Tuesday, January 19, 2010 (madhyamam)
വേണു ബാലകൃഷ്ണന്‍
നിരപരാധിയാണെന്നു നീതിപീഠം വിധിച്ച ഒരാള്‍ക്ക് രാഷ്ട്രീയഭാവി സുഗമമാകേണ്ടതാണ്. മഅ്ദനിക്കു സംഭവിച്ചതോ, മറിച്ചും. എന്തുകൊണ്ട്?
ജനാധിപത്യ സംവിധാനവുമായി നിരന്തരം ബന്ധപ്പെടുന്ന മഅ്ദനിയെന്ന തീവ്രവാദ പശ്ചാത്തലമുള്ള നേതാവിനെ തള്ളണോ,കൊള്ളണോ എന്ന വിഷമതയാണ് മഅ്ദനിയുമായി ബന്ധപ്പെട്ട് കേരളരാഷ്ട്രീയം ഇന്ന് നേരിടുന്നത്. ജനാധിപത്യസംവിധാനത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്ന സമീപനമായിരുന്നു മഅ്ദനിയുടേതെങ്കില്‍ നിസ്സങ്കോചം മഅ്ദനിയെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ മഅ്ദനിയുടെ വഴി അതല്ലെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുമായി മഅ്ദനിയും മുന്നണികള്‍ തിരിച്ചും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി പുലര്‍ത്തിവരുന്ന രാഷ്ട്രീയബന്ധം സാക്ഷ്യപ്പെടുത്തുന്നു.
ജനാധിപത്യസംവിധാനത്തിനകത്ത്, അത് ഏറ്റവും പ്രസക്തമാകുന്ന തെരഞ്ഞെടുപ്പുകാലത്ത്, സ്വപക്ഷത്തോ ശത്രുപക്ഷത്തോ നിര്‍ത്തിപ്പോന്ന ഒരു മഅ്ദനിസമീപനം മാത്രമാണ് ഇരുമുന്നണികളും കൈക്കൊണ്ടുവന്നിരുന്നത്. കേരളത്തിലെപ്പോലെ ഇരുപക്ഷ രാഷ്ട്രീയം മാത്രമുള്ളിടത്ത് ഇത്തരം പിന്തുണക്കക്ഷികളോടുള്ള സമീപനം സ്ഥായിയാകാറുമില്ല. പിന്തുണകിട്ടാത്തവര്‍ക്ക് വിമര്‍ശിക്കാനുള്ള ഒന്നുമാത്രമായാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം മഅ്ദനിയുടെ തീവ്രവാദം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. മഅ്ദനി കുറ്റവാളിയല്ലെന്ന് കോടതി കണ്ടെത്തും മുമ്പായിരുന്നു ഈ ഉദാരസമീപനം. അങ്ങനെ വരുമ്പോള്‍ നിരപരാധിയാണെന്നു നീതിപീഠം വിധിച്ച ഒരാള്‍ക്ക് രാഷ്ട്രീയഭാവി സുഗമമാകേണ്ടതാണ്. മഅ്ദനിക്കു സംഭവിച്ചതോ, മറിച്ചും. എന്തുകൊണ്ട്? തെരഞ്ഞെടുപ്പു ഘട്ടത്തിലൊഴിച്ച് മഅ്ദനിയുടെ തടവിനെ നീതിനിഷേധിക്കപ്പെട്ട വിചാരണത്തടവുകാരന്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സമീപിച്ചിട്ടുള്ളത്.
