സമരം സര്‍ഗാത്മകമാകുമ്പോള്‍ സര്‍ഗാത്മകത സമരവുമാകും
Sunday, August 1, 2010
'ദുരിതങ്ങളുടെ നെരിപ്പോടുകള്‍ ഏറെയുള്ള ഒരു ഭവനത്തില്‍നിന്ന് ഞാന്‍ ആ കലാലയത്തില്‍ എത്തിയത് നിറമുള്ള ഒരു നൂറ് സ്വപ്‌നങ്ങളുമായിത്തന്നെയാണ്. എന്നെ, 'പ്രതി' എന്നും 'ക്രിമിനല്‍' എന്നുമൊക്കെ ഒരു ഭീകരനെ കണക്ക് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിയ സ്‌നേഹിതരേ, നിങ്ങള്‍ എന്തുകൊണ്ട് ഓര്‍ത്തില്ല, എനിക്കും ഒരു വീടുണ്ടെന്ന്. മകനെ പൊലീസ് വണ്ടിയിലേക്ക് വലിച്ചഴച്ചുകൊണ്ടുപോകുമ്പോഴും പ്രതി എന്ന് വിശേഷിപ്പിച്ച് മാധ്യമവാര്‍ത്തകളില്‍ കൂലി എഴുത്തിന്റെ ധ്വനിപാഠങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതൊക്കെ കണ്ട് അലമുറയിട്ട് തേങ്ങിക്കരയുന്ന ഒരു അമ്മ എനിക്കുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ.
ഉയര്‍ത്താന്‍ കഴിയാത്ത കരങ്ങളുമായി ജീവിക്കുന്ന അച്ഛന്‍ എനിക്കുണ്ട്. പ്രിയ വൈദികരും ക്രൈസ്തവ മാനവികതയുടെ മൊത്തമായും ചില്ലറയായുമുള്ള അവകാശത്തെ മുഴുവന്‍ ഏറ്റെടുത്തവരുമായ നിങ്ങള്‍ അറിഞ്ഞില്ലായെങ്കില്‍ പിന്നെയാരാണ് ഇതറിയുക? പക്ഷത്തിന്റെ പേരു പറഞ്ഞാല്‍ ഞാനും ഒരു ന്യൂനപക്ഷക്കാരനാണ്. മതത്തിന്റെയും ജാതിയുടെയും പേരന്വേഷിച്ചാല്‍ ഞാനും ക്രിസ്ത്യാനിയാണ്. ചേതന നിലച്ച ശരീരവുമായി എന്റെ അച്ഛന്‍ കരഞ്ഞുപോയപ്പോള്‍, അനീതിക്കെതിരെ നീതിയുടെ കരം ഉയര്‍ത്തിയ യേശുദേവനുനേരെ ചാട്ടവാര്‍ വീശിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്കും ഓര്‍മ വന്നു: 'ഒരു പച്ചമരത്തോട് ഇവര്‍ ഇങ്ങനെയാണെങ്കില്‍ ഒരു ഉണക്കമരത്തോട് ഇവര്‍ എന്തു ചെയ്യും.' ...വല്ലാത്ത ഒരു കാലമാണ് നമ്മുടേത്. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ 'ഏറ്റവും ദുഃഖഭരിതമായ വരികള്‍' എന്ന കവിതയിലൂടെ നെരൂദയെ വായിച്ചപ്പോഴും, ഞാന്‍ തലകുനിക്കുന്നത് മനുഷ്യരാശിയുടെ കഷ്ടപ്പാടുകള്‍ക്കുമുന്നില്‍ മാത്രമാണെന്ന് ദസ്തയേവ്‌സ്‌കിയെ വായിച്ചപ്പോഴും അരാഷ്ട്രീയം ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാവുന്ന ചീത്തയായ ഇന്നില്‍ ആ വായനകള്‍ എനിക്കു പകര്‍ന്നുതന്നത് വ്യക്തമായ ഒരു രാഷ്ട്രീയമായിരുന്നു- ശരിയുടെ രാഷ്ട്രീയം, മനുഷ്യന്റെ ശബ്ദം സംഗീതംപോലെ ശ്രവ്യമാകുന്ന ഒരു കാലഘട്ടത്തെ അനിവാര്യതയാക്കിമാറ്റാന്‍ ശ്രമിക്കാന്‍ പഠിപ്പിച്ച സ്ഥിതിസമത്വത്തിന്റെ രാഷ്ട്രീയം. കുടുംബത്തില്‍ ദുരിതത്തിന്റെ നെരിപ്പോടുകള്‍ ഏറെയുണ്ടെങ്കിലും ശരിയുടെ രാഷ്ട്രീയം എന്നെ കൂടുതല്‍ ഊര്‍ജസ്വലനാക്കിയിട്ടേയുള്ളൂ... ('ചോദ്യങ്ങളില്ലാത്ത കാലം വരുമോ', ജെയ്്ക്ക് സി. തോമസ്).
