നാലര വര്‍ഷം എന്തു ചെയ്തു?
സിക്കിം ലോട്ടറിയുടെ ഇന്ത്യയൊട്ടാകെയുള്ള പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതു ഗാങ്ടോക്ക് ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊലുഷ്യന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനമാണു കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്ത ബന്ധുവായ എ. ജോണ്‍ കെന്നഡിയാണ് ഇതിന്റെ നടത്തിപ്പുകാരന്‍.
ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ലോട്ടറിയുടെ ഇന്ത്യയിലെയും ഭൂട്ടാന്റെയും പ്രമോട്ടറായി അഞ്ചു വര്‍ഷത്തേക്കു കരാര്‍ നല്‍കിയതു മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിന്. ആ കരാര്‍ കാലാവധി 2012 ഡിസംബര്‍ വരെ. പക്ഷേ കരാര്‍ റദ്ദാക്കി മോണിക്ക ഏജന്‍സീസിനെ ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറായി പിന്നീടു നിശ്ചയിച്ചെന്നു മാര്‍ട്ടിന്‍ പറയുന്നു. പക്ഷേ കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നതു മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്.
2008 മാര്‍ച്ച് 13നാണ് മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം രൂപീകരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ജീവനക്കാരായ സുബ്ബയ്യന്‍ നാഗരാജന്‍, സുരേഷ് കുമാര്‍ എന്നിവരുടെ പേരിലാണു കമ്പനി റജിസ്റ്റര്‍ ചെയ്തത്. 2009 നവംബറില്‍ മാര്‍ട്ടിനും 2010 ജനുവരിയില്‍ മാര്‍ട്ടിന്റെ ഭാര്യ മാര്‍ട്ടിന്‍ ലീമ റോസും ഈ കമ്പനിയില്‍ ഡയറക്ടര്‍മാരായി. തൊട്ടു പിന്നാലെ മാര്‍ട്ടിന്‍ കമ്പനിയുടെ മേധാവിയായി.
കേരള സര്‍ക്കാരിന്റെ 2005ലെ ലോട്ടറി നിയമ പ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാþരുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. കഴിഞ്ഞ നാലര വര്‍ഷമായി ഇതു തെളിയിക്കുന്ന രേഖയൊന്നുമില്ലാതെയാണു സംസ്ഥാന നികുതി വകുപ്പു മേഘയില്‍നിന്നു മുന്‍കൂര്‍ നികുതി ഈടാക്കി അനധികൃത ലോട്ടറി കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെയും കാര്യത്തില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഒൌദ്യോഗിക വിതരണക്കാരെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 12നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നുവെന്നാണ് ഇതിനു ന്യായീകരണമായി ധനമന്ത്രി തോമസ് ഐസക് പറയുന്നത്. പക്ഷേ ഇൌ കത്തു കിട്ടുന്നതിനുമുന്‍പുള്ള നാലര വര്‍ഷത്തെ കാര്യം മന്ത്രി മറക്കുന്നു.
അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറയുന്നു. എന്നാല്‍ അനധികൃത ലോട്ടറിക്കെതിരെ കോടതി വാറന്റോടെ പരിശോധന നടത്താമെന്നും കേസ് റജിസ്റ്റര്‍ ചെയ്യാമെന്നും കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടതാണ്. അതിനു മുന്‍പും ഇതിനുള്ള നിയമപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ഉടന്‍ കേസ് എടുക്കുമെന്നു പ്രഖ്യാപിച്ച് ഒരാഴ്ചയാവുന്നു. ഒരു കേസ് പോലും എടുത്തിട്ടില്ലതാനും.
പ്രതിപക്ഷ നേതാവായിരിക്കേ 2005 ഒക്ടോബര്‍ എട്ടിന് അന്യ സംസ്ഥാന ലോട്ടറി തട്ടിപ്പിനെതിരെ അന്നത്തെ ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ലോട്ടറി മാഫിയയ്ക്കെതിരെ ഒരക്ഷരംപോലും ഉരിയാടിയിട്ടില്ല. പാര്‍ട്ടി പത്രത്തിനു കിട്ടിയ രണ്ടു കോടി രൂപയുടെ വികസന ബോണ്ടിനു പാര്‍ട്ടി നന്ദി കാണിച്ചതാണോ? കേരളത്തോടൊപ്പം അന്യ സംസ്ഥാന ലോട്ടറി പിടിമുറുക്കിയിരിക്കുന്ന മറ്റൊരു സംസ്ഥാനം സിപിഎംതന്നെ ഭരിക്കുന്ന ബംഗാളാണെന്നതും രണ്ടിടത്തും ലോട്ടറിയുടെ പ്രമോട്ടര്‍മാരും വിതരണക്കാരും സാന്റിയാഗോ മാര്‍ട്ടിനു പങ്കാളിത്തമോ ഉടമസ്ഥതയോ താല്‍പര്യങ്ങളോ ഉള്ള ഏജന്‍സികളാണെന്നതും കാണണം.
സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പു ശരിയായ രീതിയിലല്ലെന്നും നറുക്കെടുപ്പ് എവിടെയെന്നുപോലും അറിയില്ലെന്നും പാര്‍ട്ടി ചാനല്‍ ലൈവ് കാണിക്കുന്നതിനെക്കുറിച്ച് അവരോടു ചോദിക്കണമെന്നുമാണ് മന്ത്രി തോമസ് ഐസക് പറഞ്ഞത്.
സിക്കിം ലോട്ടറി നറുക്കെടുപ്പ് ലൈവായി കാണാന്‍ ഭാഗ്യമുള്ളതു കേരളീയര്‍ക്കും ബംഗാളികള്‍ക്കും മാത്രമാണ്. പിന്നെ ലോട്ടറി നിരോധിച്ചിരിക്കുന്ന തമിഴ്നാട്ടിലും. കേരളത്തില്‍ കൈരളി - പീപ്പിള്‍ ടിവിയാണു നറുക്കെടുപ്പു തല്‍സമയം ഭാഗ്യാന്വേഷികള്‍ക്കു മുന്‍പിലെത്തിക്കുന്നത്. മന്ത്രിയാകുന്നതിനു തൊട്ടു മുന്‍പു വരെ തോമസ് ഐസക് ഈ ചാനലിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു.
ബംഗാളില്‍ നിന്നുള്ള വാര്‍ത്ത
സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളാണു കേരളത്തിലും ബംഗാളിലും സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ വില്‍ക്കുന്നത്. സിക്കിം കടലാസ് ലോട്ടറിക്കു വില്‍പ്പന കരാര്‍ നല്‍കിയിരിക്കുന്നതു ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിനാണെന്നു സിക്കിം സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടര്‍ സെഗ്യാല്‍ താഷിതന്നെ മനോരമയോടു വ്യക്തമാക്കി. ബംഗാളില്‍ കൊല്‍ക്കത്ത ആസ്ഥാനമായ ഫ്യൂച്ചര്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണു സിക്കിം ലോട്ടറികള്‍ വില്‍ക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍തന്നെയാണു സ്ഥാപനത്തിന്റെ മേധാവി. കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണു കൂടുതല്‍ വില്‍പ്പന. കഴിഞ്ഞ വര്‍ഷം കടലാസ് ലോട്ടറി വില്‍പ്പനയില്‍ 1 42 കോടിയാണു സിക്കിം സര്‍ക്കാരിനു വരുമാനമായി ലഭിച്ചത്. കുറഞ്ഞത് 30 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കണമെന്നതായിരുന്നു ഫ്യൂച്ചര്‍ ഗെയിമിങ്ങുമായുള്ള കരാര്‍. ഇതില്‍ 11 കോടി രൂപ കേരളത്തില്‍നിന്നും 22 കോടി രൂപ ബംഗാളില്‍നിന്നുമാണു ലഭിച്ചത്.
കേരളത്തില്‍ സിക്കിമിന്റെ ഒരു ലോട്ടറിയും ഭൂട്ടാന്റെ മൂന്നു ലോട്ടറികളുമാണു മേഘ വില്‍ക്കുന്നത്. ഒരു നറുക്കെടുപ്പിന് ഏഴു ലക്ഷം രൂപയാണു നികുതി. എന്നാല്‍ ബംഗാളില്‍ സിക്കിമിന്റെ എട്ടു ലോട്ടറികളും ഇവര്‍ വില്‍ക്കുന്നു. കാരണം ബംഗാളില്‍ ലോട്ടറി നറുക്കെടുപ്പിനു നികുതിയില്ല. അതിനാല്‍ കാക്കത്തൊള്ളായിരം നറുക്കെടുപ്പാണ് അവിടെ. ഭൂട്ടാന്റെ ലോട്ടറികളും യഥേഷ്ടം. കഴിഞ്ഞ ദിവസം മുതല്‍ സിക്കിം സര്‍ക്കാര്‍ ആദ്യമായി ലോട്ടറി നറുക്കെടുപ്പിനു നികുതി ചുമത്തി.