കോയമ്പത്തൂര്‍ ജയിലിലെ വിദൂരബന്ധനം ഒരര്‍ഥത്തില്‍ കേരളരാഷ്ട്രീയത്തിന് അനുവദിച്ചുകൊടുത്ത സൌജന്യമായിരുന്നു അത്. തീവ്രവാദി തടങ്കലില്‍ കിടക്കുമ്പോള്‍ അയാളുടെ ചെയ്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെത്തന്നെ മനുഷ്യാവകാശപ്രശ്നം പറഞ്ഞ് പിന്തുണ തേടാന്‍ പറ്റിയ അവസരമായി അതുമാറി. തെരഞ്ഞെടുപ്പു സമവാക്യത്തില്‍ ഇങ്ങനെ മഅ്ദനിയും പിഡിപിയും സഹായധനമായപ്പോള്‍ മുഖ്യരാഷ്ട്രീയപാര്‍ട്ടികള്‍ കാണാതെ പോയത് മഅ്ദനി എന്നെങ്കിലും ജയില്‍മോചിതനായാല്‍ സ്വീകരിക്കേണ്ട രാഷ്ട്രീയസമീപനം എന്തായിരിക്കണമെന്നതിനെക്കുറിച്
കോയമ്പത്തൂര്‍ ജയില്‍വാസത്തെ ആ നിലക്ക് ബോധ്യപ്പെടുത്താന്‍ മഅ്ദനി നടത്തിയ ശ്രമങ്ങളും ഇരുമുന്നണികളുടെയും കണ്ണുതുറപ്പിച്ചില്ല. ഭൂരിപക്ഷവര്‍ഗീയതക്ക് അധികാരം കൈയാളാനായാല്‍ അകാരണമായി സംശയിക്കപ്പെട്ട്, ഇല്ലാത്ത കുറ്റം ചുമത്തപ്പെട്ട്, കൃത്രിമതെളിവുണ്ടാക്കി സാമാന്യനീതിപോലും നിഷേധിക്കപ്പെട്ട് ഒരു ന്യൂനപക്ഷവ്യക്തിത്വത്തിന് എത്രകാലം വേണമെങ്കിലും തുറുങ്കില്‍കിടക്കാമെന്ന ഭീഷണമായ സാഹചര്യത്തെയാണ് തന്റെ അനുഭവത്തിലൂടെ മഅ്ദനി വ്യക്തമാക്കിത്തന്നത്. അല്ലാതെ വിചാരണ കൂടാതെ തടവിലിട്ടെന്നോ, ചികിത്സ നിഷേധിച്ചെന്നോ ഉള്ള സാധാരണ പരാതിപ്പെടലായല്ല. കോടതി കുറ്റക്കാരനല്ലെന്നു വിധിക്കും വരെ അതുകൊണ്ട് മഅ്ദനി അനുഭവിച്ചത് ഭരണകൂടഭീകരതയായിരുന്നു എന്നതു മനസ്സിലാക്കപ്പെടാതെ പോയി. സൂഫിയ മഅ്ദനിയെ കേരളത്തിന്റെ അതിര്‍ത്തിക്കു പുറത്തേക്കു കൊണ്ടുപോകാനിടയുണ്ടെന്നു വന്നപ്പോള്‍ മഅ്ദനി വീണ്ടും ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചതും ഇതേ സാഹചര്യം ആവര്‍ത്തിക്കുമെന്ന, അനുഭവിച്ചറിഞ്ഞവന്റെ ആശങ്കയായിരുന്നു. കേരളത്തില്‍ ഏതു നീതിന്യായസംവിധാനത്തോടും സഹകരിക്കുമെന്നു മഅ്ദനി പറഞ്ഞതിന്റെ അര്‍ഥം രാജ്യത്തെ കോടതികളോട് അവിശ്വാസമില്ലെന്നാണ്. കാരണം, നീതിന്യായസംവിധാനത്തിന്റെ പ്രവര്‍ത്തനം രാജ്യത്ത് എവിടെയും ഒരേവിധത്തിലാണ്.
എന്നാല്‍, ഭരണകൂടങ്ങളുടേത് അങ്ങനെയല്ല. മറ്റെവിടെ ആയാലും വേട്ടയാടല്‍ മാത്രമായിത്തീരുന്ന ഭീകരവാദക്കേസ് അന്വേഷണം കേരളത്തിന്റെ മതേതര ജനാധിപത്യഘടനയുടെ പിന്‍ബലത്തോടെ പ്രതിരോധിക്കാനായിരുന്നു മഅ്ദനിയുടെ ശ്രമം. അന്‍വാറുശേരിയില്‍ മഅ്ദനി തുടര്‍ച്ചയായി വാര്‍ത്താസമ്മേളനം നടത്തിയത് ഇതിനുള്ള വഴിതേടലായിരുന്നു. എന്നിട്ടും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായി അതു വ്യാഖ്യാനിക്കപ്പെട്ടു. കേരളത്തിന്റെ പൊതുസാഹചര്യത്തെ നിഷേധിക്കുംവിധം അന്‍വാറുശേരിയെ താലിബാന്‍ ആസ്ഥാനമായി സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ ചിത്രീകരിക്കപ്പെട്ടു. സൂഫിയയെ അവിടെനിന്നു പിടികൂടണമെങ്കില്‍ സര്‍ക്കാറിനു വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന പ്രചാരണത്തിന് ആക്കംകിട്ടി. ഒരു മോഡിമോഡല്‍ പൊലീസ് തേര്‍വാഴ്ച മാത്രമാണ് കരണീയമെന്ന പൊതുനിലപാടുണര്‍ത്താനുള്ള തറയൊരുക്കമായിരുന്നു ഇതിനു പിന്നില്‍.
