Monday, August 2, 2010

ഭൂമി മലയാളത്തിന്റെ അച്ചായന്‍

ഞാന്‍ ജേണലിസ്റ്റ് ട്രെയിനി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കോട്ടയത്തെ മലയാള മനോരമ ഓഫിസിലെത്തിയത് 1993-ലാണ്. നല്ല മഴയുണ്ടായിരുന്നു. തനിച്ചാണു പോയത്. ഓഫിസിന്റെ ഗേറ്റ് കടന്ന് ഇന്റര്‍വ്യൂവിന് എത്തിയതാണെന്നു പറഞ്ഞപ്പോള്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരിലൊരാള്‍ മറ്റെയാളോടു പറഞ്ഞു - 'ഈ കൊച്ചിന് അച്ചായന്റെ വിസിറ്റേഴ്‌സ് റൂം കാണിച്ചു കൊട്. അച്ചായന്‍ ആരാണെന്നു ഞാനൊന്നു സംശയിച്ചു. അതു കെ. എം. മാത്യു ആണെന്ന് മനസ്സിലായപ്പോള്‍ മുഖം ചുളിച്ചു. ഒരു പത്രസ്ഥാപനത്തിന്റെ ചീഫ് എഡിറ്റര്‍ അച്ചായന്‍ എന്നു സംബോധന ചെയ്യപ്പെടുകയോ? പക്ഷേ, പതിനേഴു വര്‍ഷത്തിനു ശേഷം എനിക്ക് അദ്ഭുതം തോന്നുന്നതു മറ്റൊരു കാര്യത്തിലാണ്. കേരളത്തില്‍ മൂന്നുകോടി ജനങ്ങളുണ്ട്. 19 % പേര്‍ ക്രൈസ്തവരാണ്. എല്ലാ ക്രൈസ്തവകുടുംബങ്ങളിലും ഒന്നോ അനേകമോ അച്ചായന്‍മാരുണ്ടാകും. എന്നിട്ടും ഭൂമി മലയാളത്തിനാകെ അച്ചായന്‍ ഒരാളേയുള്ളൂ. അതു മാത്തുക്കുട്ടിച്ചായന്‍ എന്ന കെ.എം.മാത്യുവാണ്. ഇപ്പോള്‍ അദ്ദേഹം യാത്രയായിരിക്കുന്നു. മനോരമയ്ക്കകത്തും പുറത്തും മറ്റൊരു അച്ചായന്‍ ഇല്ല. ഇനി ഉണ്ടാകാന്‍ സാധ്യതയുമില്ല.

മിസിസ് കെ. എം. മാത്യു എന്ന അന്നമ്മക്കൊച്ചമ്മയോടുള്ള സ്‌നേഹമോ മാമ്മന്‍ മാത്യു എന്ന മാമ്മന്‍സാറിനോടുണ്ടായിരുന്ന സ്വാതന്ത്ര്യമോ എനിക്കു കെ. എം. മാത്യു എന്ന മാത്തുക്കുട്ടിച്ചായനോടുണ്ടായിരുന്നില്ല. അദ്ദേഹത്തെ നേര്‍ക്കു നേരെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴൊക്കെ ഒരു മഹാസമുദ്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കിടിലം അനുഭവപ്പെട്ടു. 'അറിയാത്ത രഹസ്യങ്ങളെ ഗര്‍ഭം ധരിക്കുന്ന മഹാസമുദ്രം' എന്ന എം.ടി. വാസുദേവന്‍നായരുടെ പ്രയോഗം ഓര്‍മ വന്നു. ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ശരീരം പൊതുദര്‍ശനത്തിനു വച്ച കോട്ടയം കഞ്ഞിക്കുഴിയിലെ രൂപ്കല എന്ന വീട്ടിലേക്കു പ്രവേശിക്കുമ്പോഴും എനിക്ക് അതേ കിടിലം അനുഭവപ്പെട്ടു.

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, ജീവിതത്തിലാദ്യത്തെ കോട്ടയം യാത്രയും മനോരമ ഓഫിസിലേക്കു തന്നെയായിരുന്നു. ബാലജനസഖ്യം പ്രസംഗമല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍ മുന്നിലൊരു തടിക്കസേരയില്‍ വിരിഞ്ഞിരിക്കുന്ന വെള്ള ജൂബക്കാരനായി മാത്തുക്കുട്ടിച്ചായന്‍ കുലുങ്ങിച്ചിരിച്ചിരുന്നു. എന്റെ എന്തു മണ്ടത്തരമാണ് അദ്ദേഹത്തെ അങ്ങനെ ചിരിപ്പിച്ചത് എന്ന് ഓര്‍മ വരുന്നില്ല. പത്തുപതിമൂന്നു വര്‍ഷത്തിനുശേഷം വീണ്ടും മനോരമയില്‍ വച്ചു തന്നെ ഇന്റര്‍വ്യൂ ഹാളില്‍ മുഖാമുഖം കാണുമ്പോള്‍ പഴയ ചാരത്തലമുടി ഏതാണ്ടു പൂര്‍ണമായും വെള്ളിയായിക്കഴിഞ്ഞിരുന്നു. അന്നു നേര്‍ക്കു നേരെയിരിക്കെ, ഇതാണു മുഷ്‌കിനു പേരുകേട്ട പത്രമുതലാളി എന്നു ഞാന്‍ സ്വയം ഓര്‍മിപ്പിച്ചു. ശരിക്കൊന്നു നോക്കിക്കാണാന്‍ ശ്രമിച്ചു. ഇത് ഒരു മനുഷ്യനല്ല, അപാരത ഉള്ളിലടക്കുന്ന സമുദ്രമാണെന്നു ബോധ്യപ്പെട്ടു. പത്രം വായിച്ചു മടക്കി വയ്ക്കുന്ന ലാഘവത്തോടെ, എന്നോടുള്ള 'മതിപ്പി'നെ ഇന്റര്‍വ്യൂവിന്റെ ഉപസംഹാര ചോദ്യത്തിന്റെ രൂപത്തില്‍ അദ്ദേഹം ആവിഷ്‌കരിച്ചത് ഒരു മുന്നറിയിപ്പിന്റെ സ്വരത്തില്‍ ഇങ്ങനെയാണ് : ''മനോരമയില്‍ ഞങ്ങള്‍ക്ക് ഒരു ഡിസിപ്ലിനൊക്കെയുണ്ട്. അതൊന്നും തെറ്റിക്കാന്‍ ആരെയും സമ്മതിക്കുകേല.''