സി.എം.എസ് കോളജ് അധികാരികളുടെ ജനാധിപത്യവിരുദ്ധതയെ വെല്ലുവിളിച്ചുകൊണ്ട്, മാസങ്ങള്‍ പിന്നിട്ട വിദ്യാര്‍ഥിസമരം 'പരിമിതി'കളോടെ വിജയിച്ച ഒരു പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ഒരു മഹത്തായ കോളജിന്റെ ബഹുമാന്യനായ പ്രിന്‍സിപ്പലിനേക്കാള്‍ അകാരണമായി ശിക്ഷിക്കപ്പെട്ട ഒരു വിദ്യാര്‍ഥി, സര്‍ഗാത്മകതയുടെ സജീവ സാന്നിധ്യമായി മാറുന്നതാണ് നാമിപ്പോള്‍ കാണുന്നത്. 'പ്രിന്‍സിപ്പല്‍' വൈസ് ചാന്‍സലറോടും സിന്‍ഡിക്കേറ്റിനോടും ജനാധിപത്യപരമായി പ്രതികരിക്കാന്‍ മടിക്കുമ്പോള്‍, അതേ കലാലയത്തിലെ വിദ്യാര്‍ഥി ജെയ്ക്ക് സി. തോമസ് കോളജിലെ അന്യായത്തിനെതിരെ തീവ്രമായി പ്രതികരിച്ചുകൊണ്ടുതന്നെ അച്ചടക്കത്തിന്റെ ഉയര്‍ന്ന മാതൃകയിലേക്ക് വളരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. കോളജ് മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ 'പ്രതിയും ക്രിമിനലുമായി' മുദ്രകുത്തപ്പെട്ട ജെയ്ക്ക് സി. തോമസ് എന്ന വിദ്യാര്‍ഥി 'ചോദ്യങ്ങളില്ലാത്ത കാലം വരുമോ' എന്ന പേരിലെഴുതിയ, മുകളില്‍ എടുത്തുചേര്‍ത്ത ഭാഗമുള്‍ക്കൊള്ളുന്ന, ഹൃദയസ്‌പര്‍ശിയായ കുറിപ്പും അതേ കോളജ് അധികാരികളുടെ വാക്കുകളും താരതമ്യപ്പെടുത്തുന്ന ആര്‍ക്കും 'അച്ചടക്കം' എവിടെവെച്ചാണ് യാന്ത്രികവും സര്‍ഗാത്മകവുമായി വേര്‍തിരിയുന്നതെന്ന് വ്യക്തമാവും. ഒരു വിദ്യാര്‍ഥിയുടെ 'ഭാവി' എന്നെത്തേക്കുമായി അടച്ചുകളയുംവിധമുള്ള 'ശിക്ഷാനടപടി' ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ല. ശിക്ഷാനടപടികള്‍ കര്‍ക്കശമാവുമ്പോള്‍തന്നെ, തെറ്റ് ചെയ്തവര്‍ക്കുപോലും അത് തിരുത്താനുള്ള സന്ദര്‍ഭം നല്‍കാന്‍ കഴിയുംവിധം അത് ഉദാരവുംകൂടിയായിരിക്കണം. അതിനുപകരം 'അച്ചടക്ക നടപടി'യെ ഒരു അവസരമാക്കി വിദ്യാര്‍ഥിയുടെ ജീവിതംതന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഒരു 'മാനവികത'യുടെ പേരിലും ന്യായീകരിക്കപ്പെടുകയില്ല. എന്നാല്‍, അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടും, 'ചോദ്യങ്ങളില്ലാത്ത കാലം വരുമോ' എന്ന ഉള്ളുരുക്കുന്ന ഉത്കണ്ഠ സര്‍ഗാത്മകമായി പങ്കുവെക്കാനുള്ള ഒരു സന്ദര്‍ഭമായി അതിനെ വികസിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍, ജെയ്ക്ക് സി. തോമസ് കോളജ് അധികാരികള്‍ക്ക് ഇപ്പോള്‍ അപ്രാപ്യമായ ഒരൗന്നത്യലേക്ക് ഉയരുകയാണ് ചെയ്തിരിക്കുന്നത്.