ഇതിനോടു പഴയ പരോള്‍കാലത്തെ ആന്റണിസര്‍ക്കാരിനെപ്പോലെ രാഷ്ട്രീയ നിലപാടില്ലാതെ പ്രതികരിക്കാന്‍ ഇടതുസര്‍ക്കാര്‍ തുനിഞ്ഞിരുന്നെങ്കില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം പി.ഡി.പി വേട്ടയെന്ന പേരില്‍ മുസ്ലിംയുവാക്കളുടെ വീടുകള്‍ അസമയത്തു പൊലീസ് കയറിയിറങ്ങുന്ന നിലവന്നേനേ. ഇമ്മട്ടില്‍ കയറൂരി വിടാവുന്ന പൊലീസിനെ അന്‍വാറുശേരിക്കു മുന്നില്‍ കോടതിയുടെ നടത്തിപ്പുകാരാക്കി മാത്രം നിയന്ത്രിച്ചു നിര്‍ത്തിയതാണ് ഇടതുഭരണകൂടം നടത്തിയ ഏറ്റവും മതേതരമായ ഇടപെടല്‍. തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കുന്നിടത്ത് അന്വേഷണ ഏജന്‍സിയുടെ പങ്ക് അവസാനിപ്പിച്ചു. പിന്നെ അറിയേണ്ടത് കോടതിയുടെ തീരുമാനമാണ്. വിധി വരാന്‍ കാക്കുകയും വന്ന വിധിക്കനുസരിച്ച് തുടര്‍നടപടി എടുക്കേണ്ട, നിര്‍വഹണച്ചുമതല മാത്രമുള്ള ഏജന്‍സിയായി പൊലീസിനെ വിന്യസിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയായ സൂഫിയയുടെ ജാമ്യഹരജി നല്‍കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന നിലപാട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ കൈക്കൊള്ളുകയും ചെയ്തു. ഭീകരവാദക്കേസുകളെ നേരിടേണ്ടത് എങ്ങനെ എന്നതിനു രാജ്യമാതൃകയായി കേരളസര്‍ക്കാരിന്റെ ഈ നീക്കം.
എന്നാല്‍ കോടതി ഉത്തരവ് ഈ പക്വത പുലര്‍ത്തിയോ? മഅ്ദനിയുടെ കാര്യത്തില്‍ ഭരണകൂട ഭീകരത പ്രതികൂലമായെങ്കില്‍ സൂഫിയയുടെ കാര്യത്തില്‍ കോടതിയായി പ്രതികൂലഘടകം. ഒരാള്‍ പില്‍ക്കാലത്ത് പിടികിട്ടാ ഭീകരനായി മാറിയാല്‍ അയാള്‍ ആദ്യം ചെയ്ത കുറ്റത്തിനുതന്നെ ഭീകരസ്വഭാവം മുന്‍കാലപ്രാബല്യത്തോടെ ചാര്‍ത്തിക്കൊടുക്കുന്നത് സാമാന്യയുക്തിക്കു നിരക്കുന്നതല്ല. ഒരു ക്രിമിനലിന് കുറ്റവാസനയുടെ പിന്തുടര്‍ച്ചയുണ്ട്. രാഷ്ട്രീയപ്രക്ഷോഭകാരിയെ സംബന്ധിച്ച് അതതുകാലത്തെ സാമൂഹികസാഹചര്യത്തിന്റെ സവിശേഷതകളാണ് നിര്‍ണായകം.
