Sun, 4 Jul 2010 01:51:22 +0000
ഡോ. എം എസ് ജയപ്രകാശ്
വേലുത്തമ്പിയുടെ വാള്‍ എന്ന പേരില്‍ ഒരു വാള്‍ ഒരു മ്യൂസിയത്തില്‍ നിന്നെടുത്ത് മറ്റൊരു മ്യൂസിയത്തില്‍ കൊണ്ടുവച്ച് സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷം പ്രബുദ്ധകേരളത്തോടുള്ള വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ ഖജനാവ് തറവാട്ടുസ്വത്തായി കാണുന്ന ചിലര്‍ രാജ്യദ്രോഹത്തിലേര്‍പ്പെട്ടിരുന്ന ജാതി-ജന്മി-നാടുവാഴിവ്യവസ്ഥയുടെ പ്രതീകമായ ഒരു നാട്ടുപ്രമാണിയുടെ വാളിനെ സര്‍ക്കാര്‍ ചരിത്രസ്മാരകമാക്കിയിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കു തമ്പി ചെയ്തുകൊടുത്ത സേവനങ്ങള്‍ക്ക് അവര്‍ തമ്പിക്കു കൊടുത്ത സമ്മാനങ്ങളാണ് ഈ വാളും ചിത്രങ്ങളില്‍ കാണുന്ന തമ്പി ധരിച്ചിരിക്കുന്ന കോട്ടും. വെല്ലസ്ളി പ്രഭുവിന്റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ അഞ്ചുതെങ്ങ് എന്ന സ്ഥലത്തു നടന്ന ചടങ്ങില്‍ വച്ചാണ് തമ്പിക്ക് ഈ സമ്മാനങ്ങള്‍ നല്‍കിയത്. സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ച തമ്പിയുടെ വാളിനെ നമസ്കരിക്കാന്‍ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം മന്ത്രിമാരായ എം വിജയകുമാറും എം എ ബേബിയും നില്‍ക്കുന്ന ചിത്രം പത്രങ്ങളില്‍ വന്നിരുന്നല്ലോ.
വേലുത്തമ്പിയും തിരുവിതാംകൂറും
ഇന്ന് തമിഴ്നാടിന്റെ ഭാഗമായിരിക്കുന്ന നാഞ്ചിനാട്ടിലെ തലക്കുളമാണ് തമ്പിയുടെ നാട്. 1765-1809 ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലഘട്ടം. അവര്‍ണജനതയെ 16 മുതല്‍ 64 അടി വരെ മാറ്റിനിര്‍ത്തിയിരുന്ന സമുദായത്തിലെ അംഗമായിരുന്നു അദ്ദേഹം. അവര്‍ണ സ്ത്രീകളുടെ തലയ്ക്കും മുലയ്ക്കും നികുതി വാങ്ങിയിരുന്ന കാലവുമായിരുന്നു അത്. നാട്ടുകാരില്‍ നിന്ന് ഈ നികുതി വാങ്ങി ബ്രിട്ടീഷുകാരെ സഹായിക്കുകയായിരുന്നു ഇയാള്‍. സ്വതാല്‍പര്യം സംരക്ഷിക്കാനും സ്ഥാനമാനങ്ങള്‍ക്കുമായി ഇദ്ദേഹം നടത്തിയ സ്വകാര്യലഹളകളെ സ്വാതന്ത്യ്രസമരം, ജനകീയസമരം എന്നൊക്കെയാണ് നമ്മുടെ സവര്‍ണ ചരിത്രകാരന്മാര്‍ വാഴ്ത്തിയിരിക്കുന്നത്.
1798ല്‍ അവിട്ടം തിരുനാള്‍ ബാലരാമവര്‍മ രാജാവായി. അദ്ദേഹത്തിന്റെ മന്ത്രിമാരായിരുന്നു ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയും ശങ്കരനാരായണ ചെട്ടിയും മാത്തു തരകനും. സാമ്പത്തികപ്രശ്നം കാരണം ധനികരില്‍ നിന്ന് പണം പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വേലുത്തമ്പിയോട് 20,000 കാലിപ്പണം (3000 രൂപ) നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ കുപിതനായ തമ്പി മുമ്പു പറഞ്ഞ മന്ത്രിമാര്‍ക്കെതിരെ ലഹളയ്ക്കൊരുങ്ങുകയാണുണ്ടായത്. രാജാ കേശവദാസനു ശേഷം മറ്റൊരു നായരെ ആ സ്ഥാനത്ത് നിയമിക്കാതെ ഒരു ക്രിസ്ത്യാനിയെയും നമ്പൂതിരിയെയും പാണ്ടിച്ചെട്ടിയെയും നിയമിച്ചതില്‍ തമ്പിക്കും കൂട്ടര്‍ക്കും ജാതിവിദ്വേഷവും ഉണ്ടായിരുന്നു.