കാമ്പസ് സര്‍ഗാത്മകമാവണം, സംവാദാത്മകമാവണം, കലാത്മകമാവണം എന്നത് ഇന്ന് മുമ്പത്തേക്കാള്‍ നിരന്തരം ആവര്‍ത്തിക്കേണ്ട ഒരാശയമാണ്.
ആധുനിക ജനാധിപത്യം ആവശ്യപ്പെടുന്ന ഒരൗന്നത്യത്തിലേക്ക് കാമ്പസുകള്‍ക്ക് കടക്കാന്‍ കഴിയണമെങ്കില്‍, മൂലധനാധിപത്യം അടിച്ചേല്‍പിക്കുന്ന അരാഷ്ട്രീയ പരിമിതികളില്‍നിന്നുമത് പുറത്തു കടക്കേണ്ടതുണ്ട്. ലാഭനഷ്ട കണക്കുകളില്‍ മാത്രം കുളിര്‍മ കൊള്ളുന്ന വിദ്യാഭ്യാസ വ്യവസായ നിയമങ്ങളുടെ മാലിന്യങ്ങളെ മനുഷ്യത്വം പൂക്കുന്ന ഒരുനാളെയെ സ്വപ്‌നംകാണുന്ന നീതിയുടെ നിര്‍മലതകൊണ്ടാണ് നേരിടേണ്ടത്. ഒരു 'പൂച്ചട്ടി' തകര്‍ത്തുകൊണ്ടല്ല, മറ്റൊരു പൂന്തോട്ടംതന്നെ വെച്ചു പിടിപ്പിച്ചുകൊണ്ടാണത് നിര്‍വഹിക്കപ്പെടേണ്ടത്.
സൂക്ഷ്മാര്‍ഥത്തില്‍, സര്‍ഗാത്മകതയില്‍ 'സമരവും' സമരത്തില്‍ 'സര്‍ഗാത്മകതയു'മുണ്ട്. സമരമെന്നത് ഇന്നത്തെക്കാള്‍ വികസിച്ച മറ്റൊരവസ്ഥ സൃഷ്ടിക്കാനുള്ള സാഹസികശ്രമമാണ്. അതിന് മറ്റെന്തുമെന്നപോലെ സന്ദര്‍ഭാനുസരണം വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളേണ്ടിവരും. എന്നാല്‍, ഒരു ജനാധിപത്യസമരവും അധികാരശക്തികള്‍ ആക്രോശിക്കുന്നതുപോലെ അരാജകത്വത്തിന്റെ ആഘോഷമോ ആദര്‍ശവത്കരണമോ അല്ല. തൊഴിലാളി സമരം ചെയ്യുന്നത് വ്യവസായശാലകള്‍ അടിച്ചുതകര്‍ക്കാനല്ല, മറിച്ച് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന മനുഷ്യത്വവിരുദ്ധമായ ചൂഷണാധിപത്യത്തെ മാറ്റിമറിക്കാനാണ്. കര്‍ഷകത്തൊഴിലാളി സമരം നടത്തുന്നത് മണ്ണിനെ മാനഭംഗപ്പെടുത്താനല്ല. അതിന്റെ 'മഹത്ത്വം' തിരിച്ചുപിടിക്കാനാണ്. ഒരു വ്യവസായശാല തകര്‍ക്കപ്പെട്ടാലും 'മുതലാളി' മറ്റനവധി വഴികളിലൂടെ വളരും. എന്നാല്‍, 'അധ്വാനശക്തി' വിറ്റ് ജീവിക്കേണ്ടിവരുന്ന 'തൊഴിലാളി' അതോടെ തകരും. ഇതുപോലെ ആത്മബോധമുള്ള വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് വിദ്യാലയം തകര്‍ക്കാനല്ല, മറിച്ച് 