'കടലായി ഇരമ്പുന്നത് ആരുടെ ജലം?'
കെ.ഇ.എന്‍
ദൈവം ചിരിച്ചപ്പോഴാണത്രെ അരുവികള്‍ ഉണ്ടായത്! ഇതൊരു പഴയ 'ഈജിപ്ഷ്യന്‍' കഥയാണ്. എന്നാല്‍, ദൈവത്തിന്റെ ആ പഴയ ചിരി എന്നേക്കുമായി മാഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ 'വെള്ളക്കുപ്പിയില്‍' കിടന്ന് തിളങ്ങുന്നത് ദൈവത്തിന്റെ കണ്ണുനീരാണ്. അത് കുപ്പി ഒന്നിന്, പന്ത്രണ്ട് രൂപ നിരക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വാങ്ങാന്‍ കിട്ടും! ഒരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ക്ക് ഇളവുനല്‍കുന്ന കോളജ് കാന്റീനില്‍ ചോറിന് വില എട്ടുരൂപയാക്കി കുറച്ചു. അപ്പോഴും കുപ്പിവെള്ളത്തിന് വില പഴയതുപോലെ പത്തുരൂപ തന്നെ! ഫാറൂഖ്‌കോളജ് കാമ്പസിലെ കുട്ടികള്‍ അവരുടെ മാഗസിന് 'കൂയ്' എന്നു പേരിട്ടുകൊണ്ടാണ് അന്നതിനോട് പ്രതികരിച്ചത്. ചോറിന് വില കുറക്കുകയും, ഒരിക്കല്‍ വെറുതെ കിട്ടിയിരുന്ന വെള്ളത്തിന്റെ വില കുറയാതിരിക്കുകയും ചെയ്യുന്നതിനെതിരായാണ് ഫാറൂഖ്‌കോളജ് മാഗസിന്‍ അന്ന് 'കൂക്കി' വിളിച്ചത്. ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന കാവ്യസമാഹാരം കൈയിലെടുക്കുമ്പോള്‍, ഇന്നുമാ കൂക്കിന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുകയാണ്. കടലായി ഇരമ്പുന്നത്, അരുവിയായി ചിരിക്കുന്നത് ഇപ്പോള്‍ ആരുടെ വെള്ളമാണ്? ഒന്നുകില്‍ 'വിവാന്‍ഡി' എന്ന വെള്ള കുത്തകയുടെ, അല്ലെങ്കില്‍ 'സൂയസി'ന്റെ, ഇനി അതുമല്ലെങ്കില്‍, മറ്റേതെങ്കിലുമൊരു കുത്തകകമ്പനിയുടെ?...
വൈരുധ്യങ്ങളുടെ അജ്ഞാത അടരുകള്‍ക്കിടയില്‍ സംഭ്രമിപ്പിക്കുന്ന ഒരാവര്‍ത്തനമായി, പിന്നെയും പിന്നെയും അദൃശ്യവൈരുധ്യങ്ങള്‍ ആര്‍ത്തലച്ചുവരുന്ന ഒരസ്വസ്ഥലോകത്തിന്റെ ആമുഖംപോലെ ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന ശ്രദ്ധേമായ കാവ്യസമാഹാരം ഒരു 'കുത്തകകടലിനും' കീഴടങ്ങാതെ ഒരാദിജലത്തിന്റെ 'അപാരത' സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്‌നങ്ങളില്‍ കരുത്താര്‍ജിക്കുകയാണ്. ശ്ലഥകാഴ്ചകളുടെ ചോരവഴികളില്‍നിന്ന് സമഗ്രകാഴ്ചപ്പാടിന്റെ സമഗ്രവഴികളിലേക്കുള്ള ഒരു മഹാകാലത്തിന്റെ കുതിപ്പിനുവേണ്ടി അതെപ്പോഴോ കാതോര്‍ത്തിരിക്കുകയാണ്. മര്‍ദകസത്യങ്ങള്‍ക്കും മാദകസ്വപ്‌നങ്ങള്‍ക്കുമിടയിലെ നേര്‍ത്ത അതിര്‍ത്തികളില്‍ മിഴിനട്ട് തിരിച്ചറിവിന്റെ തീനാളം തെളിയുന്നത് കണ്ട് കോരിത്തരിക്കാന്‍ അതെപ്പോഴോ കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ബക്കര്‍ മേത്തലയുടെ 'കടല്‍ജല'ത്തിന് വരള്‍ച്ചയുടെ വന്‍ പതനങ്ങള്‍ക്കിടയിലും പുതുമുളകളുടെ 'ഹരിതസംഗീതം' കേള്‍ക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണതിന് വേനലില്‍ എത്ര കരിഞ്ഞിട്ടും കാലിടറാതെ കരുത്താര്‍ജിക്കാനും ആഞ്ഞുതളിര്‍ക്കാനും കഴിയുന്നത്.
