പാര്‍ട്ടി ചാനലില്‍ ഒമ്പതു വര്‍ഷം സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിച്ച ‘മാധ്യമവിചാരം’ പരിപാടിക്ക് എന്തു സംഭവിച്ചു ? പാര്‍ട്ടിയുമായുളള ബന്ധം തുടരുമോ? പാര്‍ട്ടിക്കുളളില്‍ ആരാണ് തനിക്കെതിരെ കരുനീക്കുന്നത്… ? കേരളവാച്ച് പ്രതിനിധി ബോധുമായി സെബാസ്റ്റ്യാന്‍ പോള്‍ തറന്നു പറയുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം.
ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ നായകന്‍ പിണറായി വിജയന്‍ ഉപജാപകവൃന്ദത്തിന്‍റെ പിടിയിലാണെന്നു താങ്കള്‍ പറയുന്നു. ആരൊക്കെയാണ് ഈ സംഘത്തിലുള്ളത്. എന്തൊക്കെയാണ് അവരുടെ ഉദ്ദേശ്യം?
സെബാസ്റ്റ്യന്‍ പോള്‍ : ഏതൊരു നേതാവിനും സംഭവിക്കാവുന്ന അപകടമാണിത്. നേതാവിനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹത്തിനു ഹിതകരമായ കാര്യങ്ങള്‍ പറയുന്ന ഒരു കൊട്ടാരസദസ്സ് രൂപപ്പെടാറുണ്ട്. കേരളത്തിലും പിണറായി വിജയനുചുറ്റും അത്തരംചില വ്യക്തികളാണ്. അവര്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായിയെപ്പോലെ സമുന്നതനും പക്വമതിയുമായ ഒരു നേതാവ് നിലപാടുകള്‍ രൂപപ്പെടുത്തരുത്.
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയെപ്പോലെ പിണറായി പെരുമാറുന്നുവെന്നു താങ്കള്‍ പറഞ്ഞു. ഇതിനര്‍ത്ഥം പിണറായി ഏകാധിപതിയാണെന്നല്ലേ ?
അല്‍പം അതിരുവിട്ട അഭിപ്രായം തന്നെയാണ് ഞാന്‍ പറഞ്ഞത്. പക്ഷെ, പ്രശ്‌നത്തിന്‍റെ ഗൗരവം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് പ്രകോപനപരമായ ആ പ്രസ്‌താവന നടത്തിയത്. മാധ്യമങ്ങളോട് നിരന്തരം യുദ്ധം പ്രഖ്യാപിക്കുന്ന പാര്‍ട്ടി നേതാവ് അത്തരമൊരു സാഹചര്യത്തിലേക്ക് ചെന്നെത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുകയായിരുന്നു ഞാന്‍.
പരാമര്‍ശത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടോ ?
അത്രയും കടുത്ത ഭാഷ അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയോടു പറഞ്ഞത് അല്‍പം അവിവേകമായിപ്പോയി എന്നു തോന്നുന്നു.
സി.പി.എമ്മിന് സഹയാത്രകരില്ല, അനുഭാവികള്‍മാത്രമേ ഉള്ളുവെന്നാണ് താങ്കളെ സ്‌പര്‍ശിച്ചുകൊണ്ട് സംസ്ഥാനകമ്മിറ്റി അംഗം ടി.ശിവദാസമേനോന്‍ അഭിപ്രായപ്പെട്ടത് ?
ശിവദാസമേനോനോട് പുലര്‍ത്തേണ്ടതായ മാന്യതയും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാനതിനോട് വിയോജിക്കുന്നു. എല്ലാവരും അനുഭാവികളായിക്കൊള്ളുമെന്ന് നിര്‍ബന്ധിക്കുന്നത് ഏകാധിപത്യപരമായ സമീപനമാണ്. സഹയാത്രയും അനുവദനീയമാണ്.
ശരി,അങ്ങിനെയെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ആരാണ് താങ്കള്‍ക്കെതിരെ കരുനീക്കുന്നത് ?
പാര്‍ട്ടി നേതാക്കളല്ല, പാര്‍ട്ടിപ്രവര്‍ത്തകരുമല്ല, പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് എനിക്കജ്ഞാതമായ കാരണങ്ങളാല്‍ എനിക്കെതിരായ കാലാവസ്ഥ സൃഷ്ടിക്കുന്നത്.
സി.പി.എം, പ്രധാനമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുനേരേ തിരിഞ്ഞിരിക്കുകയാണ്. എന്താണിതിന്‍റെ മനശ്ശാസ്‌ത്രം ?
