അങ്ങനെയുമൊരു കാലം വരും
Monday, August 16, 2010 (Madhyamam)
ഒരു ജാതിയില്‍പ്പെട്ടവര്‍ ആ ജാതിയില്‍ മാത്രമായും ഒരു മതത്തില്‍പ്പെട്ടവര്‍ ആ മതത്തില്‍ മാത്രമായും അവസാനിക്കുന്നൊരു കാലം വന്നാല്‍ അതോടെ പൊതുജീവിതം അസാധ്യമാകും. വിമര്‍ശാത്മകമായും യുക്തിപൂര്‍വമായും പരസ്‌പരം ഇടപെടാന്‍ കഴിയുംവിധം മനുഷ്യജീവിതം വിസ്തൃതവും അഗാധവുമാവുമ്പോഴാണ് 'പൊതുജീവിതം' ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പുളകപശ്ചാത്തലമാവുന്നത്.
'പൊതു' എന്നത് ചിലര്‍ തെറ്റിദ്ധരിക്കുന്നതുപോലെ സര്‍വമനുഷ്യരും ഒരുപോലെയാകലോ അദൃശ്യമായ 'അധികാരം' മുഖ്യമാക്കിയ 'പ്രവണത'യെ പേടിച്ച് പിന്തുണക്കലോ അല്ല. മറിച്ച്, സമസ്ത വൈവിധ്യങ്ങള്‍ക്കും ജനാധിപത്യപരമായി വികസിക്കാനുള്ള ഒരന്തരീക്ഷം ഒരുക്കലാണ്. അപരരായി ആരുമില്ലാത്തവിധത്തിലുള്ള ആദര്‍ശാത്മകമായ ഒരവസ്ഥ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളില്‍വെച്ചാണ് 'പൊതുവേദികള്‍' വികസിക്കുന്നത്.
പൊതുവേദികള്‍ പൊളിയുമ്പോള്‍ തല്‍സ്ഥാനത്ത് 'സ്വകാര്യവേദികള്‍' ശക്തിയാര്‍ജിക്കും. അതോടെ 'പൊതുജീവിത'മെന്നത് പോയകാലത്തിന്റെ സ്മരണയോ നാളെ പിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്‌നമോ ആയി പരിമിതപ്പെടും. പൊതുവായതൊക്കെയും കൊള്ളരുതാത്തതായും സ്വകാര്യമായതൊക്കെ കൊള്ളാവുന്നതായും തുടര്‍ന്ന് പരസ്യം ചെയ്യപ്പെടും! മനുഷ്യരെന്നത് ജാതി-മതങ്ങള്‍ 'സുരക്ഷിതമാക്കിയ' പരമ്പരാഗത കുടുംബത്തില്‍ ശാശ്വതമായി സൂക്ഷിക്കപ്പെടാനുള്ള ഒരു 'ചരക്കായി' അതോടെ ചുരുങ്ങും. എന്നാല്‍, മനുഷ്യരെന്നത് പണിതീര്‍ന്ന ഒരു 'ചരക്കല്ലെന്നും' പണിതുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നും ആഴത്തില്‍ തിരിച്ചറിയുന്ന മുറക്ക് ഓരോ മനുഷ്യനും പുതിയ ഉള്ളടക്കങ്ങള്‍ അനിവാര്യമാക്കുന്ന പുതിയ രൂപങ്ങളെ ആശ്ലേഷിക്കേണ്ടിവരും. 'അറിയാതെ'യാണെങ്കിലും ഒരു ഭാഗത്ത് അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യര്‍തന്നെയാണ് മറുഭാഗത്ത് 'അറിഞ്ഞു'കൊണ്ട് അതിനെ പ്രതിരോധിക്കുന്നത്.