മനോരമയില്‍ ജോലിക്കു ചേര്‍ന്നതിനുശേഷമാണ് മാത്തുക്കുട്ടിച്ചായന്‍ വാസ്തവത്തില്‍ ആരൊക്കെയാണ് എന്നു തിരിച്ചറിയാന്‍ കഴിഞ്ഞത്. അക്കാലത്തൊക്കെ സ്ഥിരമായി അദ്ദേഹം ഈവ്‌നിങ് കോണ്‍ഫറന്‍സിന് എഡിറ്റോറിയലില്‍ എത്തിയിരുന്നു. കൈകള്‍ പിന്നില്‍ക്കെട്ടി വലിയ കുടവയറുമായി ഒരു മഹാരാജാവ് എഴുന്നള്ളുന്ന പ്രൗഢിയോടെ നിശ്ശബ്ദം കടന്നു വരും. അച്ചായനെ കാണുമ്പോള്‍ അന്ന് ഒറ്റ ഹാളായിരുന്ന എഡിറ്റോറിയല്‍ പൂര്‍ണമായും നിശ്ശബ്ദമാകും. എഡിറ്റര്‍മാരോടു കുശലം പറഞ്ഞും കുടുംബവിശേഷം ചോദിച്ചും അച്ചായന്‍ കടന്നുപോകും. ഒരാളെ വീണ്ടും വീണ്ടും കാണുമ്പോള്‍ അപരിചിതത്വം കുറയേണ്ടതാണ്. പക്ഷേ ഓരോ തവണയും മാത്തുക്കുട്ടിച്ചായനെ കാണുമ്പോള്‍ Awe എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം ഹൃദയം കൂടുതല്‍ കൂടുതല്‍ അനുഭവിച്ചു. ആദരസമന്വിതമായ അദ്ഭുതം; സംഭ്രമ ഭരിതമായ വിസ്മയം. കേരള രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ നേരിട്ടറിയുകയും ഒരു പരിധി വരെ അതിനെ നിയന്ത്രിക്കുകയും ചെയ്ത മനുഷ്യന്‍ എന്ന് അദ്ദേഹം കടന്നു വരുമ്പോള്‍ മനസ്സ് ജാഗരൂകമായി. പക്ഷേ, മനോരമ വിട്ടതിനു ശേഷം മാറി നിന്ന് വിലയിരുത്തുമ്പോള്‍ തോന്നുന്നു, കേരള രാഷ്ട്രീയത്തെ മാത്രമല്ല, ഭൂപരിഷ്‌കരണത്തിനുശേഷം കേരള ചരിത്രത്തെത്തന്നെയാണ് മനോരമയിലൂടെ മാത്തുക്കുട്ടിച്ചായന്‍ പരിശീലിപ്പിച്ച കാഴ്ചപ്പാടുകള്‍ മാറ്റി മറിച്ചത്.

വാര്‍ത്തകള്‍ കൊണ്ടു മാത്രമല്ല, പരസ്യങ്ങളുടെ സ്വഭാവം കൊണ്ടും ആഗോളീകരണത്തെ ഏറ്റുവാങ്ങാന്‍ മലയാളികളെ പാകപ്പെടുത്തുന്നതില്‍ അദ്ദേഹം എത്രയോ മുമ്പേ വിജയിച്ചിരുന്നു. കെ.എം. മാത്യു ഒരു പത്രമുതലാളി മാത്രമായിരുന്നില്ല. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ഏറ്റവും നിര്‍ണായകമായ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മറ്റൊരു വിധമായിരുന്നെങ്കില്‍ കേരളചരിത്രവും മറ്റൊരു വിധമാകുമായിരുന്നു. തന്റെ ശക്തിയെക്കുറിച്ച് അദ്ദേഹത്തിന് മറ്റാരെക്കാളും നല്ല ബോധ്യവുമുണ്ടായിരുന്നു. അതുകൊണ്ടാണ് 'എട്ടാമത്തെ മോതിരം' എന്ന തന്റെ ആത്മകഥയില്‍ മറ്റാരെയും വേദനിപ്പിക്കുന്ന യാതൊന്നും അദ്ദേഹം ഉള്‍പ്പെടുത്താതിരുന്നത്. അതുകൊണ്ടാണ് എട്ടാമത്തെ മോതിരത്തിന്റെ ആമുഖമായി ''ആദ്യമേ പറയട്ടെ, എന്റെ ജീവിത കഥയ്ക്ക് കാലത്തിന്റെ വിശാലതയില്‍ എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ലോകഭൂപടത്തില്‍ ഒരു മണല്‍ത്തരിയുടെ വലിപ്പം പോലുമില്ലാത്ത കേരളമെന്നൊരു സ്ഥലത്ത് ജീവിച്ചിരിക്കുന്ന കെ.എം.മാത്യുവിന്, കാലത്തിന്റെ അനന്തമായ പ്രവാഹത്തില്‍ ഒട്ടും പ്രസക്തിയില്ലെന്ന് എനിക്കും നിങ്ങള്‍ക്കുമറിയാം..'' എന്ന് കുറിച്ചിട്ടത്.