എന്നാല്‍ സൂഫിയയുടെ ജാമ്യഹര്‍ജി തള്ളി ജസ്റ്റിസ് കെ.ടി.ശങ്കരന്‍ പുറപ്പെടുവിച്ച വിധിന്യായം മറിച്ചായിരുന്നു. കളമശേരി കേസില്‍ ഉള്‍പ്പെട്ടവര്‍ പില്‍ക്കാലത്തു നടത്തിയ സ്ഫോടനപരമ്പരകളും പ്രതികളുടെ അന്താരാഷ്ട്രബന്ധങ്ങളും കണക്കാക്കുമ്പോള്‍ കേസിന്റെ ഗൌരവം കൂടുന്നെന്നായിരുന്നു നിരീക്ഷണം. ബസ്കത്തിക്കല്‍ കേസ് അതുകൊണ്ട് ഭീകരപ്രവര്‍ത്തനമാണെന്നും. അന്നത്തെ കാലത്തുനടന്ന സമാനമായ മറ്റൊരു പൊതുമുതല്‍ നശിപ്പിക്കല്‍ പ്രക്ഷോഭത്തിന് ഇതേ മാനം നല്‍കിയാല്‍ ഉണ്ടാകാവുന്ന അതേ വൈകല്യമല്ലേ ഈ ഉത്തരവിലും സംഭവിച്ചത്? സ്വാഭാവികപ്രതിഷേധമായിരുന്നില്ല ബസ് കത്തിക്കലെന്ന നിരീക്ഷണവും പിന്‍ബലമായി കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതു ശരിയാണ്. പക്ഷേ, അതിനുകാരണം അതിന്റെ ഭീകരസ്വഭാവമല്ല. ഒരു നേതാവിനെ മാത്രം ആശ്രയിച്ചുനില്‍ക്കുന്ന പി.ഡി.പി എന്ന പ്രസ്ഥാനത്തിന്റെ ദൌര്‍ബല്യംകൂടി ഈ പ്രതിഷേധരീതിയുടെ പരിമിതിക്ക് ഹേതുവായെന്നു മനസ്സിലാക്കണം.
അതുകൊണ്ടാണ് പട്ടാപ്പകല്‍ ഒരു വിദ്യാര്‍ഥിസംഘടനയ്ക്കു കേരളത്തില്‍ അനായാസം ചെയ്യാന്‍ കഴിയുന്ന ബസ് കത്തിക്കല്‍ പ്രതിഷേധത്തിന് ഇരുളിന്റെ മറവും ദിവസങ്ങള്‍നീണ്ട തയാറെടുപ്പും വേണ്ടിവന്നത്. മഅ്ദനിമോചനം ഒരു രാഷ്ട്രീയാവശ്യമായി കേരളസമൂഹം അംഗീകരിക്കില്ലെന്ന പി.ഡി.പിയുടെ അപകര്‍ഷതയും കണക്കാക്കപ്പെടേണ്ടതുതന്നെ. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കളമശേരി ബസ്കത്തിക്കലിനെ അപക്വമായ ഒരു രാഷ്ട്രീയപ്രതിഷേധമായാണ്, ഭീകരപ്രവര്‍ത്തനമായല്ല കാണേണ്ടത്. കോടതി കണ്ടത് പക്ഷേ, മറിച്ചായിപ്പോയതുകൊണ്ടാണ് ആദ്യം ആലോചനയായത് നിയമക്കണ്ണില്‍ ഗൂഢാലോചനയായത്.