ചോര പുരണ്ട കൈകളുമായാണ് തമ്പി തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. ദളവാ സ്ഥാനമായിരുന്നു ലക്ഷ്യം. ഈ സ്ഥാനത്തു വരുമായിരുന്ന തമ്പി ചെമ്പകരാമന്‍ കുമാരന്‍, ഇരയിമ്മന്‍ തമ്പി എന്നിവരെ വേലുത്തമ്പി കൊലപ്പെടുത്തുകയാണ് ചെയ്തത്.
ദളവയായതോടെ ക്രൂരവും പൈശാചികവുമായ ഭരണമാണ് തമ്പി നടത്തിയത്. തമ്പിക്കെതിരെ കൊട്ടാരത്തില്‍ നീക്കങ്ങള്‍ ആരംഭിച്ചു. മുമ്പ് തമ്പിക്കു വേണ്ടി കൊടുംക്രൂരതകള്‍ ചെയ്തിരുന്ന കുഞ്ചുനീലന്‍പിള്ള തമ്പിക്കെതിരെ നീങ്ങി. തമ്പിയെ തൂക്കിക്കൊല്ലാന്‍ രാജാവ് ഉത്തരവിട്ടു. തമ്പി ബ്രിട്ടീഷുകാരില്‍ അഭയം പ്രാപിച്ചു. കൊച്ചിയിലെത്തി മെക്കാളെ പ്രഭുവിന്റെ സഹായം അഭ്യര്‍ഥിച്ചു. തമ്പിയുടെ രക്ഷയ്ക്കായി മെക്കാളെ സൈന്യവുമായി തിരുവനന്തപുരത്തെത്തി. ഇപ്രകാരം തൂക്കുമരത്തില്‍ നിന്നു രക്ഷപ്പെട്ട തമ്പി വീണ്ടും ദളവയായി ബ്രിട്ടീഷ് പാദസേവ തുടര്‍ന്നു.
അനേകം നായര്‍ യോദ്ധാക്കളെ തൂക്കിലേറ്റി. കൃഷ്ണപിള്ള എന്ന പട്ടാളനേതാവിന്റെ കാലുകള്‍ രണ്ട് ആനകളുടെ കാലില്‍ കെട്ടി അവയെ രണ്ടു വശത്തേക്ക് ഓടിച്ച് അദ്ദേഹത്തെ രണ്ടായി കീറിയെറിഞ്ഞു. ഈ വിദ്വാന്റെ വാളാണ് സര്‍ക്കാര്‍ച്ചെലവില്‍ കൊണ്ടുനടക്കുന്നത്! അനേകം നായര്‍ യോദ്ധാക്കളെ പീരങ്കിയുടെ വായോട് ചേര്‍ത്തുകെട്ടി വെടിവച്ചുകൊല്ലുന്ന ക്രൂരവിനോദവും തമ്പി നടപ്പാക്കി.
തിരുവിതാംകൂറിനെ തീറെഴുതി
തനിക്കെതിരെ ഉയര്‍ന്ന കൊട്ടാരകൊടുങ്കാറ്റിനെ അടിച്ചമര്‍ത്താന്‍ സഹായിച്ച ബ്രിട്ടീഷുകാര്‍ക്കു വേണ്ടി തമ്പിയുണ്ടാക്കിയതാണ് 1805ലെ ഉടമ്പടി. ഇതിലൂടെ തിരുവിതാംകൂര്‍ പൂര്‍ണമായും ബ്രിട്ടീഷ് അധീനതയിലായിത്തീര്‍ന്നു. സൈന്യത്തെ വരുത്തി രാജാവിനെ ഭയപ്പെടുത്തിയാണ് രാജാവിനെക്കൊണ്ട് ഒപ്പുവയ്പിച്ചത്. 1795ലെ കരാര്‍ പ്രകാരം നാലു ലക്ഷമായിരുന്ന കപ്പം 1805ല്‍ എട്ടു ലക്ഷമായി വര്‍ധിച്ചു. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ പോലും ഈ ഉടമ്പടിയെ അപലപിച്ചിരുന്നു.