ലോകഭൂപടത്തില്‍ ഒരു മണല്‍ത്തരിയുടെ വലിപ്പം പോലുമില്ലാത്ത കേരളമെന്നൊരു സ്ഥലത്തു ജനിച്ചു വളര്‍ന്ന കെ.എം. മാത്യുവിന്റെ പ്രസക്തി മനസ്സിലാക്കാന്‍ കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുപോകണം. ബ്രിട്ടീഷ് ചീവ്‌നിങ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി ലണ്ടനിലെത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ലോര്‍ഡ് സ്വരാജ് പോള്‍ വിരുന്നു നല്‍കിയിരുന്നു. മനോരമയെന്ന മേല്‍വിലാസം അദ്ദേഹത്തിന്റെ മുഖത്തു വിടര്‍ത്തിയ പുഞ്ചിരിയുടെ തെളിച്ചം എനിക്കു മറക്കാന്‍ കഴിയില്ല. സണ്‍ഡേ ടൈംസിലും ഒബ്‌സര്‍വറിലും വെസ്റ്റ് മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലും ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ ഓഫിസിലുമൊക്കെ കെ.എം.മാത്യുവിന്റെയും മൂന്ന് ആണ്‍മക്കളുടെയും ആതിഥ്യം സ്വീകരിച്ചവര്‍ ആരെങ്കിലും അതു സന്തോഷത്തോടെ വെളിപ്പെടുത്തി.

സത്യത്തില്‍ ആരായിരുന്നു കെ.എം.മാത്യു? 1917 ജനുവരിയില്‍ കണ്ടത്തില്‍ കെ. സി. മാമ്മന്‍ മാപ്പിളയുടെയും കുഞ്ഞാണ്ടമ്മയുടെയും മകന്‍. ആരായിരുന്നു കെ. സി. മാമ്മന്‍ മാപ്പിള? പണ്ഡിതനായ കണ്ടത്തില്‍ വറുഗീസ് മാപ്പിള ആരംഭിച്ച മലയാള മനോരമ പത്രത്തിന്റെ ചാലക ശക്തി. 1904ല്‍ വറുഗീസ് മാപ്പിള അന്തരിച്ചു. പത്രത്തിന്റെ ചുമതല സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായി. വറുഗീസ് മാപ്പിളയുടെ മകന്‍ കെ.വി. ഈപ്പന്‍ പത്രത്തിന്റെ ഓഹരികള്‍ മാമ്മന്‍ മാപ്പിളയ്ക്കു വിറ്റു. മാമ്മന്‍ മാപ്പിള വീണ്ടും മനോരമ പത്രാധിപരായി. അക്കാലത്ത് മാമ്മന്‍ മാപ്പിള സഹോദരന്‍ കെ. സി. ഈപ്പനുമായി ചേര്‍ന്നു ട്രാവന്‍കൂര്‍ നാഷനല്‍ ബാങ്ക് ആരംഭിച്ചു. സി.പി. മാത്തന്റെ ക്വയിലോണ്‍ ബാങ്കും മാമ്മന്‍ മാപ്പിളയുടെ നാഷനല്‍ ബാങ്കും ലയിച്ച് ക്വയിലോണ്‍ നാഷനല്‍ ബാങ്കിനു രൂപം നല്‍കി. 1937-ലെ സംയോജനത്തിനുശേഷം ആസ്തി നാലു കോടി. അക്കാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍. സി.പിയുടെ വിദ്വേഷക്കൊടുങ്കാറ്റില്‍ ക്വയിലോണ്‍ നാഷനല്‍ ബാങ്ക് തകര്‍ന്നു. സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് 1938 ഒക്‌ടോബര്‍ 22-ന് മാമ്മന്‍മാപ്പിളയെയും മകന്‍ കെ.എം. ഈപ്പനെയും അറസ്റ്റ് ചെയ്തു. മനോരമ പത്രം കണ്ടുകെട്ടി. മാമ്മന്‍ മാപ്പിള മൂന്നു വര്‍ഷം ജയിലില്‍ കിടന്നു. ജയിലില്‍ വച്ച് കെ.എം. ഈപ്പന്‍ മരണമടഞ്ഞു. നീണ്ട ഒമ്പതു വര്‍ഷം മനോരമ അടഞ്ഞു കിടന്നു.