'വിദ്യ'യുടെ ജനാധിപത്യമൂല്യം വീണ്ടെടുക്കാനാണ്; അധ്യാപകരെ ആക്രമിക്കാനല്ല, മറിച്ച് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ നേടിയെടുക്കാനാണ്. ഇങ്ങനെ പറയുന്നത് സമരങ്ങളെല്ലാം എപ്പോഴും 'ആദര്‍ശപരതയുടെ' മാത്രം നേര്‍വരയിലൂടെ സഞ്ചരിക്കുമെന്ന മൗഢ്യം വെച്ചുപുലര്‍ത്തുന്നതുകൊണ്ടല്ല, മറിച്ച് പ്രായോഗികമായി സംഭവിക്കുന്ന 'പിരിമതികളെ' ആദര്‍ശവത്കരിക്കേണ്ടതില്ലെന്ന അര്‍ഥത്തിലാണ്. മാരകമായ ചൂഷണങ്ങളെ ചായം തേച്ച് മനോഹരമാക്കുന്നവരുടെ സങ്കുചിതാശയങ്ങളില്‍നിന്നല്ല, ചൂഷണത്തിന്റെ ചാരം സ്വപ്‌നംകണുന്ന വികസിതാശയങ്ങളില്‍നിന്നാണ് സമരോല്‍സുകമാവുന്ന ഏതൊരു സാമൂഹിക വിഭാഗവും ശക്തിസംഭരിക്കേണ്ടത്. റഷ്യന്‍ വിപ്ലവത്തില്‍ അന്‍താനോവ് എന്ന വിപ്ലവ കമാന്‍ഡര്‍ സൃഷ്ടിച്ച കാരുണ്യത്തിന്റെ ധീര വിസ്മയ മാതൃകയാണ് ഈ കുറിപ്പെഴുതുമ്പോള്‍ എന്നെ കോരിത്തരിപ്പിക്കുന്നത്. ഏതൊരു വിപ്ലവത്തിലും 'ആക്രമണം' മാര്‍ക്‌സ് സൂചിപ്പിച്ചതുപോലെ, ഒരു വയറ്റാട്ടിയുടെ രൂപത്തില്‍ 'കടന്നുവന്നേക്കും.' അതിനെ പക്ഷേ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ കാണുന്നത് ഒരാദര്‍ശമായിട്ടല്ല, മറിച്ച് ചൂഷണവ്യവസ്ഥ അനിവാര്യമാക്കുന്ന ഒരു 'പരിമിതി'യായിട്ടാണ്. 'രക്തസാക്ഷിത്വം' ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ചില സംഘടനകള്‍ 'സൃഷ്ടിക്കുന്നതല്ല', മറിച്ച് അധികാരശക്തികള്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതാണ്. തടവറകളിലേക്കും കഴുമരങ്ങളിലേക്കും മനുഷ്യത്വരഹിതമായ അധികാരശക്തികളാണ് അനേകായിരങ്ങളെ വലിച്ചെറിഞ്ഞത്. അതുകൊണ്ട് സമരങ്ങളുട പേരില്‍ സംഭവിച്ചുപോകുന്ന ആക്രമണങ്ങളെ ആദര്‍ശവത്കരിക്കുകയോ ന്യായീകരിക്കുകയോ അല്ല വേണ്ടത്, മറിച്ച് ആധിപത്യം വഹിക്കുന്ന അധികാരവ്യവസ്ഥയുടെ 'ആക്രമണസ്വഭാവം' തുറന്നുകാട്ടാനുള്ള അവസരമായി അതിനെത്തന്നെ വികസിപ്പിക്കുകയാണ് വേണ്ടത്.