(നാളെ: നിയമക്കണ്ണിലെ കരടുകള്‍)
നിയമക്കണ്ണിലെ കരടുകള്‍
Wednesday, January 20, 2010
മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയ ഇതേ വിധിന്യായത്തിലെ മറ്റൊരു അപാകം ഒരു കേസില്‍പെട്ട എല്ലാവര്‍ക്കും തുല്യപങ്ക് ഏല്‍ക്കേണ്ടിവരുന്നു എന്നതാണ്. സൂഫിയയും നസീറും നിയമക്കണ്ണില്‍ ഒരേ തുലാസില്‍ ആടേണ്ടവരെന്നു ചുരുക്കം. 2005 സെപ്റ്റംബറിലെ ബസ് കത്തിക്കലിനു ശേഷം സൂഫിയയും നസീറും നടന്നത് ഒരേ വഴിയിലായിരുന്നോ എന്നത് ഇവിടെ പ്രത്യേകം പരിഗണിക്കേണ്ടതായിരുന്നു. ബസ്കത്തിക്കല്‍ പ്രതിഷേധത്തിന് ഹൈ കോടതി പറയുംപോലെ ഭീകരപ്രവര്‍ത്തനത്തിന്റെ ഏകമുഖം മാത്രമായിരുന്നെങ്കില്‍ അതില്‍ പങ്കെടുത്തവരുടെ തുടര്‍പ്രവര്‍ത്തനത്തിലും ഈ സമാനത കാണേണ്ടതാണ്. അങ്ങനെയെങ്കില്‍ സൂഫിയ ഈ ഘട്ടത്തില്‍ ഒരു വീട്ടമ്മയായി കഴിയേണ്ടവളല്ല. ഏതെങ്കിലും ത്വരീഖത്തിന്റെ മറവില്‍ റിക്രൂട്ട്മെന്റ് നടത്തുകയോ, സ്ഫോടനപരമ്പര ആസൂത്രണം ചെയ്യുന്നതിലെ കണ്ണിയോ കേന്ദ്രമോ ആയി മാറുകയോ ആണ് വേണ്ടിയിരുന്നത്. അവര്‍ അങ്ങനെയല്ലെന്ന് ഒന്നരപതിറ്റാണ്ടായി ഒരു വീട്ടമ്മയെന്ന നിലക്കുള്ള അവരുടെ ജീവിതംതന്നെ തെളിവുനല്‍കുന്നു. എന്നിട്ടും നസീറിനൊപ്പം അപകടകാരിയായ വ്യക്തിത്വമായി സൂഫിയ കോടതിയില്‍ വരച്ചുകാട്ടപ്പെട്ടു; ജാമ്യംനല്‍കിയാല്‍ വിദേശത്തേക്കു കടന്നുകളയാനിടയുള്ളവളെന്നും. അങ്ങനെ നസീറിന്റെ ചെയ്തികള്‍ക്കെല്ലാം മറുപടി പറയേണ്ടവളായി സൂഫിയ.
സൂഫിയയുടെ അറസ്റ്റിനെത്തുടര്‍ന്ന് വിചാരണകോടതി ജാമ്യം അനുവദിച്ചു പുറപ്പെടുവിച്ച വിധിന്യായം കളമശേãരി കേസിനെക്കുറിച്ചു പടച്ചുവിട്ട ഇത്തരം അതിശയോക്തിപരമായ പല നിരീക്ഷണങ്ങളുടെയും നിയമസാധുതയെ ചോദ്യം ചെയ്യുന്നതാണെന്നത് ആശ്വാസകരമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോഴുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നത് എന്നതുകൊണ്ടുതന്നെ ഹൈ കോടതിയുടെ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ കണക്കിലെടുക്കേണ്ടതില്ല എന്നുതന്നെ കോടതി വ്യക്തമാക്കി. പിടികിട്ടാത്ത അഞ്ചോളം പ്രതികളുടെ അറസ്റ്റിനും കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിനും കുറ്റപത്രം സമര്‍പിക്കുന്നതിനും പത്താംപ്രതി തടവുകാരിയായിത്തന്നെ തുടരേണ്ടതില്ലെന്നും വിചാരണകോടതി വ്യക്തമാക്കി. ജസ്റ്റിസ് ശങ്കരന്റെ വിധിന്യായം ഹ്രസ്വായുസി മാത്രമായി. ആ ബെഞ്ച് കണ്ടവിധമാണോ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങളെന്നതും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടേണ്ടതാണ്.