സി.പി.എമ്മിനെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതരായി ആക്രമണം നടത്തുന്നുവെന്ന ആക്ഷേപം സെക്രട്ടറി കുറേക്കാലമായി ഉന്നയിക്കുന്നുണ്ട്. അതു പൂര്‍ണമായും ശരിയല്ല എന്നു പറയാന്‍ കഴിയില്ല. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരവാദിത്വം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള അവകാശം പൂര്‍ണമായും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന പൊതുധാരണയുണ്ട്.
മാധ്യമധര്‍മം പരിപാലിക്കപ്പെടണം. അതോടൊപ്പം മാധ്യമങ്ങളുടെ നിഗൂഢമായ അജണ്ട പരസ്യപ്പെടുത്തുകയും വേണം. സങ്കീര്‍ണമായ അവസ്ഥയാണിത്. ഈ സങ്കീര്‍ണതയില്‍ മൗലികമായ പല പ്രശ്‌നങ്ങളും ഉദിക്കുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറിതന്നെ പലവിധ ആക്രമണങ്ങള്‍ക്ക് വിധായനാകുമ്പോള്‍ അദ്ദേഹത്തിന്‍റെ മാധ്യമവിമര്‍ശനം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
താങ്കള്‍ സൂചിപ്പിക്കുന്നത് പിണറായിയും മറ്റു ചില നേതാക്കളും നിരന്തരം ആരോപിക്കുന്നതുപോലെ ഇവിടൊരു മാധ്യമസിണ്ടിക്കേറ്റ് ഉണ്ടെന്നാണോ ?
ഔപചാരികമായ ഒരു സിണ്ടിക്കേറ്റ് മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാന്‍ കഴിയില്ല. അതേസമയം സമാനതാല്‍പര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഏതാണ്ട് ഒരുമയോടെ പ്രവര്‍ത്തിക്കുന്ന അനുഭവമുണ്ട്. ഇതു പിണറായിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുപല സാഹചര്യങ്ങളിലും നിലവിലുണ്ട് എന്നതു സത്യമാണ്.
അങ്ങിനെയെങ്കില്‍ ഈ മാധ്യമ സിണ്ടിക്കേറ്റ് ലക്ഷ്യം വയ്‌ക്കുന്നത് പാര്‍ട്ടിയേയാണോ പിണറായിയേയാണോ ?
രണ്ടും ഏകദേശം ശരിയാണ്. സി.പി.എമ്മിന് മാധ്യമസൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. ആക്രമണം പാര്‍ട്ടിക്കെതിരേ ആയാലും സെക്രട്ടറിക്കെതിരേ ആയാലും ഫലം ഒന്നുതന്നെ.
വിമോചനസമരകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വിദേശപണം ലഭിച്ചിരുന്നതായി ആരോപണമുണ്ട്. ഈ സ്ഥിതിവിശേഷം ഇപ്പോഴുമുണ്ടോ ?
വിമോചനസമരകാലത്ത് വിദേശപണത്തിന്‍റെ സ്വാധീനം ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഏറെക്കുറേ അംഗീകരിക്കപ്പെട്ട ഒന്നാണ്. ഇക്കാലത്തും പലരീതിയിലും മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. അതിന്‍റെ സ്വഭാവം പലരീതിയിലാണ്. അതുകൊണ്ട് അന്നു പത്രങ്ങളും ഇന്നു പൊതുവേ മാധ്യമങ്ങളും വിദേശരാജ്യങ്ങളുടേയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടേയും സ്വാധീനത്തിനു വഴങ്ങുന്നു എന്നത് നിഷേധിക്കാനാകില്ല.
മാധ്യമസ്ഥാപനങ്ങള്‍ക്ക്, അതായത് മുതലാളിമാര്‍ക്ക് പണം ലഭിക്കുന്നുണ്ടെങ്കില്‍തന്നെ അതിനു മാധ്യമപ്രവര്‍ത്തകരെ ക്രൂശിക്കണോ ?
മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തപരമായി പണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് സാംസ്‌കാരിക, സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരും ഇതിനൊരപവാദമല്ല. ഒരു പക്ഷെ, അവരും ഇതൊന്നും അറിയാതെയാകാം സ്വാധീനങ്ങള്‍ക്ക് പരോക്ഷമായി വഴിപ്പെടുന്നത്.
പാര്‍ട്ടിക്കെതിരെ എന്നതുപോലെ പാര്‍ട്ടിക്കുവേണ്ടിയും സെക്രട്ടറിക്കുവേണ്ടിപ്പോലും മാധ്യമങ്ങളേയും മാധ്യമസ്ഥാപനങ്ങളേയും ഉപയോഗിക്കുന്നുണ്ടല്ലോ ?