ആശയങ്ങള്‍ ഏറ്റുമുട്ടി കാമ്പസില്‍ പ്രക്ഷുബ്ധമായ പ്രബുദ്ധതയുടെ തീജ്വാലകള്‍ ആളിക്കത്തണം. ഒരിക്കലും അതിനകത്ത് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി ചോരത്തുള്ളികള്‍ വീഴരുത്. അനീതിക്കെതിരെ കാമ്പസുകള്‍ കുറ്റപത്രങ്ങള്‍ വായിക്കണം. പക്ഷേ, നീതിക്കുവേണ്ടിയുള്ള നിലവിളികളെ അട്ടഹാസങ്ങളില്‍ മുക്കി കൊല്ലരുത്. ചീത്തയായ ഒരു കാലത്തുനിന്ന് നല്ല സ്വപ്‌നങ്ങള്‍ കാണാനുള്ള ഒരു തലമുറയുടെ അവകാശങ്ങള്‍ തല്ലിത്തകര്‍ക്കപ്പെടരുത്. 'പഠിപ്പുമുടക്കുന്നത്' കൂടുതല്‍ പഠിക്കാനാവണം. ഐസ്‌ക്രീം പാര്‍ലറില്‍ പോവാതെ, ലൈബ്രറിയില്‍ പോയിരിക്കണമെന്ന അര്‍ഥത്തിലല്ല; ക്ലാസ് കട്ട് ചെയ്ത് സിനിമാ തിയറ്ററില്‍ പോകരുതെന്ന അര്‍ഥത്തില്‍പോലുമല്ല! ചിലപ്പോള്‍ ഒരു സിനിമക്ക് ക്ലാസുകളേക്കാള്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, പഠിക്കാന്‍ വരുന്നവര്‍ പഠിപ്പുമുടക്കുന്നത് ഒരു തമാശക്കല്ല, മറ്റൊരു നിര്‍വാഹവുമില്ലാത്തതുകൊണ്ടാണ്. പഠിപ്പുമുടക്കത്തില്‍ പങ്കെടുക്കുന്നവരെ മാത്രമല്ല, അല്ലാത്തവരെയും എന്തിനൊരു പഠിപ്പുമുടക്കം എന്ന് ബോധ്യപ്പെടുത്താനുള്ള സമാന്തര പഠനകേന്ദ്രമായി പഠിപ്പുമുടക്ക് സമരങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. പഠിപ്പുമുടക്കത്തെതന്നെ സമാന്തര ജനകീയ പഠനത്തിന്റെ മികച്ച മാതൃകകളിലൊന്നായി മാറ്റേണ്ടതുണ്ട്. സത്യത്തില്‍, 'പ്രക്ഷോഭ-പ്രചാരണ'ത്തിന്റെ (A്വit-prop) ഉജ്ജ്വല മാതൃകയെന്ന അവസ്ഥയിലേക്ക് പല കാരണങ്ങളാല്‍ ഉയരാന്‍ കഴിയാതെ പോവുന്ന 'പഠിപ്പുമുടക്ക്' സമരങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല, മറിച്ച് ഇന്നത് അനുഭവിക്കുന്ന പരിമിതികള്‍ പരിഹരിക്കപ്പെടണമെന്നാണ് പറഞ്ഞുവരുന്നത്. മറ്റൊരുവിധത്തില്‍, ഒരു പഠിപ്പുമുടക്ക് സമരത്തെ യഥാര്‍ഥത്തില്‍ അതാവശ്യപ്പെടുന്ന ഔന്നത്യത്തിലേക്ക് ഉയര്‍ത്തണമെന്നാണ്.
കേരളത്തില്‍ മുമ്പില്ലാത്തവിധം കാളക്കൂറ്റന്മാരെപ്പോലെ കൊഴുത്ത വിദ്യാഭ്യാസ വ്യവസായികളാണ് ഇന്ന് വിദ്യാലയങ്ങളെ ജീര്‍ണതയുടെ കേന്ദ്രങ്ങളാക്കാന്‍ നേതൃത്വം നല്‍കുന്നത്. മനോഹരമായി സൂക്ഷിക്കപ്പെടുന്ന പല കോളജുകളിലും മാറാല കെട്ടിയ ആശയങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. യൂനിഫോമിന്റെ പേരില്‍ കേരളത്തിലുയര്‍ന്ന വിവാദം അത്തരമൊരു മാനസികാവസ്ഥയുടെ മാറാല മനസ്സിനെയാണ് തുറന്നുകാട്ടിയത്. ഒരുസ്ഥാപനത്തിന്റെയും 'യൂനിഫോം' അഭിരുചികളെയും ആശയങ്ങളെയും ആചാരങ്ങളെയും ഒന്നാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. അത് സാധ്യവുമല്ല. ഉയരത്തിലും വര്‍ണത്തിലും നിറത്തിലും വ്യത്യസ്തരായവരെ, 'യൂനിഫോം' അതെല്ലാം അനുവദിച്ചുകൊണ്ടാണ് 'ഒന്നിപ്പിക്കുന്ന'തെന്നിരിക്കെ, അതിനേക്കാള്‍ പ്രധാനമായ 'വിശ്വാസങ്ങളുടെ' കാര്യത്തില്‍ മാത്രം എന്തിന് 'കൃത്രിമമായ' ഒന്നിപ്പിക്കല്‍ അടിച്ചേല്‍പിക്കണം?