നിലവിലുള്ള നൂറു കാരണങ്ങള്‍കൊണ്ട് ന്യായമായും നിങ്ങള്‍ക്ക് നിരാശരാവാന്‍ കഴിയുമെങ്കില്‍, നിലവിലില്ലാത്ത ഒരായിരം കാര്യങ്ങള്‍ സ്വയം സൃഷ്ടിച്ച്, നിങ്ങള്‍ക്കെന്തുകൊണ്ട് സ്വയം സന്തുഷ്ടരായി തീരാന്‍ ശ്രമിച്ചുകൂടെന്നാണത്, ആര്‍ദ്രമായി ആശങ്കപ്പെടുന്നത്. സമവാക്യങ്ങള്‍ക്കൊക്കെയുമപ്പുറമുള്ള അസമവാക്യങ്ങളിലെ നേരിടാന്‍ പ്രയാസമായ നേരിലേക്കാണത് നിവരാന്‍ ശ്രമിക്കുന്നത്. തീവണ്ടിയാത്രക്കിടയില്‍ വാക്കുകള്‍ അവ്യക്തമാകുന്നത്, റെയ്ഞ്ച് കുറയുന്നതുകൊണ്ടാണെന്നറിയാതെ, രോഷാകുലയാവുന്ന പ്രണയിനിയോട്, അക്കാര്യത്തിന് എന്നോടല്ല, ഓടുന്ന തീവണ്ടിയോടാണ് നീ രോഷംകൊള്ളേണ്ടതെന്ന് സ്‌നേഹപൂര്‍വം പറയുന്ന പ്രിയനെപ്പോലെ ബക്കര്‍ മേത്തലയുടെ കവിതകളും മാറുന്ന 'റെയ്ഞ്ചില്‍' മുറിയുമ്പോഴും മുറിയാത്തൊരു സ്‌നേഹസാന്ദ്രതയുടെയൊരു മഹാസ്‌പര്‍ശമായി മാറുകയാണ്. ഏത് വരള്‍ച്ചയുടെ വിള്ളലുകള്‍ക്കിടയില്‍ വിറയാര്‍ന്ന് നില്‍ക്കുമ്പോഴും എന്നോ വാരാനിരിക്കുന്ന അപൂര്‍വ മഴത്തുള്ളികളെ കിനാവ് കാണുന്ന മരുഭൂമിയുടെ ചൂടാര്‍ന്ന മാറിടംപോലെ, ബക്കര്‍ മേത്തലയുടെ 'കടല്‍ജല'വും സാന്ത്വനത്തിന്റെ ഏതോ തീരങ്ങളെ തീവ്രമായി സ്വപ്‌നം കാണുകയാണ്. സ്വയം ഉഴുതുമറിച്ചും ഇളകിയാടിയും അസ്വസ്ഥതകളെ അതിന്റെ അഗാധതയോളം ചെന്ന് അഭിവാദ്യം ചെയ്തും അസംതൃപ്തികള്‍ക്കിടയിലെ സംതൃപ്തികളോട് സംവദിച്ചും ദേശീയപാതകളില്‍ നിവര്‍ന്നും തുരങ്കവഴികള്‍ നൂണും സങ്കീര്‍ണമാവുന്നതാണ് ഇന്ന് ശരിയെന്ന സത്യം അത് സ്വയമനുഭവിക്കുകയാണ്. വ്യാജലാളിത്യത്തിന്റെ അലസസുതാര്യതയേക്കാള്‍ നിര്‍വ്യാജ സങ്കീര്‍ണതയുടെ അന്വേഷണങ്ങളിലാണത് 'നിര്‍വൃതി' നുണയുന്നത്. ഒറ്റവായനയില്‍ തെളിഞ്ഞും മങ്ങിയും, പുതിയ തെളിച്ചങ്ങള്‍ക്കും തിളക്കങ്ങള്‍ക്കും പിന്നെയും വഴി ഒരുക്കിയും, വിനയവും വെല്ലുവിളിയുമായി, അത് പതിഞ്ഞമട്ടില്‍, കൊള്ളരുതായ്മകള്‍ക്കൊക്കെയുമെതിരെ കുതറിനില്‍ക്കുകയാണ്.