ഒരു നറുക്കിന് 2000 രൂപയാണു നികുതി. മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ, എന്നിവിടങ്ങളില്‍ ഓരോ നറുക്കെടുപ്പിനും 50,000 രൂപ വീതമാണു നികുതി. ബംഗാളില്‍ മാത്രം ഫ്രീ. 2008-09ല്‍ കടലാസ് ലോട്ടറി വില്‍പ്പനയില്‍ സിക്കിം സര്‍ക്കാരിനു ലഭിച്ചത് 1 46 കോടിയായിരുന്നു. അതാണു കഴിഞ്ഞ വര്‍ഷം 42 കോടിയായി കുറഞ്ഞത്. ലോട്ടറി വില്‍പ്പന ഇടിയുന്നതിനാല്‍ ഈ വര്‍ഷം തുക വീണ്ടും കുറയണമെന്നാണു ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സിന്റെ മാനേജര്‍ ആര്‍. രവിചന്ദ്രന്‍ പറയുന്നത്.
ബംഗാള്‍ സര്‍ക്കാരിന്റെ സ്വന്തം ലോട്ടറിയും ഇപ്പോള്‍ വില്‍ക്കുന്നതു മാര്‍ട്ടിനും കൂട്ടാളികളും അടങ്ങിയ സിന്‍ഡിക്കറ്റാണ്. രണ്ടു പ്രതിവാര ലോട്ടറികളും ബംപര്‍ ലോട്ടറികളുമാണു ബംഗാള്‍ സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഏഴു സ്ഥാപനങ്ങള്‍ അടങ്ങിയ സിന്‍ഡിക്കറ്റിനെ ലോട്ടറി വില്‍പ്പന ഏല്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമായ മോണിക്ക അസോഷ്യേറ്റ്സാണ് ഇതില്‍ പ്രധാനിയെന്നു മാനേജര്‍ രവിചന്ദ്രന്‍ പറയുന്നു. വീര അസോഷ്യേറ്റ്സ്, മാതാര അസോഷ്യേറ്റ്സ് എന്നിങ്ങനെ ഏഴു സ്ഥാപനങ്ങള്‍ വേറെ. കഴിഞ്ഞ വര്‍ഷം 100 കോടി രൂപയോളമാണു ലോട്ടറി വില്‍പ്പനയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വരുമാനം. 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണു പ്രതിദിനം ഈ സിന്‍ഡിക്കറ്റ് വിറ്റഴിക്കുന്നതെന്നു കണക്കാക്കപ്പെടുന്നു.
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ സ്കീമുകള്‍ സര്‍ക്കാര്‍ അറിയാതെ പുതുക്കുന്നതു പുതുമയല്ല. 2006 ജൂലൈയില്‍ ഭൂട്ടാന്‍ കുയില്‍, ഭൂട്ടാന്‍ ശിങ്കം എന്നീ ലോട്ടറികള്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ അടുത്ത ദിവസം സിക്കിം കുയില്‍, സിക്കിം ശിങ്കം എന്ന പേരില്‍ ലോട്ടറി വിപണിയിലെത്തി. സിക്കിമിന്റെ ഡാറ്റ, ഡിയര്‍ ടിക്കറ്റുകള്‍ അവര്‍ നിര്‍ത്തിയപ്പോള്‍ അടുത്ത ദിവസം അതു ഭൂട്ടാന്‍ ഡാറ്റ, ഭൂട്ടാന്‍ ഡിയര്‍ എന്നിങ്ങനെ വീണ്ടും അവതരിച്ചു.
കൊടുംചതിയുടെ വഴിക്കണക്കുകള്‍
കണക്കുകള്‍ കള്ളംപറയില്ലെങ്കില്‍ സിക്കിം സൂപ്പര്‍ ലോട്ടറി കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് ഏകദേശം രണ്ടര കോടി ടിക്കറ്റുകളാകാനാണ് സാധ്യത. ടിക്കറ്റ് വില 1 10. ഭൂട്ടാന്റെ മൂന്നിനം ടിക്കറ്റുകള്‍ ഇതോ, ഇതിലേറെയോ വില്‍ക്കുന്നു. എല്ലാം ചേര്‍ന്നു ദിവസം ശരാശരി 40 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന എന്നാണ് ഏകദേശ കണക്ക്. ഒരു വര്‍ഷം ഏകദേശം 1 12,000 കോടി. ഓരോ സീരീസിലെയും ടിക്കറ്റുകളില്‍ത്തന്നെ ആകെ എത്ര ടിക്കറ്റുകള്‍ അച്ചടിച്ചിട്ടുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിലെ ഏത് ഉദ്യോഗസ്ഥനും ഇതു പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. സിക്കിം സര്‍ക്കാരിനാകട്ടെ കഴിഞ്ഞ വര്‍ഷം ലോട്ടറി കച്ചവടത്തില്‍ ആകെ ലഭിച്ചത് 1 40 കോടി. കേരളത്തില്‍ നിന്നു വെറും 11 കോടി ?മാത്രം. ബാക്കി തുക എവിടെ പോകുന്നു?
മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കംപ്യൂട്ടറിലെ കണക്കുകള്‍ കള്ളം പറയില്ലെങ്കില്‍ അവരുടെ ഒരു സ്റ്റോക്കിസ്റ്റിന്റെ ഒരാഴ്ചയിലെ ലോട്ടറി കച്ചവടത്തില്‍ നിന്നുള്ള വരുമാനം ഏകദേശം മൂന്നു കോടി രൂപയാണ്. അങ്ങനെ കേരളത്തില്‍ 73 സ്റ്റോക്കിസ്റ്റുകളില്‍നിന്നായി ഏകദേശം 220 കോടി രൂപയെന്നു കണക്കാക്കിയാല്‍ ഒരു മാസം 1 880 കോടി. ഒരു വര്‍ഷം 1 10,640 കോടി.
എറണാകുളത്തെ ഒരു സ്റ്റോക്കിസ്റ്റിനു മേഘ നല്‍കിയ കംപ്യൂട്ടര്‍ ബില്ലിലെ തുക കൂട്ടിയപ്പോഴാണ് ഇതു ലഭിച്ചത്. 2010 ജൂണ്‍ 14 മുതല്‍ 20 വരെ വിറ്റ ലോട്ടറികളില്‍നിന്നാണ് ഈ വരുമാനമെന്ന് അവരുടെ പേയ്മെന്റ് സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു തട്ടിപ്പു നടത്തുന്നതു നറുക്കെടുപ്പിലാണ്. ഏതെങ്കിലും ഒരു നറുക്കെടുപ്പു നടത്താന്‍ കേരളത്തില്‍ ഏഴു ലക്ഷമാണു മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടത്. അതു പല സീരീസിലാകും അച്ചടിച്ചു വില്‍ക്കുന്നത്.
ഉദാഹരണത്തിന് സിക്കിം സൂപ്പറിന്റെ 221 -ാം നറുക്കെടുപ്പു നടത്താന്‍ ഏഴു ലക്ഷം രൂപ നികുതി നല്‍കണം. പക്ഷേ അതു പല സീരീസിലുണ്ടാകും. ഇപ്പോള്‍ ചെയ്യുന്നതാകട്ടെ ഇതിലെ ഓരോ സീരീസും പ്രത്യേകം പ്രത്യേകം ആഴ്ചയില്‍ പല ദിവസം നറുക്കെടുക്കുന്നു. 221-ാം നറുക്കെടുപ്പ് അങ്ങനെ ആഴ്ചയില്‍ ഏഴു ദിവസവും!
സര്‍ക്കാരിനു നികുതി ഇനത്തില്‍ കിട്ടേണ്ട തുക 1 49 ലക്ഷം. കിട്ടുന്നതോ വെറും ഏഴു ലക്ഷം. 41 ലക്ഷത്തിന്റെ പ്രതിദിന നഷ്ടം. കേരളത്തിലെ നികുതി വകുപ്പിന്റെ മൌനാനുവാദത്തോടെയാണ് ഇതെല്ലാമെന്നു മാര്‍ട്ടിന്റെ മുന്‍ കൂട്ടാളികള്‍ത്തന്നെ പറയുന്നു.
അന്നെന്തിനാണ് ധനമന്ത്രി ഉടക്കിട്ടത്?
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പേരില്‍ നടത്തുന്ന ചൂതാട്ടത്തില്‍ വാര്‍ഷിക പദ്ധതിയെക്കാള്‍ കൂടിയ തുക കേരളത്തിനു നഷ്ടപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.
ഒാണ്‍ലൈന്‍ ലോട്ടറിക്കച്ചവടക്കാരില്‍ നിന്ന് 5750 കോടി രൂപയുടെ നികുതി കുടിശിക പിരിക്കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി വിഎസും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായത് 2006 ഒാഗസ്റ്റിലാണ്.
നികുതി പിരിവിന്റെ സാധ്യത അറിയാന്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്നു സിപിഎം റദ്ദാക്കി. പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിഎസും ഐസക്കും തമ്മില്‍ വാഗ്വാദമുണ്ടായി.
ഒാണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്നു പണം ഇൌടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒരു പൈസപോലും പിരിക്കാനാവില്ലെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. അതിനാല്‍ അന്നു ബജറ്റ് പ്രസംഗത്തില്‍പ്പോലും വരുമാനത്തിന്റെ കൂട്ടത്തില്‍ ലോട്ടറി കുടിശികയില്‍നിന്നുള്ള പണം രേഖപ്പെടുത്തിയില്ല.
ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -1ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -1 കേരളത്തിലും ബംഗാളിലും വിപ്ളവം ഭാഗ്യക്കുറിയിലൂടെ |
No comments:
Post a Comment