നാട്ടില്‍ പരിമിതമായ തോതിലെങ്കിലും 'മനുഷ്യരും' വീട്ടില്‍ പരമാവധി 'മൃഗ'ങ്ങളുമായിത്തീരുന്ന മനുഷ്യരാണ് 'ദുരഭിമാനഹത്യകള്‍ക്ക്' നേതൃത്വം നല്‍കുന്നത്. പരസ്‌പരം അത്രമേല്‍ ഇഷ്ടമാകയാല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചവരെ ആഭിജാത്യത്തിന്റെ പേരു പറഞ്ഞ് കൊല്ലുന്ന ആഭാസത്തെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ 'ഹോണര്‍ കില്ലിങ്' എന്നും മലയാളത്തില്‍ 'അഭിമാനഹത്യ'യെന്നും ആദ്യം ഒരു ജാള്യതയുമില്ലാതെ പ്രയോഗിച്ചത് വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അബോധ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാന്‍ ഒരുവിധ പ്രയാസവുമില്ല. 'പൊതുജീവിത'ത്തെ ഏതറ്റംവരെയും പ്രതിരോധിക്കുന്ന ഒരു വീട്ടടിമത്തത്തെയാണ് ആ വാക്ക് നിര്‍ലജ്ജം വിളംബരംചെയ്തത്. നമ്മുടെ ബഹുമാനപ്പെട്ട കോടതിപോലും 'അഭിമാനഹത്യ'ക്ക്, കുടുംബാഭിജാത്യത്തിന്റെ പേരില്‍ 'വധശിക്ഷയില്‍' വരെ ഇളവനുവദിച്ചത് അടുത്തകാലത്താണ്. സൂക്ഷ്മാര്‍ഥത്തില്‍, സാധാരണ കൊലക്കുറ്റത്തേക്കാള്‍ അധികം ശിക്ഷ വിധിക്കേണ്ട 'അസാധാരണ കൊലക്കുറ്റം' എന്ന വകുപ്പിലാണ് 'ദുരഭിമാനഹത്യകള്‍' ഉള്‍പ്പെടുത്തപ്പെടേണ്ടത്.
മക്കളെ സ്‌നേഹിക്കുന്ന രക്ഷിതാക്കള്‍തന്നെ ജാതിമാറി മതം മറന്ന് കല്യാണം കഴിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ കൊല്ലുമ്പോള്‍, നിരന്തര സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ വന്ന 'പൊതുജീവിത'ത്തിനാണ് പരിക്കേല്‍ക്കുന്നത്. ഒരര്‍ഥത്തില്‍ 'സ്വകാര്യവത്കരിക്കപ്പെട്ട' വീട് പരിമിതമായ തോതിലെങ്കിലും 'പൊതുവായി'ത്തീര്‍ന്ന നാടിനെ വളഞ്ഞിട്ട് വേട്ടയാടുന്നതാണ് നാമിപ്പോള്‍ കാണുന്നത്. പൊതുജീവിതത്തിന്റെ പ്രകാശം വന്നുവീഴാത്ത വീടുകളുടെ അന്ധകാരാവൃതമായ പാതാളക്കുഴികളില്‍വെച്ചാണ് 'ദുരഭിമാനഹത്യകള്‍' നടക്കുന്നതെങ്കില്‍, വേണ്ടവിധം വെളിച്ചം വന്നുവീഴാത്ത വീടുകളുടെ നടുത്തളങ്ങളില്‍വെച്ചാണ് 'അകറ്റിനിര്‍ത്തലുകള്‍' ആഘോഷിക്കപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വന്തം മതവിശ്വാസങ്ങള്‍ നിര്‍വഹിച്ചും, ഒരു മതത്തിലുംപെടാത്തവര്‍ക്ക് സ്വന്തം മതരഹിതത്വമനുസരിച്ചും ഒരേ വീട്ടില്‍ കഴിയാനാവാത്തവിധം നമ്മുടെ വീടുകള്‍ ചെറുതാവുന്നത് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാനാവാത്ത ഒരു ജനതയുടെ പാപ്പരത്വത്തെത്തന്നെയാണ് കൃത്യമായും വെളിപ്പെടുത്തുന്നത്. പരസ്‌പരം ദ്രോഹിക്കുന്നവരെ പിന്തുണക്കുകയും പരസ്‌പരം സ്‌നേഹിക്കുന്നവരെ ദ്രോഹിക്കുകയും ചെയ്യുന്ന സങ്കുചിതത്വത്തെ 'മത തത്ത്വശാസ്ത്രങ്ങള്‍ക്ക്' എങ്ങനെ സ്വാഗതം ചെയ്യാന്‍ കഴിയും? ഹിന്ദുവാകേണ്ടതും മുസ്‌ലിമാകേണ്ടതും ആദ്യമായും അവസാനമായും മനുഷ്യരായ 'നമ്മള്‍' ആണെന്നുള്ളത് ആരും മറക്കരുത്.