തീര്‍ച്ചയായുമുണ്ട്. മാധ്യമധര്‍മത്തിനു വിരുദ്ധമായ സ്വാധീനങ്ങള്‍ക്കു വഴങ്ങരുതെന്നതാണ് സ്വീകരിക്കപ്പെടേണ്ടതായ തത്വം.
പാര്‍ട്ടി താങ്കളെ ശത്രുവായി പ്രഖ്യാപിച്ചു എന്നു വ്യക്തമായോ ?
അങ്ങിനെ കരുതുന്നില്ല. ഇത്രയും വിവാദമുണ്ടായതിനുശേഷവും സമുന്നതരായ പാര്‍ട്ടി നേതാക്കള്‍ സംയമനത്തോടെ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് ഞാനിപ്പോഴും പാര്‍ട്ടിക്ക് അഭിമതനാണെന്ന ബോധ്യമുണ്ട്.
പാര്‍ട്ടി കേസുകള്‍ വാദിക്കാന്‍ താങ്കള്‍ തുടര്‍ന്നും കോടതിയില്‍ ഹാജരാകുമോ ?
പാര്‍ട്ടിയുമായുള്ള ബന്ധം എല്ലാരീതിയിലും കൂടുതല്‍ ശക്തമായിത്തന്നെ തുടരും. എന്നെ ഇന്നത്തെ നിലയിലാക്കിയ പ്രസ്ഥാനത്തെ വഞ്ചിച്ചു എന്ന പേരുദോഷം ഞാനുണ്ടാക്കില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതിലുള്ള ദേഷ്യം തീര്‍ക്കലാണെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ടല്ലോ ?
അങ്ങിനെയൊരു വ്യാഖ്യാനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ എന്‍റെ കാര്യത്തില്‍ അതു ശരിയല്ല എന്നതുകൊണ്ട് എനിക്കല്‍പം വേദന തോന്നി. സോമനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചെയ്‌ത അത്രയും അപരാധമൊന്നും ഞാന്‍ ചെയ്‌തിട്ടില്ല.
ഒന്‍പതു വര്‍ഷം മുടങ്ങാതെ താങ്കള്‍ കൈരളി ചാനലില്‍ അവതരിപ്പിച്ച മാധ്യമവിചാരത്തിന് എന്തു സംഭവിച്ചു ?
എനിക്ക് ഒട്ടേറെ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ജനപ്രിയ പരിപാടിയായി അംഗീകരിക്കപ്പെട്ട മാധ്യമവിചാരത്തിന് കാര്യമായ പിന്തുണയൊന്നും ചാനലില്‍ നിന്ന് ലഭിച്ചിരുന്നില്ല. എന്നുമാത്രമല്ല ചാനല്‍ ഭാരവാഹികള്‍ക്ക് എന്തൊക്കെയോ അതൃപ്‌തി ഉള്ളതായി തോന്നിയിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം പരിപാടി അവതരിപ്പിക്കാനായി എനിക്ക് ആ സ്ലോട്ട് തന്നില്ല. വിശദീകരണവും ഉണ്ടായില്ല.
ആര്‍ക്കാണ് ഒരു തിരുത്തല്‍ വേണ്ടത്. പാര്‍ട്ടിക്കോ പിണറായിക്കോ ?
തിരുത്തല്‍ എന്നത് എല്ലാവര്‍ക്കും ആവശ്യമായ ഒരു ഗുണമാണ്. ഇത് മാധ്യമങ്ങള്‍ക്കും പാര്‍ട്ടിക്കും ബാധകമാണ്. തിരുത്തല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
അത്തരമൊരു തിരുത്തല്‍ പാര്‍ട്ടിയില്‍ സാധ്യമാണോ ?
പാര്‍ട്ടിയുടെ സംഘടനാരീതിയനുസരിച്ച് തിരുത്തല്‍ എന്നത് പൊടുന്നനെ ഉണ്ടാകുന്ന ഒന്നല്ല. അതിനു സമയമെടുക്കും. പക്ഷെ, എന്നെപ്പോലുള്ളവരുടെ ശബ്ദവും ആ പ്രക്രിയയില്‍ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പുതിയ സംഭവങ്ങളെ രണ്ടാം ‘പോള്‍’ വിവാദം എന്നു വിശേഷിപ്പിച്ചാല്‍.. ?
ഒന്നാം പോള്‍ വിവാദം ഒരു കൊലപാതകത്തെച്ചൊല്ലിയുള്ളതായിരുന്നു. രണ്ടാം പോള്‍ വിവാദം ഒരു ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടിയുള്ളതാണ്. രണ്ടിനും വലിയ വ്യത്യാസം ഉണ്ട്.
No comments:
Post a Comment