ഐ.പി.സി 364, 436, 121 എ, 120 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. അവസാനത്തേത് ഒഴിച്ച് മറ്റൊന്നും ഭീകരവാദക്കേസായി നില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ തന്നെ വിലയിരുത്തല്‍. 364 എന്നാല്‍ വാഹനം തട്ടിക്കൊണ്ടു പോകലാണ്. ഇവിടെ പക്ഷേ, മോഷണശ്രമം എന്നതിനപ്പുറം ചാര്‍ജ്ചെയ്യാന്‍ കഴിയുന്ന സാഹചര്യമില്ലെന്നാണ് കരുതപ്പെടുന്നത്. 436 ആണെങ്കില്‍ ജനങ്ങള്‍ താമസിക്കുന്ന ഇടം നശിപ്പിച്ചു എന്ന മട്ടിലുള്ള ക്രിമിനല്‍കുറ്റമാണ് വരുക. ബസ് താമസ ഇടം പോലെയാണ് ഈ വകുപ്പ് അനുസരിച്ച് കൈകാര്യം ചെയ്തിട്ടുള്ളതെന്നത് കേസിന്റെ മറ്റൊരു ദൌര്‍ബല്യമാണ്. മാത്രമല്ല, ബസ് കത്തിക്കും മുമ്പ് യാത്രക്കാരെ ഇറക്കിവിടുകയും ദേഹോപദ്രവം ഏല്‍പിക്കുകയോ യാത്രാസാധനങ്ങള്‍ നശിപ്പിക്കുകയോ ഉണ്ടായിട്ടില്ലെന്ന് പൊലീസ്തന്നെ സമ്മതിക്കുകയും ചെയ്യുന്നു.
121 എ ആകട്ടെ, രാജ്യത്തിനെതിരെ യുദ്ധം ചെയ്യലെന്ന കുറ്റമാണ്. ഇവിടെയോ ഒരു സംസ്ഥാനസര്‍ക്കാറിന്റെ നയത്തിനെതിരായ പ്രതിഷേധം മാത്രമാണ് നടന്നത്. രാജ്യദ്രോഹക്കുറ്റം എന്നു തെളിയിക്കാന്‍ കഴിയുന്ന മെറ്റീരിയല്‍ എവിഡന്‍സ് എന്തെങ്കിലും പ്രോസിക്യൂഷന്‍ ഭാഗത്തിനു നിരത്താനും കഴിഞ്ഞിട്ടില്ല. ആകെ തെളിവായുള്ളത് ഫോണ്‍സംഭാഷണത്തിന്റെ രേഖകളും പ്രതിയുടെ തന്നെ 164 പ്രകാരം എടുത്ത മൊഴിയുമാണ്. എന്നാല്‍, പ്രതിയുടെ മൊഴി ഇത്തരത്തില്‍ തെളിവുമൂല്യമുള്ളതാണോ എന്നത് കോടതി പരിശോധിക്കേണ്ട നിയമപ്രശ്നമാണ്. പ്രത്യേകിച്ചും, കോയമ്പത്തൂര്‍ കേസില്‍ ഇതേ പോലെത്തന്നെ മജിസ്ട്രേറ്റ് മുമ്പാകെ ഒരു ഒറ്റപ്പാലക്കാരന്‍ മഅ്ദനിക്കെതിരെ ആദ്യം മൊഴി കൊടുത്തതും പിന്നീട് അത് പൊലീസ് സമ്മര്‍ദത്തിനു വഴങ്ങിയായിരുന്നെന്നു തെളിയിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍. ഇനി ബസ് കത്തിക്കല്‍ മഅ്ദനിയുടെ മോചനത്തിനായിരുന്നെന്നു തെളിയിക്കാനും പ്രോസിക്യൂഷന്‍ വിയര്‍പ്പൊഴുക്കേണ്ടിവരും.
