മാതൃഭൂമി : Wednesday, 14 Oct 2009
ലിങ്ക് : http://www.mathrubhumi.com/story.php?id=60153
മൗനം സമ്മതലക്ഷണമാകുന്ന ചില ഘട്ടങ്ങളുണ്ട്. അത്തരമൊരു വാചാലമൗനത്തിലാണ് ഇപ്പോള്‍ സി.പി.എം. മാര്‍ക്‌സിസമെന്നാല്‍ ഇവിടെ നാലാം ലോകമാണെന്നും നാലാം ലോകമെന്നാല്‍ പങ്കാളിത്ത ജനാധിപത്യമാണെന്നും പങ്കാളിത്ത ജനാധിപത്യമെന്നാല്‍ ജനകീയാസൂത്രണവും അധികാര വികേന്ദ്രീകരണവുമാണെന്നും തിരിച്ചും മറിച്ചും മൗനമാര്‍ന്ന് പാര്‍ട്ടി ഇപ്പോള്‍ അംഗീകരിക്കുന്നു.
അഞ്ചുവര്‍ഷം മുന്‍പ് നാലാംലോക സിദ്ധാന്തത്തെക്കുറിച്ചുള്ള നിലപാട് സി.പി.എം. വിശദീകരിച്ചത് ഇങ്ങനെ: ''പാര്‍ട്ടിയിലെ വലതുപക്ഷ വ്യതിയാനമാണ് ഡോ.എം.പി. പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തം. അത് മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെയും ഇന്ത്യന്‍ വിപ്ലവത്തെയും കുറിച്ചുള്ള പാര്‍ട്ടി പരിപാടിയെയും നിരാകരിക്കുന്നു. വര്‍ഗസമരത്തിന്റെ പാതയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും തള്ളിക്കളയുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുപകരം ശാസ്ത്രപ്രസ്ഥാനത്തെ പ്രതിഷ്ഠിക്കുന്നു. പൗരസമൂഹത്തിനും സന്നദ്ധസംഘടനകള്‍ക്കും പ്രാമാണ്യം നല്‍കുന്ന ലോകബാങ്ക് സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്നത് റിവിഷനിസമാണ്, പാര്‍ട്ടിക്ക് ഭീഷണിയാണ്.''
പാര്‍ട്ടിയെ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്ന മുന്നറിയിപ്പും വലതു - ഇടതുപാളിച്ചകളനുവദിക്കാതെ മാര്‍ക്‌സിസം - ലെനിനിസത്തില്‍ അണുവിട വ്യതിചലിക്കാതെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമാണ് അഞ്ചുവര്‍ഷം മുമ്പ് പാര്‍ട്ടി നടത്തിയത്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയും പാര്‍ട്ടി നിലപാടുകളെ പരസ്യമായി നിരാകരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഡോ.എം.പി. പരമേശ്വരനെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്; ഈ വിശദീകരണം നല്‍കിയതും.
സി.പി.എമ്മില്‍ അന്നത്തെ തീരുമാനങ്ങളെയും പ്രഖ്യാപനങ്ങളെയും പരിപൂര്‍ണമായി തള്ളിക്കളയുന്ന ഡോ. എം.പി. പരമേശ്വരന്റെ അഭിമുഖം സപ്തംബര്‍ ഇരുപതിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ഈ പംക്തിയില്‍ പോയവാരം ചൂണ്ടിക്കാട്ടിയിരുന്നു. പത്രത്താളുകളിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ അക്ഷൗഹിണിതീര്‍ത്തു നിതാന്തജാഗ്രമായി മുന്നേറുന്ന സി.പി.എം. നാലാംലോക സിദ്ധാന്തത്തിനെതിരെ മൗനം തുടരുന്നതിന്റെ വൈരുദ്ധ്യം തുറന്നുകാട്ടിയിരുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും സുദീര്‍ഘമായി സമ്മേളിച്ചു പിരിഞ്ഞിട്ടുപോലും പ്രതികരണമില്ല. അതെ, നീണ്ടമൗനം സമ്മതപ്രഖ്യാപനമായിത്തീരുന്നു.
പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ ഉട്ടോപ്യന്‍സ്വപ്നങ്ങള്‍ എന്ന നിലയില്‍ സി.പി.എമ്മിന് അവഗണിക്കാന്‍ കഴിയാത്ത വെളിപ്പെടുത്തലുകളാണ് എം.പി.പരമേശ്വരന്‍ നടത്തിയിട്ടുള്ളത്. ആറ്റിക്കുറുക്കിയാല്‍ അതിങ്ങനെ:
* ഇ.എം.എസ്സിനെ ഉപയോഗിച്ച് ജനകീയാസൂത്രണം സി.പി.എമ്മിനെക്കൊണ്ടംഗീകരിപ്പി
* ജനകീയാസൂത്രണത്തിന്റെ പിതൃത്വം നാലാം ലോകസിദ്ധാന്തവുമായി ബന്ധപ്പെട്ടതും തനിക്കും ശാസ്ത്രസാഹിത്യപരിഷത്തിനും മാത്രം അവകാശപ്പെട്ടതുമാണ്.