പറഞ്ഞുകൊണ്ടുതന്നെ പറയാത്തതിലേക്കും കണ്ടുകൊണ്ടുതന്നെ കാണാത്തതിലേക്കും എന്തിനോടൊക്കെയോ കണക്കുതീര്‍ക്കാനായി അത് കുതിക്കുകയാണ്. ബക്കര്‍ മേത്തലക്ക് കവിത പുളകക്കാഴ്ചയൊരുക്കുന്നൊരു പൂപാത്രമല്ലേ, പീഡിപ്പിക്കുംവിധം ഭാരമാര്‍ന്ന ഒരു ക്വിന്റല്‍ക്കട്ടിയാണ്. ഒളിച്ചോടുന്നവരുടെ ജാള്യതയില്ലാത്ത ഇളിഭ്യച്ചിരിയില്‍ വെച്ചല്ല, ഒരൊളിപ്പോരാളിയുടെ നിതാന്തമായ ഉള്ളുണര്‍വില്‍നിന്നാണ് ബക്കര്‍ നിവര്‍ന്നുനിന്ന് പൊരുതുന്നത്. 'ഇങ്ങനെയൊക്കെ' എഴുതിയാല്‍, അങ്ങനെയൊക്കെ മുദ്രചാര്‍ത്തപ്പെടുമല്ലോ എന്നോര്‍ത്തയാള്‍ ഉറങ്ങാതിരിക്കുന്നില്ല. സൗമ്യമായിരിക്കെത്തന്നെ, അതുകൊണ്ടാണ് ബക്കര്‍ മേത്തലയുടെ കവിതകള്‍ ധീരവുമാകുന്നത്. അദൃശ്യമായ അധികാരശാസനകള്‍ക്കുമുന്നില്‍ അതുകൊണ്ടാണതിന് ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നത്. ഇക്കിളികളില്‍നിന്ന് അതുകൊണ്ടാണതിന് കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. ചോരവാര്‍ന്നൊഴുകുന്ന, മുറിവേറ്റ സത്യങ്ങളെ ഏറ്റുവാങ്ങാനാവാത്ത സങ്കല്‍പങ്ങളുടെ നീറ്റലുണ്ടാക്കുന്ന നിസ്സഹായാവസ്ഥയാണ് ബക്കറിന്റെ 'കവിതകള്‍ക്കുമപ്പുറത്ത്' എന്ന കവിതയില്‍ ഒരുപാട് ചുളിവുകളോടെ ഒടിഞ്ഞുമടങ്ങി കിടക്കുന്നത്. ഒരു കവിതയായിട്ടും അതുകൊണ്ടാണത് വെറുമൊരു കവിതയായിരിക്കാന്‍ കൂട്ടാക്കാത്തത്. 'പൊട്ടിപ്പോയ അക്ഷരങ്ങളുടെ പൂപ്പാത്രം' എന്ന ബക്കര്‍ മേത്തലയുടെ കാവ്യബിംബം അര്‍ഥപൂര്‍ണമാകുന്നത്, ഒരു കാവ്യബിംബത്തിലും വിശ്രമിക്കുകവയ്യാത്ത, ഗുജറാത്ത് നരഹത്യയുടെ വന്യമായ തിരയിളക്കങ്ങള്‍ അതില്‍ തലകുത്തിമറിയുന്നതുകൊണ്ടാണ്. സച്ചിദാനന്ദന്‍ മുതല്‍ കടമ്മന്‍വരെയുള്ളവര്‍ എഴുതിയ 'ഗുജറാത്ത് കവിത'കളുടെ സമീപത്തുതന്നെയാണ് വേറൊരുവിധത്തില്‍ 'കവിതകള്‍ക്കപ്പുറത്ത്' എന്ന ബക്കറിന്റെ കവിതയും ഉള്ളിലൊതുങ്ങാത്ത സങ്കടത്തോടെയും രോഷത്തോടെയും നിലകൊള്ളുന്നത്. ഗുജറാത്ത് ബക്കറിന് ഉടഞ്ഞ പൂപ്പാത്രവും കത്തിപ്പോയ കടലാസും ഇളകുന്ന മേശയും മാത്രമല്ല, എല്ലാ കവിതകള്‍ക്കുമപ്പുറത്ത്, ഒരു കവിതക്കും ഒരിക്കലും താങ്ങാന്‍ കഴിയാത്തവിധമുള്ള മാരകമായൊരു മുറിവാണ്. സങ്കല്‍പസാഗരങ്ങള്‍ക്കൊന്നും സ്‌പര്‍ശിക്കാനാവാത്തവിധം അകലെയായിപ്പോയ ഒരു കരയുടെ സന്തപ്ത സത്യമാണ് ബക്കര്‍ സ്വന്തം 'ഗുജറാത്ത് കാഴ്ച'യില്‍ തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നത്.