മാമ്മന്‍മാപ്പിള ജയിലില്‍നിന്ന് ഇറങ്ങിയതിനുശേഷമുള്ള ആറു വര്‍ഷം കുടുംബത്തെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. മനോരമയുടെ പുന:പ്രസിദ്ധീകരണം വരെ മാമ്മന്‍മാപ്പിളയുടെ മക്കള്‍ പലയിടത്തായി ചിതറിപ്പോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാന്‍ അധ്വാനിച്ചു. മൂത്ത മകന്‍ കെ. എം. ചെറിയാന്‍ കോട്ടയത്തെത്തി കൃഷിയും വളം നിര്‍മാണ കമ്പനിയും ഫര്‍ണിച്ചറുണ്ടാക്കി ബോംബെയിലേക്ക് അയയ്ക്കുന്ന സ്ഥാപനവും നടത്തി. കെ.എം. ഉമ്മന്‍ ഇന്‍ഷുറന്‍സ് ക്യാന്‍വാസിങ്ങും കെ. എം. മാമ്മന്‍ മാപ്പിളയുടെ ബലൂണ്‍ ഫാക്ടറിയില്‍ സഹായവുമായി കൂടി. കെ.എം. ഈപ്പന്‍ തോട്ടങ്ങളുടെ മേല്‍നോട്ടത്തിനുവേണ്ടിയുള്ള യങ് ഇന്ത്യ ഏജന്‍സിയുടെ പ്രവര്‍ത്തനത്തില്‍ മുഴുകി. കെ.എം. വര്‍ഗീസ് മാപ്പിള ചിക് മഗ്‌ലൂര്‍ എസ്‌റ്റേറ്റുകളുടെയും ബാലന്നൂര്‍, ഡെവണ്‍, ഭദ്ര തുടങ്ങിയ കമ്പനികളുടെയും ഗ്രൂപ്പ് മാനേജരായി. കെ.എം. ഫിലിപ്പ്, തേയില, കാപ്പി ബിസിനസില്‍. ഏക സഹോദരി മറിയക്കുട്ടി ഭര്‍ത്താവിനോടൊപ്പം ബാംഗ്ലൂരില്‍. കെ.എം. മാമ്മന്‍ മാപ്പിള ബലൂണ്‍ നിര്‍മാണ യൂണിറ്റും 1946-ല്‍ മദ്രാസ് റബര്‍ ഫാക്ടറിയും ആരംഭിച്ചു. മാത്തുക്കുട്ടിച്ചായന്‍ ആദ്യം ചിക്മഗലൂര്‍ എസ്‌റ്റേറ്റില്‍ ചേര്‍ന്നു. പിന്നീട് ബോംബെയില്‍ ബലൂണ്‍ വില്‍പന. അതു കഴിഞ്ഞു ബോംബെയില്‍ റബര്‍ മാനുഫാക്ചറിങ് ഫാക്ടറി തുടങ്ങി.

സര്‍. സി.പിയ്ക്കു വെട്ടേറ്റതിനെ തുടര്‍ന്നു തിരുവിതാംകൂറില്‍ ദിവാന്‍ ഭരണം അവസാനിച്ചു. മനോരമയുടെ നിരോധനം നീങ്ങി. 1947 നവംബര്‍ 29-ന് വീണ്ടും മനോരമ ഇറങ്ങി. 1954 വരെ കെ.എം. ചെറിയാന്‍ മനോരമ നടത്തി. സാമ്പത്തിക പ്രയാസങ്ങള്‍ വര്‍ധിച്ചപ്പോള്‍ കെ.എം. ചെറിയാനെ സഹായിക്കാന്‍ കെ. എം. മാത്യു ക്ഷണിക്കപ്പെട്ടു. മാത്തുക്കുട്ടിച്ചായന്‍ മനോരമയില്‍ ചുമതലയേല്‍ക്കുന്നതു മുതല്‍ മനോരമയുടെയും മലയാള പത്രപ്രവര്‍ത്തനത്തിന്റെയും തലയിലെഴുത്തു മാറുകയായിരുന്നു. മനോരമ വീണ്ടും തുടങ്ങുമ്പോള്‍ കോട്ടയത്തു നാലു പത്രങ്ങളുണ്ട് - ദീപിക, പൗരദ്ധ്വനി, കേരളഭൂഷണം, ദേശബന്ധു. നാലാം സ്ഥാനത്തായിരുന്നു മനോരമ. 1961-ല്‍ ഒരു ലക്ഷം കോപ്പിയായി. 1967-ല്‍ മനോരമയുടെ പ്രചാരം രണ്ടു ലക്ഷം കോപ്പി കവിഞ്ഞു.

2006-ല്‍ 15 ലക്ഷം തികഞ്ഞു. ഇന്ന് 18 ലക്ഷം പ്രചാരവും 48 പ്രസിദ്ധീകരണങ്ങളുമുള്ള ഒരു വന്‍കിട ബിസിനസ് ഗ്രൂപ്പ് ആയി. മനോരമയുടെ ചരിത്രം മാത്തുക്കുട്ടിച്ചായന്റെ ജീവചരിത്രമാകുന്നത് അതുകൊണ്ടാണ്. മനോരമയെ ഒരു വ്യവസായ സ്ഥാപനമാക്കിത്തീര്‍ത്തത് അദ്ദേഹമാണ്. ശാസ്ത്രീയമായി വകുപ്പു വിഭജനം നടത്തി. മാനേജ്‌മെന്റ് കണ്‍സള്‍ട്ട്‌മെന്റുമാരെ വരുത്തി പത്രത്തിന്റെ അകവും പുറവും മെച്ചപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ തേടി. അടിസ്ഥാനപരമായി പ്ലാന്റര്‍ ആണു താനെന്ന് അദ്ദേഹം ആത്മകഥയിലൊരിടത്തു പറഞ്ഞിട്ടുണ്ട്. ഒരു വിത്തു മുളപ്പിച്ച് വളമിട്ട് പരിചരിച്ച് വന്‍ വൃക്ഷമാക്കിയെടുക്കാന്‍ ചില മനുഷ്യര്‍ക്ക് സഹജമായ സാമര്‍ഥ്യമുണ്ടായിരിക്കും. പത്രത്തിന്റെ ഭാഷയും ഭംഗിയും ഉള്ളടക്കവും പരസ്യവും ഉള്‍പ്പെടെ എല്ലാം മെച്ചപ്പെടുത്താന്‍ അദ്ദേഹം നിരന്തരം പ്രയത്‌നിച്ചു. പഠിക്കുമ്പോള്‍ സ്‌പോര്‍ട്‌സിലായിരുന്നു കൂടുതല്‍ കമ്പമെന്നതുകൊണ്ടാകാം, കൂടുതല്‍ ശക്തി കൂടുതല്‍ ഉയരം കൂടുതല്‍ വേഗമെന്ന് അദ്ദേഹം ജീവിതാന്ത്യം വരെ ശാഠ്യം പിടിച്ചത്.

