13-nov 2008
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് അസംതൃപ്‌തരായ വലിയൊരു വിഭാഗം സഖാക്കളുടെ അമര്‍ഷം പുകഞ്ഞുകത്തിയത് സി.പി.എം. സംസ്‌ഥാനനേതൃത്വത്തില്‍തന്നെ പുതിയൊരു വിവാദത്തിനു തീകൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടി വിട്ടവര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്ന് 'കാരണവ'സ്‌ഥാനത്തുനിന്നു വി.എസ്. അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത് പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിക്കു തീരെ ദഹിച്ചില്ല. 'കുലംകുത്തി'കളൊക്കെ പാര്‍ട്ടിക്കു പുറത്തുതന്നെ എന്ന് പിണറായി വിജയന്‍ സ്വതസിദ്ധമായ 'വെട്ടൊന്ന് മുറിരണ്ട്' രീതിയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി വിട്ടവര്‍ തിരിച്ചെത്തണമെന്ന വി.എസിന്റെ ആഹ്വാനം സി.പി.എമ്മിന് അത്ര പരിചിതമല്ല. പുതിയ നയം വ്യക്‌തമാക്കിയ വി.എസ്. സംസ്‌ഥാനസെക്രട്ടറിയായിരിക്കുമ്പോഴും അനഭിമതരെ വെട്ടിയരിഞ്ഞു പാര്‍ട്ടിയുടെ പടിക്കു പുറത്തുതള്ളിയ ചരിത്രമേ സഖാക്കളുടെ മനസിലുള്ളൂ. കെ. ചാത്തുണ്ണിമാസ്‌റ്റര്‍, പി.വി. കുഞ്ഞിക്കണ്ണന്‍, ഒ. ഭരതന്‍...അങ്ങനെയങ്ങനെ. പാര്‍ട്ടിപ്പക 'ആനപ്പക' പോലെയാണ്. കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തുവച്ചു തക്കം കിട്ടുമ്പോള്‍ ചവിട്ടിയരയ്‌ക്കും. പാര്‍ട്ടിയുടെ മലബാറിലെ ശക്‌തിദുര്‍ഗങ്ങളിലാണ് അത്തരം അനുഭവങ്ങളേറെ. കോടതി വെറുതേവിട്ട ചീമേനി കൂട്ടക്കൊലക്കേസിലെ പ്രതികളെ വര്‍ഷങ്ങള്‍ കാത്തിരുന്നു പകതീര്‍ത്ത 'സായുധവിപ്ലവം' കൊടികെട്ടിയ പാര്‍ട്ടി അണികള്‍ക്ക് ഇന്നും ആവേശം പകരുന്നതാണത്രേ.
ഉപരോധങ്ങളും ഊരുവിലക്കും ശാരീരിക പീഡനങ്ങളുമൊന്നും പലപ്പോഴും പാര്‍ട്ടി ഗ്രാമങ്ങളുടെ 'ഉരുക്കുമറ'യ്‌ക്കു വെളിയില്‍ ആരുമറിയാറില്ല. കോഴിക്കോട് പാതിരിപ്പറ്റയിലെ വിനീത കോട്ടായി എന്ന വിധവയുടെ ദുരനുഭവത്തിന് അത്ര പഴക്കമില്ല. കെ.എസ്.കെ.ടി.യു. അംഗങ്ങളായ തൊഴിലാളികള്‍ക്കു പണി നല്‍കിയില്ലെന്നാരോപിച്ചു പ്രാദേശിക സി.പി.എം. നേതൃത്വം പത്തുവര്‍ഷത്തിലേറെയാണു വിനീതയ്‌ക്കും കുടുംബത്തിനും ഊരുവിലക്കേര്‍പ്പെടുത്തിയത്. സി.ഐ.ടി.യു. തൊഴിലാളികളെ വെല്ലുവിളിച്ച് ഓട്ടോറിക്ഷയോടിച്ച പയ്യന്നൂരിലെ ദളിത് യുവതി ചിത്രലേഖയ്‌ക്കു പാര്‍ട്ടി ഏര്‍പ്പെടുത്തിയ ഉപരോധമാണു സമാനമായ മറ്റൊന്ന്. പാര്‍ട്ടിയില്‍നിന്ന് ഈയിടെ പുറത്താക്കിയ ദേശാഭിമാനി മുന്‍ ചീഫ് സബ്‌എഡിറ്റര്‍ കെ.എസ്. ഹരിഹരനെ കോഴിക്കോടു നഗരമധ്യത്തില്‍ 'പോക്കറ്റടിക്കാര'നാക്കി തലയടിച്ചു തകര്‍ത്തത് അടുത്തിടെയാണ്.