സ്വന്തം കവിതയില്‍ ബക്കര്‍ മേത്തല പകുത്തുനല്‍കുന്നത് സ്വാദ് പകര്‍ന്നതിനുശേഷം തിരസ്‌കരിക്കപ്പെടുന്ന കറിവേപ്പിലയുടെ സങ്കടമല്ല, മറിച്ച് സര്‍വസങ്കടങ്ങള്‍ക്കെതിരെയും രോഷാകുലമാവുന്ന സമരോല്‍സുകതയുടെ ശക്തിയാണ്. പുറംതൊലിയുടെ മിനുപ്പില്‍നിന്നല്ല, അകക്കാമ്പിന്റെ കരുത്തില്‍നിന്നാണത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. മയില്‍പ്പീലിയുടെ വര്‍ണശബളിമയില്‍നിന്നല്ല, കൂര്‍പ്പിച്ച എല്ലിന്റെ വര്‍ധിച്ച മൂര്‍ച്ചയില്‍നിന്നാണത് വീര്യമാര്‍ജിക്കുന്നത്. പ്രജ്ഞയെ പഴിപറയുന്ന പഴയ അനുഭൂതിവാദങ്ങളില്‍നിന്നല്ല, പ്രതിഭയെ വെളിപാട് മാത്രമായി മിനുസപ്പെടുത്തുന്ന വരേണ്യന്യൂനീകരണ വിദ്യയില്‍ വെച്ചുമല്ല, മറിച്ച് വാക്കിനെ ആയുധമാക്കുന്ന, സമരോല്‍സുകമായ അനുഭൂതിയില്‍നിന്നാണത് ശക്തിസംഭരിക്കുന്നത്. 'കവിതവരുന്ന വഴിയേത്?' എന്ന ചോദ്യരൂപേണയുള്ള കാവ്യം ശരാശരി ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമപ്പുറമുള്ള, അനുഭവ യാഥാര്‍ഥ്യത്തിന്റെ ആഴം തേടിയുള്ള സമരയാത്രയാണ്. 'കത്തും കരളിന്റെ ജ്വാല വഴി/പൊട്ടുന്നൊരെല്ലിന്റെ ശബ്ദം വഴി/ഇരുളായ് പെയ്യുന്ന മരണംവഴി/മൃതഭൂമിയില്‍ കേള്‍ക്കും തേങ്ങല്‍ വഴി/കട്ടിപ്പനിജ്വരവിറയല്‍ വഴി/ദുഃസ്വപ്‌നസര്‍പ്പങ്ങള്‍ കൊത്തുന്ന നേരം/ഞെട്ടിയുണരുന്ന പ്രജ്ഞവഴി...' ഇവ്വിധം കലങ്ങി, കലമ്പി, വരുന്നതുകൊണ്ടാണ് ബക്കറിന്റെ കവിതകള്‍ക്ക് കരയാനെന്നപോലെ, കയര്‍ക്കാനും കഴിയുന്നത്. ഒരോമനത്തിങ്കള്‍കിടാവിലേക്ക് കണ്ണു തുറക്കാനാവാതെ കുഞ്ഞാവുന്നതിന് മുമ്പെ കൊലചെയ്യപ്പെട്ട, 'ദേശീയത' സംശയിക്കാവുന്ന ഒരിന്ത്യന്‍ ഭരണകൂടത്തിന്റെ, നിശ്ശബ്ദമെന്നുപോലും വിശേഷിപ്പിക്കാനാവാത്ത വേറിട്ടൊരു നിലവിളിയില്‍ പൊള്ളിവെന്തവരുടെ പിടച്ചില്‍തന്നെയാണ് വ്യത്യസ്ത വഴികളിലൂടെ കടന്നുവരുന്ന ആ കവിതകളിലൊക്കെയും നിറയുന്നത്. അകം കത്തിയ, ദുര്‍ഗന്ധത്തെ പുറത്ത് തിരയുന്ന വിപര്യയത്തിന്റെ ഉപരിപ്ലവതകളെയാണ് 'ദുര്‍ഗന്ധം' എന്ന കവിതയില്‍ ബക്കര്‍ കുറ്റവിചാരണക്ക് വിധേയമാക്കുന്നത്. സര്‍വവ്യാപിയായിത്തീരുന്ന ദുര്‍ഗന്ധത്തിന്റെ സ്രോതസ്സ്, ചീയുന്ന മനുഷ്യത്വംതന്നെയാണെന്ന അശാന്തസത്യത്തെയാണ് 'ദുര്‍ഗന്ധം' എന്ന കവിത തീവ്രമായി അനുഭവിപ്പിക്കുന്നത്. 