കേരളത്തിന് അതുവരെ അന്യമായിരുന്ന ഒരു തൊഴില്‍ സംസ്‌കാരം കൂടി അദ്ദേഹം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ തൊഴിലാളികള്‍ പണിമുടക്കാന്‍ വിസമ്മതിച്ചു. പേരും കുടുംബചരിത്രവും വരെ ഓര്‍ത്തുവയ്ക്കുന്ന മുതലാളിക്കു മുമ്പില്‍ അടവുകളിറക്കാന്‍ ആര്‍ക്കും എളുപ്പമായിരുന്നില്ല. അവരുടെ ജീവിതത്തിന്റെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ കൈത്താങ്ങ് എപ്പോഴുമുണ്ടായി. അത്യല്‍പത്തില്‍ വിശ്വസ്തരായവരേ അധികത്തിലും വിശ്വസ്തരാകൂ എന്ന് അദ്ദേഹം മനോരമയുടെ ആത്മാവില്‍ കൊത്തിവച്ചു. ജീവനക്കാര്‍ക്ക് ചികില്‍സച്ചെലവുകള്‍ കണക്കുനോക്കാതെ അനുവദിക്കുന്ന അതേ മാത്തുക്കുട്ടിച്ചായന്‍തന്നെ വി.കെ. ഭാര്‍ഗവന്‍നായര്‍ എന്ന വി.കെ.ബിയോട് മനോരമയില്‍ ജോലി ചെയ്തു കൊണ്ട് മനോരമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും കെ.ആര്‍. ചുമ്മാറിന് എം.പി. സ്ഥാനം വാഗ്ദാനം ചെയ്ത കെ. കരുണാകരനോട് 'എം.പി. ആകുന്നതു നല്ല കാര്യമാണ്. പക്ഷേ ചുമ്മാര്‍ ഒന്നുകില്‍ എം.പി. ആകണം, അല്ലെങ്കില്‍ മനോരമയിലെ റെസിഡന്റ് എഡിറ്റര്‍. രണ്ടും കൂടി ഒരേ സമയത്തു പറ്റില്ല' എന്ന് അറുത്തുമുറിച്ചു പറഞ്ഞു. ഞങ്ങള്‍ക്കിവിടെ വലിയ മിടുക്കന്‍മാരെയും തീരെ മണ്ടന്‍മാരെയും ആവശ്യമില്ലെന്ന് ബുദ്ധിജീവികളായ ട്രെയിനികളുടെ അഹന്തയുടെ മുനയൊടിച്ചു. പത്ര ഡിസക്ഷന്‍ വേളകളില്‍ തെറ്റുകള്‍ അധികമായാല്‍ മനോരമ നിലനില്‍ക്കുന്നത് ദൈവാനുഗ്രഹം കൊണ്ടും സര്‍ക്കുലേഷന്‍ വിഭാഗത്തിന്റെ മിടുക്കുകൊണ്ടുമാണെന്നു എഡിറ്റര്‍മാരെ നമ്രശിരസ്‌കരാക്കി. മനോരമയെ അദ്ദേഹം വെറുമൊരു പത്രമോ സ്ഥാപനമോ അല്ലാതാക്കി. അത് ഒരു ജീവിതരീതിയാക്കി.

കെ. സി. മാമ്മന്‍ മാപ്പിളയെയും കെ.എം. ചെറിയാനെയും പോലെ പത്രാധിപരായിരുന്നില്ല കെ. എം. മാത്യു എന്ന് പലരും ആരോപിക്കാറുണ്ട്. അദ്ദേഹം അടിമുടി വ്യവസായിയായിരുന്നു. കോട്ടയത്തെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ക്ഷോഭം വകവയ്ക്കാതെ, മലങ്കര സഭാ വഴക്കില്‍ 'എനിക്കെന്റെ സ്ഥാപനമാണു വലുത് ' എന്ന് തിരുമേനിയുടെ മുഖത്തുനോക്കി അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ സ്ഥാപനത്തിലെ ഓരോ പ്രസിദ്ധീകരണത്തെക്കുറിച്ചും അവയുടെ വായനക്കാരെക്കുറിച്ചും മറ്റേതു പത്രമുടമയെക്കാളും വ്യക്തമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. മാതൃഭൂമി ആരോഗ്യമാസിക എഡിറ്ററോട് 'ഞങ്ങളിതു നേരത്തെ തുടങ്ങേണ്ടിയിരുന്നു ' എന്ന നിരാശ രേഖപ്പെടുത്താന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളിലെ പ്രമേഹമോ മറ്റോ ആയിരുന്നു ഒരിക്കല്‍ 'ദ് വീക്ക് ' വാരികയുടെ കവര്‍ സ്‌റ്റോറി. ഓമനത്തമില്ലാത്ത ചീര്‍ത്ത ഒരു കുട്ടിയുടെ മുഖചിത്രമുള്ള വാരിക അദ്ദേഹം കയ്യിലെടുത്തു നോക്കിയിട്ട് എഡിറ്ററോടു ചോദിച്ചു- ഇതാരെങ്കിലും വാങ്ങുമോ? ആ മുഖം കുറച്ചു കൂടി ക്യൂട്ട് ആയിരുന്നെങ്കില്‍...!

മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ കവിതകളുടെ എണ്ണം കുറയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചപ്പോള്‍ തപാലില്‍ ഏറ്റവും കൂടുതല്‍ വരുന്നത് കവിതകളാണെന്ന് ജോലിയില്‍ പുതുമുഖമായിരുന്ന സബ് എഡിറ്റര്‍ വാദിച്ചു. അദ്ദേഹത്തിന്റെ മറുപടി കൃത്യമായിരുന്നു - 'ഓ, അതു കാര്യമാക്കാനില്ല. പത്തു പതിനെട്ടു വയസ്സുള്ള പിള്ളേര് എഴുതി അയയ്ക്കുന്നതാണ്.' മറ്റേതു പത്രമുതലാളിക്കുണ്ടാകും, ഇത്തരമൊരു മറുപടി? ആഴ്ചപ്പതിപ്പിലെ നോവലുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്നെ പലപ്പോഴും ഞെട്ടിപ്പിച്ചിട്ടുണ്ട്. നോവല്‍ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തവും കൃത്യവുമായ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമുണ്ടാകും. അത് ഒരു കച്ചവടക്കാരന്റെ നിര്‍ദേശങ്ങളല്ല. ഉപഭോക്താവിന്റെ ബോധ്യങ്ങളും ആവശ്യങ്ങളുമാണ്.