അത്തോളിയില്‍ സി.പി.എം. വിമതരുടെ യോഗത്തില്‍ പങ്കെടുത്തു രാത്രി തിരിച്ചുവരികയായിരുന്നു ഹരിഹരന്‍. മാവൂര്‍ റോഡില്‍ ബസിറങ്ങി കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലേക്കു നടക്കുമ്പോള്‍ ഒരുസംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഇയാള്‍ പോക്കറ്റടിക്കാരനാണെന്നു പറഞ്ഞ് അടി തുടര്‍ന്നു. അവശനായ ഹരിഹരനെ പിന്നീടു പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്.
പാര്‍ട്ടി വിട്ട ഷൊര്‍ണൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ എം.ആര്‍. മുരളിക്ക് ഇരുട്ടടി കിട്ടിയത് കോഴിക്കോട്ട് സി.പി.എം. വിമതരുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിന്റെ തലേന്നായിരുന്നു.
ഹരിഹരനു മുമ്പ് 'വിമതബന്ധം' ആരോപിക്കപ്പെട്ടു ദേശാഭിമാനിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്തായ ഉന്നതനാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. പാര്‍ട്ടി നയങ്ങള്‍ക്കെതിരേ ലേഖനം എഴുതിയെന്ന കുറ്റമാരോപിച്ചാണ് ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന അദ്ദേഹത്തെ അനഭിമതനാക്കിയത്. ഏറെക്കാലം പാര്‍ട്ടിപത്രത്തില്‍ സേവനമനുഷ്‌ഠിക്കുകയും ഇ.എം.എസിന്റെ അറിയപ്പെടാത്ത ജീവിതത്തെപ്പറ്റി ഗ്രന്ഥം രചിക്കുകയും ചെയ്‌ത അപ്പുക്കുട്ടന്‍ 'സേവ് സി.പി.എം. ഫോറ'മെന്ന വിമതപ്രസ്‌ഥാനവുമായി ബന്ധപ്പെട്ടെന്നായിരുന്നു പാര്‍ട്ടി കണ്ടെത്തല്‍. അതിനു തെളിവു കണ്ടെത്തിയതാകട്ടെ 'ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ' എന്ന മട്ടിലും. ഫോറത്തിന്റെ ലഘുലേഖയില്‍ പ്രത്യക്ഷപ്പെട്ട പേരുവയ്‌ക്കാത്ത ലേഖനം അപ്പുക്കുട്ടന്റേതാണെന്നു പാര്‍ട്ടി 'വിദഗ്‌ധര്‍' കണ്ടെത്തി. ലേഖനത്തിലെ ഒരു വാചകത്തില്‍ 'ഹൈജാക്ക്' എന്ന പ്രയോഗം കണ്ടതാണ് അപ്പുക്കുട്ടനു വിനയായത്. ഇത്ര കടുകട്ടിയായ (!) പ്രയോഗം നടത്തിയത് അപ്പുക്കുട്ടനല്ലാതെ മറ്റാരുമല്ലെന്നു കണ്ടെത്തിയായിരുന്നു പുറത്താക്കല്‍. പുറത്താക്കലിനെതിരേ കണ്‍ട്രോള്‍ കമ്മിഷനില്‍ അപ്പുക്കുട്ടന്‍ പരാതിനല്‍കിയപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവായി. എന്നാല്‍ പാര്‍ട്ടിക്കുമേലെയല്ല കമ്മിഷനെന്ന സംസ്‌ഥാന കമ്മിറ്റിയുടെ വിലയിരുത്തലോടെ ആ അധ്യായമടഞ്ഞു. പുറത്താക്കിയ കാലത്തെ ശമ്പളം വേണമെന്നാവശ്യപ്പെട്ട് അപ്പുക്കുട്ടന്‍ കോടതിയെ സമീപിച്ചു. തന്റേതല്ലാത്ത കുറ്റത്താല്‍ പുറത്താക്കപ്പെട്ട കാലത്തെ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന അപ്പുക്കുട്ടന്റെ വാദം ഹൈക്കോടതി അംഗീകരിച്ചെങ്കിലും വര്‍ഷങ്ങള്‍ നീണ്ട മാനസിക പീഡനമായിരുന്നു ഈ വിജയത്തിലും മുന്‍സഖാവിനു മിച്ചം.
