദരിദ്ര താടി' ഒരു മലയാളഭാഷാപ്രയോഗമായി പച്ചപിടിച്ച സ്ഥിതിക്ക് ഇനി ഞാനുമെന്തിന് ചിരിക്കാതിരിക്കണം. എന്നാലീ 'താടി' നിമിത്തം ഞാനുമൊരിക്കല്‍ കരഞ്ഞിട്ടുണ്ട്.
അത് രണ്ടായിരത്തി രണ്ട് മാര്‍ച്ച് മാസത്തില്‍, മനുഷ്യരായ മനുഷ്യരെ മുഴുവന്‍ നടുക്കിയ സമാനതകളില്ലാത്ത ഗുജറാത്ത് വംശഹത്യയുടെ നാളുകളിലായിരുന്നു. പ്രശസ്തകവിയും അന്നത്തെ പു.ക.സ പ്രസിഡന്റുമായ കടമ്മനിട്ടയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ പു.ക.സ പ്രവര്‍ത്തകര്‍ വംശഹത്യാനന്തര ഗുജറാത്ത് സന്ദര്‍ശിക്കാനും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യാന്‍ തീരുമാനിച്ചപ്പോഴായിരുന്നു അത്. 'ഈ ഊശാന്‍ താടിയും വെച്ച് ഗുജറാത്തിലിറങ്ങിയാല്‍' കാര്യങ്ങളൊക്കെ കുഴപ്പത്തിലാകുമെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറഞ്ഞുകൊണ്ടേയിരുന്നു. ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തില്‍, ബോംബെ കലാപകാലത്ത്, ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍, രമേഷ് പൊടേക്കര്‍ എന്നൊരു ഹിന്ദുയുവാവിനെ, 'ആളുമാറി', മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച് കൊല്ലാനുള്ള ഏകകാരണം അയാളുടെ താടിയായിരുന്നു. 'മതമേതായാലും താടി ഇല്ലാതിരുന്നാല്‍ മതി' എന്ന തത്ത്വശാസ്ത്രമൊന്നും അവര്ക്കുള്ളതുകൊണ്ടായിരുന്നില്
കൊത്തിവലിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഗുജറാത്തിലെ ഒരു പകല്‍ അസ്തമിക്കവെ, ശാന്തയിലെ ഒരസ്വസ്ഥ ബിംബമായിരുന്നു മനസ്സു നിറയെ. 'അറ്റുപോയ തലക്ക് നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ.' കടമ്മന്റെ ആ കാവ്യബിംബത്തിന്റെ അര്‍ഥം ഗുജറാത്തില്‍വെച്ചാണ് എനിക്ക് ശരിക്കും മനസ്സിലായത്. മനസ്സിന്റെ മുകളില്‍ അപ്പോഴും ഭീതിയുടെ ആ പക്ഷി വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു! (എന്റെ കടമ്മന്‍)
ഗുജറാത്തില്‍നിന്ന് പരിക്കൊന്നും പറ്റാതെ അന്ന് കേരളത്തില്‍ തിരിച്ചെത്തിയത്, ആ 'ഊശാന്‍താടി' ഇവിടെ ഉപേക്ഷിച്ച്, അവിടെ പോയതുകൊണ്ടാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരുറപ്പുമില്ല. എന്നാല്‍ ഗുജറാത്തില്‍നിന്ന് തിരിച്ചുവന്നശേഷമാണ് ചിലര്‍ എന്റെ 'ഊശാന്‍താടിയില്‍' 'ഭീകരത' കണ്ടെത്തിയത് എന്നുള്ളത് കൗതുകത്തോടൊപ്പം എന്നില്‍ നടുക്കവും ഉണ്ടാക്കുന്നുണ്ട്. ഉണ്ടക്കണ്ണും വസൂരിക്കലയും നിമിത്തം, സഹപാഠികളായ കുട്ടികള്‍ക്കൊപ്പം മുമ്പ് തലയുയര്‍ത്തിപ്പിടിക്കാന്‍ പോലും എനിക്ക് പേടിയായിരുന്നു. ഇന്നിപ്പോള്‍ 'ഊശാന്‍താടി'യുടെ പേരിലുള്ള കോലാഹലം കേള്‍ക്കുമ്പോള്‍ പോലും ഒന്നുകൂടി ശിരസ്സുയര്‍ത്തി പിടിക്കാനും ഉറക്കെ ചിരിക്കാനുമാണ് എനിക്ക് തോന്നുന്നത്. സര്‍വതരത്തിലുള്ള 'അപകര്‍ഷതാ ബോധങ്ങളെ'കൂടിയും അതിജീവിക്കുമ്പോഴാണ്, ടാഗോര്‍ പാടിയപോലെ, 'ശിരസ്സ് ഉന്നതവും, മനസ്സ് നിര്‍ഭയവുമാകുന്നത്'. ശരീരങ്ങള്‍ അളിയുമ്പോഴും ആശയങ്ങള്‍ അതുകൊണ്ടാണ് ജ്വലിച്ചുകൊണ്ടേയിരിക്കുന്നത്.
No comments:
Post a Comment