അദ്ദേഹത്തെ ഒരു വെറും മുതലാളി അല്ലാതാക്കിയ സ്വഭാവവിശേഷങ്ങളിലൊന്ന് വിമര്‍ശനങ്ങളെ നേരിടാനുള്ള കഴിവായിരുന്നു. എം.ഡി. സെമിനാരി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ ഡിബേറ്റില്‍ പങ്കെടുത്തിരുന്നതിന്റെ ഗുണം ദേശാഭിമാനിയുടെ കോട്ടയം പതിപ്പിന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ് മനസ്സിലായത്. എഴുതി തയാറാക്കിയ പ്രസംഗം മാറ്റി വച്ച് ഇ.എം.എസിന്റെ വിമര്‍ശനങ്ങള്‍ക്കു നല്‍കിയ മറുപടി മനോരമ കുടുംബാംഗങ്ങളെ ആവേശഭരിതരാക്കി. '' ക്വിറ്റിന്ത്യാ സമരത്തെ എതിര്‍ത്തു കൊണ്ടും ബ്രിട്ടീഷുകാരെ അനുകൂലിച്ചുകൊണ്ടുമായിരുന്നു ദേശാഭിമാനി 1942-ല്‍ ആരംഭിച്ചത്. അതു തെറ്റായിരുന്നുവെന്നു പാര്‍ട്ടി പിന്നീടു വിലയിരുത്തി. ഞങ്ങള്‍ എന്തൊക്കെയോ വളച്ചൊടിക്കുന്നുവെന്ന് അപ്രിയ സത്യങ്ങള്‍ കാണുമ്പോള്‍ ദേശാഭിമാനി പറയാറുണ്ട്. ആ വിദ്യയില്‍ ദേശാഭിമാനിക്കു ശിഷ്യപ്പെടേണ്ടവരാണു ഞങ്ങള്‍... '' എന്ന് അച്ചായന്‍ നിര്‍ഭയം പ്രഖ്യാപിച്ചു. 'ഓര്‍മയുടെ ഞരമ്പിന് ' അങ്കണം സാഹിത്യ അവാര്‍ഡ് വാങ്ങാന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ ഞാന്‍ പ്രഫ. എം. കൃഷ്ണന്‍നായരെ കണ്ടതും മറക്കാന്‍ കഴിയില്ല. അദ്ദേഹം സംസാരിച്ചത് 'മാത്യു സാറിന്റെ തറവാടിത്തത്തെ'ക്കുറിച്ചാണ്. 'കണ്ണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക അഡ്വാന്‍സ് ആയി തരണം, ലേഖനങ്ങള്‍ എഴുതിത്തന്നു കടം വീട്ടാ'മെന്ന് കൃഷ്ണന്‍നായര്‍ സാര്‍ എഴുതിയ കത്തിന് മാത്തുക്കുട്ടിച്ചായന്റെ മറുപടി ഇരുപത്തയ്യായിരം രൂപയുടെ ഡ്രാഫ്റ്റും 'അങ്ങയുടെ കണ്ണുകള്‍ മലയാളസാഹിത്യത്തിന് ആവശ്യമുണ്ട് ' എന്ന കത്തും ആയിരുന്നു.
ഞാന്‍ മനോരമയില്‍ പതിമൂന്നു വര്‍ഷമേ ജോലി ചെയ്തുള്ളൂ. ഒരേ ജോലി തുടര്‍ച്ചയായി ചെയ്തു വീര്‍പ്പുമുട്ടലുണ്ടായപ്പോഴൊക്കെ വാര്‍ധക്യത്തെ കര്‍മനിര്‍ഭരമാക്കുന്ന മാത്തുക്കുട്ടിച്ചായനെ ഞാന്‍ അസൂയയോടെ നോക്കി. മനോരമയാകട്ടെ, പത്രമാകട്ടെ, ബിസിനസാകട്ടെ മാത്തുക്കുട്ടിച്ചായന് മടുപ്പുണ്ടാക്കിയിട്ടില്ല.

വാര്‍ധക്യം ഒരു മാനസികാവസ്ഥയാണെന്ന്, 1972-ല്‍, അമ്പത്തിയഞ്ചാം വയസ്സില്‍, ആദ്യത്തെ ഹൃദയാഘാതം നേരിട്ട മാത്തുക്കുട്ടിച്ചായന്‍ ഇരിപ്പിലും നടപ്പിലും വിളിച്ചു പറഞ്ഞു. മനോരമ ചക്രവാളങ്ങള്‍ക്കപ്പുറത്തേക്കു വളരണമെന്നത് അദ്ദേഹത്തിന് ഒരു അഭിവാഞ്'യായിരുന്നു. അതിനു പിന്നില്‍ കൂടുതല്‍ പണം തന്റെ ബാങ്ക് അക്കൗണ്ടിലെത്തണമെന്ന ആഗ്രഹമായിരുന്നില്ല. ഞാന്‍ കാണുന്ന കാലം മുതല്‍ കെ. എം. മാത്യുവിന്റെ ജീവിതം തീര്‍ത്തും ലളിതമായിരുന്നു. അദ്ദേഹത്തിന്റെ രൂപ്കല എന്ന വീട്ടില്‍ മലയാളത്തിലെ ഒരു മൂന്നാം കിട സിനിമാതാരത്തിന്റെ വീടിന്റെ ആഡംബരം പോലുമില്ല. തൂവെള്ള വസ്ത്രവും ലളിതമായ ഭക്ഷണവും. മനോരമയുടെ പ്രചാരം കൂടിയ ഒരു വേളയില്‍ ഈ സമ്പാദ്യമൊക്കെ ഇദ്ദേഹം എന്തു ചെയ്യുന്നു എന്നൊരു സംശയം തോന്നി. അതിനു മറുപടി ഒരു ടിവി അഭിമുഖത്തില്‍നിന്നാണ് കിട്ടിയത് - 'കിട്ടുന്നതൊക്കെ ഞാന്‍ മനോരമയില്‍ തന്നെ ഇടും.' കിട്ടുന്ന ലാഭം ബിസിനസില്‍ വീണ്ടും നിക്ഷേപിക്കുന്ന മാനസികാവസ്ഥയും ഒരു തരം സന്ന്യാസമാണ്.