തോക്കു ചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കിവിടുമ്പോള്‍ നസീര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞത് കോയമ്പത്തൂര്‍ ജയിലില്‍ ഞങ്ങളുടെ ഒരാളുണ്ടെന്നു മാത്രമാണ്. ഈ സമയത്ത് മഅ്ദനി അടക്കം മുപ്പതോളം മലയാളികളാണ് തടവിലുണ്ടായിരുന്നത്. കേസിന്റെ ഈ ദൌര്‍ബല്യങ്ങളെല്ലാം ഒന്നിനു പിറകേ ഒന്നായി നിരത്തിയാണ് പ്രതിഭാഗം സൂഫിയക്ക് ജാമ്യം നേടിയെടുത്തത്. അതേസമയം സൂഫിയ കുറ്റംസമ്മതിച്ചെന്ന് പൊലീസ് പറഞ്ഞതായുള്ള വാര്‍ത്തയും വന്നു. മഅ്ദനി പിന്നെയും അന്‍വാര്‍ശേരിയില്‍ മാധ്യമങ്ങളെ കണ്ടു. തടിയന്റവിട നസീറിനെപ്പറ്റിയുള്ള അതുവരെ പറയാത്ത ചില കാര്യങ്ങള്‍ മഅ്ദനി അന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ ജയില്‍ മോചിതനായശേഷവും നസീര്‍ ബന്ധപ്പെട്ടിരുന്നു എന്നതായിരുന്നു അക്കൂട്ടത്തിലെ സുപ്രധാന വെളിപ്പെടുത്തല്‍. ജനാധിപത്യമാര്‍ഗം വെടിയണമെന്നാവശ്യപ്പെട്ട് നസീര്‍ തന്നോടു കയര്‍ക്കുകയുണ്ടായെന്നും മഅ്ദനി ഓര്‍മിച്ചു. അതു മറച്ചുവെച്ചതായി പിന്നീട് രാഷ്ട്രീയക്കാരും മാധ്യമങ്ങളും മഅ്ദനിയില്‍ കണ്ട കുറ്റം. നസീര്‍ അന്നു ബന്ധപ്പെട്ട കാര്യം മഅ്ദനി മനഃപൂര്‍വം ഒളിച്ചുവെച്ചെന്നും അന്നുതന്നെ പറഞ്ഞിരുന്നെങ്കില്‍ അഹ്മദാബാദ്സ്ഫോടനം ഉള്‍പ്പെടെയുള്ളവ തടയാമായിരുന്നെന്നും വിമര്‍ശം ഉന്നയിച്ചവര്‍ പറഞ്ഞു.
നിയമപരമായും രാഷ്ട്രീയപരമായുമുള്ള ഉത്തരങ്ങള്‍ മഅ്ദനി ഈ ആരോപണങ്ങള്‍ക്കു നല്‍കി. പൊലീസ് തിരയുന്ന ഭീകരനെന്ന നിലക്ക് നസീറിനെപ്പറ്റി അന്നു മഅ്ദനിക്കെന്നല്ല, ആര്‍ക്കും അറിയില്ലായിരുന്നു. കാരണം, പൊലീസിനു തന്നെ അത്തരമൊരു അറിവുണ്ടായിരുന്നില്ല. അപ്പോള്‍പോലും ആശയവിനിമയത്തിലൂടെ നസീര്‍ എന്തുതരം പ്രവര്‍ത്തനത്തിലേക്കാണ് തന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതെന്ന കാര്യം മഅ്ദനിക്ക് അറിവുള്ളതാണ്. എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല? രാഷ്ട്രീയനേതാവെന്ന നിലയില്‍ സ്വന്തം ബോധ്യം വിശദീകരിക്കുകയും വിയോജിക്കുന്നവരെ അവരുടെ വഴിക്കു വിടുകയുമേ നിവൃത്തിയുള്ളൂ. മഅ്ദനി ചെയ്തതും അതുതന്നെ.അല്ലാതെ തന്റെ രാഷ്ട്രീയരീതിക്കു കടകവിരുദ്ധമായി അണികളില്‍ ആരു പ്രവര്‍ത്തിച്ചാലും നേതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ എങ്ങനെയിരിക്കും? അല്‍പം കൂടി പഴയൊരു കാലത്തെ സന്ദര്‍ഭം സൂചിപ്പിച്ചാല്‍ നിസ്സഹകരണസമരവുമായി ഗാന്ധി മുന്നോട്ടു പോകുമ്പോഴായിരുന്നല്ലോ ചൌരിചൌരാ സംഭവം.
അന്നു ഗാന്ധി ചെയ്തത് ഇവരുടെ പേരുവിവരമെഴുതിയ പരാതിക്കടലാസുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുകയായിരുന്നില്ല, നിരാഹാരം തുടങ്ങുകയായിരുന്നു. സ്വന്തം രാഷ്ട്രീയത്തിന് നേരിടേണ്ടിവരുന്ന ഒരു പരീക്ഷണഘട്ടമെന്ന നിലക്കായിരുന്നു ആ വെല്ലുവിളിയെ ഗാന്ധി ഏറ്റെടുത്തത്. താരതമ്യമഹത്ത്വം അര്‍ഹിക്കുന്നില്ലെങ്കിലും നസീറുമായി സംവദിക്കുമ്പോള്‍ മഅ്ദനിയും അനുഭവിച്ചത് സമാനമായ രാഷ്ട്രീയപരീക്ഷണമായിരുന്നു. നസീറിനോടു മഅ്ദനി അപ്പോള്‍ പറഞ്ഞത് കേരളജനതയോട് കൂടുതല്‍ ഉറക്കെപ്പറഞ്ഞു കഴിഞ്ഞ കാര്യവുമായിരുന്നു. മുമ്പ് താന്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഇനി അത് ആവര്‍ത്തിക്കില്ല എന്ന്.
