കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി
Posted on: 28 Mar 2010
ന്യൂഡല്‍ഹി: അധികാരവും ആസ്തിയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതായി 2007-08ലെ സ്വത്തുവിവരപ്രഖ്യാപനം. ആദായനികുതി നല്കിയതുമായി ബന്ധപ്പെട്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 340 കോടി രൂപയുടെ ആസ്തിയുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 177 കോടിയുടെ സ്വത്തുണ്ട്. സി.പി.എമ്മും ഏറെ പിറകിലല്ല -156 കോടി. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 144ഉം ബി.എസ്.പി.ക്ക് 118ഉം കോടിയുടെ സ്വത്താണുള്ളത്.
1996-ല്‍ അധികാരത്തിനുപുറത്തായി 2004-ല്‍ തിരിച്ചെത്തിയതുമുതല്‍ കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2002-ല്‍ 65 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 2004-ല്‍ ഇത് 136 കോടിയായി. അപ്പോഴും ബി.ജെ.പി.ക്കു തന്നെയായിരുന്നു കൂടുതല്‍ സ്വത്ത് (155 കോടി). എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കുതിച്ചുചാട്ടമുണ്ടായി. 2006-ല്‍ 229 കോടിയും 2008-ല്‍ 340 കോടിയും. എന്‍.ഡി.എ.യുടെ സ്ഥിതി പരുങ്ങലിലായതോടെ ബി.ജെ.പി. പിന്നാക്കം പോയി.
അധികാരമില്ലെങ്കിലും യു.പി.യില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. അധികാരമേറാതെ ദീര്‍ഘനാള്‍ തുടര്‍ന്നാലേ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥിതി മാറിമറിയൂ. താരതമ്യേന മികച്ച ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാന്‍ സി.പി.എമ്മിനു തുണയായതും കേരളത്തിലും ബംഗാളിലും 2007-ല്‍ നേടിയ വിജയമാവണം.
തിരഞ്ഞെടുപ്പ്, യോഗങ്ങള്‍, പ്രചാരണം എന്നിവയ്ക്കു മാത്രം 2007-08ല്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 110 കോടി രൂപയാണ്. മറ്റു പല പാര്‍ട്ടികളുടെയും ആകെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. സി.പി.എമ്മിന് 69 കോടിയും ബി.എസ്.പി.ക്കും എസ്.പി.ക്കും 79-ഉം 22-ഉം കോടി രൂപയുമാണ് വരുമാനം. ബി.ജെ.പി.ക്ക് ഇത് 120 കോടിയാണ്.
2007-08ല്‍, കോണ്‍ഗ്രസ്സിന്റെ വരുമാനത്തില്‍ 200 കോടിരൂപയും കൂപ്പണ്‍ വിറ്റും സംഭാവനയില്‍ നിന്നുമാണ്. അംഗത്വഫീസും സംഭാവനയും വഴിയുള്ള ബി.ജെ.പി. വരുമാനം 120 കോടിയാണ്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുന്ന ബി.എസ്.പി. സംഭാവനയിലൂടെ 47 കോടിയും അംഗത്വവരിസംഖ്യയില്‍ നിന്ന് 20 കോടിയുമാണ് നേടിയത്. എന്നാല്‍ 20,000 രൂപയ്ക്കുമേലുള്ള സംഭാവനകള്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് ബി.എസ്.പി. നികുതി വകുപ്പിനെ അറിയിച്ചത്.
2007-08ല്‍ കോണ്‍ഗ്രസ്സിന്റെ ഓപ്പണിങ് ബാലന്‍സ് 271 കോടി രൂപയായിരുന്നു. ബി.ജെ.പി.യുടേത് 104 കോടി, ബി.എസ്.പി.- 68 കോടി, എസ്.പി.- 140 കോടി, സി.പി.എം.- 102 കോടി എന്നിങ്ങനെയാണ് കണക്ക്.
No comments:
Post a Comment