മായയില്‍ മുഴുകി കര്‍മം തുടരുകയും അതേസമയം എല്ലാം മായയാണെന്നു സദാ ഓര്‍മിക്കുകയും...
പതിമൂന്നു കൊല്ലത്തെ സേവനത്തിനിടയില്‍ മാത്തുക്കുട്ടിച്ചായന്‍ ശകാരിക്കുന്നതെങ്ങനെ എന്നു നേരിട്ടു മനസ്സിലാക്കാന്‍ അവസരമുണ്ടായില്ല. ഔദാര്യം കൊണ്ടു വീര്‍പ്പുമുട്ടിക്കാനും ദാക്ഷിണ്യരാഹിത്യം കൊണ്ട് തവിടുപൊടിയാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് കേട്ടിട്ടേയുള്ളൂ. ഇടയ്‌ക്കൊക്കെ അഭിനന്ദിക്കാന്‍ മുറിയിലേക്കു വിളിക്കപ്പെട്ടു. വിളിക്കുമ്പോഴൊക്കെ സ്വന്തം സ്മരണകളുടെ ഇതളുകള്‍ സമ്മാനിച്ചു. 'എട്ടാമത്തെ മോതിരം ' വായിച്ചപ്പോള്‍ തോന്നി, മാത്തുക്കുട്ടിച്ചായന്റെ പത്തു വിരലുകളിലൊന്നിന്റെ അടയാളമേ ഈ മോതിരത്തിലുള്ളൂ. ബാക്കി ഒമ്പതു വിരലടയാളങ്ങള്‍ അവശേഷിക്കുന്നു. എത്രയോ ആക്രമണങ്ങളുടെയും മുറിവുകളുടെയും തഴമ്പുകള്‍ ആ വിരലുകളില്‍ അദ്ദേഹം മറച്ചു പിടിച്ചു. വിട്ടുപോരുന്നതിന് കുറച്ചു കാലം മുമ്പാണ് മങ്ങിപ്പോകുന്ന ഓര്‍മയെക്കുറിച്ചു സംസാരിച്ചത്. ''എനിക്ക് ഒരു ഭയമേയുള്ളൂ, സെനൈല്‍ ആകുമോ എന്ന്. '' പേരക്കുട്ടിയുടെ പേര് ഓര്‍ത്തെടുക്കാന്‍ കഴിയാതെ കുഴങ്ങിയത് കേട്ടു ഞാന്‍ തരിച്ചു പോയി. പക്ഷേ അദ്ദേഹം ചിരിച്ചു കൊണ്ടാണ് അതു വിവരിച്ചത്. 'വയസ്സായി. ജോലി ചെയ്യുമ്പോള്‍ അതറിയുകയില്ല.' മരിക്കുന്നതിനു തലേന്നു വരെ മാത്തുക്കുട്ടിച്ചായന്‍ ജോലി ചെയ്തു. ഒരാളെ വിലയിരുത്തേണ്ടത് മരണം കൊണ്ടാണെങ്കില്‍ മാത്തുക്കുട്ടിച്ചായനെ ആരാധനയോടെയേ കാണാന്‍ കഴിയൂ. തലേന്നു കുടുംബത്തിലെ പേരക്കുട്ടിയുടെ മക്കളെ ലാളിച്ചു. രാത്രി ടിവി കണ്ടു. പുലര്‍ച്ചെ അഞ്ചേ മുക്കാലിന് കൈയ്ക്ക് വിറയലുണ്ടായി. ആറു മണിക്ക് ഡോക്ടര്‍ എത്തിയപ്പോഴേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞായറാഴ്ച. മനോരമയുടെ ഒരു വിഭാഗത്തിന്റെയും ജോലികള്‍ തടസ്സപ്പെടുത്തിയില്ല. അച്ചാച്ചന്‍ കഷ്ടപ്പെടുന്നല്ലോ എന്ന് മക്കളെ സങ്കടപ്പെടുത്തിയില്ല.