പാര്‍ട്ടി വിട്ടവര്‍ക്കെതിരേ പകതീര്‍ത്തു തുടങ്ങിയതിന്റെ തുടക്കം കണ്ണൂരിലായിരുന്നു. ബദല്‍രേഖയുടെ പേരില്‍ പുറത്തായി സി.എം.പി. രൂപീകരിച്ച എം.വി. രാഘവനും പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു ആദ്യആക്രമണം. പാര്‍ട്ടിയില്‍ അതിശക്‌തനായിരുന്ന എം.വി.ആര്‍. പുറത്തായതോടെ അദ്ദേഹത്തിന്റെ പാപ്പിനിശേരിയിലെ വീടു തകര്‍ത്തു. സഖാക്കളുടെ അക്രമം ഭയന്ന് എം.വി.ആര്‍. പിന്നീടു കണ്ണൂര്‍ നഗരത്തിലേക്കു താമസം മാറുകയായിരുന്നു.
പാര്‍ട്ടി പിറന്ന പിണറായി പാറപ്പുറം സമ്മേളനത്തില്‍ പങ്കെടുത്ത പാണ്ട്യാല ഗോപാലന്റെ മകന്‍ ഷാജിയെ സി.എം.പിയില്‍ ചേര്‍ന്നതിനു പാര്‍ട്ടിക്കാര്‍ കൊല്ലാക്കൊല ചെയ്‌തു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കു ശേഷമാണു ഷാജിക്കു നടക്കാറായത്. അടിയുറച്ച കമ്യൂണിസ്‌റ്റായ ഗോപാലന്‍ സി.പി.എമ്മുകാരനായി ജീവിക്കുകയും ചെയ്‌തു. നിലപാടുകള്‍ തിരുത്തി ഷാജി വീണ്ടും പാര്‍ട്ടിയോട് അടുത്തെങ്കിലും മര്‍ദനത്തിന്റെ പാടുകള്‍ മാഞ്ഞില്ല.
കണ്ണൂര്‍ മേലേചൊവ്വയിലെ ജനാര്‍ദ്ദനനെ പാര്‍ട്ടി വിട്ടതിനും പരിക്കളത്തെ ചന്ദ്രബാബുവിനെ ഔദ്യോഗികനേതൃത്വത്തിനെതിരേ ശബ്‌ദിച്ചതിനും കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. മോചിതരായപ്പോള്‍ ഇരുവര്‍ക്കും പാര്‍ട്ടിക്കാര്‍തന്നെ സ്വീകരണം നല്‍കിയതു പുതിയ അനുഭവമായി.