* തോമസ് ഐസക് ലക്ഷ്യത്തിന് ഇരയാകാതിരിക്കാനാണ് നാലാം ലോകസിദ്ധാന്തത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതും തന്നെ പുറത്താക്കിയതും.
* പാര്‍ട്ടി നിലപാടുകളെ നിരാകരിക്കുന്ന തന്റെ രേഖ ചര്‍ച്ചചെയ്ത യോഗത്തില്‍ പങ്കെടുത്ത എം.എ.ബേബിയും പി.രാജീവുമടക്കമുള്ള സി.പി.എം. നേതാക്കള്‍ വിയോജിച്ചെന്ന് പറഞ്ഞത് നേരല്ല. പൂര്‍ണമായും യോജിച്ചിരുന്നു. ഐസക് നാലാംലോകത്തെ തള്ളിപ്പറഞ്ഞാല്‍ താനും അയാളുടെ ചില അഭിപ്രായങ്ങളെ തള്ളിപ്പറയും.
* നാലാം ലോകമെന്നാല്‍ മാര്‍ക്‌സിസംതന്നെയാണ്. ജനകീയ ജനാധിപത്യത്തിന്റെ വിശദീകരണമാണ് നാലാംലോകം. ഏഴ് ലാറ്റിന്‍ രാജ്യങ്ങളില്‍ നാലാംലോകത്തിന്റെ സൂചനകളും വികസനരീതിയുമാണ് ഇന്നുള്ളത്.
മാര്‍ക്‌സിസത്തിനും കമ്യൂണിസ്റ്റ്പാര്ട്ടിക്കുമെതി
1938ല്‍ ഇ.എം.എസ്. എഴുതിയ 'മദിരാശി സര്‍ക്കാറും പ്രാദേശിക ഭരണവും' എന്ന പുസ്തകംതൊട്ട് തുടങ്ങുന്നതാണതിന്റെ ചരിത്രം.
1957ലെ ഇ.എം.എസ്. സര്‍ക്കാറിന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍, 1967 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത്‌രാജ് ബില്‍, 1978 ല്‍ അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇ.എം.എസ്. എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇവയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന 1990 ലെ ജില്ലാ കൗണ്‍സില്‍നിയമം, കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്തുവേണമെന്നും പ്രാദേശിക സര്‍ക്കാറുകളെ ശക്തിപ്പെടുത്തണമെന്നുമുള്ള നിരന്തര നിലപാട്. 64-65, 73-74-ാം ഭരണഘടനാ ഭേദഗതികള്‍ക്ക് ഇ.എം.എസ്. ഉയര്‍ത്തിയ അടിസ്ഥാന വിമര്‍ശനങ്ങള്‍, സുശക്തമായ കേന്ദ്രത്തോടൊപ്പം സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളും അവയ്ക്കകത്ത് വിപുലമായ അധികാരവുമുള്ള പ്രാദേശിക സര്‍ക്കാറുകളും എന്ന കാഴ്ചപ്പാട്.
1996 ല്‍ നായനാര്‍ സര്‍ക്കാറിന്റെ പരിപാടിയായി ജനകീയാസൂത്രണ പരിപാടി സി.പി.എം. സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വന്നപ്പോള്‍ ആ നിലയ്ക്കുള്ള ഇ.എം.എസ്സിന്റെ നേതൃത്വത്തിന്റെയും ഭാഗഭാഗിത്വത്തിന്റെയും പാര്‍ട്ടിനയത്തിന്റെയും തുടര്‍ച്ച എന്നാണ് കരുതിയത്. പാര്‍ട്ടിയും ജനങ്ങളും ആ നിലയ്ക്കാണതില്‍ പങ്കാളികളായത്.
അധികാരം താഴേക്ക് പകര്‍ന്ന് കൊടുക്കാനും പഞ്ചായത്തുകളെ പ്രാദേശിക സര്‍ക്കാറുകളാക്കി അതിവേഗം വളര്‍ത്തിഎടുക്കാനുമാണ് ഇ.എം.എസ്. പ്രാധാന്യം നല്‍കിയത്. അതിന് ജനകീയാസൂത്രണ പരിപാടി സഹായിക്കുമെന്നാണ് കരുതിയത്. അധികാര കൈമാറ്റം ത്വരപ്പെടുത്താനാണ് സെന്‍ കമ്മിറ്റി രൂപവത്കരിച്ചത്. അതിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ സംഘാടകര്‍ക്കും സര്‍ക്കാറിനും എതിരെ പരസ്യമായി ഇ.എം.എസ്. നിലപാടെടുത്തിരുന്നു. തന്റെ ലക്ഷ്യം കാണുംമുമ്പ് പക്ഷേ, അദ്ദേഹം യാത്രയായി.