'മനോരമയില്‍ ഒരു ഡിസിപ്ലിനൊക്കെയുണ്ട് ' എന്ന മാത്തുക്കുട്ടിച്ചായന്റെ വാക്കുകള്‍ ഞാനിടയ്ക്കിടെ ഓര്‍ത്തിരുന്നു. മനോരമയിലെ പത്രപ്രവര്‍ത്തകര്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയും നോവലും എഴുതുന്നതു വിലക്കുന്ന നിയമം വന്നപ്പോള്‍, ഡിസിപ്ലിന്‍ തെറ്റിക്കാതിരിക്കാന്‍ ഞാന്‍ പുറത്തുപോയി. ടാഗോറിന്റെ കൂട്ടിലെ കിളിയും ആകാശത്തിലെ കിളിയും തമ്മിലുള്ള സംഭാഷണം എന്റെ ഹൃദയത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. കൂട്ടിനുള്ളില്‍ ചിറകു വിടര്‍ത്താനിടമുണ്ടായിരുന്നില്ലല്ലോ എന്ന് എഴുത്തുകാരി സ്വയം ന്യായീകരിച്ചു. പക്ഷേ ആകാശത്തു പിടിച്ചിരിക്കാന്‍ അഴികളില്ലല്ലോ എന്ന് വീട്ടമ്മ വ്യാകുലപ്പെട്ടു. അതിനടുത്ത ദിവസം വൈകിട്ടു യാത്ര പറയാന്‍ ഞാന്‍ രൂപ്കലയിലേക്കു വിളിപ്പിക്കപ്പെട്ടു. അന്നമ്മക്കൊച്ചമ്മയുടെ മരണത്തിനു ശേഷം ഞാന്‍ ആദ്യമായി പോകുകയായിരുന്നു അവിടെ. തൂവെള്ള ജൂബയും മുണ്ടും ധരിച്ച് വെണ്‍മയുടെ ആള്‍രൂപമായി അച്ചായനെ കണ്ടു. എനിക്കു ചായ തന്നു. കുറേ സംസാരിച്ചു. എനിക്കു ഗോള്‍ഡന്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കാനാണു വിളിപ്പിച്ചത് എന്നും ലക്ഷങ്ങളുടെ ചെക്ക് നല്‍കിയെന്നുമുള്ള കഥകള്‍ പിന്നീടു കേട്ടു.

അന്നു ഞങ്ങളുടെ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു :
''മനോരമയില്‍നിന്ന് രാജി വച്ചു പോകുന്നവര്‍ ചിലപ്പോഴൊക്കെ അബദ്ധത്തില്‍ ചാടും, നമ്മള്‍ പലതും പ്ലാന്‍ ചെയ്യും. പക്ഷേ unforeseen ആയ ചിലതൊക്കെ സംഭവിച്ചെന്നു വരും. പണ്ട് സി.പി. ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ സി.പിയെ മാറ്റാന്‍ എന്റെ ഫാദര്‍ ശ്രമം നടത്തി. സി.പി. അന്നത്തെ വൈസ്രോയി വില്ലിങ്ടണ്‍ പ്രഭുവിന്റെ ഇഷ്ടക്കാരനായിരുന്നു. വൈസ്രോയിയെ മാറ്റാന്‍ സി.എഫ്. ആന്‍ഡ്രൂസ് വഴി ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അപ്പച്ചന്‍ ശ്രമിച്ചു. പക്ഷേ തലനാരിഴയ്ക്ക് ആ ശ്രമം പാളി. അല്ലായിരുന്നെങ്കില്‍ മനോരമയുടെ ചരിത്രം മറ്റൊന്നായിരുന്നേനെ. അതുകൊണ്ട് എന്റെ ഫാദര്‍ എപ്പോഴും പറയുമായിരുന്നു-നമ്മളെന്തു തീരുമാനിച്ചാലും അതു നടക്കണമെന്നില്ല. unforeseen ആയ പ്രതിസന്ധികള്‍ ആര്‍ക്കും ഉണ്ടാകാം. അതു നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റില്ല. ''

''അങ്ങനെ അണ്‍ഫോര്‍സീന്‍ പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ അച്ചായന്‍ അനുഗ്രഹിക്കണം.''
'' മീരയ്ക്ക് ആ കുഴപ്പമുണ്ടാകുകയില്ല. പക്ഷേ, ഞങ്ങളുടെ അടുത്തു നിന്ന് ഒരുപാടു പേര്‍ രാജി വച്ചു പോകും. പോകുന്നവര്‍ പലരും വീണ്ടും വരാറുണ്ട്, മനോരമയില്‍ ഒരു ജോലി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. പറ്റുന്ന സഹായം ചെയ്തു കൊടുക്കാന്‍ ഞാന്‍ പിള്ളേരോടു പറയാറുണ്ട്. ''

എന്റെ ഉള്ളൊന്നു കാളി. അങ്ങനെ വീണ്ടും സഹായം ചോദിച്ചു വരാതിരിക്കാനും അച്ചായന്‍ അനുഗ്രഹിക്കണം - ഞാന്‍ പറഞ്ഞു. എന്നെ ആ വാക്കുകള്‍ വിഷമിപ്പിച്ചെന്നു തോന്നിയിട്ടാവും, അച്ചായന്റെ ശബ്ദം പെട്ടെന്ന് ആര്‍ദ്രമായി.
''അല്ലല്ല, ഞാന്‍ മീരയോടാണോ മീര എന്നോടാണോ സഹായം ചോദിക്കേണ്ടി വരികയെന്ന് ആര്‍ക്കറിയാം... !''
- അപ്പോള്‍ ഞാന്‍ തോറ്റു. ഈ വലിയ ലോകത്ത് ഒരൊറ്റ പത്രമുതലാളിക്കേ തന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച, പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ഒരു തൊഴിലാളിയോട് ഈ വാക്കുകള്‍ പറയാനുള്ള wisdom അഥവാ അനുഭവാര്‍ജ്ജിത ജ്ഞാനം ഉണ്ടാകൂ. അതാണ് കെ. എം. മാത്യു എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

മാത്തുക്കുട്ടിച്ചായന്‍ എനിക്കു നല്‍കിയ കോംപന്‍സേഷന്‍ പണമല്ല. എന്റെ വാര്‍ധക്യത്തില്‍ ഇതേ wisdom എനിക്കും ഉണ്ടാകണേ എന്ന പ്രാര്‍ഥനയാണ്.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)