ഇപ്രകാരം രാജ്യം തീറെഴുതിക്കൊടുത്തതിന് ബ്രിട്ടീഷുകാര്‍ നല്‍കിയ സമ്മാനമാണ് മുമ്പ് സൂചിപ്പിച്ച കോട്ടും വാളും. ഈ കരാര്‍ പ്രകാരമുള്ള എട്ടു ലക്ഷം നല്‍കാന്‍ കഴിയാതെ വന്നപ്പോഴാണ് തമ്പി ബ്രിട്ടീഷുകാരുമായി ഇടയാന്‍ തുടങ്ങിയത്. ഇളവ് അനുവദിക്കില്ലെന്നും പെന്‍ഷന്‍ വാങ്ങി മലബാറിലെ ചിറക്കല്‍ പോയി താമസിക്കാനും മെക്കാളെ തമ്പിയോട് നിര്‍ദേശിച്ചു. ഇപ്രകാരം ചെയ്തുകൊള്ളാമെന്നു പറഞ്ഞ തമ്പി, ചതിയിലൂടെ മെക്കാളെയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി. പരാജിതനായ തമ്പി വഴിയില്‍ കണ്ട ക്രൈസ്തവരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളടക്കം അവരുടെ കൈകാലുകള്‍ ബന്ധിച്ച് കായലില്‍ എറിയുകയും ചെയ്തു. 'പള്ളാത്തുരുത്തി സംഭവം' എന്നാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്.
സൈനിക ആക്രമണത്തിലൂടെ ബ്രിട്ടീഷുകാരെ പരാജയപ്പെടുത്താന്‍ കഴിയാത്ത വേലുത്തമ്പിയാണ് ഭയന്നോടി 1809ല്‍ കുണ്ടറയിലെത്തി വിളംബരം പുറപ്പെടുവിച്ചത്. രാജാവിനു മാത്രമേ വിളംബരത്തിനുള്ള അവകാശമുള്ളൂ. ദളവയ്ക്ക് വിളംബരം പുറപ്പെടുവിക്കാന്‍ അധികാരമില്ല. തമ്പി തന്നെ രാജാവിനെക്കണ്ട് കുണ്ടറ വിളംബരം പിന്‍വലിക്കുന്നതായി അറിയിച്ചു. പുറപ്പെടുവിച്ചയാള്‍ തന്നെ പിന്‍വലിച്ച വിളംബരത്തിനു ചരിത്രപരമായ സാധുതയില്ല. ഈ ചരിത്രസത്യമാണ് തമ്പിയുടെ വാള്‍ വിളിച്ചുപറയുന്നത്. തമ്പിയെ പിടിച്ചുകൊടുക്കാമെന്ന് രാജാവ് ബ്രിട്ടീഷുകാരോട് സമ്മതിച്ചു. ഓടിയൊളിച്ച തമ്പിയെ രക്ഷിക്കാന്‍ നായര്‍ സമുദായം തയ്യാറായില്ല. ഒടുവില്‍ അടൂരിനു സമീപത്തുള്ള മണ്ണടിയില്‍ തമ്പി ആത്മഹത്യ ചെയ്തു. 1803ല്‍ വൈക്കം ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ച ഈഴവരെയും ദലിതരെയും തലവെട്ടിക്കൊന്ന് കുളത്തില്‍ താഴ്ത്തിയതും വേലുത്തമ്പിയായിരുന്നു.
സ്വാതന്ത്യ്രസമരമെന്ന ആശയം പോലും രൂപംകൊള്ളാത്ത കാലത്ത് സ്വാര്‍ഥലാഭത്തിനു വേണ്ടി തമ്പി ഉയര്‍ത്തിയ കലാപക്കൊടിക്ക് ദേശാഭിമാനത്തിന്റെയും സ്വാതന്ത്യ്രതൃഷ്ണയുടെയും പരിവേഷം നല്‍കുന്നത് അപലപനീയമാണ്. ബ്രിട്ടീഷുകാരെ മരണം വരെ എതിര്‍ത്ത ഒരൊറ്റ രാജ്യസ്നേഹിയേ ഇന്ത്യയിലുള്ളൂ. അത് ടിപ്പു സുല്‍ത്താനായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയബോധമോ ക്രാന്തദര്‍ശിത്വമോ സന്ധിയില്ലാത്ത സമരസന്നദ്ധതയോ വേറെയാരും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തെ പരാജയപ്പെടുത്തി ബ്രിട്ടീഷ് ആധിപത്യം ഇവിടെ സ്ഥാപിക്കാനാണ് മഹാരാഷ്ട്രക്കാരും നൈസാമും പഴശ്ശിരാജയും ശ്രമിച്ചത്. വെളിയില്‍നിന്നു വരുന്നവര്‍ക്ക് എല്ലാം കാഴ്ചവച്ച് സാമാന്യജനങ്ങളെ അടിച്ചമര്‍ത്തി ഭരണം നടത്തിയിരുന്ന ഇവിടത്തെ ഭരണവര്‍ഗങ്ങള്‍ക്ക് ഫലപ്രദമായ ഒരു ദേശീയ പ്രതിരോധം സംഘടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല.
No comments:
Post a Comment