നീല യൂനിഫോം ധരിക്കുന്ന ഒരു സ്ഥാപനത്തിലെ ഒരു കുട്ടി, വിശ്വാസത്തിന്റെ ഭാഗമായോ സൗന്ദര്യബോധത്തിന്റെ ഭാഗമായോ ഒരു ചുവന്ന പൊട്ടിട്ടാല്‍ ആ സ്ഥാപനത്തിന്റെ 'യൂനിഫോമി'ന് പരിക്കു പറ്റുമോ? വേറൊരു കുട്ടി അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തലയില്‍ ഒരു 'തൊപ്പി വെച്ചാല്‍' ആ കുട്ടി തോറ്റുപോകുമോ? 'തോറ്റ് തൊപ്പിയിട്ടു' എന്നൊരു പ്രയോഗമുള്ളതുപോലെ 'ജയിച്ച് തൊപ്പിയിട്ടു ' എന്നൊരു പ്രയോഗംകൂടി എന്തുകൊണ്ട് ഉണ്ടായിക്കൂടാ? അതുണ്ടാവുമോ എന്നറിയാന്‍ വേണ്ടിയെങ്കിലും എന്തുകൊണ്ട് പരീക്ഷണാര്‍ഥം തൊപ്പി നല്‍കിക്കൂടാ! അതുപോലെ നീല യൂനിഫോമിനോട് കറുത്ത തലമുടി നിര്‍വഹിക്കുന്ന 'അന്യായമില്ലാതാക്കാന്‍' മുടിയുടെ 'കളര്‍' മാറ്റുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു 'നീലത്തട്ടം' സര്‍വരും ധരിക്കുന്നത്! ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മാനേജ്‌മെന്റിന്റെ 'യൂനിഫോം' യാന്ത്രികവാദത്തെ ചെറുക്കാന്‍ ഒരു 'പഠിപ്പുമുടക്ക്' നടത്തുന്നതിനേക്കാള്‍ പ്രസക്തമാവുക, പൊട്ട് മായ്ക്കാന്‍ പറയുന്നിടത്ത് പൊട്ടിടുന്നവരെ പിന്തുണക്കാന്‍ പ്രതീകാത്മകമായി എല്ലാവരും പൊട്ട് തൊടുന്നതായിരിക്കും. അതുപോലെ 'തട്ട'മിടുന്നതിന് വിലക്കുള്ളിടത്ത് പ്രതീകാത്മകമായി വേണെങ്കില്‍ ആണ്‍-പെണ്‍ ഭേദമന്യേ എല്ലാവരും 'തട്ടമിടുന്നതാവും!' ജനാധിപത്യപരമായ സര്‍വ വൈവിധ്യങ്ങള്‍ക്കും സ്വയം ആവിഷ്‌കരിക്കാനുള്ള അവകാശം റദ്ദ് ചെയ്യുന്ന 'യൂനിഫോം സംവിധാനം' ഒന്നിപ്പിക്കുന്നതിനുപകരം മനുഷ്യരെ ഭിന്നിപ്പിക്കും. 'എല്ലാവരും പല അര്‍ഥത്തില്‍ വ്യത്യസ്തരാണ്. എന്നാല്‍, സര്‍വരും തുല്യരാണ്' എന്നൊരു സമീപനമായിരിക്കും കൂടുതല്‍ ആരോഗ്യകരം. അതുകൊണ്ട് യൂനിഫോം ആവാം. പക്ഷേ, യൂനിഫോംഭീകരത വേണ്ട.
No comments:
Post a Comment