15/09/2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്) സംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ വച്ച അഞ്ചില്‍ നാലു നിര്‍ദേശങ്ങളും പി.ബി. അംഗീകരിച്ചു. സെസ് ആരംഭിക്കുന്ന സംരംഭങ്ങളില്‍ സര്‍ക്കാരിനു നിശ്‌ചിത ശതമാനം പ്രയത്ന ഓഹരികള്‍ വേണമെന്ന നിലപാടില്‍ വി.എസ്. വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. സെസിനനുവദിക്കുന്ന ഭൂമിയില്‍ 70 ശതമാനവും വ്യവസായത്തിനായി ഉപയോഗിക്കണമെന്ന വി.എസിന്റെ ആവശ്യം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. സെസ് അനുവദിക്കുമ്പോള്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്പനികള്‍ക്കും മുന്‍ഗണന നല്‍കുക, തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങളാണു വി.എസ് ആവശ്യപ്പെട്ടത്. സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക സര്‍ക്കാരിനു കീറാമുട്ടിയാകും. തൊഴിലവസരങ്ങളുടെ കാര്യത്തിലുളള ഉറപ്പ് കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേക വ്യവസ്‌ഥയായി എഴുതിചേര്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന കാര്യം സി.പി.എം. നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐയും ആര്‍.എസ്.പിയും സി.പി.എം. അനുകൂല ട്രേഡ് യൂണിയനായ സി.ഐ.ടി.യുവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.
സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്‌ഥര്‍ ആരാകും എന്ന വിഷയം തര്‍ക്കത്തിനിടയാക്കും. സെസ് സംബന്ധിച്ച 2005 ലെ കേന്ദ്ര നിയമ പ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിയമിക്കപ്പെടുന്ന ഡെവലപ്പ്‌മെന്റ് കമ്മിഷണറാകും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്‌ഥന്‍. ലേബര്‍ ഓഫീസര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അവകാശം നല്‍കിയില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാകുകയില്ലെന്നാണു വിലയിരുത്തല്‍.
ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ നിക്ഷേപകരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയുടെ ആവശ്യമനുസരിച്ചു സംസ്‌ഥാന തലത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണെങ്കിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുക ക്‌ളേശകരമാകും. അടുത്ത ഇടതുമുന്നണി യോഗത്തിലും ഇക്കാര്യമാകും പ്രധാന ചര്‍ച്ചാവിഷയം.
No comments:
Post a Comment