എന്നിട്ടും പരമേശ്വരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ''ഇ.എം.എസ്സിനോട് പറഞ്ഞു അദ്ദേഹം സമ്മതിച്ചു. അല്ലാതെ ഇ.എം.എസ്. ഇങ്ങോട്ടു പറഞ്ഞതല്ല. അങ്ങനെ പറഞ്ഞാലല്ലേ അംഗീകാരം കിട്ടൂ.'' അപ്പോള്‍ എന്താണ് പറഞ്ഞത്, എന്താണ് അംഗീകരിപ്പിച്ചെടുത്തത്, പിന്നീട് എന്താണ് നടപ്പിലാക്കിയത് എന്ന ചോദ്യം ഉയരുന്നു.
ഇ.എം.എസ്. ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍, ഈ അവകാശവാദം എം.പി. പരമേശ്വരന്‍ ഉയര്‍ത്തുമ്പോള്‍ ജനകീയാസൂത്രണത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ എം.പി. പരമേശ്വരന്‍ നടത്തുന്ന 'നീണ്ട പരിശ്രമത്തെ'യും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരീക്ഷണാവകാശങ്ങളെയും സി.പി.എം. സംസ്ഥാനകമ്മിറ്റി അഞ്ചുവര്‍ഷംമുന്‍പ് തള്ളിക്കളഞ്ഞിരുന്നു. അതേ സംസ്ഥാന കമ്മിറ്റിക്കും അതിന്റെ വക്താക്കള്‍ക്കും പക്ഷേ, ഇപ്പോള്‍ പ്രതികരണമില്ല.
സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കിനെപ്പോലെ ഒരാള്‍ നാലാം ലോകത്തെ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പരമേശ്വരന്‍ പറയുമ്പോള്‍ ബേബിയും മറ്റും തൃശ്ശൂര്‍ 'കില'യില്‍ 2002 മാര്‍ച്ച് 14 ന് നടന്ന യോഗത്തില്‍ തന്റെ സിദ്ധാന്തത്തോട് പൂര്‍ണമായി യോജിച്ചിരുന്നു എന്നു വെളിപ്പെടുമ്പോള്‍; ഇല്ല, അവര്‍ക്കുപോലും പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
അധികാര വികേന്ദ്രീകരണം ഇപ്പോഴും അക്കരപ്പച്ച തന്നെ. ജനകീയാസൂത്രണത്തിന് ആയിരം കോടിയുടെ ലോകബാങ്ക് സഹായം വരാന്‍പോകുന്നു. ജനകീയാസൂത്രണത്തിലെ വിദേശഫണ്ട് - ലോകബാങ്ക് ബന്ധം സംബന്ധിച്ച് 2004 -2005 കാലത്ത് കേരളത്തിലുയര്‍ന്ന വിവാദങ്ങള്‍ക്ക് ന്യായീകരണം നല്‍കുന്നു. പരമേശ്വരന്റെ വെളിപ്പെടുത്തല്‍ അതിന്റെ നിഗൂഢതയുടെ ഇരുട്ടിന് കട്ടികൂട്ടുന്നു.
ഇതാകട്ടെ 1999ല്‍ (ഇ.എം.എസ്സിന്റെ മരണശേഷം) എം.പി. പരമേശ്വരന്‍ പ്രസിദ്ധീകരിച്ച 'വികേന്ദ്രീകൃത ജനാധിപത്യം 1958 -1998' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിലേക്ക് വീണ്ടും ജനകീയാസൂത്രണത്തെ എത്തിക്കുന്നു. നെതര്‍ലന്‍ഡിലെ ടിന്‍ബര്‍ഗര്‍ ഫൗണ്ടേഷനും സി.ഡി.എസ്സുമായുള്ള ചര്‍ച്ചകളിലേക്കും 16 കോടിയുടെ വിദേശഫണ്ട് ഐ.ആര്‍.ടി.സി.ക്ക് നല്കിയതിലേക്കും എത്തുന്നു. നായനാര്‍ സര്‍ക്കാര്‍ വരുന്നതിന് ഒരുവര്‍ഷം മുന്‍പ് ജനകീയാസൂത്രണ പരിപാടിയുടെ കരട് ഐസക് തയ്യാറാക്കിയതിലേക്കും ഐ.ആര്‍.ടി.സി.യുടെയും പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആ പരിപാടി അംഗീകരിച്ചതിലേക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ തോമസ് ഐസക്കും ഇക്ബാലും ശ്യാംസുന്ദരന്‍ നായരും ഇ.എം.ശ്രീധരനും തുടങ്ങിയ പരിഷത്ത് പ്രവര്‍ത്തകരും ബന്ധുക്കളും അതിന്റെ ആസൂത്രണത്തില്‍ നിര്‍ണായകഉത്തരവാദിത്വം വഹിച്ചതിലേക്കും നാലാം ലോകമെന്ന പ്രസ്ഥാനത്തിന്റെ ആദ്യഘട്ടമായി ജനകീയാസൂത്രണം നടപ്പിലാക്കി എന്ന പരമേശ്വരന്റെ ആദ്യ വെളിപ്പെടുത്തലിലേക്കുതന്നെയും എത്തിച്ചേരുന്നു.