'ഗന്ധങ്ങള്‍' എന്ന വൈലോപ്പിള്ളിയുടെ കവിത, പ്രകൃതിവൈവിധ്യത്തിന്റെ വിസ്മയ ഗന്ധസാന്നിധ്യമാണെങ്കില്‍, ബക്കര്‍ മേത്തലയുടെ 'ദുര്‍ഗന്ധം' മനുഷ്യപ്രകൃതങ്ങള്‍ക്ക് ബാധിച്ച രോഗത്തിന്റെ മരുന്നുശീട്ടാണ്. ബക്കറിന്റെ കടല്‍ജലത്തിന്റെ ഉപ്പില്‍, അളിയാതെ സൂക്ഷിച്ചിരിക്കുന്നത് അനുരാഗത്തിന്റെയും ബഹുത്വത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രകൃത്യാഭിമുഖ്യത്തിന്റെയും ചോദ്യതീക്ഷ്ണതകളുടെയും അതിജീവനശേഷിയുള്ള വിത്തുകളാണ്. ഇണങ്ങിയും പിണങ്ങിയും ഇടറാതെ നില്‍ക്കുന്ന ഒരു വലിയ സ്‌നേഹസാമീപ്യത്തിന്റെ സാന്ത്വനസ്‌പര്‍ശങ്ങളും മലയിടിച്ചിലുകള്‍ക്കും കീഴ്‌മേല്‍ മറിച്ചിലുകള്‍ക്കും കുറുകെ പറക്കുന്ന വിഹ്വലപ്രതീക്ഷകള്‍ക്കും ഇടയില്‍ അത് കാത്തുസൂക്ഷിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ഭൂമിയും ആകാശവുമാണ്.
ബക്കറിന്റെ കവിതയിലെ, കടല്‍ കിനാവുകാണുന്ന 'മരിച്ച മീനുകള്‍' സ്വാതന്ത്ര്യനഷ്ടത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും ആറിത്തണുത്തൊരു അസ്വസ്ഥരൂപകമാണ്.
പ്രണയമെന്നും ആ കവിതകളുടെ പ്രാണനായിരിക്കുന്നത് പ്രാണന്‍ നഷ്ടപ്പെടുന്നൊരു കാലത്തിന്റെ ദുര്‍മേദസ്സ് ബാധിച്ച വെറുമൊരു ശരീരമായിരിക്കാന്‍ അതിനൊരിക്കലും മനസ്സില്ലാത്തതുകൊണ്ടാണ്. ശരീരകാമനങ്ങളുടെ ഇളകിയാട്ടങ്ങളില്‍ ഒതുങ്ങുന്ന, നിരുത്തരവാദിത്ത കാമങ്ങളില്‍ കത്തിത്തീരാത്ത, ആര്‍ദ്രമനുഷ്യബന്ധത്തിന്റെ നിത്യലഹരിയായി സൂര്യശോഭയോടെ ഉദിക്കുന്ന പ്രണയത്തിന്റെ ഉദാത്തതയാണ് ബക്കറിന്റെ 'പ്രണയം' എന്ന കവിതയില്‍ പൂവായി വിരിഞ്ഞ് സഫലമാവുന്നത്. ഉപഭോഗസ്വഭാവവും ഉദ്ബുദ്ധ സ്വഭാവവും തമ്മിലുള്ള വലിവുകള്‍ക്കിടയില്‍വെച്ചാണ് 'പ്രണയഭീരുത്വ'വും 'പ്രണയധീരത'യുമായി 'പ്രണയം' എന്ന കവിത വിഭജിതമാവുന്നത്. വാങ്ങലിനും വില്‍ക്കലിനുമപ്പുറമുള്ള ആവിഷ്‌കാരങ്ങളുടെ 'വെളിച്ചവഴി'കളിലേക്ക് ധീരന്റെ പ്രണയം കാലെടുത്തുവെക്കുമ്പോള്‍, 'ആത്മാവമാനത്തിന്റെ' കുരിശേറാന്‍പോലും കഴിയാതെ, ഭീരുവിന്റെ പ്രണയം ഒരസ്തമനകാലത്തിന്റെ ഓക്കാനമായി ഒതുങ്ങുന്നതാണ് 'പ്രണയം' എന്ന കവിതയില്‍ നാം കാണുന്നത്. 