ഏറ്റവുമൊടുവില്‍ പാര്‍ട്ടി സംസ്‌ഥാനസമ്മേളനം നടത്തി കരുത്തുതെളിയിച്ച കോട്ടയം നഗരപ്രാന്തത്തിലെ തിരുവാര്‍പ്പ് പഞ്ചായത്തില്‍ പാര്‍ട്ടി വിട്ട സഖാവിന്റെ വീട്ടിലേക്കുള്ള പാലം വലിച്ചത് ഏറെ കോളിളക്കം സൃഷ്‌ടിച്ചു. ഒരുമാസം മുമ്പ് തിരുവാര്‍പ്പ് സി.പി.എം. ബ്രാഞ്ച് കമ്മിറ്റിയംഗമായ മാറാണിയകം സുരേഷ് സി.പി.ഐയില്‍ ചേര്‍ന്നതാണു സംഭവങ്ങളുടെ തുടക്കം.
കലികയറിയ പാര്‍ട്ടിക്കാര്‍ രായ്‌ക്കുരാമാനം സുരേഷിന്റെ വീട്ടിലേക്കുള്ള ഏകമാര്‍ഗമായ തടിപ്പാലം തകര്‍ത്തു. വല്യേട്ടനോട് ഏറ്റുമുട്ടിയും തങ്ങളുടെ 'പുതിയ സഖാവി'നെ സംരക്ഷിക്കാന്‍ സി.പി.ഐയും രംഗത്തെത്തി. പാലത്തിന്റെ പേരില്‍ സഖാക്കള്‍ പലവട്ടം ഏറ്റുമുട്ടി. സി.പി.ഐക്കാര്‍ പാലം പുനഃസ്‌ഥാപിച്ചതോടെ സുരേഷിന്റെ വീട്ടിലേക്കുള്ള വഴിതന്നെ സി.പി.എമ്മുകാര്‍ കെട്ടിയടച്ചു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ. ഓഫീസ് തകര്‍ക്കപ്പെട്ടു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോട്ടയത്തു പാര്‍ട്ടി വിട്ട സഖാവിന്റെ വഴി മുട്ടിച്ചെങ്കില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പാര്‍ട്ടിവിട്ട സഖാവിനു 'മരണശിക്ഷ'യാണു ലഭിച്ചത്.
പാര്‍ട്ടിവിട്ട് കെ.ആര്‍. ഗൗരിയമ്മ ജെ.എസ്.എസ്. രൂപീകരിച്ചപ്പോള്‍ അതില്‍ചേര്‍ന്ന കൈനടി പുല്ലാത്തുശേരി കെ.ജി. കുമാരനെന്ന എഴുപതുകാരനെയാണ് വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
പന്തളം എം.എല്‍.എ: കെ.കെ ഷാജു, സി.എം.പി. ജില്ലാനേതാവ് സി.ജി. വിശ്വനാഥന്‍ തുടങ്ങി പാര്‍ട്ടി വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട മുന്‍സഖാക്കളുടെ എണ്ണം കുട്ടനാട്ടില്‍ ഏറെയാണ്.
ആറാട്ടുപുഴയില്‍ സുനാമിഫണ്ടുപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിലെ അഴിമതിക്കെതിരേ പ്രതികരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറിയെ സി.പി.എമ്മുകാര്‍ ആക്രമിച്ചതാണ് ആലപ്പുഴ ജില്ലയില്‍ ഇത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. ആറാട്ടുപുഴ കള്ളിക്കാട് കായിപുറത്ത് സുരേഷി(48)നാണ് ഗുരുതരമായി പരുക്കേറ്റത്. അഴിമതിക്കെതിരേ ജനകീയസമിതി രൂപീകരിച്ചതിനെ തുടര്‍ന്നാണ് വി.എസ്. പക്ഷക്കാരനായ സുരേഷിനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നാലുപേരാണ് തന്നെ ആക്രമിച്ചതെന്ന് സുരേഷ് പറയുന്നു.
പാര്‍ട്ടിവിട്ട് സി.പി.ഐയില്‍ ചേര്‍ന്ന വീയപുരം മുന്‍ലോക്കല്‍ സെക്രട്ടറി കാര്‍ത്തികേയനെ ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കേസില്‍ കുടുക്കിയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇവിടെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് സീറ്റ് നല്‍കാന്‍പോലും സി.പി.എം തയാറാകുന്നില്ലത്രേ
No comments:
Post a Comment