നസീറിന്റെ വഴിയോടുള്ള ഏറ്റവും വലിയ പ്രതിരോധം തീര്‍ക്കല്‍. എന്നിട്ടും, മഅ്ദനി കാരണം ഭീകരവാദികളായ ചെറുപ്പക്കാരുടെ ഉത്തരവാദിത്തം ഈ മനഃപരിവര്‍ത്തനത്തിലൂടെ മാറുമോ എന്ന ഹ്രസ്വദൃഷ്ടികളുടെ ചോദ്യത്തിന് മുന്‍ പി.ഡി.പി പ്രവര്‍ത്തകനെന്നു പറയപ്പെടുന്ന നസീറിന്റെ വഴി തെരഞ്ഞെടുത്ത എത്ര മറ്റു പി.ഡി.പി പ്രവര്‍ത്തകരുണ്ടെന്ന മറുചോദ്യമാണ് ഉന്നയിക്കപ്പെടേണ്ടത്. ഭീകരവാദത്തിനു പ്രച്ഛന്നപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം ജനാധിപത്യപരമായി സുതാര്യമാക്കപ്പെട്ട ഈ നവപി.ഡി.പിയെയാണ് ന്യൂനപക്ഷത്തെ മുഖ്യധാരയിലേക്കു കൂട്ടി യോജിപ്പിക്കാനുള്ള ഒരവസരം കൂടിയായി സി.പി.എം കണ്ടത്. കുറ്റിപ്പുറത്തെ വേദിയില്‍ മഅ്ദനിയുടെ മുഖത്തെ സാത്വികഭാവത്തെപ്പറ്റി പിണറായി വിജയന്‍ പറഞ്ഞത് വഴിതെറ്റി നാവില്‍ കടന്നുകൂടിയ വിശേഷണപദം ഉണ്ടാക്കിയ അബദ്ധമായല്ല, ഭീകരവാദത്തിന്റെ ഒരു തിരുത്തല്‍ശക്തിയെന്ന നിലക്കുള്ള മഅ്ദനിയുടെ സംയമനശീലമുള്ള രാഷ്ട്രീയത്തിനു നല്‍കിയ അംഗീകാരമായാണ്.
ഇന്നും മഅ്ദനിയെ സി.പി.എം തള്ളിപ്പറയാത്തത് ആ ചെയ്തി കേരളത്തില്‍ ഹൈന്ദവഫാഷിസ്റ്റ് രാഷ്ട്രീയത്തിനാണ് ബലംപകരുകയെന്ന ആപച്ഛങ്ക കണക്കിലെടുത്താണ്. ഇവിടെയാണ് യു.ഡി.എഫ് ഇരുത്തി ചിന്തിക്കേണ്ട സന്ദര്‍ഭം. മഅ്ദനിക്കെതിരെ ബി.ജെ.പി ഉയര്‍ത്തുന്ന മുറവിളി പ്രതീക്ഷിച്ചതാണ്. എന്നാല്‍, സംഘ്പരിവാറിന്റെ അതേ അജണ്ട വീറും വാശിയോടെയും കോണ്‍ഗ്രസ് നേതൃത്വവും നടപ്പാക്കുന്നത് ആശാസ്യമാണോ? കേരളത്തില്‍ സവര്‍ണ ഫാഷിസ്റ്റ് ആശയഗതികള്‍ക്ക് പൊതുസ്വീകാര്യതയുള്ള മണ്ഡലത്തില്‍തന്നെ ഇരുന്നുവാഴാവുന്ന സ്ഥിതിയാവും അതുണ്ടാക്കുക.
(അവസാനിച്ചു)
No comments:
Post a Comment