2004 ഫിബ്രവരിയില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നാലാം ലോകവാദം തള്ളിക്കളഞ്ഞതിനുശേഷം വീണ്ടും എം.പി.പരമേശ്വരന്‍ രണ്ടുതവണ രംഗത്തുവരികയുണ്ടായി. ആദ്യം നാലാം ലോകസിദ്ധാന്തം, ശാസ്ത്രസാഹിത്യപരിഷത്തിലൂടെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രസ്താവിച്ചു. 'നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും' എന്ന പുസ്തകം പുറത്തിറക്കിയും. രണ്ടുതവണയും സി.പി.എമ്മില്‍നിന്ന് നാലാംലോകവാദത്തെ ചോദ്യം ചെയ്ത് ഇ.ബാലാനന്ദനും വി.എസ്. അച്യുതാനന്ദനും അന്ന് സി.പി.എമ്മിനുവേണ്ടി രംഗത്തുവരികയുണ്ടായി. ദമയന്തിക്കുപോലും നളനെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രത്യയശാസ്ത്രപരമായി നാലാം ലോകസിദ്ധാന്തം സി.പി.എമ്മില്‍ സൃഷ്ടിക്കുന്നതെന്ന് അന്ന് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. അന്ന് ബാലാനന്ദന്‍ പാര്‍ട്ടി സഖാക്കളെ ഓര്‍മിപ്പിച്ചത് ഇങ്ങനെ:
''പരമേശ്വരനെതിരെ നടപടി എടുത്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ അവസാനഭാഗത്ത് പാര്‍ട്ടിരഹിത ജനാധിപത്യത്തിന്റെ വേഷത്തില്‍ ഉയര്‍ത്തപ്പെടുന്ന വാദങ്ങള്‍ക്കെതിരെഅതിശക്തിയായ ആശയസമരം നടത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നുപറഞ്ഞാല്‍ കേരളത്തിലെ പാര്‍ട്ടിയെ പാര്ട്ടിക്കകത്തുനിന്നുകൊണ്ടു
എം.പി. പരമേശ്വരന്റെ മൂന്നാംവരവില്‍ പക്ഷേ, അങ്ങനെ ഒരാശങ്ക പാര്‍ട്ടിക്കില്ല. വലതുപക്ഷ വ്യതിയാനം എന്ന പാര്‍ട്ടിയുടെ അന്നത്തെ വിലയിരുത്തല്‍ തെറ്റായിരുന്നു എന്ന് നേതൃത്വത്തിനിപ്പോള്‍ ബോധ്യപ്പെട്ടിരിക്കാം. വര്‍ഗരഹിത - പാര്‍ട്ടി രഹിത, പങ്കാളിത്ത ജനാധിപത്യമെന്നത് ലോകബാങ്ക് പരിപ്രേക്ഷ്യമാണെന്ന്, സാമ്രാജ്യത്വപ്രമാണമാണ് എന്ന നിലപാട് തിരുത്തിക്കഴിഞ്ഞിരിക്കാം. നാലാം ലോകമെന്നത് പരമേശ്വരന്‍ പറയുംപോലെ മാര്‍ക്‌സിസം തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകാം.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യില്ലെന്ന സി.പി.എം. നേതൃത്വത്തിന്റെ നാട്യവും അവകാശവാദവും എത്ര പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു രാഷ്ട്രീയവിദ്യാര്‍ഥി എന്ന നിലയില്‍ ഇവിടെ ചെയ്തത്. എം.പി. പരമേശ്വരന്റെ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും ഈ നിരീക്ഷണത്തില്‍ പ്രസക്തമല്ല. വിശേഷിച്ച് അഭിമുഖത്തില്‍ഈ ലേഖകനെക്കുറിച്ചു നടത്തിയ പരാമര്‍ശമടക്കമുള്ള വിഷയങ്ങളില്‍ അവ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു.
No comments:
Post a Comment