'ഭീരുവിന്റെ പ്രണയം/ഒരു ബോണ്‍സായ് വൃക്ഷമാണ്/അത് ആര്‍ത്തുവളരാതെ/ മുരടിപ്പിന്റെ നിശ്ചിതത്വങ്ങളെ പുണരുന്നു...' എന്ന ബക്കറിന്റെ 'പ്രണയകാഴ്ച'യില്‍ കിടന്നാടുന്നത് ഒരു കെട്ടകാലത്തിന്റെ പേക്കോലങ്ങളാണ്. രതിപുളകം മാത്രമാണ് ജീവിതമെന്നും പതിനഞ്ചിനും നാല്‍പതിനുമിടയിലാണ് പ്രായസൗഭാഗ്യമെന്നും പണമാണ് മോക്ഷമെന്നും തരികിടകളാണ് തത്ത്വശാസ്ത്രമെന്നും വെറും ആനന്ദത്തിനപ്പുറം ജീവിതത്തിനെന്ത് അര്‍ഥമെന്നും നുരയുകയും പതയുകയും ചെയ്യുന്ന കാലനിമിഷത്തിന്റെ നിര്‍വൃതികള്‍ക്കപ്പുറം സ്മരണകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പ്രസക്തിയെന്തെന്നും അന്നന്നത്തെ അന്നത്തിനപ്പുറം വെച്ചുവിളമ്പാന്‍ വേറെ ആദര്‍ശമെന്തിനെന്നും വിളിച്ചുകൂവുന്നവര്‍ക്കു മുന്നില്‍ ബക്കറിന്റെ 'ഉമ്മ' എന്ന കവിത സ്‌നേഹമസൃണമായ ഒരു സ്മരണയും ദീപ്തമായ ഒരു സ്വപ്‌നവും അതിനുമപ്പുറം ജരാനരകള്‍ക്ക് കീഴടക്കാനാവാത്ത ഒരു നിത്യസ്‌നേഹ സത്യവുമായി, നമ്മുടെ ഉള്ളുണര്‍ത്തുന്ന, എത്ര മറഞ്ഞാലും മറയാത്ത ഒരു മധുരത്തിന്റെ മഹാസാന്നിധ്യമാണ്. 'ഉമ്മ, ഇന്നെനിക്ക്/ഇടനെഞ്ചില്‍നിന്നൊരു വിളിയാണ്/ഇരുള്‍വീണ വഴിയിലൊരു നക്ഷത്രം/പെരുന്നാള്‍ ദിവസങ്ങളിലെ/നെയ്‌ച്ചോറ് മണക്കുന്ന ഉച്ചകളില്‍/സ്‌നേഹപൂര്‍വമായൊരു നിര്‍ബന്ധം/സ്‌നേഹപാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരു വിലക്ക്/പതിനാലാം രാവിന്റെ പൊലിമകളില്‍/ഉമ്മ ഒരു നിലാവാണ് / ... മൃതികള്‍ക്കും സ്മൃതികള്‍ക്കുമിടയില്‍ കിടന്നുകൊണ്ട്/ഉമ്മ അളന്നിരുന്ന ആകാശം/അതിരുകളില്ലാത്തതാണ്...' കവിത, ജീവിതം കിനാവുകാണുന്ന, മറ്റൊരു വലിയജീവിതത്തിന്റെ കരുത്തും കാന്തിയുമാണെന്ന് മറ്റെല്ലാ കവിതകളുമെന്നപോലെ ബക്കര്‍ മേത്തലയുടെ കവിതകളും നമ്മെ അനുഭവിപ്പിക്കുന്നു.
No comments:
Post a Comment