05/10/2009
തിരുവനന്തപുരം: കൃഷി ഭൂമി ആവശ്യപ്പെട്ട് ചെങ്ങറ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ സാധുജന വിമോചന സമിതി രണ്ടു വര്‍ഷത്തിലേറെയായി നടത്തിവന്നിരുന്ന സമരം സാങ്കേതികമായി അവസാനിപ്പിച്ചു. സമരക്കാര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. മൂന്നു മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഭൂമി നല്‍കുക.ചെങ്ങറ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സമരസമതിക്കാര്‍ക്ക് വീടും ഭൂമിയും നല്‍കുക. പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടിക ജാതിയില്‍ പെട്ടവര്‍ക്ക് അരയേക്കര്‍ ഭൂമിയും നല്‍കും. സമരം നടത്തുന്ന 1,738 കുടുംബങ്ങള്‍ക്കും ഭൂമിക്ക് അര്‍ഹതയുണ്ട്. ഇവരില്‍ ഭൂമിയില്ലാത്ത 1,432 കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമിയും വീടും നല്‍കും. വീടു വയ്‌ക്കാന്‍ 75,000 രൂപ നല്‍കും. പട്ടിക വര്‍ഗക്കാര്‍ക്ക് വീടുവയ്‌ക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് വീടു വയ്‌ക്കാന്‍ ഒരു രൂപയും നല്‍കും. അഞ്ചു സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍ക്ക് വീടു വയ്‌ക്കുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണന നല്‍കും. ആറര സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമല്ല.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷകതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വനം-റവന്യൂ-പിന്നാക്ക ക്ഷേമമന്ത്രിമാരും സാധുജന സമിതി നേതാവ് ളാഹ ഗോപാലന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ ഭൂമി വേണമെന്ന സമര സമതിക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ ളാഹ ഗോപാലന്‍ പ്രതിഷേധം അറിയിച്ചു. 'തന്റെ പക്കല്‍ അധികാരമോ ചെങ്കോലോ ഇല്ലാത്തതില്‍ സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരം താന്‍ പിന്‍വലിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകവേ ളാഹ ഗോപാലന്‍ പറഞ്ഞു. സമരം വിജയിച്ചുവെന്ന് ഇതുകൊണ്ട്‌് അര്‍ഥമില്ല. പട്ടികജാതിക്കാരോട് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള സമീപനം മനസ്സിലായി. എന്‍.എസ്.എസോ, എസ്.എന്‍.ഡി.പിയോ ആയിരുന്നു സമരം നടത്തുന്നതെങ്കില്‍ സര്‍ക്കാരിന്റെ മനോഭാവം ഇതാകുമായിരുന്നോ? എന്തായാലും സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരത്തില്‍ നിന്ന് പിന്മാറുന്നു. ഭൂമി നല്‍കുന്നതനുസരിച്ച് സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കുമെന്നും' ളാഹ ഗോപാലന്‍ അറിയിച്ചു.
സമരക്കാര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. സമരഭൂമിയില്‍ മരിച്ച 13 പേരുടെ കുടുംബാംങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് പരിഗണിക്കണം. വനത്തിനുള്ളിലുള്ള കല്ലേലിക്കാവിലെ ആരാധനാലയത്തില്‍ വിളക്കുതെളിയിക്കുന്നതിനുള്ള അവകാശം നല്‍കുന്നതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡി.എഫ്.ഒ മനോഹരനെ ചുമതലപ്പെടുത്തി. ചെങ്ങറ എസ്‌റ്റേറ്റില്‍ സര്‍വ്വേ നടത്തി അധിക ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നലകും. ഇതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സമരം ചെയ്‌ത എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍ ഇതിന് ആവശ്യമായ ഭൂമി കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചെങ്ങറയില്‍ സര്‍മവ്വ നടത്തി മിച്ച ഭൂമി പിടിച്ചെടുക്കണമെന്നും പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ നല്‍കണമെന്നുമുള്ള തന്റെ ആവശ്യത്തിന് തടസ്സം നിനന്ത് മുഖ്യമന്ത്രിയാണെന്ന് ളാഹ ഗോപാലന്‍ അറിയിച്ചു. മറ്റു മന്ത്രിമാര്‍ തന്റെ ആവശ്യത്തോട് അനുഭാവമായ നടപടിയാണ് സ്വീകരിച്ചത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക് അരയേക്കര്‍ ഭൂമി മതിയെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുള്ള വധഭീഷണിയേ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമഞ്ചക്കര്‍ കൃഷി ഭൂമി വേണമെന്ന് ആവശ്യപ്പെട്ട 2007 ഓഗസ്‌റ്റ് നാലിനാണ് സാധുജന വിമോചന സമിതി ചെങ്ങറ എസ്‌റ്റേറ്റില്‍ സമരം തുടങ്ങിയത്. സമരക്കാരെ ചെങ്ങറ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പലതവണ സമരഭൂമിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിയാതെ തിരിച്ചുപോരുകയായിരുന്നു.
No comments:
Post a Comment