മംഗളം 27/10/2008
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയുടെ വ്യാജ ലേബല്‍ പതിച്ചു സ്വകാര്യ റിയല്‍ എസ്‌റ്റേറ്റ് ഭീമന്റെ നിലം നികത്തിയ 34 ടിപ്പര്‍ ലോറികള്‍ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയെ ജില്ലയില്‍ നിന്നുള്ള മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടെ ഭീഷണിക്കു വഴങ്ങാത്ത കലക്‌ടറെ മണിക്കൂറുകള്‍ക്കകം നിലംനികത്തല്‍ വിരുദ്ധ സമര നായകന്‍ തന്നെ വിളിച്ചുവിരട്ടി. എന്നാല്‍, തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ അപകടം മണത്ത അദ്ദേഹം വണ്ടികള്‍ വിട്ടുകൊടുക്കേണ്ടെന്നും സംഭവത്തെക്കുറിച്ചു നേരിട്ടന്വേഷിക്കാനും കലക്‌ടര്‍ക്കു നിര്‍ദേശം നല്‍കി തലയൂരി.
എറണാകുളത്തുകാരനായ മുന്‍ കോണ്‍ഗ്രസ് മന്ത്രി കലക്‌ടറെ ഭീഷണിപ്പെടുത്തി പരാജയപ്പെട്ടപ്പോഴാണ് ഭരണകക്ഷി മന്ത്രിയെ തന്നെ റിയല്‍ എസ്‌റ്റേറ്റ് ഭീമന്‍ രംഗത്തിറക്കിയത്. എന്നാല്‍, സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ കലക്‌ടര്‍ ഡോ. എം. ബീന വിസമ്മതിച്ചു.
ചേരാനല്ലൂരില്‍ പാടം നികത്തുന്നതിനിടെ ഹൈദ്രാബാദ് ആസ്‌ഥാനമായ സണ്‍ഡേ കണ്‍സ്‌ട്രക്ഷന്‍സിന്റെ 34 ടിപ്പര്‍ ലോറികളാണ് എറണാകുളം ജില്ലാ കലക്‌ടര്‍ കഴിഞ്ഞ 23 നു പിടികൂടിയത്. വല്ലാര്‍പാടം പദ്ധതിപ്രദേശത്തേക്ക് എന്നു വ്യാജസ്‌റ്റിക്കര്‍ ലോറികളില്‍ പതിപ്പിച്ചായിരുന്നു മണ്ണടിക്കല്‍. മഴമൂലം വല്ലാര്‍പാടത്തു പണി നിര്‍ത്തിവച്ചതറിയാതെ സ്‌റ്റിക്കര്‍ ഒട്ടിച്ചു സ്വകാര്യ നികത്തല്‍ നടത്തിയത് കലക്‌ടര്‍ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ലോറികള്‍ 25000 രൂപ പിഴയടയ്‌ക്കാതെ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കലക്‌ടര്‍. കോണ്‍ഗ്രസ് മുന്‍ മന്ത്രി ഇടപെട്ടെങ്കിലും കലക്‌ടര്‍ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന്, മന്ത്രി നാലുപ്രാവശ്യത്തോളം കലക്‌ടറെ വിളിച്ചു വണ്ടി വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കലക്‌ടര്‍ വഴങ്ങിയില്ല. മന്ത്രി ഭീഷണിയുടെ സ്വരം ഉയര്‍ത്തിയെങ്കിലും കലക്‌ടറും നിലപാടു കര്‍ക്കശമാക്കി. തുടര്‍ന്നാണ്, തന്റെ വിശ്വസ്‌തനായ മന്ത്രിയുടെ മാനംരക്ഷിക്കാന്‍ 'മൂന്നാര്‍ നായകന്‍' ശിപാര്‍ശയുമായെത്തിയത്. 34 ലോറികളും ഇന്നലെ തന്നെ വിട്ടുകൊടുക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച്, വണ്ടി വിട്ടുകൊടുക്കുന്നതിനു മുന്നോടിയായി സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവം നിലംനികത്തല്‍ തന്നെയെന്നു വ്യക്‌തമായതോടെ പിഴയൊടുക്കാതെ വണ്ടികള്‍ വിട്ടുകൊടുക്കാനാകില്ലെന്ന സ്‌ഥിതിയായി. സാങ്കേതിക ബുദ്ധിമുട്ട് കലക്‌ടര്‍ വിശദീകരിച്ചു. തുടര്‍ന്ന്, സംഭവം കലക്‌ടര്‍ നേരിട്ട് അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. അതുവരെ വണ്ടികള്‍ വിട്ടുകൊടുക്കേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. സി.പി.എമ്മിലെ ഗ്രൂപ്പുവഴക്കും സി.പി.ഐയുടെ കൊതിക്കെറുവും മൂലമാണു ഭരണതലപ്പത്തെ 'വണ്ടിക്കളി' പുറത്തായത്.
No comments:
Post a Comment