നവോത്ഥാന കാഴ്ചപ്പാടനുസരിച്ചല്ല ഇന്നധികം കല്യാണങ്ങളും നടക്കുന്നത് എന്നതിനാല്‍, 'കല്യാണ'ങ്ങളില്‍നിന്ന് നിരന്തരം വിട്ടുനില്‍ക്കുന്ന ഒരാളെന്നനിലയില്‍, ഇന്നലെ ഒരു 'വേറിട്ട കല്യാണത്തില്‍' പങ്കെടുത്തപ്പോഴുണ്ടായ ആഹ്ലാദം പങ്കുവെക്കാനാണ് ഇത്രയും എഴുതിയത്. ബിനോയ് വിശ്വത്തിന്റെ മകള്‍ രശ്മിയും പേരാമ്പ്ര കുട്ടോത്ത് പൂളക്കൂല്‍ അഹമ്മദിന്റെ മകന്‍ ഷംസുദ്ദീനും തമ്മിലെ വിവാഹമാണ് ഒരാര്‍ഭാടവുമില്ലാതെ, സ്‌പെഷല്‍ മാരേജ് ആക്ട്പ്രകാരം, കഴിഞ്ഞദിവസം നടന്നത്. ബിനോയ് വിശ്വം ഇപ്പോള്‍ മന്ത്രിയായതുകൊണ്ടാവണം മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ പട്ടം രജിസ്‌ട്രോഫിസില്‍ തടിച്ചുകൂടിയത്. അവരോട് ബിനോയ് വിശ്വം പറഞ്ഞ നാലേ നാല് വാചകങ്ങള്‍ ഈ കുറിപ്പെഴുതുമ്പോഴും മനസ്സിലൊരു കുളിരായി പെയ്തിറങ്ങുകയാണ്: 'ഞാനൊരു കമ്യൂണിസ്റ്റാണ്. ഇവര്‍ക്കു തമ്മില്‍ ഇഷ്ടമാണ്. എന്റെ പാര്‍ട്ടിക്കും സമ്മതമാണ്...' ആ കല്യാണത്തെപ്പോലെ ലളിതമായ വാക്കുകള്‍ പക്ഷേ, 'അഗാധ'മായ അന്വേഷണങ്ങളുടെയും ആവിഷ്‌കാരമാവുകയായിരുന്നു. ചുരുങ്ങിയത് അവിടെ കൂടിയിരുന്നവരെങ്കിലും അപ്പോള്‍ ഇങ്ങനെ ആഗ്രഹിച്ചുപോയിട്ടുണ്ടാവും, 'നമുക്കിങ്ങനെ കുറെ കമ്യൂണിസ്റ്റുകാര്‍'കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്! ഒരു വീട്ടില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരെന്നപോലെ വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും പെടാത്തവരും സ്‌നേഹപൂര്‍വം ജീവിക്കുക, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും ഒത്തുകൂടാന്‍ കഴിയുന്നതാവുക, എല്ലാ ഉല്‍സവങ്ങളും എല്ലാവര്‍ക്കും ആഘോഷിക്കാനാവുക, എല്ലാവര്‍ക്കുമൊപ്പം കഴിയുമ്പോള്‍തന്നെ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ലഭ്യമാവുക... ഇങ്ങനെയുള്ള ഒരു കാലം വരും. രശ്മിയുടെയും ഷംസുദ്ദീന്റെയും കണ്ണുകളില്‍ ആ കാലമാണ് തിളങ്ങുന്നത്. അന്ന്, അഭിമാനഹത്യകളുണ്ടാവില്ല. അഭിമാനഹസ്തദാനങ്ങളും അഭിമാന ആശ്ലേഷങ്ങളും ഉണ്ടാവും.
No comments:
Post a Comment